Friday, January 20, 2012

ഭാഷ മാത്രമാണ് വഴി - കല്‍പ്പറ്റ നാരായണനുമായി മുഖാമുഖം

മലയാളിക്ക് പൊതുവെ അപരിചിതമായ, മൗലിക ചിന്തയുടെയും അപൂര്‍വ നിരീക്ഷണങ്ങളുടെയും സംസ്കാര വിശകലനത്തിന്റെയും വഴികളിലൂടെ നടക്കുന്ന ഏകാന്ത സഞ്ചാരിയാണ് കല്‍പ്പറ്റ നാരായണന്‍ . കാവ്യാത്മക ഗദ്യത്തിന്റെ ധ്വനിസാന്ദ്രവും ധ്യാനലീനവുമായ സൗന്ദര്യം എം എന്‍ വിജയനും കെ പിഅപ്പനും ശേഷം മലയാളഭാവനയുടെ ഗിരിശ്രൃംഗങ്ങളില്‍ സ്പര്‍ശിക്കുന്നത് കല്‍പ്പറ്റ നാരായണനിലൂടെയാണ്. മൗലികചിന്തയുടെ അനന്യസാധാരണമായ വെള്ളിമീന്‍ചാട്ടങ്ങള്‍ അദ്ദേഹത്തിന്റെ രചനകളില്‍ കാണാം. സാഹിത്യ-സംസ്കാര നിരൂപണത്തിന്റെ അപൂര്‍വ ചാരുതയാര്‍ന്ന കണ്‍തെളിച്ചങ്ങള്‍ കല്‍പ്പറ്റയെ സമകാലിക സാഹിത്യലോകത്ത് ശ്രദ്ധേയനാക്കുന്നു. മലയാളത്തിലെ പുതുകവിതയുടെ അഗ്രഗാമിയാകാനും അദ്ദേഹത്തിനു കഴിഞ്ഞു.

മരണം മുഖ്യ കഥാപാത്രമായ "ഇത്രമാത്രം" എന്ന ചെറുനോവല്‍ അതിന്റെ ദാര്‍ശനികൗന്നത്യം കൊണ്ട് മലയാള നോവല്‍സാഹിത്യത്തിലെ വലിയ കൃതിയായി മാറിയിരിക്കുന്നു."ഈ കണ്ണടയൊന്നു വച്ചു നോക്കൂ", "അവര്‍ കണ്ണുകൊണ്ട് കേള്‍ക്കുന്നു" , "തത്സമയം", "മറ്റൊരുവിധമായിരുന്നെങ്കില്‍" എന്നീ കൃതികള്‍ മലയാള ചിന്തയുടെ വേറിട്ട വഴികള്‍ കാണിച്ചു തരുന്നു.

കല്‍പ്പറ്റ നാരായണനുമായി മുഖാമുഖം പി സുരേഷ് :

മാഷ് അറിയപ്പെടുന്നത് "കല്‍പ്പറ്റ" നാരായണന്‍ എന്നാണ്. എന്നാല്‍ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ മാഷ് അറിയപ്പെട്ടത് വയനാടന്‍ ചുരമിറങ്ങിയ ശേഷമാണ്. വയനാട് മാഷിന്റെ എഴുത്തിനെ എങ്ങനെയാണ് രൂപപ്പെടുത്തിയത്?

കല്‍പ്പറ്റ നാരായണന്‍ : വയനാട് എന്റെ അരങ്ങിന്റെ അണിയറയാണ് എന്നു പറയാം.

പി കുഞ്ഞിരാമന്‍നായര്‍ പറയുംപോലെ ഒരു"പാഴ് പ്രതിബിംബമാണ്" അരങ്ങ്. ഇപ്പോഴും ഞാന്‍ സ്വപ്നം കാണുമ്പോള്‍ അതിന്റെ പശ്ചാത്തലം വയനാടാണ്. മുപ്പത്തഞ്ച് വയസ്സുവരെയൊക്കെയാണ് ഒരാള്‍ തീവ്രമായി ജീവിക്കുന്നത് എന്നു പറയാം. പിന്നീടുള്ള പശ്ചാത്താപത്തേയും ജീവിതം എന്നു പറയാമായിരിക്കാം. ഞാന്‍ ഈ തീവ്രജീവിതം നയിച്ചത് വയനാട്ടില്‍വച്ചാണ്. അതിനാല്‍ എന്റെ ഓര്‍മകളും കല്പനകളും ഇമേജുകളുമൊക്കെ വയനാട്ടിലാണ് ഉടലെടുക്കുന്നത്. ഒരു എഴുത്തുകാരന്‍ എന്ന നിലക്ക് എനിക്ക് വിഭവങ്ങള്‍ തന്നുകൊണ്ടിരിക്കുന്നത് എന്റെ ബാല്യകാലത്തിന്റെ പശ്ചാത്തലമായ വയനാടാണ്. കല്‍പ്പറ്റ നാരായണന്‍ എന്ന് ഒരു സ്ഥലപ്പേരോടുകൂടി അറിയപ്പെടുന്നതില്‍ ആദ്യമൊക്കെ വൈമുഖ്യമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ എന്റെ ഐഡന്റിറ്റി അതിനകത്ത് എവിടെയോ ഉണ്ട് എന്ന് ഞാന്‍ തിരിച്ചറിയുന്നു. "താഴെ നാട്ടിലെ" എഴുത്തുകാര്‍ക്കില്ലാത്ത ഒരു പച്ചപ്പും സാന്ദ്രതയും എന്റെ എഴുത്തിലുണ്ട് എന്നു ഞാന്‍ വിചാരിക്കുന്നു.

? മാഷെ കൂടുതല്‍ ആകര്‍ഷിച്ചത് ചുരത്തിനു താഴെയുള്ള കാഴ്ച്ചകളാണോ അതോ വയനാട്ടിലെ കാഴ്ച്ചകളോ?

വയനാട്ടില്‍നിന്നു വിട്ടുപോന്നപ്പോഴാണ് അതിന്റെ ഭംഗി കൂടുതല്‍കൂടുതല്‍ എനിക്കു മനസ്സിലായത്. "താഴെ രാജ്യ"മാണ് എന്നെ ആകര്‍ഷിച്ചിരുന്നത്. വീണ് കാലൊടിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എന്നെ കൊണ്ടുവന്നപ്പോഴാണ് അതിശയകരമായ "താഴെ രാജ്യം" ഞാന്‍ കാണുന്നത്. "ഞാന്‍ വയനാട്ടിലേക്ക് വീഴുകയായിരുന്നു" എന്ന് ബിബ്ലിക്കല്‍ വേദനയോടെ ഞാന്‍ എഴുതിയിട്ടുണ്ട്. വയനാട്ടില്‍ ആറുമൈല്‍ നടന്നാല്‍ മൂന്നോ നാലോ ആളുകളെ മാത്രമേ കാണാന്‍ പറ്റുമായിരുന്നുള്ളു. നിറയെ ആളുകളുള്ള കോഴിക്കോട്ടേക്ക് വരണമെന്ന് അന്നു ഞാന്‍ ആശിച്ചു. കനത്ത ഏകാന്തതയുള്ള വയനാട്ടില്‍നിന്ന്, വാഹനത്തിരക്കും ഉയരമുള്ള കെട്ടിടങ്ങളുമുള്ള കോഴിക്കോട്ട് എത്താന്‍ ഞാന്‍ കൊതിച്ചു. അന്നത്തെ കല്‍ക്കരിത്തീവണ്ടിയുടെ പ്രത്യേക ഗന്ധവും വണ്ടി പല സ്റ്റേഷനുകളിലും ഏറെ നേരം നിര്‍ത്തിയിടുമ്പോഴുള്ള അരണ്ട സങ്കടം തരുന്ന ഒരു ലോകവും ഞാന്‍ തീവ്രമായി അനുഭവിച്ചു.

? മാഷിന്റെ അനുഭവ കഥനമായ "കോന്തല"യില്‍ സ്വതവേ ദുര്‍ബലനും രോഗിയും അമാന്തക്കാരനുമായ ഒരു കുട്ടിയായിട്ടാണ് സ്വയം ചിത്രീകരിച്ചിരിക്കുന്നത്. പിന്നീടെങ്ങനെയാണ് ഒരു എഴുത്തുകാരനായിട്ടുള്ള പരിവര്‍ത്തനം നടന്നത്?

അങ്ങനെയുള്ള ഒരാളായിരുന്നതുകൊണ്ടാണ് ഞാന്‍ ഒരെഴുത്തുകാരനായത്. സ്കൂളില്‍ പഠിക്കുമ്പോഴും കോളേജിലായപ്പോഴും ഞാന്‍ മുഖ്യധാരയിലായിരുന്നില്ല. പിന്‍ബെഞ്ചിലിരിക്കുന്നവനും അകന്നു നിന്ന് ഒട്ടൊരു നര്‍മത്തോടെ കാര്യങ്ങള്‍ നോക്കിക്കാണുന്നവനുമായതിനാലാണ് എനിക്ക് എഴുത്തുകാരനാവാന്‍ കഴിഞ്ഞത്."ഞാനോരധഃകൃതന്‍" എന്ന വരിയില്‍ എന്നെക്കൂടി കൂട്ടിയിട്ടുണ്ട് രമണന്‍ .

? "കോന്തല"യുടെ കുറച്ചുകൂടി ഭാവനാത്മകവും കാവ്യാത്മകവുമായ ഒരു ലോകമാണോ "ഇത്രമാത്രം എന്ന നോവലിലേത്?

അങ്ങനെയായിരിക്കാനാണ് സാധ്യത. കോന്തലയുടെ ഒരു വ്യാപ്തിയായിരിക്കണം ഈ നോവല്‍ . "കോന്തല" ഒരു നോണ്‍ ഫിക്ഷനാണല്ലോ. നോണ്‍ ഫിക്ഷനില്‍ വലിയ പരിമിതികളുണ്ട്. മുഴുവന്‍ സത്യവും അവയില്‍ തുറന്നുപറയാനാവില്ല. നോണ്‍ ഫിക്ഷന് വലിയ പ്രാധാന്യം ലഭിക്കുകയും ഫിക്ഷനു പ്രാധാന്യം കുറയുകയും ചെയ്യുന്നു എന്നുള്ളതാണ് കേരളത്തിലെ ഒരു സങ്കടകരമായ അവസ്ഥ. ഫിക്ഷനിലൂടെ മാത്രമേ സങ്കീര്‍ണമായ സത്യം പറയാനാകൂ. നോണ്‍ ഫിക്ഷനില്‍ ഏതു തീവ്രസത്യവും ആത്മപ്രശംസയായി മാറി നിറംകെടും. നിങ്ങളുടെ ദാരിദ്ര്യവും സങ്കടവും പറഞ്ഞ് നിങ്ങളെ പ്രശംസിക്കുകയാവും നോണ്‍ഫിക്ഷനില്‍ നിങ്ങള്‍ ചെയ്യുക. നിങ്ങളുടെ പൊള്ളയായ വ്യക്തിവിജയമാവും ആത്യന്തികമായി നിങ്ങള്‍ നേടുക. എനിക്ക് പരിചിതമായ, അറിയുന്ന പശ്ചാത്തലമാണ് "കോന്തല"യിലും "ഇത്രമാത്ര" ത്തിലുമുള്ളത്. കുറച്ചുകൂടി സ്വാതന്ത്ര്യത്തോടെ എന്റെ കഥ പറയുകയാണ് "ഇത്രമാത്രം".

? "ഇത്രമാത്രം" എഴുതാനിടയായ എന്തെങ്കിലും സവിശേഷ സാഹചര്യം?

"ഭാഷാപോഷിണി" വിശേഷാല്‍പ്രതിക്കുവേണ്ടി എന്തെങ്കിലും എഴുതണമെന്ന ആവശ്യത്തില്‍നിന്നാണ് ഈ നോവല്‍ പിറന്നത്. എന്റെ ഭൂതകാലത്തിലൂടെ സഞ്ചരിച്ചപ്പോള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞതാണിതിനെ. പെട്ടെന്നൊരാവശ്യം വന്നപ്പോള്‍ എന്നെ ഓടിച്ചിട്ടു പിടിച്ചു ഞാന്‍ . പക്ഷെ എഴുതുന്നതൊക്കെ നാം എത്രയോ മുമ്പേ എഴുതിത്തുടങ്ങിയവയാണ്. എഴുത്തുകാരനാവണം എന്നു നിശ്ചയിക്കുന്നതിനുപോലും മുമ്പ്. "കൊടുത്ത വാക്ക് പാലിക്കണ്ടേ/ ഒളിപ്പിച്ച പന്ത് എടുത്തുകൊടുക്കണ്ടേ" എന്നെഴുതിയപ്പോള്‍ ആ വരി എത്രയോ കാലമായി ഒരുനാളുയിര്‍ക്കപ്പെടും എന്നറിയാതെ എന്റെ അടിമനസ്സില്‍ കിടക്കുന്നു എന്ന് അറിഞ്ഞിട്ടുണ്ട്. പ്രത്യക്ഷമായ കാരണങ്ങളേക്കാള്‍ എത്ര പഴയ കാരണങ്ങളാലാണ് നാം എഴുതുന്നത് !

? ഈ നോവല്‍ കുറച്ചുകൂടി വലുതാക്കാമായിരുന്നില്ലേ? എന്തിനാണ് ഇത്രമാത്രം പിശുക്കു കാണിച്ചത്?

"ഇത്രമാത്ര"ത്തില്‍ വലിയ ഏതു നോവലിലുള്ളത്രയും കഥാപാത്രങ്ങളുണ്ട്, സംഭവങ്ങളുണ്ട്. പക്ഷെ, ഇങ്ങനെ പറയലാണ് എന്റെയൊരു രീതി. കേള്‍ക്കുന്നവര്‍ക്ക് എന്നെ മടുക്കുമോ എന്ന ഭയം കൊണ്ട് ചെറുതാവുന്നവയാണ് എന്റെ പ്രസംഗങ്ങളൊക്കെ. ഇങ്ങനെയുള്ള ഭയമാണ് നോവലിന്റെ രൂപകല്പന ചെയ്തത്. ഒറ്റ വീര്‍പ്പിനാണ് "ഇത്രമാത്രം" വായിച്ചതെന്ന് ഈയിടെ ഒരാള്‍ പറഞ്ഞു. ഈ ശ്രദ്ധയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമ്മള്‍ കത്തൊക്കെ അവസാനിപ്പിക്കുന്നത് "ഇത്രമാത്രം" എന്നെഴുതിയിട്ടാണ്. പറയാത്തതൊക്കെ ആ വാക്കിലുണ്ട്. ഇത്രമാത്രം എന്നാണ് ഇത്രകൂടുതല്‍ എന്നുള്ളതിനും മലയാളി പറയുക. "ഇത്രമാത്രം പറയാനെന്താ?" എന്ന് മലബാറുകാര്‍ ചോദിക്കും. ചെറിയ രൂപത്തിലെങ്കിലും വലിയ നോവല്‍ തന്നെയാണ് അത് എന്നു തന്നെയാണ് എന്റെ തോന്നല്‍ .

? മാഷിന്റെ ഭാഷ ഏറെ സംക്ഷിപ്തവും ധ്വന്യാത്മകവും ധ്യാനാത്മകവുമാണ്.ഏതെങ്കിലും പൂര്‍വ മാതൃകകള്‍ ഇതിന് മാഷെ സ്വാധീനിച്ചിട്ടുണ്ടോ?

എതെഴുത്തുകാരന്റെയും ആദ്യ രചനകള്‍ അയാള്‍ ആസ്വദിച്ച രചനകളാണ്. ഒ വി വിജയനും മേതില്‍ രാധാകൃഷ്ണനുമൊക്കെയാണ് എന്റെ ആദ്യത്തെ എഴുത്തുകാര്‍ . അവരുടെ രചനകളില്‍ വാക്കുകളോടുള്ള സവിശേഷ കൗതുകമുണ്ട്,ശ്രദ്ധയുണ്ട്. ഒരു കവിയും ഒ വി വിജയനെപ്പോലെ പദധ്യാനം നടത്തിയിട്ടില്ല മലയാളത്തില്‍ . ഇതെന്നെ ആകര്‍ഷിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് ഞാനാകാവുന്ന ഒരാളാണ് അയാള്‍ എന്ന തിരിച്ചറിവായിരുന്നു അത്. എന്റെ രചനതന്നെയാണ് വിജയന്‍ മുന്‍കൂറായി എഴുതിയിരുന്നത് എന്നു തോന്നിയിരുന്നു. ഈയര്‍ഥത്തിലാണ് സ്വാധീനം. ആധുനിക സാഹിത്യമായിരുന്നു എന്നെ ആദ്യം ആകര്‍ഷിച്ചത്; പ്രത്യേകിച്ച് കവിത. സച്ചിദാനന്ദന്‍ , മേതില്‍ , കെ ജി ശങ്കരപ്പിള്ള, കടമ്മനിട്ട, ആറ്റൂര്‍ , ഒ വി വിജയന്‍ . "ആധുനികതാവാദ" സാഹിത്യത്തിന്റെ ആദ്യ അതിഥികളിലൊരാളാണ് ഞാന്‍ . നേരത്തെയാരെങ്കിലും പറഞ്ഞതുപോലെയാകാതെ, എല്ലാം പുതുതായിരിക്കണമെന്ന് ഞാന്‍ കരുതി. അനന്യമായിരിക്കണം ഞാന്‍ എന്ന് എന്നും നിഷ്കര്‍ഷിച്ചു.

? സംഭാഷണ ഭാഷയുടെ സര്‍ഗാത്മകത; കാവ്യാത്മകത കുറയുകയാണെന്ന് മാഷെഴുതിയിട്ടുണ്ട്. എന്തായിരിക്കും ഇതിനു കാരണം?

മറ്റു മാധ്യമങ്ങളുടെ സ്വാധീനമാണതിനു കാരണം. നമുക്ക് പണ്ട് നേരമൊരുപാടുണ്ടായിരുന്നു. അതിനാല്‍ ആളുകള്‍ സംഭാഷണം നടത്തിയിരുന്നു. സംഭാഷണം ആവുന്നത്ര ചമല്‍ക്കാരപൂര്‍ണമാകാന്‍ ഓരോ സംഭാഷകനും ശ്രമിച്ചിരുന്നു. വിശദാംശങ്ങള്‍ കൂടുതല്‍ ഉണ്ടായിരുന്നു. സംഭാഷണത്തില്‍ അലങ്കാരങ്ങളും കാവ്യഭംഗിയും ഉണ്ടായിരുന്നു, പഴഞ്ചൊല്ലുകളും കാവ്യഭാഗങ്ങളുമുണ്ടായിരുന്നു. ഭാഷമാത്രം പോംവഴിയായിരുന്ന ഒരു കാലഘട്ടത്തിന്റെ സൗന്ദര്യം അക്കാലത്തെ ഭാഷയ്ക്കുണ്ടായിരുന്നു. സംഭാഷണഭാഷ മാത്രം പോംവഴിയായിരുന്ന ഒരു ജീവിത സന്ദര്‍ഭത്തിന്റെ ഭാഷയുടെ സൗന്ദര്യം ബഷീറിന്റെ "മതിലുകള്‍" എന്ന കൃതിയിലെ സംഭാഷണങ്ങള്‍ക്കുള്ള പോലെ. ഇന്ന് കാഴ്ചയാണ് നമ്മുടെ മുഖ്യമാധ്യമം. കണ്ടിരിക്കലാണ് നമ്മുടെ പ്രധാന വഴി. ഇന്നത്തെ creative arttist-നൈ ആദ്യം ആകര്‍ഷിക്കുക സിനിമയാണ്. ഇന്ന് ശ്രോതാവ് ദ്രഷ്ടാവായി മാറിയിരിക്കുന്നു. ദ്രഷ്ടാക്കളുടെ ഒരു കാലത്ത് ഭാഷയ്ക്ക് സൗന്ദര്യം, ഈട് കുറയും. അതാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പുതിയ സിവിലൈസേഷന്‍ കണ്ണ് അടിസ്ഥാനമാക്കിയുള്ള സിവിലൈസേഷനാണ്. അപ്പോള്‍ ഭാഷ അപ്രധാനമായിട്ടു വരും. വാക്ക് വ്യംഗ്യാര്‍ഥങ്ങള്‍ നഷ്ടപ്പെട്ട് അക്ഷരാര്‍ഥത്തിലെത്തും.

? "കവിതയുടെ ജലവിതാനം താഴുന്നു" എന്ന അഭിപ്രായവും ഇതിനോട് ചേര്‍ത്തുവയ്ക്കാമോ?

ഇടശ്ശേരിയുടെയൊക്കെ കവിതകളുടെ പശ്ചാത്തലം അവരുടെ ജീവിത പശ്ചാത്തലമായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ കണ്ടത്, നിരത്തില്‍ കണ്ടത്, ഒരു സംഭാഷണം ഇവയൊക്കെയായിരുന്നു അവരുടെ കാവ്യപ്രേരണ. പൂതപ്പാട്ട് നോക്കൂ. വീട്ടില്‍ വരുന്ന വിചിത്ര വേഷധാരിയായ അതിഥിയോട് കുട്ടിയെ മുമ്പില്‍ നിര്‍ത്തി അമ്മ ചോദിക്കും: "ഉണ്ണിയെ വേണോ?". ഈ ഉണ്ണിയെ വേണോ എന്ന ചോദ്യം ഭാവനാത്മകമായി വികസിച്ചതാണ് പൂതപ്പാട്ട് എന്ന കാവ്യം.സമൂഹത്തിന്റെ ബാല്യകാലത്ത് ശക്തയായിരുന്ന, സമൂഹം അഭിവൃദ്ധിപ്പെടുന്തോറും നിസ്സഹായയായിത്തീരുന്ന പൂതത്തിന്റെ കഥയായി ആ വാക്യത്തിനടിയിലെ ഊര്‍ജം ഓടിമറിയുകയാണ്. ഇങ്ങനെയൊക്കെയുള്ള സന്ദര്‍ഭങ്ങളില്‍നിന്ന് ഇപ്പോള്‍ മലയാളത്തില്‍ കവിതകളുണ്ടാകുന്നുണ്ടോ എന്ന് സംശയമാണ്. എന്റെ കവിതകളില്‍ ഞാനതിനാണ് ശ്രമിക്കാറുള്ളത്. റെയില്‍വേസ്റ്റേഷനില്‍ വച്ച് കണ്ട ഒരാള്‍ "മാഷുടെ അനിയനെ കാണാറില്ലല്ലോ ഇപ്പോള്‍" എന്നു ചോദിച്ചപ്പോള്‍ , അയാള്‍ ഉദ്ദേശിച്ചത് അഞ്ചാറു വര്‍ഷം മുമ്പുള്ള എന്നെയായിരുന്നു എന്നു മനസ്സിലാക്കുമ്പോഴുണ്ടായിട്ടുള്ള രസമാണ് "ഛായ" എന്ന കവിതയായത്. കാണാന്‍ നിങ്ങളെക്കാള്‍ നന്ന് എന്ന് കവിതയിലയാള്‍ . അതെ എന്ന് ഞാന്‍ . ഇപ്പോഴുണ്ടോ എന്നയാള്‍ . മിക്കവാറും എന്നു ഞാന്‍ . എന്റെ കവിതകള്‍ക്ക് മിക്കവാറും ഒരു incident ഉണ്ട്. മലയാളത്തിലെ പുതിയ കവികളില്‍ പലര്‍ക്കും ഈ വഴിയല്ല വഴി.

? യഥാര്‍ഥ ജീവിതാനുഭവങ്ങളില്‍നിന്ന് പുതിയ കവികള്‍ അകലം പാലിക്കുന്നു എന്ന് ഇതിനര്‍ഥമുണ്ടോ?

ജീവിതസന്ദര്‍ഭങ്ങളെ പ്രതീകാത്മകമായി വളര്‍ത്തുന്ന കലയില്‍ വൈലോപ്പിള്ളിയ്ക്കോ ഇടശ്ശേരിയ്ക്കോ ഉണ്ടായിരുന്ന സാമര്‍ഥ്യം പിന്നീടുള്ള കവികളില്‍ കുറഞ്ഞുകുറഞ്ഞു വരുന്നതായി കാണാം.ആറ്റൂര്‍ രവിവര്‍മയാണ് ഒരപവാദം. പക്ഷേ അദ്ദേഹം വളരെക്കുറച്ചേ എഴുതിയിട്ടുള്ളൂ.

? മാഷിന്റെ പ്രസംഗവും കവിതപോലെ ധ്യാനാത്മകമാണ്. ഇതെങ്ങനെയാണ് രൂപപ്പെടുന്നത്

പ്രസംഗമാണെങ്കിലും നോവലാണെങ്കിലും കവിതയാണെങ്കിലും എന്റെ ഏകകം വാക്യമാണ്. അതിനു കാരണം ഫലിതം പറയാന്‍ ഞാന്‍ കാണിച്ച ഒരു താല്പര്യമായിരുന്നിരിക്കണം. ഫലിതം പറയുന്നവര്‍ കുറഞ്ഞ വാക്യങ്ങള്‍ കൊണ്ട് പറയാനാണു ശ്രമിക്കുക. അല്ലെങ്കില്‍ അതു വിഫലമാകും. ഫലിതത്തിന്റെ വിപരീതമാണല്ലോ അത്. ഫലിതം പറഞ്ഞ് ആളുകളെ രസിപ്പിക്കണം എന്ന ഒരു താല്പര്യം വളര്‍ന്നിട്ടാണ് എഴുത്തുകാരനാകുന്നത്. ആ വാക്യധ്യാനം ഞാന്‍ തുടര്‍ന്നു പോന്നു. ഒരാളെയും മുഷിപ്പിക്കരുതെന്ന് അകമേ വിചാരിച്ചിരുന്നു.

? പ്രഭാഷണത്തെ ഒരു കലയാക്കി മാറ്റിയ വ്യക്തിയായിരുന്നല്ലോ എം എന്‍ വിജയന്‍

വിജയന്‍മാഷ് അമ്പതു വര്‍ഷത്തോളം ഏറെക്കുറെ നിശ്ശബ്ദനായിരുന്നു. ഇക്കാലം മുഴുവന്‍ സംഭരിച്ചുവച്ച ആശയങ്ങള്‍ മനോഹരങ്ങളായ വാക്യങ്ങളിലൂടെ അനുസ്യൂതമായി ഒഴുകുകയായിരുന്നു, പത്തു വര്‍ഷത്തോളം. ഏറ്റവും പ്രബുദ്ധനായ സദസ്യനെ സൃഷ്ടിച്ച പ്രഭാഷകനായിരുന്നു അദ്ദേഹം. അദ്ദേഹം പ്രസംഗിക്കുന്ന കവിയായിരുന്നു, പ്രസംഗിക്കുന്ന ചിന്തകനായിരുന്നു. അദ്ദേഹത്തിന്റെ മൗലികമായ രൂപം പ്രഭാഷണമായിരുന്നു; ലേഖനമായിരുന്നില്ല. പ്രസംഗകലയിലേക്കു വരണമെന്ന് എന്നെ പ്രചോദിപ്പിച്ച ഒരാള്‍ വിജയന്‍മാഷായിരുന്നു. വിജയന്‍മാഷിന്റെ പില്‍ക്കാല പ്രസംഗങ്ങളുടെ ഘടന ശിഥിലമായിരുന്നു. അടുത്ത വാക്യത്തിനു പകരം മറ്റൊരു വാക്യം മാഷ് പറഞ്ഞു. പ്രസംഗത്തിന് വളര്‍ച്ചയുണ്ടായില്ല.

? അഴീക്കോടിന്റെ പ്രസംഗമോ

അഴീക്കോടിന്റെ പ്രസംഗം മിക്കവാറും ഒരു സന്ദര്‍ഭത്തില്‍ വച്ചാണ് ആരംഭിക്കുക. സദസ്സുമായി സംവദിച്ച് ചിലപ്പോള്‍ സരസമായി വളരുന്നു.

? നമ്മുടെ ആനുകാലികങ്ങളില്‍നിന്ന് സാഹിത്യ പഠനങ്ങള്‍ ,വിമര്‍ശനങ്ങള്‍ എന്നിവ അപ്രത്യക്ഷമാകുന്നു. സാഹിത്യത്തെ അരികുചേര്‍ക്കുന്ന പ്രവണത എന്തുകൊണ്ടായിരിക്കാം?

സാഹിത്യം മുഖ്യമാധ്യമമല്ലാതായി മാറി എന്നതാണ് ഒരു കാരണം. വാസ്തവത്തില്‍ സാഹിത്യമാണ് മനുഷ്യന്റെ മുഖ്യ മാധ്യമം. സാഹിത്യമാണ് മതങ്ങളേയും ദൈവങ്ങളേയും സൃഷ്ടിച്ചത്. മതങ്ങളുടെയൊക്കെ ഭാഷാരൂപം മനോഹരങ്ങളായ സാഹിത്യമായിരുന്നു. ഭക്തനാണെന്നു പറയുമ്പോള്‍ , സാഹിത്യത്തിലെ ഒരു കഥാപാത്രത്തിന്റെ ഭക്തനാണെന്നതാണ് സത്യം. നമ്മുടെ ഭാവുകത്വം രൂപപ്പെടുന്നത് സാഹിത്യം കൊണ്ടാണ്; സംഗീതം കൊണ്ടോ മറ്റൊരു കല കൊണ്ടുമോ അല്ല. ആ ഭാവുകത്വം എന്ന പരമ പ്രധാനമായ ഒന്ന് സൃഷ്ടിക്കുന്ന ഈ മാധ്യമത്തില്‍ സമൂഹം അലസരായിത്തീരുന്നു. അങ്ങനെ അലസരായിത്തീരുമ്പോഴുണ്ടാകുന്ന മാധ്യമശോഷണത്തില്‍ പെടുന്നതാണ് ഇപ്പറഞ്ഞ അരികുചേര്‍ക്കല്‍ . സാഹിത്യത്തെ ഗാഢമായി സമീപിക്കുന്ന രീതി പുതിയ അക്കാദമിക് സമീപനംകൊണ്ടും നമുക്കു നഷ്ടമായി. സ്വയം പൂര്‍ണമായിട്ടുള്ള ഒരു കലയാണ് സാഹിത്യം. ജീവിതം കലയെ സൃഷ്ടിച്ചത്രതന്നെ കല ജീവിതത്തെയും സൃഷ്ടിച്ചിട്ടുണ്ട്. താന്‍താനാണാദ്യമെത്തിയത് എന്ന് സന്തോഷിച്ചിടത്തൊക്കെ എന്നേക്കാള്‍ മുമ്പ് ഒരെഴുത്തുകാരന്‍ എത്തിയിരുന്നു എന്ന് പിന്നീട് മനസ്സിലായി എന്ന് ഫ്രോയ്ഡ് പറയുന്നു. സാഹിത്യം പെരുവഴിയാക്കിയവയാണ് നമ്മുടെ വഴികള്‍ . സ്വയം പൂര്‍ണമായിട്ടുള്ള ഒരു കലയാണ് നിരൂപണവും. എന്നാല്‍ പുതിയ അക്കാദമിക് നിരൂപണങ്ങള്‍ മറ്റുപല ലക്ഷ്യങ്ങള്‍ക്കു വേണ്ടി നിരൂപണത്തെ ഉപയോഗിക്കാന്‍ തുടങ്ങി. പ്രയോജനവാദം കൊണ്ട് കലയുടെ പ്രാധാന്യം മങ്ങി. എം പി ശങ്കുണ്ണിനായരുടെ നിരൂപണങ്ങളൊക്കെ സ്വയംപൂര്‍ണമായ സാഹിത്യ നിരൂപണത്തിന്റെ ഉദാഹരണങ്ങളാണ്.

? മാഷ് കവിയും നോവലിസ്റ്റും നിരൂപകനും സാംസ്കാരിക വിമര്‍ശകനുമാണ്. എന്നാല്‍ ഏതെങ്കിലും ഒരു മേഖലയില്‍ ഉറച്ചു നിന്നില്ലെങ്കില്‍ മലയാളത്തില്‍ പ്രശ്നമാണ്. വിദേശ സാഹിത്യത്തില്‍ ഈ കുഴപ്പമില്ല. അവിടെ എഴുത്തുകാര്‍ കവിതയും നോവലും നാടകവും തിരക്കഥയുമൊക്കെ ഒരേപോലെ എഴുതിക്കൊണ്ടിരിക്കും. മലയാളത്തില്‍ , കള്ളികളില്‍ ഒതുങ്ങിയില്ലെങ്കില്‍ പ്രശ്നമുണ്ടാകുന്നതെന്തുകൊണ്ടാണ്

രബീന്ദ്രനാഥ ടാഗോര്‍ അറുപത്തിയേഴാമത്തെ വയസ്സിലാണ് ചിത്രകലയെ ഗൗരവമായെടുക്കാന്‍ തുടങ്ങിയത്. അതിനുശേഷം അദ്ദേഹം വരച്ച രണ്ടായിരത്തിലേറെ ചിത്രങ്ങള്‍ അടുത്തകാലത്താണ് കണ്ടെടുക്കപ്പെട്ടത്. ഇനി സാഹിത്യമല്ല എന്റെ മാധ്യമം എന്ന് മാധ്യമം മാറാനുള്ള സ്വാതന്ത്ര്യം ബംഗാളിലുണ്ടായിരുന്നു. നമ്മുടെ തൊട്ടയല്‍ദേശമായ തമിഴ്നാട്ടില്‍ കവി നോവലും നാടകവും തിരക്കഥയുമെഴുതുന്നു. എന്നാല്‍ മലയാളത്തില്‍ ഇതു വലിയ പ്രശ്നമാണ്. നിങ്ങള്‍ കവിയാണോ കഥാകൃത്താണോ നോവലിസ്റ്റാണോ എന്ന ചോദ്യം എനിക്കു നേരിടേണ്ടി വന്നിട്ടുണ്ട്. ജാതിപ്രശ്നം അതി രൂക്ഷമായതുകൊണ്ടുമാത്രമാണ് കേരളത്തില്‍ ഇതുണ്ടായതെന്ന് ഞാന്‍ വിചാരിക്കുന്നു. ആശാരി ആശാരിപ്പണി മാത്രമേ ചെയ്യാവൂ, തേപ്പുകാരന്‍ തേപ്പുപണി മാത്രമേ ചെയ്യാവൂ എന്ന നിര്‍ബന്ധമാണിത്. അങ്ങനെയുള്ള ഒരു അമര്‍ത്തല്‍ എന്റെ നേരെയും ഉണ്ടായിട്ടുണ്ട്. ആര്‍ക്കും അയാളുടെ മനസ്സിനിണങ്ങുന്ന രൂപം സൃഷ്ടിക്കാനും അതില്‍ പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം വേണ്ടതാണ്. വളരെ സാമ്പ്രദായികമായി ചിന്തിക്കുകയും വളരെ ആധുനികമാണെന്ന് നടിക്കുകയും ചെയ്യുന്ന ഇരട്ടമുഖമുള്ള ജനതയാണ് കേരളത്തിലേത്. അതിന്റെയൊക്കെ ഫലമാണ് ഇത്തരം ദുശ്ശാഠ്യങ്ങള്‍ .

? ഒളപ്പമണ്ണയും അക്കിത്തവും വൈലോപ്പിള്ളിയുമൊക്കെ മാഷിന്റെ ഇഷ്ട കവികളാണ്. ഭാവഗീതാത്മകതയും ആഖ്യാനാത്മകതയുമൊക്കെ കൂടുതലുള്ള ഇവരില്‍നിന്ന് മാഷടക്കമുള്ള പുതുകവികളുടെ കവിതയ്ക്കുള്ള മാറ്റം ഏതു തരത്തിലാണ്

കവിതയില്‍ ആഖ്യാനാത്മകത അനിവാര്യമായ ഘടകമൊന്നുമല്ല. കവിത പ്രതീകാത്മകമായ ഭാഷയാണ്. പ്രതീകാത്മകശേഷിയുള്ള വാക്യങ്ങള്‍ ഏറെയുള്ളതുകൊണ്ടാണ് ഞാന്‍ അക്കിത്തത്തെയും ഒളപ്പമണ്ണയെയുമൊക്കെ യഥാര്‍ഥത്തില്‍ ഇഷ്ടപ്പെടാന്‍ കാരണം. നങ്ങേമക്കുട്ടിയുടെ കഥയാല്‍ വശീകരിക്കപ്പെട്ടുപോയതുകൊണ്ടല്ല, "പറന്നിട്ടും പറന്നിട്ടും കൊമ്പത്തെത്താത്ത കാക്കകള്‍ കൂരിരുട്ടത്തു വീഴവേ" എന്നെല്ലാമുള്ള അതിശയകരമായ ഇമേജ് കണ്ടിട്ടാണ് ഞാന്‍ ഒളപ്പമണ്ണയില്‍ ആകൃഷ്ടനായത്. അതുപോലെ, "വജ്രം തുളച്ചിരിക്കുന്ന രത്നങ്ങള്‍ക്കുള്ളിലൂടെ ഞാന്‍ കടന്നുപോന്നൂ ഭാഗ്യത്താല്‍ വെറും നൂലായിരുന്നൂ ഞാന്‍" എന്നതുപോലുള്ള വാക്യങ്ങള്‍ ആണ് അക്കിത്തത്തെ എന്റെ പ്രിയ കവിയാക്കിയത്. വാക്യത്തില്‍ നിന്ന് വേര്‍പെട്ടു നില്‍ക്കുന്ന ഭംഗികളല്ല, കാവ്യത്തെ കൂടുതല്‍ ഗാഢമാക്കുന്ന ഭാഷാ സിദ്ധികളാണവ. അവയാല്‍ സമ്പന്നമാണവരുടെ കാവ്യങ്ങള്‍ . ഇങ്ങനെ ഏതു കവിയേയും കാവ്യത്തേയും തള്ളി മുന്നോട്ടു നില്‍ക്കുന്ന കവിഞ്ഞ ഭാഷയാണ് കവിത. ഇത്തരം ഭാഷയുടെ ഒരു ആരാധകനാണു ഞാന്‍ . അതാണു ഞാന്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതും."മാമ്പഴം" വായിച്ചവരധികവും മാമ്പഴത്തിലെ കവിതയല്ല വായിച്ചിട്ടുള്ളത്, മാമ്പഴത്തിലെ കഥയാണ് കേട്ടിട്ടുള്ളത് എന്ന വലിയ പോരായ്മ ഈ ആഖ്യാനക്കമ്പം മറക്കുന്നു. വൈലോപ്പിള്ളിക്ക് അതില്‍ വലിയ ദുഃഖവുമുണ്ടായിരുന്നു. കവി, തന്നെ അതിശയിക്കാന്‍ വേണ്ടിയാണ്, അപ്രവചനീയനായിത്തീരാന്‍ വേണ്ടിയാണ്, അപ്രാപ്യമായ ഒന്ന് സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടിയിട്ടാണ് ഭാഷയെ ആശ്രയിക്കുന്നത്. അയാളുടെ കാവ്യോപകരണങ്ങളില്‍ ഒന്നു മാത്രമാണ് ആഖ്യാനം. ഈ ആഖ്യാനാത്മകത പൂര്‍ണമായും പുതിയ കവികളിലില്ല എന്നു നമുക്കു പറയാന്‍ കഴിയില്ല. എന്നാലും ഒരു ഇമേജില്‍ തൃപ്തിപ്പെട്ടു പോവുക എന്നത് പുതുകവികളുടെ ഒരു സ്വഭാവമല്ലേ എന്നു തോന്നാം. അവര്‍"തുള്ളി"പ്പോവുന്നുവോ? ഒളപ്പമണ്ണയുടേയും അക്കിത്തത്തിന്റെയും വൈലോപ്പിള്ളിയുടെയും ഓരോ കവിതയും ഒറ്റയ്ക്കു നില്‍ക്കാവുന്ന പല ഇമേജുകള്‍കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ്. അതിന്റെ ദാര്‍ഢ്യവും ഫലഭൂയിഷ്ഠതയും നമ്മളെ കൂടുതല്‍ ആകര്‍ഷിക്കുന്നു.

? പുതുകവിത തീരെച്ചെറിയ ഒച്ചകളാണ് കേള്‍പ്പിക്കുന്നതെന്നും അരാഷ്ട്രീയത അവയുടെ പൊതുസ്വഭാവമാണെന്നും വിമര്‍ശനങ്ങളുണ്ടല്ലോ..

അണ്ണാ ഹസാരെയെപ്പോലെ,രാഷ്ട്രീയപ്രവര്‍ത്തകനല്ലാത്ത ഒരാള്‍ രാഷ്ട്രീയത്തെ നയിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്ത്, ഒരു പക്ഷേ "രാഷ്ട്രീയം"എന്നതിന്റെ നിര്‍വചനം വല്ലാതെ മാറാന്‍ തുടങ്ങുകയാണ്. പുതുകവിതകളിലെ രാഷ്ട്രീയം പൂര്‍വനിര്‍വചിതമായ ഒരു രാഷ്ട്രീയമല്ല. രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ നിലപാടിന്റെ, വളരെ വ്യാപ്തിയേറിയ പല രാഷ്ട്രീയ നിലപാടുകളുടെ ചില പ്രകാശനങ്ങള്‍ കൂടിയായിരിക്കാം അത്. എന്റെ കവിതകള്‍ അരാഷ്ട്രീയമാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല."എത്ര വെള്ളം കോരിയിട്ടും ആനന്ദന്‍ വന്നില്ല" എന്ന എന്റെ ഏറ്റവും ചെറിയ കവിതയില്‍പോലും വളരെ വലിയ രാഷ്ട്രീയബോധമുള്ള ഒരു മനസ്സിന്റെ ആവിഷ്കാരമുണ്ട്. മറ്റൊരാള്‍ ഈ വാക്യമെഴുതിയാല്‍ "കൊള്ളാം" എന്ന് ഞാന്‍ ആസ്വദിക്കുന്നതുകൊണ്ടാണ് ഞാന്‍ അത് നിലനിര്‍ത്തുന്നത്; പിന്നീട് വായനക്കാരനായിത്തീര്‍ന്ന എന്നെ തൃപ്തിപ്പെടുത്തിയതുകൊണ്ടാണ് അത് കവിതയാണെന്ന് ഞാനിപ്പോള്‍ അംഗീകരിക്കുന്നത്. എന്നാലും കെ ജി ശങ്കരപ്പിള്ളയുടേതുപോലെയൊക്കെ വ്യാപ്തിയേറിയ ഒരു "ഇന്‍പുട്ട്" ,അനുഭവങ്ങളുടെ മാത്രമല്ല, അറിവുകളുടെയും ഒരു മഹാ പിന്തുണയുണ്ടാക്കാന്‍ പുതിയ കവികള്‍ ശ്രമിക്കുന്നുണ്ടോ എന്ന സംശയമെനിക്കുണ്ട്. വായനയുടെയും കാവ്യസംസ്കാരാര്‍ജനത്തിന്റെയുമൊക്കെ അഭാവം പലര്‍ക്കുമില്ലേ എന്നു ഞാന്‍ സംശയിക്കുന്നു.

? കടമ്മനിട്ടയേക്കാള്‍ ആറ്റൂരിനേയും സച്ചിദാനന്ദനേക്കാള്‍ കെ ജി എസിനെയുമാണ് ഇഷ്ടം എന്നു തോന്നുന്നു.

തീര്‍ച്ചയായും. എന്റെയൊരു കാവ്യസംസ്കാരമാണ് സത്യത്തില്‍ അതിനു കാരണം. ആറ്റൂര്‍ കടമ്മനിട്ടയെ അതിജീവിക്കും എന്നതില്‍ എനിക്കൊരു സന്ദേഹവുമില്ല. അത്ര സൂക്ഷ്മമായിട്ടെഴുതപ്പെട്ടതാണവ. തല്‍ക്കാലം വലിയൊരു ആരാധനയൊന്നും ആറ്റൂര്‍ക്കവിത നേടിയെടുത്തു എന്നു വരില്ലായിരിക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ അനുവാചകര്‍ എന്നും കേരളത്തില്‍ ഒരു ചെറു ന്യൂനപക്ഷമായി തുടര്‍ന്നുകൊണ്ടേയിരിക്കും. കടമ്മനിട്ട ഒരുപക്ഷേ വിസ്മരിക്കപ്പെട്ടു എന്നു വരാം. ഒരാവേശം മാറി എന്നു വരാം. "പുറപ്പെട്ടേടത്താണൊരായിരം കാതം, അവള്‍ നടന്നിട്ടും" എന്നതുപോലെയുള്ള വാക്യങ്ങള്‍ അനവധിയാണാറ്റൂരില്‍ . ഇങ്ങനെ മുഴങ്ങാറില്ല എന്നെ സംബന്ധിച്ച് കടമ്മനിട്ട രാമകൃഷ്ണന്‍ . കെ ജി ശങ്കരപ്പിള്ളയെക്കുറിച്ചാണെങ്കില്‍ , ബുദ്ധിയുടെ ഒരു നീട്ടല്‍ കൂടിയുണ്ട് സച്ചിദാനന്ദനെ അപേക്ഷിച്ച്; പ്രത്യേകിച്ചും പഴയ കവിതകളില്‍ . സച്ചിദാനന്ദന്‍ മലയാളത്തിലെ മികച്ച കവികളിലൊരാളാണ്. പക്ഷെ പൂര്‍ണധ്യാനം കവിതയുടെ എല്ലാ കോണിലുമെത്തിക്കാന്‍ സച്ചിദാനന്ദനു സാധിക്കാറില്ല. അത്ഭുതകരമായ വാക്യങ്ങള്‍ എഴുതിയിട്ടുള്ള കവിയാണദ്ദേഹം. സച്ചിദാനന്ദന്റെ ചില വാക്യങ്ങള്‍ ഒരു പക്ഷെ കാവ്യങ്ങളെ അതിജീവിക്കും.

? ഇത് ഭാഷയെ സംബന്ധിച്ച, വാക്യങ്ങളെ സംബന്ധിച്ച മൗലികവാദമല്ലേ?

മൗലികവാദമല്ല. അക്കിത്തത്തിന്റെ വാക്യപര്യന്തമായ കാവ്യമാണ്, അല്ലാതെ "ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ"ത്തിലെ, ഭാഷയ്ക്കതീതമായ ദര്‍ശന സങ്കീര്‍ണതയല്ല, ആ കാവ്യം എന്ന് ഓര്‍ക്കുക. ഭാഷയില്‍ , വാക്യങ്ങളില്‍ കുടികൊണ്ടു ഈ ദര്‍ശന സങ്കീര്‍ണത. ഭാഷ പ്രമേയവുമായി അവിഭക്തമായി ബന്ധപ്പെട്ടിരിക്കുന്നു കവിതയില്‍ . മറ്റൊരു മാധ്യമത്തിലും അങ്ങനെയല്ല. കൂടുതല്‍ മെച്ചപ്പെട്ട, തീവ്രമായ ഭാഷയാണ് കവിത. ബൈബിള്‍ വാക്യങ്ങളൊക്കെ നാമിപ്പോഴും ഉദ്ധരിക്കുന്നുണ്ടെങ്കില്‍ അത് ഭാഷയുടെ ശക്തി കൊണ്ടാണ്.

? വായന പൊതുവെ കുറഞ്ഞു വരുകയാണല്ലോ. ചങ്ങമ്പുഴയ്ക്കും മറ്റും ഒരുപാട് വായനക്കാരെ സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നു.

വായനയില്‍നിന്ന് അകന്നുപോയ തലമുറയെ തിരികെക്കൊണ്ടുവരാനുള്ള ശേഷി പുതിയ എഴുത്തുകാര്‍ക്കുണ്ടോ ചങ്ങമ്പുഴയുടെ കാലത്ത് മാത്രമല്ല, ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് എഴുത്തുകാരെക്കുറിച്ച് നിരന്തരമായ ചര്‍ച്ചകളും മറ്റും നടന്നിരുന്നു. ആഴത്തിലുള്ള വായനയുമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് യുവാക്കള്‍ക്ക് വേറെയും ശ്രദ്ധാകേന്ദ്രങ്ങളുണ്ടെന്നു വന്നു. അതിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ശക്തങ്ങളായ കൃതികള്‍ , ശക്തങ്ങളായ മനസ്സുകളെ സൃഷ്ടിക്കുന്നവയുണ്ടായാല്‍ വായനക്കാര്‍ കൃതികളെത്തേടിയെത്തും. മറ്റെവിടെനിന്നും കിട്ടാത്തത് സാഹിത്യം നല്‍കിയാല്‍ സാഹിത്യത്തെത്തേടി വായനക്കാര്‍ വരും. സാഹിത്യം അങ്ങനെയാണ് അതിന്റെ ഇടം നേടിയത്. അതാണതിന്റെ നിലനില്പും.അന്യഥാ ആവിഷ്കരിക്കാനാവാത്തതിന്റെ മാധ്യമമാണത് നല്ല എഴുത്തുകാരില്‍ . വായനക്കാരന്‍ എന്നത് അഭിമാനകരമായ ഒരു "ഐഡന്റിറ്റി"യാകുന്നു അപ്പോള്‍ . മറ്റൊരു വാഹനത്തില്‍ സഞ്ചരിച്ചാലും എത്താനാവില്ല സാഹിത്യത്താല്‍ എത്തിച്ചേരാനാവുന്ന സ്ഥലങ്ങളില്‍ . താരതമ്യേന അവഗണിക്കപ്പെട്ട എഴുത്തുകാരനായിരുന്നു ഞാന്‍ . എന്നാല്‍ ഇന്നെനിക്ക് എന്റെ കൃതികളെക്കുറിച്ച് ഒരു എസ്എംഎസ് എങ്കിലും കിട്ടാത്ത ദിവസമില്ല.വായനയില്‍നിന്ന് "ആളുകള്‍" അകന്നുപോകുന്നുണ്ടാകാം,എന്നാല്‍ "വായനക്കാര്‍" അകലുന്നില്ല.

? ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പാഠപുസ്തകത്തില്‍ മാഷിന്റെ "വെള്ള സോക്സിട്ട മുടിനാരുകള്‍" എന്ന ലേഖനം പഠിക്കാനുണ്ടല്ലോ.ഇതു നിമിത്തമായി ഹയര്‍സെക്കന്‍ഡറി തലത്തിലെ വിദ്യാര്‍ഥികളും അദ്ധ്യാപകരുമായി ഏറെ സംവദിക്കാന്‍ ഇടവന്നിട്ടുണ്ടല്ലോ.ഈ അനുഭവ പശ്ചാത്തലത്തില്‍ പുതിയ ക്യാമ്പസുകളെക്കുറിച്ച് എന്താണഭിപ്രായം

കുട്ടികളെ വേണ്ടവിധത്തില്‍ അഭിസംബോധന ചെയ്യാത്തതുകൊണ്ടുമാത്രമാണ് അവരില്‍ ഗാഢമായ താല്പര്യങ്ങള്‍ വളരാത്തത് എന്ന് ഞാന്‍ വിചാരിക്കുന്നു. കവിതപോലെ ഭാവനയെ അഭിസംബോധന ചെയ്യുന്ന ഒരു രചനയാണ് ഭാഷാപരമായി "വെള്ള സോക്സിട്ട മുടിനാരുകള്‍".

കുട്ടികളുടെ ഭാവനയെയും ധിഷണയെയും അഭിസംബോധന ചെയ്യുന്ന രചനകളുള്‍ക്കൊള്ളുന്ന ഒരു മികച്ച പാഠപുസ്തകമാണ് പ്ലസ്ടു പാഠ പുസ്തകം. ഈ പുസ്തകത്തിലെ "ഡീപ് ഹല്ലോ" കുട്ടികളെ സ്പര്‍ശിക്കുന്നു; പ്രചോദിപ്പിക്കുന്നു. പ്രചോദിപ്പിക്കുന്ന പാഠഭാഗങ്ങളും പ്രചോദിപ്പിക്കുന്ന അധ്യാപകരും ചേരുമ്പോള്‍ ക്ലാസ്സുകള്‍ സര്‍ഗാത്മകമാവും. കുട്ടികളിലെ കവിയും അവരിലെ ചിന്തകനും അവരിലെ പ്രബന്ധകാരനുമൊക്കെ എന്റര്‍ടെയ്ന്‍ ചെയ്യപ്പെടുന്ന ഒരു സന്ദര്‍ഭം ഇതാ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നു വന്നു. പുതിയ കാലത്ത് അത്തരം സന്ദര്‍ഭങ്ങളാണ് ആവശ്യം.

? മലയാളത്തിന് പിഴ ചുമത്തുന്ന കാലമാണിത്. മാതൃഭാഷയെ പടിക്കു പുറത്താക്കുന്നതിന്റെ കാരണമെന്താവാം

മലയാളം മാതൃഭാഷയായി പഠിക്കുന്ന വിദ്യാര്‍ഥിയാണ് കൂടുതല്‍ നേടുന്നത് എന്ന സ്വാഭാവികമായ തിരിച്ചറിയല്‍ മലയാളികള്‍ക്കുണ്ടാകുന്നതു വരെ ഇതു തുടരും. മാതൃഭാഷയോളം വലിയ ഒരു ഭാഷയും ഭൂമിയിലില്ല. ആ മാതൃഭാഷയില്‍ പഠിക്കുക എന്നത് ഒരു ഭാഗ്യമാണ്. അത് ഒരപരാധമായിത്തീരുന്ന നാട് ജീവിക്കാന്‍ കൊള്ളാത്ത നാടാണ്. അങ്ങനെയുള്ള നാടിന്റെ വൈകല്യങ്ങളെ നാം പരിശോധിച്ചു നോക്കേണ്ടതാണ്.

എന്റെ അഭിപ്രായത്തില്‍ അഞ്ചാം ക്ലാസ്സുവരെ കുട്ടി മാതൃഭാഷ മാത്രം പഠിച്ചാല്‍ മതി.മറ്റു ഭാഷകള്‍ അതിനു ശേഷം പരിചയപ്പെട്ടാല്‍ മതി. എല്ലാ പ്രകാശന രീതികളും വഴങ്ങേണ്ടത് മാതൃഭാഷ എന്ന മാധ്യമത്തിലൂടെയാണ്. മാതൃഭാഷയില്‍ പഠിക്കുന്നത് അഹങ്കാരവും അഭിമാനവുമായി മാറേണ്ടതാണ്.

? എല്ലാ അവയവങ്ങളും ലൈംഗികാവയവങ്ങളായിപ്പോകുന്ന സ്ത്രീകളെക്കുറിച്ച് മാഷെഴുതിയിട്ടുണ്ട്. കേരളത്തിലെ പുരുഷന്റെ നോട്ടങ്ങള്‍ക്കെന്തുപറ്റി

അങ്ങനെയല്ലാതാകാന്‍ അയാള്‍ക്ക് ഒരു കാരണവുമില്ല. സിനിമയിലേയോ ടെലിവിഷനിലേയോ തെരുവോരത്തെയോ അയാള്‍ കാണുന്ന ഓരോ ദൃശ്യവും അയാളെ പ്രേരിപ്പിക്കുന്നത് സ്ത്രീ ഇങ്ങനെ കേവലമായ ഒരു ശരീരമാണ് എന്നു ചിന്തിക്കാനാണ്. സ്ത്രീകളും അതിനെ പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ ശരീരമാത്രപ്രധാനമായ ഒരു ജീവിതം അഭിമാനത്തോടെ കൊണ്ടാടുന്ന കാഴ്ച നമ്മള്‍ കാണുന്നു. എല്ലാ അവയവങ്ങളും ലൈംഗികാവയവങ്ങളായി മാറിയ ഒരു പരിതഃസ്ഥിതി കേരളത്തില്‍ വന്നു ചേര്‍ന്നതുകൊണ്ട് അച്ഛന്‍ പോലും മകളെ ഒരു ലൈംഗിക വിഭവമായി കാണുന്ന സ്ഥിതിയില്‍ എത്തിക്കൊണ്ടിരിക്കുന്നു. സ്ത്രീ ശരീരം മാത്രമല്ല എന്ന ബോധം പുരുഷനില്‍ മാത്രമല്ല സ്ത്രീയിലും സൃഷ്ടിക്കപ്പെടണം. കേരളത്തില്‍ "ബ്യൂട്ടി മിത്ത്" ഫെമിനിസത്തെ പാടെ അട്ടിമറിച്ചിരിക്കുന്നു. " എന്ന് സ്ത്രീ കണ്ണാടി നോക്കാതിരിക്കാന്‍ ധൈര്യം കാണിക്കുന്നുവോ അന്ന് അവള്‍ പക്വതയുടെ ഒരു പടി പിന്നിടും" എന്ന് മാധവിക്കുട്ടി പറയുന്നു.

*
കല്‍പ്പറ്റ നാരായണന്‍ / പി സുരേഷ് ദേശാഭിമാനി വാരിക 22 ജനുവരി 2012

2 comments:

വര്‍ക്കേഴ്സ് ഫോറം said...

മലയാളിക്ക് പൊതുവെ അപരിചിതമായ, മൗലിക ചിന്തയുടെയും അപൂര്‍വ നിരീക്ഷണങ്ങളുടെയും സംസ്കാര വിശകലനത്തിന്റെയും വഴികളിലൂടെ നടക്കുന്ന ഏകാന്ത സഞ്ചാരിയാണ് കല്‍പ്പറ്റ നാരായണന്‍ . കാവ്യാത്മക ഗദ്യത്തിന്റെ ധ്വനിസാന്ദ്രവും ധ്യാനലീനവുമായ സൗന്ദര്യം എം എന്‍ വിജയനും കെ പിഅപ്പനും ശേഷം മലയാളഭാവനയുടെ ഗിരിശ്രൃംഗങ്ങളില്‍ സ്പര്‍ശിക്കുന്നത് കല്‍പ്പറ്റ നാരായണനിലൂടെയാണ്. മൗലികചിന്തയുടെ അനന്യസാധാരണമായ വെള്ളിമീന്‍ചാട്ടങ്ങള്‍ അദ്ദേഹത്തിന്റെ രചനകളില്‍ കാണാം. സാഹിത്യ-സംസ്കാര നിരൂപണത്തിന്റെ അപൂര്‍വ ചാരുതയാര്‍ന്ന കണ്‍തെളിച്ചങ്ങള്‍ കല്‍പ്പറ്റയെ സമകാലിക സാഹിത്യലോകത്ത് ശ്രദ്ധേയനാക്കുന്നു. മലയാളത്തിലെ പുതുകവിതയുടെ അഗ്രഗാമിയാകാനും അദ്ദേഹത്തിനു കഴിഞ്ഞു.

Unknown said...

ഈ അഭിമുഖത്തിലുടെ നാരായണ്‍ മാഷ് എന്റെ പ്രിയപ്പെട്ട കവിയായി മാറുന്നു ..thanks