കേരളത്തിലെ സഹകരണമേഖല രാജ്യത്തിനു തന്നെ മാതൃകയാണെന്ന കാര്യം കക്ഷിഭേദമെന്യേ എല്ലാവരും അംഗീകരിക്കുന്നതാണ്. വായ്പാരംഗത്ത് ഭൂരിഭാഗം സംഘവും സാമ്പത്തിക ഭദ്രത കൈവരിച്ചിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് സര്‍ക്കാര്‍ ട്രഷറികള്‍ പൂട്ടിയിടേണ്ട സ്ഥിതിയുണ്ടായപ്പോള്‍ ആവശ്യമുള്ള പണം നല്‍കി സഹായിക്കാന്‍ തക്കവണ്ണം കരുത്താര്‍ജിച്ച സഹകരണ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടെന്നത് അഭിമാനമാണ്. കേരളത്തിലെ സാമ്പത്തിക മണ്ഡലത്തില്‍ നിര്‍ണായക ശക്തിയായിക്കഴിഞ്ഞ സഹകരണമേഖലയ്ക്ക് കടിഞ്ഞാണിടാന്‍ ഉദ്ദേശിച്ചാണ് കേന്ദ്രസര്‍ക്കാര്‍ വൈദ്യനാഥന്‍ കമ്മിറ്റിയെ നിയോഗിച്ചതെന്ന് സഹകാരികള്‍ തുടക്കത്തില്‍ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പുറത്തുവന്നതോടെ ആശങ്ക ശരിയാണെന്നു വ്യക്തമായി.
1991 രാജ്യത്തെ മറ്റ് മേഖലകളില്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണങ്ങള്‍ സഹകരണമേഖലയിലേക്കും വ്യാപിപ്പിക്കുന്നതിന് അധികൃതര്‍ ആലോചിക്കുകയാണെന്ന് കരുതണം. അതിന്റെ ആദ്യപടിയാണ് പുതിയ കേന്ദ്രനിയമ (മാതൃകാ സഹകരണനിയമം)ത്തിന് രൂപംനല്‍കിയത്. സ്വാശ്രയ സഹകരണസംഘങ്ങളുടെ സൃഷ്ടിയാണ് സര്‍ക്കാരിന്റെ പരിഗണനയില്‍ അപ്പോഴുണ്ടായിരുന്നത്. സഹകരണസംഘങ്ങളുടെ മേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണം ഇല്ലാതാക്കി ബാങ്കുകളുടെ ബാങ്കായി അറിയപ്പെടുന്ന റിസര്‍വ് ബാങ്കിന്റെ പിടിയിലാക്കുക എന്നതാണ് വൈദ്യനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ ഒളിഞ്ഞിരിക്കുന്ന ലക്ഷ്യം. മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിലെ പ്രൊഫ. എ വൈദ്യനാഥന്‍ ചെയര്‍മാനും നബാര്‍ഡ് മാനേജിങ് ഡയറക്ടര്‍ വൈ എസ് പി തേറാട്ട് മെമ്പര്‍ സെക്രട്ടറിയുമായ എട്ട് അംഗ കമ്മിറ്റിയെയാണ് 2004 ജൂലൈയില്‍ ഇതിനായി സര്‍ക്കാര്‍ നിയമിച്ചത്. ഗ്രാമങ്ങളിലെ സഹകരണബാങ്കുകളുടെ പ്രവര്‍ത്തനക്ഷമത കൂട്ടാനും നിയമങ്ങളില്‍ കാലികപ്രസക്തിയുള്ള ഭേദഗതികള്‍ നിര്‍ദേശിക്കാനും പുനരുദ്ധാരണ പദ്ധതികള്‍ക്ക് ആവശ്യമായ ധനസഹായത്തിന്റെ തോത് തീരുമാനിക്കുന്നതിനും വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമാണ് കമ്മിറ്റിയെ അധികാരപ്പെടുത്തിയത്.
വൈദ്യനാഥന്‍ കമ്മിറ്റി 2005 ഫെബ്രുവരിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ ഇവയാണ്: പ്രാഥമിക സഹകരണ സ്ഥാപനങ്ങള്‍ ഗ്രാമീണ ജനതയ്ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിക്കഴിഞ്ഞിരിക്കുന്നതിനാല്‍ പാവപ്പെട്ട കര്‍ഷകര്‍ക്ക് വായ്പാസൗകര്യങ്ങള്‍ നല്‍കാന്‍ ഇത്തരം സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്തണം. അതിനു വേണ്ട പ്രോത്സാഹനം നല്‍കണം. സഹകരണ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ , കണക്കുകളുടെ ഓഡിറ്റിങ് വളരെ വൈകി നടത്തല്‍ , ഭരണസമിതി തെരഞ്ഞെടുപ്പിലും ജീവനക്കാരുടെ വേതന നിര്‍ണയത്തിലും സഹകരണ രജിസ്ട്രാര്‍ക്കുള്ള അധികാരം എന്നീ മുഖ്യവിഷയങ്ങള്‍ സഹകരണസംഘങ്ങളുടെ പ്രവര്‍ത്തന വൈകല്യത്തിന് ഹേതുവായിത്തീരുന്നെന്ന് കമ്മിറ്റി കണ്ടെത്തി. നിയമാനുസൃത രീതിയില്‍ റിസര്‍വ് ബാങ്കിന് സഹകരണസംഘങ്ങളില്‍ ഇടപെടാന്‍ കഴിയാത്തത് വലിയ പോരായ്മയായാണ് അവര്‍ കാണുന്നത്. ചെറുകിട-വന്‍കിട സഹകരണ സ്ഥാപനങ്ങളില്‍ ചിലത് ഭീമമായ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നത് കമ്മിറ്റി ഗൗരവമായി കാണുന്നു.
പ്രധാന ശുപാര്‍ശകള്‍
1) ഉയര്‍ന്ന തലം മുതല്‍ പ്രാഥമിക തലം വരെയുള്ള സഹകരണ സംഘങ്ങളുടെ നിലവിലുള്ള സ്ഥിതിയില്‍ അഴിച്ചുപണി ആവശ്യമാണ്.
2) പ്രവര്‍ത്തനനഷ്ടം പരിഹരിച്ച് സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിന് സംഘങ്ങള്‍ക്ക് വേണ്ട ധനസഹായം നല്‍കണം.
3) എല്ലാ ബാങ്കിലും റിസര്‍വ് ബാങ്ക് നിയന്ത്രണം ഉണ്ടാക്കുന്നതിന് നിയമവ്യവസ്ഥ വേണം.
4) സഹകരണസംഘങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള ഓഹരി മൂലധനം തിരിച്ചടയ്ക്കണം.
5) പാക്കേജില്‍പ്പെടുത്തി സാമ്പത്തിക സഹായം നല്‍കുന്നതിന്റെ മുന്നോടിയായി പ്രത്യേക ഓഡിറ്റിങ് നടത്തണം.
6) നിലവിലുള്ള സഹകരണ പരിശീലനത്തില്‍ കാതലായ മാറ്റം വരുത്തി നബാര്‍ഡ് മുന്‍കൈയെടുത്ത് പുതിയ ബിസിനസ് കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സിലബസ് ആവിഷ്കരിക്കണം.
ഈ പാക്കേജ് നടപ്പാക്കാന്‍ മൊത്തത്തില്‍ 15,000 കോടി രൂപയാണ് ചെലവായി അന്നു കണക്കാക്കിയിട്ടുള്ളത്. നിയമത്തില്‍ വരുത്തേണ്ട ഭേദഗതികള്‍ സംബന്ധിച്ച് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ചുവടെ:
1) സഹകരണബാങ്കുകള്‍ വിപുലമായ രീതിയില്‍ പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നുണ്ടെങ്കിലും റിസര്‍വ് ബാങ്കിന് നിയന്ത്രണാധികാരമില്ല. ഇക്കാര്യത്തില്‍ രജിസ്ട്രാര്‍ക്കുള്ള അധികാരം നീക്കി അത് റിസര്‍വ് ബാങ്കിനാക്കണം.
2) നിക്ഷേപ സ്വീകരണം, വായ്പാ വിതരണം എന്നിവയില്‍ ബാങ്കുകള്‍ പാലിക്കുന്ന ചട്ടങ്ങളും മറ്റും രൂപപ്പെടുത്തുന്നതിലും വായ്പാ തിരിച്ചടവില്‍ ഇളവ് അനുവദിക്കുന്നതിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം ഉണ്ടായിരിക്കരുത്.
പുനരുദ്ധാരണ പാക്കേജ് സംബന്ധിച്ച ശുപാര്‍ശകള്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ദേശീയ വികസന കൗണ്‍സില്‍ , സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. 2005 അവസാനം നടന്ന സംസ്ഥാന മന്ത്രിമാരുടെ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ കീഴില്‍ പാക്കേജ് ഫോര്‍ റിവൈവല്‍ ഓഫ് ഷോര്‍ട്ട്ടേം റൂറല്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സ്ട്രക്ചര്‍ എന്ന പേരില്‍ പുനരുദ്ധാരണ പദ്ധതിക്ക് രൂപംനല്‍കി. ഈ പാക്കേജില്‍ നിര്‍ദേശിച്ചിട്ടുള്ള ഉപാധികള്‍ ഇവയാണ്:
1) അംഗത്വമില്ലാത്ത ആര്‍ക്കും വായ്പ നല്‍കരുത്. നിക്ഷേപം സ്വീകരിക്കുകയും ചെയ്യരുത്.
2) സംഘങ്ങളുടെ സാമ്പത്തികമോ ആഭ്യന്തരമോ ആയ ഒന്നിലും സര്‍ക്കാര്‍ ഇടപെടല്‍ പാടില്ല.
3) സഹകരണ സ്ഥാപനങ്ങള്‍ക്ക് ഏത് അംഗീകൃത സ്ഥാപനത്തിലും പണം നിക്ഷേപിക്കാം. അവിടെ നിന്ന് വായ്പയെടുക്കുകയും ചെയ്യാം.
4) സംഘം ഭരണസമിതികളെ അധികാരത്തില്‍ നിന്ന് നീക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കരുത്.
5) ജില്ലാ സഹകരണബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ സഹകരണ ബാങ്കുകളിലും റിസര്‍വ് ബാങ്ക് നിയന്ത്രണാധികാരം വേണം.
ബാങ്കിങ് റഗുലേഷന്‍ ആക്ട് ജില്ലാ സഹകരണബാങ്ക്, അര്‍ബന്‍ ബാങ്ക് മുതലായ സ്ഥാപനങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ബാങ്കിങ് റഗുലേഷന്‍ ആക്ട് ബാധകമാക്കിയിട്ടുള്ളത്. സഹകരണബാങ്കുകളില്‍ നടപ്പാക്കാനിരിക്കുന്ന വ്യവസ്ഥകള്‍ ചുവടെ.
1) നിയമം നടപ്പാക്കുമ്പോള്‍ വാണിജ്യ ബാങ്കുകളെപ്പോലെ തന്നെയാണ് സഹകരണബാങ്കുകളെയും കണക്കാക്കുക.
2) ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ചട്ടങ്ങളും ക്രമീകരണങ്ങളും മറ്റും റിസര്‍വ് ബാങ്ക് നിശ്ചയിക്കും.
3) മുഖ്യ കാര്യനിര്‍വഹണ ഉദ്യോഗസ്ഥന് ആവശ്യമായ യോഗ്യത നിശ്ചയിക്കുന്നത് റിസര്‍വ് ബാങ്കാണ്.
4) അംഗങ്ങളല്ലാത്തവരില്‍ നിന്ന് നിക്ഷേപം സ്വീകരിക്കരുത്. ബാങ്ക്, ബാങ്കിങ് എന്നീ വാക്കുകള്‍ സംഘങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
നബാര്‍ഡ് എന്ന ദേശീയ ബാങ്കാണ് ഈ പാക്കേജ് നടപ്പാക്കുന്നതിന് നിയുക്തമായ സ്ഥാപനം. പാക്കേജ് പ്രകാരമുള്ള സാമ്പത്തിക സഹായം അനുവദിക്കുന്നതിന് മുമ്പ് ഇതിലെ നിബന്ധനകള്‍ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടിരിക്കണം. നിര്‍ദേശിക്കപ്പെട്ട തരത്തിലുള്ള സ്പെഷ്യല്‍ ഓഡിറ്റ് സഹകരണ നിയമഭേദഗതി തുടങ്ങിയ കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞാലാണ് ധനസഹായം ലഭ്യമാകുക.
ഈ പാക്കേജ് നടപ്പാക്കുന്നതില്‍ കേരളത്തിലെ സഹകാരികള്‍ യോജിക്കുന്നില്ല. നമ്മുടെ സംസ്ഥാനത്തെ സഹകരണ കാര്‍ഷിക വായ്പാരംഗത്ത് നിരവധി സങ്കീര്‍ണമായ പ്രശ്നങ്ങളുണ്ടെന്നും അവ പരിഹരിക്കുന്നതിന് സത്വര നടപടികള്‍ എടുക്കേണ്ടതുണ്ടെന്നുമുള്ള കാര്യത്തില്‍ പക്ഷാന്തരമില്ല. മറ്റ് സംസ്ഥാനങ്ങളിലെ കാര്‍ഷിക വായ്പാമേഖലയെ അപേക്ഷിച്ച് ഏതാണ്ട് കരുത്തുറ്റ നിലയിലാണ് കേരളത്തിലെ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട നിബന്ധനകളില്‍ തീര്‍ത്തും അസ്വീകാര്യമായ ഒന്നാണ് സഹകരണസ്ഥാപനങ്ങള്‍ ബാങ്ക് എന്ന പദം ഉപയോഗിക്കാന്‍ പാടില്ല എന്നത്. അത് ബാങ്കുകളുടെ മൊത്തം ബിസിനസ്സിനെ പ്രതികൂലമായി ബാധിക്കും.
സംഘങ്ങള്‍ ഇടപെടുന്ന സ്തുത്യര്‍ഹമായ ഒരു സേവനരംഗമാണ് നിത്യോപയോഗ സാധനങ്ങളുടെ വിതരണം. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ഇവയുടെ പ്രവര്‍ത്തനം പ്രയോജനപ്പെടുന്നുണ്ട്. സഹകരണ സംഘങ്ങളെ പൊതുവിതരണ രംഗത്ത് നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിക്കുന്ന നടപടി കടുത്ത ജനദ്രോഹമാകും. സാമ്പത്തിക രംഗത്തെ നിര്‍ണായക ശക്തിയായി മാറിക്കഴിഞ്ഞ സഹകരണ സ്ഥാപനങ്ങളുടെ മേല്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും കുരുക്കുകളുള്ള നിയമവ്യവസ്ഥകള്‍ അടിച്ചേല്‍പ്പിച്ചാല്‍ സംഘങ്ങള്‍ വന്‍ പ്രതിസന്ധിയെ നേരിടുകയായിരിക്കും ഫലം. ഭരണസമിതികളെ നീക്കുന്നതിന് സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരം എടുത്തുകളയുന്ന നയം സ്വീകാര്യമല്ലെന്ന് പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രസിഡന്റുമാരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. ഈ ജനകീയ സ്ഥാനപനങ്ങളെ കര്‍ശന നിയമങ്ങളുടെ വലയത്തിനുള്ളിലൊതുക്കിയാല്‍ അവ തകര്‍ക്കപ്പെടുന്ന സ്ഥിതിയുണ്ടാകുമോ എന്ന അവര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പരിമിതമായ തോതിലാകാം. പക്ഷെ അത് ജനകീയ സ്വഭാവമുള്ള സഹകരണ സ്ഥാപനങ്ങളെ കഴുത്തുഞെരിച്ച് കൊല്ലാനുതകുന്ന വിധത്തിലാകരുത്.
*
പന്ന്യന്നൂര്‍ ഭാസി (റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാറാണ് ലേഖകന്‍)
ദേശാഭിമാനി 10 ജനുവരി 2012
Subscribe to:
Post Comments (Atom)
1 comment:
കേരളത്തിലെ സഹകരണമേഖല രാജ്യത്തിനു തന്നെ മാതൃകയാണെന്ന കാര്യം കക്ഷിഭേദമെന്യേ എല്ലാവരും അംഗീകരിക്കുന്നതാണ്. വായ്പാരംഗത്ത് ഭൂരിഭാഗം സംഘവും സാമ്പത്തിക ഭദ്രത കൈവരിച്ചിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് സര്‍ക്കാര്‍ ട്രഷറികള്‍ പൂട്ടിയിടേണ്ട സ്ഥിതിയുണ്ടായപ്പോള്‍ ആവശ്യമുള്ള പണം നല്‍കി സഹായിക്കാന്‍ തക്കവണ്ണം കരുത്താര്‍ജിച്ച സഹകരണ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടെന്നത് അഭിമാനമാണ്. കേരളത്തിലെ സാമ്പത്തിക മണ്ഡലത്തില്‍ നിര്‍ണായക ശക്തിയായിക്കഴിഞ്ഞ സഹകരണമേഖലയ്ക്ക് കടിഞ്ഞാണിടാന്‍ ഉദ്ദേശിച്ചാണ് കേന്ദ്രസര്‍ക്കാര്‍ വൈദ്യനാഥന്‍ കമ്മിറ്റിയെ നിയോഗിച്ചതെന്ന് സഹകാരികള്‍ തുടക്കത്തില്‍ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പുറത്തുവന്നതോടെ ആശങ്ക ശരിയാണെന്നു വ്യക്തമായി.
Post a Comment