Thursday, January 19, 2012

ഉമ്മന്‍ചാണ്ടിയോട് ചില ചോദ്യങ്ങള്‍

എന്നെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് കേസില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കാന്‍ പോകുന്നു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്ന ദിവസം ഉമ്മന്‍ചാണ്ടിയുടെ ഒരു പ്രതികരണമുണ്ടായി- "വി എസ് രണ്ടു ചോദ്യത്തിന് മറുപടി നല്‍കണം. ഒന്ന്, കാസര്‍കോട്ട് ഭൂമി ലഭിച്ച സോമന്‍ തന്റെ ബന്ധുവാണോ? രണ്ട്, ക്രയവിക്രയാവകാശത്തിന്റെ കാലപരിധി സംബന്ധിച്ച ഇനം മന്ത്രിസഭാ യോഗത്തില്‍ വന്നപ്പോഴും ബന്ധുവിന്റെ വിഷയമാണിതെന്ന് അറിഞ്ഞിരുന്നില്ലേ?" ഉമ്മന്‍ചാണ്ടി ഈ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ എനിക്കെതിരെ എഫ്ഐആര്‍ നല്‍കിക്കഴിഞ്ഞിട്ടില്ല. അങ്ങനെയൊരു അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് അന്വേഷണസംഘം അതിന്റെ ഡയറക്ടര്‍ക്ക് നല്‍കിക്കഴിഞ്ഞിട്ടേയുണ്ടായിരുന്നുളളൂ. റിപ്പോര്‍ട്ടിന് ഡയറക്ടര്‍ അനുമതി നല്‍കിയിട്ടുപോലുമില്ലായിരുന്നു. അതിനിടെ ഞാന്‍ പ്രതിപക്ഷനേതൃസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വക്താവ് എംഎം ഹസ്സന്‍ പത്രസമ്മേളനം നടത്തി. സാധാരണഗതിയില്‍ ആ ഘട്ടത്തില്‍ റിപ്പോര്‍ട്ട് കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അച്ഛന്‍ പത്തായത്തിലില്ല എന്ന മട്ടില്‍ അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലേ ഇല്ലെന്ന ഏറ്റുപറച്ചില്‍ നടത്തി. ഈ വിഷയത്തില്‍ എന്റെ മൊഴിയെടുക്കാന്‍ സമയം ചോദിച്ചുകൊണ്ട് കത്ത് കിട്ടുന്നതിന് രണ്ടുദിവസംമുമ്പ് മലയാള മനോരമ പത്രത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഒരു പ്രസ്താവനയും വന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അവസ്ഥ സംബന്ധിച്ച് ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ സംസ്ഥാന അഡ്വക്കറ്റ് ജനറല്‍ തമിഴ്നാട്ടിന് വേണ്ടിയാണല്ലോ വാദിച്ചത്. ആ പ്രശ്നത്തില്‍ ഒന്നാംപ്രതി ദുരന്തനിവാരണവകുപ്പിന്റെ ചുമതലകൂടിയുള്ള റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ സവിശേഷ മിടുക്കുകൊണ്ട് രക്ഷിച്ച വ്യക്തിയും തമിഴ്നാടിന്റെ വക്കാലത്തുണ്ടായിരുന്ന വക്കീലും ഒക്കെയാണ്. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ വെള്ളം ശാന്തമായി ഒഴുകി ഇടുക്കിയിലെത്തി നിന്നുകൊള്ളുമെന്നാണല്ലോ സംസ്ഥാനത്തിനുവേണ്ടി ഹാജരായ ദണ്ഡപാണി കൊടുത്ത സത്യവാങ്മൂലം. അതാണ് ഇപ്പോള്‍ ജയലളിതയുടെയും കരുണാനിധിയുടെയും ചിദംബരത്തിന്റെയുമെല്ലാം തുറുപ്പുചീട്ട്. ഇത്തരമൊരു അസംബന്ധ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതിന്റെ കാരണക്കാരന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു. കാരണം, മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നാണ് ആ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതിന്റെ ഉള്ളടക്കം മാധ്യമപ്രവര്‍ത്തകരെ മന്ത്രി അറിയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഒന്നാംപ്രതി എജിയല്ല, മന്ത്രിതന്നെയാണെന്ന് ഞാന്‍ പറഞ്ഞത്. അത് പറഞ്ഞതിന്റെ അടുത്ത ദിവസത്തെ മലയാള മനോരമയില്‍ ഒരു വാര്‍ത്തയും മന്ത്രിയുടെ പ്രസ്താവനയും വന്നു. കാസര്‍കോട്ടെ ഭൂമി പ്രശ്നത്തില്‍ വി എസിനെ ചോദ്യംചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. അതറിഞ്ഞിട്ടാണ് തിരുവഞ്ചൂരിനെ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഞാന്‍ ഒന്നാം പ്രതിയെന്ന് കുറ്റപ്പെടുത്തിയതെന്നാണ് വാര്‍ത്ത. അതുതന്നെ ആവര്‍ത്തിച്ചുകൊണ്ട് തിരുവഞ്ചൂരിന്റെ പ്രസ്താവനയും. അതുകഴിഞ്ഞ് രണ്ടുദിവസത്തിനുശേഷമാണ് മൊഴിയെടുക്കാന്‍ സമയംചോദിച്ച് എനിക്ക് കത്ത് കിട്ടിയത്. കത്തയക്കും, കത്തയച്ചു എന്ന് ഓരോ ദിവസവും മനോരമയില്‍ വാര്‍ത്ത. കത്ത് എനിക്ക് കിട്ടുന്നത് അതിനുശേഷം. എന്നോട് ഇന്ന ചോദ്യം ചോദിക്കണം, മൊഴി കൊടുത്താലും ഇല്ലെങ്കിലും കേസില്‍ ഒന്നാം പ്രതിയാക്കും, മൊഴിയില്‍ ഒപ്പിടണം, ഒപ്പിട്ടിട്ടില്ലെങ്കിലും കുഴപ്പമില്ല എന്നിങ്ങനെയുള്ള മനോരമ വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കാന്‍ വന്നത്. കൊടുത്ത മൊഴി അന്ന് വൈകിട്ടുതന്നെ ഉദ്യോഗസ്ഥര്‍ ഡയറക്ടറേറ്റില്‍ അറിയിക്കുകയും അവര്‍ മനോരമ വഴി ജനങ്ങളെ അറിയിക്കുകയും ചെയ്തു. പക്ഷേ, വിജിലന്‍സ് ഡയറക്ടറേറ്റിലെ വിരുതന്മാരും മലയാള മനോരമയും ചേര്‍ന്ന് മൊഴി വളച്ചൊടിച്ച് ഒരസംബന്ധം പ്രചരിപ്പിച്ചു. റവന്യൂമന്ത്രിയായിരുന്ന കെ പി രാജേന്ദ്രനെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീല തോമസിനെയും ഞാന്‍ തള്ളിപ്പറഞ്ഞുവെന്ന്!

എഫ്ഐആര്‍ സമര്‍പ്പിക്കുന്നതിനുമുമ്പ് യുഡിഎഫ്-മനോരമ-വിജിലന്‍സ് ഗൂഢാലോചനാവേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രണ്ട് ചോദ്യം ചോദിച്ചെന്ന് പറഞ്ഞുകൊണ്ടാണല്ലോ ഈ കുറിപ്പ് തുടങ്ങിയത്. ആ ചോദ്യത്തിനൊപ്പം ഉമ്മന്‍ചാണ്ടിയും മേല്‍പ്പറഞ്ഞ കുറ്റാരോപണം നടത്തി- ഞാന്‍ തള്ളിപ്പറഞ്ഞെന്ന്. ഇപ്പോള്‍ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിയുടെ കൈയിലുണ്ടല്ലോ. എഫ്ഐആര്‍ കോഴിക്കോട് വിജിലന്‍സ് കോടതിയിലുമുണ്ട്. ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്നതിന്റെ സംസാരിക്കുന്ന തെളിവുകള്‍ നിങ്ങള്‍ക്കതില്‍ കാണാം. ഉമ്മന്‍ചാണ്ടി ചോദിച്ചതിന് അന്വേഷണ ഉദ്യോഗസ്ഥരോട് ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട്. ആയിരക്കണക്കിനു വിമുക്തഭടന്മാര്‍ക്ക് ആ കാലഘട്ടത്തില്‍ ഏഴേക്കര്‍വരെ ഭൂമി ലഭിച്ചിട്ടുണ്ട്. അങ്ങനെ 1977ല്‍ അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ഭാഗമായ കാസര്‍കോട് മൈറെ വില്ലേജില്‍ മൂന്നേക്കര്‍ സ്ഥലം ലഭിച്ച ടി കെ സോമന്‍ എന്ന വിമുക്തഭടന്‍ എന്റെ ബന്ധുക്കളില്‍ ഒരാളാണ്. സോമന് നല്‍കിയ ഭൂമി സംബന്ധിച്ച് കേസ് വരികയും ഭൂമിയുടെ കൈവശാവകാശം കിട്ടുന്നത് വൈകുകയും ചെയ്തു. അതുസംബന്ധിച്ച് എന്നെ പരാതി ധരിപ്പിച്ചപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കണ്ട് രേഖകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ഭൂമി ലഭിച്ച സോമന്‍ ക്രയവിക്രയം സംബന്ധിച്ച വ്യവസ്ഥയില്‍ ഇളവിന് അപേക്ഷിച്ചപ്പോള്‍ അത് ന്യായമാണെന്നു തോന്നിയതിനാല്‍ റവന്യൂമന്ത്രി ക്യാബിനറ്റില്‍ കൊണ്ടുവരികയും ക്യാബിനറ്റ് അംഗീകരിക്കുകയും എന്നാല്‍ ഉദ്യോഗസ്ഥര്‍ നിയമതടസ്സം ചൂണ്ടിക്കാട്ടിയതിനാല്‍ ഉത്തരവിറക്കാതെ ഫയല്‍ വീണ്ടും പരിശോധിക്കാന്‍ നിയമവകുപ്പിന് വിടുകയും ചെയ്തതാണ്.

ഉമ്മന്‍ചാണ്ടി ചോദിച്ച ചോദ്യത്തിന് ഞാന്‍ ഉത്തരം പറയുന്നു- മേല്‍പ്പറഞ്ഞതാണ് വസ്തുത. സോമന്‍ എന്റെ ബന്ധുവാണ്. എന്റെ ബന്ധു എന്നതുകൊണ്ട് അയാള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യത്തിന് അപേക്ഷിച്ചുകൂടേ? ഈ കേസ് തികച്ചും രാഷ്ട്രീയപ്രേരിതമായി തട്ടിക്കൂട്ടിയതും രാഷ്ട്രീയ ഗൂഢാലോചനയിലൂടെ മെനഞ്ഞതുമാണ്. കെപിസിസി നിര്‍വാഹകസമിതി കൂടിയ ദിവസമാണ് ഈ കേസ് ഫ്രെയിം ചെയ്തതെന്നതും അന്ന് അതിനായി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും കണ്ടിരുന്നുവെന്നതുമെല്ലാം പരസ്യമായ കാര്യങ്ങളാണ്. ഉമ്മന്‍ചാണ്ടിയുടെ ചോദ്യത്തിനുള്ള എന്റെ മറുപടി പറഞ്ഞുകഴിഞ്ഞു. ഇനി എനിക്ക് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. മെട്രോ റെയില്‍ കോര്‍പറേഷന്റെ ഫണ്ട് കൊല്ലത്തെ ആക്സിസ് ബാങ്കില്‍ നിക്ഷേപിച്ചത് താങ്കളുടെ ബന്ധുവിന്റെ ജോലി സ്ഥിരതയ്ക്കുവേണ്ടിയല്ലേ? അതേക്കുറിച്ച് നിയമസഭ വിമര്‍ശിച്ചിട്ടും പത്തുകോടി കൂടി അതേ ബാങ്കില്‍ നിക്ഷേപിച്ചതിന് എന്താണ് ന്യായീകരണം? സഹകരണ പരീക്ഷാബോര്‍ഡ് ചെയര്‍മാനെ നിയമിക്കാന്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് താങ്കളുടെ ബന്ധുവായ കുഞ്ഞ് ഇല്ലംപള്ളിയെ നിയമിക്കാനല്ലേ? എന്‍ട്രന്‍സ് പരീക്ഷയില്‍ കാല്‍ലക്ഷത്തിനടുത്ത് റാങ്ക് ലഭിച്ച് സ്വാശ്രയകോളേജില്‍ മാനേജ്മെന്റ് സീറ്റില്‍ പഠിക്കുകയായിരുന്ന നിര്‍മല്‍ മാധവിനെ താങ്കള്‍ കോഴിക്കോട് ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജില്‍ മെറിറ്റ് സീറ്റില്‍ മറ്റൊരു ബ്രാഞ്ചില്‍ മറ്റൊരു സെമസ്റ്ററില്‍ ചേര്‍ത്തു. സ്വന്തക്കാരനുവേണ്ടി നിയമലംഘനമാണ് താങ്കള്‍ നടത്തിയതെന്ന് വ്യക്തമായിട്ടും അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടും താങ്കള്‍ എന്തുചെയ്തു? വ്യാജ പാസ്പോര്‍ട്ടുപയോഗിച്ച് മുന്നൂറോളം തവണ വിദേശയാത്ര നടത്തി ആഡംബര കാറുകള്‍ കള്ളക്കടത്ത് നടത്തിയ അലക്സ് സി ജോസഫിന് രക്ഷപ്പെടാന്‍ പഴുതൊരുക്കുക എന്ന ഉദ്ദേശ്യത്തോടെ പാസ്പോര്‍ട്ട് തിരിച്ചുകൊടുക്കാന്‍ ആരാണ് നിര്‍ദേശിച്ചത്? അലക്സ് കൊണ്ടുവന്ന ആഡംബര കാറുകള്‍ ആര്‍ക്കൊക്കെ വേണ്ടി ഓടുന്നുവെന്ന് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല? വിരമിച്ചതിനുശേഷം ഡെസ്മണ്ട് നെറ്റോയ്ക്ക് പുനര്‍നിയമനം നല്‍കിയത് പാമൊലിന്‍ കേസില്‍ താങ്കള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കുക എന്ന ഉദ്ദേശ്യത്തോടെ അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിച്ചതിനുള്ള പ്രത്യുപകാരമല്ലേ?

തച്ചങ്കരിയുടെ വിദേശ ബാങ്കിടപാടുകളെക്കുറിച്ചും വിദേശത്തെ താമസത്തിന് ഔദാര്യം പറ്റിയതിനെക്കുറിച്ചുമെല്ലാം അന്വേഷണം നടത്തണമെന്ന് മുന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കാണിച്ച് കഴിഞ്ഞ ജൂണില്‍ മുഖ്യമന്ത്രിക്ക് കത്തും നല്‍കുകയുണ്ടായി. അതെല്ലാം അവഗണിച്ച് തച്ചങ്കരിയെ തിരിച്ചെടുത്തതില്‍ ഗൂഢാലോചനയും ദുരൂഹതയുമില്ലേ? തച്ചങ്കരിക്ക് വിദേശ ബാങ്കിലുള്ള അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ എന്‍ഐഎ പുറത്തുകൊണ്ടുവന്നിരിക്കുന്നു. കേരളത്തിലെ മുസ്ലിങ്ങളെല്ലാം തീവ്രവാദികളാണെന്ന മുന്‍ ധാരണയോടെ നീങ്ങുന്ന ഉമ്മന്‍ചാണ്ടിക്ക് തച്ചങ്കരിയെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ അമിതാവേശമുണ്ടായതെന്തുകൊണ്ടാണ്? അഴിമതിയും സ്വജനപക്ഷപാതവും നടത്തിയത് ചൂണ്ടിക്കാട്ടുമ്പോള്‍ "നിയമം നിയമത്തിന്റെ വഴിക്കുപോകും", "ആരോപണങ്ങള്‍ക്ക് ഞാന്‍ നിയമസഭയില്‍ മറുപടി പറഞ്ഞിട്ടുണ്ട്" എന്നൊക്കെ പറഞ്ഞാല്‍ മതിയോ? വ്യക്തമായ തെളിവുകള്‍ നിരത്തി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ ഉമ്മന്‍ചാണ്ടി തയ്യാറുണ്ടോ?

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 19 ജനുവരി 2012

No comments: