Monday, January 23, 2012

മാര്‍ക്സിസ്റ്റുകാരെ വേണ്ട, മാര്‍ക്സിനെ മാത്രം മതി

മാതൃഭൂമി ആഴ്ചപ്പതിപ്പ് "തിരിച്ചറിവുകള്‍ , തിരിച്ചുവരവുകള്‍" എന്ന തലക്കെട്ടില്‍ എന്‍ എം പിയേഴ്സെന്‍റ ഒരു പരമ്പര തുടങ്ങിയിരിക്കുന്നു. "മാര്‍ക്സിസം തിരിച്ചുവരുന്നുവെന്ന തിരിച്ചറിവാണ്" ഈ സംവാദത്തിലേക്ക് വായനക്കാരെ ക്ഷണിക്കാന്‍ മാതൃഭൂമിയെ പ്രേരിപ്പിക്കുന്നത്. മൂന്നാംപേജില്‍ അരിവാള്‍ ചുറ്റിക മുദ്രണം ചെയ്തിരിക്കുന്നത് ഭംഗിയായിട്ടുണ്ട്. ഇരുപതു കൊല്ലം മുമ്പ് സോവിയറ്റ് തിരോധാനാനന്തരം പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഒരു ലക്കം പത്രാധിപര്‍ ഓര്‍മിക്കുന്നത് നന്ന്. തകര്‍ന്ന് വിണ്ടുകീറി നിലത്തുവീണുകിടക്കുന്ന അരിവാളും ചുറ്റികയും നക്ഷത്രവും ചേര്‍ത്ത്, "മൃതമായ" മാര്‍ക്സിസത്തിന്റെ ആരവങ്ങള്‍ കൊണ്ടാടിയ ആഴ്ചപ്പതിപ്പിന്റെ ലക്കമായിരുന്നു അത്. അന്ന് മരണത്തെ ഘോഷിച്ചവര്‍തന്നെ മാര്‍ക്സ് തിരിച്ചുവരുന്നുവെന്ന് തിരിച്ചറിഞ്ഞത് നന്നായി. ഇതിനിടയില്‍ ഒരു വ്യാഴവട്ടത്തിലെറെ മാര്‍ക്സിസത്തിന്റെ ദീപശിഖ ഇന്ത്യയില്‍ കെടാതെ കാത്തുസൂക്ഷിച്ച പാര്‍ടിയാണ് സിപിഐ (എം). അതിന്റെ ഇരുപതാം കോണ്‍ഗ്രസിന്റെ പശ്ചാത്തലത്തില്‍ പിയേഴ്സണ്‍ എഴുതുന്ന ലേഖനത്തിലെങ്കിലും സിപിഐ (എം) ഇക്കാര്യത്തില്‍ നല്‍കിയ സര്‍ഗാത്മക സംഭാവനകളെ ഓര്‍മിക്കേണ്ടതായിരുന്നു.

മാതൃഭൂമിയുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വലതുപക്ഷത്തും പിയേഴ്സനെപ്പോലുള്ളവര്‍ ഇടതുപക്ഷത്തിന്റെ വ്യാജമുഖംമൂടിയണിഞ്ഞും നടത്തിവന്ന അഭ്യാസക്കാഴ്ചകള്‍ പാഴായിയെന്ന് ലോകരാഷ്ട്രീയം സാക്ഷ്യം പറയുമ്പോഴാണ് മാര്‍ക്സിനോട് മാതൃഭൂമിക്ക് പ്രേമം വഴിഞ്ഞൊഴുകുന്നത്. അതിനായി ലേഖനം ചമയ്ക്കുമ്പോഴെങ്കിലും മാര്‍ക്സിസ്റ്റുപാര്‍ടിയെ അപഹസിക്കുന്നത് ഒഴിവാക്കാനുള്ള മര്യാദകാട്ടാമായിരുന്നു. മാര്‍ക്സിസ്റ്റുകാരെ വേണ്ട, മാര്‍ക്സിനെ ഇനി ഞങ്ങള്‍ക്കു വേണമെന്ന മാതൃഭൂമിയുടെ ആഗ്രഹം കാറ്റുനോക്കി പായ്ക്കപ്പല്‍ ഓടിക്കുന്നതുപോലെ സുഖകരമാണ്. കാറ്റില്ലാതിരുന്നപ്പോഴും ക്ഷോഭത്തോടെ കടല്‍ ഇളകി മറിഞ്ഞിരുന്നപ്പോഴും വിപ്ലവ പ്രസ്ഥാനത്തിന്റെ കപ്പലിനെ, കൈവിടാതെ നയിച്ചവരാണ് കമ്യൂണിസ്റ്റുകാര്‍ . താല്‍ക്കാലികമായി മുതലാളിത്തം നേടിയ ചെറിയ വിജയങ്ങള്‍ കണ്ട് ഈ കപ്പല്‍ മുങ്ങിയെന്ന് വിധിയെഴുതിയവര്‍തന്നെ, ഇപ്പോള്‍ കപ്പിത്താന്‍മാരാകാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നു. ഇടതുപക്ഷത്തിന്റെ നവസ്വീകാര്യതയുടെ ആശയ പരിസരങ്ങളില്‍ അടുത്ത് നിന്ന് പങ്കുപറ്റാനുള്ള ലക്ഷ്യത്തോടെ മാര്‍ക്സിനെപ്പറ്റി വ്യാജ സ്തുതികള്‍ നടത്തുന്ന പിയേഴ്സണും കൂട്ടരും കാണുന്നതല്ല, മാര്‍ക്സിസം.

ലോക രാഷ്ട്രീയത്തില്‍ ചെറുതല്ലാത്ത സ്ഥാനമാണ് സിപിഐ (എം) നുള്ളത്. അതിനെ ഇകഴ്ത്തിക്കൊണ്ട് പിയേഴ്സണ്‍ പറയുന്ന വാദങ്ങള്‍ അസംബന്ധം നിറഞ്ഞതാണ്. ലേഖനത്തിലെ ഒരു സാമ്പിള്‍ ഇതാണ്. "എയര്‍കണ്ടിഷന്‍ഡ്" പാര്‍ടി ഓഫീസ്, നേതൃത്വത്തിന് താമസിക്കാന്‍ ഫ്ളാറ്റ് സമുച്ചയം, പാര്‍ടി സെക്രട്ടറിയുടെ മുഖംമിനുക്കാന്‍ ചാനല്‍ സാമ്രാജ്യം, ശീതീകരിച്ച സെമിനാര്‍ ഹാളുകള്‍ , സഖാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് വിനോദ വിലാസ ലീലകള്‍ക്കായി വാട്ടര്‍ തീം പാര്‍ക്കുകളും പ്ലഷര്‍ഹണ്ടുകളും, പാര്‍ടിയുടെ ഉടമസ്ഥതയില്‍ ഷോപ്പിംഗ്മാളുകള്‍.” ഇവയൊക്കെ, സിപിഐ (എം)ന്റെ മുഖമുദ്രയായി ലേഖകന്‍ അവതരിപ്പിക്കുകയും അതിനെതിരായ പോരാട്ടമാണ് പാര്‍ടിയില്‍ പ്രത്യക്ഷപ്പെട്ട വിഭാഗീയതയെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

അതില്‍ എത്ര സത്യമുണ്ട്? സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങള്‍ക്ക് തിരുവനന്തപുരത്ത് വീടില്ലാത്തതിനാല്‍ താമസ സൗകര്യമൊരുക്കിയത് ഏതോ വ്യതിയാനമായി ചിത്രീകരിക്കുന്നു. എ കെ ജി സെന്‍റര്‍ ഉള്‍പ്പെടെ കേരളത്തിലെ ഒരു പാര്‍ടി ആപ്പീസും എയര്‍ കണ്ടീഷന്‍ഡ് അല്ലാതിരിക്കെ, അത്തരമൊരു തെറ്റായ ധാരണ ജനങ്ങളില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചത് ഇവിടത്തെ വലതുപക്ഷമല്ലേ? ചാനല്‍ നടത്തിയതിനോടുള്ള അസഹിഷ്ണുത. അത് പാര്‍ടി സെക്രട്ടറിയുടെ മുഖം മിനുക്കാനുള്ളതെന്ന് സ്ഥാപിക്കുന്നതിലാണ് പുറത്തുവരുന്നത്. വാട്ടര്‍ തീം പാര്‍ക്കുകള്‍ സഹകരണസംഘമാണ് നടത്തുന്നത്. എല്ലാ ജനങ്ങള്‍ക്കും പ്രവേശനം നല്‍കുന്ന ആ സ്ഥാപനം പാര്‍ടിക്കാര്‍ക്ക് തിന്നുകുടിച്ച് മദിക്കാനുള്ള ഇടമാണോ? പാര്‍ടിയുടെ ഉടമസ്ഥതയില്‍ കേരളത്തില്‍ എവിടെയാണ് ഷോപ്പിംഗ് മാളുകള്‍ ഉണ്ടായത്. ആഗോളവല്‍ക്കരണകാലത്ത്, പാര്‍ടിയെ അതിന്റെ പ്രതീകമായി ചിത്രീകരിക്കാന്‍ ഇവിടെ നടന്ന കള്ളപ്രചാരണങ്ങളായിരുന്നു അവയൊക്കെ. അതൊക്കെ അസത്യമെന്ന് വെളിപ്പെട്ടിട്ടും, വ്യാജ പ്രചാരണങ്ങളുടെ കബന്ധങ്ങളാല്‍ സമ്പന്നമായ മാതൃഭൂമി ലേഖനത്തിന് അത് അഴുകിയതിന്റെ ദുര്‍ഗന്ധംകൂടിയുണ്ടെന്ന് ലേഖകന്‍ മനസ്സിലാക്കുന്നതു നന്ന്.

സിപിഐ (എം) ജില്ലാ സമ്മേളനങ്ങള്‍ വലതുപക്ഷം ആഗ്രഹിച്ചതുപോലെ പലതും നടക്കാതെ പൂര്‍ത്തിയാപ്പോള്‍ , അതിന്റെ നിരാശ ലേഖകന്റെ സമനില തെറ്റിച്ചിട്ടുണ്ട്. വിഭാഗീയത പൂര്‍ണ്ണമായി അവസാനിപ്പിക്കാന്‍ കേരളത്തിലെ പാര്‍ടിക്കായിയെന്ന് ഏറെക്കുറെ ഏവരും സമ്മതിക്കുന്ന ഘട്ട ത്തിലണ്, "അത് പാര്‍ടിയുടെ സംഘടനാ സംവിധാനത്തിലെ ഒരു സ്ഥിര ഘടകമാണെന്ന്" സമര്‍ത്ഥിക്കാന്‍ പിയേഴ്സണ്‍ മിനക്കെടുന്നത്. 1931ല്‍ കമ്യൂണിസ്റ്റ് ലീഗ് സ്ഥാപിച്ച എന്‍ സി ശേഖറെ പാര്‍ടി പുറത്താക്കിയത് വിഭാഗീയതയായി ലേഖകന്‍ കരുതുന്നു. കമ്യൂണിസ്റ്റ് ലീഗുള്‍പ്പടെ കേരളത്തില്‍ പാര്‍ടിയെ രൂപപ്പെടുത്തുന്നതില്‍ ആദ്യപഥികര്‍ നല്‍കിയ സംഭാവനകളെ മാനിക്കുന്ന പാര്‍ടിയാണ്. സിപിഐ (എം). ആദ്യകാലങ്ങളില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയവര്‍തന്നെ പിന്നീട് പുറത്താക്കപ്പെട്ട അനുഭവം ലോകമാസകലം പാര്‍ടി ചരിത്രങ്ങളില്‍ കാണാം. അതെല്ലാം വിഭാഗീയതയുടെ പറ്റിലെഴുതുന്ന രീതി ശരിയല്ല. ദാര്‍ശനിക പ്രശ്നങ്ങളില്‍ ഉള്‍പാര്‍ടി സമരം നടന്നിരുന്നത് വിഭാഗീയതയല്ല. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയിലെ ഉള്‍പാര്‍ടി സമരത്തിന്റെ ഉല്‍പന്നമാണ് സിപിഐ (എം). അത് ശരിയായിരുന്നുവെന്നാണ് പിന്നീടുള്ള ചരിത്രം സ്ഥാപിച്ചത്. അതൊക്കെ വിഭാഗീയതയായി കരുതുന്നത് അല്‍പത്തരമാണെന്നേ മിതമായി പറയാനുള്ളു. എത്ര ആദരണീയരെങ്കിലും എന്‍സി ശേഖര്‍ ഉള്‍പ്പെടെ ഏതെങ്കിലും നേതാവിന്റെ ആത്മകഥയിലെ ആത്മനിഷ്ഠമായ ധാരണകളെ പാര്‍ടി ചരിത്രമായി അവതരിപ്പിക്കുന്ന ആഖ്യാനരീതി, ഒരു സൈദ്ധാന്തിക സംവാദത്തിന്റെ ചട്ടവട്ടങ്ങള്‍ക്ക് നിരക്കുന്നതല്ല. പത്രാധിപര്‍ , മുഖപേജില്‍ അവതരിപ്പിക്കുന്നതുപോലെ സംവാദം സാധ്യമാകണമെങ്കില്‍ ആത്മനിഷ്ഠതയെ കയ്യൊഴിയാന്‍ ലേഖകന്‍ തയ്യറാകണമായിരുന്നു. ഇവിടെ, വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കുമേല്‍ , വൈകാരികതയും മുന്‍വിധികളും കെട്ടിയേല്‍പിക്കപ്പെട്ടപ്പോള്‍ , സംവാദം മരിക്കുകയും മാര്‍ക്സിസ്റ്റ് പാര്‍ടിക്കെതിരായ അധിക്ഷേപമായി അതു മാറുകയും ചെയ്യുന്നു.

"ലെനിനിലേക്ക് തിരിച്ചുപോകണമെന്നും മാര്‍ക്സിലേക്കെത്താനുള്ള വഴി ലെനിനാണെന്നും" സ്ലാവേജ് സിസേക്കിന്റെ അഭിപ്രായത്തിലൂന്നിയാണ് പിയേഴ്സെന്‍റ "സംവാദം" ആരംഭിക്കുന്നത്. അദ്ദേഹം പറയുന്നു ലെനിന്‍ എന്തുചെയ്തു എന്നതിന്റെ ആവര്‍ത്തനമല്ല, മറിച്ച് ലെനിന്‍ എന്തുചെയ്യുന്നതിലാണ് പരാജയപ്പെട്ടത്, അതാണ് കണ്ടെത്തേണ്ടത്. ലെനിന്റെ കൈവിട്ടുപോയ സാധ്യതകളാണ് പ്രധാനം". ഇത് ഏത് സ്കൂളിലെ മാര്‍ക്സിസമാണെന്ന് ലേഖകന്‍ ഒന്നു വിശദീകരിക്കാമോ? പൂര്‍ണ്ണമായി വികസിച്ചിട്ടില്ലാത്ത മുതലാളിത്തമാണ് വിപ്ലവകാലത്ത് റഷ്യയിലുണ്ടായിരുന്ന ഫ്യൂഡലിസം അവസാനിച്ചിരുന്നില്ല. മുതലാളിത്തവികാസം പൂര്‍ണമാകുന്നതുവരെ തൊഴിലാളിവര്‍ഗം കാഴ്ചക്കാരായി നോക്കിനില്‍ക്കാതെ, മുന്നേറിയതാണ് റഷ്യന്‍ വിപ്ലവത്തിനിടയാക്കിയത്. അതിന്റെ വിജയത്തില്‍ ഒരു യാദൃഛികതയുണ്ടെന്ന് ലെനിനാണ് ആധികാരികമായി പറഞ്ഞത്.

സാമ്രാജ്യത്വശക്തികള്‍ക്ക് ഒന്നിക്കാനാകാത്തവിധം അവര്‍ ഭിന്നിച്ചിരുന്നതിനാലും, ഉടന്‍ വീണ്ടുമൊരു യുദ്ധം അപ്പോള്‍ അസാധ്യമായിരുന്നതിനാലുമാണ് അപ്പോള്‍ റഷ്യന്‍ വിപ്ലവം നടന്നത്. അവിടെ സോഷ്യലിസ്റ്റ് വികാസത്തിന്റെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് മറികടക്കാനാണ് പിന്നീട് ശ്രമിച്ചത്. അതിന് രണ്ടാം ലോകയുദ്ധവും ശീതയുദ്ധവും തടസ്സങ്ങളായി. ഇതെല്ലാം വിസ്മരിച്ച് ലെനിെന്‍റ കൈവിട്ട സാധ്യതകളെപ്പറ്റി ഗവേഷണം നടത്താന്‍ ഇപ്പോഴിറങ്ങുന്നത് അറുപതുകളില്‍ കേട്ട മാനവികതാവാദത്തിന്റെ ചര്‍വിത ചര്‍വണം മാത്രമാണ്. ലേഖകെന്‍റ ബാല്യ-യൗവ്വന കാലങ്ങളിലെ സമരഭരിതമായ കാമ്പസുകളിലെ വിപ്ലവ പ്രസ്ഥാനത്തെപ്പറ്റി ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളില്‍ അഭിരമിക്കുന്ന അദ്ദേഹം കേരളത്തിലെ സിപിഐ (എം) ഒരു ഗോത്ര ബോധത്താല്‍ നിലനില്‍ക്കുന്ന കൂട്ടായ്മയുടെ ബാക്കിപത്രമാണെന്ന് നിരീക്ഷിക്കുന്നു. ആഗോളവല്‍കരണകാലത്ത് വിപ്ലവം അസാദ്ധ്യമെന്നോ അകലെയെന്നോ, പ്രചാരണങ്ങളുയര്‍ന്നിട്ടും കേരളത്തിലെ സിപിഐ (എം) തകര്‍ന്ന് പോകാതിരുന്നത്, "തലച്ചോറുകൊണ്ടല്ല, ഹൃദയംകൊണ്ട്" പാര്‍ടിക്കാരായി തുടരുന്നവരുടെ ഗോത്രബോധംകൊണ്ടാണെന്നാണ് ലേഖകെന്‍റ തീസിസ്.

കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് തെറ്റിയതും ഇവിടെയാണ്. ലോകമാകെ തിരിച്ചടി നേരിടുന്ന മാര്‍ക്സിസത്തിന് കേരളത്തില്‍ ക്ഷീണം വരാതെ കാത്തത് ദാര്‍ശനികമായ തിരിച്ചറിവല്ലെന്നും വൈകാരികമായ ഗോത്രബോധത്താലാണെന്നും ധരിച്ചവരാണ് വ്യക്തിഹത്യയുടെയും നേതൃത്വത്തെ ഇകഴ്ത്തുന്നതിന്റെയും പരമ്പരകള്‍ക്ക് തുടക്കമിട്ടത്. പാര്‍ടി നേതൃത്വം ആഗോളവല്‍ക്കരണത്തിന് കീഴ്പെട്ടെന്ന പ്രചാരണം ജനങ്ങള്‍ക്ക് പാര്‍ടിയിലുള്ള ഈ വിശ്വാസം തകര്‍ക്കാനായിരുന്നു. എന്നാല്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ സിപിഐ (എം) നടത്തിയ സമര പോരാട്ടങ്ങള്‍ ലേഖകന്‍ മറന്നുപോയി. ദേശീയ പണിമുടക്കുകള്‍ ഉള്‍പ്പെടെ അനവധി സമര പരമ്പരകളിലൂടെ ഭാരതത്തിലാകെ ആഗോളവല്‍ക്കരണത്തിനെതിരായ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുകയാണ് സിപിഐ (എം) ചെയ്തത്. പാര്‍ടി ഇന്നും ശക്തമായി നിലനില്‍ക്കുന്നത് ഗോത്രബോധത്താലല്ല, ഈ രാഷ്ട്രീയ ബോധംകൊണ്ടാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ വന്നതാണ് പിയേഴ്സണ്‍മാര്‍ക്ക് പറ്റുന്ന പരമാബദ്ധം. ദാര്‍ശനികമായി മാര്‍ക്സിനെ പിന്തുണയ്ക്കുമ്പോഴും പ്രായോഗികമായി മാര്‍ക്സിസ്റ്റ് പാര്‍ടിയെ എതിര്‍ക്കുകയെന്ന ലക്ഷ്യത്തില്‍ രൂപപ്പെട്ട ലേഖനം, സംവാദത്തിലേക്കല്ല, മുന്‍വിധിയിലേക്കാണ് നയിക്കുന്നത്. അതിനെ അടിമുടി നിരാകരിക്കാതെ വയ്യ.

*
അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മാതൃഭൂമി ആഴ്ചപ്പതിപ്പ് "തിരിച്ചറിവുകള്‍ , തിരിച്ചുവരവുകള്‍" എന്ന തലക്കെട്ടില്‍ എന്‍ എം പിയേഴ്സെന്‍റ ഒരു പരമ്പര തുടങ്ങിയിരിക്കുന്നു. "മാര്‍ക്സിസം തിരിച്ചുവരുന്നുവെന്ന തിരിച്ചറിവാണ്" ഈ സംവാദത്തിലേക്ക് വായനക്കാരെ ക്ഷണിക്കാന്‍ മാതൃഭൂമിയെ പ്രേരിപ്പിക്കുന്നത്. മൂന്നാംപേജില്‍ അരിവാള്‍ ചുറ്റിക മുദ്രണം ചെയ്തിരിക്കുന്നത് ഭംഗിയായിട്ടുണ്ട്. ഇരുപതു കൊല്ലം മുമ്പ് സോവിയറ്റ് തിരോധാനാനന്തരം പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഒരു ലക്കം പത്രാധിപര്‍ ഓര്‍മിക്കുന്നത് നന്ന്. തകര്‍ന്ന് വിണ്ടുകീറി നിലത്തുവീണുകിടക്കുന്ന അരിവാളും ചുറ്റികയും നക്ഷത്രവും ചേര്‍ത്ത്, "മൃതമായ" മാര്‍ക്സിസത്തിന്റെ ആരവങ്ങള്‍ കൊണ്ടാടിയ ആഴ്ചപ്പതിപ്പിന്റെ ലക്കമായിരുന്നു അത്. അന്ന് മരണത്തെ ഘോഷിച്ചവര്‍തന്നെ മാര്‍ക്സ് തിരിച്ചുവരുന്നുവെന്ന് തിരിച്ചറിഞ്ഞത് നന്നായി. ഇതിനിടയില്‍ ഒരു വ്യാഴവട്ടത്തിലെറെ മാര്‍ക്സിസത്തിന്റെ ദീപശിഖ ഇന്ത്യയില്‍ കെടാതെ കാത്തുസൂക്ഷിച്ച പാര്‍ടിയാണ് സിപിഐ (എം). അതിന്റെ ഇരുപതാം കോണ്‍ഗ്രസിന്റെ പശ്ചാത്തലത്തില്‍ പിയേഴ്സണ്‍ എഴുതുന്ന ലേഖനത്തിലെങ്കിലും സിപിഐ (എം) ഇക്കാര്യത്തില്‍ നല്‍കിയ സര്‍ഗാത്മക സംഭാവനകളെ ഓര്‍മിക്കേണ്ടതായിരുന്നു.