Sunday, January 29, 2012

പാട്ടബാക്കി: ചുടുകണ്ണീരില്‍ വേവിച്ച വാക്കുകള്‍

തൊഴിലാളി കുടുംബം മുങ്ങിത്താഴ്ന്ന ദുരിതങ്ങളും ദുരന്തങ്ങളും.സമുദായ ഘടനയുടെ ഭാഗമായ കള്ളവും വ്യഭിചാരവും. ഭൂപ്രഭുക്കളുടെയും കാര്യസ്ഥന്മാരുടെയും കാമപൂരണത്തിനിരയായ സ്ത്രീകള്‍ . വിശപ്പ് അപരാധമാകുന്ന സമൂഹം. കഷ്ടതകള്‍ ദൈവഹിതമെന്ന വിധിതീര്‍പ്പ്. ദൈവം മരിച്ചാല്‍ സുഖമുണ്ടാവുമല്ലോ എന്ന പ്രതികരണം- അതെ, ഒരു കാലഘട്ടത്തിന്റെ കറുത്തമുഖം പിച്ചിച്ചീന്തുകയായിരുന്നു പാട്ടബാക്കി. ബദല്‍ലോകത്തിന്റെ സന്ദേശം പ്രസരിപ്പിച്ചു അത്. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകമെന്ന് സി ജെ തോമസും ജീവല്‍ സാഹിത്യസംഘത്തിന്റെ ആദ്യ സന്തതിയെന്ന് ഇ എം എസും വിശേഷിപ്പിച്ച പാട്ടബാക്കി 1937ല്‍ വൈലത്തൂരില്‍ നടന്ന പൊന്നാനി താലൂക്ക് കര്‍ഷക സമ്മേളനത്തിനുവേണ്ടിയാണ് കെ ദാമോദരന്‍ എഴുതിയത്. തൊഴിലാളിയായ കിട്ടുണ്ണി, അമ്മ, സഹോദരങ്ങളായ കുഞ്ഞിമാളു, ബാലന്‍ എന്നിവരുടെ ദുരിത ജീവിതവും ദുരന്തങ്ങളും. നിലവിലെ വ്യവസ്ഥിതിയാണ് പ്രശ്നകാരണമെന്ന തിരിച്ചറിവും മാറ്റത്തിന് അടിസ്ഥാനവര്‍ഗം സംഘടിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു വിരല്‍ചൂണ്ടുന്നതുമാണ് കേന്ദ്ര പ്രമേയം.

"മുതലാളിമാരുടെയും മറ്റും ഉപദ്രവംകൊണ്ട്, ജനങ്ങള്‍ക്ക് പട്ടിണി കിടക്കേണ്ടിവരുന്ന സമുദായത്തില്‍ കള്ളവും വ്യഭിചാരവും പാപമല്ല. കുഞ്ഞിമാളൂ, ദാരിദ്ര്യമാണ് മനുഷ്യനെക്കൊണ്ട് മോഷണം നടത്തിക്കുന്നത്. അവ രണ്ടും ഇല്ലാതാവണമെങ്കില്‍ ദാരിദ്ര്യം നശിക്കണം. അങ്ങനെയാവാന്‍ ഭരണസമ്പ്രദായം മാറണം. ഈ സമുദായസംഘടനയെ ഉടച്ചുവാര്‍ക്കണം" എന്ന് നാടകാന്ത്യത്തില്‍ കിട്ടുണ്ണി. അധ്വാനിക്കുന്ന വര്‍ഗം സംഘടിത ശക്തിയായ കാലത്തിന്റെ ശബ്ദമാണത്. ആ സംഭാഷണം പതിനായിരങ്ങള്‍ ഏറ്റുപറഞ്ഞു.

കര്‍ഷകസംഘം പരിപാടി നടക്കുന്നിടത്തെല്ലാം "പാട്ടബാക്കി" അവതരിപ്പിച്ചു. പ്രേക്ഷകര്‍ അവരുടെ ജീവിതം നാടകത്തില്‍ കണ്ടു. ഭൂപ്രഭുക്കളുടെയും കാര്യസ്ഥരുടെയും കാമവെറിയുടെ ഇരകള്‍ കുഞ്ഞുമാളുവിനൊപ്പം കരഞ്ഞു. കൊച്ചനിയന് വിശപ്പടക്കാന്‍ ഒരുപിടി അരിമോഷ്ടിച്ചതിന് ജയിലില്‍പോയ കിട്ടുണ്ണിക്കൊപ്പം പ്രേക്ഷകരും ഭൂപ്രഭുത്വത്തെയും അതിന്റെ നീതിന്യായ വ്യവസ്ഥയേയും ചുടുകണ്ണീരില്‍ വേവിച്ച വാക്കുകള്‍കൊണ്ട് ശപിച്ചു.

ജയിലില്‍ കിട്ടുണ്ണിയും സഹതടവുകാരായ മുഹമ്മദും നാരായണന്‍നമ്പ്യാരും കയര്‍ പിരിക്കുന്നതിനിടെ നടത്തുന്ന സംഭാഷണമുണ്ട്. അധ്വാനം അന്യവല്‍ക്കരിക്കപ്പെടുമ്പോള്‍ ലോകം അസുന്ദരമാവുന്നതിനെക്കുറിച്ചുള്ള വാചകം കിട്ടുണ്ണിയില്‍നിന്ന് പുറത്തുവരുന്നു: "നമ്മുളുണ്ടാക്കിയ നെല്ലില്‍നിന്ന് ഒരുപിടി വാരിയാല്‍ കുറ്റമായി!" അപ്പോള്‍ മറ്റൊരു തടവുകാരന്റെ പ്രതികരണം: "ഇന്നത്തെ സമൂഹത്തില്‍ വിശപ്പ് ഒരപരാധമാണ്". ഉപരിവര്‍ഗ താല്‍പ്പര്യത്തിന്റെ മറ പ്രേക്ഷകര്‍ക്കുവേണ്ടി നാടകകൃത്ത് തുറന്നുകാണിക്കുന്ന ഒരു സംഭാഷണമാണ് തുടര്‍ന്ന്. കിട്ടുണ്ണി പറയുന്നു: "മുതലാളി, തൊഴിലാളിയുടെ ചെകിട്ടത്തടിക്കുമ്പോഴും കുടകൊണ്ടടിച്ച് തലയില്‍നിന്ന് ചോരയൊലിപ്പിക്കുമ്പോഴും നിര്‍ദയമായി ചവിട്ടിത്തേക്കുമ്പോഴും, കൂലി കുറച്ചും മറ്റും പട്ടിണിക്കിട്ട് നരകിപ്പിക്കുമ്പോഴും വിരലനക്കാത്ത അഹിംസാഭക്തന്മാര്‍ , പട്ടിണിക്കൊരറുതിയുണ്ടാക്കാന്‍ നാം പ്രക്ഷോഭം കൂട്ടുമ്പോള്‍ ആക്ഷേപിക്കുന്നു. നമ്മെ ജയിലിലിടാന്‍ അവരൊറ്റു നില്‍ക്കുന്നു". മുഹമ്മദ് എന്ന തടവുകാരന്റെ പരിഹാരം: "ഒരൊറ്റ നിവൃത്തിയേയുള്ളു. ഇന്ന് എല്ലാ അധികാരവും ധനികവര്‍ഗങ്ങള്‍ക്ക് മാത്രമാണ്. ആ അധികാരവും ഭരണകൂടവും തൊഴിലാളികളും കൃഷിക്കാരുംകൂടി പ്രക്ഷോഭം നടത്തി പിടിച്ചെടുക്കണം". നാലു വയസുമാത്രം പ്രായമുള്ള കിട്ടുണ്ണിയുടെ കൊച്ചനുജന്‍ അരിയും ഉടുപ്പും വാങ്ങാന്‍ നമുക്കെന്താ കാശില്ലാത്തതെന്ന് അമ്മയോടു ചോദിക്കുന്നുണ്ട്. "ദൈവം തന്നില്ല" എന്ന മറുപടി. വീണ്ടും അവന്‍ : "അപ്പോമ്മേ, ഈ ദൈവം ചത്താലേ നമുക്ക് സുഖാവു അല്ലേ...?" മനുഷ്യനുണ്ടാക്കിയ ദൈവത്തെ മനുഷ്യന്‍ തന്നെ കൈയൊഴിയുന്ന അവസ്ഥയിലേക്കുള്ള പ്രയാണത്തിന്റെ ഏതോ ബിന്ദുവില്‍ നാലുവയസുകാരന്റെ ചോദ്യം തിരശീല വീണാലും മാറ്റൊലികൊള്ളും.

പോഷകാഹാരക്കുറവു കാരണം കുഞ്ഞുങ്ങളുടെ കൂട്ടമരണം നടക്കുന്ന ഇന്നത്തെ അവസ്ഥയും ഭിന്നമല്ല. നീതിപാലകര്‍ക്കാണെങ്കില്‍ എല്ലാം തമാശ. എലിയും പൂച്ചയും കളിയിലാണ് അവര്‍ . "പാട്ടബാക്കിയി"ല്‍ ഇത്തരമൊരു കളിയുണ്ട്. ഒരുപിടി അരിമോഷ്ടിച്ചതിന് അറസ്റ്റിലായ കിട്ടുണ്ണിയെ ചോദ്യം ചെയ്യവെ ഇന്‍സ്പെക്ടര്‍ : "മോഷണം ആദ്യത്തെ തവണയാണല്ലേ... ആദ്യമായി ഒരു പട്ടിണി വന്നു... ആദ്യമായി കട്ടു... ആദ്യമായി പിടിക്കപ്പെട്ടു... അല്ലേ?" ഇത്തരം കറുത്ത ഹാസ്യം 74 വര്‍ഷം മുമ്പ് നമ്മുടെ നാടകലോകത്തിന് ഏറെക്കുറെ അപരിചിതം. പാട്ടബാക്കിയില്‍ പൊലീസ് ഇന്‍സ്പെക്ടറായി അഭിനയിച്ച എ കെ ജി ആത്മകഥയില്‍ കുറിച്ചു: ആ നാടകം കര്‍ഷകരെ അണിനിരത്തുന്നതിലും വളരെ സഹായകമായി. അക്കാലത്താണ് സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം ഞാന്‍ മനസിലാക്കുന്നത്. കര്‍ഷകയോഗങ്ങള്‍ നടക്കുന്ന സ്ഥലത്തെല്ലാം "പാട്ടബാക്കി" അവതരിപ്പിച്ചു. ദാമോദരന്‍ , കെ പി ആര്‍ , പെരച്ചുട്ടി, പി ശേഖരന്‍ തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. ഞാനും അതിലൊരു നടനായിരുന്നു".

*
പി വി കെ പനയാല്‍ ദേശാഭിമാനി 29 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...