Sunday, January 15, 2012

കേരളം കേട്ടു; ഫറോക്കിന്റെ സമര സൈറണ്‍

ഫറോക്ക്:

നൂറ്റാണ്ടുകള്‍ മുമ്പേ വന്‍കരകള്‍ക്കപ്പുറമെത്തിയ പെരുമയുള്ള ബേപ്പൂര്‍ തുറമുഖം. ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ചെറുത്തുനിന്ന ടിപ്പുസുല്‍ത്താന്‍ തലസ്ഥാനമായി കണ്ടെത്തിയ ഫാറൂഖാബാദ്. അറബിക്കടലും ചാലിയാറും അതിരിടുന്ന ബേപ്പൂരും ഫറോക്കും ചെറുവണ്ണൂരും ഉള്‍പ്പെടുന്ന മേഖലയ്ക്ക് പോരാട്ടത്തിന്റെ വലിയ ചരിത്രം. ബ്രിട്ടീഷ് സാമ്രാജ്യത്തെ വാള്‍ത്തലപ്പുകൊണ്ടും പീരങ്കിമുഴക്കംകൊണ്ടും വിറപ്പിച്ച ടിപ്പുവിനു പിന്നാലെ മുതലാളിമാരുടെ ക്രൂരതകളെ സംഘശക്തിയും നെഞ്ചൂക്കുംകൊണ്ട് നേരിട്ട ഓട്ടുകമ്പനി തൊഴിലാളികളുടെ ചരിത്രംകൂടി പറയാനുണ്ട് അതിന്. കേരളത്തിലെ തൊഴിലാളിവര്‍ഗ പോരാട്ട ചരിത്രത്തില്‍ തിളങ്ങുന്ന ഏടാണ് ഫറോക്ക്-ചെറുവണ്ണൂര്‍ മേഖലയിലെ ഓട്ടുകമ്പനി സമരങ്ങള്‍ . അവകാശബോധത്തിന്റെ വിത്തുപാകിയത് പി കൃഷ്ണപിള്ളയെയും എ കെ ജിയെയും പോലുള്ളവര്‍ .

ഫറോക്കിലെ സമരത്തെക്കുറിച്ച് എ കെ ജി "എന്റെ ജീവിതകഥ"യില്‍ പറഞ്ഞു:

"സമരത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ കവലയില്‍ വമ്പിച്ച പൊതുയോഗം. സ്ഥലത്തെ മുസ്ലിം മുതലാളി ജനാബ് ഇമ്പിച്ചിമമ്മത് ഏതാനും മുസ്ലിങ്ങളോടുകൂടി വന്നു. യോഗം കലക്കാനായി പണം കൊടുത്ത് ഏറനാട്ടില്‍നിന്ന് കൊണ്ടുവന്നതായിരുന്നു. ഒരു വയസന്‍ മുല്ലാക്ക മുതലാളിക്കുവേണ്ടി സംസാരിക്കണമെന്ന് പറഞ്ഞു. ഞങ്ങള്‍ അത് അനുവദിച്ചു. അയാള്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു കല്ല് അയാളുടെ അടുത്ത് വന്നു വീണു. മുല്ലാക്കയെ ആരോ കല്ലെറിഞ്ഞുവെന്നും അത് എ കെ ഗോപാലനാണെന്നും ഗുണ്ടകളില്‍ ഒരാള്‍ വിളിച്ചുപറഞ്ഞു. ഞാന്‍ മുല്ലാക്കയുടെ തൊട്ടടുത്ത് ഇരിക്കുകയായിരുന്നു. യോഗം ആകെ കുഴപ്പത്തിലായി."

എ കെ ജിയും മറ്റും പ്രസംഗിക്കുമ്പോള്‍ കല്ലെറിഞ്ഞും വര്‍ഗീയ പ്രചാരണം നടത്തിയുമായിരുന്നു മുതലാളിമാര്‍ നേരിട്ടത്. യോഗം കലക്കാന്‍ പ്രത്യേക സംഘങ്ങള്‍ . തൊഴിലാളികളെ പിരിച്ചുവിടല്‍ , ഓഫീസുകള്‍ ആക്രമിക്കല്‍ , പൊലീസ് മര്‍ദനം എന്നിവയും പതിവ്. തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ സമരത്തെ പിന്തുടര്‍ന്നാണ് ഓട്ടുകമ്പനി തൊഴിലാളികള്‍ രംഗത്തിറങ്ങിയത്. മുതലാളിമാരുടെ ദ്രോഹത്തില്‍ പ്രതിഷേധിച്ച് മലബാര്‍ കമ്പനി പടിക്കല്‍ കെ പി ഗോപാലന്‍ നിരാഹാരം ആരംഭിച്ചതോടെ സമരചരിത്രം തുടങ്ങുന്നു. ഐക്യദാര്‍ഢ്യവുമായി കൂറ്റന്‍ റാലി. പണിമുടക്കാന്‍ തീരുമാനിച്ച് പൊതുയോഗം പിരിഞ്ഞു. നേരിടാന്‍ 144-ാം വകുപ്പ്. യോഗങ്ങള്‍ക്ക് നിരോധനം. പണിമുടക്ക് പരാജയപ്പെട്ടു. പക്ഷേ അത് തൊഴിലാളികളെ ചടുലമായ സമരങ്ങള്‍ക്ക് സജ്ജരാക്കി. ആത്മധൈര്യം പകരാന്‍ പാര്‍ടി നിയോഗിച്ച എ കെ ജി തൊഴിലാളികളില്‍ ഒരാളായി, അവരുടെ വീടുകളില്‍ താമസിച്ച്, സ്നേഹം പങ്കിട്ട്, വര്‍ഗസമരപാഠങ്ങള്‍ പകര്‍ന്നു.

"ഞാന്‍ തൊഴിലാളികളോടൊത്ത് പട്ടിണികിടന്നു. അവരുടെ കൂടെ രാത്രി പുഴയില്‍ പോയി മീന്‍ പിടിച്ചു. കിട്ടിയത് അവരോടൊത്ത് വേവിച്ചു തിന്നു" (എന്റെ ജീവിത കഥ).

പാര്‍ടി നിരോധിച്ച കാലത്ത് കൊളത്തറ, നടുവട്ടം, മണ്ണൂര്‍ , മീഞ്ചന്ത ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ എ കെ ജി അച്യുതമേനോക്കി, കെ പത്മനാഭന്‍ , എന്‍ പി ദാമോദരന്‍ തുടങ്ങിയ നേതാക്കളെ കണ്ടെത്തി. പില്‍ക്കാലത്ത് ഇവരാണ് പുതിയ സമരമുഖങ്ങള്‍ തുറന്നത്. കരുണന്‍ , മഞ്ചുനാഥറാവു, ടി സി നാരായണന്‍നമ്പ്യാര്‍ , കുമാരന്‍ മാസ്റ്റര്‍ , എ വി കുഞ്ഞമ്പു തുടങ്ങിയവര്‍ ഒളിവില്‍നിന്ന് സഹായിച്ചു.

1949ല്‍ സ്റ്റാന്‍ഡേര്‍ഡ് ടൈല്‍സില്‍ ബോണസിന് സമരംചെയ്ത തൊഴിലാളികളെ പൊലീസ് വേട്ടയാടി. സമരം വിജയിച്ചില്ല. നേതാക്കള്‍ ഉള്‍പ്പെടെ പലരെയും പിരിച്ചുവിട്ടു. ഇതിനെതിരെയും ചെറുത്തുനില്‍പ്പ്. യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ മറ്റ് കമ്പനികളിലുള്ളവര്‍ക്കും ജോലി നഷ്ടം. പട്ടിണിയിലും സമരമുഖത്ത് ഉറച്ചുനിന്നു. 1948ലും 1951ലും കോമണ്‍വെല്‍ത്ത് ടൈല്‍സില്‍ നടന്ന ബോണസ് സമരങ്ങള്‍ , പിരിച്ചുവിടലിനെതിരെ 1949ലെ സ്റ്റാന്‍ഡേര്‍ഡ് ടൈല്‍സ് സമരം, ഓട് വ്യവസായത്തെ സീസണല്‍ ഫാക്ടറികളാക്കി മാറ്റുന്നതിനെതിരായ പ്രതിഷേധം, 1954ലും 1964ലും ഹിന്ദുസ്ഥാന്‍ ടൈല്‍സ് ബോണസ് പ്രശ്നം, 1974ലെ മൂലോട് പ്രക്ഷോഭം എന്നിങ്ങനെ എണ്ണമറ്റ പോരാട്ടങ്ങള്‍ . പൊതുസമൂഹത്തിന്റെ പിന്തുണ നേടാനും യൂണിയന് സാധിച്ചു. തൊഴിലാളി സംഘടനകളും കമ്യൂണിസ്റ്റ്പാര്‍ടിയും ശക്തമായതോടെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ മുതലാളിമാര്‍ തയ്യാറായി. കങ്കാണിപ്പണി ചെയ്ത കോണ്‍ഗ്രസ് സംഘടനകള്‍ നാമാവശേഷമായതിനും ചരിത്രം സാക്ഷി. കള്ളക്കേസെടുത്ത് തൊഴിലാളികളെ നിര്‍വീര്യമാക്കാനുള്ള ശ്രമം ചെറുത്തതും ആവേശകരം. ഭാസ്കരന്‍നായരെയും കുഞ്ഞിരാമപൊതുവാളെയും പോലുള്ളവര്‍ പ്രതിഫലമില്ലാതെ കേസ് വാദിച്ചു. ചില ആനുകൂല്യങ്ങള്‍ക്കായി സുപ്രീംകോടതി വരെ പോയി.

ആദ്യകാലത്ത് ഓരോ ഓട്ടുകമ്പനിക്കും ഒരോ യൂണിയനായിരുന്നു. പുറത്തുള്ള സേവാസംഘം പ്രവര്‍ത്തകരായിരുന്നു തലപ്പത്ത്. 1935ല്‍ ഫറോക്ക് ഓട്ടുകമ്പനി തൊഴിലാളി യൂണിയന്‍ രൂപീകരിച്ച് രഹസ്യപ്രവര്‍ത്തനം തുടങ്ങി. 1952ല്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കുള്ള നിരോധനം നീങ്ങിയ ശേഷമാണ് ടൈല്‍ വര്‍ക്കേഴ്സ് യൂണിയന്‍ രൂപീകരിച്ചത്. എ കെ ജി ആദ്യ പ്രസിഡന്റായി. കെ പത്മനാഭന്‍ സെക്രട്ടറിയും. സമരം ചെയ്യാന്‍ മാത്രമല്ല കമ്പനി നടത്താനും സാധിക്കുമെന്ന് ഇവിടുത്തെ കാല്‍ലക്ഷം തൊഴിലാളികള്‍ തെളിയിച്ചു. നഷ്ടക്കണക്കിന്റെ പേരില്‍ മുതലാളിമാര്‍ അടച്ച കമ്പനികള്‍ അവര്‍ തുറന്നു. സ്റ്റാന്‍ഡേര്‍ഡ് ടൈല്‍സ് ആന്‍ഡ് സെറാമിക്സ്, ജനതാ ടൈല്‍ വര്‍ക്സ്, കല്ലായി സ്റ്റാര്‍ ടൈല്‍ വര്‍ക്സ് എന്നിവയില്‍ അങ്ങനെ വീണ്ടും സൈറണ്‍ മുഴങ്ങി. അവ ഇന്നും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.

*
സി പ്രജോഷ്കുമാര്‍ ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നൂറ്റാണ്ടുകള്‍ മുമ്പേ വന്‍കരകള്‍ക്കപ്പുറമെത്തിയ പെരുമയുള്ള ബേപ്പൂര്‍ തുറമുഖം. ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ചെറുത്തുനിന്ന ടിപ്പുസുല്‍ത്താന്‍ തലസ്ഥാനമായി കണ്ടെത്തിയ ഫാറൂഖാബാദ്. അറബിക്കടലും ചാലിയാറും അതിരിടുന്ന ബേപ്പൂരും ഫറോക്കും ചെറുവണ്ണൂരും ഉള്‍പ്പെടുന്ന മേഖലയ്ക്ക് പോരാട്ടത്തിന്റെ വലിയ ചരിത്രം. ബ്രിട്ടീഷ് സാമ്രാജ്യത്തെ വാള്‍ത്തലപ്പുകൊണ്ടും പീരങ്കിമുഴക്കംകൊണ്ടും വിറപ്പിച്ച ടിപ്പുവിനു പിന്നാലെ മുതലാളിമാരുടെ ക്രൂരതകളെ സംഘശക്തിയും നെഞ്ചൂക്കുംകൊണ്ട് നേരിട്ട ഓട്ടുകമ്പനി തൊഴിലാളികളുടെ ചരിത്രംകൂടി പറയാനുണ്ട് അതിന്. കേരളത്തിലെ തൊഴിലാളിവര്‍ഗ പോരാട്ട ചരിത്രത്തില്‍ തിളങ്ങുന്ന ഏടാണ് ഫറോക്ക്-ചെറുവണ്ണൂര്‍ മേഖലയിലെ ഓട്ടുകമ്പനി സമരങ്ങള്‍ . അവകാശബോധത്തിന്റെ വിത്തുപാകിയത് പി കൃഷ്ണപിള്ളയെയും എ കെ ജിയെയും പോലുള്ളവര്‍