അധ്വാനിക്കുന്ന വര്‍ഗത്തിന്റെ മുന്നേറ്റത്തെ തടയാന്‍ ഹീനമാര്‍ഗ്ഗങ്ങളെല്ലാം സ്വീകരിച്ചവരെ കവുങ്ങുചെത്തിയൊരുക്കിയ വാരികുന്തവുമായാണ് ധീരന്‍മാരായ പോരാളികള്‍ നേരിട്ടത്.എങ്കിലും സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യവശാല്‍ വിജയിച്ചുകൊണ്ടിരുന്നു.സമര സേനാനി എന്‍ കെ രാഘവന്‍ എഴുതിയതുപോലെ.. ''ആലപ്പുഴ പട്ടണത്തിനു തെക്കുഭാഗത്തുള്ളവരും, പുന്നപ്ര പറവൂര്‍ പ്രദേശത്തുള്ളവരും, കപ്പക്കട പടിഞ്ഞാറു ഭാഗത്തുള്ള സായുധ പൊലീസ് ക്യാമ്പിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തി. ജാഥ കണ്ടയുടനെ പൊലീസ് വെടിവെയ്പ്പ് ആരംഭിച്ചു. 1122 തുലാം ഏഴിനു നടന്ന പോരാട്ടത്തില്‍ ജാഥാംഗങ്ങളില്‍ പലരും പൊലീസുദ്ധ്യോഗസ്ഥന്മാരും, സബ് ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ നാടാരുമടക്കം ഒട്ടനവധി പേര്‍ വധിക്കപ്പെട്ടു. വെടിയേറ്റു മരിച്ചവരെയും പരിക്കു പറ്റിയവരെയും പട്ടാള വണ്ടിയില്‍ ആലപ്പുഴ വലിയ ചുടുകാട്ടില്‍ കൊണ്ടുവന്നു. എവിടെയും ഭീകരാന്തരീക്ഷം.''
ഒപ്പമുണ്ടായിരുന്നവരുടെ ജീവഹാനി സൃഷ്ടിച്ച നൊമ്പരത്തില്‍ പതറാതെയും മറ്റെല്ലാ നഷ്ടങ്ങളെയും വകവെയ്ക്കാതെയുമുള്ള ചെറുത്ത്‌നില്‍പ്പിന്റെ ദിവസങ്ങളായിരുന്നു പിന്നീട്. തോക്കിനും ലാത്തിക്കും തോല്‍പ്പിക്കാനാവത്ത ഇഛാശക്തിയില്‍ സമരത്തിന്റെ രൂപവും ഭാവവും മാറി.പ്രദേശമാകെ വിപ്ലവാവേശം കത്തിപ്പടര്‍ന്നു .സമര സേനാനി എം ടി ചന്ദ്രസേനന്‍ ഒരു ലേഖനത്തില്‍ ആ കാലം ഓര്‍ത്തെടുക്കുന്നുണ്ട്..
''ഒക്‌ടോബര്‍ 27 ഉച്ചയ്ക്ക് 12 മണി. വയലാര്‍ ക്യാമ്പിലെ സഖാക്കളില്‍ നല്ലൊരു ഭാഗം കഞ്ഞികുടിക്കുകയാണ്. പട്ടാളക്കാര്‍ കൂടുതല്‍ കരുതലോടെ അഞ്ചു ബോട്ടുകളിലായി വയലാര്‍ വളഞ്ഞു. കരയ്ക്കിറങ്ങിയ പട്ടാളം വേലിക്കും, വീടുകള്‍ക്കും മറഞ്ഞ് ക്യാമ്പിലേയ്ക്ക് നടന്നടുക്കുകയാണ്. സമര സഖാക്കള്‍ ഞൊടിയിട കൊണ്ട് ആര്‍ത്തണഞ്ഞു. അവര്‍ നിലത്തു കമിഴ്ന്നു കിടന്നു മുന്നോട്ടിഴഞ്ഞു നീങ്ങി. മുന്‍ നിരയിലെ പട്ടാളക്കാര്‍ കമഴ്ന്നു കിടന്നു. മധ്യത്തിലുള്ളവര്‍ മുട്ടുകാലില്‍ നിന്നു. മൂന്നു നിരയും വെടി തുടങ്ങി. നാലു ഭാഗത്തു നിന്നും തീയുണ്ടകള്‍. തൈതെങ്ങുകള്‍, വീടുകള്‍, ചെറ്റക്കുടിലുകള്‍, എല്ലാം തകര്‍ത്തുകൊണ്ട് ചീറിപ്പാഞ്ഞു. അരുമസഖാക്കളുടെ നെറ്റിത്തടത്തില്‍ വെടിയുണ്ടകള്‍ തറച്ചു. ആ നെറ്റിത്തടത്തിലെ ചുടുചോര വലം കൈകൊണ്ടു തുടച്ചുകൊണ്ട് കൂടുതല്‍ സഖാക്കള്‍ മുന്നോട്ടു കുതിക്കുകയായിരുന്നു. തുരുതുരാ വെടിയുണ്ടകള്‍ വര്‍ഷിക്കുന്നതിന്റെ മധ്യത്തില്‍ ഒരു ധീരന്‍ എണീറ്റു നിന്നു പറഞ്ഞു. സഖാക്കളെ ഞങ്ങള്‍ക്കു ജീവിക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ടാണ് മരിക്കുവാന്‍ തയ്യാറായിരിക്കുന്നത്. ഞങ്ങളെക്കൊന്നെങ്കിലേ നിങ്ങള്‍ക്കു ജീവിക്കുവാന്‍ കഴിയു എങ്കില്‍ വെടിവെയ്ക്കു. ഏതാനും സമയം വെടി നിന്നു. ഫയര്‍, ഫയര്‍ രോഷാകുലമായ ഒരു ശബ്ദം. വീണ്ടും തോക്കുകള്‍ അലറി. തീയുണ്ടകള്‍ ചീറിപ്പാഞ്ഞു. നേരം എരിഞ്ഞടങ്ങി. സൂര്യബിംബം കനല്‍ക്കട്ടപോലെ ചുമന്നു. കൂടെ വയലാറും. ഇവിടുത്തെ തോടുകളും, കുഴികളും, കുളങ്ങളും ചുടുചോരപ്പുഴകൊണ്ട് നിറഞ്ഞു. രണ്ടു മൂന്നു വയസ്സുള്ള പിഞ്ചോമന കുഞ്ഞുങ്ങള്‍ മുതല്‍ തൊണ്ണൂറും, നൂറും വയസ്സുള്ള കിഴവികള്‍ വരെ പിടഞ്ഞു പിടഞ്ഞു മൃതിയടഞ്ഞു. വെടിയുണ്ടകള്‍ തീര്‍ന്നു, പിന്നീട് ശേഷിച്ചതു ബയണറ്റുമാത്രം. മരിച്ചിട്ടില്ലെന്നു സംശയിച്ചവരെ ബയണറ്റുകൊണ്ട് കുത്തിക്കൊന്നു. മരണത്തിന്റെ കരാള വക്ത്രത്തിലേയ്ക്ക് ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്ന ധീരോദാത്തരുടെ ഞരക്കങ്ങള്‍ മാത്രം അവശേഷിച്ചു.''
പുന്നപ്ര-വയലാര്‍ സമരത്തിന്റെ പാര്‍ട്ടി നേതൃത്വത്തിലെ പ്രമുഖനായിരുന്ന കെ സി ജോര്‍ജ്ജ് പുന്നപ്ര-വയലാര്‍ എന്ന പുസ്തകത്തിലും ഐതിഹാസികമായ സമരത്തിലേയ്ക്ക് തൊഴിലാളികളെ തള്ളിവിട്ട സാമൂഹിക സാഹചര്യം വ്യക്തമാക്കുന്നുണ്ട്. 21000 പേര്‍ പട്ടിണികൊണ്ടു മരിച്ച ഈ പ്രദേശത്ത് സമരം അനിവാര്യമായ പശ്ചാത്തലമുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പരാമര്‍ശിച്ചത്. സമരത്തിന്റെ ഉപസംഹാരം അദ്ദേഹം സൂചിപ്പിച്ചത് ഇങ്ങനെ. ''ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ തുരങ്കം വെയ്ക്കുന്നതിന് ബ്രിട്ടീഷ് സാമ്രാജ്യത്വം നിര്‍മ്മിച്ച കെണിയെ തകര്‍ത്ത സമരമാണ് പുന്നപ്ര വയലാര്‍. ബ്രിട്ടന്റെ പിണിയാളുകളായ നാട്ടുരാജാക്കന്മാരുടെ ആകാശക്കോട്ട തകര്‍ത്തു തരിപ്പണമാക്കിയ സമരമായിരുന്നു അത്. തിരുവിതാംകൂറിന്റെ മാത്രമല്ല, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തന്നെ ഉജ്ജ്വലമായ ഒരദ്ധ്യായമായി എന്നും ഈ സമരം നിലനില്‍ക്കും. തൊഴിലാളിലാളിവര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ മാത്രമെ ദേശീയ സ്വാതന്ത്ര്യം പൂര്‍ത്തിയാക്കി ദേശീയ ജനാധിപത്യം സ്ഥാപിക്കാന്‍ കഴിയുകയുള്ളു എന്ന് ഇന്നത്തെ പുതിയ തലമുറയ്ക്കു കാണിച്ചു കൊടുത്തുകൊണ്ട് അതിനുറപ്പു നല്‍കുന്ന ഒരു വാഗ്ദത്ത പത്രികയും അതിന്റെ വഴികാട്ടിയായ ചൂണ്ടുപലകയുമാണ് പുന്നപ്ര-വയലാര്‍.''
*
ആര്‍ ശ്രീനിവാസ് ജനയുഗം 25 ജനുവരി 2012
Subscribe to:
Post Comments (Atom)
1 comment:
അധ്വാനിക്കുന്ന വര്‍ഗത്തിന്റെ മുന്നേറ്റത്തെ തടയാന്‍ ഹീനമാര്‍ഗ്ഗങ്ങളെല്ലാം സ്വീകരിച്ചവരെ കവുങ്ങുചെത്തിയൊരുക്കിയ വാരികുന്തവുമായാണ് ധീരന്‍മാരായ പോരാളികള്‍ നേരിട്ടത്.
Post a Comment