അഴിക്കോട് മാഷിനെ കുറച്ചുദിവസംമുമ്പ്സന്ദര്‍ശിച്ചിരുന്നു. പരിക്ഷീണനായാണ് കാണപ്പെട്ടതെങ്കിലും ഇത്രവേഗം അദ്ദേഹത്തിന്റെ വിയോഗമുണ്ടാവുമെന്ന് അന്ന് കരുതിയില്ല. പകരംവയ്ക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു മാഷിന്റേത്. അതുകൊണ്ടുതന്നെ ഈ വിയോഗം ജനാധിപത്യ-സാംസ്കാരിക കേരളത്തെ വല്ലാതെ ദരിദ്രമാക്കുന്നു. മാഷിന്റെ സ്നേഹവാത്സല്യങ്ങള്‍ എന്നും അനുഭവിക്കാനിടയായിട്ടുണ്ട്. ആ നിലയ്ക്ക് വ്യക്തിപരമായി ഈ നഷ്ടം കനത്തതാവുന്നു. പതിറ്റാണ്ടുകളായി നമ്മുടെ സമൂഹത്തില്‍ ഇരുട്ടിനെതിരെ ഉയര്‍ന്നുനിന്ന പ്രകാശഗോപുരമായിരുന്നു മാഷ്. അത്തരമൊരു വ്യക്തിത്വത്തില്‍നിന്ന് പ്രസരിച്ച ധീരതയുടെ പ്രകാശം സമൂഹത്തിലാകെ തുടര്‍ന്നും നിലനില്‍ക്കുമെന്ന് പ്രത്യാശിക്കാം. മാഷിന്റെ കൃതികളില്‍നിന്നും പ്രഭാഷണങ്ങളില്‍നിന്നും പ്രസരിച്ച വെളിച്ചം സമൂഹത്തിന് പാത കാണിച്ചുതരിക മാത്രമായിരുന്നില്ല, പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന ഇരുട്ടിന്റെയും ജീര്‍ണതകളുടെയും ശക്തികളെ പൊളിച്ച് അകറ്റുകകൂടിയായിരുന്നു. ഈ രണ്ട് ധര്‍മങ്ങളും ഒരേസമയം അനുഷ്ഠിക്കുന്ന വ്യക്തികളും കൃതികളും നമുക്ക് അധികമില്ല. അതുകൊണ്ടാണ് മാഷിനും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും അപൂര്‍വവും അനിതരസാധാരണവുമായ സവിശേഷ വ്യക്തിത്വമുണ്ട് എന്നു സമൂഹം കണ്ടെത്തുന്നത്. മാഷിന് ഇത്ര വലിയ തോതിലുള്ള സ്വീകാര്യതയുണ്ടായതിന്റെ കാരണവും ഈ വ്യക്തിത്വ സവിശേഷതതന്നെയാണ്.
രാജ്യത്തെയും ജനങ്ങളെയും നീറ്റുന്ന അതിഗുരുതരമായ പ്രശ്നങ്ങളാണ് മാഷ് തന്റെ പംക്തികളില്‍ കൈകാര്യംചെയ്തത്. ദേശീയരാഷ്ട്രീയം, വിദേശരംഗം, സാമൂഹിക-സാംസ്കാരികരംഗം, രാഷ്ട്രത്തെ ഗ്രസിക്കുന്ന അഴിമതി തുടങ്ങിയവയൊക്കെ അദ്ദേഹം കൈകാര്യം ചെയ്തു. ദേശാഭിമാനിയില്‍ മാഷ് എഴുതിവന്ന പ്രതിവാരപംക്തി സമകാലിക സംഭവങ്ങളോടുള്ള മൂര്‍ച്ചയുള്ള പ്രതികരണത്തിന്റെ ദൃഷ്ടാന്തങ്ങളായി. വിമര്‍ശത്തിന്റെ മൂര്‍ച്ച, അപഗ്രഥനപാടവം, ഉള്‍ക്കാഴ്ച എന്നിവകൊണ്ട് ശ്രദ്ധേയമാംവിധം ഉയര്‍ന്നുനില്‍ക്കുന്ന ലേഖനങ്ങളായി ഓരോന്നും. ഏതു പ്രശ്നം കൈകാര്യം ചെയ്യുമ്പോഴും ആ പ്രശ്നത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ അതുമായി ബന്ധപ്പെട്ട കൂടുതല്‍ പശ്ചാത്തലവിവരങ്ങള്‍ ചേര്‍ക്കുന്ന രീതിയുണ്ട് അദ്ദേഹത്തിന്. ആ വിവരങ്ങളാകട്ടെ ജീവിതാനുഭവങ്ങളില്‍നിന്നും സമ്പന്നമായ ചരിത്രവിജ്ഞാനത്തില്‍നിന്നും വിപുലമായ വായനയില്‍നിന്നും വരുന്നതാണ്. മറ്റു പലരുടെയും ലേഖനങ്ങളില്‍നിന്ന് കിട്ടാത്ത വെളിച്ചം ഈ ലേഖനങ്ങളില്‍നിന്ന് വായനക്കാരന് ലഭിച്ചതിനുള്ള കാരണം അതാണ്. നൊബേല്‍ സമ്മാനത്തെക്കുറിച്ച് എഴുതിയപ്പോള്‍ ആ സമ്മാനത്തിന്റെ തുടക്കത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അത് നല്‍കിയതിലെ രാഷ്ട്രീയവിവേചനത്തെക്കുറിച്ചുമെല്ലാം മാഷ് വിശദീകരിച്ചു. ദലൈലാമയ്ക്ക് നൊബേല്‍ സമ്മാനം കൊടുത്തതിനും ഗാന്ധിജിക്ക് അത് നിഷേധിച്ചതിനും പിന്നിലുള്ള രാഷ്ട്രീയമെന്ത് എന്നതു വായനക്കാരനെ ബോധ്യപ്പെടുത്തി. കശ്മീര്‍ താഴ്വര കലുഷമാകുന്നതിനെക്കുറിച്ച് എഴുതിയപ്പോള്‍ പണ്ട് ആ പ്രദേശത്തെ "സന്തോഷത്തിന്റെ താഴ്വര" എന്നാണ് വിശേഷിപ്പിച്ചിരുന്നത് എന്നതു മാഷ് ഓര്‍മിച്ചെടുത്തു. പഴയ കാലത്തെ പശ്ചാത്തലത്തിലേക്ക് കൊണ്ടുവന്നു. അപ്പോള്‍ , കശ്മീരിന്റെ ഇന്നത്തെ അവസ്ഥയില്‍ ഏത് ഇന്ത്യാക്കാരനുമുള്ള ദുഃഖം തീവ്രതരമായി. ഇത് പ്രാഗത്ഭ്യമുള്ള എഴുത്തുകാര്‍ക്കു മാത്രം വഴങ്ങുന്ന രചനാതന്ത്രമാണ്. മാഷിനാകട്ടെ, ഇത് അനായാസം സാധ്യമായി.
കേരളത്തില്‍ വന്ന് "അഴിമതി പാടില്ല" എന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികള്‍ക്ക് അധ്യക്ഷത വഹിക്കുന്നത് ഈ പ്രധാനമന്ത്രിയാണെന്നു തുറന്നടിച്ചു പറയാന്‍ നമ്മുടെ സാംസ്കാരികരംഗത്ത് അഴീക്കോട് മാഷേ ഉണ്ടായുള്ളൂ. "അഴിമതി പാടില്ലെന്ന്" എന്ന ശീര്‍ഷകത്തിലുള്ള ലേഖനത്തില്‍ അഴിമതിക്കെതിരായ മാഷിന്റെ സിംഹഗര്‍ജനമാണ് മുഴങ്ങിയത്. ഇന്ന് ജുഡീഷ്യറിയെ ആരും ഒന്നും പറഞ്ഞുകൂടാ എന്ന സ്ഥിതിയുണ്ട്. വിമര്‍ശിച്ചാലതു കോടതിയലക്ഷ്യമാകും. വിമര്‍ശിച്ചയാളെ ജയിലിലടയ്ക്കും. ഈ അവസ്ഥ നിലനില്‍ക്കുമ്പോഴും ന്യായാധിപന്മാര്‍ മനുഷ്യര്‍തന്നെയാണെന്നും അതുകൊണ്ട് അവര്‍ക്ക് തെറ്റുപറ്റാമെന്നും ജുഡീഷ്യറിയിലുള്ളവരെത്തന്നെ ഓര്‍മിപ്പിച്ചിട്ടുണ്ട് മാഷ് "ന്യായവും ന്യായാധിപനും" എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ . ധീരമായ ഒരു ശ്രമം എന്നു ഈ ലേഖനത്തെ വിശേഷിപ്പിക്കട്ടെ. ജഡ്ജിമാര്‍ മറന്നുകൂടാത്ത സാമൂഹികധര്‍മങ്ങളെക്കുറിച്ച് മാഷ് ജുഡീഷ്യറിയെ ഓര്‍മിപ്പിച്ചു. സാധാരണ കാഴ്ചപ്പാടിലുള്ള നിയമപാലനം എന്ന കര്‍ത്തവ്യം എന്നതിനപ്പുറത്ത് രാഷ്ട്രം പ്രഖ്യാപിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള വലിയ കടപ്പാടുകൂടിയുണ്ട് എന്നത് ജഡ്ജിമാരെ ഓര്‍മിപ്പിച്ചു. എം വി ജയരാജനെ ജയിലിലടയ്ക്കാന്‍ ഉത്തരവിട്ട ജഡ്ജിമാര്‍ വിധിക്കുമുമ്പ് മാഷിന്റെ ഈ ലേഖനം വായിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയിട്ടുണ്ട്. ഈ ലേഖനം പകരുന്ന വെളിച്ചം കോടതിയുടെ മനസ്സില്‍ പടര്‍ന്നിരുന്നെങ്കില്‍ വിധി അങ്ങനെ ആവുമായിരുന്നില്ല എന്നതാണെന്റെ ഉറച്ച വിശ്വാസം.
നവഭാരത നിര്‍മാണത്തിനായി അവസരങ്ങള്‍ ഉപയോഗിക്കണമെന്നാണല്ലോ മാഷ് ആ ലേഖനത്തില്‍ പറഞ്ഞത്. നവഭാരതസൃഷ്ടിയുണ്ടാവണമെങ്കില്‍ അഴിമതിഗ്രസ്തമായ ഇന്നത്തെ ഭരണവും അതിന്റെ ജനദ്രോഹ നടപടികളും തുറന്നുകാട്ടപ്പെടണം. അതിനാകട്ടെ പ്രതിഷേധ പ്രകടനത്തിനും പൊതുസമ്മേളനങ്ങള്‍ക്കും ഒക്കെയുള്ള അവകാശം നിലനില്‍ക്കണം. അത് നിലനിര്‍ത്തി നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമമാണ് ജയരാജന്‍ നടത്തിയത് എന്നതോര്‍ക്കണം. ജനാധിപത്യമെന്നതാകട്ടെ, നമ്മുടെ ഭരണഘടന ആമുഖത്തില്‍ ഉച്ചൈസ്ഥരം ഉല്‍ഘോഷിക്കുന്ന മൂല്യമാണ് താനും. നവസമൂഹത്തിലേക്കുള്ള പരിവര്‍ത്തനം എന്നതു പാഴ്വാക്കല്ല എന്നും അത് എത്രയുംവേഗം നടപ്പിലാക്കുവാന്‍ എല്ലാ അവസരങ്ങളും ന്യായാധിപന്മാര്‍ ഉപയോഗപ്പെടുത്തണമെന്നും മാഷ് ഉപദേശിച്ചു. നിലവിലുള്ള വ്യവസ്ഥിതി മാറ്റലാണ് നവഭാരതസൃഷ്ടിക്കുള്ള മാര്‍ഗം. വ്യവസ്ഥിതിക്കെതിരായ എല്ലാ പ്രതിഷേധമാര്‍ഗങ്ങളെയും അടച്ചുകളഞ്ഞാല്‍ നവഭാരതനിര്‍മാണം എങ്ങനെ നടക്കും? ന്യായാധിപന്മാരെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു മാഷിന്റെ വാക്കുകള്‍ എന്നുമാത്രം പറയട്ടെ.
സാമ്രാജ്യത്വത്തിനെതിരെ, വര്‍ഗീയതക്കെതിരെ, അഴിമതിക്കെതിരെ ഒക്കെ ചാട്ടുളിപോലെ ചെന്നുതറയ്ക്കുന്ന പ്രസംഗങ്ങളാണ് മാഷ് നടത്തിയത്. കേരളത്തിന്റെ മനഃസാക്ഷിയെ ഉണര്‍ത്തുന്നതിന് മാഷിന്റെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ വലിയതോതില്‍ പ്രയോജനപ്പെട്ടു. അതുകൊണ്ടുതന്നെയാണ് കേരളത്തിന്റെ മനഃസാക്ഷിയുടെ ശബ്ദമായി മാഷിന്റെ വാക്കുകള്‍ അംഗീകരിക്കപ്പെട്ടതും ആദരിക്കപ്പെട്ടതും. മാഷിന് അഭിപ്രായമില്ലാത്ത കാര്യമില്ല എന്ന് അദ്ദേഹത്തിന്റെ ചില വിമര്‍ശകര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അവര്‍ മനസിലാക്കേണ്ട പ്രധാനകാര്യം, മാഷ് ഏതുവിഷയത്തില്‍ എന്തു പറയുന്നു എന്നറിയാന്‍ മഹാഭൂരിപക്ഷവും കാതോര്‍ത്തിരിക്കുന്നുണ്ട് എന്നതാണ്. സ്വാര്‍ഥതാ സ്പര്‍ശമില്ലാത്തതും സത്യസന്ധത നിറഞ്ഞതുമായ അഭിപ്രായമേ മാഷ് പറയുമായിരുന്നുള്ളു എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് ഉത്തമ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ആശയക്കുഴപ്പങ്ങളില്‍ തെളിച്ചം പടര്‍ത്താന്‍ ആ അഭിപ്രായം സഹായകമാവും എന്ന് അവര്‍ കരുതി. ഇത്തരത്തിലുള്ള ബോധം സമൂഹത്തിന് അധികമാളുകളെക്കുറിച്ച് ഉണ്ടെന്ന് പറയാനാവില്ല. അതുകൊണ്ടാണ്, അതറിയുന്നതുകൊണ്ടാണ് പ്രധാനപ്പെട്ട ഏതു സംഭവമുണ്ടാവുമ്പോഴും മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം തേടി മാഷിനു മുമ്പിലെത്തിയിരുന്നത്. അതേ മാധ്യമപ്രവര്‍ത്തകര്‍ മാഷിനെ വിമര്‍ശിക്കുന്നവര്‍ക്ക് സമീപം അഭിപ്രായം തേടി ചെല്ലാതിരുന്നത് ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ടാവാം; അല്ലെങ്കില്‍ ജനങ്ങള്‍ക്ക് ആ വിമര്‍ശകരുടെ അഭിപ്രായം കേള്‍ക്കാന്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ടാവാം. ഇതു മനസിലാക്കിയാല്‍ ഇക്കാര്യം മുന്‍നിര്‍ത്തി മാഷിനെതിരെ വന്നിരുന്ന വിമര്‍ശനങ്ങളുടെ മുനയൊടിയും.
ജനങ്ങള്‍ ആദരിക്കുന്ന തലത്തിലേക്ക് ഏതു വ്യക്തിത്വവും ഉയരുന്നത് ഏതെങ്കിലും മാജിക്കുകൊണ്ടല്ല. മറിച്ച് സുതാര്യവും സത്യസന്ധവുമായ ജീവിതത്തിന്റെ വിശുദ്ധികൊണ്ടാണ്. ആ ജീവിതവിശുദ്ധി എന്നും പരിപാലിച്ചുപോന്ന വ്യക്തിയാണ് മാഷ്. അത്തരമൊരു ജീവിത പശ്ചാത്തലമുള്ള വ്യക്തിക്കേ ഉയര്‍ന്ന ശിരസ്സുമായി നില്‍ക്കാനാവൂ; നിര്‍ഭയമായ മനസ്സുമായി സത്യങ്ങള്‍ തുറന്നുപറയാനുമാവൂ. ഒളിക്കാനുള്ളവര്‍ക്കേ ഭയക്കേണ്ടൂ. മാഷിന് ഒളിക്കാനൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് ഭയക്കാനും ഒന്നുമുണ്ടായില്ല. വ്യക്തിപരമായി നേട്ടങ്ങള്‍ ഉണ്ടാക്കണമെന്നുള്ളവര്‍ക്കേ എല്ലാവര്‍ക്കും പ്രിയങ്കരമാവുമോ എന്നുനോക്കി അഭിപ്രായം പറയേണ്ടതുള്ളു. മാഷിന് ഒരു സ്വാര്‍ഥലാഭവും ഇച്ഛിക്കാത്ത മനസ്സാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ആര്‍ക്ക് പ്രിയമാവും ആര്‍ക്ക് അപ്രിയമാവും എന്നുനോക്കി സ്വന്തം അഭിപ്രായത്തെ എഡിറ്റ് ചെയ്യേണ്ടിവന്നിട്ടില്ല. ഇതൊക്കെയാണ് മാഷിന്റെ തലയെടുപ്പിനും ധീരമായ അഭിപ്രായപ്രകടനത്തിനും അടിസ്ഥാനമായിരുന്നത്. ഇത്തരം ഉയര്‍ന്ന വ്യക്തിത്വങ്ങളുടെ എണ്ണം സമൂഹത്തില്‍ കുറഞ്ഞുവരികയാണ്. ആ പശ്ചാത്തലത്തില്‍ നോക്കുമ്പോഴാണ് മാഷിന്റെ വിയോഗമുണ്ടാക്കുന്ന നഷ്ടം നാം കൂടുതല്‍ തിരിച്ചറിയുന്നത്.
ധീരമായ നിലപാടുകള്‍ കൈക്കൊള്ളുന്നവര്‍ക്ക് ശത്രുക്കളുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ , ശത്രുക്കളുടെ പ്രലോഭനങ്ങളില്‍ തളരുന്ന മനസ്സായിരുന്നില്ല മാഷിന്. മാഷിനെതിരെ പലവട്ടം ഭീഷണി ഉയര്‍ന്നിട്ടുണ്ട്. മുമ്പ് ഒരു ഘട്ടത്തില്‍ , മാഷിന്റെ പ്രസംഗം തടയാനും അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും ചില വര്‍ഗീയശക്തികള്‍ തീരുമാനിച്ചു. ആ ഭീഷണി വിലപ്പോയോ? പുരോഗമന കേരളമാകെ മാഷിന്റെ മുമ്പില്‍ പ്രതിരോധനിരയായി നിന്നു. വര്‍ഗീയശക്തികള്‍ ഭീഷണി അവസാനിപ്പിച്ച് മാളത്തിലൊളിച്ചു. ഇത്തരം ഭീഷണികള്‍ക്കും ആക്ഷേപങ്ങള്‍ക്കും മുമ്പില്‍ പതറിയാല്‍ അതാഗ്രഹിക്കുന്ന ഇരുട്ടിന്റെ ശക്തികളാവും ജയിക്കുക. അതറിയാമായിരുന്ന മാഷ് എന്നും പൂര്‍വാധികം ശക്തിയോടെ സമൂഹത്തിന്റെ മൂല്യങ്ങള്‍ക്കുവേണ്ടി ഉറച്ചുനിന്നു പൊരുതി. കേരളത്തിന്റെ മനഃസാക്ഷിയുടെ ശബ്ദമായിരുന്നു മാഷ്. നമ്മുടെ സംസ്കാരിക രംഗത്തെ ഒറ്റയാന്‍പട്ടാളം എന്നുപറയാം. ഏതെങ്കിലും പാര്‍ടിയുടെയോ പ്രസ്ഥാനത്തിന്റെയോ പിന്‍ബലമില്ലാതെ കേരളത്തിലെന്നല്ല, ലോകത്തുതന്നെ അധികമാളുകള്‍ നിത്യേന ഇത്രയേറെ ജനങ്ങളോട് സംസാരിച്ചിട്ടുണ്ടാവില്ല. ഓരോ പ്രസംഗവേദിയിലും തനിക്ക് ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു. അതിനോട് യോജിക്കുന്നവരുണ്ടാവാം; വിയോജിക്കുന്നവരുണ്ടാവാം. ഒരിക്കല്‍ മലയാളത്തിലെ ഒരു മുഖ്യധാരാപത്രം മാഷിനെ തമസ്കരിക്കാന്‍ തീരുമാനിച്ചു. മാഷ് എത്ര പ്രാധാന്യമുള്ള പ്രസംഗം നടത്തിയാലും ആ പത്രം ഒരക്ഷരം കൊടുക്കില്ല. എത്ര വലിയ പുരസ്കാരം കിട്ടിയാലും പടം കൊടുക്കില്ല. പത്രത്തിന് സ്വീകാര്യമായ വിധത്തില്‍ മാഷ് തന്റെ അഭിപ്രായം മാറ്റാന്‍ നിന്നില്ല. ഒടുവില്‍ , മാഷിനെ തമസ്കരിച്ച് അധികം മുമ്പോട്ടുപോകാനാവില്ല എന്ന് തിരിച്ചറിഞ്ഞ് പത്രംതന്നെ നിലപാട് മാറ്റി. മുഖ്യധാരാ മാധ്യമങ്ങളെപ്പോലും അങ്ങനെ നേരിടാന്‍ സംശുദ്ധമായ ജീവിതമാണ് താന്‍ നയിക്കുന്നത് എന്ന ഉറപ്പുള്ളവര്‍ക്കേ കഴിയൂ. ആ ഉറപ്പു നല്‍കുന്ന ധീരതയെ കാലവും ലോകവും വൈകിയായാലും അംഗീകരിക്കുകതന്നെ ചെയ്തു.
പല തലങ്ങളുള്ള വ്യക്തിത്വത്തിനുടമയാണ് മാഷ് എന്ന് നമുക്കറിയാം. സാഹിത്യ വിമര്‍ശകനാണ്, പണ്ഡിതനാണ്, ശ്രേഷ്ഠനായ അധ്യാപകനാണ്, പ്രഭാഷകനാണ്, ചിന്തകനാണ് അങ്ങനെ പലതുമാണ്. ആശാന്റെ സീതാകാവ്യവും തത്വമസിയുംപോലുള്ള വിശിഷ്ടഗ്രന്ഥങ്ങള്‍ അദ്ദേഹത്തില്‍നിന്നു നമുക്ക് ലഭിച്ചു. അതാകട്ടെ, നമ്മുടെ വിമര്‍ശന സാഹിത്യത്തെ പുതിയ തലത്തിലേക്കുയര്‍ത്തി. പില്‍ക്കാലത്ത് മാഷ് സാഹിത്യവിമര്‍ശന രംഗത്ത് എന്നതിനേക്കാള്‍ സാമൂഹ്യ-സാംസ്കാരിക വിമര്‍ശന രംഗത്ത് കേന്ദ്രീകരിക്കുകയാണ് ചെയ്തത്. സാഹിത്യ വിമര്‍ശന രംഗത്തിന് ഇതുമൂലമുണ്ടായ നഷ്ടം സാമൂഹ്യ-സാംസ്കാരിക വിമര്‍ശനരംഗത്തിനുള്ള നേട്ടമായി. ഗാന്ധിയനായ മാഷ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് ശരിയല്ല എന്ന് പറഞ്ഞവരുണ്ട്. മാഷ് എന്നും ഗാന്ധിയനായിരുന്നു. ഗാന്ധിയന്‍ ആദര്‍ശങ്ങളിലുള്ള വിശ്വാസവും കോണ്‍ഗ്രസിലെ അംഗത്വവും ഒരുമിച്ചുകൊണ്ടുപോവുക അസാധ്യമാണെന്ന് വന്നപ്പോള്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളെ ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേരുകയല്ല, മറിച്ച് കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ഗാന്ധിയര്‍ ആദര്‍ശങ്ങളിലുറച്ചു നില്‍ക്കുകയാണ് മാഷ് ചെയ്തത്.
മാഷ് ഇടതുപക്ഷവുമായി സഹകരിക്കുന്നതിനെ വിമര്‍ശിച്ചവരുമുണ്ട്. ഈ സഹകരണത്തില്‍ അസ്വാഭാവികമായി ഒന്നുമുള്ളതായി തോന്നിയിട്ടില്ല. അത് യഥാര്‍ഥ ഗാന്ധിയന്‍ ചിന്തകളില്‍നിന്നുള്ള വളര്‍ച്ചതന്നെയാണ്. ഗാന്ധിജി ദരിദ്രനാരായണന്മാരെക്കുറിച്ച് പറഞ്ഞു. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസല്ല; ഇടതുപക്ഷമാണ്. സ്വാതന്ത്ര്യം, രാജ്യത്തിന്റെ പരമാധികാരം തുടങ്ങിയ ദേശീയ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളുടെ പരിരക്ഷയ്ക്കായി നിലപാടെടുത്തത് കോണ്‍ഗ്രസല്ല, ഇടതുപക്ഷമാണ്. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച ലാളിത്യം, ത്യാഗം തുടങ്ങിയ മൂല്യങ്ങള്‍ കോണ്‍ഗ്രസിലല്ല, ഇടതുപക്ഷത്താണ്. ഗാന്ധിജിയെ മറന്ന കോണ്‍ഗ്രസ്, 2ജി സ്പെക്ട്രംപോലുള്ള കുംഭകോണങ്ങള്‍ക്കുള്ള അവസരമായി രാഷ്ട്രീയത്തെ കണ്ടപ്പോള്‍ സാമൂഹ്യ-സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള പോരാട്ടമായി ഇടതുപക്ഷം രാഷ്ട്രീയത്തെ കണ്ടു. മാഷിനെപ്പോലുള്ള ഒരാള്‍ ആരുടെ കൂടെ നില്‍ക്കും? കുംഭകോണക്കാര്‍ക്കൊപ്പമോ, അതോ അത് തുറന്നുകാട്ടി പോരാടുന്ന ഇടതുപക്ഷത്തിനൊപ്പമോ? മാറിയത് മാഷല്ല, കോണ്‍ഗ്രസാണ് എന്ന് ചിന്തിക്കുന്നവര്‍ക്ക് മനസിലാവും. മാഷ് ഗ്രാമഗ്രാമാന്തരങ്ങളില്‍ സഞ്ചരിച്ച് ഗാന്ധിയന്‍മൂല്യങ്ങളെക്കുറിച്ച് പ്രസംഗിച്ചു. അത് കോണ്‍ഗ്രസുകാരില്‍ അസഹിഷ്ണുതയുളവാക്കുന്നുവെങ്കില്‍ തെറ്റുപറ്റിയത് കോണ്‍ഗ്രസിനല്ലേ? മാഷിനുവേണമെങ്കില്‍ ഒരു ദന്തഗോപുരത്തിനുള്ളില്‍ സാഹിത്യംമാത്രം എഴുതിക്കൊണ്ടിരിക്കാമായിരുന്നു. എന്നാല്‍ , സമൂഹത്തെക്കുറിച്ച് കരുതലുള്ള ഒരാള്‍ക്കും സ്വകാര്യതയിലേക്ക് ഒതുങ്ങിക്കൂടാനാവില്ലാത്ത വിധത്തിലുള്ളതാണ് ഇന്ത്യന്‍ വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങള്‍ . അതുകൊണ്ടുതന്നെയാവണം പ്രൗഢോജ്വലങ്ങളായ പ്രസംഗങ്ങളുമായി ജനങ്ങളെ ഉണര്‍ത്താന്‍ മാഷ് സമൂഹമധ്യത്തിലേക്കിറങ്ങിയത്; മൂര്‍ച്ചയുള്ള ലേഖനങ്ങളിലൂടെ അനീതിക്കെതിരെ പൊരുതിക്കൊണ്ടിരുന്നത്.
മാഷ് എക്കാലവും സ്വന്തമായി അഭിപ്രായമുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളില്‍ ചിലതിനോടു ഞങ്ങള്‍ യോജിച്ചിട്ടുണ്ട്. ചിലതിനോട് വിയോജിച്ചു. എന്നാല്‍ , അദ്ദേഹത്തിന്റെ മഹത്വത്തെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനും ഒരിക്കലും ആ വിയോജനം തടസ്സമായില്ല. അദ്ദേഹത്തിന് വിയോജനാഭിപ്രായം രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യത്തെക്കൂടി പരിരക്ഷിച്ചുകൊണ്ടേ ജനാധിപത്യത്തിന്റെ പൊതുമണ്ഡലത്തെ ശക്തിപ്പെടുത്താനാവൂ എന്നതായിരുന്നു ഞങ്ങളുടെ നിലപാട്.
*
പിണറായി വിജയന്‍ ദേശാഭിമാനി 25 ജനുവരി 2012
Subscribe to:
Post Comments (Atom)
1 comment:
അഴിക്കോട് മാഷിനെ കുറച്ചുദിവസംമുമ്പ്സന്ദര്‍ശിച്ചിരുന്നു. പരിക്ഷീണനായാണ് കാണപ്പെട്ടതെങ്കിലും ഇത്രവേഗം അദ്ദേഹത്തിന്റെ വിയോഗമുണ്ടാവുമെന്ന് അന്ന് കരുതിയില്ല. പകരംവയ്ക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു മാഷിന്റേത്. അതുകൊണ്ടുതന്നെ ഈ വിയോഗം ജനാധിപത്യ-സാംസ്കാരിക കേരളത്തെ വല്ലാതെ ദരിദ്രമാക്കുന്നു. മാഷിന്റെ സ്നേഹവാത്സല്യങ്ങള്‍ എന്നും അനുഭവിക്കാനിടയായിട്ടുണ്ട്. ആ നിലയ്ക്ക് വ്യക്തിപരമായി ഈ നഷ്ടം കനത്തതാവുന്നു. പതിറ്റാണ്ടുകളായി നമ്മുടെ സമൂഹത്തില്‍ ഇരുട്ടിനെതിരെ ഉയര്‍ന്നുനിന്ന പ്രകാശഗോപുരമായിരുന്നു മാഷ്. അത്തരമൊരു വ്യക്തിത്വത്തില്‍നിന്ന് പ്രസരിച്ച ധീരതയുടെ പ്രകാശം സമൂഹത്തിലാകെ തുടര്‍ന്നും നിലനില്‍ക്കുമെന്ന് പ്രത്യാശിക്കാം. മാഷിന്റെ കൃതികളില്‍നിന്നും പ്രഭാഷണങ്ങളില്‍നിന്നും പ്രസരിച്ച വെളിച്ചം സമൂഹത്തിന് പാത കാണിച്ചുതരിക മാത്രമായിരുന്നില്ല, പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന ഇരുട്ടിന്റെയും ജീര്‍ണതകളുടെയും ശക്തികളെ പൊളിച്ച് അകറ്റുകകൂടിയായിരുന്നു. ഈ രണ്ട് ധര്‍മങ്ങളും ഒരേസമയം അനുഷ്ഠിക്കുന്ന വ്യക്തികളും കൃതികളും നമുക്ക് അധികമില്ല. അതുകൊണ്ടാണ് മാഷിനും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും അപൂര്‍വവും അനിതരസാധാരണവുമായ സവിശേഷ വ്യക്തിത്വമുണ്ട് എന്നു സമൂഹം കണ്ടെത്തുന്നത്. മാഷിന് ഇത്ര വലിയ തോതിലുള്ള സ്വീകാര്യതയുണ്ടായതിന്റെ കാരണവും ഈ വ്യക്തിത്വ സവിശേഷതതന്നെയാണ്.
Post a Comment