ഗുജറാത്ത് ലോകായുക്ത നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന ഹൈക്കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനാപരവും ധാര്‍മികവുമായ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. സംസ്ഥാന ലോകായുക്തയായി ജസ്റ്റിസ് ആര്‍ എ മേത്തയെ നിയമിച്ചുകൊണ്ടുള്ള ഗവര്‍ണര്‍ കമല ബനിവാളിന്റെ നടപടിയെ ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. കേസില്‍ വിധി പറഞ്ഞ ഡിവിഷന്‍ ബഞ്ചില്‍ ഏകാഭിപ്രായം ഉണ്ടായില്ല. ഡിവിഷന്‍ ബഞ്ചിലെ മുതിര്‍ന്ന ന്യായാധിപന്‍ അഖില്‍ ഖുറേഷി നിയമനത്തിന് അനുകൂലമായും മറ്റൊരംഗമായ സോണിയ ഗോകനി പ്രതികൂലമായും വിധി പ്രഖ്യാപിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൂന്നാമതൊരു ന്യായാധിപന്റെ പരിഗണനയില്‍ കേസ് വന്നതും കഴിഞ്ഞ ദിവസം വിധി പ്രഖ്യാപനമുണ്ടായതും. മൂന്നാമന്‍, ജസ്റ്റിസ് വി എം സഹായ് ലോകായുക്ത നിയമനത്തില്‍ അഖില്‍ ഖുറേഷിയുടെ വിധി അംഗീകരിക്കുകയാണുണ്ടായത്. ഈ വിധി രാഷ്ട്രീയ വൃത്തങ്ങളില്‍ മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിട്ടുള്ളത്. കോണ്‍ഗ്രസ് വൃത്തങ്ങള്‍ ഗുജറാത്ത് വിധി ന്യായത്തില്‍ ആഹ്ലാദം രേഖപ്പെടുത്തുമ്പോള്‍ ഇത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനേറ്റ തിരിച്ചടിയായി വ്യാഖ്യാനിക്കാനാണ് മോഡിയും ബി ജെ പിയും ശ്രമിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കാനും ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഗുജറാത്ത് സര്‍ക്കാരിന്റെയും മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെയും ഭരണം രാജ്യത്തെ മാധ്യമങ്ങളുടെയും ജനങ്ങളുടെയും നിരന്തരമായ നിരീക്ഷണത്തിനു വിധേയമാണ്. മറ്റൊരു സംസ്ഥാന ഗവണ്‍മെന്റും വിധേയമാകാത്ത അത്തരമൊരു നിരീക്ഷണത്തിന്റെ കാര്യകാരണങ്ങള്‍ ഇവിടെ ആവര്‍ത്തിക്കേണ്ടതില്ല. മോഡി ഭരണമേറ്റെടുത്തതിനെ തുടര്‍ന്ന് നിലവിലുണ്ടായിരുന്ന ലോകായുക്ത രാജിവച്ചൊഴിഞ്ഞിരുന്നു. തല്‍സ്ഥാനത്തേയ്ക്ക് പുതിയ നിയമനം നടത്തുന്നതിനുപകരം തന്റെ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യംവച്ച് അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കുകയാണ് നരേന്ദ്രമോഡി ചെയ്തത്. സംസ്ഥാന നിയമസഭ പാസാക്കിയ ലോകായുക്ത നിയമത്തിന് അനുസൃതമായി ജസ്റ്റിസ് ആര്‍ എ മേത്തയെ നിയമിക്കാനുള്ള ചീഫ് ജസ്റ്റിസ് മുഖോപാദ്ധ്യയുടെ നിര്‍ദേശത്തില്‍ തീരുമാനമെടുക്കാതെ മോഡി സര്‍ക്കാര്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള മറ്റൊരു ജഡ്ജിയെ തല്‍സ്ഥാനത്തേയ്ക്ക് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുകയായിരുന്നു. മോഡി സര്‍ക്കാരിന്റെ ഇംഗിതത്തിനു വഴങ്ങാന്‍ ചീഫ് ജസ്റ്റിസ് തയ്യാറാവതെ വന്ന സാഹചര്യത്തില്‍ ലോകായുക്ത നിയമം തന്നെ ഭേദഗതി ചെയ്യാനായി ബി ജെ പി നീക്കം. ലോകായുക്ത നിയമനത്തില്‍ ചീഫ്ജസ്റ്റിസിനും ഗവര്‍ണക്കുമുള്ള അധികാരങ്ങള്‍ നിഷേധിക്കുകയെന്നതായിരുന്നു ആ നീക്കത്തിന്റെ ഉദ്ദേശം. ആ നീക്കത്തിനു തടയിടുകയായിരുന്നു 2011 ഓഗസ്റ്റ് 25 ന് ജസ്റ്റിസ് മേത്തയെ നിയമിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ ഉത്തരവ്.
ബി ജെ പി മുഖ്യമന്ത്രിയായിരുന്ന കര്‍ണാടകയിലെ യദ്യൂരപ്പയുടെ സ്ഥാനം തെറുപ്പിച്ചത് ആ സംസ്ഥാനത്തെ ലോകായുക്തയാണ്. അഴിമതിക്കെതിരെ ഫലപ്രദവും ശക്തവുമായി ഇടപെടാന്‍ കഴിയുന്ന സംവിധാനമാണ് ലോകായുക്ത എന്നത് കര്‍ണാടക അനുഭവം വ്യക്തമാക്കുന്നു. ഗുജറാത്തില്‍ മോഡി നേതൃത്വം നല്‍കുന്ന ഫാസിസ്റ്റ് ഭരണസംവിധാനത്തിനു മരണമണി മുഴക്കാന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ലോകായുക്തയ്ക്ക് കഴിയും. അത് മറ്റാരെക്കാളും നന്നായി തിരിച്ചറിയുന്നത് മോഡി തന്നെയാണ്. രാഷ്ട്രീയമായ തിരിച്ചടികള്‍ക്കും അനിശ്ചിതത്വത്തിനു നടുവിലും ബി ജെ പിയുടെ ഭരണ മോഹത്തെ നിലനിര്‍ത്തുന്നത് മോഡിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന വമ്പന്‍ അഴിമതികളും ബി ജെ പിക്കു നല്‍കുന്ന ധനശക്തിയുമാണ്. അതാണ് ബി ജെ പിയെയും നരേന്ദ്രമോഡിയെയും ഇപ്പോഴത്തെ വിധി വിറളിപിടിപ്പിക്കുന്നത്. ഗുജറാത്തിലെ ഈ പ്രത്യേക കേസ് ഫെഡറല്‍ സംവിധാനത്തിന്റെയോ ഭരണഘടനയുടെയോ പ്രശ്‌നമല്ല. അത് കേവലം രാഷ്ട്രീയ ധാര്‍മികതയുടെ പ്രശ്‌നമാണ്.
ലോക് പാല്‍ ബില്ലിനെ രാജ്യസഭയില്‍ പരാജയപ്പെടുത്താന്‍ ബി ജെ പി നടത്തിയ നാടകത്തിന്റെ യഥാര്‍ഥ ലക്ഷ്യം എന്താണെന്ന് ഗുജറാത്ത് കോടതി വിധിയും അത് ബി ജെ പിക്കുണ്ടാക്കുന്ന അങ്കലാപ്പും വിശദീകരിക്കും. ഫലപ്രദമായ ലോകായുക്ത അഴിമതിക്കെതിരായ ഭരണഘടനാപരമായ മുന്നുറപ്പാണ്. കര്‍ണാടകയിലെ യദ്യൂരപ്പ ഗവണ്‍മെന്റ് ആ നിയമത്തിന്റെ ഇരയാണ്. അഴിമതി ഭരണത്തിനു മാത്രമല്ല തങ്ങളുടെ നിലനില്‍പ്പിനുതന്നെ അത് അന്ത്യം കുറിക്കുമെന്ന തിരിച്ചറിവാണ് ബി ജെ പിയെയും മോഡിയെയും ഗുജറാത്ത് കോടതി വിധി പ്രകോപിപ്പിക്കുന്നത്. ഗവര്‍ണര്‍മാരുടെ പക്ഷപാതിത്വവും ഫെഡറല്‍ തത്വങ്ങളുടെ ലംഘനവും ഈ രാജ്യത്ത് പുതിയ വിഷയമല്ല. അത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലമാക്കുന്നുവെന്നതിനു കേരളത്തിന്റേതടക്കം ഉദാഹരണങ്ങള്‍ നിരവധിയാണ്. ഗവര്‍ണര്‍ പദവിയെ സ്വന്തം ചട്ടുകമായി ഉപയോഗപ്പെടുത്താന്‍ കാലാകാലങ്ങളില്‍ കോണ്‍ഗ്രസും ബി ജെ പിയും മാറി മാറി ശ്രമിച്ചിട്ടുണ്ട്. അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വികാസവും ശക്തിപ്പെടുത്തലുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. ഇവിടെ പ്രസക്തമായത് രാഷ്ട്രീയ ധാര്‍മികതയും അഴിമതിക്കെതിരായ നിയമസംവിധാനവുമാണ്.
*
ജനയുഗം മുഖപ്രസംഗം 20 ജനുവരി 2012
Subscribe to:
Post Comments (Atom)
1 comment:

Post a Comment