Monday, January 16, 2012

കൊടിയുടെ ചോരച്ചുവപ്പ് അമ്പായത്തോടിന്റെ കരുത്ത്

കോഴിക്കോട്:

പതിനായിരക്കണക്കിന് ഭൂരഹിതര്‍ക്ക് തലചായ്ക്കാനിടം പൊരുതി നേടിയ 1970കളിലെ മിച്ചഭൂമി സമരത്തിന്റെ തുടര്‍ച്ചക്കാണ് ഒന്നരദശകത്തിലേറെയായി അമ്പായത്തോട് സാക്ഷിയായത്. എല്ലാ അടിച്ചമര്‍ത്തലും നേരിട്ട് നിരന്തരസമരം ചെയ്ത മണ്ണിന്റെ മക്കളുടെയും അവര്‍ക്ക് തണലേകിയ ചെങ്കൊടിയുടെയും കഥ പറയും ഈ മലയോരം. മിച്ചഭൂമിയില്‍ ചെങ്കൊടികെട്ടി അവകാശമുറപ്പാക്കാന്‍ ശ്രമിച്ചവരെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ച ഭൂവുടമയെയും അതിന് കൂട്ടുനിന്ന വലതുപക്ഷ സര്‍ക്കാരിനെയും കെട്ടുകെട്ടിച്ചതിന്റെ അനുഭവവുമുണ്ട് അമ്പായത്തോടിന്.

കെടവൂര്‍ , രാരോത്ത് വില്ലേജുകളില്‍പ്പെട്ട അമ്പായത്തോട് മിച്ചഭൂമിയില്‍ സമരം തുടങ്ങിയത് 1994 ജൂലായ് മൂന്നിന്. സിആര്‍പിഎഫ് ക്യാമ്പിന് ഭൂമി വിട്ടുകൊടുക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍തീരുമാനത്തിനെതിരെയായിരുന്നു സമരം. സിപിഐ എം നേതൃത്വത്തില്‍ ആരംഭിച്ച സമരത്തില്‍ ആയിരത്തോളം കുടുംബങ്ങള്‍ പങ്കാളികളായി. പാര്‍ടി സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ കെ നായനാര്‍ , വി എസ് അച്യുതാനന്ദന്‍ , ഇ ബാലാനന്ദന്‍ , മത്തായി ചാക്കോ തുടങ്ങിയവര്‍ സമരത്തിന് ആവേശവും കരുത്തുമായെത്തി. സമരം വിജയിപ്പിക്കാന്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും കെഎസ്കെടിയു സംസ്ഥാന സെക്രട്ടറിയുമായിരുന്ന എ കണാരന്റെയും പാര്‍ടി ജില്ലാ സെക്രട്ടറിയായിരുന്ന എം ദാസന്റെയും ഇടപെടലും ഇവര്‍ക്ക് മറക്കാനാവില്ല.

"രണ്ട് കയിലും ഒരു കലവുമായി വന്നതാ ഞങ്ങളിവിടെ. പ്ലാസ്റ്റിക് ഷെഡുണ്ടാക്കി കയറിക്കൂടി. ഈ ഷെഡ്ഡിലാ ഞങ്ങളെ മക്കള്‍ പിറന്നത്. പണിക്കും പോണം സമരത്തിനും പോണം. വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. പട്ടിണി കിടന്നിട്ടുണ്ട്. 16 വര്‍ഷം സമരം ചെയ്തു. സിആര്‍പിഎഫ് വരുന്നെന്ന് കേട്ട് ഓടി വീണിട്ടുണ്ട്. ഇന്ന് ഞങ്ങള്‍ക്ക് കയറി കിടക്കാനൊരിടമുണ്ട്. എല്ലാം ഉണ്ടാക്കിത്തന്നത് ഈ പാര്‍ട്ടിയാ...." ആറാം പ്ലോട്ടിലെ എളോത്ത്കണ്ടി ജാനു സുരേന്ദ്രന് അമ്പായത്തോട് മിച്ചഭൂമി സമരത്തെക്കുറിച്ച് പറയാന്‍ വാക്കുകള്‍ പോര.

റേഷന്‍കാര്‍ഡ് പോലുമില്ലാത്ത അക്കാലം ദയനീയമായിരുന്നെന്ന് മിച്ചഭൂമിയിലെ മറ്റൊരു താമസക്കാരനായ ടി ആര്‍ ഗോപാലന്‍ ഓര്‍ക്കുന്നു. എല്ലാവരും റേഷനരി വാങ്ങുമ്പോള്‍ ഞങ്ങള്‍ പുറത്തുനിന്ന് കൂടിയ വിലയ്ക്കാണ് അരി വാങ്ങിയത്. മണ്ണെണ്ണയും കിട്ടാക്കനി. എത്രയോനാള്‍ ഇരുട്ടില്‍തന്നെ. കൂലിപ്പണി ചെയ്ത് കിട്ടുന്ന പണം ഒന്നിനും തികയില്ല. എന്നിട്ടും തളര്‍ന്നില്ല. വീറോടെ സമരം ചെയ്തു. ഫലവുമുണ്ടായി- അദ്ദേഹം പറഞ്ഞു.

കുടില്‍കെട്ടിയവരെ ഒഴിപ്പിക്കാന്‍ ഭൂവുടമയ്ക്കുവേണ്ടി ചിലര്‍ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകൊടുത്തു. സിആര്‍പിഎഫ് ക്യാമ്പിന് മിച്ചഭൂമി നല്‍കാനുള്ള യുഡിഎഫ് സര്‍ക്കാറിന്റെ ഉത്തരവ് 1996ലെ നായനാര്‍ സര്‍ക്കാര്‍ റദ്ദാക്കിയത് സമരക്കാര്‍ക്ക് പ്രചോദനമായി. ഭൂമി പതിച്ച് നല്‍കുന്നതിനെതിരെ ഭൂവുടമ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത് വീണ്ടും തിരിച്ചടിയായി. നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് ഭൂമി പതിച്ചുനല്‍കാനായില്ല. 2001ലെ യുഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതി വിധിയുടെ ചുവടുപിടിച്ച് താമസക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സംഘശക്തിക്കുമുന്നില്‍ അടിയറവ് പറഞ്ഞു. തുടര്‍ന്ന് 2006-ല്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ ഹൈക്കോടതി വിധി മറികടന്നു. ഭൂമി പതിച്ചുനല്‍കാന്‍ നിയമമുണ്ടാക്കി. ഇതിനെതിരെയും ഭൂവുടമ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഭൂമിയില്‍ കുടില്‍കെട്ടി സമരം ചെയ്യുന്ന പാവങ്ങള്‍ക്കായി അഡ്വക്കറ്റ് ജനറലിനെത്തന്നെ സര്‍ക്കാര്‍ നിയോഗിച്ചു. ഇതോടെ എതിര്‍പ്പുകളുടെ മുനയൊടിഞ്ഞു.

2010 ഫെബ്രുവരി 12ന് ആ ചരിത്ര നിമിഷമെത്തി. ജനസാഗരം സാക്ഷിയാക്കി അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഭൂമിയിലെ താമസക്കാര്‍ക്ക് കൈവശരേഖ കൈമാറി. 406 കുടുംബങ്ങള്‍ക്കാണ് താല്‍ക്കാലിക രേഖ ലഭിച്ചത്. താമരശേരി, കട്ടിപ്പാറ പഞ്ചായത്തുകളിലായാണ് മിച്ചഭൂമി. ഇതില്‍ കട്ടിപ്പാറ പഞ്ചായത്തിലുള്‍പ്പെട്ട താമസക്കാര്‍ക്ക് കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തില്‍ കൈവശരേഖയുടെ അടിസ്ഥാനത്തില്‍ വീട്ടുനമ്പര്‍ , വൈദ്യുതി, റേഷന്‍കാര്‍ഡ് എന്നിവ ലഭിച്ചു. മുസ്ലിം ലീഗ് ഭരിക്കുന്ന താമരശേരി പഞ്ചായത്തി ആറാം പ്ലോട്ടിലെ താമസക്കാര്‍ക്ക് ഇവ ലഭിക്കാന്‍ നിരവധി സമരങ്ങള്‍ വേണ്ടിവന്നു. 104 പേര്‍ക്ക്കൂടി ഇനിയും കൈവശാവകാശം ലഭിക്കാനുണ്ട്. റവന്യൂ അധികൃതരുടെ തെറ്റായ നടപടിയാണ് കൈവശരേഖ വൈകിപ്പിക്കുന്നത്. റേഷന്‍കാര്‍ഡില്ലത്തതിനാല്‍ ഇവര്‍ക്ക് അരിയും മണ്ണെണ്ണയുമില്ല. പുറത്തുനിന്ന് കിലോക്ക് 22 രൂപയുടെ അരിയും ലിറ്ററിന് 50 രൂപ നിരക്കില്‍ മണ്ണെണ്ണയും വാങ്ങേണ്ട ഗതികേടിലാണ് ഈ പാവങ്ങള്‍ . രേഖ ലഭിച്ചവര്‍ക്ക് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇ എം എസ് ഭവന പദ്ധതിപ്രകാരം അനുവദിച്ച വീടുകളും നിയമക്കുരുക്കിലാണ്.

*
പി ആര്‍ ഷിജു ദേശാഭിമാനി 16 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പതിനായിരക്കണക്കിന് ഭൂരഹിതര്‍ക്ക് തലചായ്ക്കാനിടം പൊരുതി നേടിയ 1970കളിലെ മിച്ചഭൂമി സമരത്തിന്റെ തുടര്‍ച്ചക്കാണ് ഒന്നരദശകത്തിലേറെയായി അമ്പായത്തോട് സാക്ഷിയായത്. എല്ലാ അടിച്ചമര്‍ത്തലും നേരിട്ട് നിരന്തരസമരം ചെയ്ത മണ്ണിന്റെ മക്കളുടെയും അവര്‍ക്ക് തണലേകിയ ചെങ്കൊടിയുടെയും കഥ പറയും ഈ മലയോരം. മിച്ചഭൂമിയില്‍ ചെങ്കൊടികെട്ടി അവകാശമുറപ്പാക്കാന്‍ ശ്രമിച്ചവരെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ച ഭൂവുടമയെയും അതിന് കൂട്ടുനിന്ന വലതുപക്ഷ സര്‍ക്കാരിനെയും കെട്ടുകെട്ടിച്ചതിന്റെ അനുഭവവുമുണ്ട് അമ്പായത്തോടിന്.