Thursday, January 26, 2012

മാറാട്: അന്വേഷണം അട്ടിമറിക്കുന്നു

രണ്ടാം മാറാട് വര്‍ഗീയ കൂട്ടക്കൊല സംബന്ധിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷനായ തോമസ് ജോസഫ് ശുപാര്‍ശചെയ്തത് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചനയും വിദേശത്തുനിന്നുള്ള സാമ്പത്തിക സ്രോതസ്സുമൊക്കെ സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്നാണ്. ആ ശുപാര്‍ശയനുസരിച്ചാണ് കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് കേന്ദ്രത്തിന് പലതവണ കത്തെഴുതിയിട്ടും അനുകൂല പ്രതികരണമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചനയും സാമ്പത്തിക സ്രോതസ്സും അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന്റെ ഉന്നതതല സംഘത്തെ ചുമതലപ്പെടുത്തിയത്. ആ അന്വേഷണസംഘത്തിന് നേതൃത്വം നല്‍കിയ പോലീസ് സൂപ്രണ്ട് പ്രദീപ് കുമാര്‍ നിര്‍ണായക തെളിവുകള്‍ ശേഖരിക്കുകയും നിഗമനങ്ങളിലെത്തുകയും ചെയ്തശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ഘട്ടമെത്തിയപ്പോഴേക്കും സര്‍ക്കാര്‍ ഇടപെട്ടു. അന്വേഷണ സംഘത്തലവനെ സ്ഥലംമാറ്റി മാറാട് അന്വേഷണം അട്ടിമറിക്കുകയാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

മാറാട് വര്‍ഗീയ കൂട്ടക്കൊല ആസൂത്രിതമായിരുന്നുവെന്നും മാറാട് ബീച്ച് സ്വന്തമാക്കാനുള്ള മാഫിയാശക്തികളുടെ താല്‍പ്പര്യം അതിന് പിറകിലുണ്ടായിരുന്നുവെന്നും അതിന്റെ ഭാഗമായി വന്‍തോതില്‍ ഭൂമി കള്ളപ്പേരില്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയിരുന്നുവെന്നുമെല്ലാം അക്കാലത്തുതന്നെ വാര്‍ത്ത വന്നതാണ്. ഇതുസംബന്ധിച്ച സൂചനകള്‍ ലഭിച്ചതുകൊണ്ടാണ് തോമസ് ജോസഫ് കമീഷനും ഉന്നതതല അന്വേഷണം ശുപാര്‍ശചെയ്തത്. നിരവധി തെളിവുകള്‍ കിട്ടിക്കഴിഞ്ഞുവെന്നും എന്നാല്‍ , വിദേശബന്ധംകൂടിയുള്ളതിനാല്‍ സിബിഐയെപ്പോലുള്ള ഏജന്‍സിതന്നെ കേസന്വേഷിക്കണമെന്നും പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ശുപാര്‍ശ ചെയ്യാനിരിക്കെയാണത്രെ യുഡിഎഫ് സര്‍ക്കാര്‍ ചാടിവീണത്.

മുസ്ലിംലീഗിന്റെ ചില നേതാക്കള്‍ക്ക് മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന സംശയം അന്നും ഇന്നും പരക്കെയുള്ളതാണ്. സിബിഐ അന്വേഷണം അന്ന് തടഞ്ഞതും, പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ അത് അംഗീകരിപ്പിക്കാതിരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയതായുള്ള ആരോപണവും, ഇപ്പോള്‍ അന്വേഷണോദ്യോഗസ്ഥനെ മാറ്റിയതുമെല്ലാം കൂട്ടിവായിക്കുമ്പോള്‍ മുസ്ലിംലീഗിലെ ചിലര്‍ക്ക് ഇതില്‍ പ്രത്യേക താല്‍പ്പര്യമുണ്ടെന്ന് കരുതേണ്ടിവരും.

കോഴിക്കോട് ജില്ലയിലെ നാദാപുരം, കുറ്റ്യാടി മേഖലയില്‍ കുറെക്കാലമായി മുസ്ലിംലീഗുകാര്‍ കടുത്ത വര്‍ഗീയ തീവ്രവാദികളായാണ് അഴിഞ്ഞാടുന്നത്. കാസര്‍കോട്ട് ചില മേഖലകളിലും ഇതേ അനുഭവമുണ്ട്. നാദാപുരം-കുറ്റ്യാടി മേഖലയില്‍ നടക്കാത്ത സംഭവം നടന്നെന്ന് കള്ളപ്രചാരണം നടത്തി വര്‍ഗീയ വികാരമിളക്കിവിട്ടുകൂടിയാണല്ലോ 2001ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നത്. വര്‍ഗീയതയിലൂടെ അധികാരത്തില്‍ വന്ന ആ സര്‍ക്കാര്‍ വര്‍ഗീയാസ്വാസ്ഥ്യം സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിച്ചു. രണ്ടാം മാറാട് കൂട്ടക്കൊലയുടെ പശ്ചാത്തലങ്ങളിലൊന്ന് അതുമാണ്. നാദാപുരം-കുറ്റ്യാടി മേഖലയില്‍ വര്‍ഗീയാസ്വാസ്ഥ്യം സൃഷ്ടിക്കാന്‍ , ആ മേഖലയിലെ തീവ്രവാദി രൂപമുള്ള ലീഗ് നടത്തുന്ന ആസൂത്രിത ശ്രമങ്ങള്‍ സംബന്ധിച്ച് ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ഔദ്യോഗിക റിപ്പോര്‍ട്ടുണ്ട്. നരിക്കാട്ടിരിയില്‍ ബോംബ് നിര്‍മാണത്തിനിടെ അഞ്ച് ലീഗുകാര്‍ മരിച്ചത് സംബന്ധിച്ചും പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുളള ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുകയാണ്. അതോടൊപ്പം കോഴിക്കോട്ടെ സ്ഫോടന-അഗ്നിബാധ കേസുകളുടെ അന്വേഷണവുമുണ്ട്. ഇങ്ങനെയിരിക്കെ ക്രൈംബ്രാഞ്ച് എസ്പിയെ മാറ്റിയത് പ്രത്യേക ലക്ഷ്യത്തോടെയല്ലേ? കേസന്വേഷണം പൊളിക്കുകയല്ലേ അതിന്റെ ലക്ഷ്യം? ഈ സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന മുസ്ലിംലീഗിന്റെ ആജ്ഞാനുവര്‍ത്തിയായല്ലേ ഇവിടെ മുഖ്യമന്ത്രി പ്രവര്‍ത്തിച്ചത്?

രണ്ടാം മാറാട് കൂട്ടക്കൊലയ്ക്ക് ശേഷം, മുസ്ലിംലീഗിന് ഹിതകരമല്ലാത്ത ഒരു പരാമര്‍ശം നടത്തിയതിന്റെ പേരില്‍ എ കെ ആന്റണിയെ മാറ്റി ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കാന്‍ ലീഗും ചരടുവലിച്ച കാര്യം മറ്റാരേക്കാളും അറിയുന്നത് ഉമ്മന്‍ചാണ്ടിക്കായിരിക്കുമല്ലോ. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തണമെന്ന മുന്‍ സര്‍ക്കാരിന്റെ ആവശ്യം ഇപ്പോഴും നിലനില്‍ക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പരിഗണിക്കാം, ആവശ്യമായ സമ്മര്‍ദം ചെലുത്താം എന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്. സിബിഐ അന്വേഷണം വേണമെന്ന പൊതുഅഭിപ്രായമുണ്ടായാല്‍ ലീഗ് എതിര്‍ക്കില്ലെന്നാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. എന്താണ് പൊതുഅഭിപ്രായം എന്നാല്‍ ? ജുഡീഷ്യല്‍ കമീഷന്‍ ആവശ്യപ്പെട്ടു, മുന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു, ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ടികള്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെയാണോ കുഞ്ഞാലിക്കുട്ടി പൊതുഅഭിപ്രായമായി ഉദ്ദേശിക്കുന്നത്? സിബിഐയെക്കൊണ്ടന്വേഷിപ്പിച്ച് ഞങ്ങളെയൊക്കെ കുടുക്കാനാണോ നിങ്ങളുടെ പരിപാടി എന്ന് ഇതേ വ്യക്തിതന്നെയാണല്ലോ മാറാട് സംഭവകാലത്ത് പത്രപ്രവര്‍ത്തകരായ മധ്യസ്ഥ സംഘത്തോട് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. താന്‍ വരച്ച വരയ്ക്കപ്പുറം കടക്കാനാവാത്ത മുഖ്യമന്ത്രിയാണിപ്പോള്‍ ഭരിക്കുന്നതെന്ന അഹങ്കാരമാവും പൊതുഅഭിപ്രായമുണ്ടായാല്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കില്ലെന്ന നിലപാട് പ്രകടിപ്പിക്കാന്‍ കാരണം. സിബിഐ അന്വേഷണം പോകട്ടെ, നിലവിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണംതന്നെ തടയാന്‍ കഴിഞ്ഞതില്‍ ലീഗ് നേതൃത്വത്തിന് ആശ്വാസമുണ്ടാകും.

കാസര്‍കോട്ട് കുറെ മാസം മുമ്പ് നടന്ന വര്‍ഗീയാക്രമണ ശ്രമവും അത് തടയാന്‍ പോലീസ് നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചതാണ്. ആ കമീഷന്റെ കാലപരിധി ആറുമാസം കൂടി നീട്ടിനല്‍കിയത് ഇപ്പോഴത്തെ സര്‍ക്കാരാണ്. എന്നാല്‍ , അന്വേഷണം ലീഗ് നേതൃത്വത്തിലേക്ക് നീളുന്നുവെന്ന് വന്നപ്പോള്‍ , നിര്‍ണായക തെളിവുകള്‍ കമീഷന് ലഭിച്ചുവെന്ന് വ്യക്തമായപ്പോള്‍ ; നിയമവിരുദ്ധമായി ആ കമീഷനെ പിരിച്ചുവിട്ടവരാണ് ഈ സര്‍ക്കാര്‍ . കാസര്‍കോട്ട് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ സ്വഭാവമുള്ള ആക്രമണങ്ങള്‍ സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്താന്‍ ഈ സര്‍ക്കാര്‍ ഡിഐജി ശ്രീജിത്തിനെ പ്രത്യേകം അയക്കുകയുണ്ടായി. കാസര്‍കോടിന്റെ പല മേഖലകളിലും കുറെക്കാലമായി വര്‍ഗീയ സ്വഭാവമുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ലീഗ് മേഖലകളിലാണ് രൂക്ഷമായ അസ്വസ്ഥതകളെന്നും ഡിഐജി റിപ്പോര്‍ട്ട് ചെയ്തതായി മാധ്യമങ്ങളില്‍ വന്നു. ഡിഐജി കാസര്‍കോട്ടുപോയി അന്വേഷണം നടത്തുന്ന കാര്യം മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതാണ്. എന്നാല്‍ , ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്ത് ചെയ്തുവെന്ന് വ്യക്തമല്ല.

ചില ശക്തികേന്ദ്രങ്ങളില്‍ ലീഗും തീവ്രവാദിശക്തികളും തമ്മില്‍ വ്യത്യാസമില്ലാതാവുകയും രാഷ്ട്രീയ ലാഭത്തിനുവേണ്ടി അതിന് ലീഗ് നേതൃത്വം പിന്തുണയും പ്രോത്സാഹനവും നല്‍കുകയും ചെയ്യുന്നു. കോഴിക്കോട് ജില്ലയിലെ ചില ഭാഗങ്ങളും കാസര്‍കോട് ജില്ലയിലെ ചില ഭാഗങ്ങളും അതിന്റെ ഉദാഹരണം. പറഞ്ഞുവന്നത് കൂട്ടക്കൊലക്കേസന്വേഷണവും നരിക്കാട്ടിരി ബോംബ് സ്ഫോടന കേസും അട്ടിമറിക്കുന്നതിന് ലീഗിന്റെ ആജ്ഞാനുവര്‍ത്തിയായി മുഖ്യമന്ത്രി പ്രവര്‍ത്തിച്ചത് അത്യന്തം ആപല്‍ക്കരമാണെന്നാണ്. വര്‍ഗീയപ്രശ്നസാധ്യത മുളയിലേ നുള്ളിക്കളയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം- മുസ്ലിംലീഗിന്റെ വീറ്റോ പവര്‍ അതിന് തടസ്സമായി കാണുന്നത് ആപല്‍ക്കരമാകും. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട അന്വേഷണം എസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍തന്നെയുള്ള ക്രൈംബ്രാഞ്ച് സംഘത്തിന് വിടുക, അതോടൊപ്പം സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുക- അതാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്.

തെളിവുകളുള്ള വര്‍ഗീയ കേസുകളുടെ അന്വേഷണം അട്ടിമറിക്കുന്ന സര്‍ക്കാര്‍ കേവല സംശയത്തിന്റെ പേരില്‍ 268 പേരുടെ ഇ-മെയില്‍ ചോര്‍ത്താന്‍ നടപടി സ്വീകരിച്ച വിചിത്ര സംഭവമുണ്ടായി. തീവ്രവാദക്കേസില്‍ സംശയിക്കുന്ന ഒരാളില്‍നിന്ന് ലഭിച്ച 268 ഇ-മെയില്‍ വിലാസങ്ങള്‍ - അതില്‍ 258 ഉം മുസ്ലിം പേരുള്ളവര്‍ . ഈ 268 പേരെക്കുറിച്ചും ഇതേവരെ സംശയമോ, പരാതിയോ ഇല്ല. എന്നിട്ടും സിമി ബന്ധമുളള 268 പേരുടെ വിലാസമാണ് ചുവടെ, അവരുടെ ഇ-മെയില്‍ വിവരങ്ങളും അത് തുറക്കാനുളള സൂത്രവും അയച്ചുതരണമെന്ന് ഇ-മെയില്‍ സേവന ദാതാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കത്തയക്കുന്നു. അവരില്‍നിന്ന് 268 പേരുടെയും ഇ-മെയില്‍ അപ്പാടെ സംഘടിപ്പിച്ച് പരിശോധിക്കുന്നു. അക്കാര്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമം ആഴ്്ചപ്പതിപ്പിനെതിരെ ആക്രോശിക്കുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നു. കേസെടുക്കുമെന്ന് പ്രഖ്യാപിക്കുന്നു. നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധമുള്ളവരാണെങ്കില്‍ അന്വേഷണം ആവശ്യമാണ്. എന്നാല്‍ , സംശയദൃഷ്ടിയിലുള്ള ഒരാളുടെ കൈയില്‍ കണ്ട വിലാസമാണെന്നതിനാല്‍ മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ 268 പേരുടെ സ്വകാര്യതകളിലേക്ക് കടന്നുകയറുന്നത് പൗരാവകാശ ധ്വംസനമല്ലേ? അമിതാധികാര പ്രവണതയല്ലേ?

ഇ-മെയില്‍ ചോര്‍ത്തല്‍ സംഭവം ചോര്‍ന്നതിന്റെ ഉത്തരവാദിത്തം ഒരു എസ്ഐയുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാന്‍ സര്‍ക്കാരിന് കഴിയില്ല. ഇ-മെയില്‍ ചോര്‍ത്തിയതായി തെളിഞ്ഞാല്‍ താന്‍ പ്രായശ്ചിത്തം ചെയ്യുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിലാസം ആരുടേതാണെന്ന് പരിശോധിക്കുക മാത്രമല്ല വിശദാംശം മുഴുവന്‍ ചോദിച്ചുവാങ്ങി എന്ന് വ്യക്തമായ സാഹചര്യത്തില്‍ ജനങ്ങളോട് മറുപടി പറയാന്‍ ഉമ്മന്‍ചാണ്ടിക്ക് ബാധ്യതയില്ലേ?.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 26 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രണ്ടാം മാറാട് വര്‍ഗീയ കൂട്ടക്കൊല സംബന്ധിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷനായ തോമസ് ജോസഫ് ശുപാര്‍ശചെയ്തത് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചനയും വിദേശത്തുനിന്നുള്ള സാമ്പത്തിക സ്രോതസ്സുമൊക്കെ സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്നാണ്. ആ ശുപാര്‍ശയനുസരിച്ചാണ് കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് കേന്ദ്രത്തിന് പലതവണ കത്തെഴുതിയിട്ടും അനുകൂല പ്രതികരണമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചനയും സാമ്പത്തിക സ്രോതസ്സും അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന്റെ ഉന്നതതല സംഘത്തെ ചുമതലപ്പെടുത്തിയത്. ആ അന്വേഷണസംഘത്തിന് നേതൃത്വം നല്‍കിയ പോലീസ് സൂപ്രണ്ട് പ്രദീപ് കുമാര്‍ നിര്‍ണായക തെളിവുകള്‍ ശേഖരിക്കുകയും നിഗമനങ്ങളിലെത്തുകയും ചെയ്തശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ഘട്ടമെത്തിയപ്പോഴേക്കും സര്‍ക്കാര്‍ ഇടപെട്ടു. അന്വേഷണ സംഘത്തലവനെ സ്ഥലംമാറ്റി മാറാട് അന്വേഷണം അട്ടിമറിക്കുകയാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.