Sunday, January 15, 2012

വാക്കുകളും പ്രതീകങ്ങളും

മഞ്ഞുപെയ്യുന്ന ഒരു ജനുവരിയില്‍ ചരിത്രം വീണുറങ്ങുന്ന ഏഴിമലയുടെ പടിഞ്ഞാറെ ചെരുവില്‍ അക്കാദമി സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പ് നടക്കുകയാണ്. നടരാജഗുരുവിന്റെ ആശ്രമമുറ്റത്തായിരുന്നു ക്യാമ്പിന്റെ പന്തലുയര്‍ന്നിരുന്നത്. ആന്ധ്രയില്‍നിന്ന് ലക്ഷ്മണ്‍ ഗൗഡ്, മദ്രാസില്‍നിന്ന് സേനാപതി തുടങ്ങി പ്രസിദ്ധരായ ചിത്രകാരന്മാരോടൊപ്പം മലയാളികളായ മുന്‍നിര ചിത്രകാരന്മാരും സന്നിഹിതരാണ്. എല്ലാ വൈകുന്നേരവും ഒരു കലാവിഷയത്തെ മുന്‍നിര്‍ത്തിയുള്ള സര്‍ഗസംവാദം ക്യാമ്പില്‍ പതിവായിരുന്നു. ജനുവരി 15ന്റെ സര്‍ഗസംവാദത്തിനുവേണ്ടി ഒത്തുചേര്‍ന്നപ്പോഴാണ് കെ സി എസിന്റെ ചരമവാര്‍ത്ത അറിയുന്നത്. കെ സി എസിന്റെ ശിഷ്യര്‍ , കൂട്ടുകാര്‍ , ആരാധകര്‍ , വിമര്‍ശകര്‍ , അനുയായികള്‍ എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞു. ചിലര്‍ തേങ്ങി. സര്‍ഗസംവാദം അദ്ദേഹത്തിനുള്ള ആദരാഞ്ജലിയായി മാറി. പലരും ബാഗും അടുക്കിപ്പിടിച്ച് മദ്രാസിലേക്ക് തീവണ്ടി കയറാന്‍ തിരക്കുകൂട്ടി. പിറ്റേന്ന് നടക്കേണ്ട ക്യാമ്പിന്റെ സമാപനസമ്മേളനം കെ സി എസിന്റെ അനുശോചനയോഗമാക്കി മാറ്റി. ഇത് സംഭവിച്ചിട്ട് 35 വര്‍ഷം കഴിഞ്ഞു.

കെ എസി എസ് പണിക്കര്‍ 1911ല്‍ കോയമ്പത്തൂരില്‍ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം ലൈഫ് ഇന്‍ഷുറന്‍സില്‍ ജോലി. ചിത്രകല പഠിക്കുന്നതിനായി ജോലി രാജിവച്ച് 1936ല്‍ മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചേര്‍ന്നു. ഒന്നാം റാങ്കോടെ പഠനം പൂര്‍ത്തിയാക്കി തപാല്‍ വകുപ്പില്‍ ജോലിയിലെത്തി. സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ഒഴിവുവന്നപ്പോള്‍ പഠിച്ച സ്ഥാപനത്തില്‍ത്തന്നെ ജോലി സ്വീകരിക്കുന്നതിനുള്ള അവസരമൊരുങ്ങി. പ്രിന്‍സിപ്പല്‍ തസ്തികയില്‍നിന്ന് 1967ല്‍ റിട്ടയര്‍ചെയ്തു.

എല്ലാ ചിത്രകാരന്മാരെയും പോലെ കെ സി എസും ആദ്യകാലത്ത് പ്രകൃതിദൃശ്യങ്ങളിലാണ് കണ്ണും വിരലുകളും വച്ചത്. ജലച്ചായത്തില്‍ കേരളത്തിന്റെ മിഴിവേറിയ ദൃശ്യങ്ങള്‍ വരച്ചുവച്ചു. ബാല്യകാലത്ത് കുടുംബത്തോടൊപ്പം പൊന്നാനിയില്‍ കഴിച്ചുകൂട്ടിയപ്പോള്‍ കണ്ട കാഴ്ചകള്‍ പ്രകൃതിദൃശ്യങ്ങള്‍ വരയുമ്പോള്‍ മനസ്സില്‍ ഇടംപിടിച്ചു. കുന്നും കായലുകളും കൈകോര്‍ത്തുകിടക്കുന്ന ഗ്രാമങ്ങള്‍ , കാര്‍മേഘങ്ങള്‍ ഒഴുകിനടക്കുന്ന ആകാശം, മുകളിലേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങുകളും കവുങ്ങുകളും, പ്രകൃതിക്ക് അതിരു വരയ്ക്കുന്ന പുഴകളും തോടുകളും, ആളുകള്‍ തിങ്ങിക്കൂടുന്ന ചന്തകള്‍ , വഴിയാത്രക്കാര്‍ കടന്നുപോകുന്ന നാട്ടുപാലങ്ങള്‍ എന്നുവേണ്ട കേരളീയഗ്രാമത്തിന്റെ നേര്‍ക്കാഴ്ചകളൊക്കെ കെ സി എസിന്റെ ക്യാന്‍വാസുകളില്‍ നിറഞ്ഞുനിന്നു. രാജാരവിവര്‍മയും അബനീന്ദ്രനാഥ ടാഗോറും വരയുന്ന രീതിയില്‍നിന്ന് വ്യത്യസ്തവും സ്വകീയവുമായ ശൈലിയില്‍ പ്രകൃതിദൃശ്യങ്ങള്‍ രൂപംകൊണ്ടു. ഭാരതീയ ചിത്രകാരന്മാര്‍ എഴുതിയ പ്രകൃതിദൃശ്യങ്ങളില്‍ മികച്ചവ കെ സി എസിന്റേതാണെന്നതില്‍ കലാനിരൂപകന്മാരില്‍ ഏകാഭിപ്രായമുണ്ട്.

പാശ്ചാത്യനാടുകളില്‍ ചിത്രകല സ്ഫോടനാത്മകമായ മാറ്റങ്ങള്‍ക്ക് വിധേയമായി. പുതിയ തരം അന്വേഷണങ്ങള്‍ നവീനമായ ആവിഷ്കാരതന്ത്രങ്ങള്‍ക്ക് വഴിയൊരുക്കി. തത്വശാസ്ത്രങ്ങളില്‍നിന്നും ജനരാഷ്ട്രീയത്തില്‍നിന്നും ആശയങ്ങള്‍ സ്വീകരിക്കുകയും കല്‍പ്പനകള്‍ കണ്ടെടുക്കുകയും ചെയ്തു. അധികാര കൈമാറ്റവും ആണവയുദ്ധങ്ങളും ചിത്രവിഷയമായി. കാഴ്ചകള്‍ക്കപ്പുറം ആശയങ്ങള്‍ പങ്കുവയ്ക്കുന്ന പുതിയൊരു തലംകൂടി ക്യാന്‍വാസുകള്‍ ഉല്‍പ്പാദിപ്പിച്ചുതുടങ്ങി. സമൂഹത്തില്‍ ചിത്രകല നേടിയ ഈ മേല്‍ക്കൈ ലോകമെമ്പാടും കലാകാരന്മാര്‍ക്ക് അംഗീകാരം നേടിക്കൊടുത്തു. ഭാരതീയ ചിത്രകലയില്‍ പാശ്ചാത്യനാട്ടിലുണ്ടായ മാറ്റങ്ങള്‍ ഓരോന്നായി പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഇവിടെ നടക്കുന്ന ചര്‍ച്ചകളില്‍ , എഴുത്തുകളില്‍ പടിഞ്ഞാറന്‍ നവഭാവുകത്വങ്ങള്‍ ചര്‍ച്ചചെയ്യപ്പെടാന്‍ തുടങ്ങി. ഈയൊരു ചുറ്റുപാടിലാണ് കെ സി എസ് പണിക്കര്‍ യൂറോപ്യന്‍ നാടുകളിലേക്ക് സന്ദര്‍ശനത്തിന് പുറപ്പെട്ടത്.

മഹാനഗരങ്ങളില്‍ നടന്ന ചിത്രപ്രദര്‍ശനങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. ഗഹനങ്ങളായ കലാചര്‍ച്ചകളില്‍ സജീവമായി. ദാര്‍ശനികരും തത്വചിന്തകരുമായ കലാനിരൂപകരുമായി സംസാരിച്ചു. പാശ്ചാത്യ ചിത്രകലയുടെ വളര്‍ച്ചയും അതിന് അടിസ്ഥാനമായ സാംസ്കാരികമുന്നേറ്റവും പഠിച്ചു. ആധുനിക ചിത്രകലയുടെ പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാതെ ഭാരതീയ ചിത്രകലയ്ക്ക് ഒരടി മുന്നോട്ടുനീങ്ങാന്‍ കഴിയില്ലെന്ന സത്യം കെ സി എസ് തുറന്നെഴുതി. അതേസമയം പാശ്ചാത്യ അനുകരണം നമ്മുടെ ചിത്രകലയ്ക്ക് ഒരുതരത്തിലും ഗുണംചെയ്യില്ല. ഇന്ത്യന്‍ ചിത്രകലയ്ക്കാവശ്യം കൂടുതല്‍ കൂടുതല്‍ ഭാരതീയമാവുക എന്നതുതന്നെയാണ്. എണ്ണമറ്റ ദാരുശില്‍പ്പങ്ങളുടെയും വിപുലമായ ക്ഷേത്രകലയുടെയും നാട്ടില്‍ ചിത്രകല വഴിമുട്ടി നില്‍ക്കേണ്ട ആവശ്യമില്ല. കെ സി എസ് പുതിയൊരു അന്വേഷണത്തിന്റെ വാതിലുകള്‍ തള്ളിത്തുറക്കുകയായിരുന്നു. ഓരോ വിദേശയാത്ര കഴിയുമ്പോഴും ഞാന്‍ കൂടുതല്‍ കൂടുതല്‍ ഭാരതീയനാകുകയാണ് ചെയ്തതെന്ന് കലാചര്‍ച്ചകളില്‍ അദ്ദേഹം തുറന്നുപറയുകയുണ്ടായി. "ശാന്തിദായകര്‍ അനുഗൃഹീതര്‍" എന്ന ചിത്രം ഈയൊരു അനുഭവത്തിന്റെ കൊടിയടയാളമായി കണക്കാക്കാം. പരിമിതമായ വര്‍ണങ്ങളും അകൃത്രിമമായ രേഖകളും ഇക്കാലത്തെ രചനകളെ വ്യത്യസ്തമാക്കുന്നു. ആരാമ ചിത്രാവലിയിലും ഇതേ സവിശേഷത തന്നെ കാണാം. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്കൃതിയില്‍ കാലുറപ്പിച്ചുനില്‍ക്കുമ്പോള്‍ സമകാലിക ലോകത്തിന്റെ സ്പന്ദനം ഉള്‍ക്കൊള്ളുന്ന വിശ്വവീക്ഷണത്തിന്റെ പ്രതിസ്ഫുരണങ്ങള്‍ ഏറ്റുവാങ്ങുകയാണ് ചെയ്യുന്നതെന്ന് കെ സി എസ് വിശ്വസിച്ചു.

അമ്പതുകളിലും അറുപതുകളിലും നമ്മുടെ ചിത്രകലയില്‍ ഒട്ടനവധി പരീക്ഷണങ്ങള്‍ നടക്കുകയുണ്ടായി. ആധുനികതയുടെ ആഴങ്ങളിലേക്ക് കൂപ്പുകുത്തിയവര്‍ നമ്മുടെ നാടോടികലകളുടെ വര്‍ണബോധങ്ങളിലേക്കും രൂപഭാവങ്ങളിലേക്കും മടങ്ങിവരുന്നത് ഇക്കാലത്ത് കാണാന്‍ സാധിച്ചു. തെക്കേ ഇന്ത്യയിലെ വര്‍ണപ്പകിട്ടാര്‍ന്ന കലാവിശേഷങ്ങളായ തെയ്യം-തിറകളിലേക്കും, ഭാരതീയ സാധനാപദ്ധതികളില്‍ പ്രചുരപ്രചാരം നേടിയ താന്ത്രിക് കലകളിലേക്കും നമ്മുടെ കലാകാരന്മാര്‍ ഇറങ്ങിവരുന്നത് പതിവുദൃശ്യമായി. പാരമ്പര്യങ്ങളും പുരാവൃത്തങ്ങളും ചിത്രവിഷയമായിത്തുടങ്ങി. ആത്മാവിനോടിണങ്ങുന്ന അര്‍ഥപൂര്‍ണമായ രൂപങ്ങള്‍ പ്രതീകങ്ങളായി ലഭിച്ചുതുടങ്ങി. വര്‍ണങ്ങളെ പരിമിതപ്പെടുത്താനും വരകളെ ലയത്തോടെ യോജിപ്പിക്കാനും ഇതിലൂടെ സാധിച്ചു. വാക്കുകളുടെയും ലിപികളുടെയും താളബോധം മനസ്സില്‍നിന്ന് ക്യാന്‍വാസിലേക്ക് പകര്‍ന്നുകിട്ടി. പാരമ്പര്യങ്ങളുടെ പിന്‍വിളി സമകാലികാനുഭവങ്ങളോട് ചേര്‍ത്തുവച്ചുകൊണ്ട് ചിത്രമെഴുതിയപ്പോള്‍ ഇന്ത്യന്‍ ചിത്രകല പുതിയൊരു ഭാവമണ്ഡലത്തോടടുക്കുകയാണ് ചെയ്തത്. ഇതിന് നേതൃത്വം നല്‍കുന്നവരുടെ കൂട്ടത്തില്‍ നില്‍ക്കാന്‍ കെ സി എസ് പണിക്കര്‍ തയ്യാറായി. "വാക്കുകളും പ്രതീകങ്ങളും" എന്ന പ്രസിദ്ധമായ ചിത്രം ഇവിടെ ഓര്‍ക്കുക. വര്‍ണങ്ങള്‍ക്കും വരകള്‍ക്കുമപ്പുറമുള്ള ബോധാബോധങ്ങളില്‍ ഈ ചിത്രം നിറയ്ക്കുന്ന അനുഭൂതി ക്യാന്‍വാസില്‍ കൃത്യമായി രേഖപ്പെടുത്തിവയ്ക്കുന്നുവെന്നതാണ് സത്യം. പരീക്ഷണങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നതും ഏറെ ചര്‍ച്ചചെയ്യപ്പെട്ടതുമായ ചിത്രങ്ങള്‍ കെ സി എസിന്റെ വകയായുണ്ട്. മൃഗങ്ങളെയും പക്ഷികളെയും വരയ്ക്കുമ്പോഴും മനുഷ്യരെ വരയ്ക്കുമ്പോഴും കണ്ണുകള്‍ കാണുന്ന രൂപങ്ങള്‍ക്കപ്പുറം മനസ്സിലെ രൂപങ്ങള്‍ വരയുന്നുവെന്നതാണ് കെ സി എസിന്റെ സവിശേഷത.

ഒരു കലാകാരനപ്പുറം ഒരു രക്ഷാകര്‍ത്താവിന്റെ റോളിലേക്ക് കെ സി എസ് പലപ്പോഴും ഉയര്‍ന്നുനില്‍ക്കാറുണ്ട്. സര്‍ഗവ്യാപനത്തിനപ്പുറം കലാകാരന്മാരുടെ ജീവിതവും അദ്ദേഹത്തിന്റെ അന്വേഷണ വിഷയമായിരുന്നു. കോളേജില്‍നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്നവര്‍ എങ്ങനെ ജീവിക്കുന്നുവെന്ന് നിരന്തരമായി നിരീക്ഷിച്ചുവന്നു. ചെന്നൈയില്‍നിന്ന് 20 കി.മീ. മാറി ഇഞ്ചമ്പാക്കത്ത് എട്ടേക്കറോളം ഭൂമി വാങ്ങി ചോളമണ്ഡലം എന്ന കലാഗ്രാമം ചിത്രകാരന്മാര്‍ക്കായി സ്ഥാപിച്ചു. സ്വതന്ത്രമായി വന്നിരുന്ന് ചിത്രം വരയ്ക്കാനും അവയില്‍നിന്ന് ലഭിക്കുന്ന വരുമാനംകൊണ്ട് ജീവിക്കാനുമുള്ള ഒരു പോംവഴിയായാണ് കലാഗ്രാമം കൊണ്ട് അദ്ദേഹം ലക്ഷ്യംവച്ചത്.

*
ഡോ. രാമന്തളി രവി ദേശാഭിമാനി വാരാന്തപ്പതിപ്പ് 15 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മഞ്ഞുപെയ്യുന്ന ഒരു ജനുവരിയില്‍ ചരിത്രം വീണുറങ്ങുന്ന ഏഴിമലയുടെ പടിഞ്ഞാറെ ചെരുവില്‍ അക്കാദമി സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പ് നടക്കുകയാണ്. നടരാജഗുരുവിന്റെ ആശ്രമമുറ്റത്തായിരുന്നു ക്യാമ്പിന്റെ പന്തലുയര്‍ന്നിരുന്നത്. ആന്ധ്രയില്‍നിന്ന് ലക്ഷ്മണ്‍ ഗൗഡ്, മദ്രാസില്‍നിന്ന് സേനാപതി തുടങ്ങി പ്രസിദ്ധരായ ചിത്രകാരന്മാരോടൊപ്പം മലയാളികളായ മുന്‍നിര ചിത്രകാരന്മാരും സന്നിഹിതരാണ്. എല്ലാ വൈകുന്നേരവും ഒരു കലാവിഷയത്തെ മുന്‍നിര്‍ത്തിയുള്ള സര്‍ഗസംവാദം ക്യാമ്പില്‍ പതിവായിരുന്നു. ജനുവരി 15ന്റെ സര്‍ഗസംവാദത്തിനുവേണ്ടി ഒത്തുചേര്‍ന്നപ്പോഴാണ് കെ സി എസിന്റെ ചരമവാര്‍ത്ത അറിയുന്നത്. കെ സി എസിന്റെ ശിഷ്യര്‍ , കൂട്ടുകാര്‍ , ആരാധകര്‍ , വിമര്‍ശകര്‍ , അനുയായികള്‍ എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞു. ചിലര്‍ തേങ്ങി. സര്‍ഗസംവാദം അദ്ദേഹത്തിനുള്ള ആദരാഞ്ജലിയായി മാറി. പലരും ബാഗും അടുക്കിപ്പിടിച്ച് മദ്രാസിലേക്ക് തീവണ്ടി കയറാന്‍ തിരക്കുകൂട്ടി. പിറ്റേന്ന് നടക്കേണ്ട ക്യാമ്പിന്റെ സമാപനസമ്മേളനം കെ സി എസിന്റെ അനുശോചനയോഗമാക്കി മാറ്റി. ഇത് സംഭവിച്ചിട്ട് 35 വര്‍ഷം കഴിഞ്ഞു.