ത്യാഗരാജ ഹാളിന് ഇന്നും വലിയ മാറ്റമൊന്നുമില്ല. ഒറ്റ നില കെട്ടിടം ഏതാണ്ട് അതേപോലെ തന്നെയുണ്ട്. 1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ഏഴു വരെ ഇവിടെ നടന്ന പാര്‍ടി കോണ്‍ഗ്രസിലാണ് സിപിഐ എമ്മിന്റെ രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 1964 ഏപ്രില്‍ 11ന് ദേശീയ കൗണ്‍സിലില്‍നിന്ന് 32 അംഗങ്ങള്‍ ഇറങ്ങിപ്പോയ ശേഷം സിപിഐ എം രൂപീകരണവുമായി ബന്ധപ്പെട്ട് രണ്ടു പ്രധാന സമ്മേളനങ്ങള്‍ നടന്നത് ആന്ധ്രയിലെ തെനാലിയിലും കൊല്‍ക്കത്തയിലുമാണ്.
തെനാലിയില്‍ 1964 ജൂലൈ ഏഴു മുതല്‍ 11 വരെ നടന്ന കണ്‍വന്‍ഷനില്‍ ഏഴാം കോണ്‍ഗ്രസ് കൊല്‍ക്കത്തയില്‍ നടത്താന്‍ തീരുമാനിച്ചു. ഒരു ഭാഗത്ത് സിപിഐയുടെ ആശയപരമായ ആക്രമണവും മറുവശത്ത് കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയമായ എതിര്‍പ്പും. നിരവധി നേതാക്കളെ ചൈനീസ് ചാരന്മാരെന്ന് മുദ്രകുത്തി അറസ്റ്റുചെയ്തു. ചിലര്‍ഒളിവിലിരുന്ന് ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്തു. ദക്ഷിണ കൊല്‍ക്കത്തയിലെ സതേണ്‍ അവന്യുവിലുള്ള ത്യാഗരാജ ഹാളിലാണ് പാര്‍ടി കോണ്‍ഗ്രസ് നടന്നത്. 422 പ്രതിനിധികള്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറിയായി പി സുന്ദരയ്യ. ഇഎംഎസ്, എകെജി, ബി ടി രണദിവെ, എം ബസവപുന്നയ്യ, പ്രമോദ്ദാസ് ഗുപ്ത, ജ്യോതിബസു, ഹര്‍കിഷന്‍സിങ് സുര്‍ജിത്, പി രാമമൂര്‍ത്തി എന്നിവരടങ്ങുന്ന പൊളിറ്റ് ബ്യൂറോയും.
1985 ഡിസംബര്‍ 25 മുതല്‍ 29 വരെ പന്ത്രണ്ടാം കോണ്‍ഗ്രസും 1998 ഒക്ടോബര്‍ അഞ്ചു മുതല്‍ 11വരെ പതിനാറാം കോണ്‍ഗ്രസും നടന്ന കൊല്‍ക്കത്തയ്ക്ക് ദീര്‍ഘമായ വിപ്ലവ പാരമ്പര്യമുണ്ട്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് എക്കാലവും ആവേശം പകരുന്ന നഗരമാണ് കൊല്‍ക്കത്ത. ബംഗാളി നോവലുകളുടെ പരിഭാഷ വായിച്ചും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം പഠിച്ചും കൊല്‍ക്കത്തയെ മനസ്സിലേറ്റിയവരാണ് മലയാളികള്‍ . ഇടതുപക്ഷ ആശയങ്ങളുടെയും പുരോഗമന സാഹിത്യത്തിന്റെയും കലയുടെയും സംഗമകേന്ദ്രമായി മാറിയ കൊല്‍ക്കത്ത ഇന്ത്യയുടെ സാംസ്കാരിക നഗരമെന്നും വാഴ്ത്തപ്പെടുന്നു. 1905ലെ ബംഗാള്‍ വിഭജനത്തെത്തുടര്‍ന്നാണ് ഇവിടെ ശക്തമായ വിപ്ലവ ഗ്രൂപ്പുകള്‍ ഉയര്‍ന്നുവന്നത്. അനുശീലന്‍ സമിതി, ജുഗാന്തര്‍ ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ച ചെറുപ്പക്കാര്‍ ബ്രിട്ടീഷുകാരുടെ ഉറക്കംകെടുത്തി. ഇതാണ് ഒടുവില്‍ ബംഗാള്‍ വിഭജനം പിന്‍വലിക്കാനും ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റാനും നിര്‍ബന്ധിതമാക്കിയത്. അനുശീലന്‍ സമിതിയിലെയും ജുഗാന്തറിലെയും വിപ്ലവകാരികള്‍ പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്നു.
1948ല്‍ ചേര്‍ന്ന രണ്ടാം കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം കൊല്‍ക്കത്ത തിസീസ് എന്നറിയപ്പെട്ടു. ഇന്ത്യന്‍ ഭരണവര്‍ഗത്തിനെതിരെ ശക്തമായ സായുധസമരങ്ങള്‍ വളര്‍ത്തിയെടുക്കണമെന്നതായിരുന്നു അതിന്റെ ഉള്ളടക്കം. 1959ലെ ഭക്ഷ്യപ്രക്ഷോഭ കാലത്ത് നഗരം വലിയ സമരഭൂമിയായി. അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ ആദ്യ പകുതിയിലും സിപിഐ എമ്മിനെതിരെ നക്സലൈറ്റുകളുടെയും കോണ്‍ഗ്രസിന്റെയും ക്രൂരമായ ആക്രമണങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി ആസ്ഥാനം 1964 മുതല്‍ 1977 വരെ കൊല്‍ക്കത്തയിലായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടാന്‍ 1977ല്‍ ആസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റി. കൊല്‍ക്കത്തിയിലെ മലയാളികളും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സുപ്രധാന സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പാര്‍ടി നിരോധിക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ ഒളിത്താവളങ്ങള്‍ ഒരുക്കുന്നതിനും സന്ദേശങ്ങള്‍ കൈമാറുന്നതിനും അവര്‍ സഹായം നല്‍കി.
1949ല്‍ തന്നെ മലയാളികള്‍ ഉള്‍പ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടി ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. വള്ളത്തോള്‍ നാരായണന്‍കുട്ടി, ടി കെ ജി നായര്‍ , രവീന്ദ്രന്‍ തുടങ്ങിയവരായിരുന്നു തുടക്കക്കാര്‍ . 1949ലെ റെയില്‍വേ സമരം വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള യോഗത്തില്‍ പങ്കെടുത്ത മലയാളികള്‍ ഉള്‍പ്പെടുന്ന 16 പേരെ പൊലീസ് അറസ്റ്റുചെയ്തു. ഇവരെ ആലിപ്പൂര്‍ പ്രസിഡന്‍സി ജയിലിലടച്ചു. പാലക്കാട്ടുകാരനായ കെ കേശവന്റെ ചക്രബരിയ ലെയിനിലെ പന്ത്രണ്ടാം നമ്പര്‍ വീട് നേതാക്കളുടെ അഭയകേന്ദ്രമായിരുന്നു. പാര്‍ടി നിരോധിക്കപ്പെട്ട സമയത്ത് ജ്യോതിബസു ഇവിടെ താമസിച്ചിട്ടുണ്ട്. പിന്നെ ഇ എം എസ്, എ കെ ജി തുടങ്ങിയവരും. നാല്‍പ്പതുകളില്‍ കേരളത്തിലെ വിദ്യാര്‍ഥി ഫെഡറേഷന്‍ നേതാവ് കൂടിയായിരുന്ന എന്‍ എം ജോണ്‍ കൊല്‍ക്കത്ത പ്രവര്‍ത്തനകേന്ദ്രമാക്കി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എന്നും താങ്ങും തണലുമായ അദ്ദേഹം തൊണ്ണൂറ് പിന്നിട്ടിട്ടും തളരാത്ത മനസ്സോടെ പ്രസ്ഥാനത്തിനൊപ്പമുണ്ട്.
*
വി ജയിന്‍
Subscribe to:
Post Comments (Atom)
1 comment:
ത്യാഗരാജ ഹാളിന് ഇന്നും വലിയ മാറ്റമൊന്നുമില്ല. ഒറ്റ നില കെട്ടിടം ഏതാണ്ട് അതേപോലെ തന്നെയുണ്ട്. 1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ഏഴു വരെ ഇവിടെ നടന്ന പാര്‍ടി കോണ്‍ഗ്രസിലാണ് സിപിഐ എമ്മിന്റെ രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 1964 ഏപ്രില്‍ 11ന് ദേശീയ കൗണ്‍സിലില്‍നിന്ന് 32 അംഗങ്ങള്‍ ഇറങ്ങിപ്പോയ ശേഷം സിപിഐ എം രൂപീകരണവുമായി ബന്ധപ്പെട്ട് രണ്ടു പ്രധാന സമ്മേളനങ്ങള്‍ നടന്നത് ആന്ധ്രയിലെ തെനാലിയിലും കൊല്‍ക്കത്തയിലുമാണ്.
Post a Comment