അതിര്‍ത്തിയില്‍ സമാധാനത്തിന്റെയും സഹകരണത്തിന്റെയും അന്തരീക്ഷം രൂപപ്പെടുത്താനുള്ള പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ ഇന്ത്യയും ചൈനയും സംയുക്തമായി തീരുമാനിച്ചു എന്നത് ശുഭോദര്‍ക്കമാണ്. അതിര്‍ത്തിക്കാര്യവുമായി ബന്ധപ്പെട്ട എന്തും ചര്‍ച്ചയിലൂടെ പരിഹരിക്കുക എന്ന ധാരണയുടെ അടിസ്ഥാനത്തിലുണ്ടായ പുതിയ കരാര്‍ ഉഭയരാഷ്ട്രബന്ധത്തെ ശക്തമായി മുന്നോട്ടുകൊണ്ടുപോകും എന്നത് തീര്‍ച്ചയാണ്. മൂന്ന് ഘട്ടങ്ങളായുള്ള അതിര്‍ത്തി സംഭാഷണത്തിന്റെ ആദ്യഘട്ടം പൂര്‍ണവിജയമായി എന്നതിന്റെ ദൃഷ്ടാന്തമാണ് പുതിയ കരാര്‍ . ഏകോപനത്തോടെ ഏത് പ്രശ്നവും അപ്പപ്പോള്‍ പരിഹരിച്ച് മുന്നോട്ടുപോവുക എന്ന ധാരണയുടെ അടിസ്ഥാനത്തിലുണ്ടായ കരാര്‍ ഇന്ത്യ-ചൈന സൗഹൃദം ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്ന ആരും സ്വാഗതംചെയ്യും. ഇന്ത്യക്കും ചൈനയ്ക്കുമിടയിലുള്ള സഹകരണാത്മകമായ ബന്ധത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. എഡി 65ല്‍ കശ്യപമാതംഗ, ധര്‍മരത്ന എന്നീ ഇന്ത്യന്‍ ബുദ്ധസന്യാസികളിലൂടെയാണ് ബുദ്ധമതം ചൈനയിലെത്തിയത്. അഞ്ചുമുതല്‍ പന്ത്രണ്ടുവരെ നൂറ്റാണ്ടുകള്‍ ചൈനയില്‍ ബുദ്ധമതത്തിന്റെ പ്രതാപകാലമായിരുന്നു. എഡി അഞ്ചാംനൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലാണ് ഫാഹിയാനും ഹ്യുയാന്‍സാങ്ങും ഇന്ത്യ സന്ദര്‍ശിച്ചത്. അതിനുംമുമ്പുതന്നെ തെക്കുപടിഞ്ഞാറന്‍ ചൈനയില്‍നിന്ന് വടക്കേഇന്ത്യയിലേക്ക് സില്‍ക്കിന്റെയും സിന്ദൂരത്തിന്റെയും വ്യാപാരികള്‍ തുടരെ വന്നിരുന്നതായി ചരിത്രം സ്ഥിരീകരിക്കുന്നുണ്ട്.
പതിനഞ്ചാം നൂറ്റാണ്ടില്‍ മിങ് വംശത്തില്‍പ്പെട്ട ജനറല്‍ ഷെങ്ഹി കൊച്ചിയിലും കോഴിക്കോട്ടും എത്തിയിരുന്നു. ഇതെല്ലാം കാണിക്കുന്നത്, ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ പലകാലങ്ങളായി സൗഹൃദത്തിന്റെ സുദൃഢബന്ധം നിലനിന്നിരുന്നുവെന്നാണ്. എന്നാല്‍ , അറുപതുകളിലുണ്ടായ ചില അലോസരങ്ങളുടെ പേരില്‍ ഈ ചരിത്രത്തെയാകെ തമസ്കരിച്ചുകൊണ്ട് ഇരുരാജ്യങ്ങളെയും ശത്രുപക്ഷങ്ങളിലാക്കി ഉറപ്പിച്ചുനിര്‍ത്താന്‍ സാമ്രാജ്യത്വം ശ്രമിച്ചു. സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിച്ച രാഷ്ട്രീയശക്തികളും മാധ്യമങ്ങളുമാകട്ടെ, ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ ശത്രുത ആളിപ്പടര്‍ത്താന്‍ കഥകളും കള്ളപ്രചാരണങ്ങളുംകൊണ്ട് തീവ്രമായി ശ്രമിച്ചു. ഇന്ത്യയും ചൈനയും ഒരുമിച്ചുനിന്നാല്‍ ഈ മേഖലയില്‍ കടന്നുകയറാനുള്ള അവസരം സാമ്രാജ്യത്വത്തിന് ലഭിക്കില്ല. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ചൈനാവിരുദ്ധവികാരം പടര്‍ത്താന്‍ അമേരിക്ക നിരന്തരം ശ്രമിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷംപോലും അരുണാചല്‍പ്രദേശിനെ മുന്‍നിര്‍ത്തി നിരവധി കല്‍പ്പിതകഥകള്‍ മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രം തുടരെ പ്രസിദ്ധീകരിച്ചുപോന്നു. ചൈനാവിരുദ്ധ വികാരത്തിന്റെ അപസ്മാരം ആളിപ്പടര്‍ത്തി ഇന്ത്യ-ചൈന സൗഹൃദത്തെ തകര്‍ക്കാന്‍ സംഘടിതശ്രമങ്ങളാണ് ഇവിടെയും പുറത്തും നടന്നത് എന്നര്‍ഥം. ഇന്ത്യയിലും ചൈനയിലും ഒരേപോലെയാണ് ദേശീയപ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നത്. ഇത് ഇരുജനതയ്ക്കുമിടയില്‍ വിമോചനബോധത്തിന്റേതായ ഒരു സവിശേഷാന്തരീക്ഷം ഉണര്‍ത്തിയെടുത്തു. അത് ആത്മബന്ധമായി ഇരുജനതകള്‍ക്കുമിടയില്‍ വികസിച്ചുവന്നു. ജനകീയ ജനാധിപത്യ ചൈനീസ് റിപ്പബ്ലിക് രൂപംകൊണ്ടപ്പോള്‍ അതിനെ സോഷ്യലിസ്റ്റ് ലോകസമൂഹത്തിനുപുറത്ത് ആദ്യമായി അംഗീകരിച്ച രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരുന്നു. മൂന്നുനാലുവര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്രബന്ധം നിലവില്‍വന്നു.
രവീന്ദ്രനാഥടാഗോറിന്റെ ചൈനാസന്ദര്‍ശനം, ജാപ്പ് വിരുദ്ധ യുദ്ധത്തില്‍ മുറിവേറ്റവരെ സഹായിക്കാന്‍ ഇന്ത്യയില്‍നിന്നുപോയ ദ്വാരകാനാഥ് കോട്നിസിന്റെ സേവനം തുടങ്ങിയവയൊക്കെ ചൈനീസ് ജനത ഇന്ത്യന്‍ ജനതയോടുള്ള സ്നേഹവായ്പായി മനസ്സില്‍ സൂക്ഷിക്കുകയും ചെയ്തു. ഇങ്ങനെ സുദൃഢമായ ബന്ധത്തിന്റെ ചരിത്രപശ്ചാത്തലത്തിലാണ്, അറുപതുകളുടെ തുടക്കത്തില്‍ "യുദ്ധമല്ല; ചര്‍ച്ചയാണ് വേണ്ടത്" എന്ന് ഇ എം എസ് പറഞ്ഞത്. അന്ന് ഇ എം എസിന്റെ നിലപാടിനെ എതിര്‍ത്തവര്‍പോലും ഇന്ന് ആ നിലപാടിനെ അംഗീകരിക്കുന്നു. യുദ്ധംചെയ്തല്ല, ചര്‍ച്ചചെയ്താണ് അതിര്‍ത്തി പ്രശ്നത്തിന് പരിഹാരം കാണേണ്ടത് എന്നു പറഞ്ഞ "കുറ്റ"ത്തിന് ചൈനീസ് ചാരന്മാര്‍ എന്ന് ഇ എം എസ് അടക്കമുള്ള കമ്യൂണിസ്റ്റുകാര്‍ ആക്ഷേപിക്കപ്പെട്ടു. അന്ന് ആ നിലപാടിനെ ആക്ഷേപിച്ചവര്‍തന്നെ ഇന്ന് അംഗീകരിക്കുന്നു. അതുകൊണ്ടാണല്ലോ, മൂന്നുവട്ടചര്‍ച്ച നിശ്ചയിച്ചതും ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി സഹകരണത്തിന്റേതായ പ്രത്യേക സംവിധാനം രൂപപ്പെടുത്തുന്നതിനുള്ള കരാറില്‍ ഒപ്പിട്ടതും. യുദ്ധത്തിലൂടെ ഒരു പ്രശ്നവും പരിഹരിക്കാനാകില്ല എന്ന തിരിച്ചറിവ് എണ്‍പതുകളുടെ പ്രാരംഭത്തില്‍ത്തന്നെ ഉണ്ടായിത്തുടങ്ങിയിരുന്നു. 1988ല്‍ രാജീവ്ഗാന്ധി, "92ല്‍ നരസിംഹറാവു, "93ല്‍ രാഷ്ട്രപതി ആര്‍ വെങ്കട്ടരാമന്‍ , 2000ല്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ , 2003ല്‍ വാജ്പേയി എന്നിവര്‍ ചൈന സന്ദര്‍ശിച്ചത് ആ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ്. ഇന്ത്യ കാട്ടിയ മനോഭാവത്തോട് ചൈന അതേ ഊഷ്മളതയോടെതന്നെ പ്രതികരിച്ചു. 1981ല്‍ വിദേശമന്ത്രി ഹുയാന്‍ ഹുവ, "91ല്‍ വെന്‍ ജിയാബാവോ എന്നിവര്‍ ഇന്ത്യ സന്ദര്‍ശിച്ചു. ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ സൗഹൃദാന്തരീക്ഷം ക്രമേണ രൂപപ്പെട്ടുവരികയായിരുന്നു. ഇരുരാജ്യങ്ങളും യുദ്ധംചെയ്ത് നശിക്കുന്നത് കാണാന്‍ കാത്തിരുന്നവരെ ഇത് നിരാശപ്പെടുത്തും. ഈ പ്രക്രിയ ഒരു സവിശേഷഘട്ടത്തില്‍ എത്തിനില്‍ക്കുന്നുവെന്നാണ് ചൊവ്വാഴ്ച നടന്ന ചര്‍ച്ചയും ഒപ്പുവച്ച കരാറും വ്യക്തമാക്കുന്നത്. അതിര്‍ത്തി സഹകരണം ശക്തമാക്കാന്‍ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ്ശങ്കര്‍ മേനോനും ചൈനയുടെ സ്റ്റേറ്റ് കോണ്‍സുലര്‍ ദായ്ബിന്‍ഗ്വായും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. ചര്‍ച്ചയ്ക്കുശേഷം ഇതേ രാഷ്ട്രീയ ഉള്ളടക്കത്തോടുകൂടിയ കരാര്‍ ഒപ്പുവയ്ക്കാനും സംയുക്തപ്രസ്താവന പുറപ്പെടുവിക്കാനും സാധിച്ചു. വിദേശമന്ത്രാലയ ജോയിന്റ് സെക്രട്ടറി (കിഴക്കനേഷ്യന്‍ മേഖല)യും ചൈനീസ് വിദേശമന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറലുമാകും സംയുക്ത പൊതുസംവിധാനത്തിന് നേതൃത്വം നല്‍കുക. അതിര്‍ത്തിപ്രശ്നങ്ങള്‍ അപ്പപ്പോള്‍ കൈകാര്യംചെയ്ത് ഏകോപനത്തോടെ നീങ്ങാന്‍ ഇത് അവസരമുണ്ടാക്കും. വര്‍ഷത്തില്‍ രണ്ടോ ആവശ്യമായി വന്നാല്‍ അതിലധികമോ തവണ ഇവരുടെ യോഗം ചേരും. അതിര്‍ത്തിക്ക് ഇരുപുറവുമുള്ള സൈന്യങ്ങളുടെ പരസ്പര സന്ദര്‍ശനം സഹകരണാത്മകമായ സാഹോദര്യം വളര്‍ത്തിയെടുക്കും.
2010ല്‍ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോയാണ് ആദ്യമായി സംയുക്ത സംവിധാനത്തെക്കുറിച്ചുള്ള ക്രിയാത്മക നിര്‍ദേശം മുന്നോട്ടുവച്ചത്. അതിനുപിന്നിലെ ആത്മാര്‍ഥത ഇന്ത്യ അംഗീകരിച്ചു. അങ്ങനെയാണ് 2011 ഏപ്രിലില്‍ ചൈനയിലെ സാന്യയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും വെന്‍ ജിയാബാവോയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഈ സംവിധാനത്തിന് രൂപംകൊടുക്കാന്‍ നിശ്ചയിച്ചത്. അത് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നു. അതിര്‍ത്തിപ്രശ്നത്തിന് ആത്യന്തികമായി അറുതികുറിക്കാനുദ്ദേശിച്ചുള്ള പ്രത്യേക പ്രതിനിധിതലചര്‍ച്ച ഇതിന് സമാന്തരമായി മുന്നോട്ടുപോകും. പതിനഞ്ചുവട്ടം ചര്‍ച്ച കഴിഞ്ഞു. പതിനാറാമത്തേത് ഈ വര്‍ഷാവസാനം ചൈനയില്‍ നടക്കും. ഏറെ ശുഭസൂചകമായാണ് ഇത്തവണത്തെ ചര്‍ച്ചകള്‍ പര്യവസാനിച്ചത്. ചൈന ഇന്ത്യന്‍ പ്രധാനമന്ത്രിയെ ചൈനയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. അതിര്‍ത്തിക്കാര്യത്തില്‍ ഉണ്ടാകുന്ന പുരോഗതി രേഖപ്പെടുത്തുന്ന ഒരു സംവിധാനം ഇനിയുള്ള ഘട്ടത്തില്‍ ഉണ്ടാകണമെന്ന കാര്യത്തില്‍ക്കൂടി ദ്വിദിനചര്‍ച്ചകളില്‍ ധാരണയായി എന്നതും ശ്രദ്ധേയമാണ്. പരസ്പരവിശ്വാസത്തോടെ സഹകരണത്തിന്റെയും സമാധാനത്തിന്റെയും അടിത്തറയില്‍ ഇന്ത്യ-ചൈനാബന്ധം കൂടുതല്‍ ദൃഢമാകുന്നത് ഈ മേഖലയുടെയാകെ സമാധാനത്തിനും പുരോഗതിക്കും വലിയതോതില്‍ പ്രയോജനകരമാകും. ആ ലക്ഷ്യത്തിലേക്ക് ഇരുരാഷ്ട്രങ്ങളും സംയുക്തമായി നീങ്ങട്ടെ!
*
ദേശാഭിമാനി 19 ജനുവരി 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment