എസ് ബാന്‍ഡ് സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ മാധവന്‍നായര്‍ ഉള്‍പ്പെടെ നാല് ഉന്നതോദ്യോഗസ്ഥരെ സര്‍ക്കാര്‍ പദവികളില്‍ നിയമിക്കുന്നത് വിലക്കി കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്, ഇനിയും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ത്തുകയാണ്. തനിക്കെതിരായ നടപടി നീതീകരിക്കാനാകാത്തതാണെന്നും പ്രധാനമന്ത്രി തന്നെ വിശദീകരണം നല്‍കണമെന്നുമാണ് മാധവന്‍നായര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം, ഐഎസ്ആര്‍ഒയുടെ കീഴിലുള്ള പൊതുമേഖലാകമ്പനിയായ ആന്‍ട്രിക്സ് കോര്‍പറേഷനും ദേവാസ് മള്‍ട്ടിമീഡിയ എന്ന സ്വകാര്യകമ്പനിയുമായി തന്റെ കാലത്ത് ഉണ്ടാക്കിയ കരാറിനെ പരോക്ഷമായി ന്യായീകരിക്കുകയും ഈ കരാര്‍ തകര്‍ക്കാനും ഐഎസ്ആര്‍ഒയെത്തന്നെ ഇല്ലാതാക്കാനും ഇപ്പോഴത്തെ ചെയര്‍മാന്‍ രാധാകൃഷ്ണന്‍ ശ്രമിക്കുകയാണെന്നുമുള്ള ഗുരുതരമായ ആരോപണം ഉന്നയിക്കുകയും ചെയ്യുന്നുണ്ട്, മാധവന്‍നായര്‍ . സ്വാഭാവികമായും കേന്ദ്രസര്‍ക്കാരിനും ബഹിരാകാശവകുപ്പ് കൈകാര്യംചെയ്യുന്ന പ്രാധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും ഒരുപാട് കാര്യങ്ങള്‍ ഇനിയും വിശദീകരിക്കേണ്ടിവരും.
ആന്‍ട്രിക്സ് കോര്‍പറേഷനും ദേവാസും തമ്മിലുണ്ടാക്കിയ കരാര്‍ അനുസരിച്ച് രാജ്യത്തിന്റെ പൊതുസമ്പത്തായ എസ് ബാന്‍ഡ് (2500 മെഗാഹെര്‍ട്സ് തരംഗദൈര്‍ഘ്യമുള്ള) സ്പെക്ട്രം തുച്ഛമായ പ്രതിഫലം വാങ്ങി ദേവാസിന് നല്‍കാന്‍ പോകുന്നുവെന്ന കാര്യം പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നത് 2010 മെയ് മാസത്തില്‍ ദി ഹിന്ദു ഗ്രൂപ്പില്‍പ്പെട്ട ബിസിനസ് ലൈന്‍ പത്രമാണ്. തുടര്‍ന്ന് 2010 ജൂലൈയില്‍ കരാര്‍ റദ്ദാക്കാന്‍ ബഹിരാകാശ കമീഷന്‍ തീരുമാനമെടുത്തെന്ന് പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഫലപ്രദമായ ഒരു നടപടിയും ഐഎസ്ആര്‍ഒയോ കേന്ദ്രസര്‍ക്കാരോ എടുത്തില്ല. രണ്ടുലക്ഷം കോടി രൂപ വിലമതിക്കുന്ന എസ് ബാന്‍ഡ് സ്പെക്ട്രമാണ് വെറും 1500 കോടി രൂപയ്ക്ക് സ്വകാര്യകമ്പനിക്ക് നല്‍കാന്‍ പോകുന്നതെന്ന് സിഎജിയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 2ജി സ്പെക്ട്രം ലൈസന്‍സ് നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് 2008ല്‍ ഇടതുപക്ഷം ഉന്നയിച്ചപ്പോള്‍ നിഷേധിക്കുകയും അന്വേഷണത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയുംചെയ്യുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ . എസ് ബാന്‍ഡ് അഴിമതി ആരോപണവും കെട്ടടങ്ങുമെന്നാണ് യുപിഎ സര്‍ക്കാര്‍ കരുതിയത്. 2011 ഫെബ്രുവരിയില്‍ എസ് ബാന്‍ഡ് സ്പെക്ട്രം ഇടപാടിലെ ക്രമക്കേട് ബിസിനസ് ലൈന്‍ വീണ്ടും പുറത്തുകൊണ്ടുവരികയും വിവാദമുണ്ടാകുകയും ചെയ്തപ്പോഴാണ് കേന്ദ്രമന്ത്രിസഭ പ്രശ്നം പുനഃപരിശോധിക്കാനും ആന്‍ട്രിക്സ്-ദേവാസ് കരാര്‍ റദ്ദാക്കാനും തീരുമാനിച്ചത്.
പ്രശ്നം പാര്‍ലമെന്റില്‍ ചര്‍ച്ചയാകുന്നു 2011 ഫെബ്രുവരി 24ന് രാജ്യസഭയില്‍ നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തിലൂടെ ഞാന്‍ പ്രധാനമന്ത്രിയോട് മൂന്ന് കാര്യങ്ങളില്‍ മറുപടി ആവശ്യപ്പെട്ടിരുന്നു.
1) ആന്‍ട്രിക്സ് കോര്‍പറേഷനും ദേവാസ് മള്‍ട്ടിമീഡിയയും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം ഐഎസ്ആര്‍ഒയുടെ രണ്ട് ഉപഗ്രഹങ്ങള്‍ ദേവാസിന് ലീസിന് നല്‍കാനും 70 മെഗാഹെര്‍ട്സ് എസ് ബാന്‍ഡ് സ്പെക്ട്രം ദേവാസിന് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതിന് നല്‍കാനും വ്യവസ്ഥയുണ്ടോ?
2) സ്പെക്ട്രം അനുവദിക്കുന്നതിന് സ്വീകരിച്ച മാനദണ്ഡമെന്താണ്?
3) എന്തുകൊണ്ട് ഇക്കാര്യത്തില്‍ മത്സരാധിഷ്ഠിതമായ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചില്ല.
പ്രധാനമന്ത്രിക്ക് നേരിട്ട് ഉത്തരവാദിത്തമുള്ള വകുപ്പായിരുന്നിട്ടും അദ്ദേഹത്തിനുപകരം സഹമന്ത്രി നാരായണസ്വാമിയാണ് ഉത്തരം നല്‍കിയത്. ആന്‍ട്രിക്സും ദേവാസും തമ്മില്‍ 2005 ജനുവരിയില്‍തന്നെ കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും ഈ കരാര്‍ പ്രകാരം എസ് ബാന്‍ഡ് സ്പെക്ട്രം ദേവാസിന് നല്‍കാമെന്ന വ്യവസ്ഥയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഉപഗ്രഹ ടെലികമ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഫോര്‍ജ് അഡൈ്വസേഴ്സ് എന്ന അമേരിക്കന്‍ കമ്പനിയുമായി 2003 ജൂലൈയില്‍ ഐഎസ്ആര്‍ഒ ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ടെന്നും ഈ കമ്പനിയുടെ ആഭിമുഖ്യത്തിലാണ് ദേവാസ് മള്‍ട്ടിമീഡിയ എന്ന സ്വകാര്യകമ്പനി ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും മന്ത്രിയുടെ മറുപടിയില്‍ പറഞ്ഞിട്ടുണ്ട്. ഉപഗ്രഹ ട്രാന്‍സ്പോണ്ടര്‍ വാടകയ്ക്ക് നല്‍കാന്‍ ടെന്‍ഡര്‍ വിളിക്കുന്ന രീതി നിലവിലില്ല എന്നും മറ്റുപല സ്വകാര്യകമ്പനികള്‍ക്കും ഈ രീതിയില്‍ ഐഎസ്ആര്‍ഒ ട്രാന്‍സ്പോണ്ടര്‍ ലീസിന് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിക്കാന്‍ ശ്രമിച്ചു.
മന്ത്രിയുടെ ഉത്തരം പൂര്‍ണമല്ലാത്തതിനാല്‍ ഞാന്‍ രണ്ട് ഉപചോദ്യങ്ങള്‍ ഉന്നയിച്ചു. കരാര്‍ പ്രകാരം സ്പെക്ട്രം ലൈസന്‍സ് ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരില്‍നിന്നുമുള്ള എല്ലാ അനുമതികളും ദേവാസിന് വാങ്ങിക്കൊടുക്കേണ്ട ബാധ്യത ആന്‍ട്രിക്സിനാണെന്നതിനാല്‍ ഇക്കാര്യം തീരുമാനിച്ചപ്പോള്‍ ബഹിരാകാശവകുപ്പ് എപ്പോഴെങ്കിലും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നോ എന്നായിരുന്നു ആദ്യചോദ്യം. എന്നാല്‍ , മന്ത്രി നാരായണസ്വാമി ഇതിനുത്തരം പറയാതെ കരാറിന്റെ വിശദാംശങ്ങള്‍ പരത്തിപ്പറയാനാണ് ശ്രമിച്ചത്. പ്രധാനമന്ത്രി ഈ കരാറിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? ഇല്ലെങ്കില്‍ സര്‍ക്കാരില്‍ ആര്‍ക്കാണ് ഈ കരാറിന്റെ ഉത്തരവാദിത്തമെന്ന് പറയാമോ? എന്നീ ചോദ്യങ്ങള്‍ ഞാന്‍ ഉന്നയിച്ചു. ഈ ചോദ്യത്തിനും കൃത്യമായ ഉത്തരം കിട്ടാതെ വന്നപ്പോള്‍ മറ്റു എംപിമാര്‍ ഇടപെടുകയും രാജ്യസഭ ബഹളമയമാകുകയുംചെയ്തു. അപ്പോള്‍ പ്രധാനമന്ത്രി എഴുന്നേറ്റുനിന്നു പറഞ്ഞത് ആന്‍ട്രിക്സ്- ദേവാസ് കരാറിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും എന്നാല്‍ , ഉപഗ്രഹത്തിന്റെ കാര്യം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതാണെന്നുമാണ്. ക്യാബിനറ്റിനുള്ള കുറിപ്പില്‍ ആന്‍ട്രിക്സും ദേവാസുമായുള്ള കരാറിന്റെ കാര്യം വ്യക്തമായി പറഞ്ഞിരുന്നില്ല എന്ന വാദമാണ് പ്രധാനമന്ത്രി ഉയര്‍ത്തിയത്. ഈ വാദമാണ് ഇപ്പോള്‍ മാധവന്‍നായരുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ദേശീയസുരക്ഷാ ഉപദേഷ്ടാവും ക്യാബിനറ്റ് സെക്രട്ടറിയും കേന്ദ്ര ശാസ്ത്ര-സാങ്കേതിക സഹമന്ത്രിയും ഉള്‍പ്പെടുന്ന ബഹിരാകാശ കമീഷന്‍ അംഗീകരിച്ചതാണ് ആന്‍ട്രിക്സ്-ദേവാസ് കരാറിലെ വ്യവസ്ഥകള്‍ എന്നാണ് മാധവന്‍നായര്‍ പറയുന്നത്. ഇക്കാര്യം ഫെബ്രുവരില്‍ 24ന് രാജ്യസഭയിലെ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷനേതാവുള്‍പ്പെടെയുളള അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ , ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും കുറ്റക്കാരായ പൊതുമേഖലാ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞ് ഒഴിയാനാണ് അന്ന് മന്ത്രി നാരായണസ്വാമി ശ്രമിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫീസിനും ഐഎസ്ആര്‍ഒയിലെയും ബഹിരാകാശവകുപ്പിലെയും ഉന്നതര്‍ക്കെല്ലാം അറിയാവുന്ന വ്യവസ്ഥകളാണ് കരാറില്‍ ഉണ്ടായിരുന്നത്. അതിനാല്‍ തന്നെയും മറ്റു മൂന്ന് ഉദ്യോഗസ്ഥരെയും മാത്രം ബലിയാടാക്കുന്നതെന്തിനാണെന്നാണ് മാധവന്‍നായരുടെ പ്രതികരണത്തിന്റെ കാതല്‍ . ഇതെല്ലാം വ്യക്തമാക്കുന്നത്, കേന്ദ്രസര്‍ക്കാരിന് ഈ വിഷയത്തില്‍ പലതും ഒളിക്കാനുണ്ടെന്നുള്ളതാണ്. രാജ്യതാല്‍പ്പര്യം ബലികഴിച്ച് ആന്‍ട്രിക്സും സ്വകാര്യകമ്പനിയും തമ്മില്‍ കരാര്‍ ഉണ്ടാക്കിയതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നത് കൂടുതല്‍ തെളിഞ്ഞിരിക്കുകയാണ്. ഉന്നതല അന്വേഷണകമ്മിറ്റിയുടെ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കണമെന്ന് 2011 ആഗസ്തിലും ഡിസംബറിലും ആവശ്യമുയര്‍ത്തിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറായില്ല. റിപ്പോര്‍ട്ട് പഠിക്കുകയാണെന്നും ആവശ്യമായ തിരുത്തല്‍ നടപടികളെടുക്കുമെന്നുമുള്ള ഒഴുക്കന്‍ മറുപടിയാണ് മന്ത്രി നല്‍കിയത്.
ദേവാസ് ആര്‍ബിട്രേഷനിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കരാര്‍ റദ്ദാക്കാന്‍ ആന്‍ട്രിക്സ് കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയെങ്കിലും റദ്ദാക്കിയിട്ടില്ല. ഇതിനെതിരെ ദേവാസ് മള്‍ട്ടിമീഡിയ പാരീസിലുള്ള അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ തീരുമാനപ്രകാരം ഏകപക്ഷീയമായി കരാര്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന വാദമാണ് ദേവാസ് ഉയര്‍ത്തിയിട്ടുള്ളത്. കരാര്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ രാജ്യത്തിന് പുറത്തുള്ള ആര്‍ബിട്രേഷന്‍ കോടതിയില്‍ കൊണ്ടുപോകാനുള്ള വ്യവസ്ഥയും ബുദ്ധിപൂര്‍വം കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി കാണാം. ഇതില്‍ അത്ഭുതമില്ല; കാരണം ദേവാസ് മള്‍ട്ടിമീഡിയയുടെ ചെയര്‍മാന്‍ ഡോ. എം ജി ചന്ദ്രശേഖര്‍ ഉള്‍പ്പെടെ പല ഉന്നതരും ഐഎസ്ആര്‍ഒയില്‍നിന്നും പിരിഞ്ഞുപോയ ഉദ്യോഗസ്ഥരാണ്. സിഎജിയുടെയും മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും സമയോചിതമായ ഇടപെടല്‍ കൊണ്ടുമാത്രമാണ് രണ്ടുലക്ഷം കോടി രൂപ രാജ്യത്തിന് നഷ്ടമുണ്ടാകുമായിരുന്ന ഇടപാട് താല്‍ക്കാലികമായെങ്കിലും തടയപ്പെട്ടത്. രാജ്യസഭയില്‍ പ്രശ്നം കോളിളക്കം സൃഷ്ടിച്ചതിനു ശേഷം മാത്രമാണ് (2011 ഫെബ്രുവരി 25) കരാര്‍ അവസാനിപ്പിക്കാനുള്ള നോട്ടീസുപോലും ദേവാസിന് ആന്‍ട്രിക്സ് നല്‍കിയത്.
ഉന്നതതല കമ്മിറ്റി ഏതുതരത്തിലുള്ള അന്വേഷണമാണ് നടത്തിയതെന്നോ എന്തെല്ലാം ക്രമക്കേടുകളാണ് കണ്ടെത്തിയതെന്നോ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 2ജി സ്പെക്ട്രം ഇടപാടിലെ അഴിമതി പുറത്തുവന്നപ്പോള്‍ ആദ്യം മന്ത്രി എ രാജയെ ന്യായീകരിക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രി പിന്നീട്് പറഞ്ഞത് കൂട്ടുകക്ഷി ഭരണമായതുകൊണ്ടാണ് തനിക്ക് അഴിമതി തടയാന്‍ കഴിയാതെ പോയതെന്നാണ്. എന്നാല്‍ , തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ബഹിരാകാശവകുപ്പില്‍ നടന്നതും പ്രധാനമന്ത്രിയുടെ ഓഫീസിലെ നാല് ഉന്നതരുടെ അംഗീകാരമുള്ളതുമായ എസ് ബാന്‍ഡ് സ്പെക്ട്രം ഇടപാടിലെ ക്രമക്കേടുകളുടെ ധാര്‍മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തത്തില്‍നിന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.
*
ഡോ. ടി എന്‍ സീമ ദേശാഭിമാനി 30 ജനുവരി 2012
Subscribe to:
Post Comments (Atom)
1 comment:
എസ് ബാന്‍ഡ് സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ മാധവന്‍നായര്‍ ഉള്‍പ്പെടെ നാല് ഉന്നതോദ്യോഗസ്ഥരെ സര്‍ക്കാര്‍ പദവികളില്‍ നിയമിക്കുന്നത് വിലക്കി കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്, ഇനിയും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ത്തുകയാണ്. തനിക്കെതിരായ നടപടി നീതീകരിക്കാനാകാത്തതാണെന്നും പ്രധാനമന്ത്രി തന്നെ വിശദീകരണം നല്‍കണമെന്നുമാണ് മാധവന്‍നായര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം, ഐഎസ്ആര്‍ഒയുടെ കീഴിലുള്ള പൊതുമേഖലാകമ്പനിയായ ആന്‍ട്രിക്സ് കോര്‍പറേഷനും ദേവാസ് മള്‍ട്ടിമീഡിയ എന്ന സ്വകാര്യകമ്പനിയുമായി തന്റെ കാലത്ത് ഉണ്ടാക്കിയ കരാറിനെ പരോക്ഷമായി ന്യായീകരിക്കുകയും ഈ കരാര്‍ തകര്‍ക്കാനും ഐഎസ്ആര്‍ഒയെത്തന്നെ ഇല്ലാതാക്കാനും ഇപ്പോഴത്തെ ചെയര്‍മാന്‍ രാധാകൃഷ്ണന്‍ ശ്രമിക്കുകയാണെന്നുമുള്ള ഗുരുതരമായ ആരോപണം ഉന്നയിക്കുകയും ചെയ്യുന്നുണ്ട്, മാധവന്‍നായര്‍ . സ്വാഭാവികമായും കേന്ദ്രസര്‍ക്കാരിനും ബഹിരാകാശവകുപ്പ് കൈകാര്യംചെയ്യുന്ന പ്രാധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും ഒരുപാട് കാര്യങ്ങള്‍ ഇനിയും വിശദീകരിക്കേണ്ടിവരും.
Post a Comment