Saturday, January 14, 2012

പച്ചക്കൊടി കെട്ടിയ ഹിന്ദുത്വവാദി

ഭീകരത ഹിന്ദുത്വരാഷ്ട്രിയത്തിന്റെ മുഖമുദ്രയാണ്. 20-ാം നൂറ്റാണ്ടില്‍ സംഘടിതരൂപം പ്രാപിച്ചശേഷം ഇന്നോളം ഇന്ത്യയെ നടുക്കിയ മിക്ക കലാപങ്ങളിലും ഏതെങ്കിലും ഒരു ഹിന്ദുത്വവാദിയുടെ പങ്കില്ലാതെപോയിട്ടില്ല. 1925 നുശേഷം നടന്ന കലാപങ്ങളിലാവട്ടെ സംഘപരിവാരമാണിങ്ങനെ പ്രധാനമായും പ്രതിസ്ഥാനത്തുനിന്നിട്ടുള്ളത്. പക്ഷേ മഹാത്മാഗാന്ധി വധക്കേസിലടക്കം പല സുപ്രധാന കേസുകളിലും സാങ്കേതികത്വത്തിന്റെ പേരില്‍ അവര്‍ കുറ്റവിമുക്തരാക്കപ്പെട്ടു. 1947 ലെ വിഭജനം സൃഷ്ടിച്ച വേദനയില്‍ ഒരു വിഭാഗം ഉദ്യോഗസ്ഥരും ഇവരുടെ കൂടെനിന്നപ്പോള്‍ പല കലാപക്കേസുകളിലും ഇവര്‍ പ്രതിസ്ഥാനത്തുപോലും വന്നില്ല. പക്ഷേ വസ്തുതാന്വേഷണ സംഘങ്ങളും പത്രമാധ്യമങ്ങളും ചൂണ്ടിക്കാട്ടിയ യഥാര്‍ഥ പ്രതികള്‍ ഹിന്ദുത്വവാദികളും അവരുടെ സ്വഭാവമുള്ള മുസ്ലീം മതമൗലികവാദികളുമായിരുന്നു. ഇങ്ങനെ ഇന്ത്യയില്‍ ആസൂത്രിതമായ കലാപങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ഹിന്ദുത്വവാദികള്‍ വഹിക്കുന്ന നേതൃപാടവത്തിന്റെ മറ്റൊരുദാഹരണമാണ് ജനുവരി 1 തീയതി കര്‍ണാടകയിലെ ബീജാപൂരിലെ സിന്ധഗി എന്ന സ്ഥലത്തെ തഹസീല്‍ദാര്‍ ഓഫീസിനുമുമ്പില്‍ പാകിസ്ഥാന്റെ കൊടി കെട്ടിയ സംഭവം.

കഴിഞ്ഞ പുതുവര്‍ഷപുലരിയില്‍ പുലര്‍ച്ചെയാണ് ആരോ സിന്ധഗിയിലെ തഹസീല്‍ദാര്‍ ഓഫീസിന് മുമ്പില്‍ പാകിസ്ഥാന്റെ പച്ചക്കൊടി കെട്ടിയത്. സ്വാഭാവികമായിട്ടും പ്രദേശത്തെ മുസ്ലീം ന്യൂനപക്ഷം തന്നെയാണ് ഉത്തരവാദികള്‍ എന്ന് എല്ലാവരും വിധിയെഴുതി. കാരണം ക്രിക്കറ്റ് മത്സരങ്ങളിലും മറ്റും പാകിസ്ഥാന്‍ ജയിച്ചാല്‍ മിഠായിയും മറ്റും വിതരണം ചെയ്യുന്നതരം ചില വിവരക്കേടുകള്‍ ചില ഉത്തരേന്ത്യന്‍, മധ്യേന്ത്യന്‍ മുസ്ലീംങ്ങള്‍ക്കിടയില്‍ നിലവിലുണ്ട്. ഇന്ത്യ ജയിച്ചാല്‍ ത്രിവര്‍ണക്കൊടിക്കുപകരം കാവിക്കൊടി വീശി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് തങ്ങളെ അധിക്ഷേപിക്കുന്ന ഹിന്ദുത്വവാദികളോടുള്ള ഒരു പ്രതികരണമായിട്ടാണ് അവരുടെ ശത്രുവായ പാകിസ്ഥാന്റെ വിജയം ആഘോഷിക്കുക എന്ന വിഡ്ഢിത്തത്തിലൂടെ ഇവര്‍ ചെയ്യുന്നത്. അല്ലാതെ ഇന്ത്യയില്‍നിന്നും പോയ മുസ്ലീംങ്ങളെ മൂലക്കിരുത്തി അടിച്ചമര്‍ത്തുന്ന പാകിസ്ഥാനെ കടുത്ത മതവാദിയാണെങ്കില്‍തന്നെ സാമാന്യബോധമുള്ള ആരെങ്കിലും പിന്തുണക്കുമോ? ഏതായാലും നമുക്ക് പുതുവത്സര പുലരിയിലേക്കു തിരിച്ചുപോകാം. കൊടികെട്ടി മണിക്കുറുകള്‍ കഴിഞ്ഞപ്പോള്‍ പറഞ്ഞുവെച്ചതുപോലെ രാകേഷ് മത് എന്ന പ്രാദേശിക ഹിന്ദുത്വവാദികളുടെ നേതാവിന്റെ നേതൃത്വത്തില്‍ തഹസീല്‍ദാര്‍ ഓഫീസിനു മുന്നില്‍ ഒരു പ്രതിഷേധവും സംഭവിച്ചു. സംഭവം ഗുജറാത്തിലായിരുന്നുവെങ്കില്‍ മോഡിയുടെ പൊലീസ് ഏതെങ്കിലും നാല് മുസ്ലീം യുവാക്കളെ അറസ്റ്റ് ചെയ്ത് കേസവസാനിപ്പിക്കുമായിരുന്നു. ഏതായാലും ബി ജെ പി തന്നെ ഭരിക്കുന്ന കര്‍ണാടകയില്‍ അതുണ്ടായില്ല. ഭാഗ്യം.

പൊലീസ് സൂക്ഷ്മമായ അന്വേഷണം നടത്തി. പലരേയും ചോദ്യം ചെയ്തു. ഒടുവില്‍ ചില അറസ്റ്റുകള്‍ നടന്നു. ഇങ്ങനെ അറസ്റ്റിലായവര്‍ ഹിന്ദുത്വവാദികളുടെ പ്രാദേശിക നേതാവായ രാകേഷ് മതും കൂട്ടരുമായിരുന്നു. പ്രദേശത്തെ മുസ്ലീംങ്ങളെ പ്രതിക്കൂട്ടിലാക്കി വര്‍ഗീയ വികാരം ജ്വലിപ്പിക്കലായിരുന്നു അവരുടെ ഉദ്ദേശ്യം. പൊലീസിന്റെ ഭാഷ്യമനുസരിച്ച് തീവ്രഹിന്ദുത്വവാദികളായ ശ്രീരാമസേനയാണ് സംഭവത്തിന് ഉത്തരവാദികള്‍.

എന്നാല്‍ തുടര്‍ന്ന് നടന്നത് നാടകീയമായ ചില സംഭവവികാസങ്ങളാണ്. ഉടന്‍തന്നെ പത്രസമ്മേളനം വിളിച്ചുകൂട്ടിയ ശ്രീരാമസേനയുടെ നേതാക്കന്മാര്‍ പ്രതികള്‍ ആര്‍ എസ് എസുകാരായ സംഘപരിവാരക്കാരാണെന്ന് ആരോപിച്ചു. മാത്രമല്ല പ്രതികളും സംഘപരിവാരവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകളും അവര്‍ ഹാജരാക്കി. അവരുടെ അഭിപ്രായത്തില്‍ സംഘപരിവാരത്തിനെ കേസിലേയ്ക്ക് വലിച്ചിഴക്കരുതെന്ന് സംസ്ഥാന ഭരണകൂടം പൊലീസിന് നിര്‍ദേശം നല്‍കിയതുകൊണ്ടാണ് ശ്രീരാമസേനയെ പൊലീസ് പ്രതിസ്ഥാനത്തുനിറുത്തിയിരിക്കുന്നത്.

ഉന്നത പൊലീസ് വൃത്തങ്ങളില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 'ദി ഹിന്ദു' പത്രത്തിന്റെ ലേഖകനായ പ്രദീപ്കുമാര്‍ കട്‌ക്കോല്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ (11-01-12) ഈ വാദത്തിന് ശക്തിപകരുന്നു. അദ്ദേഹം നല്‍കുന്ന വിവരമനുസരിച്ച് രാകേഷ് മതും സംഘവും പാകിസ്ഥാന്‍ കൊടിയുയര്‍ത്തിയത് ബി ജെ പിയുടെ ഒരു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുടെ നിര്‍ദേശമനുസരിച്ചാണ്. എന്നാല്‍ പിന്നീട് തന്റെ പങ്ക് തെളിയിക്കുന്ന രേഖകളെല്ലാം നശിപ്പിച്ചുകളയാന്‍ ഇയാള്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയത്രെ. ഇതിന്‍പ്രകാരം രാകേഷ് മതും കൂട്ടരും നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ ഫോട്ടോകളും അവരുടെ സംഘടനയുടെ ബാനറുമെല്ലാം നശിപ്പിച്ചു കളഞ്ഞു.

ബീജപ്പൂര്‍ സംഭവത്തിന് ഉത്തരവാദി ശ്രീരാമസേനയോ ആര്‍ എസ് എസോ ആകട്ടെ. ആരായാലും ഉത്തരവാദി ഹിന്ദുത്വവാദമാണ്. ഇന്ത്യന്‍ സംസ്‌കാരത്തിന്റേയും മഹത്തായ ഹൈന്ദവ സമുദായത്തിന്റേയും തായ്‌വേരുകള്‍ അറുത്തെറിയാന്‍ ഇറങ്ങിപുറപ്പെട്ട വീര്‍സവര്‍ക്കറിന്റെ പിന്‍ഗാമികളാണിവര്‍. ഹിന്ദുത്വവാദത്തെ തള്ളിപ്പറയുവാന്‍ ശ്രീരാമസേനയോ ആര്‍ എസ് എസോ തയ്യാറല്ലാത്തതിനാല്‍ പ്രശ്‌നത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം രണ്ടുകൂട്ടര്‍ക്കുമുണ്ട്. സൂക്ഷ്മമായി നോക്കിയാല്‍ ഇവിടെ പ്രതിക്കൂട്ടിലാകുവാന്‍ കൂടുതല്‍ സാധ്യത ആര്‍ എസ് എസിനാണ് എന്നതു മാത്രമാണ് ഏക വ്യത്യാസം.

കനേഡിയന്‍ മതപണ്ഡിതനായ ജൂഡി ഗറ്റിംഗര്‍ ഒരിക്കല്‍ ചൂണ്ടിക്കാട്ടിയതുപോലെ കൃത്യമായി ആലോചിച്ചുറപ്പിച്ച് നടപ്പില്‍വരുത്തിയ ഒരു ഗൂഢാലോചനയായിരുന്നു ബീജാപ്പൂരിലേത്. ചാണക്യന്‍ കുതയുദ്ധം എന്ന് വിശേഷിപ്പിക്കുന്ന ഹീനമായ യുദ്ധതന്ത്രം. ഇതനുസരിച്ച് കുറ്റംചെയ്തിട്ട് അത് എതിരാളികളുടെമേല്‍ ആരോപിക്കുകയാണ് ചെയ്യുക. ഫാസിസ്റ്റുകള്‍ ചരിത്രത്തിലുടനീളം ഈ തന്ത്രം പയറ്റി വിജയിച്ചിട്ടുണ്ട്. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ഇത്തരം ഒരു ഘട്ടത്തിലാണ് ഗോധ്രയും തുടര്‍ന്ന് ഗുജറാത്ത് വംശഹത്യയുംവഴി 2002 ല്‍ മോഡി ഗുജറാത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയത്. അതിന്റെ ആവര്‍ത്തനമോ ചെറിയ പതിപ്പോ ആയി ബീജാപൂരിനെ മാറ്റാനായിരിക്കും ഹിന്ദുത്വവാദികള്‍ ശ്രമിച്ചത്. പക്ഷേ ബി ജെ പിയിലെ പടലപ്പിണക്കങ്ങളോ സത്യസന്ധരായ പൊലീസുദ്യോഗസ്ഥരുടെ നിലപാടുകള്‍മൂലമോ ഒരു വന്‍ദുരന്തം ഒഴിവായിരിക്കുന്നു. പക്ഷേ ഇനിയും ഇത്തരം കൗശലങ്ങള്‍ ഇന്ത്യന്‍ ഫാസിസ്റ്റുകളായ ഹിന്ദുത്വവാദികള്‍ കളത്തിലിറക്കും എന്നുതന്നെ കാണണം. അതുകൊണ്ട് തന്നെ. വിവേകാനന്ദ സ്വാമി ഉരുക്കഴിച്ച മൂലമന്ത്രങ്ങള്‍ തന്നെ നമുക്കുതുണ. 'ഉത്തിഷ്ഠതാ ജാഗ്രതാ'.


*****


മുഹമ്മദ് ഫക്രുദീന്‍ അലി, കടപ്പാട് : ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ബീജപ്പൂര്‍ സംഭവത്തിന് ഉത്തരവാദി ശ്രീരാമസേനയോ ആര്‍ എസ് എസോ ആകട്ടെ. ആരായാലും ഉത്തരവാദി ഹിന്ദുത്വവാദമാണ്. ഇന്ത്യന്‍ സംസ്‌കാരത്തിന്റേയും മഹത്തായ ഹൈന്ദവ സമുദായത്തിന്റേയും തായ്‌വേരുകള്‍ അറുത്തെറിയാന്‍ ഇറങ്ങിപുറപ്പെട്ട വീര്‍സവര്‍ക്കറിന്റെ പിന്‍ഗാമികളാണിവര്‍. ഹിന്ദുത്വവാദത്തെ തള്ളിപ്പറയുവാന്‍ ശ്രീരാമസേനയോ ആര്‍ എസ് എസോ തയ്യാറല്ലാത്തതിനാല്‍ പ്രശ്‌നത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം രണ്ടുകൂട്ടര്‍ക്കുമുണ്ട്. സൂക്ഷ്മമായി നോക്കിയാല്‍ ഇവിടെ പ്രതിക്കൂട്ടിലാകുവാന്‍ കൂടുതല്‍ സാധ്യത ആര്‍ എസ് എസിനാണ് എന്നതു മാത്രമാണ് ഏക വ്യത്യാസം.