Friday, January 13, 2012

ഹരിതശോഭയിലെ ശോണരേഖകള്‍

കല്‍പ്പറ്റ: വര്‍ഷം 1946.

കോടപുതച്ച മലഞ്ചെരിവുകളെ പച്ചയുടുപ്പിച്ച തേയിലക്കാടുകളില്‍ അസ്ഥികള്‍ കൊത്തിപ്പറിക്കുന്ന മഞ്ഞിന്‍ നൂല്‍മഴ. തണുത്തുറഞ്ഞ ശരീരവുമായി മേപ്പാടിക്കടുത്ത അരപ്പറ്റയിലെ തേയിലഫാക്ടറിക്കു മുന്നില്‍ ഒരുകൂട്ടം തൊഴിലാളികള്‍ ചപ്പെടുക്കുന്നു. മുന്നിലൂടെ എസ്റ്റേറ്റ് സൂപ്രണ്ട് സായ്പിന്റെ കാര്‍ ചീറിയടുത്തു. തൊഴിലാളികള്‍ക്കിടയില്‍നിന്നും ഒരാള്‍ പെട്ടെന്ന് അതിനു മുമ്പിലേക്ക്. തിരുവായ്ക്കെതിര്‍വായില്ലാത്ത കൊളോണിയല്‍ ചൂഷണത്തിനെതിരെ തോട്ടം മേഖലയില്‍നിന്നുയര്‍ന്ന എതിര്‍പ്പിന്റെ ആദ്യ ചുവട്. പാടികളില്‍ ദുരിതജീവിതം നയിക്കുന്ന തൊഴിലാളികളുടെ അടിയന്തര പ്രശ്നങ്ങളാണ് അദ്ദേഹം സായ്പിനു മുന്നില്‍ നിരത്തിയത്. പെട്ടെന്ന് അമ്പരന്ന സായ്പിന് ചുരുക്കം ചില ആവശ്യങ്ങള്‍ക്കെങ്കിലും വഴങ്ങേണ്ടിവന്നു. അടിമജീവിതത്തില്‍നിന്ന് തോട്ടംതൊഴിലാളികളെ മനുഷ്യരാക്കാനുള്ള പോരാട്ടത്തിന്റെ ആദ്യ വിത്തിട്ടത് സി എച്ച് കണാരന്‍ .

വെള്ളക്കാരും ഇടനിലക്കാരും റൈറ്റര്‍മാരുമടങ്ങുന്ന ഏമാന്മാര്‍ക്കുമുമ്പില്‍ അടിമകളെപ്പോലെയാണ് തൊഴിലാളികള്‍ ജീവിച്ചത്. ലഭിക്കുന്ന കൂലിയുടെ ഒരു പങ്ക് കങ്കാണിക്കുള്ളത്. കിഴക്ക് വെള്ളകീറുംമുമ്പെത്തുന്ന കങ്കാണിമാരുടെ കാല്‍പ്പെരുമാറ്റം പെരുമ്പറയാകും. കൂരകളില്‍ തണുത്തു വിറയ്ക്കുന്ന തൊഴിലാളിയെ കങ്കാണിമാരുടെ അസഭ്യവര്‍ഷം വിളിച്ചുണര്‍ത്തും. ഉണരാന്‍ മടിക്കുന്നവരെ അസിസ്റ്റന്റ് കങ്കാണിമാര്‍ മുളവടികൊണ്ട് തല്ലും. മര്‍ദനം ഭയന്ന് ഒളിച്ചോടുന്ന തൊഴിലാളിയെ പിടികൂടി കൊണ്ടുവരാനും പ്രത്യേകം ആളുകള്‍ . ഇത്തരത്തില്‍ ഒളിച്ചോടിയ ഒരു സ്ത്രീതൊഴിലാളിയെയും രണ്ട് പുരുഷന്മാരെയും പൊതിരെ തല്ലി മുറിയില്‍ പൂട്ടിയിട്ടത് നേരില്‍ക്കണ്ട കഥ പി സി ഗുണ്ടു സ്മരിക്കുന്നു. കങ്കാണിമാരുടെ ദര്‍ബാറുകളില്‍ ഇംഗിതത്തിനു വഴങ്ങാത്ത സ്ത്രീകള്‍ കൊല്ലികളില്‍ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണമായി. ചില തൊഴിലാളികള്‍ വനത്തിനുള്ളില്‍ ചീഞ്ഞഴുകി.

ഏഴു മണിയോടെ മസ്റ്റര്‍റോളില്‍ ഒപ്പിടണം. പുരുഷന്മാര്‍ക്ക് ഏഴും സ്ത്രീകള്‍ക്ക് അഞ്ചും അണയാണ് കൂലി. കുട്ടികള്‍ക്ക് രണ്ടര. ഒരു തൊഴിലാളിയെ പണിക്കിറക്കുമ്പേള്‍ കങ്കാണിക്കും കിട്ടും ഒരണ. മുറിക്കാലന്‍ നിക്കറും ഇറുകിയ ഷര്‍ട്ടും ഷൂവും സോക്സും തൊപ്പിയും ധരിച്ച് മോട്ടോര്‍ സൈക്കിളില്‍ ചുറ്റുന്ന സായ്പന്മാരുടെ കണ്ണുകള്‍ എപ്പോഴും തൊഴിലാളിക്കുമേലുണ്ടാകും.

തോട്ടം തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങളായ പൈപ്പുകള്‍ വഴി കുടിവെള്ളം, കുഴിക്കക്കൂസ്, കാന്റീന്‍ , കുട്ടിത്തൊട്ടില്‍ , വായനശാല, കളിസ്ഥലം, സ്കൂള്‍ , കമ്പിളി എന്നിവ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടന്ന സമരങ്ങളാണ് പിന്നീട് മേഖലയില്‍ശക്തമായ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് ജന്മമേകിയത്. അതിനു വഴിതെളിച്ചതാകട്ടെ ഒളിവ് ജീവിതത്തിന്റെ ഭാഗമായെത്തിയ സി എച്ച് കണാരന്‍ , അഴീക്കോടന്‍ രാഘവന്‍ തുടങ്ങിയവരും. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് നേതൃത്വത്തിലാണ് തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമമാരംഭിച്ചത്.

1947ല്‍ മേപ്പാടിയില്‍ കെ കേളപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി കെ ഗോവിന്ദന്‍നായര്‍ പ്രസിഡന്റും കെ നാരായണക്കുറുപ്പ് സെക്രട്ടറിയുമായി ഐഎന്‍ടിയുസി നേതൃത്വത്തില്‍ തോട്ടംതൊഴിലാളി യൂണിയന്‍ രൂപീകരിച്ചു. 1949ല്‍ ചുണ്ടയില്‍ മലബാര്‍ ഡിസ്ട്രിക്ട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ വന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംഘടനയില്‍ തിരുവിതാംകൂര്‍ , കൊച്ചി പ്രദേശങ്ങളില്‍നിന്നും ചിറക്കല്‍ , തലശേരി ഭാഗങ്ങളില്‍നിന്നും വയനാട്ടിലേക്കു വന്ന കമ്യൂണിസ്റ്റുകാര്‍ നുഴഞ്ഞുകയറി പ്രവര്‍ത്തിച്ചു തുടങ്ങി. വോട്ട് മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചതിനെതിരെ ഉയര്‍ന്ന പ്രതിഷേധം യൂണിയന്റെ പിളര്‍പ്പിലേക്ക് നയിച്ചു. കമ്യൂണിസ്റ്റ്കാരുടെ നേതൃത്വത്തില്‍ മലയാളം പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ രൂപീകരിച്ചു. ഓരോ എസ്റ്റേറ്റും ഓരോ വ്യവസായ യൂണിറ്റ് എന്ന കാഴ്ചപ്പാടില്‍ വെവ്വേറെ യൂണിയനുകളായിരുന്നു തുടക്കത്തില്‍ . പിന്നീട് യൂണിയനുകള്‍ സംയോജിപ്പിച്ച് 1955ല്‍ വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ (എഐടിയുസി) രൂപീകരിച്ചു. മേപ്പാടിയിലായിരുന്നു ലയന സമ്മേളനം. പ്രസിഡന്റ് കെ പി ഗോപാലനും വി എന്‍ ശിവരാമന്‍നായര്‍ ജനറല്‍ സെക്രട്ടറിയും പി കുഞ്ഞിക്കണ്ണന്‍ ജോ. സെക്രട്ടറിയും. പി ശങ്കര്‍ പ്രസിഡന്റും കെ പത്മനാഭന്‍ സെക്രട്ടറിയുമായി നോര്‍ത്ത് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയനും രജിസ്റ്റര്‍ ചെയ്തു.

തങ്ങള്‍ക്ക് തണലേകാന്‍ ചെങ്കൊടി മാത്രമാണെന്ന തിരിച്ചറിവ് കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള യൂണിയനിലേക്കുള്ള തൊഴിലാളികളുടെ ഒഴുക്കിന് കാരണമായി. പല സമരങ്ങളും സര്‍ക്കാരിന് മുമ്പിലെത്തിച്ച് അവകാശങ്ങള്‍ നേടാന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവ് എ കെ ജിയുടെ ഇടപെടലും സഹായകമായി. കങ്കാണി സമ്പ്രദായം അവസാനിപ്പിച്ചതും 1951ലെ പ്ലാന്റേഷന്‍ ലേബര്‍ ആക്ട് പ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നേടിയെടുത്തതും സുപ്രധാന നേട്ടങ്ങളാണ്. മിനിമം കൂലി, തുല്യ ജോലിക്ക് തുല്യ വേതനം, താല്‍ക്കാലികക്കാര്‍ക്കും ബോണസ്, തൊഴിലാളികളെ സ്ഥിരപ്പെടുത്തല്‍ എന്നിവയ്ക്ക് നടപടി സ്വീകരിച്ചതും പാടികളിലെ ശോച്യാവസ്ഥ പരിഹരിക്കപ്പെട്ടതുമെല്ലാം ചെങ്കൊടിയുടെ കീഴിലെ തൊഴിലാളി മുന്നേറ്റത്തിന്റെ വിജയമാണ്.

*
പി ഒ ഷീജ ദേശാഭിമാനി 13 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...