Wednesday, January 25, 2012

ആശാന്റെ സീതാകാവ്യത്തില്‍നിന്ന് ആത്മകഥയിലേക്ക്

ആറുപതിറ്റാണ്ടോളം നീണ്ട സാഹിത്യ ജീവിതത്തില്‍ വിവര്‍ത്തനങ്ങളുള്‍പ്പെടെ 35ലേറെ പുസ്തകങ്ങള്‍ . 1954ല്‍ ആശാന്റെ സീതാകാവ്യത്തില്‍ തുടങ്ങി 2011 ഡിസംബര്‍ 21ന് പുറത്തിറങ്ങിയ ആത്മകഥയുടെ രണ്ടാംഭാഗത്തില്‍ എത്തിനില്‍ക്കുന്ന രചനാപര്‍വം. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും എഴുത്തച്ഛന്‍ പുരസ്കാരവുമുള്‍പ്പെടെ വലുതും ചെറുതുമായി നൂറോളം പുരസ്കാരങ്ങള്‍ . എഴുത്തും വായനയും പ്രഭാഷണവും ജീവിത വ്രതമാക്കിയ അഴീക്കോടിന്റെ ജീവിതസമ്പാദ്യവും ഇതുതന്നെ. ആശാന്റെ സീതാകാവ്യം, രമണനും മലയാള കവിതയും, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, തത്വമസി, മലയാള സാഹിത്യ വിമര്‍ശനം, വിശ്വസാഹിത്യ പഠനങ്ങള്‍ , ഖണ്ഡനവും മണ്ഡനവും, ഗുരുവിന്റെ ദുഃഖം, ഭാരതീയത, ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ തുടങ്ങിയ പുസ്തകങ്ങളെല്ലാം അകക്കാമ്പുള്ളവ. വിശ്വസാഹിത്യ വിമര്‍ശംമുതല്‍ ഇന്ത്യന്‍ ദാര്‍ശനികതയുടെ അടിത്തട്ടുതേടിയുള്ള അന്വേഷണംവരെ വ്യാപിച്ചുകിടക്കുന്ന സാഹിത്യ സപര്യയില്‍നിന്നുയിര്‍ക്കൊണ്ടത് 35 ലേറെ പുസ്തകങ്ങള്‍ . ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ ഭാഷകളിലേക്ക് ഒന്നിലേറെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു.

മലയാളത്തില്‍ ആദ്യമായി ഒരു ഖണ്ഡകാവ്യത്തെ ആസ്പദമാക്കിയുള്ള സൂക്ഷ്മ വിശകലനമാണ് "ആശാന്റെ സീതാകാവ്യ"ത്തിലൂടെ അദ്ദേഹം കൈരളിക്ക് സമ്മാനിച്ചത്. കൊട്ടിഘോഷിക്കപ്പെട്ട കവിയുടെ മോശം കവിതയെന്നാണ് ചങ്ങമ്പുഴയുടെ രമണനെ "രമണനും മലയാള കവിതയും" എന്ന കൃതിയില്‍ വിമര്‍ശിക്കുന്നത്. വിമര്‍ശന സാഹിത്യത്തില്‍ അന്നത്തെ സിംഹങ്ങളായിരുന്ന മുണ്ടശ്ശേരി-കുട്ടികൃഷ്ണമാരാര്‍ - എം പി പോള്‍ ത്രയത്തിന്റെ അരങ്ങിലേക്ക് കൗമാരം വിട്ടിട്ടില്ലാത്ത അഴീക്കോടിനെ കയറ്റിനിര്‍ത്തിയത് ആശാന്റെ സീതാകാവ്യം, രമണനും മലയാള കവിതയും, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്നീ കൃതികളാണ്.

ഇന്ത്യന്‍ ആത്മീയതയുടെ ദാര്‍ശനികസത്യത്തിന്റെ വേരുതേടിയുള്ള യാത്രയാണ് തത്വമസി. സന്യാസിയല്ലാത്ത ലൗകികന്‍ ആത്മീയതയുടെ ആഴങ്ങളിലേക്ക് നടത്തിയ യാത്രയിലെ കാഴ്ചകളാണ് "തത്വമസി"യായി വായനക്കാരന് മുന്നില്‍ സമര്‍പ്പിച്ചത്. അഴീക്കോടിന് കേന്ദ്രഅക്കാദമി അവാര്‍ഡുള്‍പ്പെടെ 50ലേറെ പുരസ്കാരങ്ങള്‍ നേടിക്കൊടുത്തത് ഈ കൃതിയാണ്. പുരോഗമന സാഹിത്യവും മറ്റും, മഹാത്മാവിന്റെ മാര്‍ഗം, മലയാള സാഹിത്യ പഠനങ്ങള്‍ , വായനയുടെ സ്വര്‍ഗത്തില്‍ , മഹാകവി ഉള്ളൂര്‍ , എന്തിനു ഭാരതധരേ, അഴീക്കോടിന്റെ സംഭാഷണങ്ങള്‍ , അഴീക്കോടിന്റെ ഫലിതങ്ങള്‍ , പാതകള്‍ കാഴ്ചകള്‍ തുടങ്ങിയവ ശ്രദ്ധേയ കൃതികളാണ്. 21-ാം വയസ്സില്‍ പുറത്തുവന്ന "ആശാന്റെ സീതാകാവ്യ"ത്തില്‍ നിന്ന് ആത്മകഥയിലേക്കെത്തുമ്പോഴേക്കും ആ ജീവിതം തുറന്ന പുസ്തകംപോലെ കേരളീയര്‍ക്ക് ഹൃദിസ്ഥം. നിറംമങ്ങാത്ത ഓര്‍മകള്‍ സഹൃദയര്‍ക്കുമുന്നില്‍ മാഷ് ആത്മകഥയായി സമര്‍പ്പിച്ചത് 83-ാം വയസ്സില്‍ . അതിന്റെ അവസാനഭാഗം ഡിസംബര്‍ 21ന് അമല ആശുപത്രിയിലെ രോഗക്കിടക്കയില്‍ കിടന്നാണ് പ്രകാശനം ചെയ്തത്.

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും കേരള സാഹിത്യ അക്കാദമി പുരസ്കാരം രണ്ടുതവണയും അഴീക്കോടിനെത്തേടിയെത്തി. സമഗ്രസംഭാവനയ്ക്കുള്ള എഴുത്തച്ഛന്‍ പുരസ്കാരവും വയലാര്‍ അവാര്‍ഡും വൈലോപ്പിള്ളി പുരസ്കാരങ്ങളും അഴീക്കോടിനു ലഭിച്ച ബഹുമതികളില്‍പ്പെടും. അബുദാബി ശക്തി അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ദല അവാര്‍ഡ്, സംസ്കാരദീപം പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ അഴീക്കോടിനെ തേടിയെത്തി.

തത്വമസി - ഡോ. അഴീക്കോടിന്റെ കീര്‍ത്തിസ്തംഭം

പ്രൊഫ. സുകുമാര്‍ അഴീക്കോടിന്റെ പ്രചോദനകേന്ദ്രങ്ങള്‍ പ്രധാനമായും മൂന്നാണ് - സാഹിത്യം, മഹാത്മാഗാന്ധി, ഉപനിഷത്ത്. അദ്ദേഹത്തിന് വികാരാനുഭൂതി നല്‍കിയത് സാഹിത്യവും, കര്‍മാനുഭൂതി നല്‍കിയത് ഗാന്ധിജിയുമാണെങ്കില്‍ , ആത്മീയാനുഭൂതിയുടെ വെളിച്ചം നല്‍കിയത് ഉപനിഷത്താണ്. സാഹിത്യത്തെക്കുറിച്ചാണ് അദ്ദേഹം ഏറെ എഴുതിയത്. ഏറ്റവും കുറച്ച് എഴുതിയത് ഉപനിഷത്തുകളെക്കുറിച്ചുമാണ്. എന്നാല്‍ , 1984ല്‍ രചിച്ച "തത്വമസി" എന്ന ഉപനിഷത് പഠനത്തിലൂടെ അഴീക്കോട് ഏറെ കീര്‍ത്തിമാനായി. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ , വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും അനുമോദനങ്ങളും ഈ ഗ്രന്ഥത്തിന് ലഭിച്ചു. പുസ്തകത്തിന്റെ വളരെയേറ പതിപ്പുകള്‍ വിറ്റഴിഞ്ഞു. തന്റെ ഇരുപതാംവയസ്സില്‍ 1 രൂപ 4 അണ മാത്രം നല്‍കി വാങ്ങിയ നൂറ്റെട്ടുപനിഷത്തുക്കളുടെ തെരഞ്ഞെടുത്ത സമാഹാരം വായിച്ചതു മുതലുള്ള 40 കൊല്ലത്തെ ഇളവില്ലാത്ത ഉപനിഷല്‍ പ്രേമപൂജയുടെ പരിണതഫലമായിരുന്നു തത്വമസി.

"എന്റെ ഒരു ചിരകാലാഭിലാഷത്തിന്റെ സാഫല്യം എന്നെ രൂപപ്പെടുത്തിയ അനശ്വര മഹിമാവാര്‍ന്ന ഒരു തത്വജ്ഞാനത്തിന്റെ നേരെ എന്റെ ഹൃദയം കാലത്തികവില്‍ സമര്‍പ്പിക്കുന്ന കൃതജ്ഞതയുടെയും കൃതാര്‍ഥതയുടെയും ഉപഹാരമാണ് അത്" എന്നാണ് ആ ഗ്രന്ഥത്തെക്കുറിച്ച് അഴീക്കോട് രേഖപ്പെടുത്തിയിട്ടുള്ളത്. എം ടി വാസുദേവന്‍ നായരുടെയും എന്‍ പി മുഹമ്മദിന്റെയും ശക്തമായ പ്രേരണയാലാണ് ക്ലാസിക് ബുക്ട്രസ്റ്റിനുവേണ്ടി അഴീക്കോട് നാലഞ്ച് മാസത്തിനകം അത് എഴുതി ത്തീര്‍ത്തത്. "ആത്മവിദ്യ"യുടെ പ്രവാചകനായ വാഗ്ഭടാനന്ദ ഗുരുദേവനാണ് "തത്വമസി" സുകുമാര്‍ അഴീക്കോട് സമര്‍പ്പിച്ചിരിക്കുന്നത്. ഈ ഗ്രന്ഥം ഉപനിഷത്തുക്കളുടെ പഠനം മാത്രമല്ല, വേദത്തിന്റെയും ശങ്കരാചാര്യ ദര്‍ശനത്തിന്റെയും ആകെക്കൂടിയുള്ള ഒരു സിംഹാവലോകനംകൂടിയാണ്. ഈ ഗ്രന്ഥം സമര്‍ഥിക്കുന്നത് അഴീക്കോടിന്റെതന്നെ വാക്കുകളില്‍ ഇതാണ് -" വേദത്തില്‍നിന്ന് ഏറ്റവും കുത്തനെയുള്ള ഉയര്‍ച്ചയാണ് ഉപനിഷത്ത്. അതിന്റെ ആരോഹണനിരീക്ഷണങ്ങള്‍ മാത്രമാണ് ശങ്കരന്‍ ചെയ്തത്. ആ ഉയര്‍ച്ചയില്‍നിന്ന് വീണപ്പോഴെല്ലാം ഇന്ത്യക്ക് കടുത്ത പരിക്കുകള്‍ പറ്റി" സായണനും ആദിശങ്കരനും ഉപനിഷത്തുകള്‍ക്ക് ഭാഷ്യം രചിച്ചു. ഹ്യൂം, അരവിന്ദഘോഷ്, ഡോ. എസ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ വിസ്തരിച്ചു പഠനമെഴുതി. എന്നാല്‍ പോള്‍ ഡോയ്സന്‍ എന്ന പണ്ഡിതന്റെ നിരുപമ മാതൃകയെയാണ് ഡോ. അഴീക്കോട് പിന്തുടര്‍ന്നത്.

മൂന്ന് ഭാഗങ്ങളിലായി പ്രൊഫസര്‍ തന്റെ പഠനം പൂര്‍ത്തീകരിക്കുന്നു. ഇതില്‍ ഒന്നാം ഭാഗമാണ് ഉപനിഷത്തിന്റെ ശുദ്ധ ചൈതന്യത്തില്‍ പ്രകാശം ചൊരിയുന്നത്. എന്താണ് ഉപനിഷത്തെന്ന് വായനക്കാര്‍ മനസ്സിലാക്കുന്നത് ഇതിലെ ആറ് അധ്യായങ്ങളുടെ വായനയിലൂടെയാണ്. "ഉപനിഷത്തിന്റെ സന്ദേശം" എന്ന അധ്യായമാണ് ഈ ഗ്രന്ഥത്തിലെ മുന്തിയ ലേഖനം. പണ്ഡിതനായ നിത്യചൈതന്യയതിയും ഇത് സമ്മതിച്ചതാണ്. രണ്ടാംഭാഗം ഈശം മുതല്‍ ബൃഹദാരണ്യകംവരെയുള്ള 10 ഉപനിഷത്തുക്കളെക്കുറിച്ചുള്ള വിവരണവും പഠനവുമാണ്. മൂന്നാംഭാഗത്ത് ഡോ. അഴീക്കോട് വിവരിക്കുന്നത് ലോകം ഉപനിഷത്തുക്കളെ എങ്ങനെ കാണുന്നുവെന്നതാണ്. മാക്സ്മുള്ളര്‍ , ആനന്ദകുമാരസ്വാമി, ഡോയ്സണ്‍യേറ്റ്സ്, എമേഴ്സണ്‍ , വില്‍ഡുറന്ത്, ആര്‍ണോള്‍ഡ് ടോയന്‍ബി തുടങ്ങിയ നിരവധി മനീഷകളുടെ വചസ്സുകള്‍ പ്രൊഫസര്‍ക്ക് മാര്‍ഗദീപമാകുന്നുണ്ട്. പിന്നത്തെ ചോദ്യത്തെയും അദ്ദേഹം നേരിടുന്നു. നാളെയോ? നാളെ ഭാരതം ഉപനിഷത്തിന്ന് പ്രസക്തി കല്‍പ്പിക്കുമോ, തന്റെ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ ? നാളെ ലോകമോ? ഈ വിവേചനത്തിലാണ് അഴീക്കോടിലെ സാമൂഹ്യവിമര്‍ശകന്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്നത്. സഹജമായ ശൈലിയില്‍ അഴീക്കോട് എഴുതുന്നു -

"ചരാചരങ്ങളെല്ലാം ഒരേയൊരു സത്യത്തിന്റെ ഉദ്ഭേദങ്ങള്‍ മാത്രമാണെന്ന് വേദോപനിഷത്തുകള്‍ പാടിയതിന്റെ മാറ്റൊലി മാഞ്ഞുപോകുന്നതിനുമുമ്പേ ഇതേ പുരോഹിതസംസ്കാരം മനുഷ്യരെത്തമ്മില്‍ അകറ്റുന്ന അനന്തമായ ജാതിശൃംഖല നിര്‍മിച്ച് ഇന്ത്യയുടെ ആത്മാവിനെ ബന്ധിച്ച് സഹസ്രാബ്ദങ്ങളുടെ കാരാഗൃഹത്തില്‍ വലിച്ചെറിഞ്ഞു. അങ്ങനെ വേദത്തില്‍നിന്ന് നാം ഭേദത്തിലെത്തി. ഭേദവചനങ്ങളായി നമ്മുടെ വേദവചനങ്ങള്‍! യാഗധൂമവും ജാതിശൃംഖലയും വീണ്ടും പ്രബലങ്ങളാകാന്‍ ശ്രമം തുടരുന്ന ഈ അവസരത്തില്‍ , ഉപനിഷത്തിന്റെ നാളെയെക്കുറിച്ച് ശുഭപ്രതീക്ഷ പുലര്‍ത്തുന്നതെങ്ങനെ?"

ഈ ഗ്രന്ഥത്തിന്റെ ഒരു മേന്മ ഇതില്‍ സാഹിത്യവും ദര്‍ശനവും സമന്വയിക്കുന്നു എന്നതാണ്. ഋഷിവാണിയോടൊപ്പം വാത്മീകിയുടെയും വ്യാസന്റെയും കാളിദാസന്റെയും ടാഗോറിന്റെയും എന്തിന്ന് ആശാന്‍ , വള്ളത്തോള്‍ എന്നീ ഭാഷാകവികളുടെ വചസ്സുകളും നാം കേള്‍ക്കുന്നു. ഡോ. അഴീക്കോട് തത്ത്വശാസ്ത്രത്തെ മാനവീകരിക്കുകയും സമകാലീക പ്രസക്തിയുള്ളതാക്കി മാറ്റുകയും ചെയ്തു. വിവേകാനന്ദന്റെയും ശ്രീനാരായണഗുരുവിന്റെയും വഴിയിലൂടെയാണ് അദ്ദേഹം നടന്നത്. ഉപനിഷത്തുകള്‍ക്ക് സാമൂഹ്യതലത്തിലുള്ള പാഠാന്തരങ്ങള്‍ അദ്ദേഹം നല്‍കി. ഉപനിഷത്തുക്കളെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനം അഴീക്കോടിന്റെ "തത്വമസി"യാണ്. ഒരു പണ്ഡിതന്റെ ഭാഷയില്‍ നമ്മുടെ പാരമ്പര്യത്തില്‍ ഊര്‍ജസ്വലതയുടെയും ജീര്‍ണതയുടെയും കാഴ്ചപ്പാടുകള്‍ ഉള്‍ച്ചേര്‍ന്ന് കിടക്കുന്നുണ്ടെന്നും ഇവയില്‍ ത്യാജ്യഗ്രാഹ്യവിവേകത്തോടെയാണ് ഒരാധുനിക ചിന്തകന്‍ വ്യവഹരിക്കേണ്ടതെന്നും അവധാനപൂര്‍വം പര്യവേക്ഷണം നടത്തിയാല്‍ നമ്മുടെ സമകാലികാസ്തിത്വത്തെ അര്‍ഥപൂര്‍ണമാക്കാന്‍ കെല്‍പ്പുനല്‍കുന്ന ചില ഈടുവയ്പുകള്‍ പ്രാക്തനചിന്തയില്‍നിന്ന് വീണ്ടെടുക്കാന്‍ കഴിയുമെന്നുള്ള അചഞ്ചലമായ വിശ്വാസപ്രമാണത്തില്‍ നിന്നാണ് തത്വമസിപോലുള്ള മികച്ച ക്ലാസിക്കുകള്‍ പിറക്കുന്നത്. ഭാരതീയവും പാശ്ചാത്യവുമായ ചിന്തകള്‍ ഇതിലുണ്ട്. എന്നാല്‍ , സമബുദ്ധിയോടെ, ഉപപത്തികളോടെയാണ് ഡോ. അഴീക്കോട് അവയെ ഉപയോഗിച്ചിട്ടുള്ളത്. ശുഷ്കസിദ്ധാന്ത ചര്‍ച്ചകളല്ല, പ്രബുദ്ധമായ നവോത്ഥാനസ്വരമാണ് അഴീക്കോടിന്റെ ഈ കൃതിയില്‍ മുഴങ്ങുന്നത്. മലയാളത്തില്‍ ദാര്‍ശനികഗ്രന്ഥങ്ങള്‍ തുലോം വിരളമാണ്. നാലപ്പാട്ട് നാരായണമേനോന്റെ "ആര്‍ഷജ്ഞാന"ത്തിനുശേഷം മലയാളത്തിന് ലഭിച്ച ശ്രേഷ്ഠഗ്രന്ഥമാണ് സുകുമാര്‍ അഴീക്കോടിന്റെ "തത്വമസി", പലേടത്തും കാവ്യാത്മകതയുടെ കനകനിചോളം ഈ ഗ്രന്ഥത്തെ മധുരമാക്കുന്നുണ്ട്. അതുപോലെ നവോത്ഥാനാശയങ്ങള്‍ ഈ കൃതിയെ ദീപ്തമാക്കുന്നുമുണ്ട്. ഭാവി-ഭൂതകാലത്തെ വിസ്മരിക്കാന്‍ ധൈര്യപ്പെടുന്നതുവരെ ഈ കൃതിയുടെ കീര്‍ത്തി കാലത്തിലൂടെ അലയടിക്കും.
(ഡോ. പി വി കൃഷ്ണന്‍നായര്‍)

*

ദേശാഭിമാനി 25 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആറുപതിറ്റാണ്ടോളം നീണ്ട സാഹിത്യ ജീവിതത്തില്‍ വിവര്‍ത്തനങ്ങളുള്‍പ്പെടെ 35ലേറെ പുസ്തകങ്ങള്‍ . 1954ല്‍ ആശാന്റെ സീതാകാവ്യത്തില്‍ തുടങ്ങി 2011 ഡിസംബര്‍ 21ന് പുറത്തിറങ്ങിയ ആത്മകഥയുടെ രണ്ടാംഭാഗത്തില്‍ എത്തിനില്‍ക്കുന്ന രചനാപര്‍വം. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും എഴുത്തച്ഛന്‍ പുരസ്കാരവുമുള്‍പ്പെടെ വലുതും ചെറുതുമായി നൂറോളം പുരസ്കാരങ്ങള്‍ . എഴുത്തും വായനയും പ്രഭാഷണവും ജീവിത വ്രതമാക്കിയ അഴീക്കോടിന്റെ ജീവിതസമ്പാദ്യവും ഇതുതന്നെ. ആശാന്റെ സീതാകാവ്യം, രമണനും മലയാള കവിതയും, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, തത്വമസി, മലയാള സാഹിത്യ വിമര്‍ശനം, വിശ്വസാഹിത്യ പഠനങ്ങള്‍ , ഖണ്ഡനവും മണ്ഡനവും, ഗുരുവിന്റെ ദുഃഖം, ഭാരതീയത, ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ തുടങ്ങിയ പുസ്തകങ്ങളെല്ലാം അകക്കാമ്പുള്ളവ. വിശ്വസാഹിത്യ വിമര്‍ശംമുതല്‍ ഇന്ത്യന്‍ ദാര്‍ശനികതയുടെ അടിത്തട്ടുതേടിയുള്ള അന്വേഷണംവരെ വ്യാപിച്ചുകിടക്കുന്ന സാഹിത്യ സപര്യയില്‍നിന്നുയിര്‍ക്കൊണ്ടത് 35 ലേറെ പുസ്തകങ്ങള്‍ . ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ ഭാഷകളിലേക്ക് ഒന്നിലേറെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു.