ഇന്ത്യയില്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ 42 ശതമാനം പേരും വേണ്ടത്ര പോഷകാഹാരം ലഭിക്കാത്തതിനാല്‍ ഏറിയോ കുറഞ്ഞോ ഭാരക്കുറവുള്ളവരാണെന്നാണ് നാന്ദി ഫൗണ്ടേഷന്‍ അടുത്തയിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ആറ് സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തിലധികം കുട്ടികളുടെ ഉയരത്തിന്റെയും തൂക്കത്തിന്റെയും കണക്കെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഈ പഠനം. അതായത് രാജ്യത്തെ ഓരോ അഞ്ച് കുട്ടികളില്‍ രണ്ടിലധികം പേര്‍ക്കും സാധാരണ വളര്‍ച്ചയ്ക്കോ അതിജീവനത്തിനോ ആവശ്യമായ കുറഞ്ഞ പോഷകാഹാരം പോലും ലഭിക്കുന്നില്ല എന്നര്‍ഥം. ഈ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ഇതൊരു ദേശീയാപമാനമാണ് എന്നാണ്. ആര്‍ക്കും വിയോജിക്കാനാവില്ല.
65 വര്‍ഷത്തോളമായ സ്വതന്ത്ര ദേശീയ വികസനത്തിന് ശേഷവും കുട്ടികളിലെ പോഷകാഹാരക്കുറവ് ഇത്ര ഭീമമാണ് എന്നത് തീര്‍ച്ചയായും അപമാനമാണ്. എന്നാല്‍ മൊത്തം ദേശീയോല്‍പ്പാദനം(ജിഡിപി) ഗണ്യമായി ഉയര്‍ന്നതിനാല്‍ ഇന്ത്യ "തിളങ്ങുകയാണ്" എന്ന് പറയപ്പെട്ട കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തിനിടയില്‍ ഈ പ്രശ്നം വേണ്ടത്ര പരിഹരിക്കാനായില്ല എന്നതാണ് കൂടുതല്‍ അപമാനകരം. വരുമാന വളര്‍ച്ചയ്ക്ക് വേഗമേറിയെങ്കിലും പോഷകാഹാരക്കുറവിന്റെ തോത് താഴുന്നത് സംതൃപ്തിയുളവാക്കാത്തത്ര മന്ദമായാണ്. സമീപ വര്‍ഷങ്ങളില്‍ ദേശീയോല്‍പാദനത്തില്‍ ഗംഭീരമായ വളര്‍ച്ചയുണ്ടായിട്ടും രാജ്യത്തെ പോഷകാഹാരക്കുറവിന്റെ നില അസ്വീകാര്യമാം വിധം ഉയര്‍ന്നതാണെന്ന് അംഗീകരിക്കാന്‍ ഈ തെളിവ് പ്രധാനമന്ത്രിയെ നിര്‍ബന്ധിതനാക്കി. യുപിഎ സര്‍ക്കാരിന് ജിഡിപി വളര്‍ച്ചയിലുള്ള ഭ്രമം പരിഗണിക്കുമ്പോള്‍ , വളര്‍ച്ച അടിസ്ഥാന പോഷകാഹാരങ്ങള്‍ പോലും ലഭ്യമാക്കുന്നില്ലെന്ന ഈ തിരിച്ചറിവ് തീര്‍ച്ചയായും നല്ലതാണ്. എന്നാല്‍ ഇന്ത്യയുടെ വികസനപാത, വിശേഷിച്ച് 1990കള്‍ മുതലുള്ളത്, നിരീക്ഷിക്കുന്നവരെ സംബന്ധിച്ച് ഇത്തരം തെളിവുകള്‍ ഒരുതരത്തിലും അതിശയമുളവാക്കുന്നില്ല.
ഈ പ്രശ്നം നേരിടാന്‍ സഹായിക്കുന്ന നയങ്ങള്‍ പോലെതന്നെ ഈ തെളിവും പൊതുവിജ്ഞാനമാണ്. രാജ്യം നേരിടുന്ന ദുര്‍ഗതി ശരിയായി മനസിലാക്കുന്നതിന് ഇതിലടങ്ങിയിരിക്കുന്ന വിവിധ പ്രവണതകളെ വേര്‍തിരിച്ച് കാണേണ്ടതുണ്ട്. ലാഭത്വരയാല്‍ പ്രചോദിതമായ മുതലാളിത്തം ഒരിക്കലും അതിന്റെ വളര്‍ച്ചയുടെ ഫലങ്ങള്‍ എന്തുതന്നെയായാലും അത് നീതിപൂര്‍വകമായി വിതരണം ചെയ്യില്ല എന്ന അടിസ്ഥാന പ്രശ്നമാണ് ഒന്നാമത്തേത്. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി വളരുമെങ്കിലും ദരിദ്രര്‍ പരാജയപ്പെടുകയോ ദേശീയ വരുമാനത്തിലുണ്ടാവുന്ന വര്‍ധനയില്‍നിന്ന് തുഛമായ നേട്ടം മാത്രമുണ്ടാക്കുകയോ ചെയ്യും. വളര്‍ച്ചയുണ്ടെങ്കിലും വ്യാപകമായ പോഷകാഹാരക്കുറവ് എന്നതായിരിക്കും ഭവിഷ്യത്തുകളിലൊന്ന്.
നമ്മള്‍ പറയുന്ന മുതലാളിത്തം സാമൂഹ്യവും ഘടനാപരവുമായ പിന്നോക്കാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രൂപപ്പെടുകയും വികസിക്കുകയും ചെയ്യുന്നതാവുമ്പോള്‍ ഈ പ്രവണത തീവ്രമാവും. അതിനാല്‍ ദാരിദ്ര്യം കുറ യ്ക്കലോ പട്ടിണിയും പോഷകാഹരക്കുറവും ഇല്ലാതാക്കലോ സാമൂഹ്യാനീതി കുറയ്ക്കലോ തുടങ്ങിയ മാനവിക വികസനത്തില്‍ ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങള്‍ ഒരിക്കലുമുണ്ടാവില്ല. അതിനാല്‍ സാമൂഹ്യ സൂചകങ്ങളിലെ പുരോഗതിയും പോഷകാഹാരക്കുറവ് കുറയ്ക്കലും ജിഡിപി വളര്‍ച്ചയുമായോ ജിഡിപിയുടെ തോതുമായോ നേരിട്ട് ബന്ധപ്പെട്ടതല്ല എന്ന് കാണുന്നത് അത്ഭുതമുളവാക്കുന്നതല്ല. ഉദാഹരണത്തിന് ഇന്ത്യയില്‍ സിക്കിമിലാണ് കുട്ടികളിലെ പോഷകാഹാരക്കുറവ് ഏറ്റവും കുറഞ്ഞ നിരക്കില്‍ . അതേസമയം പോഷകാഹാരക്കുറവ് ഏറ്റവും രൂക്ഷം കൂടുതല്‍ സമ്പന്നമായ മധ്യപ്രദേശിലാണ്. ഒരു കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും സമ്പന്നവും വേഗത്തില്‍ വളരുന്നതുമായ സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തില്‍ ഭാരക്കുറവുള്ള കുട്ടികളുടെ ശതമാനം 2001നും 2006നുമിടയില്‍ വളര്‍ന്ന് 47 ശതമാനത്തോളമായി. അതേപോലെ രാജ്യങ്ങള്‍ക്കിടയില്‍ സാമൂഹ്യ സൂചകങ്ങളുടെ പുരോഗതിയില്‍ പല കാരണങ്ങളാല്‍ ഗണ്യമായ വ്യത്യാസങ്ങളുണ്ട്.
ദരിദ്രമായ സബ് സഹാറന്‍ ആഫ്രിക്കയിലെ 37 രാജ്യങ്ങളില്‍ 28നും പ്രതിശീര്‍ഷ വരുമാനം ഇന്ത്യയേക്കാള്‍ കുറഞ്ഞ തോതിലാണ്. എന്നിട്ടും കുട്ടികളിലെ പോഷകാഹാരക്കുറവ് അവിടങ്ങളില്‍ ഇന്ത്യയേക്കാള്‍ കുറവാണെന്നാണ് കാണുന്നത്. ഇന്ത്യയില്‍ ഭൂപരിഷ്കരണം നടപ്പാക്കുന്നതിലും സ്വത്തിന്റെ കേന്ദ്രീകരണം കുറയ്ക്കുന്നതിലുമുണ്ടായ പരാജയവും അതിനൊപ്പം ജാതീയമായ വിവേചനത്തിന്റെ ദോഷഫലങ്ങളും കൂടിച്ചേര്‍ന്ന് കടുത്ത അസമത്വത്തിനിടയാക്കുന്നതിനാല്‍ വലിയ വിഭാഗമാളുകള്‍ക്ക് പോഷകാഹാരങ്ങള്‍ നിഷേധിക്കപ്പെടുന്നു. രാജ്യത്തിന്റെ വരുമാനം വര്‍ധിക്കുമ്പോഴും ഇതാണ് സ്ഥിതി. ഈ പ്രശ്നം കുട്ടികളില്‍ ഒതുങ്ങുന്നില്ല. സാമ്പത്തിക ശാസ്ത്ര ജ്ഞനായ എ കെ ശിവകുമാര്‍ ചൂണ്ടിക്കാട്ടിയതുപോലെ "ജനന സമയത്ത് തൂക്കം 2500 ഗ്രാമില്‍ താഴെയായിരിക്കുന്നത് ശൈശവ ത്തില്‍ മാത്രമല്ല, കുട്ടിക്കാലത്തുടനീളം വളര്‍ച്ച മോശമാവുന്നതുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ 20-30 ശതമാനം കുട്ടികളും ഭാരക്കുറവോടെയാണ് ജനിക്കുന്നതെന്ന കണക്ക് കാണിക്കുന്നത് അവര്‍ ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ മുതലേ പോഷകാഹാരക്കുറവ് നേരിടുന്നു എന്നാണ്". പോഷകാഹാരക്കുറവ് അമ്മയില്‍നിന്ന് കുട്ടിയിലേക്കും പകരുകയാണ്.
മുതലാളിത്തത്തിന് കീഴിലെ ഇത്തരം പ്രവണതകള്‍ മൂലം സാമൂഹ്യക്ഷേമം ലക്ഷ്യമിട്ട് മുതലാളിത്ത സമൂഹങ്ങളിലെ സര്‍ക്കാരുകള്‍ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ നേരിട്ട് ഇടപെടണം എന്നത് പണ്ടേ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. നല്ല ഭക്ഷണം ലഭിക്കുന്ന ആരോഗ്യമുള്ള കുട്ടികള്‍ കാലക്രമത്തില്‍ ആരോഗ്യമുള്ളതും ഉല്‍പാദനക്ഷമവുമായ തൊഴില്‍സേനയായി വളരും. തൊഴില്‍ ലഭിച്ചാല്‍ അവര്‍ ദേശീയാഭിവൃദ്ധിക്ക് മുതല്‍ക്കൂട്ടാവും. ദരിദ്രര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് പോഷകാഹാരക്കുറവിന്റെ തോത് ഗണ്യമായി കുറയ്ക്കാനാവുമെന്ന് തെളിവുകള്‍ കാണിക്കുന്നു. ഇത്തരം പ്രവര്‍ത്തനം താങ്ങാവുന്ന വിലയ്ക്ക് ഭക്ഷ്യലഭ്യതയും നിലവില്‍ ഭക്ഷണം വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്ക് ക്രയശേഷിയും ഉറപ്പുവരുത്തും. അവശ്യസാധനങ്ങള്‍ സബ്സിഡി വിലയില്‍ ലഭ്യമാക്കുന്ന സാര്‍വത്രിക പൊതുവിതരണ സംവിധാനവും മുതലാളിത്ത വളര്‍ച്ചാഗതിയില്‍ സ്വാംശീകരിക്കപ്പെട്ടിട്ടില്ലാത്തവര്‍ക്ക് യുക്തിസഹമായ കുറഞ്ഞ കൂലിയ്ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പൊതുമരാമത്ത് പരിപാടിയും ചേര്‍ന്നുള്ള നടപടിയാണ് ഏറ്റവും നല്ലത്. പുറമേ കാണുമ്പോള്‍ യുപിഎ സര്‍ക്കാര്‍ ഇതെല്ലാം ചെയ്യാനുള്ള പാതയിലാണെന്ന് തോന്നും.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കി. ഭക്ഷ്യ സുരക്ഷാ ബില്‍ പാസാക്കാന്‍ ഒരുങ്ങുന്നു. എന്നാല്‍ പ്രയോഗത്തില്‍ , ബില്ലുകളുടെ ഉള്ളടക്കത്തിലും അവ നടപ്പാക്കുന്നതിലും, ഇനിയും ഏറെ വേണ്ടിയിരുന്നു. പല സംസ്ഥാനങ്ങളിലും നിയമപ്രകാരമുള്ള കുറഞ്ഞ കൂലിയിലും താണ വേതനഘടനയും അപര്യാപ്തമായ നീക്കിവയ്പുകളും ചെലവുകളും മൂലം തൊഴിലുറപ്പുപദ്ധതി വികലാവസ്ഥയിലാണ്. ഇനിയും പാസാക്കിയിട്ടില്ലാത്ത ഭക്ഷ്യ സുരക്ഷാ ബില്ലാകട്ടെ ഏറെ വെള്ളം ചേര്‍ക്കപ്പെട്ടതാണ്. ഇതിന്റെ സംരക്ഷണം ആവശ്യമായുള്ളവരില്‍ ഗണ്യമായ വിഭാഗം ബില്ലിന്റെ പരിധിക്ക് പുറത്താവാനാണ് സാധ്യത. ഇവര്‍ക്ക് വേണ്ടത്ര ഭക്ഷണം ലഭിക്കാത്തതാണ് കുട്ടികളില്‍ 42 ശതമാനവും പോഷകാഹാരക്കുറവ് നേരിടുന്നതിന് കാരണം. സര്‍ക്കാര്‍ നടപടിയിലെ ഈ അപര്യാപ്തതയുടെ കാരണങ്ങള്‍ തീര്‍ച്ചയായും ഉദാരവല്‍കരണവും "സാമ്പത്തിക പരിഷ്കാരവും" ആണ്. സ്വകാര്യ സമ്പാദ്യങ്ങളും നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സമ്പന്നര്‍ക്ക് ഭീമമായ പ്രത്യക്ഷ-പരോക്ഷ നികുതിയിളവുകള്‍ വാരിച്ചൊരിയുമ്പോള്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള സര്‍ക്കാരുകള്‍ സാമ്പത്തിക ഞെരുക്കം നേരിടുകയാണ്. കൂടാതെ കടം വാങ്ങി കമ്മിബജറ്റില്‍ ചെലവുകള്‍(വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍) നടത്തുന്നതിന് എതിരായ ഉദാരവല്‍കരണത്തിന്റെ തത്വശാസ്ത്രത്താല്‍ ബന്ധിതരാണ് അവയെല്ലാം. അതിനാല്‍ കേന്ദ്രത്തിലെ പോലെ കമ്മി ബോധപൂര്‍വം താഴ്ത്തിനിര്‍ത്താന്‍ ശ്രമിക്കുകയോ സംസ്ഥാനങ്ങളിലേതുപോലെ നിയമപ്രകാരം താഴ്ത്തിനിര്‍ത്തുകയോ ചെയ്യുന്നു. നികുതിവരുമാനം വേണ്ടത്ര വളരാതിരിക്കുകയും സര്‍ക്കാരുകള്‍ക്ക് വായ്പയെടുക്കാന്‍ കഴിയാതാവുകയും ചെയ്താല്‍ ചെലവുകള്‍ വെട്ടിച്ചുരുക്കേണ്ടിവര
ചെലവുകള്‍ ചുരുക്കേണ്ടിവരുമ്പോള്‍ മൂലധന ചെലവുകളും സാമൂഹ്യ സുരക്ഷാ ചെലവുകളുമാണ് കുറയ്ക്കുന്നത് എന്നാണ് അനുഭവം കാണിക്കുന്നത്. ഭക്ഷ്യ സുരക്ഷയും ഗ്രാമീണ തൊഴിലും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളിലാവും ചെലവുകള്‍ കുറയ്ക്കുകയെന്നതാണ് ഉറപ്പായ ഒരു ദുരന്തഫലം. ചുരുക്കത്തില്‍ മുതലാളിത്തവളര്‍ച്ചമൂലം പട്ടിണി, പോഷകാഹാരക്കുറവ് എന്നിവയിലുണ്ടാവുന്ന ദോഷഫലങ്ങള്‍ ചെറുക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നയങ്ങളെ ഒരു ധനഞെരുക്കം ഉറപ്പാക്കി ഉദാരവല്‍ക്കരണം അട്ടിമറിക്കുന്നു. വളര്‍ച്ച ഉയര്‍ന്ന തലത്തിലെ ഏറ്റവും സമ്പന്നരായ ചുരുക്കം ചിലര്‍ക്ക് നേട്ടമാവുമ്പോള്‍ ബഹുഭൂരിപക്ഷത്തെയും ബാധിക്കാതിരിക്കുകയോ പ്രാന്തങ്ങളിലേക്ക് ഒതുക്കുകയോ ചെയ്യുന്നു. എന്നാല്‍ അതുമാത്രമല്ല. മറ്റു കാര്യങ്ങള്‍ക്കൊപ്പം, കുട്ടികളിലെ പോഷകാഹാരക്കുറവ് കുറയ്ക്കാന്‍വേണ്ടികൂടി പ്രത്യേകമായി രൂപം നല്‍കിയ ഒരു പദ്ധതിയാണ് ഇതിന്റെ മറ്റൊരു ദുരന്തത്തിനിരയായത്. അതാണ് ഏകോപിത ശിശു വികസന പദ്ധതി അഥവാ ഐസിഡിഎസ്. സ്ഥിരമായ പട്ടിണിയും പോഷകാഹാരക്കുറവും പോലുള്ള പ്രകടമായ പ്രശ്നങ്ങള്‍ക്ക്, വിശേഷിച്ച് കുട്ടികള്‍ക്കിടയിലുള്ളതിന്, പ്രതിവിധിയായി 1975 ഒക്ടോബറിലാണ് ഈ പദ്ധതി ആരംഭിച്ചത്. ആറുവയസുവരെയുള്ള കുട്ടികളുടെ പോഷകാഹാര ലഭ്യതയും ആരോഗ്യസ്ഥിതിയും മെച്ചപ്പെടുത്തുക എന്നതാണ് ആ പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്ന്.
തുടക്കം മുതല്‍തന്നെ ഐസിഡിഎസ് ലോകത്തെ ഏറ്റവും വലിയ പ്രാരംഭ ശിശു വികസന പരിപാടിയായി വളര്‍ന്നിട്ടുണ്ട്. പദ്ധതിയുടെ വ്യാപ്തി വേഗത്തിലാണ് വളര്‍ന്നത്; വിശേഷിച്ച് സമീപവര്‍ഷങ്ങളില്‍ . എങ്കിലും കുട്ടികളിലെ പോഷകാഹാരക്കുറവിന്റെ കണക്കുകളില്‍നിന്ന് വ്യക്തമാവുന്നതുപോലെ, മൂന്നര പതിറ്റാണ്ടായി നിലവിലുള്ള ഒരു പദ്ധതിയുടെ കാര്യത്തില്‍ നേട്ടങ്ങള്‍ ഇപ്പോഴും വളരെ പരിമിതമാണ്. ഈ പദ്ധതിക്ക് വേണ്ടത്ര വിഭവങ്ങള്‍ , ഭീമമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടത്, വകയിരുത്തിയിട്ടില്ല എന്നതാണ് അടിസ്ഥാന കാരണം. ചുരുക്കത്തില്‍ പദ്ധതി നടത്തിപ്പിനാവശ്യമായത്ര അങ്കണവാടികളോ അങ്കണവാടി ജീവനക്കാരോ ഇല്ല. ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ശിശുക്കളുടെയും കൊച്ചുകുട്ടികളുടെയും പോഷകാവശ്യങ്ങള്‍ നിറവേറ്റാനാവശ്യമായ വിഭവങ്ങളും അങ്കണവാടി ജീവനക്കാര്‍ക്കില്ല. ന്യായമായ കൂലി ലഭിക്കാത്ത സ്ത്രീകളുടെ അധ്വാനത്താല്‍ അനഭിലഷണീയവും നിലനില്‍ക്കാത്തതുമായ രീതിയിലാണ് ഐസിഡിഎസിന്റെ പ്രവര്‍ത്തനം. നിസ്സാരമായ വര്‍ധനകള്‍ കൂലിയില്‍ വരുത്തിയിട്ടുണ്ടെങ്കിലും അവര്‍ക്കിപ്പോഴും ലഭിക്കുന്നത് മിനിമം കൂലിയിലും കുറഞ്ഞ തുകയാണ്. കൂടാതെ, പദ്ധതി എല്ലാ വീടുകള്‍ക്കും വേണ്ടി സാര്‍വത്രികമാക്കണമെന്ന് സുപ്രീം കോടതി നിരന്തരം സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഐസിഡിഎസിനുള്ള ബജറ്റ് വിഹിതത്തില്‍ വരുത്തുന്ന തുഛമായ വര്‍ധന സമീപഭാവിയിലൊന്നും ഇത് നടപ്പാകില്ലെന്ന് ഉറപ്പാക്കുന്നു. അതായത്, നവ ഉദാരവാദത്താല്‍ തീവ്രമാക്കപ്പെടുന്ന വഷളായ തരത്തിലുള്ള മുതലാളിത്ത വളര്‍ച്ചയും അതിന്റെ തുടര്‍ച്ചയില്‍ പ്രശ്നം നേരിട്ട് അഭിമുഖീകരിക്കുന്നതിന് സര്‍ക്കാര്‍ വിസമ്മതിക്കുന്നതും പ്രധാനമന്ത്രി പറഞ്ഞ "ദേശീയ അപമാന"ത്തിന്റെ കാരണത്തെ വിശദീകരിക്കുന്നുണ്ട്. പക്ഷേ എല്ലാവരുടെയും മുന്നിലുള്ള സത്യത്തെ ഒടുവില്‍ അദ്ദേഹം കാണുകയും അംഗീകരിക്കുയും ചെയ്യുമ്പോള്‍ പോലും ഇക്കാര്യത്തില്‍ അദ്ദേഹം കാര്യമായി എന്തെങ്കിലും ചെയ്യാന്‍ സാധ്യതയില്ല. അദ്ദേഹത്തിന്റെ വിശ്വാസം കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം മുതലാളിത്തത്തിന് ബദലുകള്‍ അന്വേഷിച്ച് തീര്‍ച്ചയായും ഒന്നും ചെയ്യാന്‍ പോവുന്നില്ല. മാത്രമല്ല, അതേ വിശ്വാസംതന്നെ 1991 മുതല്‍ അദ്ദേഹം രാജ്യത്തെ കൊണ്ടെത്തിച്ച നവ ഉദാരവാദ പാത തിരുത്തുന്നതിനും എതിരാവും. ഇന്ത്യയുടെ അസമത്വപൂര്‍ണമായ വളര്‍ച്ചയ്ക്ക് മനുഷ്യമുഖത്തിന്റെ നിഴലെങ്കിലും കൊണ്ടുവരുന്നത് അദ്ദേഹത്തിന് അസാധ്യമാവും. അതിനാല്‍ യുപിഎയ്ക്കും സമാനമായ സര്‍ക്കാരുകള്‍ക്കും പകരം കൂടുതല്‍ ജനകേന്ദ്രിതമായ വികസനപാതയോട് പ്രതിബദ്ധമായ സര്‍ക്കാരുകള്‍ വരുന്നതുവരെ രാജ്യം ഈ അപമാനത്തില്‍തന്നെ ജീവിക്കേണ്ടിവരും.
*
സി പി ചന്ദ്രശേഖര്‍ ദേശാഭിമാനി വാരിക 29 ജനുവരി 2012
Subscribe to:
Post Comments (Atom)
1 comment:
ഇന്ത്യയില്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ 42 ശതമാനം പേരും വേണ്ടത്ര പോഷകാഹാരം ലഭിക്കാത്തതിനാല്‍ ഏറിയോ കുറഞ്ഞോ ഭാരക്കുറവുള്ളവരാണെന്നാണ് നാന്ദി ഫൗണ്ടേഷന്‍ അടുത്തയിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ആറ് സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തിലധികം കുട്ടികളുടെ ഉയരത്തിന്റെയും തൂക്കത്തിന്റെയും കണക്കെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഈ പഠനം. അതായത് രാജ്യത്തെ ഓരോ അഞ്ച് കുട്ടികളില്‍ രണ്ടിലധികം പേര്‍ക്കും സാധാരണ വളര്‍ച്ചയ്ക്കോ അതിജീവനത്തിനോ ആവശ്യമായ കുറഞ്ഞ പോഷകാഹാരം പോലും ലഭിക്കുന്നില്ല എന്നര്‍ഥം. ഈ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ഇതൊരു ദേശീയാപമാനമാണ് എന്നാണ്. ആര്‍ക്കും വിയോജിക്കാനാവില്ല.
Post a Comment