Friday, January 27, 2012

സ്വദേശാഭിമാനിയുടെ 'കാറല്‍മാര്‍ക്‌സി'ന് നൂറുവര്‍ഷം

ഇന്ത്യയിലാദ്യമായി ഒരു പ്രാദേശികഭാഷയില്‍ കമ്മ്യൂണിസ്റ്റ് സാഹിത്യസംബന്ധിയായ പുസ്തകം പ്രസിദ്ധീകരിക്കുന്നത് സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയാണ്. ''കാറല്‍ മാര്‍ക്‌സിനെപ്പറ്റി' എന്ന പുസ്തകമാണ് 1912 ല്‍ സ്വദേശാഭിമാനി രചിച്ചത്. പ്രസിദ്ധീകരിച്ചത്, കെ ദാമോദരന്‍ 17-9-46 ല്‍ ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പിനു അവതാരികയിലെഴുതിയ പോലെ റഷ്യന്‍വിപ്ലവം പൊട്ടിപ്പുറപ്പെടുന്നതിന് അഞ്ച് കൊല്ലം മുമ്പ്, ഇന്ത്യയില്‍ മാര്‍ക്‌സിസ്റ്റുകാരുടെ പ്രക്ഷോഭങ്ങളോ, സംഘടനാ പരിശ്രമങ്ങളോ, ആരംഭിക്കുന്നതിന് മുമ്പ്. ഇങ്ങനെയൊരു പുസ്തകമെഴുതാന്‍ ദീര്‍ഘദര്‍ശനവും, വിപ്ലവമനസ്ഥിതിയും കൂടിയേതീരു എന്ന് തീര്‍ച്ചയാണ്.

അദ്ദേഹത്തെ ഒരിക്കല്‍കൂടി അഭിവാദ്യം ചെയ്തുകൊണ്ട്, ഞങ്ങളീ പുസ്തകം സമര്‍പ്പിക്കുന്നു''. അതേ, ഇന്ത്യയിലെ ആദ്യത്തെ കാറല്‍മാര്‍ക്‌സിനെപ്പറ്റിയുള്ള കമ്മ്യൂണിസ്റ്റ് സാഹിത്യമായിട്ടാണ് ലഘുപുസ്തകത്തെ ചരിത്രകാരന്മാര്‍ പരിഗണിക്കുന്നത്. സ്വദേശാഭിമാനിക്ക് കാറല്‍മാര്‍ക്‌സിനോട് തോന്നിയ ആദരവും സ്‌നേഹവുമെല്ലാം വെളിപ്പെടുത്തുന്നതായിരുന്നു കാറല്‍മാര്‍ക്‌സിനെക്കുറിച്ചുള്ള ഈ ഗ്രന്ഥത്തിലുള്ളത്.

കമ്മ്യൂണിസ്റ്റ് ലീഗ് സ്ഥാപിക്കുന്നതും അതിനുവേണ്ടിയുള്ള കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയെക്കുറിച്ചു മാണി ഗ്രന്ഥത്തിലെ പ്രതിപാദ്യം.

ലാലാഹര്‍ദയാല്‍ മോഡേണ്‍ റിവ്യൂവിലെഴുതിയ കാറല്‍മാര്‍ക്‌സ് എന്ന ലേഖനമാണീ പുസ്തകത്തിനാധാരം. സോഷ്യലിസത്തിന് മലയാളത്തില്‍ 'സമഷ്ടിവാദം'എന്ന പേരാണ് ഈ ഗ്രന്ഥത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. മലയാളത്തിലെ ഈ പുസ്തകരചന ഒട്ടേറെ യുവാക്കളെ സ്വാധീനിച്ചിട്ടുണ്ട്. 1903 ലാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഒരു രാഷ്ട്രീയവിമര്‍ശകന്‍ എന്ന നിലയ്ക്ക് രംഗത്ത് വന്നത്.

''കേരളന്‍'', ''സ്വദേശാഭിമാനി'' എന്നീ പത്രങ്ങള്‍ വഴി അദ്ദേഹം നടത്തിയ വിമര്‍ശനങ്ങള്‍ ശ്രദ്ധേയമായി. നാരായണകുരിക്കര, പി കൃഷ്ണപിള്ള തുടങ്ങിയവരും ഈ ഘട്ടത്തില്‍ അദ്ദേഹത്തെ സഹായിച്ചുപോന്നു. (കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. ഒന്നാംഭാഗം എന്‍ ഇ ബാലറാം)സ്വദേശാഭിമാനി പിന്നീടും കമ്മ്യൂണിസത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. 1913, 1914 കുന്നംകുളത്തുനിന്നു പ്രസിദ്ധീകരിച്ച ആത്മപോഷിണി മാസികയിലായിരുന്നു ഈ രചനകള്‍. ''സമൂഹഘടനയുടെ വികാസം'', 'സോഷ്യലിസം', കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നിങ്ങനെ പഠനാര്‍ഹമായ ലേഖനങ്ങളായിരുന്നു അവ.

1906 ജനുവരി 17നാണ് രാമകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തില്‍ സ്വദേശാഭിമാനി പ്രസിദ്ധീകരണം തുടങ്ങിയത്. 1910 ന് സെപ്തംബര്‍ 26 ന് ദിവാന്റെ ദുഷ്‌ചെയ്തികള്‍ക്കും അഴിമതിക്കുമെതിരെ ലേഖനമെഴുതിയതിന് തിരുവനന്തപുരത്തു നിന്ന് നാടുകടത്തി. പിന്നീട് മദിരാശിയിലും പാലക്കാടുമെല്ലാം കേന്ദ്രീകരിച്ച് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു.

മാക്‌സിനെപ്പറ്റി സ്വദേശാഭിമാനി എഴുതിയ കാലഘട്ടത്തില്‍ ഒരു ലോകോപകാരിയായും തൊഴിലാളികളുടെയും മറ്റ് അവശത അനുഭവിക്കുന്നവരുടെയും രാഷ്ട്രീയഗുരുവുമായിട്ടാണ് കണ്ടിരുന്നത്. 1921ല്‍ ഗാന്ധിക്കെതിരെ ലെനിന്‍ എന്ന എസ് എ ഡാംഗേയുടെ പുസ്തകം ശ്രദ്ധേയമായിരുന്നു.

1912 ല്‍ എസ് എ ഡാംഗേയുടെ പത്രാധിപത്യത്തില്‍ സോഷ്യലിസ്റ്റ് എന്ന മാസിക ബോംബെയില്‍ നിന്നു പുറത്തിറങ്ങി. 1927 ല്‍ സമേജിയ ടാഗോര്‍ ബംഗാളിയില്‍ ഗണവാണിയിലും മറാത്തിയില്‍ ജി അധികാരിയും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ തര്‍ജ്ജമ പ്രസിദ്ധീകരിച്ചു. പിന്നീടിങ്ങോട്ട് ഓരോ ഓരോ സംസ്ഥാനങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഘടകങ്ങള്‍ വളര്‍ന്നതിനൊപ്പം ഒളിവിലും തെളിവിലും നിരവധി വിപ്ലവസാഹിത്യം പുറത്തുവന്നു കൊണ്ടേയിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കാറല്‍ മാര്‍ക്‌സിനെപ്പറ്റി എന്ന പുസ്തകരചന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമാണ്.

*
ആര്‍ അജയന്‍ ജനയുഗം 25 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...