Friday, January 27, 2012

ജനകീയമേള ഒളിമങ്ങാതിരിക്കട്ടെ

സര്‍ഗാത്മകതയുടെ ചക്രവാളം കൂടുതല്‍ വികസ്വരമാക്കിക്കൊണ്ടാണ് കേരളത്തിന്റെ കൗമാര കലോത്സവത്തിന് കഴിഞ്ഞ ദിവസം തൃശൂരില്‍ തിരശ്ശീല വീണത്. അസാധാരണത്വം ഒന്നും അവകാശപ്പെടാനില്ലെങ്കിലും കലയുടെയും പ്രതിഭയുടെയും മുകുളങ്ങള്‍ പൊട്ടിവിരിയുന്നത് നമ്മുടെ സ്കൂള്‍മുറ്റങ്ങളില്‍ത്തന്നെയെന്ന് 52-ാം സംസ്ഥാന സ്കൂള്‍ കലോത്സവം അടിവരയിട്ടു. തഴക്കം വന്ന കലാകാരന്മാരെപ്പോലും അസൂയപ്പെടുത്തുന്ന പ്രകടനങ്ങള്‍ ചില വേദികളിലുണ്ടായി എന്നത് അതിശയോക്തിയല്ല. എന്നാല്‍ , കലോത്സവത്തിന്റെ പാരമ്പര്യത്തിനുതന്നെ നാണക്കേടുണ്ടാക്കിയ വഴിപാട് മത്സരങ്ങളുമുണ്ടായി എന്ന് ഇതോടൊപ്പം ചേര്‍ത്തുപറയാതെ വയ്യ.

കലയുടെ വിശാലലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ട് പോകുന്നതിലും നിലനില്‍പ്പിനായി പാടുപെടുന്ന കലാരൂപങ്ങളെ സംരക്ഷിച്ചു നിര്‍ത്തുന്നതിലും സ്കൂള്‍ കലോത്സവത്തിനുള്ള പങ്ക് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതാണ്. ഈ വിശാല ലക്ഷ്യത്തിനപ്പുറം കിടമത്സരത്തിന്റെയും കുതികാല്‍വെട്ടിന്റെയും വേദിയായി സ്കൂള്‍ കലോത്സവവും അധഃപതിച്ചുപോയിരുന്ന കാലം അകലെയല്ല. അത്തരം തിന്മകളില്‍നിന്ന് കലോത്സവത്തെ വീണ്ടെടുത്ത് താരങ്ങളെ സൃഷ്ടിക്കുന്ന മാമാങ്കങ്ങള്‍ എന്നതിലുപരി കലയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കലോത്സവങ്ങള്‍ മാറി. അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കലോത്സവ സംഘാടനത്തിലും ചട്ടങ്ങളിലും ഏറെ തിരുത്തലുകള്‍ വരുത്തി. ആദ്യം ഗ്രേഡിങ് കൊണ്ടുവരികയും ക്രമേണ തിലക- പ്രതിഭാ പട്ടങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തു. പോയിന്റ് കൂട്ടാന്‍വേണ്ടി മാത്രമായി പ്രാവീണ്യമില്ലാത്ത ഇനങ്ങളില്‍ മത്സരിക്കുന്ന പ്രവണതയ്ക്ക് അറുതിയായി. കോഴ വിവാദങ്ങള്‍ക്കും ഇത് ശമനമുണ്ടാക്കി.

എന്നാല്‍ , ഈ ആശ്വാസത്തെ അട്ടിമറിക്കാനുള്ള സംഘടിത പ്രചാരണത്തിന് തൃശൂര്‍ സാക്ഷ്യംവഹിച്ചു. കലോത്സവത്തിലെ എല്ലാ അനാശാസ്യ പ്രവണതകള്‍ക്കുമെതിരായ ഉണര്‍ത്തുപാട്ടായിരുന്നു ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിന്റെ ഉദ്ഘാടന പ്രസംഗം. പ്രതിഭയും തിലകവും മാത്രമല്ല, വിജയവും പോയിന്റും ഗ്രേസ് മാര്‍ക്കും ഒന്നും കലാകാരനെ മോഹിപ്പിക്കരുതെന്ന് അദ്ദേഹം ഉപദേശിച്ചു. ആ വാക്കിന്റെ മുഴക്കം അവസാനിക്കുംമുമ്പ് അതേവേദിയില്‍ അപസ്വരമുയര്‍ന്നു. പ്രതിഭ-തിലകപട്ടങ്ങള്‍ തിരികെ കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രിതന്നെ പറഞ്ഞു.

അപ്പീലിന്റെ അഴിഞ്ഞാട്ടംതന്നെയായിരുന്നു ഇത്തവണ. ജില്ലാകലോത്സവങ്ങളില്‍ നീതിപൂര്‍വമായ വിധിനിര്‍ണയം നടന്നില്ലെന്ന ന്യായമായ സംശയം ഉയര്‍ന്നാല്‍മാത്രം അനുവദിക്കേണ്ട അപ്പീല്‍ 5000 രൂപയുണ്ടെങ്കില്‍ ആര്‍ക്കുമാകാമെന്ന നിലയിലേക്ക് അധഃപതിച്ചിരിക്കുന്നു. 762 അപ്പീലുകളിലൂടെ 3254 പേര്‍കൂടി മത്സരത്തിനെത്തിയപ്പോള്‍ മത്സരം പതിനൊന്നായിരം പേരുടേതായി. ചമയമിട്ട കുട്ടികള്‍ മണിക്കൂറുകളോളം കാത്തിരുന്നു തളര്‍ന്നതും വേദിയില്‍ വീണതുമെല്ലാം മേളയുടെ പ്രഭ കെടുത്തി. മത്സരങ്ങള്‍ പലതും പുലരുംവരെ നീണ്ടു. സമയക്രമം പാലിക്കാത്തതിനെതിരെ ഹൈക്കോടതി ഉയര്‍ത്തിയ നിശിത വിമര്‍ശത്തിന് തൊട്ടുപിന്നാലെയായിരുന്നു ഈ കോടതിയലക്ഷ്യം. എന്നാല്‍ , ഈ ദുഃസ്ഥിതിക്ക് വഴിവയ്ക്കുന്നതില്‍ കോടതികളുടെ പങ്കും ചെറുതല്ല. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും ഹൈക്കോടതിയും അനുവദിച്ചതിനു പുറമെ ഇക്കുറി ഉപഭോക്തൃകോടതിവരെ അപ്പീല്‍ അനുവദിച്ചിരിക്കുന്നു. ജില്ലയില്‍നിന്ന് ഒരു കുട്ടി എന്ന സങ്കല്‍പ്പം കാറ്റില്‍പറത്തി മിക്ക മത്സരങ്ങളിലും അപ്പീല്‍വഴി രണ്ടാമതൊരു മത്സരാര്‍ഥിയെ ഉറപ്പാക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരോ ഇനത്തിലും ജില്ലയ്ക്ക് പോയിന്റ് ലഭിക്കാനുള്ള സാധ്യത ഇരട്ടിയാക്കാനുള്ള തന്ത്രമായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍ , ജില്ലകളിലെ വിധിനിര്‍ണയം അന്യൂനമായിരുന്നില്ലെന്നു തെളിയിക്കുന്ന മിന്നുന്ന പ്രകടനങ്ങള്‍ നടത്തിയ ഒട്ടേറെ അപ്പീലുകാര്‍ ഓര്‍മിപ്പിക്കുന്നത് പൊളിച്ചെഴുത്തിന്റെ അനിവാര്യതയാണ്.

കോഴ ആരോപണം ഉയര്‍ന്നില്ലെങ്കിലും വിധികര്‍ത്താക്കള്‍ പാലിക്കേണ്ട കരുതലുകള്‍ വിട്ട് പെരുമാറിയ ചിലര്‍ മേളയുടെ അന്തസ്സ് കെടുത്തി. ആര്‍ഭാടങ്ങളും പണക്കൊഴുപ്പും വിട്ടൊഴിയുമെന്ന പ്രതീക്ഷ അസ്തമിക്കുംവിധമാണ് ചമയങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും ചെലവിലുണ്ടാകുന്ന വര്‍ധന. നാടന്‍ കലകളെ മത്സര ഇനങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന വാഗ്ദാനം സ്വാഗതാര്‍ഹമാണ്. കേരളനടനം ആണ്‍കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയതുപോലെ ലാസ്യനൃത്തത്തിന് ആണ്‍പങ്കാളിത്തം ലഭിക്കാന്‍ മോഹനനടനം ആരംഭിക്കണമെന്ന നിര്‍ദേശം ഈ രംഗത്തെ പ്രമുഖര്‍ ചര്‍ച്ചചെയ്യണം.

എല്ലാ ന്യൂനതകള്‍ക്കുമപ്പുറം വര്‍ഷംപിന്നിടുംതോറും കൂടുതല്‍ ജനകീയോത്സവമായി മാറുന്ന സ്കൂള്‍ കലോത്സവങ്ങള്‍ നല്ല നാളെയുടെ ഈടുവയ്പുകളാണ് കലാകേരളത്തിന് സമ്മാനിക്കുന്നതെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. സങ്കുചിത ചിന്തയുടെ തടവില്‍നിന്ന് പുറത്തുകടക്കാന്‍ ഇന്നത്തെ ഭരണാധികാരികള്‍ക്ക് സാധിച്ചാല്‍ ഈ വസന്തോത്സവം ഒളിമങ്ങാതിരിക്കും. ആറാം തവണയും കിരീടം ചൂടിയ കോഴിക്കോടിന്റെയും മേളയെ നെഞ്ചിലേറ്റി രണ്ടാം സ്ഥാനത്തെത്തിയ തൃശൂരിന്റെയും മൂന്നാം സ്ഥാനത്തേക്ക് കുതിച്ച മലപ്പുറത്തിന്റെയും ആഹ്ലാദം ഞങ്ങളും പങ്കുവയ്ക്കുന്നു. ഒപ്പം ആയിരക്കണക്കിനു മത്സരാര്‍ഥികളുടെയും സംഘടാകരുടെയും ആത്മാര്‍ഥതയ്ക്കും കഠിനാധ്വാനത്തിനും അഭിവാദ്യമര്‍പ്പിക്കുന്നു. വരുംകാലങ്ങളില്‍ ഈ മേള സമര്‍പ്പണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മാത്രമാകട്ടെ എന്ന് ആശംസിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം 26 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സര്‍ഗാത്മകതയുടെ ചക്രവാളം കൂടുതല്‍ വികസ്വരമാക്കിക്കൊണ്ടാണ് കേരളത്തിന്റെ കൗമാര കലോത്സവത്തിന് കഴിഞ്ഞ ദിവസം തൃശൂരില്‍ തിരശ്ശീല വീണത്. അസാധാരണത്വം ഒന്നും അവകാശപ്പെടാനില്ലെങ്കിലും കലയുടെയും പ്രതിഭയുടെയും മുകുളങ്ങള്‍ പൊട്ടിവിരിയുന്നത് നമ്മുടെ സ്കൂള്‍മുറ്റങ്ങളില്‍ത്തന്നെയെന്ന് 52-ാം സംസ്ഥാന സ്കൂള്‍ കലോത്സവം അടിവരയിട്ടു. തഴക്കം വന്ന കലാകാരന്മാരെപ്പോലും അസൂയപ്പെടുത്തുന്ന പ്രകടനങ്ങള്‍ ചില വേദികളിലുണ്ടായി എന്നത് അതിശയോക്തിയല്ല. എന്നാല്‍ , കലോത്സവത്തിന്റെ പാരമ്പര്യത്തിനുതന്നെ നാണക്കേടുണ്ടാക്കിയ വഴിപാട് മത്സരങ്ങളുമുണ്ടായി എന്ന് ഇതോടൊപ്പം ചേര്‍ത്തുപറയാതെ വയ്യ.