Saturday, January 14, 2012

ഊര്‍ജ്ജമേഖല നേരിടുന്ന വെല്ലുവിളികള്‍

രാഷ്ട്രവികസനത്തിന്റേയും, പുരോഗതിയുടേയും ആണിക്കല്ലായി കണക്കാക്കപ്പെടുന്ന വൈദ്യുതി മേഖല രാജ്യമൊട്ടാകെ വലിയ പരിണാമഗതിയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. 2003 ലെ കേന്ദ്ര വൈദ്യുതി നിയമത്തിലെ വ്യവസ്ഥകളുടെ കാര്‍ക്കശ്യവും, കാഠിന്യവും നിമിത്തം രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാന വൈദ്യുതി ബോര്‍ഡുകളും കമ്പനികളായി രൂപാന്തരപ്പെട്ടിരിക്കുകയാണ്.

കമ്പനിവത്കരണം സ്വകാര്യവത്കരണത്തിന്റെ ചവിട്ടുപടിയായി മാറ്റപ്പെട്ടതിന്റെ പരണിതഫലം ഈ മേഖലയ്ക്കും, ജനസമൂഹത്തിലും ഇക്കാലയളവില്‍ ഏല്‍പ്പിച്ച ആഘാതം ചെറുതൊന്നുമല്ല. 11-ാം പഞ്ചവത്സര പദ്ധതിയില്‍ രാജ്യത്തെ വൈദ്യുതി മേഖലയില്‍ ആസൂത്രണം ചെയ്യപ്പെട്ട പദ്ധതികള്‍ ലക്ഷ്യം കാണാതെ പോയത് ഈ നയവ്യതിയാനത്തിന്റെ കൂടി ഫലമായിട്ടാണ്. ഉദാരവത്കരണ നയം ഈ മര്‍മ്മ പ്രധാനമേഖലയില്‍ ഉളവാക്കിയിട്ടുള്ള വിപത്തുകള്‍ സമൂഹത്തിലാകെ ഭയാശങ്കകള്‍ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു.

രാജ്യത്ത് വിഭജനം നടത്തിയ വൈദ്യുതി ബോര്‍ഡുകളുടെ ഇപ്പോഴത്തെ അവസ്ഥയെ സംബന്ധിച്ച് പഠനം നടത്തുവാന്‍ മുന്‍കംപ്‌ടോളര്‍ ആഡിറ്റര്‍ ജനറല്‍ വി കെ ഷുംഗ്ലു അദ്ധ്യക്ഷനായുള്ള ഒരു ഹൈലെവല്‍ കമ്മിറ്റിയെ കേന്ദ്രഗവണ്‍മെന്റ് നിയോഗിച്ചു. വൈദ്യുതിനിയമം 2003 പ്രകാരം വൈദ്യുതി ബോര്‍ഡുകളെ പരിഷ്‌കരണത്തിന് വിധേയമാക്കിയപ്പോള്‍ 2010-11 ല്‍ 68000 കോടി രൂപയുടെ സാമ്പത്തിക നഷ്ടത്തില്‍പ്പെട്ട് പവര്‍യൂട്ടിലിറ്റികള്‍ കിതയ്ക്കുകയാണെന്ന് കണ്ടെത്തിയിരിക്കുന്നു. രാജ്യത്ത് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 75000 മെഗാവാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കേണ്ട ആവശ്യം നിലനില്‍ക്കുന്നു സ്ഥലലഭ്യതയിലും ഇന്ധന സുരക്ഷയിലും ഉള്ള തടസ്സവാദങ്ങള്‍ കാരണം അധികവൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് കഴിയാത്ത ഒരവസ്ഥയാണിന്ന്.

2003 ലെ പുത്തന്‍ വൈദ്യുതി നിയമപ്രകാരം ഗവണ്‍മെന്റ് ഊര്‍ജ്ജ ഉത്പാദനരംഗത്തെ കൈവിട്ടിരിക്കുന്നു. 75000 മെഗാവാട്ട് അധികം വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് 375000 കോടി രൂപ വേണ്ടിവരും. പവര്‍യൂട്ടിലിറ്റികള്‍ ഇപ്പോള്‍ നഷ്ടത്തിലായതുകൊണ്ട് ഊര്‍ജ്ജ ഉത്പാദനത്തിന് ആവശ്യമുള്ള തുക ബാങ്കുകളും നല്‍കുന്നില്ല. ഇത് ഗുരുതരമായ വൈദ്യുതി പ്രതിസന്ധി ക്ഷണിച്ചുവരുത്തും.

വൈദ്യുതിയുടെ ഉപഭോഗം വന്‍തോതില്‍ വര്‍ദ്ധിക്കുകയാണ്. 12-ാം പഞ്ചവത്സര പദ്ധതിയില്‍ (2012-2017) ഒരു ലക്ഷം മെഗാവാട്ടും 13-ാം പഞ്ചവത്സര പദ്ധതിയില്‍ (2017-2022) ഒരു ലക്ഷത്തി രണ്ടായിരം മെഗാവാട്ട് വൈദ്യുതിയും കൂടി ഉല്പാദിപ്പിക്കുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളത്.

ഇന്ത്യാഗവണ്‍മെന്റിന്റെ 2011 ഡിസംബര്‍ മാസത്തെ കണക്കുപ്രകാരം 2009-2010 ലെ ഇന്ത്യയുടെ ശരാശരി പ്രതിശീര്‍ഷ വൈദ്യുതി ഉപഭോഗം 778.71 യൂണിറ്റാണ്. രാജ്യത്ത് 1,85,496 മെഗാവാട്ട് സ്ഥാപിതശേഷിയുണ്ടെങ്കിലും വൈദ്യുതി ആവശ്യകത ഏറ്റവും കൂടുതല്‍ ഉള്ള പീക്ക് സമയങ്ങളില്‍പോലും പരമാവധി ഉല്പാദനശേഷി സ്ഥാപിതശേഷിയുടെ 63 ശതമാനമായ 1,16,862.48 മെഗാവാട്ടാണ് ഫലത്തില്‍ ലഭ്യമാകുന്നത്.

ഇന്ത്യന്‍ ജനസംഖ്യയില്‍ 40.4 കോടി ജനങ്ങള്‍ക്ക് ഇതുവരെയും വൈദ്യുതി എത്തിക്കുവാന്‍ കഴിഞ്ഞിട്ടില്ല. എന്നിരിക്കെ, ഊര്‍ജരംഗത്ത് സ്വകാര്യമൂലധനം നിക്ഷേപിച്ച് ലാഭം നേടുന്നതിന് വേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുക എന്ന ഉദ്ദേശ്യം നടപ്പാക്കുകയാണ് വൈദ്യുതി നിയമം 2003 ല്‍ കൂടി കേന്ദ്ര ഗവണ്‍മെന്റ് ചെയ്യുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രസ്തുത ആഗ്രഹ സഫലീകരണത്തിനാണ് കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനും, സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷനുകളും രൂപീകരിച്ചിട്ടുള്ളത്. നാടിന് ഗുണം ചെയ്ത് അനുദിനം വളര്‍ന്നുകൊണ്ടിരുന്ന പൊതുമേഖലയിലെ സംസ്ഥാന വൈദ്യുതി ബോര്‍ഡുകളെ തളര്‍ത്തി തകര്‍ത്തുകൊണ്ടിരിക്കുകയാണിപ്പോള്‍.

സംസ്ഥാനം വീണ്ടും ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. താല്‍ച്ചറിലോ, രാമഗുണ്ടത്തോ, നെയ്‌വേലിയിലോ ഒരു ജനറേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ പോലും കേരളം ഇരുട്ടിലാവുമെന്ന സ്ഥിതിയാണ്. ആഭ്യന്തരമായി 40-45% മാത്രം ഉല്‍പ്പാദിപ്പിച്ച് ബാക്കി വൈദ്യുതിയ്ക്കുവേണ്ടി അന്യസംസ്ഥാനങ്ങളേയും കേന്ദ്രനിലയങ്ങളേയും ആശ്രയിക്കുമ്പോള്‍ ഉണ്ടാകുന്ന അനിവാര്യദുരന്തമാണിത്.

സംസ്ഥാനത്തിന്റെ ഊര്‍ജ്ജാവശ്യം ശരാശരി 7% വാര്‍ഷിക വര്‍ദ്ധന രേഖപ്പെടുത്തുന്നു. ഏകദേശം 4 ലക്ഷത്തില്‍ പരം കണക്ഷനുകളാണ് ഓരോ വര്‍ഷവും പുതുതായി കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. 2000 - 2001 ല്‍ 64 ലക്ഷം മാത്രമായിരുന്ന ഉപഭോക്താക്കളുടെ സംഖ്യ 2011 ഡിസംബറില്‍ 1,04,11,281 ആയി വര്‍ദ്ധിച്ചു.

പീക്ക് ലോഡിലെ വൈദ്യുതി ആവശ്യം ബേസ് ലോഡിനെ അപേക്ഷിച്ച് 75% വരെ അധികമാണ്. കഴിഞ്ഞ വേനലില്‍ പീക്ക് ഡിമാന്റ് 3119 മെഗാവാട്ടും പ്രതിദിന ഉപഭോഗം 57 മില്യന്‍യൂണിറ്റ് വരെയുമായി. 80% വരുന്ന ഗാര്‍ഹിക ഉപഭോക്താക്കളുടെ സന്ധ്യാസമയത്തെ ക്രമാതീതമായ ഉപഭോഗം പീക്ക് ഡിമാന്റിന്റെ അസ്വാഭാവിക ഉയര്‍ച്ചക്ക് ഒരു കാരണമാണ്. ഭീമമായ ഈ പീക്ക് ലോഡ് ഡിമാന്റ് നിറവേറ്റുവാന്‍ സ്വകാര്യവൈദ്യുതി നിലയങ്ങളില്‍ നിന്നും പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്നും വൈദ്യുതി വാങ്ങേണ്ടി വരുന്നത് ബോര്‍ഡിന്റെ ധനസ്ഥിതി തന്നെ താറുമാറാക്കുന്നു.

44 നദികളുള്ള സംസ്ഥാനത്തെ ജല സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്‍ പാരിസ്ഥിതിക വിഷയങ്ങളില്‍ തട്ടി ഉടയുന്നു. മാനന്തവാടിയും, ലോവര്‍ ഭവാനിയും, പൂയാംകുട്ടിയും, പാത്രക്കടവും ഒക്കെ ഉപേക്ഷിക്കേണ്ടി വന്നതും ഏറ്റവും അവസാനം ആതിരപ്പള്ളി പദ്ധതിക്കെതിരെ നടന്ന സംഘടിത കരുനീക്കങ്ങളും മറക്കാറായിട്ടില്ല. 1980 ന് ശേഷം ഒരു വന്‍കിട ജലവൈദ്യുത പദ്ധതിയും ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാന്‍ സംസ്ഥാനത്തിനായിട്ടില്ല. 1995 ല്‍ ഹൈഡല്‍ - തെര്‍മല്‍ അനുപാതം 85:15 ആയിരുന്നത്, 2010-11 ല്‍ 40 : 60 ആയി മാറി.

തെര്‍മല്‍ നിലയങ്ങള്‍ സ്ഥാപിക്കുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ക്ലേശകരവും അനാദായകരവും ആണ്. പെട്രോളിയവും അനാദായകരവുമാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അമിത വിലയും കല്‍ക്കരി നിക്ഷേപമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കല്‍ക്കരി കൊണ്ടു വരുന്നതിനുള്ള ഭാരിച്ച ചെലവുമാണ് ഇതിനു കാരണം.

കേരളത്തിന്റെ സവിശേഷ ഭൂപ്രകൃതി കാരണം ആണവനിലയങ്ങള്‍ പ്രായോഗികമല്ലെന്ന് വിലയിരുത്തപ്പെടുന്നു. കാറ്റില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ വിഹിതം 33.6 മെഗാവാട്ട് മാത്രമാണ്. ഇടുക്കി, പാലക്കാട് ജില്ലകളില്‍ പരിമിതമായുള്ള വാത സ്രോതസുകള്‍ പോലും ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ തടസ്സവാദങ്ങളാല്‍ മുടങ്ങിക്കിടക്കുന്നു. സോളാര്‍, ബയോഗ്യാസ് തുടങ്ങിയ ഇതര പാരമ്പര്യേതര ഊര്‍ജ്ജ ഉറവിടങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള ചെറിയ പരിശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വര്‍ദ്ധിച്ചു വരുന്ന ആവശ്യം നിറവേറ്റുന്നതിന് ഇതുകൊണ്ട് കഴിയില്ല.

ഊര്‍ജ്ജ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് നടപ്പാക്കിയ പദ്ധതികള്‍ മൂലം 30% ത്തില്‍ അധികമായിരുന്ന പ്രസരണ വിതരണ നഷ്ടം 2010 - 11 ല്‍ 19% ആയി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു എന്നത് ശ്ലാഘനീയമാണ്. മെച്ചപ്പെട്ട വാട്ടര്‍ / സിസ്റ്റം മാനേജ്‌മെന്റും പകല്‍ സമയങ്ങളില്‍ പരമാവധി കുറഞ്ഞ വിലയില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിയും മുന്‍സര്‍ക്കാരിന്റെ കാലത്ത് ലോഡ്‌ഷെഡിങ്ങും പവ്വര്‍കട്ടും ഒഴിവാക്കി മുന്നോട്ടു പോകാന്‍ കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇടവിട്ട് സംസ്ഥാനം ലോഡ് ഷെഡിങ്ങിലേക്ക് നീങ്ങുന്നത് ആശങ്കയുളവാക്കുന്നു. മുല്ലപ്പെരിയാറിന്റെ പേരില്‍ ഇടുക്കിയിലെ ജലം ഒഴുക്കി കളഞ്ഞ് ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച നടപടിയുടെ സാംഗത്യം പരിശോധിക്കപ്പെടേണ്ടതുണ്ട്. അടുത്ത വേനല്‍ക്കാലത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കുമെന്നതാണ് സത്യം.

സ്ഥാപിത ശേഷി കൂട്ടിച്ചേര്‍ത്ത് ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയല്ലാതെ പ്രതിസന്ധി മറികടക്കാന്‍ മറ്റു വഴികളൊന്നുമില്ല. അഖിലേന്ത്യാ തലത്തിലെ വൈദ്യുതി നിലയം ആശങ്കാജനകമാണ്. പ്രതിവര്‍ഷം ശരാശരി 200 - 250 മെഗാവാട്ട് എങ്കിലും ശേഷി കൂട്ടിച്ചേര്‍ത്താല്‍ മാത്രമേ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നമ്മുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം ഒരു പരിധി വരെയെങ്കിലും നിറവേറ്റാനാകൂ. 2000 ന് ശേഷം കഴിഞ്ഞ 11 വര്‍ഷക്കാലത്ത് വെറും 215 മെഗാവാട്ട് മാത്രമാണ് സംസ്ഥാനത്ത് വൈദ്യുതോല്പാദന ശേഷി കൂട്ടിച്ചേര്‍ക്കാനായത്.

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡും ചരിത്രത്തിന്റെ ഭാഗമാകുവാന്‍ പോകുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ഈ പൊതുമേഖലാ സ്ഥാപനത്തെ രൂപഭേദം വരുത്തി കമ്പനിയാക്കി കൈമാറുവാനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നു. ജീവനക്കാരുടെ മൗലിക തൊഴില്‍ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നതും സാമാന്യജനങ്ങള്‍ക്കും, ഉപഭോക്താക്കള്‍ക്കും ഈ മേഖലയില്‍ നിന്നും ലഭിച്ചിരുന്ന ആനുകൂല്യങ്ങളും, സംരക്ഷണങ്ങളും നിര്‍ത്തലാക്കപ്പെടുന്നതും അടക്കമുള്ള നിരവധി നടപടി നീക്കങ്ങള്‍ മറനീക്കി പുറത്തുവരുന്നതും, മേല്‍ സൂചിപ്പിച്ച ജനവിരുദ്ധ വൈദ്യുതി നിയമം പൊതുസമൂഹത്തിന് വരുത്തിവയ്ക്കുന്ന ദോഷത്തിന്റെയും, ദുരിതത്തിന്റെയും വരുംകാല അനുഭവങ്ങളുടെ നാന്ദിയായി കാണേണ്ടതുണ്ട്. കേന്ദ്രനിയമത്തിന്റെ ദോഷഫലങ്ങളെ ഒരളവ് വരെയെങ്കിലും ലഘൂകരിക്കുവാന്‍ ഒരു സമഗ്ര സംസ്ഥാന വൈദ്യുതി നിയമം നിര്‍മ്മിക്കണമെന്ന കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷന്റെ യുക്തിപൂര്‍ണ്ണമായ ആവശ്യത്തിന് പിന്തുണയും, കാലിക പ്രസക്തിയും ഏറി വരുന്നത് ഈ വിശേഷ സാഹചര്യത്തിലാണ്.

ഗൗരവപ്രാധാന്യമേറിയ മേല്‍സൂചിപ്പിച്ച പശ്ചാത്തലത്തിലാണ് കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷന്റെ 12-ാം സംസ്ഥാന സമ്മേളനം 2012 ജനുവരി 14,15 തീയതികളില്‍ എറണാകുളത്ത് നടക്കുന്നത്. ഊര്‍ജ്ജമേഖല നേരിടുന്ന വെല്ലുവിളികളും, പ്രതിസന്ധികളും, പരിഹാരമാര്‍ഗ്ഗങ്ങളും ആഴത്തില്‍ വിശകലനം ചെയ്യപ്പെടുകയും ബദല്‍ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെട്ടുവരും എന്നും സംഘടന കരുതുന്നു.

*
എസ് വിജയന്‍ (ലേഖകന്‍ കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയാണ്)

ജനയുഗം 120 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാഷ്ട്രവികസനത്തിന്റേയും, പുരോഗതിയുടേയും ആണിക്കല്ലായി കണക്കാക്കപ്പെടുന്ന വൈദ്യുതി മേഖല രാജ്യമൊട്ടാകെ വലിയ പരിണാമഗതിയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. 2003 ലെ കേന്ദ്ര വൈദ്യുതി നിയമത്തിലെ വ്യവസ്ഥകളുടെ കാര്‍ക്കശ്യവും, കാഠിന്യവും നിമിത്തം രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാന വൈദ്യുതി ബോര്‍ഡുകളും കമ്പനികളായി രൂപാന്തരപ്പെട്ടിരിക്കുകയാണ്.