Saturday, January 21, 2012

മൃതിഗീതം പാടുന്ന ഗോത്രഭാഷകള്‍

കോടമഞ്ഞ് മൂടിയ വയനാടന്‍ ചുരവും കടന്നെത്തിയാല്‍ യാത്രക്കാരനെ വരവേല്‍ക്കുന്ന ചങ്ങലമരത്തിനു പോലുമുണ്ട് ഒരു നഷ്ടബോധത്തിന്റെ ആത്മനൊമ്പരം. ചതിക്കപ്പെട്ടവന്റെ നോവുമായി ബന്ധനസ്ഥനായ കരിന്തണ്ടന്‍ എന്ന ആദിവാസിയും അവനെ ഇല്ലാതാക്കിയ ബ്രിട്ടീഷുകാരനുമൊക്കെ ഇന്നും തലമുറകളില്‍നിന്നും തലമുറകളിലേക്ക് പകര്‍ന്ന് പുനര്‍ജനിക്കുകയാണ്. എന്തുതന്നെയായാലും ചങ്ങലമരം ഇന്ന് ചരിത്രസാക്ഷിയാണ്. ഒരു നാട് ഭരിച്ച ഗോത്രജനത പതനത്തിലേക്ക് കൂപ്പുകുത്തി തലചായ്ക്കാന്‍ ഒരു തുണ്ടു മണ്ണ് പോലുമില്ലാതെ ഭൂമിക്കുവേണ്ടി സമരം നടത്തുന്നതിന്റെ നേര്‍സാക്ഷി. ചങ്ങലമരവും കഴിഞ്ഞ് വയനാടന്‍ ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ചാല്‍ വീണ്ടും കാണാന്‍ കഴിയും പഴമ്പാട്ടുകളും പഴഞ്ചൊല്ലുകളും മിത്തുകളും ഐതിഹ്യങ്ങളുമെല്ലാം വാമൊഴിയായി പകര്‍ത്തുന്ന ഒരു ഗോത്രജനതയെ. തനതു സംസ്കാരവും തനതു ആചാരവും തനതു വേഷവുമായി ജീവിക്കുന്ന ഓരോ ഗോത്രവിഭാഗങ്ങളെയും ശ്രദ്ധിച്ചാല്‍ മനസിലാകും നാം അറിയാത്ത ഭാഷകള്‍ ... കേള്‍ക്കാത്ത പദങ്ങള്‍ . എഴുതപ്പെടാതെ പോയ ഗോത്രഭാഷ വാക്കുകളായി മാത്രം ജീവിക്കുമ്പോള്‍ ചരിത്രത്തില്‍ രേഖപ്പെടുത്താതെ അവയില്‍ ചിലത് മരിച്ചുകൊണ്ടിരിക്കുകയാണ്.

ഗോത്രഭാഷകള്‍ മരിക്കുന്നതോടെ നമ്മളാരും അറിയാതെ അവരുടെ തനത് ജീവിതരീതികള്‍ തന്നെയാണ് പതുക്കെ ഇല്ലാതാകുന്നത്. പല ഭാഷകളുടെയും ഉത്ഭവത്തെക്കുറിച്ച് തന്നെ വ്യക്തമായ അറിവില്ല. തലമുറകളായി വാമൊഴിയായി പകര്‍ന്ന ഭാഷയ്ക്ക് ചരമഗീതം പാടുമ്പോള്‍ അതിന്റെ കൂടെ ഗോത്രസംസ്കൃതികളും പതുക്കെ മരിക്കുന്നു.

വയനാട്ടിലെ ആദിവാസി വിഭാഗങ്ങളില്‍ ഏറ്റവും അടിത്തട്ടിലുള്ളവരാണ് പണിയ വിഭാഗം. ഇവരുടെ ഏതെങ്കിലും വീടുകളില്‍ പോയി നോക്കൂ. ഒരു പണിയസ്ത്രീയെ ചൂണ്ടി "ഊമ" എന്നു പറഞ്ഞാല്‍ സംസാരശേഷിയില്ലാത്തവരാണെന്ന് തെറ്റിദ്ധരിക്കരുത്. അവരുടെ ഭാഷയില്‍ "ഊമ" എന്നു പറഞ്ഞാല്‍ ഇളയമ്മ അഥവാ ചെറിയമ്മ ആണ്. പെണ്‍കുട്ടികളെ "മൊട്ടത്തി" എന്നും ആണ്‍കുട്ടികളെ "മൊട്ടന്‍" എന്നും പറയും. ഇനി കുറിച്യരുടെ വീട്ടില്‍ പോയാലും എന്തെങ്കിലും കാര്യം അറിയണമെങ്കില്‍ "പിട്ടന്‍" തന്നെ വേണം. പിട്ടനോട് ചോദിച്ചാലാണ് കുടുംബത്തിലെ പ്രധാന വിവരങ്ങള്‍ അറിയാന്‍ കഴിയുന്നത്. കാരണം കുടുംബത്തിലെ കാരണവരെ കുറിച്യര്‍ പറയുന്നത് "പിട്ടന്‍" എന്നാണ്. എന്നാല്‍ പുലയ വിഭാഗക്കാര്‍ അച്ഛനെ പറയുന്നത് "അയ്യ" എന്നും. അവര്‍ക്ക് "അക്കന്‍" എന്നാല്‍ ജ്യേഷ്ഠനാണ്.

കാടിന്റെ മക്കളായി പിറന്ന് മണ്ണിനോട് മല്ലിട്ടു ജീവിക്കുന്ന ഗോത്രജനതയുടെ ഭാഷയ്ക്കും സംസ്കാരത്തിനും ഏറെ പ്രാധാന്യമുണ്ട്. ഒരു ഗോത്രസംസ്കാരംതന്നെ പടുത്തുയര്‍ത്തിയ മേഖലയാണ് വയനാടെങ്കിലും ഇവിടുത്തെ ഓരോ വിഭാഗങ്ങള്‍ക്കും വ്യത്യസ്ത ഭാഷകളും വ്യത്യസ്ത ആചാരരീതിയുമാണുള്ളത്. വിവിധ കാലഘട്ടങ്ങളില്‍ വയനാട്ടിലേക്കു വന്നവരും ജീവിതരീതികളില്‍ പോലും വ്യത്യസ്ത പുലര്‍ത്തി ജീവിക്കുന്ന ഇവരെല്ലാം ആദിവാസി അല്ലെങ്കില്‍ ഹരിജനവിഭാഗങ്ങളില്‍ തന്നെയാണ് ജീവിക്കുന്നത്. ജൈനസംസ്കൃതിയുടെ കടന്നുവരവ് ഏറെ വ്യാപകമായിട്ടുള്ള ജില്ലയാണ് വയനാട്.

13 -ാം നൂറ്റാണ്ടോടെ ജൈനമതം കര്‍ണാടകയിലേക്ക് വ്യാപിച്ചു. കര്‍ണാടകയോട് ചേര്‍ന്നു കിടക്കുന്ന വയനാട്ടിലേക്കും കന്നടയുടെ സ്വാധീനം ഏറെയുണ്ടായിരുന്നു. ഈ സ്വാധീനം ആദിവാസി വിഭാഗങ്ങള്‍ക്കിടയിലുമുണ്ട്. മിക്ക ഗോത്രഭാഷകളിലും കന്നടയുടെ അംശം ഇടകലര്‍ന്നിട്ടുണ്ട്. അതില്ലാത്തത് പണിയര്‍ക്കാണ്. കൃഷിക്കും കച്ചവടത്തിനുമായി വയനാട്ടിലേക്ക് വന്ന ജൈനരെ അനുകരിച്ച് കുറിച്യരും കുറുമരുമെല്ലാം കൃഷിയില്‍വ്യാപൃതരായി. എന്നാല്‍ , ചിലര്‍ അലഞ്ഞുനടന്നു. ഒടുവിലവര്‍ ഒന്നുമില്ലാതെ, സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലേക്ക് അധഃപതിച്ചു. അധഃസ്ഥിതരായ പണിയര്‍ വയനാട്ടിലെ ആദിവാസി വിഭാഗങ്ങളില്‍ ഏറ്റവും കൂടുതലുള്ളത് "പണിയ"രാണ്. ഏറ്റവും അധഃസ്ഥിത വര്‍ഗം എന്നും ഇവരെ വിളിക്കാം.

പല വാക്കുകളും തിരിച്ചറിയാന്‍പറ്റാത്ത പ്രാകൃതമലയാളം സംസാരിക്കുന്ന പണിയര്‍ക്ക് പഴമ്പാട്ടുകളും മിത്തുകളുമുള്‍പ്പെടെ തനതായ ഒരു സംസ്കാരം തന്നെയുണ്ട്. "ദ്രാവിഡ വിഭാഗത്തിന്റെ നൈസര്‍ഗിക സ്വഭാവമുള്ള പ്രതിനിധികള്‍ എന്നതിലുപരി ആര്യന്‍ , സൈയ്തിയന്‍ , മംഗളോയ്ഡ് ഘടകങ്ങള്‍ കൂടിച്ചേര്‍ന്ന് രൂപപ്പെട്ട വിഭാഗം എന്ന് ഇവരെ പറയാം"-ഇമ്പീരിയല്‍ ഗസറ്റീയര്‍ ഒന്നാംവാള്യത്തില്‍ പണിയരെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. കറുത്തനിറവും ചുരുണ്ട മുടിയും പതിഞ്ഞ മൂക്കുമുള്ള പണിയര്‍ നീഗ്രോകളെയാണ് അനുസ്മരിക്കുന്നത്. സാധാരണ മലയാളിക്ക് മനസിലാക്കാന്‍ പോലുമാകാത്ത പല വാക്കുകളുമാണ് ഇവര്‍ സംസാരിക്കുന്നത്. അതിലൊന്ന് ഇങ്ങനെയാണ്: "എന്ന ഉറാളങ്കുകുതംകാണി. ഊറെ പൈച്ച കാണി. നാനു ഇഞ്ചു ഒഞ്ചും വെപ്പാന്‍ കാണി. പാപ്പത്തിനെ കൂറെ ഓമി അരി ബേങ്കിത്താലോ കഞ്ഞി കുടിപ്പാ." (എന്റെ ഭര്‍ത്താവിന് സുഖമില്ല. ഇവിടെ പണവും ഇല്ല. ഭക്ഷണവും ഉണ്ടാക്കിയിട്ടില്ല. മുതലാളിയുടെ അടുത്തുനിന്ന് കുറച്ച് അരികിട്ടിയാല്‍ കഞ്ഞി കുടിക്കാമായിരുന്നു). ഇനി പണിസ്ഥലത്തു നിന്നു അവധി കിട്ടണമെങ്കിലോ? ഇങ്ങനെയാകും ചോദിക്കുക: "നാളെ ഏക്ക് ഇളേപ്പ് ബോണം. ഏക്ക് ചിച്ചബാട്ടു പോണം. അവേങ്കു നാളെ നാനു ബാര." (നാളെ എനിക്ക് ലീവ് വേണം. എനിക്ക് ഇളയച്ഛന്റെ അടുത്തു പോകണം. അതു കൊണ്ട് നാളെ ഞാന്‍ വരില്ല).

പണിയര്‍ "ഓമി" എന്നു പറഞ്ഞാല്‍ കുറച്ച് എന്നര്‍ഥം. ചെറിയ കുട്ടികളെ അവര്‍ "ചൂച്ചി" എന്നാണ് വിളിക്കുക. അവരുടെ ഉത്ഭവത്തെക്കുറിച്ചും രസകരമായ ഒരു കഥയാണുള്ളത്. താമരശേരി ചുരത്തിനടുത്തെവിടെയോ ഉള്ള ഇപ്പിമലയില്‍ നിന്നും വന്നവരാണ് തങ്ങളെന്ന് വിശ്വാസം. രാത്രികാലങ്ങളില്‍ മാത്രം അവര്‍ പുറത്തു വരും. ഒരിക്കല്‍ നെല്ലും മറ്റും തിന്നാനായി രാത്രി പുറത്തിറങ്ങിയ അവരെ ഭൂവുടമകളായ ഗൗണ്ടന്മാര്‍ വലവീശിപ്പിടിച്ചു. അവരെ അങ്ങനെ നാട്ടിലേക്ക് കൊണ്ടു വന്ന് അടിമപ്പണിയെടുപ്പിച്ചു. ഇപ്പോഴും പണിയരോട് അല്‍പസമയം സംസാരിച്ചാല്‍ മനസിലാകും. എന്തെങ്കിലും സങ്കടം വന്നാല്‍ കരയണമെന്നു തോന്നിയാല്‍ അവര്‍ "ഇപ്പി" എന്നാണ് പറയുക. ഇനി അവരുടെ പേരിലുമുണ്ട് പലപ്പോഴും പ്രത്യേകത. പ്രായമുള്ള പണിയരുടെ പല പേരുകളും ഇങ്ങനെയൊക്കെയാണ്. ഒടുക്കന്‍ , തോണ്ടന്‍ , തോലന്‍ , നഞ്ചന്‍ , നൂഞ്ചന്‍ , കുളിയന്‍ , ചാത്തി, ചൊറിയന്‍ , വില്ലന്‍ ... തുടങ്ങിയ പേരുകള്‍ ഇവര്‍ക്കിടയില്‍ സജീവമാണ്.

സ്ത്രീകളുടെ പേരിലുമുണ്ട് കൗതുകം. കോലാലി, ചപ്പ, ചീര, ചുണ്ട, കമ്മട്ടി ....തുടങ്ങിയ പേരുകളാണ് സ്ത്രീകള്‍ക്കുള്ളത്. എന്നാല്‍ , പുതുതലമുറക്ക് പുതിയ പേരുകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. വിജീഷ്, സുരേഷ് എന്നീ പേരുകളൊക്കെ ഇപ്പോള്‍ ഇവര്‍ക്കിടയില്‍ വ്യാപകമായുണ്ട്. ഇപ്പോള്‍ പലരും സിനിമാക്കമ്പക്കാരുമാണ്. അതുകൊണ്ടു തന്നെ ഇളംതലമുറക്ക് നവ്യ, സംയുക്ത, മഞ്ജു, മമ്ത തുടങ്ങിയ പേരുകള്‍ നല്‍കുന്നു. മാരിയെ ആരാധിക്കുന്നവരാണ് പണിയര്‍ . അത് കാളി തന്നെയാണ്. പണിയ വിഭാഗം തന്നെയാണ് ആദിവാസികള്‍ക്കിടയില്‍ ഏറ്റവും അധഃസ്ഥിതര്‍ . വിദ്യാഭ്യാസമേഖലയിലും ഇവര്‍ ഏറെ പിന്നോക്കമനുഭവിക്കുന്നു. മുഖ്യധാരയിലേക്ക് വരാന്‍ പലര്‍ക്കും പലപ്പോഴും ഒരപകര്‍ഷതാബോധം ഇപ്പോഴുമുണ്ട്. വിദ്യാലയങ്ങളിലെത്തിയാല്‍ പോലും തങ്ങളുടെ വിഭാഗക്കാരുമായി സൗഹൃദം പുലര്‍ത്താനാണ് ഇവര്‍ക്ക് കൂടുതല്‍ താല്പര്യം. തങ്ങളുടെ മാതൃഭാഷ സംസാരിച്ച്, തങ്ങളുടേതായ ലോകത്ത് സന്തോഷം പങ്കിടുന്ന ഈ കുട്ടികള്‍ മറ്റുള്ളവര്‍ ശ്രദ്ധിച്ചാല്‍ ആ സംസാരം നിര്‍ത്തുകയും ചെയ്യും. എന്നാല്‍ , അതു നിലനിര്‍ത്തിക്കൊണ്ടുതന്നെ അവരെ മുഖ്യധായിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ഏറെക്കുറെ പരാജയപ്പെടുകയാണ് ചെയ്യാറ്. ഇവരുടെ വീടുകളില്‍നിന്ന് പലപ്പോഴും തുടികൊട്ടലും മറ്റും ഉയരാറുമുണ്ട്.

പണിയര്‍ എവിടെനിന്നു വന്നുവെന്നത് ഇന്നും ചരിത്രരേഖകളിലൊന്നുമില്ല. മലബാര്‍ തീരങ്ങളില്‍ കച്ചവടം നടത്തിയിരുന്ന മൂറുകള്‍(മുസ്ലിങ്ങള്‍) സാഖന്‍സി ബാറില്‍നിന്നും കൊണ്ടുവന്ന നീഗ്രോകളുടെ പിന്തുടര്‍ച്ചക്കാരാണ് പണിയരെന്ന് പറയുന്നു. റാവു ബഹദൂര്‍ സി ഗോപാലന്‍ നായര്‍ രചിച്ച "വയനാട് ജനങ്ങളും പാരമ്പര്യവും" എന്ന പുസ്തകത്തില്‍ ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ ലുമീറിയ ദ്വീപസമൂഹത്തില്‍ ജീവിച്ചവരാണ് ഇവരെന്ന വാദവുമുണ്ട്. മഡഗാസ്കര്‍ മുതല്‍ മലായ് ദ്വീപ് വരെയുണ്ടായിരുന്ന ഭാഗമാണ് ലുമീറിയ. ഇത് കടലില്‍ താഴ്ന്നു പോയി. ഇന്ത്യയെ ആഫ്രിക്കയും ആസ്ത്രേലിയയുമായി ബന്ധിച്ചിരുന്നതാണ്് ഈ ഭാഗം. ആഫ്രിക്കയിലെ നീഗ്രോകളുമായി ചെറിയ സാമ്യം പുലര്‍ത്തുന്നതാണ് ഈ സംശയത്തിനു കാരണം. കണ്ണവം കാടുകളില്‍ നിന്നെത്തിയ കുറിച്യര്‍ ആദിവാസി വിഭാഗങ്ങളില്‍ പ്രബലരായ കുറിച്യര്‍ കോട്ടയം രാജാക്കന്മാരുടെ ഒപ്പം വയനാട്ടിലേക്ക് വന്നവരാണെന്നാണ് വിശ്വാസം. കോട്ടയത്തെ കണ്ണവം കാടുകളില്‍ ജീവിച്ച തെക്കേ കരിനായന്മാരാണ് തങ്ങളെന്നാണ് അവരുടെ വാദം. വയനാട്ടില്‍നിന്നും തിരിച്ചു കോട്ടയത്തേക്കു പോയ ഇവരെ അവിടുത്തെ നായന്മാര്‍ ഒപ്പം കൂട്ടിയില്ല. അങ്ങനെയവര്‍ വയനാട്ടിലെ ആദിവാസികളായി. ആദിവാസി വിഭാഗങ്ങളാണെങ്കിലും അവര്‍ ഇപ്പോഴും മറ്റ് പല ജാതിക്കാര്‍ക്കും അയിത്തം കല്‍പ്പിക്കാറുണ്ട്. കുറിച്യര്‍ അവരുടെ വീടിനെ "മിറ്റം" എന്നാണ് പറയുക. മലക്കാരിയാണ്ദൈവം. അവര്‍ മലയാളമാണ് സംസാരിക്കുന്നതെങ്കിലും അവരുടെ സംസാര രീതി കേട്ടാല്‍ പെട്ടെന്ന് മനസിലാകും കുറിച്യരാണെന്ന്. "എക്ക് ബേണ്ട നിക്ക് ബേണോ" എന്നു പറഞ്ഞാല്‍ എനിക്കു വേണ്ട നിനക്കു വേണോ എന്നാണ്. ഇനി ഏതെങ്കിലും പക്ഷിയെ കണ്ടാല്‍ അവര്‍ ചൂണ്ടിക്കാണിച്ച് ഇങ്ങനെ പറയും. "അങ്കോ നിച്ചിരിപ്പുള്ള്" പ്രാചീന ആചാരമായ നരിക്കുത്തില്‍ കുറിച്യരും പങ്കെടുക്കുമായിരുന്നു- "എല്ലാരുഗു ചെന്നങ്ങനെ അടുത്തല്ലേ കൂടുന്നത് പുലീനെ തന്നെയിപ്പല്‍ തൂക്കണല്ലോ കേക്കീങ്ങള്..."എന്നത് കുറിച്യര്‍ ഇന്നും വാമൊഴിയായി പകര്‍ന്നു കൊടുക്കുന്ന ഒരു നരിക്കുത്ത് ഗാനമാണ്.

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ പഴശിയുടെ പടയാളികളായ കുറിച്യര്‍ക്ക് ഇപ്പോഴും പഴശിരാജാവിനോട് അതിയായ ബഹുമാനമാണ്. യഥാര്‍ഥ വയനാട്ടുകാര്‍ അഥവാ പഴയ രാജാക്കന്മാര്‍ കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്നതും ജൈനസംസ്കൃതി ഉടലെടുത്തതുമായ വയനാട് ജില്ലയില്‍ പല ആദിവാസി വിഭാഗങ്ങള്‍ കന്നട കലര്‍ന്ന ഭാഷസംസാരിക്കാറുണ്ട്. കാട്ടുനായ്ക്കര്‍ കന്നടയും തുളുവും കലര്‍ന്ന ഒരു പ്രത്യേക ഭാഷയാണ് സംസാരിക്കുന്നത്. എടനാടന്‍ ചെട്ടിമാരുടെ ഭാഷ കന്നടയാണെന്നു പറയാറുണ്ടെങ്കിലും മലയാളവും കന്നടയും കലര്‍ന്ന ഒരു ഭാഷയാണ് വീട്ടില്‍ സംസാരിക്കുന്നത്. കോട്ടയം രാജാക്കന്മാര്‍ വയനാട്ടില്‍ ആധിപത്യം ഉറപ്പിക്കുന്നതിനും മുമ്പ് വയനാട് ഭരിച്ചിരുന്നത് വേടരാജാക്കന്മാരാണെന്ന് ചരിത്രം പറയുന്നു. എടക്കലിലെ ശിലാലിഖിതങ്ങളിലും മറ്റും മനസിലാകുന്നത് കുടുംബിയില്‍ എന്ന രാജവംശം വയനാട് ഭരിച്ചിരുന്നു എന്നാണ്. ഇവരുടെ പിന്മുറക്കാരാണ് വേടരാജാക്കന്മര്‍ . അവര്‍ തന്നെയാണത്രേ ഇന്നത്തെ കുറുമ വിഭാഗക്കാര്‍ . മുള്ളക്കുറുമര്‍ വേടരാജാക്കന്മാരുടെ പിന്മുറക്കാരാണെന്ന് വിശ്വസിക്കുന്നു. അവരില്‍തന്നെ മുള്ളുക്കുറുമരും ഊരാളിക്കുറുമരും ഉണ്ട്.

മുള്ളുകുറുമര്‍ മലയാളം തന്നെയാണ് സംസാരിക്കുന്നത്. സാധാണ ആദിവാസി വിഭാഗങ്ങളില്‍നിന്നും വ്യത്യസ്തമായി ഏറെ വൃത്തിയും വെടിപ്പുമുള്ള വസ്ത്രമാണ് ഇവര്‍ ധരിക്കുന്നത്. വയനാട്ടിലെ പൂതാടി എന്ന സ്ഥലത്ത് ഉത്ഭവിച്ചവരാണ് തങ്ങളെന്നാണ് അവരുടെ വിശ്വാസം. ശിവന്‍ കിരാതന്റെ രൂപമെടുത്ത് നായാട്ടിന് പോയപ്പോള്‍ അനുഗമിച്ചവരുടെ പിന്‍ഗാമികളാണ് തങ്ങളെന്ന് ഇവര്‍ വിശ്വസിക്കുന്നു. പൂതാടിയില്‍ കിരാതന്റെ ക്ഷേത്രവുമുണ്ട്. കിരാതനെ അവര്‍ പൂതാടി ദൈവമെന്ന് വിളിക്കുന്നു. അതാണവരുടെ കുലദൈവവവും. പാക്കംദൈവം, പുള്ളിക്കരിങ്കാളി, മകള്‍ കാളി തുടങ്ങിയവയെല്ലാം ഇവരുടെ ദേവതമാരുമാണ്. ശിവന്റെ കിരാതരൂപംതന്നെയാണ് പാക്കത്തെയ്യമായും കെട്ടിയാടുന്നത്. പാക്കംതെയ്യത്തിന്റെ വരവായ ഉച്ചാല്‍ ഇന്നും മുള്ളുക്കുറുമാര്‍ക്ക് പ്രധാനമാണ്. പക്ഷേ, ഉച്ചാലിനൊപ്പം നടത്തിയിരുന്ന പല ആചാരങ്ങളും അവര്‍ക്കില്ലാതായി.

കാടുകളില്‍ നായാട്ടുനടത്തിയിരുന്നവരാണ് കുറുമര്‍ . ഉച്ചാലിനൊപ്പം മീന്‍പിടുത്തംനടത്തുന്ന ഒരനുഷ്ഠാനവും അവര്‍ക്കുണ്ടായിരുന്നു. "ചാലി" എന്നാണ് മീന്‍പിടുത്തത്തെ അവര്‍ വിളിക്കുന്നത്. ശവസംസ്കാരത്തിന് ഒല്ലികെട്ട് എന്നും പറയും. കുറുമര്‍ ഏറിയ പങ്കും ഇന്ന് ജീവിക്കുന്നത് കുറവാദ്വീപിനു ചുറ്റുമാണ്. അതുകൊണ്ട് തന്നെയാണ് ജൈവവൈവിധ്യങ്ങളുടെ കലവറയായ ആ ദ്വീപിന് കുറുവ എന്ന പേരു ലഭിച്ചത്. എന്നാല്‍ , തങ്ങളുടെ ഉച്ചാല്‍ നായാട്ടും ചാലിയുമെല്ലാം നിഷേധിച്ച വേദനയിലാണ് ഇന്നവര്‍ ജീവിക്കുന്നത്. കണ്‍കുളിരെ കാഴ്ചകാണാന്‍ ചങ്ങാടമൊരുക്കി സഞ്ചാരികളെ വരവേല്‍ക്കുന്ന കുറുവാദ്വീപിലെ വെള്ളം കുറുമര്‍ക്ക് ഇന്നും "വിശുദ്ധജല"മാണ്. കുറുവയിലെ വെള്ളം അവര്‍ മുട്ടുകുത്തി കുടിക്കുകയില്ല. അതില്‍ കാലും കൈയും കഴുകുകയുമില്ല. അതവര്‍ക്ക് പുണ്യജലമാണ്. കൈവെള്ളയിലേ ജലമെടുത്തുകുടിക്കുകയുള്ളൂ. അരിപ്പനും വേടനുമാണ് വേടരാജവംശത്തിലെ അവസാന രാജാക്കന്മാര്‍ . മുള്ളുക്കുറുമര്‍ അരിപ്പന്റെ പിന്മുറക്കാരാണ്. ഊരാളിക്കുറുമരാകട്ടെ, ഇവരില്‍നിന്നും ഏറെ വ്യത്യസ്തരാണ്. വേടന്റെ പിന്മുറക്കാരാണ് ഇവരെന്നു കരുതുന്നു. കന്നടയും മലയാളവും കലര്‍ന്ന ഒരു വികലമായ ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്. അത ് മനസിലാക്കാന്‍തന്നെ പ്രയാസമാണ്. ഇവര്‍ ഏറെക്കുറെ നിരക്ഷരരുമാണ്. സ്ഥിരവാസമുറപ്പിക്കുന്നിതിന് മുമ്പ് കാടുകളില്‍ അലഞ്ഞ് മൃഗങ്ങളെ വേട്ടയാടിയിരുന്നവരാണ് ഇവര്‍ . ഊരാളിക്കുറുമര്‍ വീടിനെ "പാടി" എന്നാണ് പറയുന്നത്. ഊരാളിക്കുറുമരുടെയും ദൈവം "മാസ്തി"യാണ്. കാട്ടുനായ്ക്കരുടെ ദൈവത്തിന്റെ പേരും ഇതു തന്നെ. കാട്ടുനായ്ക്കരുടെ കാരണവരെ "മുതലി" എന്നാണ് വിളിക്കുന്നത്. പല ഗോത്ര വിഭാഗങ്ങളുടെയും ദൈവങ്ങളില്‍ കാളിയും ശിവനും വരുന്നുണ്ട്. മുള്ളുക്കുറുമര്‍ ആരാധിക്കുന്ന പുള്ളിക്കരിങ്കാളിയുടെ മകളാണ് കാളി. അവര്‍ കാളിയെയുംപൂജിക്കാറുണ്ട്. പണിയരുടെ പ്രധാന ദേവത മാരിയാണ്. അത് കാളി തന്നെയാണ്. ശിവന്‍ മുള്ളുക്കുറുമര്‍ക്ക് പ്രധാനിയാണ്. കുറിച്യര്‍ക്കും അങ്ങനെ തന്നെ. കുറിച്യരുടെ ദേവത "മലക്കാരി" ശിവനാണ്. പണിയരുടേത് മാരിയും. "പത" ആണ് പുലയരുടെ ദൈവം. കാളിയേയും അവര്‍ ആരാധിക്കുന്നു. മലയാളവുമായിട്ടാണ് അവരുടെ ഭാഷയ്ക്ക് ഏറെ സാമ്യമുള്ളത്. എന്നാല്‍ വെള്ളത്തിന് "നീര്" എന്നാണ് പറയുക. കന്നടയിലും നീര് എന്നാണ് പറയുക. തുളുഭാഷയുമായി ഉച്ചാരണ ശൈലിയില്‍ സാമ്യം അവകാശപ്പെടാമെങ്കിലും അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് യാതൊരു തെളിവുമില്ല. ഇളയമ്മയെ അവര്‍ "ആനി" എന്നു വിളിക്കും. കാട്ടുനായ്ക്കരുടെ ദൈവമാണ് "മാസ്തി". അതിന് അമ്പലവുമില്ല. മണ്‍കലങ്ങളില്‍ വെച്ച കൂവയിലാണ് ദൈവങ്ങളെ ആരാധിക്കുക. എപ്പോഴുമൊന്നും ഈ കലം തുറക്കില്ല. മാസ്തിയെ കാണണമെന്നു തോന്നുമ്പോള്‍ ഈ കലം തുറന്ന് ആവാഹിച്ചു കൊണ്ടുവരും. അതിന് പ്രത്യേക പാട്ടും പാടും. മാറ്റത്തിന്റെ ഗര്‍ജനം മുഴക്കി നാട്ടുഗദ്ദിക തനതു സംസ്കാരവും ഭാഷയുമെല്ലാം അന്യമായിത്തീരുമ്പോള്‍ അടിയാന്മാര്‍ മാത്രം ചില മാറ്റങ്ങള്‍ സൃഷ്ടിച്ചു. ഇവര്‍ കുടകില്‍നിന്നു വന്നവരെന്നാണ് വിശ്വാസം.

രോഗപീഡകളില്‍നിന്നും ബാധകളില്‍ നിന്നും രക്ഷ ലഭിക്കാന്‍ അടിയാന്മാരുടെ ഇടയിലുള്ള ആചാരമാണ് "നാട്ടുഗദ്ദിക". അതിന്നും അവര്‍ക്കിടയില്‍ നിലവിലുണ്ട്. എന്നാല്‍ , തനതു ആചാരം നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിന് പുതിയ കാലത്തിന്റെ മേന്മകള്‍ വിളിച്ചോതി ഒരു മാറ്റം സൃഷ്ടിച്ചത് അടിയാന്മാരുടെ നാട്ടു ഗദ്ദികയാണ്. അത് നടത്തിയതാകട്ടെ പി കെ കാളനും. രോഗമകറ്റാന്‍ മലദൈവങ്ങളോടുള്ള ഊരുമൂപ്പന്റെ അഭ്യര്‍ഥനയാണ് ഗദ്ദിക. ആദിവാസി ഊരുകളില്‍ തനതു ആചാരമായിരുന്ന ഗദ്ദികയില്‍ ദൈവത്തെ പ്രീതിപ്പെടുത്തുന്നതിനോടൊപ്പം അന്ധവിശ്വാസം ഏറെക്കുറെ മാറ്റി രോഗമുക്തിക്ക് ആശുപത്രിയില്‍ പോയി മരുന്നു കഴിക്കാന്‍വരെ ഗദ്ദികയിലൂടെ കാളന്‍ ആഹ്വാനം ചെയ്തു. ഗദ്ദികയെ ജനകീയവത്കരിച്ച് പൊതുജനസമൂഹത്തില്‍ തന്നെ ഏറെ മതിപ്പുണ്ടാക്കുകയാണ് കാളന്‍ ചെയ്തത്. ലിപിയില്ലാത്ത പുരാതന വാമൊഴിയിലൂടെ തുടിതാളത്തിനൊപ്പം ആടുമ്പോഴും മാറ്റം സൃഷ്ടിച്ചുകൊണ്ട് കാളന്‍ മാതൃകയായി. തൃശിലേരിയിലെ കൈതവള്ളി എന്ന കോളനിയില്‍നിന്നും കേരളത്തിനപ്പുറത്തേക്കും പി കെ കാളന്‍ വളര്‍ന്നു. അടിയസമൂഹത്തിന്റെതന്നെ ഉയര്‍ച്ചക്കായി നാട്ടുഗദ്ദിക മാറി. ഗോത്രവര്‍ഗത്തിന്റെ പല അനുഷ്ഠാനങ്ങളും ആചാരങ്ങളും ഇല്ലാതായിത്തീരുമ്പോള്‍ അടിയാന്മാരുടെ അനുഷ്ഠാനകല കൂടുതല്‍ പടവുകള്‍ താണ്ടുകയാണ്.

വായ്മൊഴിയായി തലമുറകളിലൂടെ കൈമാറിയ ഗദ്ദിക ഇന്നും നിലനില്‍ക്കുന്നതില്‍ കാളന്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ഊരുകളിലെ ദുരിതമകറ്റാനായിരുന്നു ഗദ്ദികയാടിയിരുന്നത്. തുടിയുടെയും ചീനിയുടെയും താളവും ചുവടുകളും തെറ്റാതെ കാളനത് നാട്ടുഗദ്ദികയാക്കി- അത് ജനകീയമായി. അനാചരങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞതായിരുന്നു അടിയാന്മാരുടെ ഊരുകള്‍ . അവിടെയാണ് കാലത്തിനൊപ്പം ചില മാറ്റങ്ങള്‍ കാളന്റെ ശ്രമത്തില്‍ ഉടലെടുത്തത്. ചെമ്പട്ടില്‍ ചുറ്റി ദേവീസ്മൃതികളുമായി രോഗവിമുക്തിക്കായിട്ടായിരുന്നു ഗദ്ദിക അവതരിപ്പിച്ചിരുന്നത്. എന്നാല്‍ , ഇന്നത് നാടന്‍കലകളുടെ അമൂല്യശേഖരത്തിലെ പ്രധാനിയാണ്. ഏറെ പ്രചാരത്തിലുള്ള "നാട്ടുഗദ്ദിക" അവതരിപ്പിക്കുന്നത് അടിയാന്മാരാണ്. ഗദ്ദികക്കാരനെ അവര്‍ വിളിക്കുന്നത് "തമ്മാടി" എന്നും. അടിയാന്മാരുടെ തലവനെയും മൂപ്പന്‍ എന്നാണ് വിളിക്കുക. തൊട്ടു താഴെയുള്ളയാള്‍ മുതലിയും. കാളന്‍ ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും ആ പാത പിന്തുടര്‍ന്ന് കരിയനും സംഘവും ഗദ്ദികയാടാറുണ്ട്. എന്നാല്‍ , അടിയസമൂഹത്തില്‍ കാളന്‍ സൃഷ്ടിച്ച ഈ മാറ്റം മറ്റു ആദിവാസി വിഭാഗങ്ങളിലൊന്നും ഉടലെടുക്കുന്നില്ല. ഇതിനിടയില്‍ നിയമങ്ങള്‍തന്നെ ആദിവാസികളുടെ പല ആചാരങ്ങളും ഇല്ലാതാക്കി. നരിക്കുത്തും നായാട്ടുമെല്ലാം നിഷേധിക്കപ്പെട്ട വേദനയും അമര്‍ഷവുമെല്ലാം ഉള്ളിലടക്കിയാണ് പലരും ജീവിക്കുന്നത്. ഫ്യൂഡലിസത്തിന്റെ ആവിര്‍ഭാവം കോട്ടയം രാജാക്കന്മാരുടെ വരവിനുശേഷമാണ് ഇവര്‍ ഏറെക്കുറെ അടിമകളായി മാറിയത്. ഇവരുടെ കാര്‍ഷികഭൂമിയും മറ്റും അന്യമായതു മാത്രമല്ല, അവര്‍ക്കു വന്ന ഗതികേട്. അവരുടെ വിശ്വാസങ്ങള്‍ , ആചാരങ്ങള്‍ എന്നിവക്കെല്ലാം കാലവും നിയമങ്ങളും മാറ്റം വരുത്തി. അങ്ങനെ പലതും ചരമഗാനവും പാടി. വേടരാജാക്കന്മാരുടെ പതനം ഒരു ഗോത്രസംസ്കൃതിയുടെ തന്നെ പതനത്തിന്റെ തുടക്കമായി.

കോട്ടയം രാജവംശം വയനാട്ടില്‍ ആധിപത്യം സ്ഥാപിച്ചതോടെ ആദിവാസികളുടെ ജീവിതരീതികളും മാറി. ജൈനര്‍ കാര്‍ഷികമേഖലയിലും പിടിമുറുക്കി. നായന്മാരുള്‍പ്പെടെയുള്ള ഉയര്‍ന്ന വിഭാഗക്കാരും ഭൂവുടമകളായി മാറിയതോടെ യഥാര്‍ഥഅവകാശികള്‍ ഒന്നുമല്ലാത്തവരായി. സവര്‍ണ ആധിപത്യം ഇവിടെ തച്ചുടച്ചത് ഒരു സംസ്കാരംതന്നെയാണ്. അതിന് പ്രതിഷേധമുയര്‍ത്താന്‍ അവരുടെ ശബ്ദം ഈ കാടുകളില്‍ തന്നെയൊടുങ്ങി. അവരില്‍ പലരും ഇന്ന് ഭൂമിയില്ലാത്തവരാണ്. മുഖ്യധാരയിലേക്ക് വരാന്‍ മടിച്ച് അപകര്‍ഷതാബോധം മൂടിയാണ് പലരും ഇന്ന് ജീവിക്കുന്നത്. തങ്ങളുടെ മാതൃഭാഷ പോലും മറ്റുള്ളവര്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ മടിക്കുമ്പോള്‍ അത് പതുക്കെ മൃതിയടയുന്നു. വ്യത്യസ്ത ഭാഷകളും ആചാര രീതികളുമായിട്ടുള്ള ഒരു ഗോത്രസംസ്കാരമാണ് വയനാട്ടില്‍ ഉടലെടുത്തിട്ടുള്ളത്. എന്നാല്‍ പല ഭാഷകള്‍ക്കും ലിപികളില്ലാതാകുന്നതോടെ സങ്കീര്‍ണമായ ഒരു പ്രശ്നം പരിഹാരമില്ലാതാകുകയാണ്. ഒരു ജനതയുടെ തനതു ഭാഷ മരിക്കുമ്പോള്‍ സംസ്കാരവും ആചാരരീതികളുംകൂടി ഇല്ലാതായിത്തീരുകയാണ്. അതിജീവിക്കാനാകാതെ സാംസ്കാരികമായ ഒരു കീഴടങ്ങലിന്റെ മുന്നറിയിപ്പു കൂടിയാണ് ആ മരണം സമ്മാനിക്കുന്നത്.

*
എ പി സജിഷ ദേശാഭിമാനി വാരിക 22 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കോടമഞ്ഞ് മൂടിയ വയനാടന്‍ ചുരവും കടന്നെത്തിയാല്‍ യാത്രക്കാരനെ വരവേല്‍ക്കുന്ന ചങ്ങലമരത്തിനു പോലുമുണ്ട് ഒരു നഷ്ടബോധത്തിന്റെ ആത്മനൊമ്പരം. ചതിക്കപ്പെട്ടവന്റെ നോവുമായി ബന്ധനസ്ഥനായ കരിന്തണ്ടന്‍ എന്ന ആദിവാസിയും അവനെ ഇല്ലാതാക്കിയ ബ്രിട്ടീഷുകാരനുമൊക്കെ ഇന്നും തലമുറകളില്‍നിന്നും തലമുറകളിലേക്ക് പകര്‍ന്ന് പുനര്‍ജനിക്കുകയാണ്. എന്തുതന്നെയായാലും ചങ്ങലമരം ഇന്ന് ചരിത്രസാക്ഷിയാണ്. ഒരു നാട് ഭരിച്ച ഗോത്രജനത പതനത്തിലേക്ക് കൂപ്പുകുത്തി തലചായ്ക്കാന്‍ ഒരു തുണ്ടു മണ്ണ് പോലുമില്ലാതെ ഭൂമിക്കുവേണ്ടി സമരം നടത്തുന്നതിന്റെ നേര്‍സാക്ഷി. ചങ്ങലമരവും കഴിഞ്ഞ് വയനാടന്‍ ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ചാല്‍ വീണ്ടും കാണാന്‍ കഴിയും പഴമ്പാട്ടുകളും പഴഞ്ചൊല്ലുകളും മിത്തുകളും ഐതിഹ്യങ്ങളുമെല്ലാം വാമൊഴിയായി പകര്‍ത്തുന്ന ഒരു ഗോത്രജനതയെ. തനതു സംസ്കാരവും തനതു ആചാരവും തനതു വേഷവുമായി ജീവിക്കുന്ന ഓരോ ഗോത്രവിഭാഗങ്ങളെയും ശ്രദ്ധിച്ചാല്‍ മനസിലാകും നാം അറിയാത്ത ഭാഷകള്‍ ... കേള്‍ക്കാത്ത പദങ്ങള്‍ . എഴുതപ്പെടാതെ പോയ ഗോത്രഭാഷ വാക്കുകളായി മാത്രം ജീവിക്കുമ്പോള്‍ ചരിത്രത്തില്‍ രേഖപ്പെടുത്താതെ അവയില്‍ ചിലത് മരിച്ചുകൊണ്ടിരിക്കുകയാണ്.