Monday, January 30, 2012

അഭ്യാസം ജീവിതം

കണ്ണടച്ചു തുറക്കുമ്പോഴേക്കും മിന്നിമറയുന്ന വെളിച്ചം... പളപളാവെട്ടിത്തിളങ്ങുന്ന കുപ്പായം... മുന്നില്‍ ആരവങ്ങളുയര്‍ത്തി ഒരു കൂട്ടം കാണികള്‍ ... സുമന്‍ നികുംബക്ക് ഇവിടെ തുടങ്ങുകയാണ് ജീവിതത്തിന്റെ താളം പിഴയ്ക്കാത്ത സഞ്ചാരം. അമ്പതാണ്ടായി കറങ്ങുന്ന സൈക്കിള്‍ചക്രമാണ് സുമന് തന്റെ ജീവിതം. കാലാന്തരങ്ങളും ദേശാന്തരങ്ങളും കറങ്ങിത്തീര്‍ക്കുമ്പോള്‍ ഓര്‍ത്തുവയ്ക്കുന്നത് ഇത്ര മാത്രം. ഒരു നിമിഷം പതറിയാല്‍ ... ഗതിവേഗമൊന്നു പിഴച്ചാല്‍ ... തീരുന്നത് ഒരായുസ്സിന്റെ സ്വപ്നങ്ങള്‍ . വീട്... കുടുംബം... സ്വപ്നങ്ങള്‍ക്ക് ഇപ്പോഴും കടലിന്റെ ആഴം... കെട്ടി ഉയര്‍ത്തിയ കൂടാരങ്ങള്‍ക്കുമേലെ നീലച്ച ആകാശക്കാഴ്ചകള്‍ ... പക്ഷേ, ഏതുനിമിഷവും ചെന്നു വീഴാവുന്ന മഹാഗര്‍ത്തത്തെക്കുറിച്ചുള്ള നിറഞ്ഞ ബോധത്തോടെ സുമന്‍ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു. ജംബോ സര്‍ക്കസിലെ അറിയപ്പെടുന്ന വനിതാതാരമാണ് സുമന്‍ . മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശികളും സര്‍ക്കസ് കലാകാരന്മാരുമായ അംബികാസിങ്ങിന്റെയും ശാന്താ ബായിയുടെയും മകള്‍ക്ക് ജീവിതം തുടങ്ങുമ്പോള്‍ മുന്നില്‍ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജീവിതംകൊണ്ട് വേലകാട്ടല്‍ ... മുടിനാരിന്റെ ബലത്തിലൂടെ ജീവനെ പായിച്ച് കാണികളെ രസിപ്പിക്കല്‍ ... നാലാം വയസ്സില്‍ സുമന്‍ പഠിച്ചെടുത്ത ജീവിതത്തിന്റെ ബാലപാഠങ്ങള്‍ ഇപ്പോഴും തുടരുന്നു. ബോണ്‍ലെസ് അഭ്യാസപ്രകടനത്തിലൂടെയായിരുന്നു സുമന്റെ അരങ്ങേറ്റം. പ്രതാപം നഷ്ടപ്പെടാത്ത ഇന്ത്യന്‍ സര്‍ക്കസിലെ വിലമതിക്കുന്ന താരമാണ് ഈ അമ്പത്തിനാലുകാരി.

മികച്ച സര്‍ക്കസ് കലാകാരനായിരുന്നു സുമന്റെ അച്ഛന്‍ അംബികാസിങ്. സര്‍ക്കസിലെ പ്രധാന ഐറ്റങ്ങള്‍ അവതരിപ്പിച്ചിരുന്നതും അദ്ദേഹമായിരുന്നു. കുട്ടിക്കാലംമുതല്‍ അച്ഛന്റെ കീഴില്‍ സുമന്‍ സര്‍ക്കസ് പഠിക്കാനാരംഭിച്ചു. ലാഡര്‍ ആക്ടും ഡെന്റല്‍ ആക്ടുമാണ് ആദ്യം പരിശീലിച്ചത്. അമ്മ ശാന്താബായിയില്‍നിന്ന് സൈക്കിളിങ്ങും റോളര്‍ ആക്ടും. പത്താംവയസ്സില്‍ സുമന്‍ സൈക്കിള്‍ അഭ്യാസം തുടങ്ങി. റോയല്‍ സര്‍ക്കസിലായിരുന്നു തുടക്കം. പിന്നെ സുമന്റെ ചക്രം പിറകോട്ടു തിരിഞ്ഞില്ല. ഗ്രാന്റ്, രാജ്കമല്‍ , ജമിനി തുടങ്ങിയ കമ്പനികളില്‍ പ്രവര്‍ത്തിച്ചു. ഏറ്റവും കൂടുതല്‍ ഗ്രേറ്റ് റോയല്‍ സര്‍ക്കസിലായിരുന്നു, 21 വര്‍ഷം. വിജയ് നികുംബയെ കണ്ടുമുട്ടിയതും ജീവിതസഖിയായതും അവിടെ വച്ചാണ്. ഇപ്പോള്‍ റോയല്‍ സര്‍ക്കസിന്റെ മാനേജരാണ് വിജയ്. സൈക്കിളിനു മുകളില്‍ മയിലിനെപ്പോലെ നൃത്തം ചവിട്ടുക, മുന്‍വശത്തെ സൈക്കിള്‍ചക്രം പിറകോട്ടു തിരിച്ച് സവാരി ചെയ്യുക, കൈകള്‍ രണ്ടും ഉയര്‍ത്തി ഒറ്റച്ചക്രത്തില്‍ സഞ്ചരിക്കുക, ഒറ്റച്ചക്രത്തിലുള്ള സവാരിക്കിടയില്‍ മൂന്നു പന്തങ്ങള്‍ മുകളിലേക്കെറിഞ്ഞ് ബാലന്‍സ് വിടാതെ സൈക്കിള്‍ ചവിട്ടുക എന്നീ അഭ്യാസമുറകള്‍ അതിസാഹസികമായാണ് സുമന്‍ അവതരിപ്പിക്കുന്നത്. എട്ടിഞ്ച് ഉയരമുള്ള ചെറിയ സൈക്കിളില്‍ വട്ടം ചുറ്റുന്ന സുമന്റെ പ്രകടനം സമാനതകളില്ലാത്ത കൗതുകക്കാഴ്ചയാണ്. ഗ്രൂപ്പ് സൈക്കിള്‍ അഭ്യാസപ്രകടനങ്ങളില്‍നിന്ന് മാറി തനിച്ചാണ് സുമന്റെ പ്രകടനം. സൈക്കിള്‍സവാരിക്കിടയില്‍ ഉറങ്ങുക, ഒറ്റച്ചക്രത്തില്‍ പിറകോട്ട് സഞ്ചരിക്കുക എന്നിവയും ശ്രദ്ധേയമായ ഇനങ്ങളാണ്. 1987ല്‍ മഹാരാഷ്ട്രയിലെ ബോണ്‍മതി മൈതാനിയില്‍ മെക്കാനിക് ഇല്ലാതെ ഇന്ത്യയില്‍ ആദ്യമായി ആകാശനടത്തം അവതരിപ്പിച്ച് സര്‍ക്കസ് ലോകത്ത് പുതിയ വിസ്മയം സൃഷ്ടിച്ചു. മറ്റ് താരങ്ങള്‍ 30 മുതല്‍ 40 മിനിറ്റുകൊണ്ട് ഒറ്റസൈക്കിളില്‍ നടത്തുന്ന അഭ്യാസങ്ങള്‍ അവതരിപ്പിക്കാന്‍ സുമന് വെറും 18 മിനിറ്റു മതി. ഇത്രയും ചുരുങ്ങിയ സമയത്തിനകം ഇവര്‍ വൈവിധ്യമേറിയ അഭ്യാസങ്ങള്‍ കാഴ്ചവയ്ക്കും.

തൃശൂര്‍ ശക്തന്‍നഗറിലാണ് ഇപ്പോള്‍ ജംബോ സര്‍ക്കസിന്റെ പ്രദര്‍ശനം. സുമന്റെ സൈക്കിള്‍ അഭ്യാസമാണ് ജംബോ സര്‍ക്കസിലെ മുഖ്യ ആകര്‍ഷണമെന്ന് മാനേജര്‍ ശ്രീഹരിനായര്‍ പറഞ്ഞു. സര്‍ക്കസ് തമ്പില്‍നിന്ന് ജീവിതപാഠങ്ങള്‍ അഭ്യസിച്ച സുമന് പുറംലോകം അന്യമാണ്. സര്‍ക്കസ് ജീവിതത്തിനിടെ ഏഴാംക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ മാത്രമാണ് കഴിഞ്ഞത്. ട്യൂഷന്‍ മാസ്റ്റര്‍ സര്‍ക്കസ് ക്യാമ്പിലെത്തി സ്കൂള്‍ പാഠഭാഗങ്ങള്‍ അഭ്യസിപ്പിച്ചു. എങ്കിലും എല്ലാ അറിവിലേക്കും കൈപിടിക്കാന്‍ ഭര്‍ത്താവ് വിജയ് കൂടെത്തന്നെയുണ്ടെന്നു പറഞ്ഞ് സുമന്‍ ചിരിക്കുന്നു. വിജയ് എംകോംകാരനാണ്. സര്‍ക്കസ് കലാകാരിയായതില്‍ അഭിമാനിക്കുന്ന സുമന് പുതിയ തലമുറ റിങ്ങിനോട് വിമുഖത പ്രകടിപ്പിക്കുന്നതില്‍ പരിഭവമുണ്ട്. സര്‍ക്കസ് രംഗത്തേക്ക് വരാന്‍ ഇപ്പോള്‍ ആര്‍ക്കും താല്‍പ്പര്യമില്ല. പുതിയ കുട്ടികള്‍ക്ക് കഠിനമായ അഭ്യാസമുറകള്‍ പഠിക്കാന്‍ മടിയാണ്. സര്‍ക്കസ് കലാകാരന്മാരുടെ മക്കളും ഈ രംഗത്തേക്ക്കടന്നുവരുന്നില്ല. ഇന്ത്യയില്‍ ജനങ്ങള്‍ക്ക് സര്‍ക്കസിനോടുള്ള താല്‍പ്പര്യം ക്രമേണ കുറഞ്ഞുവരികയാണെന്ന് അരനൂറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള കലാകാരി വ്യക്തമാക്കുന്നു. സര്‍ക്കസിന്റെ ഭാവിയെക്കുറിച്ചും ഇവര്‍ക്ക് ആശങ്കയുണ്ട്. അഭ്യാസം നടത്തുന്ന കാലത്തോളം മാത്രമേ വരുമാനമുണ്ടാക്കാനാകൂ. സര്‍ക്കസ് അവസാനിപ്പിച്ചാല്‍ പിന്നീട് ജീവിതം മുന്നോട്ടു കൊണ്ടുപോവാന്‍ വളരെ ബുദ്ധിമുട്ടാണ്. കേരളത്തിലേക്കുള്ള സുമന്റെ മൂന്നാമത്തെ വരവാണിത്. കേരളത്തിലും സര്‍ക്കസിനോടുള്ള ആഭിമുഖ്യം കുറയുകയാണെന്നാണ് സുമന്‍ പറയുന്നത്. മുമ്പ് കേരളത്തില്‍ സര്‍ക്കസിന് നല്ല പ്രേക്ഷകരുണ്ടായിരുന്നു. വന്യമൃഗങ്ങളെ അഭ്യാസത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് വന്നതോടെ സര്‍ക്കസിന്റെ നിറംകെട്ടു. സര്‍ക്കസിലെ മൃഗങ്ങളെ സര്‍ക്കാര്‍ കൊണ്ടുപോവുകയും ചെയ്തു. മൃഗങ്ങള്‍ ഇല്ലാതായതോടെ സര്‍ക്കസ് കൂടാരങ്ങളിലേക്ക് ആളുകളുടെ താല്‍പ്പര്യം കുറഞ്ഞു. ആന, കുതിര, ഒട്ടകം, നായ, തത്ത തുടങ്ങിയ മൃഗങ്ങളാണ് സര്‍ക്കസില്‍ ഇപ്പോഴുളളത്. ആദ്യകാലങ്ങളില്‍ കരടി, സിംഹം, കരിമ്പുലി, ചിമ്പാന്‍സി, തുടങ്ങിയ നിരവധി മൃഗങ്ങള്‍ സര്‍ക്കസ് ക്യാമ്പിലുണ്ടായിരുന്നു. ഇത്തരം മൃഗങ്ങളാണ് കാണികളെ സര്‍ക്കസിലേക്ക് പ്രധാനമായും ആകര്‍ഷിച്ചിരുന്നത്. സര്‍ക്കസ് അഭ്യാസത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ മൃഗം ചിമ്പാന്‍സിയാണ്. റോയല്‍ സര്‍ക്കസില്‍ ഇരുപതിലധികം ചിമ്പാന്‍സികളുണ്ടായിരുന്നു. മനുഷ്യന്റെ ഭാഷ നന്നായി മനസ്സിലാക്കുന്ന ഇവയെ അഭ്യസിപ്പിക്കാന്‍ എളുപ്പമാണ്.

സര്‍ക്കസ് കൂടാരത്തിലെ നീണ്ടകാലത്തെ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ സുമന്റെ വാക്കുകളില്‍ ആവേശവുംകണ്ണുകളില്‍ തിളക്കവും ഒരുപോലെ തെളിയുന്നു. സൈക്കിളിലെ ഈ അത്ഭുതപ്രതിഭയെ തേടി നിരവധി അംഗീകാരങ്ങളെത്തിയിട്ടുണ്ട്. മലേഷ്യയിലെ ക്വലാലമ്പൂരില്‍ നടത്തിയ പ്രകടനം പീക്കോക് ഡാന്‍സ് അവാര്‍ഡിന് ഇവരെ അര്‍ഹയാക്കി. സോണി ടെലിവിഷന്റെ 2010ലെ എന്റര്‍ടെയിന്‍മെന്റ് അവാര്‍ഡും ഈ മഹാരാഷ്ട്രക്കാരിയെ തേടിയെത്തി. ഫ്രാന്‍സ്, സൊമാലിയ, എത്യോപ്യ, ഈജിപ്ത്, ഇറാഖ്, തന്‍സാനിയ, സിംഗപ്പൂര്‍ , മലേഷ്യ, സൗദി അറേബ്യ, കെനിയ, സുഡാന്‍ , ഇന്തോനേഷ്യ തുടങ്ങി 21 ലധികം വിദേശരാജ്യങ്ങളില്‍ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് നിരവധി തവണ വാഗ്ദാനങ്ങള്‍ വന്നെങ്കിലും നാട്ടുവിട്ടുപോകാന്‍ മനസ്സ് വന്നില്ല. ഇന്നും അവിടെ സര്‍ക്കസിന് വന്‍ ജനപ്രീതിയുണ്ട്. റഷ്യയില്‍ സര്‍ക്കസ് താരങ്ങള്‍ക്ക് ഇവിടത്തെ സിനിമാതാരങ്ങളുടെ മൂല്യമാണ്. സര്‍ക്കസ് കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍ വിദേശങ്ങളില്‍ സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. വിദേശികളുടെ മാതൃക നമ്മുടെ സര്‍ക്കാരും പിന്തുടരണമെന്നാണ് സുമന്റെ അഭിപ്രായം. ഇന്ത്യന്‍ സര്‍ക്കസിലെ പ്രായം തളര്‍ത്താത്ത കലാകാരിയുടെ മനസ്സില്‍ വീണ്ടും തമ്പ് ഉയരുകയാണ്. ആര്‍പ്പുവിളികളും കരഘോഷങ്ങളും കണ്ടില്ലെന്നുനടിക്കാനാവില്ല. എല്ലാ വേദനകളെയും അടക്കിവച്ച് കാണികളില്‍ചിരിയുണര്‍ത്താന്‍ .... അണിയുകയാണ് വീണ്ടും തിളങ്ങുന്ന ആ കുപ്പായം.
(ഇ ആര്‍ ഷൈജു)

സര്‍ക്കസിലെ ആദ്യവനിത കുന്നത്ത് യശോദ

പ്രാചീന റോമിലാണ് സര്‍ക്കസിന്റെ തുടക്കം. സഹോദരങ്ങളായ ബാര്‍ണം, ബെയ്ലി എന്നിവരുടെ ആശയത്തില്‍നിന്നും ഉരുത്തിരിഞ്ഞു വന്ന സര്‍ക്കസ് എന്ന കലാരൂപം പിന്നീട് ലോകം മുഴുവന്‍ നിറഞ്ഞ കരഘോഷത്തോടെ ഏറ്റുവാങ്ങി. തുടക്കത്തില്‍ വട്ടത്തിലൊരുക്കിയ പ്രദര്‍ശനനഗരിയിലാണ് ഓരോരുത്തരും തങ്ങളുടെ അഭ്യാസപ്രകടനങ്ങളുമായി എത്തിയിരുന്നത്. അതുകൊണ്ടുതന്നെ കാണികളുമായി അടുത്തുചേര്‍ന്ന് ഇടപഴകാന്‍ അവര്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചു. ചരിത്രം രേഖപ്പെടുത്തിയ ദിനങ്ങളായിരുന്നു അന്നത്തെ റോമന്‍ സര്‍ക്കസ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പരസ്യമായി കാണാനും സംസാരിക്കാനും അനുവാദമുണ്ടായിരുന്നത് ഈ സര്‍ക്കസ് ദിനങ്ങളിലായിരുന്നു. സര്‍ക്കസിന്റെ സ്വാഭാവികമായ ആസ്വാദനംതുടര്‍ന്നും പലരാജ്യങ്ങളിലേക്ക് വ്യാപിച്ചു. ജിപ്സികള്‍ സര്‍ക്കസ് ഏറ്റുവാങ്ങിയതും അക്കാലത്ത് ശ്രദ്ധേയമായിരുന്നു. 15-ാം നൂറ്റാണ്ടിലാണ് യൂറോപ്പിന്റെ സദസ്സ് ഈ കലയെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയിലും തുടര്‍ന്ന് കേരളത്തിലും സര്‍ക്കസ് വ്യാപകമായി.

തലശേരിയിലെ കേളേരി കുഞ്ഞിക്കണ്ണനാണ് ആദ്യമായി മലയാളികള്‍ക്ക് സര്‍ക്കസ് പരിചയപ്പെടുത്തിയത്. ചിറക്കരയില്‍ തുടങ്ങിയ സര്‍ക്കസ് ക്യാമ്പില്‍ ഒട്ടേറെ ശിഷ്യന്മാരുമായി വിജയകരമായ ഒരു സര്‍ക്കസ് കമ്പനി അദ്ദേഹം സ്ഥാപിച്ചു. പരിയാളീസ് മലബാര്‍ സര്‍ക്കസ് എന്നായിരുന്നു കമ്പനിയുടെ പേര്. കുന്നത്ത് യശോദയാണ് കേരളത്തിലെ ആദ്യത്തെ വനിതാസര്‍ക്കസ് താരം. ഇന്ത്യന്‍ സര്‍ക്കസില്‍ ആവദാ ബാ എന്ന സ്ത്രീയും തുടക്കം കുറിച്ചു. എന്നാല്‍ , കുറഞ്ഞ വേതനത്തെത്തുടര്‍ന്ന് പലരും പിന്നീട് സര്‍ക്കസ് ഉപേക്ഷിച്ച് മറ്റു രംഗങ്ങളിലേക്ക് തിരിയുകയായിരുന്നു.

ജീവിതസുരക്ഷയെപ്പറ്റിയുള്ള ആശങ്കയാണ് സര്‍ക്കസില്‍നിന്ന് കലാകാരന്മാരെ അകറ്റുന്നത്. വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവയുടെയെല്ലാം അഭാവം അവരുടെ ജീവിതത്തിന്റെ നിറംകെടുത്തി. കൂടാരങ്ങള്‍ക്കുള്ളിലെ ഇടുങ്ങിയ ജീവിതം പലര്‍ക്കും ദുരിതപൂര്‍ണമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. വിദേശങ്ങളില്‍ സര്‍ക്കസിന് ലഭിക്കുന്ന പരിഗണന കേരളത്തില്‍ ഇല്ലെന്നതാണ് ഇവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നം. ആര്‍പ്പുവിളിക്കുന്ന കാണികള്‍ക്കു മുന്നില്‍ മാത്രമാണ് ഇവര്‍ ചിരിക്കാന്‍ ശ്രമിക്കുന്നത്.

*
ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജീവിതസുരക്ഷയെപ്പറ്റിയുള്ള ആശങ്കയാണ് സര്‍ക്കസില്‍നിന്ന് കലാകാരന്മാരെ അകറ്റുന്നത്. വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവയുടെയെല്ലാം അഭാവം അവരുടെ ജീവിതത്തിന്റെ നിറംകെടുത്തി. കൂടാരങ്ങള്‍ക്കുള്ളിലെ ഇടുങ്ങിയ ജീവിതം പലര്‍ക്കും ദുരിതപൂര്‍ണമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. വിദേശങ്ങളില്‍ സര്‍ക്കസിന് ലഭിക്കുന്ന പരിഗണന കേരളത്തില്‍ ഇല്ലെന്നതാണ് ഇവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നം. ആര്‍പ്പുവിളിക്കുന്ന കാണികള്‍ക്കു മുന്നില്‍ മാത്രമാണ് ഇവര്‍ ചിരിക്കാന്‍ ശ്രമിക്കുന്നത്.