Monday, January 23, 2012

ജലം വാണിജ്യവസ്തുവല്ല

ജലം "അമൂല്യ"മാണെന്നു കേരളീയരെ പഠിപ്പിച്ചത് ലോകബാങ്കാണ്. അമൂല്യമെന്ന് അവര്‍ വിശേഷിപ്പിച്ചത് അതിന്റെ മഹത്വത്തെയല്ല, സാമ്പത്തികാടിസ്ഥാനത്തിലുള്ള മൂല്യത്തെയാണെന്ന് തിരിച്ചറിയാന്‍ നമ്മള്‍ വൈകി. ജലത്തെ നീല സ്വര്‍ണമെന്നും ദ്രവസ്വര്‍ണമെന്നും ലോകബാങ്ക് വിശേഷിപ്പിക്കുന്നുണ്ട്. ഒരുവര്‍ഷം ശരാശരി 3055 മില്ലീമീറ്റര്‍ മഴ ലഭിക്കുന്ന, 44 നദികളുള്ള, ചതുരശ്ര കിലോമീറ്ററിന് ശരാശരി 250 കിണറുള്ള കേരളീയര്‍ക്ക് ഈ വിശേഷണങ്ങളൊന്നും വലിയ കാര്യമായി തോന്നിയിരുന്നില്ല. എന്നാല്‍ , കുടിവെള്ളത്തിന് "സിയാല്‍" മോഡല്‍ കമ്പനി രൂപീകരിക്കാന്‍ തീരുമാനിക്കുകയും വെള്ളത്തിന്റെ ഉപയോഗവും വിലയും നിര്‍ണയിക്കുന്നതിന് റെഗുലേറ്ററി അതോറിറ്റി വേണമെന്ന് തീരുമാനിക്കുകയും ജലത്തെ സമാവര്‍ത്തി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുകയും ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ വിശേഷണങ്ങള്‍ ഗൗരവമായി കാണേണ്ടതുണ്ട്. കേരളത്തിലെ ഗ്രാമീണ ജനതയുടെ 68 ശതമാനത്തിനും നഗരവാസികളുടെ 87 ശതമാനത്തിനും പൈപ്പുവെള്ളം ലഭ്യമാക്കുന്നുണ്ട്. ഇത് കേരളത്തിലെ പൊതുമേഖലാസ്ഥാപനമായ കേരളാ വാട്ടര്‍ അതോറിറ്റിയാണ് മുഖേനയാണ്.

1930കളില്‍ രാജഭരണകാലത്ത് തിരുവിതാംകൂറില്‍ നടപ്പാക്കിയ വെല്ലിങ്ടണ്‍ വാട്ടര്‍ വര്‍ക്സും പാലക്കാട് കൊല്ലങ്കോട് രാജാവ് നടപ്പാക്കിയ കുടിവെള്ളപദ്ധതിയിലും തുടങ്ങി, സംസ്ഥാന രൂപീകരണംമുതല്‍ പിഡബ്ല്യുഡി ആയും പിന്നീട് പിഎച്ച്ഇഡി ആയും 1984 ഏപ്രില്‍ ഒന്നുമുതല്‍ കേരളാ വാട്ടര്‍ ആന്‍ഡ് വേസ്റ്റ് വാട്ടര്‍ അതോറിറ്റിയായും 1986 മുതല്‍ കേരളാ വാട്ടര്‍ അതോറിറ്റിയായും അറിയപ്പെടുന്ന സ്ഥാപനത്തിന്റെ നേട്ടമാണത്. ഇന്ന് ഇന്ത്യയില്‍ 24 മണിക്കൂറും പൈപ്പുവഴി ശുദ്ധജലവിതരണമുള്ള ഏക നഗരം തിരുവനന്തപുരമായിരിക്കും. പൊതുമേഖലാ സ്ഥാപനത്തിന്റെ ദൗര്‍ബല്യങ്ങള്‍ ഉണ്ടാകാമെങ്കിലും മേല്‍ സൂചിപ്പിച്ച വളര്‍ച്ചയ്ക്ക് നേതൃത്വം വഹിച്ച ഈ സ്ഥാപനത്തെ ആര്‍ക്കും തള്ളിപ്പറയാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഇന്ന് വാട്ടര്‍ അതോറിറ്റി വിവിധ സ്രോതസ്സുകള്‍വഴി ഏകദേശം 6000 കോടിരൂപയുടെ പദ്ധതികള്‍ നടത്തുന്ന സ്ഥാപനമാണ്. 11 രൂപ 11 പൈസ ശുദ്ധീകരണ- വിതരണ ചെലവുവരുന്ന ആയിരം ലിറ്റര്‍ വെള്ളം നാലുരൂപ 50 പൈസയ്ക്കാണ് അതോറിറ്റി വിതരണംചെയ്യുന്നത്. 10 കിലോലിറ്റര്‍വരെയുള്ള വെള്ളം ബിപിഎല്‍ വിഭാഗത്തിന് സൗജന്യമാണ്.
സംസ്ഥാനത്തെമ്പാടുമായി ഒന്നരലക്ഷത്തിലധികം പൊതുടാപ്പുകളുണ്ട്. 12 ലക്ഷം കണക്ഷനുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ 60 ശതമാനം ജനങ്ങള്‍ക്കും കൊച്ചി നഗരത്തില്‍ 10 ശതമാനം ജനങ്ങള്‍ക്കും സ്വിവറേജ് സംവിധാനവുമുണ്ട്. 12-ാം പഞ്ചവത്സരപദ്ധതിയില്‍ 100 ശതമാനം പൈപ്പുവഴിയുള്ള കുടിവെള്ളവിതരണം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്ഥാപന ശാക്തീകരണത്തിന്റെ ഭാഗമായി വൈവിധ്യവല്‍ക്കരണത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കി. കുപ്പിവെള്ള ഫാക്ടറികളും പിവിസി പൈപ്പ് ഫാക്ടറിയും തുടങ്ങാനും തീരുമാനിക്കുകയും അതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുകയുംചെയ്തു. ഈ പദ്ധതികളെ അട്ടിമറിക്കാനും സ്ഥാപനത്തെ ദുര്‍ബലപ്പെടുത്താനുമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സപ്തധാരാ പദ്ധതിയിലെ സിയാല്‍ മോഡല്‍ "കുടിവെള്ളക്കമ്പനി". 25 പൈസയ്ക്ക് ഒരുലിറ്റര്‍ വെള്ളം നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതായത് ഒരു ശരാശരി കുടുംബത്തിന് ഒരു കിലോ ലിറ്റര്‍ (10,000 ലിറ്റര്‍) വെള്ളത്തിന് 2500 രൂപ നല്‍കണം. ഇന്നത്തെ നിരക്കില്‍ ഒരു കുടുംബത്തിന് 45 രൂപ ചെലവുവരുന്ന സ്ഥാനത്താണ് ഈ വിലയെന്നോര്‍ക്കണം.

ജലം ആരും ഉല്‍പ്പാദിപ്പിക്കുന്നില്ല. പ്രകൃതി സമ്പത്താണത്. എല്ലാ ജീവജാലങ്ങള്‍ക്കും അവകാശമുള്ള പ്രകൃതിസമ്പത്തിനെ പണമുള്ളവര്‍ കൈയടക്കി, പണമില്ലാത്തവന് നിഷേധിക്കുന്ന പ്രാകൃതമായ കാട്ടുനീതിയാണിത്. വെള്ളത്തെ പൊതുഉടമസ്ഥതയില്‍ നിലനിര്‍ത്തി, അതിന്റെ സന്തുലിതമായ വിതരണം ഉറപ്പാക്കുന്ന ജലനയമുള്ള സംസ്ഥാനത്താണ് ഇത്തരം തീരുമാനങ്ങളുണ്ടാകുന്നത്. വെള്ളത്തെപ്പോലും സ്വകാര്യ വാണിജ്യവസ്തുവാക്കുന്ന രാജ്യത്ത് മറ്റെന്തെല്ലാം ഇനി ഇപ്രകാരം വില്‍ക്കാനുണ്ട് എന്ന്് നോക്കിയാല്‍ മാത്രം മതി. ഇത്തരം നടപടികള്‍ക്ക് ഗതിവേഗം കൂട്ടാനും അതിനാവശ്യമായ തീരുമാനങ്ങള്‍ എടുക്കാനുമാണ് 2011 നവംബര്‍ 30ന് കേരള സംസ്ഥാന ജലവിഭവ റെഗുലേറ്ററി അതോറിറ്റി ഓര്‍ഡിനന്‍സ്-2011 ഇറക്കിയത്. ഇതിന്റെ ഭാവി പ്രവര്‍ത്തനം എന്തായിരിക്കും എന്നതിന് വൈദ്യുതി റെഗുലേറ്ററി കമീഷനും ടെലികോം റെഗുലേറ്ററി അതോറിറ്റിയും നമ്മുടെ മുമ്പിലുണ്ട്.

*
ജെ മോഹന്‍കുമാര്‍ (കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ - സിഐടിയു ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...