Sunday, January 22, 2012

ആദിവാസി ഭാഷകളെ ആരു സംരക്ഷിക്കും

ഏഷ്യന്‍ രാജ്യങ്ങളിലെ ആദിവാസി പ്രശ്നങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിന് അസമിലെ ദമാജിയില്‍ ഒരന്തര്‍ദേശീയ സമ്മേളനം നടക്കുകയുണ്ടായി. സെന്റര്‍ ഫോര്‍ തായ്, ട്രൈബല്‍ ആന്‍ഡ് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യാ സ്റ്റഡീസ് ആയിരുന്നു സംഘാടകര്‍ . "ഇന്ത്യയിലെയും തെക്കുകിഴക്ക് ഏഷ്യയിലെയും ദക്ഷിണ ചൈനയിലെയും ഇന്ത്യയുടെ അയല്‍പക്ക രാജ്യങ്ങളിലെയും ആദിവാസി, വംശീയ വിഭാഗങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്ന അന്താരാഷ്ട്ര സമ്മേളനം" എന്നതായിരുന്നു സമ്മേളനത്തിന്റെ തലവാചകം. വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള അക്കാദമിക് പണ്ഡിതന്മാരും ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും പങ്കെടുത്ത പ്രസ്തുത സമ്മേളനത്തില്‍ , ദക്ഷിണേന്ത്യയില്‍നിന്നുള്ള അതിഥിയായി പങ്കെടുക്കുവാന്‍ എനിക്ക് അവസരം ലഭിക്കുകയുണ്ടായി.

പ്രമുഖ അസമീ എഴുത്തുകാരനും നാടകകൃത്തും ചിത്രകാരനും ആദിവാസി ഗവേഷകനുമായ ഡോ. പുഷ്പാ ഗൊഗോയ് ആയിരുന്നു സമ്മേളന ഡയറക്ടര്‍ . സമ്മേളനത്തില്‍ വിവിധ ആദിവാസി, വംശീയ വിഭാഗങ്ങള്‍ നേരിടുന്ന വൈവിധ്യമാര്‍ന്ന സ്വത്വ-അസ്തിത്വ പ്രശ്നങ്ങള്‍ ആഴമാര്‍ന്ന വിശകലനത്തിനു വിധേയമായി. സമ്മേളനത്തിന്റെ വിവിധ സെഷനുകളിലായി നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. അതില്‍ പത്തോളം പ്രബന്ധങ്ങള്‍ ആദിവാസി ഭാഷകള്‍ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയായിരുന്നു. ലിപിയില്ലാത്ത ആദിവാസി ഭാഷകള്‍ അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന ആശങ്ക പല പ്രബന്ധങ്ങളും പങ്കുവെച്ചു. ആദിവാസി ഭാഷകള്‍ സംരക്ഷിക്കപ്പെടുന്നതിനു വേണ്ടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഇന്ത്യയ്ക്കു പുറത്തും നടക്കുന്ന ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ ചില പ്രബന്ധങ്ങളില്‍ വിവരിക്കപ്പെട്ടു. ആദിവാസി ഭാഷകള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കുക, പ്രസ്തുത ഭാഷകളില്‍ പാഠപുസ്തകങ്ങള്‍ നിര്‍മിക്കുക (ഉദാഹരണമായി അസമിലെ ഖാസി ഭാഷയിലും ആന്ധ്രയിലെ ഗോണ്ടി ഭാഷയിലും ഗുജറാത്തിലെ മെയ്ത്തി ഭാഷയിലും പാഠപുസ്തകങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഈ ഭാഷകളില്‍ അധ്യയനം നടത്തുന്നതിന് അവിടങ്ങളില്‍ അനുമതിയുണ്ട്.

അസമിലെ വിവിധ യൂണിവേഴ്സിറ്റികള്‍ ഖാസി ആദിവാസി ഭാഷയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. അസമീ സാഹിത്യ നിരൂപകനായ ഹേമ തൊഗോയ് സംസാരമധ്യേ, ഇതിന്റെ സദ്ഫലങ്ങളെപ്പറ്റി പറഞ്ഞു. ഖാസി ഭാഷയിലും സന്താളി ഭാഷയിലും മറ്റും നിരവധി സാഹിത്യ കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്). ആദിവാസി ഭാഷകളില്‍ പത്ര, മാസികകള്‍ പ്രസിദ്ധീകരിക്കുക, ഭാഷാ സംരക്ഷാര്‍ഥം നിഘണ്ടുകള്‍ നിര്‍മിക്കുക, ഭാഷാ പഠന, ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ മുന്നോട്ടുവെച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തിനു വെളിയില്‍ ആരംഭിച്ചതായി അറിയുവാന്‍ സാധിച്ചു. ആദിവാസി ഭാഷകളില്‍ രചിക്കപ്പെട്ട കൃതികളും ആദിവാസി ഭാഷാ നിഘണ്ടുക്കളും സമ്മേളനത്തോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ചതു കണ്ടപ്പോള്‍ , ആദിവാസി പഠന, ഗവേഷണ രംഗത്ത് കേരളം എത്രമേല്‍ പിന്നിലാണെന്നു ബോധ്യപ്പെട്ടു.

കേരളത്തിലെ അവസ്ഥ 2002ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം കേരളത്തില്‍ 43 ആദിവാസി വിഭാഗങ്ങളാണുള്ളത്. കേരളത്തില്‍ 43 ആദിവാസി വിഭാഗങ്ങളാണുള്ളത്. ഇവയില്‍ ഒട്ടുമിക്ക വിഭാഗങ്ങള്‍ക്കും പദസമ്പന്നവും വാമൊഴി സാഹിത്യ സമ്പന്നവുമായ ഭാഷയുണ്ട്. അവ സ്വതന്ത്രമായ സ്വത്വസവിശേഷതകള്‍ ഉള്ളവയാണ്. ചില ആദിവാസി ഭാഷകള്‍ക്ക് മലയാളത്തോടും തമിഴിനോടും കന്നടയോടും തുളുവിനോടും ബന്ധമുണ്ട്. ഇതേസമയം, സ്വതന്ത്ര ഭാഷയായി കണക്കാക്കാവുന്ന ആദിവാസി ഭാഷകളും കേരളത്തിലുണ്ട്.

കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ കേരളീയ ആദിവാസി ഭാഷകളെപ്പറ്റി ഏതാനും പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ പി സോമശേഖരന്‍നായര്‍ (പണിയ, അടിയ, കുറുമ്പ, ഭാഷാപഠനങ്ങള്‍), എന്‍ രാജേന്ദ്രന്‍ (മുഡുഗ ഭാഷാപഠനം), ഇ വി എന്‍ നമ്പൂതിരി (തിരുവിതാംകൂറിലെ ആദിവാസി ഭാഷാഭേദ പഠനം), ആനി ജോസഫ് (ദേവികുളത്തെ ആദിവാസി ഭാഷാഭേദ പഠനം) ഡോ. വേണുഗോപാലപണിക്കര്‍ (കാടര്‍ പഠനം) പി എന്‍ രവീന്ദ്രന്‍ (കാടര്‍ , കുറുമ്പ), ആര്‍ ഇന്ദിര (കാടര്‍) തുടങ്ങി സുധി ഭൂഷണ്‍ ഭട്ടാചാര്യ, കാമില്‍ സ്വെലബില്‍ വരെയുള്ളവരുടെ പഠനങ്ങള്‍ എടുത്തുപറയേണ്ടവയാണ്. കെ വേലപ്പന്റെ "ആദിവാസികളും ആദിവാസി ഭാഷകളും" എന്ന ഗ്രന്ഥം ആദിവാസി ഭാഷാപഠനരംഗത്ത് മാറ്റിനിര്‍ത്താനാവാത്തതാണ്. നിര്‍ഭാഗ്യവശാല്‍ , മൗലികത ഒട്ടുമില്ലാത്ത, മുന്‍ പഠനങ്ങളുടെ ആവര്‍ത്തനങ്ങള്‍ മാത്രമായ ആദിവാസി ഭാഷാപഠനങ്ങള്‍ വിപണിയില്‍ ഇപ്പോള്‍ സുലഭമായിത്തുടങ്ങിയിട്ടുണ്ട്. പണിയഭാഷാ നിഘണ്ടു സമീപകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ശ്രദ്ധേയമായ ആദിവാസി ഭാഷാ പഠന, ഗവേഷണ ഗ്രന്ഥമാണ് ഡോ. പി ജി പത്മിനിയുടെ "പണിയ ഭാഷാ നിഘണ്ടു" (കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്).

കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമാണ് പണിയര്‍ (2001ലെ സെന്‍സസ് പ്രകാരം 81,940 ആണ് ജനസംഖ്യ. 40001 പുരുഷന്മാര്‍ , 41939 സ്ത്രീകള്‍). കണ്ണൂര്‍ , വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പണിയരുണ്ടെങ്കിലും ജനസംഖ്യയുടെ തൊണ്ണൂറ് ശതമാനവും വയനാട് ജില്ലയിലാണ് അധിവസിക്കുന്നത്. കേരളത്തിലെ പല ആദിവാസി ഭാഷകളും അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ, പണിയ ഭാഷയുടെ പദസമ്പത്തും പ്രൗഢമായ വാമൊഴി സാഹിത്യ സമ്പത്തും എടുത്തുപറയേണ്ട സവിശേഷതയാണ്. ചലനാത്മകവും സര്‍ഗാത്മകവുമായ ഭാഷയാണ് പണിയഭാഷ എന്ന് പി ജി പത്മിനിയുടെ ഈ കൃതി തെളിയിക്കുന്നു. പണിയ ഭാഷയില്‍ കന്നട, തുളു, തമിഴ്, കുടക്, ഭാഷകളിലെ പദങ്ങള്‍ തത്സമങ്ങളായും തത്ഭവങ്ങളായും കടന്നുവരുന്നുണ്ടെങ്കിലും മലയാളത്തിന്റെ ഭാഷാഭേദമായിട്ടാണ് പൊതുവെ ഈ ഭാഷയെ വിലയിരുത്താറുള്ളത്. മലയാളി ഇന്നും കൃത്യമായ പദങ്ങള്‍ കണ്ടെത്തിയിട്ടില്ലാത്ത നിരവധി ആംഗലേയ പദങ്ങള്‍ക്ക് തത്തുല്യമായ പണിയ ഭാഷാ പദങ്ങളുണ്ട്.

പി ജി പത്മിനി തന്റെ പുസ്തകത്തില്‍ , മലയാളത്തില്‍ തനത് പദങ്ങളില്ലാത്ത, എന്നാല്‍ പണിയ ഭാഷയില്‍ ഇംഗ്ലീഷിനും തത്തുല്യ പദങ്ങളുള്ള നിരവധി പദങ്ങള്‍ നല്‍കിയിട്ടുണ്ട്. ഉദാഹരണമായി, ആളുകളെ കയറ്റുന്ന മിനി ബസ്സിന് പണിയ ഭാഷയില്‍ പറയുന്നത് "ബച്ചിനെ പുള്ളൈ" എന്നാണ്. ബസ്സിന്റെ കുട്ടി എന്നര്‍ഥം. ബള്‍ബിനു "മുട്ടെ ബുളാക്കു" (മുട്ടയുടെ രൂപത്തിലുള്ള വിളക്ക്) എന്നും ട്യൂബ് ലൈറ്റിന് "ബടി ബുളാക്ക്" (വടി വിളക്ക്) എന്നും ബാങ്കിനു "പണെ പീടിഎ" (പണപ്പീടിക) എന്നും ബ്രെയിസിയറിനു "മുലെ കുപ്പെയ" (മുലക്കുപ്പായം) എന്നും പറയുന്നു. തങ്കളുടെ വീടുകളില്‍ ക്ലോസറ്റുള്ള കക്കൂസും ട്യൂബ്ലൈറ്റും മറ്റടിസ്ഥാന സൗകര്യങ്ങളും വേണമെന്നാവശ്യപ്പെട്ടുകൊണ്ട് പണിയര്‍ നടത്തിയ ഒരു പ്രകടനത്തിലെ മുദ്രാവാക്യം ഇങ്ങനെയായിരുന്നു: "ബടിബുളാക്കും പിഞ്ഞാണ കക്കൂച്ചും ഞങ്ങക്കും ബേണം ചര്‍ക്കാറെ" ഈ മുദ്രാവാക്യത്തെ പരിഹാസ്യമായി വയനാട്ടില്‍ അവതരിപ്പിക്കാറുണ്ട്. മുമ്പൊക്കെ വയനാട്ടിലെ മിമിക്രി കലാകാരന്മാരുടെ ഒരൈറ്റം ഇവരുടെ ഇത്തരം പദങ്ങളെ പരിഹസിക്കലായിരുന്നു. തങ്ങളുടെ വടിവൊത്ത അച്ചടി മലയാളത്തിന്റെ വികൃത രൂപമെന്ന നിലയ്ക്കാണ് ഇവ പരിഹസിക്കപ്പെട്ടത്. എന്നാല്‍ ഭാഷാശാസ്ത്രപരമായി, "ബടി ബുളാക്കും" "പിഞ്ഞാണ കക്കൂച്ചും" അത്രമേല്‍ പരിഹസിക്കപ്പെടേണ്ടവയാണോ? മൗലികമായ രണ്ടു പദങ്ങളല്ലേ അവ? എന്ന ചിന്ത എന്തുകൊണ്ടോ ആദിവാസികള്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന വയനാട്ടില്‍ നിന്നുയര്‍ന്നു കേട്ടിട്ടില്ല.

ഈയിടെ വയനാട്ടിലെ ദ്വാരകയില്‍ നിന്നാരംഭിച്ച കമ്യൂണിറ്റി റേഡിയോയില്‍ ആദിവാസികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളും അവര്‍ നിര്‍ദേശിക്കുന്ന പരിഹാരങ്ങളും അവരറിയേണ്ട കാര്യങ്ങളും അവരുടെ തന്നെ ഭാഷയിലും ശബ്ദത്തിലും അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ആദിവാസികള്‍ അവരുടെ ഭാഷയില്‍ കഥാപ്രസംഗവും നാടകവും കഥകളും കവിതകളും അവതരിപ്പിക്കുന്നു. "തുടിച്ചെത്തം" എന്നാണ് പരിപാടിയുടെ പേര്. പണിയ, അടിയ ഭാഷകളില്‍ അവതരിപ്പിക്കപ്പെടുന്ന ഈ പരിപാടികള്‍ അവരെ നന്നായി സ്വാധീനിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു (അട്ടപ്പാടിയിലെ ഒരു പ്രാദേശിക ചാനലില്‍ ഇരുള ഭാഷയില്‍ വാര്‍ത്ത വായനയുണ്ട്). ആദിവാസികളില്‍ തങ്ങളുടെ ഭാഷ ഒട്ടും മോശമല്ലെന്ന ബോധം സൃഷ്ടിക്കുവാനും തങ്ങളുടെ സംസ്കാരവും സാഹിത്യവും സമ്പന്നമാണെന്നുള്ള ആത്മബോധം പുതുതലമുറയില്‍ അരക്കിട്ടുറപ്പിക്കുവാനും ഇത്തരം മാധ്യമ പരിപാടികളിലൂടെ സാധ്യമാവുന്നുണ്ട്. ഭാഷ നഷ്ടമാവുന്ന ഒരു സമൂഹത്തിന് ഇല്ലാതാവുന്നത് ആത്മബലമാണ്. പി ജി പത്മിനി "പണിയ ഭാഷാനിഘണ്ടു"വില്‍ പറയുന്ന വിധത്തിലുള്ള തനത് പദങ്ങള്‍ , പ്രത്യേകിച്ച് ഇംഗ്ലീഷ് പദങ്ങള്‍ക്കുള്ള തത്തുല്യപദം മറ്റ് ആദിവാസി ഭാഷകളിലും ഉണ്ടാവാനാണ് സാധ്യത. തങ്ങളുടെ ജീവിതമണ്ഡലത്തിലെ ഏത് അവസ്ഥയേയും അടയാളപ്പെടുത്തുവാന്‍ ആവശ്യമായ പദസമ്പത്ത് ഓരോ സമൂഹവും രൂപപ്പെടുത്തുന്നുണ്ടാവണം. പറയ സമുദായത്തില്‍പെട്ട ഒരു സ്ത്രീ, സംസാരമധ്യേ, "ഞങ്ങളൊക്കെ പുറാളികള്‍ അല്ലേ" എന്ന് പറഞ്ഞതായി ഒരു സുഹൃത്ത് പറഞ്ഞു. "പുറാളികള്‍" (പുറത്ത് നില്‍ക്കുന്നവര്‍) എന്ന പദം ഇംഗ്ലീഷിലെ മാര്‍ജിനലൈസിന് എന്തുകൊണ്ടും അനുയോജ്യമാണ്.

മലയാള ഭാഷയ്ക്ക് ആദിവാസി, കീഴാള വിഭാഗങ്ങളുടെ സംസാരഭാഷയില്‍നിന്നും ഇത്തരം സുന്ദരപദങ്ങള്‍ കടംകൊള്ളാവുന്നതാണ്. അന്യംനിന്നുകൊണ്ടിരിക്കുന്ന ആദിവാസി ഭാഷകളിലെ പദശേഖരണം അടിയന്തരമായി നടക്കേണ്ടതുണ്ട്. വളരെ ശാസ്ത്രീയമായി അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് ചേവായൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന "കിര്‍ടാഡ്സ്" നേതൃത്വം നല്‍കുന്നതായാണ് അറിവ്. കിര്‍ടാഡ്സില്‍ പ്രവര്‍ത്തിക്കുന്ന ഭാഷാ പഠനവിഭാഗം വയനാട്, ഇടുക്കി, പാലക്കാട് (അട്ടപ്പാടി), കാസര്‍ക്കോട്, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ പട്ടികവര്‍ഗ ഊരുകളില്‍ പോയി ശേഖരിച്ച ഭാഷാപരമായ വസ്തുതകള്‍ ഉപയോഗിച്ച് തയാറാക്കിയ 13 വ്യാകരണ ഗ്രന്ഥങ്ങള്‍ , ഏതാനും നിഘണ്ടുക്കള്‍ (ബേട്ടുവ കുറുമ ഭാഷയ്ക്കടക്കം), പാഠാവലികള്‍ എന്നിവ ഈ മേഖലയില്‍ എടുത്തുപറയേണ്ടവയാണ്. ഇപ്പോള്‍ പത്ത് ആദിവാസി ഭാഷകള്‍ക്ക് നിഘണ്ടുക്കളും വ്യാകരണ ഗ്രന്ഥങ്ങളും മറ്റും തയാറാക്കുവാനുള്ള പ്രാരംഭ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നാളിതുവരെ നടന്ന ആദിവാസി ഭാഷാ പഠനങ്ങളിലെ ഒരു പരിമിതി ദത്തശേഖരണത്തിന്റെ അഭാവവും സൈദ്ധാന്തികമായ വേരുറപ്പില്ലായ്മയുമാണ്. പുതിയ ഗവേഷകര്‍ ഇതിനെ കൃത്യമായും മറികടക്കുന്നുണ്ട്. വ്യക്തമായ ദിശാബോധത്തോടെയുള്ള സമീപനമാണ് ഇന്നാവശ്യം. അല്ലാത്തപക്ഷം, ആഗോളീകരണത്തിന്റെ കുത്തൊഴുക്കില്‍ വാമൊഴിയില്‍ മാത്രം നിലനില്‍ക്കുന്ന ഭാഷകളെ പിടിച്ചുനിര്‍ത്തുവാനും സംരക്ഷിക്കുവാനും സാധിക്കുകയില്ല.

രസകരമായ വസ്തുത, കേരളത്തിലെ ആദിവാസി ഭാഷകള്‍ക്ക് മുഖ്യ ഭീഷണി ഇംഗ്ലീഷ് അല്ല, മറിച്ച് മലയാളമാണ് എന്നതാണ്. ഇംഗ്ലീഷ് എപ്രകാരമാണോ മലയാളത്തിനുമേല്‍ ആധിപത്യം ചെലുത്തുന്നത്, അതിനെക്കാള്‍ വേഗത്തില്‍ മലയാളം കേരളത്തിലെ ആദിവാസി ഭാഷകളെ മായ്ച്ച് ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് ഇന്ത്യയിലെങ്ങുമുള്ള പ്രശ്നമാണ്. മലയാളത്തെ പലവിധത്തില്‍ ആദിവാസികളുടെ മേല്‍ കെട്ടിയേല്‍പ്പിക്കുന്നുണ്ട്. നാം മറന്നുപോയ ഒരു കാര്യം മലയാളം അവരുടെ മാതൃഭാഷയല്ല എന്നതാണ്. തൊണ്ണൂറുകളില്‍ സമ്പൂര്‍ണ സാക്ഷരത കൈവരിക്കുന്നതിനുവേണ്ടി നടത്തിയ യജ്ഞത്തിനിടയില്‍ "അന്യഭാഷ"ക്കാരായ ആദിവാസികളെയും നാം മലയാളം പഠിപ്പിക്കാന്‍ ശ്രമിച്ചു. ആദിവാസികളെ സംബന്ധിച്ചിടത്തോളം "ഒരന്യഭാഷ" പഠിപ്പിക്കുവാനുള്ള യജ്ഞമായിരുന്നു സാക്ഷരതാ പരിപാടി. അതില്‍ മലയാളികള്‍ നൂറുശതമാനം വിജയിച്ചപ്പോള്‍ 50% മാത്രമായിരുന്നു ആദിവാസികളിലെ സാക്ഷരതായജ്ഞ വിജയം. മുമ്പൊക്കെ ആദിവാസി വിദ്യാര്‍ഥികള്‍ ലോവര്‍ ക്ലാസുകളില്‍നിന്നുതന്നെ കൊഴിഞ്ഞുപോകുന്ന അവസ്ഥയുണ്ടായിരുന്നു. ഞാന്‍ സ്കൂളില്‍ ചേരുന്നകാലത്ത് പത്തോളം പണിയ സമുദായ വിദ്യാര്‍ഥികള്‍ ഒന്നാം ക്ലാസില്‍ കൂടെയുണ്ടായിരുന്നു. എന്റെ വീടിന്റെ തൊട്ടടുത്തുള്ള വീടുകളില്‍ നിന്നുള്ളവര്‍ . അവരില്‍ ഒരാള്‍പോലും മൂന്നാം ക്ലാസിനപ്പുറം കടന്നിട്ടില്ല. ഇടയ്ക്ക് എപ്പോഴോ അവര്‍ പഠനം നിര്‍ത്തിയിരുന്നു.

ഒരു ആദിവാസി വിദ്യാര്‍ഥി ക്ലാസ് റൂമുകളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ അനവധിയാണ്. അവഗണനയും അവഹേളനവും ഒരുഭാഗത്ത്. ഭാഷാപരമായ പ്രശ്നങ്ങള്‍ അതിലേറെ. സ്വന്തം വീടുകളില്‍ നിന്ന് ഏറെയൊന്നും പുറത്ത് പോവാനും മലയാളം സംസാരിക്കുന്നവരുമായി ഇടപഴകാനും അവസരങ്ങളില്ലാത്ത ഒരു ഒന്നാം ക്ലാസ് ആദിവാസി വിദ്യാര്‍ഥിക്ക് അറിയാവുന്ന ഏകഭാഷ അവന്റെ വീട്ടുഭാഷയായ, സ്വസമുദായ ഭാഷയായിരിക്കും. അതിനാല്‍ ഒന്നാം ക്ലാസില്‍നിന്ന് അവന്‍ കേള്‍ക്കുന്ന വടിവൊത്ത മലയാളഭാഷ, അവനെ സംബന്ധിച്ചിടത്തോളം ഒരന്യഭാഷയായിരിക്കും. അതിനാല്‍ പഠനം അവന് ദുഷ്കരമായിത്തീരും. കൊഴിഞ്ഞുപോക്കിന്റെ ഒരു കാരണം ഇതാണ്. മുമ്പൊക്കെ സ്കൂളില്‍ ചേരുന്ന സമയത്ത്, ആദിവാസി വിദ്യാര്‍ഥികളുടെ തനത് പേരുകളായ പാറ്റ, (അഥവാ പൂമ്പാറ്റ), വെള്ളി, വെള്ളച്ചി, വെള്ളന്‍ പോലുള്ളവ മാറ്റി ബിന്ദു, സിന്ധു എന്നൊക്കെയാക്കുന്ന രീതിയുണ്ടായിരുന്നു. ഇത്തരം പ്രവണതകള്‍ അവരെ എത്രമേല്‍ അപകര്‍ഷരാക്കിയിട്ടുണ്ടാവണം!

ഏതൊരു ആദിവാസി വിഭാഗത്തിന്റേയും ശക്തമായ സാംസ്കാരിക സത്തയും സവിശേഷതയും അവരുടേതു മാത്രമായ ഭാഷയാണ്. അതിനാല്‍ ഭാഷ മരിക്കുമ്പോള്‍ അവര്‍ ജീവച്ഛവങ്ങളായി മാറും; അവരുടെ സാംസ്കാരിക വിനിമയരൂപങ്ങളായ വാമൊഴി സാഹിത്യവും അതിലൂടെ രൂപപ്പെടുന്ന ലോകവീക്ഷണവും നഷ്ടമാവും. കീഴടക്കുവാനും നാമാവശേഷമാക്കുവാനും പരുവത്തിലുള്ളവരായി ഒരു ജനതയെ മാറ്റുവാനുള്ള ആദ്യപടി അവരുടെ ഭാഷയെ നശിപ്പിക്കലാണ്. ആഗോളീകരണ ശക്തികള്‍ മൂന്നാംലോക രാജ്യങ്ങളിലും ഭിന്ന സാംസ്കാരിക സ്വത്വങ്ങള്‍ക്കുമേലും പ്രയോഗിച്ചുകൊണ്ടിരിക്കുന്നത് ഇതേ തന്ത്രമാണ്.

*
ഡോ. അസീസ് തരുവണ ദേശാഭിമാനി വാരിക 22 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഏതൊരു ആദിവാസി വിഭാഗത്തിന്റേയും ശക്തമായ സാംസ്കാരിക സത്തയും സവിശേഷതയും അവരുടേതു മാത്രമായ ഭാഷയാണ്. അതിനാല്‍ ഭാഷ മരിക്കുമ്പോള്‍ അവര്‍ ജീവച്ഛവങ്ങളായി മാറും; അവരുടെ സാംസ്കാരിക വിനിമയരൂപങ്ങളായ വാമൊഴി സാഹിത്യവും അതിലൂടെ രൂപപ്പെടുന്ന ലോകവീക്ഷണവും നഷ്ടമാവും. കീഴടക്കുവാനും നാമാവശേഷമാക്കുവാനും പരുവത്തിലുള്ളവരായി ഒരു ജനതയെ മാറ്റുവാനുള്ള ആദ്യപടി അവരുടെ ഭാഷയെ നശിപ്പിക്കലാണ്. ആഗോളീകരണ ശക്തികള്‍ മൂന്നാംലോക രാജ്യങ്ങളിലും ഭിന്ന സാംസ്കാരിക സ്വത്വങ്ങള്‍ക്കുമേലും പ്രയോഗിച്ചുകൊണ്ടിരിക്കുന്നത് ഇതേ തന്ത്രമാണ്.