Saturday, January 28, 2012

ആള്‍ക്കൂട്ടത്തിലെ നക്ഷത്രജീവിതം

എറണാകുളം കാരിക്കാമുറി ക്രോസ് റോഡിലെ 'സന്ധ്യ'യില്‍ പതിവില്ലാത്തതിരക്ക്. ഗൃഹനാഥ രത്‌നമ്മ ചേച്ചി വിരുന്നുകാരെ സ്വീകരിച്ച് ഓടി നടക്കുന്നു. വീട്ടിലെ അകത്തളങ്ങളില്‍ പല ഗ്രൂപ്പുകളായി അതിഥികള്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നു. ഗൃഹനാഥനെ മാത്രം കാണാനില്ല. അടുത്തൊരിടം വരെ പോയിരിക്കുന്നു. അച്ഛന്‍ ഇപ്പോള്‍ വരും മകള്‍ രേഖയുടെ മറുപടി. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന്റെ നിറവില്‍ നില്‍ക്കുമ്പോഴും ഓപ്പറേഷന്‍ കഴിഞ്ഞ് ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന കൊച്ചുമകന് വേദനയുണ്ടെന്നറിഞ്ഞ് മുത്തച്ഛന്റെ സ്‌നേഹവായ്‌പോടെ ഓടി പോയതാണ് സാനുമാഷ്.

അവാര്‍ഡ് വിവരമറിഞ്ഞപ്പോള്‍ മുതല്‍ നിലക്കാത്ത സന്ദര്‍ശക പ്രവാഹം, ഫോണ്‍കോളുകള്‍. സ്‌നേഹത്തിന്റെ മധുരവും പൂക്കുടകളുമേന്തിയെത്തുന്ന പ്രിയപ്പെട്ട ശിഷ്യര്‍, പരിചയക്കാര്‍ എല്ലാവരെയും സൗമ്യമായ പുഞ്ചിരിയോടെ ക്ഷീണമറിയിക്കാതെ സ്വീകരിക്കുന്ന മാഷ്.

അവാര്‍ഡുകളേക്കാള്‍ തന്റെ ഉള്ളം നിറക്കുന്നത് ഈ സ്‌നേഹവായ്പുകളാണെന്ന് നിറഞ്ഞ മനസോടെ മാഷ് വ്യക്തമാക്കുന്നു. അവാര്‍ഡ് തനിക്ക് കൂടുതല്‍ ഉത്തരവാദിത്വമാണ് ഉണ്ടാക്കുന്നതെന്ന് വിനയത്തിന്റെ ഭാഷയില്‍ മാഷ് പറയുന്നു. മലയാളത്തില്‍ ജീവിച്ച് വിശ്വത്തോളം വളര്‍ന്ന സാനുമാഷിന്റെ ബഷീര്‍. ഏകാന്തവീഥിയിലെ അവധൂതന്‍ ഇതിനകം തന്നെ വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചതിലൂടെ ഈ കൃതിക്ക് വേണ്ടി മാഷ് നടത്തിയ സാധനയ്ക്ക് പൂര്‍ണ്ണത കൈവരുന്നു.

ബഷീര്‍:ഏകാന്തവീഥിയിലെ അവധൂതന്‍?

ബഷീറിനെ വളരെയടുത്തു നിന്ന് കണ്ടറിയാനുള്ള ഭാഗ്യമുണ്ടായിരുന്നു. അദ്ദേഹത്തെ കുറിച്ച് എത്രയേറെ കൃതികളാണ് രചിക്കപ്പെട്ടിട്ടുള്ളതെന്ന് കൃത്യമായി പറയാനാവില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ജീവചരിത്ര രചനയെന്ന ചിന്ത മനസില്‍ വന്നപ്പോള്‍ തന്നെ അതൊരു പൂര്‍ണ്ണ, സമഗ്ര, വസ്തുനിഷ്ഠ കൃതിയാകണമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. അതിനായി ബഷീറിനെ അടുത്ത് പരിചയമുള്ളവരെയെല്ലാം കണ്ട് സംസാരിച്ചു. വീടും ചുറ്റുപാടുകളുമെല്ലാം നടന്ന് കണ്ടു. പലപ്പോഴും ' ഒരു കല്പിത കഥാപാത്രത്തെ പോലെ ജീവിച്ച ബഷീറിനെ'കുറിച്ച് അദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന കഥകളെ കുറിച്ച് ഒരളവോളമെങ്കിലും സത്യസന്ധത പുലര്‍ത്താന്‍ കഴിയണമെന്ന് ഉറപ്പിച്ചിരുന്നു. ' ബഷീറിന്റെ കഥകളില്‍ മാത്രമല്ല അദ്ദേഹം എഴുതുന്ന എന്തിലും ആ പേര് മുദ്രിതമായിരുന്നു. ആന്തരിക നേത്രങ്ങളാല്‍ അതു കാണാതിരിക്കാന്‍ ഒരാസ്വാദകനും സാധ്യമല്ല. അത്ര തെളിഞ്ഞ അന്തരീക്ഷത്തിലാണ് ആ പേര് ആ രചനകളിലെങ്ങും പതിഞ്ഞിരിക്കുന്നത് പേരടിക്കാതെ പ്രസിദ്ധം ചെയ്താല്‍ പോലും ഏതു വായനക്കാരനും തിരിച്ചറിയുന്നു ഇത് ബഷീറിന്റേതാണല്ലോ''.

കഥയിലും നോവലിലും ബഷീര്‍ അവതരിപ്പിക്കുന്ന മനുഷ്യരും പ്രകൃതിയും വിഭവങ്ങളും സംഭവങ്ങളും കണ്‍മുന്നില്‍ കാണുന്നതായി വായനക്കാര്‍ക്ക് അനുഭവപ്പെടുന്നു.

തലയെടുപ്പുള്ള ഒരുതലമുറ?

സാഹിത്യത്തിലെ തലയെടുപ്പുള്ള തലമുറ എം ടി പത്മനാഭന്‍, ഒ എന്‍ വി, അയ്യപ്പപ്പണിക്കര്‍, ഒ വി വിജയന്‍ അങ്ങനെ മലയാളത്തിന്റെ പ്രശസ്തി മറുനാടുകളിലെത്തിച്ചവരായിരുന്നു. പിന്നീടുള്ളവര്‍ക്ക് ഈ പ്രശസ്തി നിലനിര്‍ത്താനായോ എന്ന് സംശയമുണ്ട്.

സാഹിത്യചര്‍ച്ചകള്‍?

ചര്‍ച്ചകളോ ക്രിയാത്മക സംവാദങ്ങളോ സാഹിത്യത്തില്‍ നിന്ന് പൂര്‍ണ്ണമായും ഇല്ലാതായി കഴിഞ്ഞു. ദൈനംദിന സംഭവ വികാസങ്ങളുടെ പേരിലുള്ള ചര്‍ച്ചകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഗഹനമായ വായനയോ പഠനമോ നടക്കാത്തതാകാം മികച്ച സംവാദങ്ങള്‍ ഇല്ലാതായതിന് പിന്നില്‍.

അധ്യാപക വിദ്യാര്‍ഥിബന്ധം?

സാഹിത്യചര്‍ച്ചകളിലും മേഖലകളിലും സജീവമായുണ്ടായിരുന്ന പലരും അധ്യാപകരായിരുന്നു. അധ്യാപക-വിദ്യാര്‍ഥിതലം ഊഷ്മളവും അതോടൊപ്പം ചിന്തകള്‍ക്ക് വഴിയൊരുക്കുന്നത്ര സംവേദന ക്ഷമവുമായിരുന്നു. ഇന്ന് അധ്യാപക വിദ്യാര്‍ഥി ബന്ധത്തിലും കാഴ്ചപാടുകളിലും ഒരുപാട് മാറ്റങ്ങള്‍ വന്നിരിക്കുന്നു.

ഏകാകി-ബഷീറിനെ പോലെ?

എന്നും ആള്‍ കൂട്ടത്തിന് നടുവിലായിരുന്നു ബഷീര്‍. സ്‌നേഹിതരും ആസ്വാദകരും സ്വന്തം കഥാപാത്രങ്ങള്‍ തന്നെയും ബഷീറിനൊപ്പം എന്നുമുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഒറ്റപ്പെട്ട ഏകാകിയായ ബഷീര്‍- അദ്ദേഹത്തെ കുറിച്ചുള്ള ചിന്തകള്‍ക്കിടയിലെപ്പോഴെ എനിക്ക് ഒരു ഇല്ല്യൂഷന്‍ പോലെ ആ തിരിച്ചറിവുണ്ടാവുകയായിരുന്നു. പലപ്പോഴും ഞാനും അങ്ങനെയാണ്. ഭാര്യയും മക്കളും ശിഷ്യരുമൊക്കെയുണ്ടെങ്കിലും ഉള്ളിന്റെയുള്ളില്‍ അനുഭവിക്കുന്ന ഒറ്റപ്പെടല്‍ അതെനിക്ക് തിരിച്ചറിയാനാവുന്നുണ്ട്. എന്റെ ചിന്തകളും എഴുത്തും എല്ലാം എന്റേതുമാത്രമാണ്.

പുതിയ കൃതി?

അയ്യപ്പ പണിക്കരെക്കുറിച്ചുള്ള രചനയുടെ പ്രാരംഭ ജോലികളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ഗഹനമായ പഠനം ആവശ്യമുള്ള കൃതിയാണിത്. അയ്യപ്പപണിക്കരുടെ കവിതകളിലെ ആഴവും പരപ്പും വ്യത്യസ്തയും പൂര്‍ണ്ണമായി ഉള്‍കൊണ്ടുകൊണ്ടുള്ള ബൃഹത് രചനയാണെന്നതു കൊണ്ടു തന്നെ കൂടുതല്‍ സമയവും ശ്രദ്ധയും ഇതിനായി ചെലവഴിക്കണം.

കൊച്ചിയിലെ ജീവിതം?

' ആലപ്പുഴയില്‍ ജനിച്ചു വളര്‍ന്നെങ്കിലും എറണാകുളത്തെ സായാഹ്നങ്ങളാണ് എന്നിലെ എഴുത്തുകാരനെയും ചിന്തകളെയും വളര്‍ത്തിയിത്. 46 വര്‍ഷമായി ' സന്ധ്യയില്‍' താമസം തുടങ്ങിയിട്ട്''. സന്ധ്യയിലെ എഴുത്തുമുറിയില്‍ ചിന്തകള്‍ക്ക് വ്യക്തത കൈവരുന്നു.

' മഹാരാജാസ് കോളജിലെ അധ്യാപക ജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ വ്യക്തികള്‍, ശിഷ്യര്‍ അങ്ങനെ എന്നെ രൂപപ്പെടുത്തിയതില്‍ എറണാകുളത്തെ ജീവിതം നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

എം കെ സാനുവെന്ന രാഷ്ട്രീയക്കാരന്‍?

എംഎല്‍എ എന്ന നിലയില്‍ കൊച്ചിയെ കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പ്രത്യേകിച്ച് നേതാക്കളില്‍ നിന്ന് അകന്ന് നില്‍ക്കുന്നതുകൊണ്ട് ഇപ്പോഴത്തെ രാഷ്ട്രീയ ട്രെന്‍ഡുകള്‍ വ്യക്തമല്ല. മുമ്പ് ഇസങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളാണെങ്കില്‍ ഇന്നത് വ്യക്തിപരമായ ഏറ്റുമുട്ടലുകളായി മാറിയെന്ന സംശയമുണ്ട്. അഴിമതിയും രാഷ്ട്രീയരംഗത്തെ അപചയവുമെല്ലാം ഇതിന്റെ പ്രതിഫലനം മാത്രമാണ്.

രാഷ്ട്രീയ, സാമൂഹ്യ,സാഹിത്യരംഗത്തെ അപചയം?

അപചയം ഒരു തലമുറയുടെയാകെ ചിന്തകളില്‍ വരുന്നതാണ്. എല്ലാ കാര്യങ്ങളിലും ഒരു ഉയര്‍ച്ചയും അതിനൊരു താഴ്ചയുമുണ്ട്. അപചയത്തിന്റെ ഫലം കണ്ടുവളരുന്ന അടുത്ത തലമുറ ഇതിനെതിരെ പ്രതികരിക്കും. അവരില്‍ നിന്ന് ഒരു പുതുനാമ്പ് പൊട്ടിവിടരും. പലയിടത്തും അത്തരത്തിലുള്ള നീക്കങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. ഭൂമിയുടെ തലമുറകളുടെ ചാക്രിക ചലനങ്ങള്‍ ഇത്തരത്തില്‍ തന്നെയാണുള്ളത്.

കൊടുങ്ങല്ലൂരിലോ മറ്റോ കുറെ യുവാക്കള്‍ ചേര്‍ന്ന് ' ഈ തന്തമാരെ ഞങ്ങള്‍ക്ക് വേണ്ട' എന്നൊരു മുദ്രാവാക്യമുയര്‍ത്തികൊണ്ടുവന്നിരുന്നു പക്ഷെ അത് ശക്തിപ്രാപിച്ചില്ല.ഒരിടത്ത് വിജയിച്ചില്ലെങ്കിലും ഇനിയും അപചയങ്ങള്‍ക്കെതിരെയുള്ള ശബ്ദങ്ങള്‍ ശക്തിപ്രാപിക്കും. അത് പുതുതലമറയ്ക്ക് വഴികാട്ടിയാകും. മാഷ് ശുഭാപ്തി വിശ്വാസത്തിലാണ്.

സാഹിത്യസദസിലേക്ക് തന്നെ ക്ഷണിക്കാനെത്തിയ സംസ്‌കൃത കോളജിലെ വേദാന്തധ്യാപകനോട് ' ഇടക്കൊന്നു വിളിക്കും' ചില സംശയങ്ങള്‍ തീര്‍ക്കാനുണ്ടെന്ന് പറയുന്ന മാഷ് 83-ാം വയസിലും തന്റെയുള്ളിന്റെ ഉള്ളിലെ വിദ്യാര്‍ഥിയെ സജീവമാക്കി നിര്‍ത്തുന്നു.

തിരക്കുകള്‍ മാഷുടെ കൂടെ എന്നുമുണ്ട്. പ്രസംഗം, അവതാരിക , ഇതെന്റെ പുതിയ പുസ്തകം മാഷൊന്ന് വായിക്കണമെന്ന് പറഞ്ഞെത്തുന്ന പുതുതലമുറക്കാര്‍. ഈ തിരക്കുകള്‍ മാഷിനെ ക്ഷീണിപ്പിക്കുന്നില്ല. തന്റെ പുതിയ രചനക്കുള്ള ചിന്തകള്‍ ഇതിനിടയിലെവിടെയോ നാമ്പെടുക്കുന്നുണ്ടാകാം.

*
കടപ്പാട്: ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കൊടുങ്ങല്ലൂരിലോ മറ്റോ കുറെ യുവാക്കള്‍ ചേര്‍ന്ന് ' ഈ തന്തമാരെ ഞങ്ങള്‍ക്ക് വേണ്ട' എന്നൊരു മുദ്രാവാക്യമുയര്‍ത്തികൊണ്ടുവന്നിരുന്നു പക്ഷെ അത് ശക്തിപ്രാപിച്ചില്ല.ഒരിടത്ത് വിജയിച്ചില്ലെങ്കിലും ഇനിയും അപചയങ്ങള്‍ക്കെതിരെയുള്ള ശബ്ദങ്ങള്‍ ശക്തിപ്രാപിക്കും. അത് പുതുതലമറയ്ക്ക് വഴികാട്ടിയാകും. മാഷ് ശുഭാപ്തി വിശ്വാസത്തിലാണ്.