"മുന്നണി സംവിധാനത്തിന്റെ കാതല്‍ പരസ്പര ബഹുമാനവും വിശ്വാസ്യതയുമാണ്" എന്ന് സി അച്യുതമേനോന്‍ ജന്മശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷതവഹിച്ചുകൊണ്ട് അഭിപ്രായപ്പെട്ട സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍തന്നെയാണ്, അതേദിവസത്തെ "ജനയുഗ"ത്തില്‍ പാവങ്ങളുടെ പടത്തലവനായിരുന്ന എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന സമുജ്വലമായ മിച്ചഭൂമിസമരത്തെ "മതിലുചാട്ടവും വേലികെട്ടലും" ഉള്‍പ്പെട്ട സമരപ്രഹസനമെന്ന് ആക്ഷേപിച്ചതെന്ന് വിശ്വസിക്കാന്‍ വിഷമം. ഒരേ വ്യക്തിയില്‍നിന്നുള്ളതാണെങ്കിലും ഈ രണ്ട് അഭിപ്രായങ്ങളും ഒത്തുപോകില്ല എന്നത് ഏത് രാഷ്ട്രീയനിരീക്ഷകനും ബോധ്യമാകും. സിപിഐ എം, സിപിഐ എന്നീ പാര്‍ടികള്‍ അവയുടെ സംസ്ഥാന സമ്മേളനങ്ങളിലേക്കും കോണ്‍ഗ്രസിലേക്കും കടക്കുന്ന ഘട്ടത്തില്‍ ഇരു കക്ഷികള്‍ക്കുമിടയില്‍ ഭിന്നതയുണ്ടായിക്കാണണമെന്ന് ഇടതുപക്ഷവിരുദ്ധശക്തികളേ ആഗ്രഹിക്കൂ. ഇടതുപക്ഷ പാര്‍ടികള്‍ക്ക് ചേര്‍ന്നുനില്‍ക്കാവുന്ന കൂടുതല്‍ മേഖലകള്‍ കണ്ടെത്തുക എന്നതാണ് ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തിന്റെ ഇന്നത്തെ ആവശ്യകത എന്ന് തിരിച്ചറിയുന്നവരില്‍ ഭിന്നിപ്പിന്റെ സ്വരം വേദനയേ ഉളവാക്കൂ. ഏതായാലും, സിപിഐ എം കൂടുതല്‍ യോജിപ്പോടും കരുത്തോടുംകൂടി അതിഗംഭീരമായി അതിന്റെ സംസ്ഥാന സമ്മേളനത്തിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ത്തന്നെ അതിനെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങള്‍ ഉണ്ടായിക്കാണുന്നു എന്നത് യാഥാര്‍ഥ്യമാണ്. ഇടതുപക്ഷ ഐക്യം സുദൃഢമാകണമെന്ന് ആഗ്രഹിക്കുന്ന ആരും ഇതില്‍ സന്തോഷിക്കില്ല.
സിപിഐയുടെ ഭാഗത്തുനിന്ന് മുമ്പ് കേട്ട ഒരു വിമര്‍ശം, ഒന്നാം യുപിഎ സര്‍ക്കാരിനെ സിപിഐ എം പിന്തുണച്ചതുമായി ബന്ധപ്പെട്ടാണ്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുക എന്ന സിപിഐയുടെ പഴയ രാഷ്ട്രീയനിലപാട് വൈകിയാണെങ്കിലും സിപിഐ എം പങ്കിട്ടു എന്നാണ് അന്ന് ഒരു സിപിഐ നേതാവ് അഭിപ്രായപ്പെട്ടത്. സത്യമല്ല ഇത്. വിനാശകരമായ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ അധികാരപ്രാപ്തി ഒഴിവാക്കാന്‍ ഒന്നാം യുപിഎ സര്‍ക്കാരിനെ സിപിഐ എം പിന്തുണച്ചു എന്നത് നേരാണ്. എന്നാലത്, കോണ്‍ഗ്രസിനെ പണ്ട് സിപിഐ പിന്തുണച്ച മാതൃകയിലല്ല. കോണ്‍ഗ്രസിന്റെ മുന്നണിയിലിരുന്നുകൊണ്ടും കോണ്‍ഗ്രസുകാരുടെ വോട്ട് വാങ്ങിക്കൊണ്ടും വിജയിച്ചാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകമാത്രമേ പിന്നീട് വഴിയുള്ളൂ. എന്നാല്‍ , കോണ്‍ഗ്രസിന്റെ മുന്നണിയെ എതിര്‍ത്തുകൊണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിച്ചുകൊണ്ടും സ്വന്തം നിലയില്‍ വിജയിച്ചാല്‍ ഒരു വഴിമാത്രമല്ല ഉള്ളത്. സിപിഐ എമ്മിന്റേത് രണ്ടാമത്തെ രീതിയായിരുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ രാഷ്ട്രീയമായോ ധാര്‍മികമായോ സിപിഐ എമ്മിന് ബാധ്യസ്ഥതയുണ്ടായിരുന്നില്ല. എന്നിട്ടും യുപിഎ സര്‍ക്കാരിനെ പിന്തുണച്ചുവെങ്കിലത്, വര്‍ഗീയ സ്പര്‍ധയാല്‍ രാജ്യം ഛിദ്രമാകരുത് എന്ന സദുദ്ദേശ്യത്താല്‍മാത്രമാണ്; അധികാരം പങ്കിടാനല്ല. സിപിഐ എമ്മിന്റെ എംപിമാര്‍ കോണ്‍ഗ്രസ് നീട്ടിയ രാഷ്ട്രീയ ഔദാര്യത്തിന്റെ ബലത്തില്‍ ജയിച്ച് ചെന്നവരായിരുന്നില്ല, മറിച്ച് കോണ്‍ഗ്രസിനെതിരെ പൊരുതി ജയിച്ച് ചെന്നവരായിരുന്നു. അങ്ങനെ ചെന്ന സിപിഐ എം കോണ്‍ഗ്രസിന്റെ ജൂനിയര്‍ പാര്‍ട്ണറായി അധികാരത്തിന്റെ പങ്ക് പറ്റിയിട്ടുമില്ല.
പിന്നീട് സിപിഐ എമ്മിനെതിരായി വന്ന വിമര്‍ശം, പാമൊലിന്‍കേസ് വിധി വന്നപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിയണമെന്നേ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടുള്ളൂ എന്നതാണ്. ആദ്യപ്രതികരണമായി ആ ആവശ്യമുന്നയിച്ച കോടിയേരി, അതേ ദിവസംതന്നെ കേസ് വിധിയുടെ ഗൗരവം അറിഞ്ഞ നിമിഷം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പത്രക്കുറിപ്പ് ഇറക്കി. രണ്ടാമത്തെ കാര്യം എന്തുകൊണ്ടോ സി കെ ചന്ദ്രപ്പന്‍ കാണാന്‍ കൂട്ടാക്കുന്നില്ല.
മൂന്നാമത്തെ വിമര്‍ശം, സിപിഐ എം 50 ശതമാനത്തിലേറെ വോട്ടര്‍മാരുടെ പിന്തുണയുള്ള പ്രസ്ഥാനമായി വളരണമെന്ന് കോടിയേരി ആവശ്യപ്പെട്ടു എന്നതാണ്. ഏതു പാര്‍ടിയുടെ നേതാവിനും തന്റെ പാര്‍ടി കൂടുതല്‍ വളരണമെന്നല്ലാതെ തളരണമെന്ന് തോന്നുമോ? സിപിഐ എം വളരുന്നുവെങ്കിലത് പൊതു ഇടതുപക്ഷത്തിന്റെ വളര്‍ച്ചയ്ക്കാകെയുള്ള മുതല്‍ക്കൂട്ടല്ലേ. വലതുപക്ഷമല്ലേ അതില്‍ ആശങ്കപ്പെടേണ്ടതുള്ളൂ. പക്ഷേ, കോടിയേരിയുടെ പ്രസ്താവനയോടുള്ള സി കെ ചന്ദ്രപ്പന്റെ പ്രതികരണവും ആക്ഷേപത്തിന്റെ ഭാഷയിലാണ് പുറത്തുവന്നത്.
ഇതിനെല്ലാമൊടുവിലാണ്, കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന്റെയും കര്‍ഷകപ്രസ്ഥാനത്തിന്റെയും ചരിത്രത്തിലെ ഉജ്വല അധ്യായമായ മിച്ചഭൂമിസമരത്തിനെതിരായി ഇപ്പോള്‍ സി കെ ചന്ദ്രപ്പനില്‍നിന്നുതന്നെ ആക്ഷേപമുയര്‍ന്നിട്ടുള്ളത്. "മതിലുചാട്ടവും വേലികെട്ടലും" എന്ന പ്രയോഗത്തിലൂടെ മുടവന്‍മുഗളില്‍ എ കെ ജി നടത്തിയ ധീരസമരത്തെയാണ് ലക്ഷ്യമാക്കിയിട്ടുള്ളത് എന്നത് ചരിത്രമറിയുന്നവര്‍ക്ക് മനസ്സിലാക്കാന്‍ വിഷമമില്ല. അതുകൊണ്ടുതന്നെ ആരും ചോദിച്ചുപോകും; ഇതുതന്നെയാണോ പരസ്പര ബഹുമാനത്തിന്റെ രീതിയെന്ന്. മുന്നണിസംവിധാനത്തിന്റെ കാതല്‍ പരസ്പരബഹുമാനമാണെന്നാണല്ലോ സി കെ ചന്ദ്രപ്പന്‍തന്നെ പറഞ്ഞിട്ടുള്ളത്. സി അച്യുതമേനോനെക്കുറിച്ചുള്ള അനുസ്മരണ ലേഖനത്തിലായി എ കെ ജിയെക്കുറിച്ചുള്ള ഈ പരാമര്‍ശം എന്നതാണ് ഏറെ ഖേദകരം. "നിയമം നടപ്പാക്കുന്നതില്‍ ആത്മാര്‍ഥതയില്ലെന്ന് ആരോപിച്ചുകൊണ്ട് നടത്തിയ സമരപ്രഹസന"മായിരുന്നുവത്രേ മിച്ചഭൂമിസമരം.
രണ്ടാം ഇ എം എസ് മന്ത്രിസഭയ്ക്കുശേഷം വന്ന ഭരണസംവിധാനം ആത്മാര്‍ഥതയോടുകൂടി ഭൂപരിഷ്കരണ നിയമം നടപ്പാക്കുമെന്ന് എങ്ങനെ കരുതാനാകുമായിരുന്നുവെന്ന് ആലോചിക്കണം. ആരൊക്കെയായിരുന്നു അതില്‍ ഉണ്ടായിരുന്നത്? "57ലെ "കാര്‍ഷികബന്ധനിയമം" എന്ന ഭൂപരിഷ്കരണ നിയമത്തെ അതിന്റെ അവതരണഘട്ടത്തില്‍ത്തന്നെ ഭരണഘടനാവിരുദ്ധമെന്നും ജനാധിപത്യവിരുദ്ധമെന്നും ആക്ഷേപിച്ച് നഖശിഖാന്തം എതിര്‍ത്തവര്‍! പിന്നീട് അധികാരം കിട്ടിയപ്പോള്‍ ആ നിയമത്തിന്റെ സത്തയില്‍ വെള്ളംചേര്‍ക്കുകയും ഭൂപ്രഭുക്കന്മാര്‍ക്ക് താല്‍പ്പര്യമുള്ള വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തവര്‍! നിയമത്തിലെ ഭൂരഹിതാനുകൂല വ്യവസ്ഥകള്‍ പുനഃസ്ഥാപിച്ച് "67ലെ ഇ എം എസ് മന്ത്രിസഭ ബില്‍ പുതുക്കി അവതരിപ്പിച്ച ഭരണത്തിന്റെ അവസാനനാളുകളില്‍ എതിര്‍ രാഷ്ട്രീയപക്ഷവുമായി കുറുമുന്നണിയായി കരുനീക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നവര്‍! ഇവരുടെയൊക്കെ കൂട്ടായ്മയായ ഒരു ഭരണസംവിധാനം ഭൂപരിഷ്കരണം നടപ്പാക്കുമെന്നും മിച്ചഭൂമി ഭൂസ്വാമിമാരില്‍നിന്ന് പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് കൈമാറുമെന്നും ബുദ്ധിത്തെളിമയുള്ള ആര്‍ക്കെങ്കിലും കരുതാനാകുമായിരുന്നോ?
ഇനി, ഭൂരഹിതര്‍ക്ക് മിച്ചഭൂമി വിതരണംചെയ്യാനുള്ള താല്‍പ്പര്യയിരുന്നു ആ സര്‍ക്കാരിനെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍തന്നെ, മിച്ചഭൂമിക്കുവേണ്ടി മണ്ണിന്റെ നേരവകാശികള്‍ നടത്തിയ സമരത്തെ തകര്‍ക്കാന്‍ ഭൂപ്രമാണിമാര്‍ക്കുവേണ്ടി അതിശക്തമായ നിലയില്‍ പൊലീസിനെ അഴിച്ചുവിട്ടതിന് ആ സര്‍ക്കാരിന്റെ വക്താക്കള്‍ക്ക് എന്തു ന്യായം പറയാന്‍ കഴിയും? നിയമം ലംഘിക്കുന്നവര്‍ക്കെതിരെയാണ് നടപടിയെങ്കില്‍ മനസ്സിലാക്കാം. ഇവിടെ നിയമം നടപ്പാക്കിക്കിട്ടാന്‍വേണ്ടി ശ്രമിച്ചവര്‍ക്കെതിരെയാണ് ക്രൂരമായ പൊലീസ് നടപടിയുണ്ടായത്. താല്‍പ്പര്യം ഭൂരഹിതരോടാണെങ്കില്‍ അവര്‍ക്കെതിരെ ഭൂപ്രമാണിമാര്‍ക്കുവേണ്ടിയുള്ള പൊലീസ് നടപടിയുണ്ടാകുമായിരുന്നോ? നിയമം ലംഘിച്ച് ഭൂമി കൈയടക്കിവച്ചിരുന്ന ഭൂപ്രമാണിമാര്‍ക്കെതിരെയായിരുന്നില്ലേ നടപടി വേണ്ടിയിരുന്നത്? പക്ഷേ, അതല്ലല്ലോ ഉണ്ടായത്. മിച്ചഭൂമി എന്നൊന്നില്ല എന്ന് വാദിച്ചവര്‍വരെ ആ സര്‍ക്കാരിലുണ്ടായിരുന്നു എന്നോര്‍ക്കണം. "ഇല്ലാത്ത മിച്ചഭൂമി" പിന്നീട് ഉണ്ടായതും ഭൂരഹിതരായ പാവപ്പെട്ട കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അതിന്റെ ഉടമസ്ഥരായതും അത്യുജ്വലമായ മിച്ചഭൂമിസമരത്തിന്റെ നേര്‍ഫലമാണ്. മിച്ചഭൂമി ഇല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ മാത്രമല്ല, അത് ഇഷ്ടദാനങ്ങളിലൂടെയും മറ്റും ബിനാമി പേരുകളിലാക്കിയെടുക്കാനും ഭൂരഹിത കര്‍ഷകര്‍ പിടിച്ചെടുത്ത ഭൂമി തിരികെപ്പിടിക്കാനും ഭൂപ്രമാണിമാരുടെ നേതൃത്വത്തില്‍ എതിര്‍സമരങ്ങള്‍ നടന്നിരുന്നു. അവിടെയൊക്കെ ഭൂപ്രമാണിമാര്‍ക്കൊപ്പമായിരുന്നു പൊലീസ്. അതേസമയം, സര്‍ക്കാരാകട്ടെ, വ്യക്തിഗത ഭൂപരിധി അടയാളപ്പെടുത്തിയെടുക്കാനോ കുടികിടപ്പ് പതിച്ചുകിട്ടാന്‍ അര്‍ഹതയുള്ളവരെ രജിസ്റ്റര്‍ ചെയ്യാനോ ഒരു മുന്‍കൈയും എടുത്തിരുന്നില്ല. ഭൂപ്രമാണിമാര്‍ കൊടുത്ത കേസുകളില്‍ നിയമം പരിരക്ഷിക്കുംവിധം ഇടപെട്ട് എതിര്‍വാദം നടത്തിക്കാന്‍ മുന്‍കൈ എടുത്തിരുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് ആലപ്പുഴയില്‍ വന്‍ റാലി നടന്നത്;
"70 ജനുവരി ഒന്നുമുതല്‍ കുടികിടപ്പുകാരന്‍ കുടികിടപ്പുപണം കൊടുക്കേണ്ടതില്ലെന്നും ഒഴിപ്പിക്കലിനെ ചെറുക്കണമെന്നും ഭൂപരിധി നിര്‍ണയം നടപ്പായി എന്ന നിലയില്‍ മിച്ചഭൂമി കൈയേറണമെന്നും നിശ്ചയിച്ചത്. ഭരണനടപടികളെമാത്രം ആശ്രയിച്ച് കാത്തിരിക്കാതെ, അവ നടപ്പാക്കിയെടുക്കാന്‍ സമാന്തരമായി ജനകീയപ്രക്ഷോഭങ്ങള്‍ മുമ്പോട്ടുകൊണ്ടുപോവുക കൂടി ചെയ്യുക എന്ന രീതിയായിരുന്നു സിപിഐ എം എന്നും അനുവര്‍ത്തിച്ചിട്ടുള്ളത്. പ്രക്ഷോഭം ഉണ്ടായില്ലെങ്കില്‍ സ്ഥാപിതതാല്‍പ്പര്യക്കാരും ഭൂപ്രമാണിമാരും വ്യവസ്ഥിതിയുടെ രാഷ്ട്രീയ രക്ഷകരും ബ്യൂറോക്രസിയും ചേര്‍ന്ന് പുരോഗമന നിയമനിര്‍മാണങ്ങളെ അട്ടിമറിക്കും എന്ന കാര്യം സിപിഐ എമ്മിന് എന്നും നിശ്ചയമുണ്ടായിരുന്നു. പാസായ ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചത്, കോണ്‍ഗ്രസ് സര്‍ക്കാരിന് ആ നിയമനിര്‍മാണത്തോട് അനുഭാവമുണ്ടായിട്ടല്ല. മറിച്ച് ബില്ലിന് രാഷ്ട്രപതിയുടെ അനുമതി നിഷേധിക്കപ്പെട്ടാല്‍ കേരളത്തില്‍ ഉരുണ്ടുകൂടുന്ന ജനപ്രക്ഷോഭം നിയന്ത്രണാതീതമാകുമെന്നും സര്‍ക്കാരിന് അതിനെതിരായി ശക്തിപ്രയോഗിക്കേണ്ടിവരുമെന്നും അത് തുടക്കത്തില്‍ത്തന്നെ പുതിയ സര്‍ക്കാരിനെ ജനരോഷത്തിന്റെ ഇരയാക്കുമെന്നും കേന്ദ്രം അറിഞ്ഞതുകൊണ്ടാണ്. അതുതന്നെയാണ് ആ പ്രക്ഷോഭത്തിന്റെ പ്രസക്തിയും. ആ പ്രക്ഷോഭം ഇല്ലായിരുന്നെങ്കില്‍ "മിച്ചഭൂമിയില്ല" എന്ന വാദത്തിനുമുന്നില്‍ ഭൂരഹിതരായി തുടരുമായിരുന്നു പാവപ്പെട്ട ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ .
1959 ജൂണ്‍ 10ന് കാര്‍ഷികബന്ധ ബില്ലിനൊപ്പം ജന്മിക്കര ബില്ലും കാര്‍ഷിക കടാശ്വാസ ബില്ലും പാസാക്കിയിരുന്നു. എന്നാല്‍ , ഇ എം എസ് മന്ത്രിസഭയെ പുറത്താക്കിയതിനെത്തുടര്‍ന്നുള്ള ഘട്ടത്തില്‍ ഇതൊന്നും ഏറ്റെടുക്കാന്‍ തുടര്‍ന്ന് വന്നവര്‍ തയ്യാറായില്ലെന്ന് ഓര്‍ക്കണം. അക്കൂട്ടര്‍ നിര്‍ണായശക്തിയായി നിന്ന ഭരണസംവിധാനമാണ് "67ലെ ഇ എം എസ് മന്ത്രിസഭയ്ക്കുശേഷം അധികാരത്തില്‍ വന്നത് എന്നും ഓര്‍മിക്കണം. അങ്ങനെയുള്ള ഒരു ഭരണസംവിധാനത്തില്‍ മിച്ചഭൂമി വിതരണം നടക്കുമായിരുന്നോ?
"സപ്തകക്ഷി മന്ത്രിസഭയുടെ തകര്‍ച്ചയെത്തുടര്‍ന്ന് മുഖ്യമന്ത്രിപദം രാജിവയ്ക്കുമ്പോള്‍ ഇ എം എസ് കരുതിയത് ഒരു ബദല്‍ സംവിധാനം ഉണ്ടാകില്ലയെന്നായിരുന്നു" എന്ന് സി കെ ചന്ദ്രപ്പന്‍ എഴുതുന്നുണ്ട്. ഒരുപക്ഷേ, ശരിയായിരിക്കാമത്. കുടിയാന്മാരെ ഒഴിപ്പിക്കുന്നതിനെയും ഭൂപ്രഭുക്കള്‍ക്ക് കൈവശം വയ്ക്കാവുന്ന ഭൂമിക്ക് പരിധി നിര്‍ണയിക്കുന്നതിനെയും ഭൂമി ഇല്ലാത്ത കൃഷിക്കാര്‍ക്ക് മിച്ചഭൂമി വിതരണം ചെയ്യുന്നതിനെയും ഒക്കെ നഖശിഖാന്തം എതിര്‍ത്തുകൊണ്ടിരുന്ന പിന്തിരിപ്പന്‍ രാഷ്ട്രീയശക്തികളുടെ ദയാദാക്ഷിണ്യത്തില്‍ ഒരു മന്ത്രിസഭയുണ്ടാക്കാന്‍ അതുവരെ ഇപ്പുറത്തുണ്ടായിരുന്ന ആരെങ്കിലും തയ്യാറാകുമെന്ന് ഇ എം എസ് ഒരുപക്ഷേ, ആ ഘട്ടത്തില്‍ ചിന്തിച്ചുകാണില്ല; കുറുമുന്നണി നീക്കങ്ങളെക്കുറിച്ച് അറിയാമായിരുന്നെങ്കിലും. ഏതായാലും ചന്ദ്രപ്പന്‍ നേട്ടമെന്ന മട്ടില്‍ ഇപ്പോള്‍ പറയുന്ന ബദല്‍ സംവിധാനം ആശാസ്യമായിരുന്നില്ലെന്ന് "78ലെ ഭാട്ടിന്‍ഡാ കോണ്‍ഗ്രസിനുശേഷം സിപിഐതന്നെ തിരിച്ചറിഞ്ഞു എന്ന യാഥാര്‍ഥ്യം ചരിത്രത്തിന്റെ നീക്കിയിരിപ്പായി നമുക്ക് മുന്നിലുണ്ട്. ആ തിരിച്ചറിവുണ്ടായിരുന്നില്ലെങ്കില്‍ പഴയ "ബദല്‍" സിപിഐ തുടരുമായിരുന്നല്ലോ.
സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ നടന്ന ഒറ്റപ്പെട്ട രാഷ്ട്രീയസമരമല്ല മിച്ചഭൂമി സമരം. കര്‍ഷകര്‍ക്കും ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ക്കും വേണ്ടിയുള്ള നിരന്തര പോരാട്ടത്തില്‍ ആയിരുന്നിട്ടുണ്ട് എന്നും കമ്യൂണിസ്റ്റ് പാര്‍ടി. അധികാരത്തിലോ പുറത്തോ എന്ന വേര്‍തിരിവുപോലും അക്കാര്യത്തിലില്ല. "57ല്‍ കാര്‍ഷികബന്ധ ബില്‍ ഇ എം എസ് മന്ത്രിസഭ അവതരിപ്പിച്ചശേഷം അതിനെതിരായ ഭൂപ്രമാണി സമരപരമ്പരയുണ്ടായപ്പോള്‍ , ബില്‍ നടപ്പാക്കിയെടുക്കാനും ജന്മിമാരുടെ ആക്രമണങ്ങളെ ചെറുക്കാനും സമരമുന്നേറ്റങ്ങളുണ്ടായിട്ടുണ്ട്. പമ്പാവാലിയില്‍ കര്‍ഷകസംഘം നേതാവ് പാപ്പച്ചന്‍ രക്തസാക്ഷിത്വം വരിച്ചത് അത്തരമൊരു സമരത്തിനിടയിലാണ്. "59 ജൂണ്‍ 19ന് ബില്‍ പാസായി. ജൂലൈ 31ന് ഭൂരിപക്ഷ പിന്തുണയുള്ള മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ടു. ആറാഴ്ചപോലും ആ സര്‍ക്കാരിനെ ബില്‍ പാസായശേഷം തുടരാന്‍ അനുവദിച്ചില്ല എന്നര്‍ഥം. ഈ മനോഭാവമുള്ള പാര്‍ടി നിര്‍ണായക ശക്തിയായിരിക്കുന്ന ഒരു ഭരണസംവിധാനം ഭൂപരിഷ്കരണത്തിനും മിച്ചഭൂമി വിതരണത്തിനും തയ്യാറാകുമെന്ന് ആര്‍ക്കെങ്കിലും കരുതാനാകുമോ.
നിയമത്തില്‍ വെള്ളം ചേര്‍ക്കാനും അതിനെ ഭൂസ്വാമിമാര്‍ക്ക് അനുകൂലമാക്കി വികലപ്പെടുത്താനും ശ്രമങ്ങള്‍ നടന്നപ്പോള്‍ അതിനെതിരെ ചെറുത്തുനില്‍പ്പ് നടത്തിയിട്ടുണ്ട്. കര്‍ഷകരുടെ വസ്തുക്കള്‍ രജിസ്റ്റര്‍ചെയ്യിക്കാനും മറ്റ് നടപടികളെടുക്കാനും പട്ടം സര്‍ക്കാര്‍ തയ്യാറാകാതിരുന്നു; ജന്മികളുടെ കേസില്‍ എതിര്‍വാദം പറയാന്‍ വക്കീലിനെ നിയോഗിക്കാതിരുന്നു. ഇതിനൊക്കെ എതിരെ സമരമുന്നേറ്റങ്ങളുണ്ടായിട്ടുണ്ട്. "61ല്‍ നടന്ന വ്യാപകമായ കലക്ടറേറ്റ് പിക്കറ്റിങ് അടക്കമുള്ളവ സ്മരണീയമാണ്. എ കെ ജി യുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകജാഥ, അമരാവതി സത്യഗ്രഹം, ചുരുളി- കീരിത്തോട് ഒഴിപ്പിക്കലുകള്‍ക്കെതിരായ പോരാട്ടം, "69 ഡിസംബറില്‍ ആലപ്പുഴയില്‍ നടന്ന സമരപ്രഖ്യാപന സമ്മേളനം തുടങ്ങി എത്രയോ പേരാട്ടങ്ങള്‍ . ഈ പശ്ചാത്തലത്തില്‍നിന്ന് അടര്‍ത്തിമാറ്റി അച്യുതമേനോന്‍ മന്ത്രിസഭയ്ക്കെതിരായി നടന്ന രാഷ്ട്രീയസമരം എന്ന നിലയിലല്ല മിച്ചഭൂമി സമരത്തെ കാണേണ്ടത്. സി അച്യുതമേനോന്റെ സംഭാവനകളെ സ്മരിക്കുന്ന ഘട്ടത്തില്‍ പരോക്ഷമായിപ്പോലും മറ്റ് കമ്യൂണിസ്റ്റ് നേതാക്കള്‍ നയിച്ച പോരാട്ടങ്ങളെ അനാദരിച്ചാല്‍ അച്യുതമേനോന്‍ സ്മരണയോടുമാത്രമല്ല, ഭൂമിക്കുവേണ്ടി കാലാകാലങ്ങളില്‍ നടന്ന പോരാട്ടങ്ങളില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ സ്മരണയോടുപോലും ചെയ്യുന്ന അനാദരവാകുമത്.
*
പ്രഭാവര്‍മ
Subscribe to:
Post Comments (Atom)
3 comments:
"മുന്നണി സംവിധാനത്തിന്റെ കാതല്‍ പരസ്പര ബഹുമാനവും വിശ്വാസ്യതയുമാണ്" എന്ന് സി അച്യുതമേനോന്‍ ജന്മശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷതവഹിച്ചുകൊണ്ട് അഭിപ്രായപ്പെട്ട സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍തന്നെയാണ്, അതേദിവസത്തെ "ജനയുഗ"ത്തില്‍ പാവങ്ങളുടെ പടത്തലവനായിരുന്ന എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന സമുജ്വലമായ മിച്ചഭൂമിസമരത്തെ "മതിലുചാട്ടവും വേലികെട്ടലും" ഉള്‍പ്പെട്ട സമരപ്രഹസനമെന്ന് ആക്ഷേപിച്ചതെന്ന് വിശ്വസിക്കാന്‍ വിഷമം. ഒരേ വ്യക്തിയില്‍നിന്നുള്ളതാണെങ്കിലും ഈ രണ്ട് അഭിപ്രായങ്ങളും ഒത്തുപോകില്ല എന്നത് ഏത് രാഷ്ട്രീയനിരീക്ഷകനും ബോധ്യമാകും. സിപിഐ എം, സിപിഐ എന്നീ പാര്‍ടികള്‍ അവയുടെ സംസ്ഥാന സമ്മേളനങ്ങളിലേക്കും കോണ്‍ഗ്രസിലേക്കും കടക്കുന്ന ഘട്ടത്തില്‍ ഇരു കക്ഷികള്‍ക്കുമിടയില്‍ ഭിന്നതയുണ്ടായിക്കാണണമെന്ന് ഇടതുപക്ഷവിരുദ്ധശക്തികളേ ആഗ്രഹിക്കൂ. ഇടതുപക്ഷ പാര്‍ടികള്‍ക്ക് ചേര്‍ന്നുനില്‍ക്കാവുന്ന കൂടുതല്‍ മേഖലകള്‍ കണ്ടെത്തുക എന്നതാണ് ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തിന്റെ ഇന്നത്തെ ആവശ്യകത എന്ന് തിരിച്ചറിയുന്നവരില്‍ ഭിന്നിപ്പിന്റെ സ്വരം വേദനയേ ഉളവാക്കൂ. ഏതായാലും, സിപിഐ എം കൂടുതല്‍ യോജിപ്പോടും കരുത്തോടുംകൂടി അതിഗംഭീരമായി അതിന്റെ സംസ്ഥാന സമ്മേളനത്തിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ത്തന്നെ അതിനെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങള്‍ ഉണ്ടായിക്കാണുന്നു എന്നത് യാഥാര്‍ഥ്യമാണ്. ഇടതുപക്ഷ ഐക്യം സുദൃഢമാകണമെന്ന് ആഗ്രഹിക്കുന്ന ആരും ഇതില്‍ സന്തോഷിക്കില്ല.
മാക്രി കരഞ്ഞതു കൊണ്ടാണ് അന്ന് മഴ പെയ്തത് എന്ന് വിശ്വസിക്കാനുള്ള പ്രഭാവർമ്മയെ പോലുള്ളവരുടെ അവകാശം ചന്ദ്രപ്പൻ ചോദ്യം ചെയ്തത് ശരിയായില്ല
മാക്രി കരയുക = സിപിഐയ്ക്ക് മുഖ്യമന്ത്രിപദം കിട്ടുക
മഴ പെയ്യുക = ഭൂപരിഷ്കരണം നടപ്പാവുക...
ഉപമ ശരിയാണ്. മാക്രി കരഞ്ഞതു കൊണ്ടുതന്നെയാണ് അന്ന് ഭൂപരിഷ്കരണം നടപ്പായത്...
Post a Comment