പ്രാഥമികമായ കാര്യങ്ങളെക്കുറിച്ച് വിവരമുണ്ടോ ഇല്ലയോ എന്നതല്ല കാര്യം; ദോഷൈകദൃക്കാണോ അതോ ശുഭാപ്തി വിശ്വാസിയാണോ എന്നതുമല്ല കാര്യം. സംഭവങ്ങളോട് ഉത്തരവാദിത്വം പുലര്‍ത്തുന്നുണ്ടോ ഇല്ലയോ എന്നതുമല്ല കാര്യം. ചരിത്രകാരന്മാരെന്ന് സ്വയം പ്രഖ്യാപിക്കുന്നവര്‍ക്ക് ലോക കാര്യങ്ങളെക്കുറിച്ച് ഒന്നുമറിയില്ലെങ്കില്‍ അവരെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുക തന്നെ വേണം. പൊതുവായുള്ള സാധനങ്ങളെ കഴിഞ്ഞ ഏതാനും സഹസ്രാബ്ദങ്ങള്‍ക്കുള്ളില്‍ സമ്പന്നവര്‍ഗത്തിനുവേണ്ടി അധികാരത്തിന്റെയും സമ്പത്തിന്റെയും ഉപകരണങ്ങളാക്കി മാറ്റിത്തീര്‍ത്തവരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. കഴിഞ്ഞ എണ്ണായിരമോ പതിനായിരമോ കൊല്ലങ്ങള്‍ക്കുള്ളില്‍ ക്രൂരതയ്ക്കുള്ള വ്യക്തമായ രേഖകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍മൂലം ഉണ്ടാക്കപ്പെട്ടിട്ടുണ്ട്. ശാസ്ത്രജ്ഞരുടെ അഭിപ്രായം അനുസരിച്ച് ഏതാണ്ട് 1,80,000 കൊല്ലക്കാലമായി ചിന്തിക്കുന്ന മനുഷ്യര്‍ എന്ന നിലയിലുള്ള നിലനില്‍പ്പ് ആര്‍ജ്ജിച്ച നമ്മുടെ സ്പീഷീസുകളുടെ സാമൂഹ്യമായ പ്രവര്‍ത്തനങ്ങളില്‍ ആ ക്രൂരതകളുടെ ചില അംശങ്ങള്‍ ഇപ്പോഴും ദൃശ്യമാണ്.
അച്ചടിമാധ്യമങ്ങള്‍ തൊട്ട് വില കൂടിയ ത്രിമാന ദൃശ്യമാധ്യമങ്ങള്‍ വരെയുള്ള മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ തുടര്‍ച്ചയായി അറിഞ്ഞുകൊണ്ടിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം നീരസം ഉളവാക്കുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുക എന്നതല്ല എന്റെ ഉദ്ദേശം. അവിശ്വസനീയമായ വിധത്തില്‍ ടെലിവിഷന്‍ രംഗങ്ങളില്‍ അത്തരം വാര്‍ത്തകള്‍ പ്രമുഖ സ്ഥാനം പിടിച്ചുവെന്നുമിരിക്കും. നമ്മെയെല്ലാം അടക്കിവാഴുന്ന സാമ്രാജ്യത്തിന്റെ ഹൃദയത്തില്‍ അധിഷ്ഠിതമാണ് ഒഴിവുസമയ വിനോദ വ്യവസായം എന്നത്. ഞാന്‍ ശ്രമിക്കുന്നത് ഇതിന്നാണ്: പാതാളത്തിലേക്കുള്ള ഈ യാത്രയെക്കുറിച്ച് സംസാരിക്കുന്നതിനായി തുടക്കം തൊട്ടേ തയ്യാറാവുക. അപ്രതിരോധ്യമായ ഒരു മാര്‍ച്ചിനെക്കുറിച്ചുപോലും എനിക്ക് സംസാരിക്കാന്‍ കഴിയും. എന്നാല്‍ ഞാന്‍ യാഥാര്‍ത്ഥ്യത്തിന് തൊട്ടടുത്ത് നില്‍ക്കേണ്ടിയിരിക്കുന്നു. ഈ ഭൂമണ്ഡലത്തിലെ മനുഷ്യജീവികളില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള മതസിദ്ധാന്തങ്ങളില്‍ അന്ത്യവിധി എന്ന ആശയം രൂഢമൂലമായി കാണാം. അവയെ ആരുംതന്നെ ദോഷൈകദൃക്കെന്ന് വിശേഷിപ്പിയ്ക്കാറില്ല. നേരെമറിച്ച്, ഇന്നത്തെ ലോകത്തില്‍ നാടകീയമായും ദ്രുതവേഗത്തിലും വന്നടുത്തുകൊണ്ടിരിക്കുന്ന ഈ സംഭവത്തെ നീട്ടിവെയ്ക്കുന്നതിന്, അഥവാ കഴിയുമെങ്കില്‍ തടഞ്ഞുനിര്‍ത്തുന്നതിനുവേണ്ടി സമരം ചെയ്യുക എന്നത്, ഗൗരവബോധത്തോടെ ചിന്തിയ്ക്കുന്ന സ്ഥിരബുദ്ധിയുള്ള എല്ലാവരുടെയും പ്രാഥമികമായ കടമയാണെന്ന് (അത്തരക്കാര്‍ ദശലക്ഷക്കണക്കിനുണ്ട്) ഞാന്‍ കരുതുന്നു.
നിരവധി അപകടങ്ങള്‍ നമ്മെ ഇന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ അവയില്‍ രണ്ടെണ്ണമാണ് ഏറ്റവും നിര്‍ണായകം:- ആണവയുദ്ധവും കാലാവസ്ഥാ മാറ്റവും ആണവ. അവ രണ്ടും തന്നെ, പരിഹാരം കാണാന്‍ കഴിയാത്തത്ര വിധത്തില്‍ അകന്നുനില്‍ക്കുകയും ചെയ്യുന്നു. അമേരിക്കന്‍ ഐക്യനാടുകളും അതിന്റെ ശക്തവും വ്യവസ്ഥാരഹിതവുമായ സഖ്യകക്ഷികളും ലോകത്തിന്നുമേല്‍ കെട്ടിയേല്‍പിച്ചിട്ടുള്ള സ്വേച്ഛാധിപത്യത്തിന്റെ ഈ രണ്ടു പ്രശ്നങ്ങളിലുമുള്ള വഞ്ചനാപരമായ ഭാഷയും പ്രഖ്യാപനങ്ങളും പ്രസംഗങ്ങളും ഈ സന്ദര്‍ഭത്തില്‍ ഒട്ടുംതന്നെ സംശയത്തിന്നിടം നല്‍കുന്നില്ല. 2012 ജനുവരി 1ന്റെ പാശ്ചാത്യ, ക്രിസ്ത്യന്‍ പുതുവല്‍സരം, ക്യൂബന്‍ വിപ്ലവത്തിന്റെ വിജയത്തിന്റെ വാര്‍ഷികം കൂടിയാണ്; 1962 ഒക്ടോബറിലെ മിസൈല്‍ പ്രതിസന്ധിയുടെ അമ്പതാം വാര്‍ഷികം കൂടിയാണത്. അന്നത്തെ മിസൈല്‍ പ്രതിസന്ധിയാണല്ലോ ലോകത്തെ, ഒരു ആണവയുദ്ധത്തിന്റെ വക്കില്‍ കൊണ്ടെത്തിച്ചത്. ഈ വരികള്‍ കുറിയ്ക്കുന്നതിന് ഞാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നത് അതുകൊണ്ടാണ്. അമേരിക്കന്‍ ജനങ്ങളുടെമേല്‍ അഥവാ അഭൂതപൂര്‍വമായ ഈ സാഹസപ്രവൃത്തിയില്‍ അമേരിക്കയുമായി കൂട്ടു കൂടിയിരുന്ന മറ്റേതെങ്കിലും രാജ്യത്തിലെ ജനങ്ങളുടെമേല്‍ , കുറച്ചെങ്കിലും കുറ്റം ചുമത്തുകയായിരുന്നു എന്റെ ലക്ഷ്യമെങ്കില്‍ , എന്റെ വാക്കുകള്‍ക്ക് യാതൊരു അര്‍ഥവും ഉണ്ടാകുമായിരുന്നില്ല. ലോകത്തിലെ മറ്റ് ജനങ്ങളെപോലെത്തന്നെ അവരും ഈ ദുരന്തത്തിന്റെ അനിവാര്യമായ ഇരകളായിത്തീരുമായിരുന്നു. തൊഴിലില്ലായ്മയും പട്ടിണിയും വരുമാനം വെട്ടിച്ചുരുക്കലും വായ്പകളും വിവേചനങ്ങളും കള്ളക്കണക്കുകളും രാഷ്ട്രീയകുതന്ത്രങ്ങളും കാരണം പ്രതിഷേധം പ്രകടിപ്പിയ്ക്കാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്ന, അതുമൂലം വ്യവസ്ഥാപിതമായ ഭരണകൂടങ്ങളുടെ രക്ഷകര്‍ത്താക്കളുടെ പൈശാചികമായ അടിച്ചമര്‍ത്തലിന്ന് ഇരയായിത്തീരേണ്ടിവരുന്ന, ജനങ്ങളുടെ കടുത്ത അമര്‍ഷത്തിന്റെ പ്രകടനമാണ് ഈയിടെ യൂറോപ്പിലും മറ്റിടങ്ങളിലും ഉണ്ടായ സംഭവങ്ങള്‍ .
പ്രപഞ്ചത്തിലെ അറിയപ്പെടുന്ന ഒരേയൊരു അധിവാസയോഗ്യമായ ഗോളമാണ് നമ്മുടെ ഭൂമി. ഇനി അഥവാ അങ്ങനെ അധിവാസയോഗ്യമായ മറ്റൊന്നുണ്ടെങ്കില്‍ അത്, സെക്കന്‍റില്‍ 3 ലക്ഷം കിലോമീറ്റര്‍ എന്ന പ്രകാശ വേഗതയില്‍ നൂറുകണക്കിന് പ്രകാശവര്‍ഷങ്ങള്‍ താണ്ടിച്ചെന്നാലാണ് നാം കണ്ടെത്തുക. അങ്ങനെയുള്ള ഈ ഒരേയൊരു ഗോളത്തെ മുഴുവന്‍ ബാധിക്കുന്ന സൈനിക സാങ്കേതിക വിദ്യകളെക്കുറിച്ച് നാം അടിയ്ക്കടി കേട്ടുകൊണ്ടിരിക്കുന്നുണ്ട്. വിസ്മയകരമായ, ചിന്തിക്കുന്ന മനുഷ്യസ്പീഷീസുകള്‍ ഈ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാവുകയാണെങ്കില്‍ , ചിന്തിയ്ക്കാന്‍ കഴിവുള്ള മറ്റൊരു സ്പീഷീസ് വീണ്ടും ഉരുത്തിരിഞ്ഞുവരുന്നതിന് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കടന്നുപോകേണ്ടിവരും. 1859ല്‍ ഡാര്‍വിന്‍ കണ്ടുപിടിച്ചതും ഇന്ന് ലോകത്തെങ്ങുമുള്ള വിശ്വാസികളും അവിശ്വാസികളുമായ, ചിന്താശീലമുള്ള ശാസ്ത്രജ്ഞന്മാരെല്ലാം അംഗീകരിച്ചതുമായ സ്പീഷീസുകളുടെ പരിണാമത്തെ സംബന്ധിച്ച പ്രകൃതിസിദ്ധമായ തത്വം സിദ്ധാന്തിക്കുന്നത് അങ്ങനെയാണല്ലോ.
മാനവരാശിയെ ഇന്ന് അഭിമുഖീകരിക്കുന്ന തരത്തിലുള്ള അപകടം, മാനവരാശിയുടെ ചരിത്രത്തില്‍ മറ്റൊരു കാലഘട്ടത്തിലും ഇതിനു മുമ്പൊരിയ്ക്കലും അനുഭവിയ്ക്കേണ്ടി വന്നിട്ടില്ല. 85 വര്‍ഷക്കാലം ജീവിച്ച എന്നെപ്പോലെയുള്ള ആളുകള്‍ ഒന്നാമത്തെ ആറ്റോമിക് ബോംബ് ഉണ്ടാക്കപ്പെടുന്നതിനുമുമ്പ് തന്നെ, 18 വര്‍ഷക്കാലം ജീവിച്ചു കഴിഞ്ഞിരുന്നു. ഹൈസ്കൂള്‍ ഡിപ്ലോമ പാസ്സായിക്കഴിഞ്ഞിരുന്നു. ഇന്നാകട്ടെ, ഇത്തരത്തിലുള്ള എത്രയോ ആറ്റംബോംബുകള്‍ ഉപയോഗിക്കാന്‍ തയ്യാറാക്കിവെയ്ക്കപ്പെട്ടിട്ടുണ്ട്. ഹിരോഷിമ, നാഗസാക്കി എന്നീ നഗരങ്ങളില്‍ സൂര്യന്റെയത്ര ഉഷ്ണം വിതച്ച ബോംബുകളേക്കാള്‍ എത്രയോ പതിന്മടങ്ങ് ശക്തമായ ബോംബുകള്‍! അവ തമ്മില്‍ താരതമ്യം ചെയ്യുന്നതിനുപോലും കഴിയുകയില്ല. അങ്ങനെയുള്ള ആയിരക്കണക്കിന് ആറ്റംബോംബുകള്‍! പരസ്പരമുണ്ടാക്കിയ കരാറുകളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ത്തന്നെ വിന്യസിച്ചിട്ടുള്ള നിരവധി ആയുധങ്ങളോടൊപ്പം, ഇത്തരത്തിലുള്ള മറ്റെത്രയോ ആയുധങ്ങളും ആയുധപ്പുരകളില്‍ സജ്ജമാക്കി വെച്ചിട്ടുണ്ട് - 20,000ത്തിലധികം ആണവ മിസൈലുകള്‍ ഉണ്ടാകും എന്നാണ് ഒരു കണക്ക്. ഇതില്‍ നൂറെണ്ണം എടുത്തുപയോഗിച്ചാല്‍ മതി, ഈ ഭൂഗോളത്തിലെ ജീവജാലങ്ങളെല്ലാം ഏതാനും നിമിഷത്തിന്നുള്ളില്‍ കത്തിച്ചാമ്പലാവാന്‍ . ന്യൂജേഴ്സിയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സറായ അലന്‍ റോബോക്ക് എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ , കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കണക്കുകള്‍ നിരത്തിക്കൊണ്ട് ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയില്‍ ആണവയുദ്ധത്തിന്റെ ഭീഷണി അധികമധികം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകസംഭവങ്ങളെ ഗൗരവത്തോടെ വിശകലനം ചെയ്യുന്ന ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. അവിടെ ഇസ്രയേലില്‍ പൂര്‍ണമായും യുദ്ധസജ്ജമാക്കപ്പെട്ട നൂറുകണക്കിന് ആണവ ആയുധങ്ങള്‍ കുന്നുകൂട്ടിവെച്ചിരിക്കുകയാണ്. ആ രാഷ്ട്രം കരുത്തുറ്റ ആണവശക്തിയാണെന്ന കാര്യം അമേരിക്ക നിഷേധിക്കുന്നുമില്ല, അംഗീകരിക്കുന്നുമില്ല. തിരിച്ചടിയ്ക്കാന്‍ കഴിവുണ്ടെന്ന കാര്യത്തില്‍ സംശയമൊട്ടുമില്ലാത്ത റഷ്യയെ ചുറ്റിപ്പറ്റിയും സംഘര്‍ഷം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. യൂറോപ്യന്‍ ആണവ കവചത്തില്‍നിന്നുള്ള ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണത്. യൂറോപ്യന്‍ ആണവ കവചം ഉണ്ടാക്കപ്പെട്ടിരിക്കുന്നത്, ഇറാനില്‍നിന്നും വടക്കന്‍ കൊറിയയില്‍നിന്നും റഷ്യയെ സംരക്ഷിക്കുന്നതിനു കൂടി വേണ്ടിയിട്ടാണെന്ന അമേരിക്കയുടെ വിശദീകരണം എത്രമാത്രം പരിഹാസ്യമാണ്. യുദ്ധം കെട്ടഴിച്ചുവിടാന്‍ സാധ്യതയുള്ള നടപടികളെ സംബന്ധിച്ച് മുന്‍കൂട്ടി ചര്‍ച്ച നടത്താന്‍ തങ്ങള്‍ തയ്യാറാണ് എന്ന് ഉറപ്പുപറയാന്‍ പോലും സന്നദ്ധമാകാത്ത രാഷ്ട്രമാണ് ഇസ്രയേല്‍ എന്നിരിക്കെ, അമേരിക്കയുടെ ന്യായീകരണം എത്രമാത്രം ദുര്‍ബലമാണ്!
നേരെമറിച്ച് മാനവരാശിയ്ക്ക് സ്വകാര്യതയേയും സുരക്ഷിതത്വത്തേയും സംബന്ധിച്ച് യാതൊരു ഉറപ്പും എവിടെനിന്നും ലഭിക്കുന്നില്ല. ലോകത്തിലെ ഏതൊരു രാജ്യത്തിലേയും വീടുകളിലെ മട്ടുപ്പാവുകളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ചാരക്കണ്ണുകളോടെ വീക്ഷിക്കുന്നതിനായി അമേരിക്ക തൊടുത്തുവിട്ടിട്ടുള്ള കൃത്രിമ ഉപഗ്രഹങ്ങള്‍കൊണ്ട് നമ്മുടെ സമീപബഹിരാകാശം മുഴുവനും നിറഞ്ഞിരിക്കുകയാണ്. ഓരോ കുടുംബത്തിന്റെയും ഓരോ വ്യക്തിയുടെയും ജീവിതവും സ്വഭാവങ്ങളും നിരന്തരം നിരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കോടിക്കണക്കിന് സെല്‍ഫോണുകളും അവയിലൂടെ നടന്നുകൊണ്ടിരിക്കുന്ന സംഭാഷണങ്ങളും ഇന്ന് ഒരു രഹസ്യമേ അല്ല; അമേരിക്കയുടെ രഹസ്യസര്‍വീസ് അതെല്ലാം നിരന്തരം ചോര്‍ത്തിക്കൊണ്ടിരിക്കുന്നുണ്ട്.
1776ല്‍ ഫിലാഡെല്‍ഫിയയില്‍വെച്ച് ചേര്‍ന്ന കോണ്‍ടിനെന്‍റല്‍ കോണ്‍ഗ്രസ്സില്‍വെച്ച് അംഗീകരിയ്ക്കപ്പെട്ട ഭരണഘടനയനുസരിച്ച്, ആ രാഷ്ട്രത്തിന്റെ ഗവണ്‍മെന്‍റ് ഉണ്ടാക്കിയ നിയമസംഹിതയില്‍ പ്രഖ്യാപിക്കുന്നത്, എല്ലാ മനുഷ്യരും സ്വതന്ത്രരായാണ് ജനിക്കുന്നത് എന്നും സ്രഷ്ടാവ് എല്ലാവര്‍ക്കും ചില അവകാശങ്ങള്‍ അനുവദിച്ചു നല്‍കുന്നുണ്ട് എന്നുമാണ്. എന്നാല്‍ അത്തരം അവകാശങ്ങളൊന്നും ഇന്ന് ആര്‍ക്കും അനുഭവിയ്ക്കാന്‍ കഴിയുന്നില്ല. അമേരിക്കയിലും ലോകത്തെവിടെയും അവസ്ഥ അതാണ്. സ്വന്തം കുടുംബാംഗങ്ങളുമായും കൂട്ടുകാരുമായും ടെലഫോണിലൂടെ സ്വന്തം വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനുപോലും സാധ്യമല്ല.
യുദ്ധം എന്നത് സംഭവിയ്ക്കാന്‍ സാധ്യതയുള്ള ഒരു ദുരന്തം തന്നെയാണ്. അത് സംഭവിയ്ക്കാനുള്ള സാധ്യത വളരെയധികം ഉണ്ടുതാനും. എന്നാല്‍ അതിനെ അകറ്റിനിര്‍ത്താന്‍ , അനിശ്ചിതകാലത്തേക്ക് മാറ്റിനിര്‍ത്താന്‍ മാനവരാശിയ്ക്ക് കഴിഞ്ഞെന്നുവരാം. എന്നാല്‍ അത്രതന്നെ നാടകീയവും അപകടകരവുമായ മറ്റൊരു സംഭവം ഇപ്പോള്‍ വര്‍ധിച്ച തോതില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാമാറ്റമാണത്. ആഗോള പ്രശസ്തരായ ശാസ്ത്രജ്ഞന്മാരും വിദഗ്ദ്ധന്മാരും സിനിമകളിലൂടെയും ഡോക്യുമെന്‍ററികളിലൂടെയും വിശദീകരിച്ച കാര്യങ്ങള്‍ (അക്കാര്യങ്ങളെ ഇതുവരെ ആരും ചോദ്യം ചെയ്തിട്ടുമില്ല) മാത്രം ഞാനിവിടെ പരാമര്‍ശിയ്ക്കാം.
പരിസ്ഥിതിയെ സംബന്ധിച്ച ക്യോട്ടോ കരാറിനെ അമേരിക്കന്‍ ഗവണ്‍മെന്‍റ് എതിര്‍ക്കുന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാഷ്ട്രങ്ങളുടെ നിലപാടുമായിപ്പോലും യോജിച്ചുപോകുന്ന നിലപാടല്ല അമേരിക്കയുടേത്. ഈ സഖ്യരാഷ്ട്രങ്ങളില്‍ പലതിന്റെയും ഭൂവിഭാഗങ്ങളെ കാലാവസ്ഥാ വ്യതിയാനം വളരെ ദോഷകരമായി ബാധിയ്ക്കാനിടയുണ്ട്. ഹോളണ്ടിനെപോലെയുള്ള ചില രാഷ്ട്രങ്ങള്‍ ഭൂമുഖത്തുനിന്ന് പൂര്‍ണമായും അപ്രത്യക്ഷമാവുകപോലും ചെയ്യും. വളരെ ഗുരുതരമായ ഈ പ്രശ്നത്തില്‍ യുക്തമായ ഒരു നയമില്ലാതെയാണ് ഈ ഭൂഗോളം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ ശുദ്ധജലത്തില്‍ 90 ശതമാനവും ഒത്തുചേര്‍ന്നു കിടക്കുന്ന അന്‍റാര്‍ട്ടിക്കയിലേയും ഗ്രീന്‍ലാണ്ടിലേയും മഞ്ഞുപാളികള്‍ ഉരുകിയൊലിച്ചുകൊണ്ടിരിക്കുകയാണ്; കടല്‍നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെ ജനസംഖ്യയാകട്ടെ, 2011 നവംബര്‍ 30ന് 700 കോടി തികയുകയും ചെയ്തിരിക്കുന്നു. ലോകത്തിന്റെ കൂടുതല്‍ ദരിദ്രമായ ഭാഗങ്ങളില്‍ ജനസംഖ്യ അനിവാര്യമായ വിധത്തില്‍ തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിയ്ക്കുകയാണുതാനും.
കഴിഞ്ഞ 50 കൊല്ലക്കാലമായി മറ്റ് രാജ്യങ്ങളെ ബോംബിട്ടു തകര്‍ക്കാനും ദശലക്ഷക്കണക്കിന് ജനങ്ങളെ കൊല്ലാനും കോപ്പുകൂട്ടിയിരിക്കുന്നവര്‍ക്ക്, മറ്റുള്ളവരുടെ ദുരന്തഭാവിയെക്കുറിച്ച് ഉല്‍ക്കണ്ഠയുണ്ടായിരിക്കും എന്ന് കരുതുന്നതില്‍ അര്‍ഥമുണ്ടോ? ഇന്ന് യുദ്ധത്തിന് പ്രോല്‍സാഹനം നല്‍കുന്ന രാജ്യം മാത്രമല്ല അമേരിക്കന്‍ ഐക്യനാടുകള്‍ . ലോകത്തില്‍വെച്ച് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഉല്‍പാദിപ്പിയ്ക്കുകയും കയറ്റിയയയ്ക്കുകയും ചെയ്യുന്ന രാജ്യം കൂടിയാണ് അമേരിക്ക. സൗദി അറേബ്യ എന്ന രാജ്യത്തുനിന്ന് അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ ദിനംപ്രതി ഒരു കോടി ബാരല്‍ എണ്ണയാണ് കുഴിച്ചെടുത്തു കൊണ്ടിരിക്കുന്നത്; മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ 100 കോടി ഡോളര്‍ എണ്ണയ്ക്കുവേണ്ടി ദിനംപ്രതി ചെലവാക്കിക്കൊണ്ടിരിക്കുന്നു. അടുത്ത ഏതാനും കൊല്ലത്തിന്നുള്ളില്‍ സൗദി അറേബ്യയ്ക്ക് 6000 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി കൊള്ളാമെന്നാണ് അമേരിക്ക കരാറുണ്ടാക്കിയിരിക്കുന്നത്! സൗദി അറേബ്യയിലെയും സമീപ രാജ്യങ്ങളിലെയും ഇന്ധനസ്രോതസ്സുകള്‍ വറ്റിക്കഴിഞ്ഞാല്‍ എന്താണ് സംഭവിക്കുക? ശതകോടിക്കണക്കിന് കൊല്ലങ്ങള്‍കൊണ്ട് പ്രകൃതി സംഭരിച്ച് സൂക്ഷിച്ചുവെച്ചിട്ടുള്ള ഇന്ധന സ്രോതസ്സുകള്‍ ഇങ്ങനെ കൊള്ള ചെയ്തു ധൂര്‍ത്തടിയ്ക്കുന്നതിനെ അംഗീകരിയ്ക്കാന്‍ കഴിയില്ല. ഇങ്ങനെപോയാല്‍ ഭാവിയിലെ അത്യാവശ്യച്ചെലവുകള്‍ക്കുപോലും നാം വമ്പിച്ച വില കൊടുക്കേണ്ടിവരും. മനുഷ്യകുലത്തിന് ഉണ്ടെന്ന് അവകാശപ്പെടുന്ന വിശേഷ ബുദ്ധിക്ക് ഒട്ടും നിരക്കുന്നതല്ല ഈ ധൂര്‍ത്തും കൊള്ളയും.
എണ്ണമറ്റ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളിലൂടെ ഈ സ്ഥിതി, കഴിഞ്ഞ ഒരു കൊല്ലത്തിന്നുള്ളില്‍ കൂടുതല്‍ മൂര്‍ച്ഛിച്ചിരിക്കുകയാണ്. പെട്രോളിയം ശേഖരം ധൂര്‍ത്തടിക്കുന്നതില്‍നിന്നുണ്ടാകുന്ന ദുരന്തത്തിന്റെ തീവ്രത കുറയ്ക്കുന്നതിന്നല്ല ശ്രമിക്കുന്നത്; മറിച്ച് കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുന്നതിനാണ്. കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകാവുന്ന ദുരന്ത ദുഷ്ഫലങ്ങളെക്കുറിച്ച് ലോക പ്രശസ്തരായ ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. ഫ്രഞ്ച് ഡയറക്ടറായ യാന്‍ ആര്‍തസ് ബെര്‍ട്റാന്റ്സംവിധാനം ചെയ്ത "ഹോം" എന്ന പേരിലുള്ള ഡോക്യുമെന്‍ററി ചിത്രം വളരെ പ്രസിദ്ധമാണ്. 2009 മധ്യത്തില്‍ പുറത്തിറങ്ങിയ ആ ചിത്രത്തിന്റെ നിര്‍മാണത്തില്‍ ലോകപ്രശസ്തരായ പലരും പങ്കാളികളായിട്ടുണ്ട്. എന്താണ് ലോകത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്, നിഷേധിയ്ക്കാനാവാത്ത കണക്കുകള്‍ നിരത്തിക്കൊണ്ട്, ആ ചിത്രത്തിലൂടെ ബെര്‍ട്റാന്‍റ് വിശദീകരിക്കുന്നു.
ശതകോടിക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് സംഭരിച്ച് സൂക്ഷിയ്ക്കപ്പെട്ടിട്ടുള്ള ഇന്ധനസ്രോതസ്സുകള്‍ രണ്ടു നൂറ്റാണ്ടുകൊണ്ട് ഉപയോഗിച്ച് തീര്‍ക്കുന്നതുകൊണ്ടുണ്ടാകുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം യുക്തിസഹമായ രീതിയില്‍ വിവരിക്കുന്നു. ഉയര്‍ന്നതോതിലുള്ള ധൂര്‍ത്തും അനാവശ്യച്ചെലവും അല്ല അതിലെ ഏറ്റവും ഗുരുതരമായ പ്രശ്നം. മാനവരാശിയെ സംബന്ധിച്ചിടത്തോളമുള്ള ആത്മഹത്യാപരമായ പ്രത്യാഘാതങ്ങളാണ് കൂടുതല്‍ പ്രധാനം. "ഭൂമി പ്രദാനം ചെയ്ത 400 കോടി വര്‍ഷത്തെ മഹാപൈതൃകത്തില്‍നിന്നാണ് മനുഷ്യരായ നിങ്ങള്‍ നേട്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്കാകട്ടെ കേവലം 2,00,000 കൊല്ലത്തെ പ്രായമേയുള്ളൂ താനും. നിങ്ങള്‍ ഇതിനകം തന്നെ ഭൂമിയുടെ മുഖച്ഛായ മാറ്റിക്കഴിഞ്ഞു". അദ്ദേഹം ആരേയും കുറ്റപ്പെടുത്തുകയായിരുന്നില്ല; ആരേയും കുറ്റപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിയുകയുമില്ല. വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ചൂണ്ടുക മാത്രമായിരുന്നു അദ്ദേഹം. അതെന്തായാലും ഇന്ന് നമുക്കെല്ലാം അറിയാവുന്ന ഒരു കാര്യത്തെ, ഒരു വിപത്തിനെ, തടയാന്‍ യാതൊന്നും ചെയ്യാത്ത നമ്മെ, നാം സ്വയം കുറ്റപ്പെടുത്തേണ്ടിയിരിക്കുന്നു. ഈ ഡോക്യുമെന്‍ററിയുടെ നിര്‍മാതാക്കള്‍ തങ്ങളുടെ ചിത്രസങ്കലനത്തിലൂടെ, സങ്കല്‍പനത്തിലൂടെ, സ്ഥിതിവിവരക്കണക്കുകളിലൂടെ, ഒരു ദുരന്തത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നു. നാം ഗൗരവത്തോടെ പരിഗണിക്കേണ്ട ഒരു കാര്യമാണിത്.
(തുടരും)
*
ഫിദല്‍ കാസ്ട്രോ ചിന്ത വാരിക
Subscribe to:
Post Comments (Atom)
1 comment:
പ്രാഥമികമായ കാര്യങ്ങളെക്കുറിച്ച് വിവരമുണ്ടോ ഇല്ലയോ എന്നതല്ല കാര്യം; ദോഷൈകദൃക്കാണോ അതോ ശുഭാപ്തി വിശ്വാസിയാണോ എന്നതുമല്ല കാര്യം. സംഭവങ്ങളോട് ഉത്തരവാദിത്വം പുലര്‍ത്തുന്നുണ്ടോ ഇല്ലയോ എന്നതുമല്ല കാര്യം. ചരിത്രകാരന്മാരെന്ന് സ്വയം പ്രഖ്യാപിക്കുന്നവര്‍ക്ക് ലോക കാര്യങ്ങളെക്കുറിച്ച് ഒന്നുമറിയില്ലെങ്കില്‍ അവരെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുക തന്നെ വേണം. പൊതുവായുള്ള സാധനങ്ങളെ കഴിഞ്ഞ ഏതാനും സഹസ്രാബ്ദങ്ങള്‍ക്കുള്ളില്‍ സമ്പന്നവര്‍ഗത്തിനുവേണ്ടി അധികാരത്തിന്റെയും സമ്പത്തിന്റെയും ഉപകരണങ്ങളാക്കി മാറ്റിത്തീര്‍ത്തവരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. കഴിഞ്ഞ എണ്ണായിരമോ പതിനായിരമോ കൊല്ലങ്ങള്‍ക്കുള്ളില്‍ ക്രൂരതയ്ക്കുള്ള വ്യക്തമായ രേഖകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍മൂലം ഉണ്ടാക്കപ്പെട്ടിട്ടുണ്ട്. ശാസ്ത്രജ്ഞരുടെ അഭിപ്രായം അനുസരിച്ച് ഏതാണ്ട് 1,80,000 കൊല്ലക്കാലമായി ചിന്തിക്കുന്ന മനുഷ്യര്‍ എന്ന നിലയിലുള്ള നിലനില്‍പ്പ് ആര്‍ജ്ജിച്ച നമ്മുടെ സ്പീഷീസുകളുടെ സാമൂഹ്യമായ പ്രവര്‍ത്തനങ്ങളില്‍ ആ ക്രൂരതകളുടെ ചില അംശങ്ങള്‍ ഇപ്പോഴും ദൃശ്യമാണ്.
Post a Comment