Saturday, January 14, 2012

മതനിന്ദാവാദത്തിന്റെ മനഃശാസ്ത്രം

പ്രിന്‍സിപ്പല്‍ : ഇതൊരു മുസ്ലിം മാനേജ്മെന്റ് സ്കൂളല്ലേ മാഷേ! ഇങ്ങനെയൊക്കെ ഇവിടത്തെ കുട്ടികളോട് സംസാരിക്കാന്‍ പാടുണ്ടോ? ഞാനാണ് കുടുങ്ങുന്നത്....!!

ഞാന്‍ : ഞാന്‍ കുട്ടികളോട് എന്താണ് തെറ്റായി സംസാരിച്ചത് സാര്‍ ?...

പ്രിന്‍സിപ്പല്‍ : തെറ്റോ ശരിയോ എന്ന പ്രശ്നമൊന്നുമല്ല മാഷേ! പ്രശ്നം എന്റെ നിലനില്പിന്റേതാണ്...

ഞാന്‍ : ഞാന്‍ സംസാരിച്ചതിന് സാറിന്റെ നിലനില്പ് എങ്ങനെയാണ് പ്രശ്നത്തിലാവുന്നത്?

പ്രിന്‍സിപ്പല്‍ : കുട്ടികളെ വഴിതെറ്റിക്കുന്ന രീതിയില്‍ സംസാരിക്കുന്ന ഒരാളെ സര്‍ഗ സംവാദത്തിന് സ്കൂളിലേക്ക് ക്ഷണിച്ചുവരുത്തി എന്ന കുറ്റമാവും എന്റെ പേരില്‍ വരിക..

ഞാന്‍ : അതുശരി...! ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകുമെന്ന് ചിന്തിക്കാന്‍പോലും കഴിഞ്ഞില്ല സാര്‍ ...! ക്ഷമിക്കണം... എന്റെ സംസാരത്തിലെ ഏതു ഭാഗമാണ് കുട്ടികളെ വഴിതെറ്റിക്കുന്നത്. പറയാന്‍ പാടില്ലാത്ത ഒന്നും പറഞ്ഞതായി എനിക്കു തോന്നുന്നില്ലല്ലോ...

പ്രിന്‍സിപ്പല്‍ : മാഷിന് തോന്നുന്നുണ്ടാവില്ല. എന്നാല്‍ എനിക്കു തോന്നി. മതനിന്ദയാണ് "മാഷ്" നടത്തിയത്.

ഞാന്‍ : മതനിന്ദയോ? സത്യമായും എനിക്കു മനസ്സിലാകുന്നില്ല.

പ്രിന്‍സിപ്പല്‍ : മാഷ് കുട്ടികളെ പാടിക്കേള്‍പ്പിച്ച ആ സിനിമാഗാനമില്ലേ?... അത് ഏറ്റവും വലിയൊരു മതനിന്ദയാണ്.

ഞാന്‍ : ഏത്? വയലാറിന്റെ സിനിമാഗാനമോ?...

പ്രിന്‍സിപ്പല്‍ : അതേ! അതുതന്നെ...

ദുഃഖവും രോഷവും സഹതാപവും ഞെട്ടലും ഒരേ അളവില്‍ എന്നിലുണര്‍ത്തിയ ഈ സംഭാഷണം അടുത്തകാലത്തു നടന്നതാണ്. എന്റെ പ്രദേശത്ത് ഏറെ അറിയപ്പെടുകയും വിദ്യാഭ്യാസനിലവാരത്തില്‍ പ്രാദേശികമായി ഏറ്റവും മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന ഒരു എയ്ഡഡ് ഹയര്‍സെക്കന്‍ഡറി വിദ്യാലയത്തിലെ പ്രിന്‍സിപ്പലും ഞാനും തമ്മില്‍ നടന്ന സംഭാഷണമാണിത്. ഉപയോഗിച്ച വാക്കുകളില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കാമെങ്കിലും ആശയത്തില്‍ മാറ്റങ്ങളേതുമില്ലാതെയാണ് ഈ സംഭാഷണഭാഗം ഇവിടെ ഉദ്ധരിച്ചിട്ടുള്ളത്. പ്രസ്തുത സ്കൂളിലെ വിദ്യാര്‍ഥികളുമായി ഞാന്‍ നടത്തിയ സര്‍ഗസംവാദമായിരുന്നു വിഷയം.

പരാമര്‍ശ വിഷയമായ സിനിമാഗാനം ഏതെന്നല്ലേ! അതാണ് ഏറെ രസകരം.. വര്‍ഷങ്ങള്‍ക്കുമുമ്പ് വയലാറിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത "അച്ഛനും ബാപ്പയും" എന്ന സിനിമയിലെ ഏറെ പ്രശസ്തമായ വരികള്‍ ...

മനുഷ്യന്‍ , മതങ്ങളെ സൃഷ്ടിച്ചു..
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു...
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കുവച്ചു... മനസ്സു പങ്കുവച്ചു...

ഈ വരികള്‍ സര്‍ഗസംവാദത്തിന്റെ ഭാഗമായി ഞാന്‍ പാടിക്കേള്‍പ്പിച്ചതും വരികളിലെ ആശയം സത്യമല്ലേ എന്നു ചോദിച്ചതുമാണത്രേ ഞാന്‍ നടത്തിയ മതനിന്ദ!!

എന്റെ ചോദ്യത്തിന് കുട്ടികള്‍ "അതേ" എന്ന് ഏകകണ്ഠമായി ഉത്തരം പറഞ്ഞതാവാം പ്രിന്‍സിപ്പലിനെ അങ്കലാപ്പിലാക്കിയതെന്ന് ഞാന്‍ ഊഹിക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വിവാദ അന്തരീക്ഷത്തില്‍ (സംവാദ അന്തരീക്ഷം തീരെ കുറവാണ്) ഏറെ വൈകാരികമായി ഉപയോഗിക്കപ്പെടുന്ന ഒരു പദമാണ് "മതനിന്ദ". ശ്രദ്ധേയമായ കാര്യം "ദൈവനിന്ദ" എന്ന വാക്ക് അധികമൊന്നും കേള്‍ക്കാനില്ല എന്നതാണ്. ദൈവം എന്ന വാക്കിന് ഒരു മതേതര പ്രതിച്ഛായയുള്ളതാവാം കാരണം. ഇവിടെയാണ് വയലാറിന്റെ വരികള്‍ ഏറെ പ്രസക്തമാകുന്നത്.

മനുഷ്യന്റെ സൃഷ്ടിയായ മതങ്ങള്‍ ഒരു ദൈവത്തെയല്ല, പല ദൈവങ്ങളെയാണ് സൃഷ്ടിച്ചത്. ഈ ദൈവങ്ങളുടെ പേരില്‍ പണ്ടുമുതലേ ചേരിതിരിഞ്ഞ് അവര്‍ മണ്ണും മനസ്സും പങ്കുവച്ചെടുത്തു. ഈ അനീതിയെ ചോദ്യം ചെയ്യാന്‍ തയാറാകുന്ന മനുഷ്യസ്നേഹികളെ അവര്‍ ഇപ്പോഴും "മതനിന്ദകര്‍" എന്ന് മുദ്രകുത്തിക്കൊണ്ടേയിരിക്കുന്നു. ആധുനിക മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സംഭാവന നല്കിയിട്ടുള്ള മഹാന്മാരായ ശാസ്ത്രജ്ഞന്മാരാണ് ഏറെയും മതനിന്ദാ ആരോപണത്തിന് വിധേയരായിത്തീര്‍ന്നിട്ടുള്ളത്. ആരോപണവിധേയരാവുക മാത്രമല്ല അപമാനിക്കലിനും ക്രൂരദണ്ഡനങ്ങള്‍ക്കും മരണത്തിനുവരെയും ഇരയായിത്തീര്‍ന്നിട്ടുണ്ട്. ഈ പാതകങ്ങളേറെയും ചെയ്തത് സംഘടിതമതങ്ങളുടെ പേരില്‍ മതപൗരോഹിത്യം മുന്‍നിന്നുകൊണ്ടാണ്. കൃത്യമായും സത്യസന്ധമായും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഈ ചരിത്രപാഠങ്ങളെയാണ്, പാഠപുസ്തകത്തിലെ ഏതാനും വരികളില്‍പ്പോലും രേഖപ്പെടുത്താന്‍ സമ്മതിക്കാതെ ഇപ്പോഴും മുള്‍ക്കിരീടം അണിയിച്ച് ചിലര്‍ ക്രൂശിക്കാന്‍ ശ്രമിക്കുന്നത്. പാഠപുസ്തകരചന നടത്തുന്ന മതവിശ്വാസികളും ദൈവവിശ്വാസികളുമായ അക്കാദമിക് പണ്ഡിതരും ഇപ്പോള്‍ "മതനിന്ദ"കരാണത്രേ!!

പഴയ ചില "മതനിന്ദകരുടെ" ചരിത്രം ചെറുതായൊന്ന് പരിശോധിക്കുന്നത് ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു.

1. നിക്കോളാസ് കോപ്പര്‍ നിക്കസ് (1478-1543).

പോളണ്ടിലെ ഒരു വൈദികനായിരുന്നു ഇദ്ദേഹം. "ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്" എന്ന പേരില്‍ അറിയപ്പെടുന്ന മഹാന്‍. സൗരയൂഥ സിദ്ധാന്തം ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. സൂര്യന്‍ നക്ഷത്രമാണെന്നും സൂര്യനു ചുറ്റും ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നു എന്നും ആദ്യമായി തെളിവുസഹിതം സിദ്ധാന്തിച്ചത് ഇദ്ദേഹമായിരുന്നു. 1543-ല്‍ "ആകാശഗോളങ്ങളുടെ പ്രദക്ഷിണത്തെപ്പറ്റി" എന്ന പുസ്തകം രചിച്ചു. മതകാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധം എന്ന പേരില്‍ നിരവധി മാനസിക പീഡനങ്ങള്‍ മതമേധാവികളില്‍നിന്ന് ഇദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടിവന്നു. മരണശേഷം 1616-ല്‍ കത്തോലിക്കാസഭ ഈ പുസ്തകത്തിന് നിരോധനം ഏര്‍പ്പെടുത്തി. പിന്നീട് കെപ്ലര്‍ ആണ് ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ പൂര്‍ത്തീകരിച്ചത്.

2. ബ്രൂണോ, ജോര്‍ദാനോ (1548-1600):

ഇദ്ദേഹം ഒരു ഇറ്റാലിയന്‍ "പാന്തിസ്റ്റ്" ആയിരുന്നു. "ദൈവം എല്ലാമാണ്, എല്ലാം ദൈവവുമാണ്" എന്ന സിദ്ധാന്തമുയര്‍ത്തിയ ചിന്തകനായിരുന്നു ഇദ്ദേഹം. തത്വചിന്തകന്‍ , കവി, പ്രപഞ്ച വിജ്ഞാനി, ഗണിതശാസ്ത്രജ്ഞന്‍ എന്നീ നിലകളിലെല്ലാം പേരെടുത്ത ബഹുമുഖ പ്രതിഭയായിരുന്നു. നാം അധിവസിക്കുന്ന ലോകത്തിന്റെ ബഹുലത, പ്രപഞ്ചത്തിന്റെ അനന്തത തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കോപ്പര്‍നിക്കസ് രൂപം നല്‍കിയ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ആഴത്തിലുള്ള പഠനം നടത്തി. ഇതിന്റെ വെളിച്ചത്തില്‍ മതവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ ചില ഗണിതസിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചു. മതനിന്ദയുടെ പേരില്‍ ചിതക്കുറ്റിയില്‍ കെട്ടിയിട്ട് ഇദ്ദേഹത്തെ മതമേധാവികള്‍ ചുട്ടുകൊന്നു. അശാസ്ത്രീയ മതചിന്തകള്‍ക്കെതിരെ ശാസ്ത്രവിജ്ഞാനം പ്രചരിപ്പിച്ചതിന്റെ പേരില്‍ ആദ്യ "രക്തസാക്ഷി"യായ മഹാന്‍ എന്ന നിലയില്‍ ബ്രൂണോ പ്രഖ്യാതനായിത്തീര്‍ന്നു.

3. ഗലീലിയോ ഗലീലി (1564-1642).

ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനും ദാര്‍ശനികനുമായിരുന്നു ഇദ്ദേഹം. ഭൂമി സ്വയം ചലിക്കുന്നതാണെന്ന് ഇദ്ദേഹം തെളിയിച്ചു. പെന്‍ഡുലത്തിന്റെ തത്വം കണ്ടുപിടിച്ചതും ഇദ്ദേഹമാണ്. ദൂരദര്‍ശിനി സ്വയം നിര്‍മിച്ച് അതിന്റെ സഹായത്താല്‍ വാനനിരീക്ഷണം നടത്തി. "ഡയലോഗ് ഓഫ് ടോളമിക് ആന്‍ഡ് കോപ്പര്‍നിക്കന്‍ സിസ്റ്റം" എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. ഗലീലിയോയുടെ കണ്ടുപിടുത്തങ്ങളും അതുമായി ബന്ധപ്പെട്ടു രചിച്ച പുസ്തകവും മതസിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. ഇത് മതമേധാവികളെ അസ്വസ്ഥരാക്കി. മതക്കോടതി ഗലീലിയോയെ വിസ്തരിച്ച് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു. തടങ്കലിലെ മാനസിക പീഡനങ്ങള്‍ താങ്ങാനാവാതെ രോഗബാധിതനായി അദ്ദേഹം മരിച്ചു. സയന്‍സിന്റെ മറ്റൊരു "രക്തസാക്ഷി"യായിത്തീര്‍ന്നു ഇദ്ദേഹം.

4. ചാള്‍സ് ഡാര്‍വിന്‍ (1809-1882).

ജീവപരിണാമസിദ്ധാന്തത്തിന് വ്യക്തമായൊരു അടിത്തറ സൃഷ്ടിച്ച ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം. വൈദിക വിദ്യാഭ്യാസത്തിനായി കേംബ്രിഡ്ജിലെ ക്രൈസ്റ്റ് കോളേജില്‍ ചേര്‍ന്ന് പഠനം പൂര്‍ത്തിയാക്കിയെങ്കിലും വൈദികവൃത്തിയില്‍ പ്രവേശിക്കാന്‍ ഇദ്ദേഹം തയാറായില്ല.1831 മുതല്‍ 1836 വരെ "ബീഗിള്‍" എന്ന നാവികക്കപ്പലില്‍ ലോകം ചുറ്റി. അമേരിക്കയിലെ ഗാലപ്പാഗോസ് ദ്വീപസമൂഹങ്ങളില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ നിര്‍ധാരണം ചെയ്ത് 1859-ല്‍ "ഒറിജിന്‍ ഓഫ് സ്പിഷീസ്" എന്ന പുസ്തകം രചിച്ചു. ഈ പുസ്തകം ആധുനിക ജീവപരിണാമത്തിന്റെ ആധികാരിക രചനയായിത്തീര്‍ന്നു. മതസിദ്ധാന്തങ്ങളുമായി പൊരുത്തപ്പെടാന്‍ തയാറാകാത്തതിന്റെ പേരില്‍ ശക്തമായ "മതനിന്ദാ" ആരോപണത്തിന് ഇദ്ദേഹവും വിധേയനാകേണ്ടിവന്നു.

5. ആല്‍ബര്‍ട്ട് ഐൻ‌സ്റ്റൈന്‍ (1879-1955).

ജര്‍മന്‍ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം. 1905ല്‍ ഫോട്ടോ ഇലക്ട്രിക് എഫക്ട്, ബ്രൗണിയന്‍ ചലനം, ആപേക്ഷികതാ സിദ്ധാന്തം എന്നീ വിഷയങ്ങളെ ആധാരമാക്കി മൂന്നു പ്രബന്ധങ്ങള്‍ രചിച്ചു. ദ്രവ്യത്തെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയുകയില്ല എന്ന ധാരണ ഇദ്ദേഹം തിരുത്തിക്കുറിച്ചു. പ്രപഞ്ചവുമായി ബന്ധപ്പെടുത്തിയുള്ള മതസിദ്ധാന്തങ്ങള്‍ക്ക് തികച്ചും വിരുദ്ധമായിരുന്നു ഇദ്ദേഹത്തിന്റെ ശാസ്ത്രീയ സിദ്ധാന്തങ്ങളും. 1921-ല്‍ നോബല്‍ പ്രൈസ് ലഭിച്ചു. തങ്ങളുടെ മതസിദ്ധാന്തങ്ങളെ കാറ്റില്‍ പറത്തി ശാസ്ത്രം പുരോഗമിക്കുകയാണെന്നും മുന്‍ ശാസ്ത്രജ്ഞന്മാരോടു കാട്ടിയ ക്രൂരതകള്‍ വലിയ എതിര്‍പ്പിനു കാരണമായിട്ടുണ്ട് എന്നും തിരിച്ചറിഞ്ഞതിനാലാവാം മുന്‍ ശാസ്ത്രജ്ഞന്മാര്‍ നേരിട്ടത്ര ശക്തമായ "മതനിന്ദാ" ആരോപണം ഐൻ‌സ്റ്റൈനെതിരെ ഉണ്ടായില്ല.

ഇതില്‍ നിന്നെല്ലാം വെളിപ്പെടുന്ന ചില അപ്രിയസത്യങ്ങളെ കണ്ടില്ലെന്ന് ചിലര്‍ നടിച്ചേക്കാം. പക്ഷേ അനുക്ഷണ വികസ്വരമാകുന്ന പ്രപഞ്ചവിജ്ഞാനത്തിനും മനുഷ്യന്റെ ഭൗതിക പുരോഗതിക്കും അടിത്തറ പാകിയത് മനുഷ്യന്റെ സാഹസികതയും ശാസ്ത്രാന്വേഷണത്വരയും തന്നെയാണെന്ന കാര്യം ആര്‍ക്കും നിഷേധിക്കാനാവില്ല. മതസിദ്ധാന്തങ്ങളുടെ ഭാവനാലോകത്തെ ചക്രവര്‍ത്തിമാരാണോ അവരുടെ ദണ്ഡനങ്ങള്‍ക്ക് വിധേയരായി "മതനിന്ദാ"പ്പട്ടം ഏറ്റുവാങ്ങേണ്ടിവന്ന മഹാന്മാരായ ശാസ്ത്രജ്ഞന്മാരാണോ മനുഷ്യസമൂഹത്തിന്റെ ഇതുവരെയുള്ള പുരോഗതിക്ക് ഏറെ സംഭാവന നല്‍കിയത് എന്ന ചോദ്യത്തില്‍നിന്ന് സമര്‍ഥമായി ഒഴിഞ്ഞുമാറുകയാണ് സമൂഹം. ഒരു മറുചോദ്യമുയര്‍ത്തി രക്ഷപ്പെട്ടു നില്‍ക്കുകയാണ് നാം. ചോദ്യമിതാണ്: എങ്കില്‍ എന്തുകൊണ്ട് മതങ്ങളുടെയും മതമേധാവികളുടെയും പ്രസക്തി ഇപ്പോഴും ലോകത്ത് ശക്തമായി നിലനില്‍ക്കുന്നു?

ഈ ചോദ്യത്തിന് ഉത്തരം പറയുംമുമ്പ് മറ്റു ചില കാര്യങ്ങള്‍ ആമുഖമായി സൂചിപ്പിക്കേണ്ടതുണ്ട്. വസ്തുനിഷ്ഠ പ്രപഞ്ചത്തെ ക്കുറിച്ചുള്ള മനുഷ്യന്റെ ആത്മനിഷ്ഠ അവബോധമാണ് "ദൈവം" എന്ന അവന്റെ പരികല്പനയുടെ അടിസ്ഥാനം. ആദിമ മനുഷ്യന്റെ അറിവില്ലായ്മയില്‍ പിറവികൊണ്ട ദൈവത്തിനും ആധുനിക മനുഷ്യന്റെ ആഗോള അവബോധത്തില്‍ ആത്മപരിണാമം സംഭവിച്ച ദൈവത്തിനും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. "ദൈവം" എന്ന വാക്കൊഴികെ അതിന്റെ പരികല്പനകളൊക്കെയും കാലാകാലമായി മാറിക്കൊണ്ടിരിക്കുകയുമാണ്. "ദൈവമാണ് സത്യം" എന്ന് ആദ്യകാലത്തു പറഞ്ഞിരുന്ന മഹാത്മാഗാന്ധി, നിരീശ്വരവാദിയായിരുന്ന രാമചന്ദ്രഗോറയുമായി നടത്തിയ നിരന്തരസംവാദത്തിനൊടുവില്‍ "സത്യമാണു ദൈവം" എന്നു തിരുത്തിപ്പറയാന്‍ തയാറായി. ദൈവത്തെക്കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന ആത്മനിഷ്ഠ അവബോധത്തിലുണ്ടായ മാറ്റത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. എന്തായാലും പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താവ്, ഉടയവന്‍ എന്നീ സ്ഥാനങ്ങളില്‍നിന്ന് ദൈവത്തെ നീക്കം ചെയ്യണം എന്ന് അഭിപ്രായപ്പെടുന്ന ശാസ്ത്രജ്ഞന്മാരുടെ എണ്ണം വര്‍ധിച്ചുവരിക തന്നെയാണ്.

കോപ്പര്‍നിക്കസ് മതവിശ്വാസത്തെ തള്ളിപ്പറയുകയോ ചാള്‍സ് ഡാര്‍വിന്‍ പ്രപഞ്ചസ്രഷ്ടാവിനെ നിഷേധിക്കുകയോ ചെയ്തിട്ടില്ല എങ്കിലും ഇവരെ മതനിന്ദാവാദമുയര്‍ത്തി മതപൗരോഹിത്യം നിരാകരിക്കുകയാണുണ്ടായത്. ഇവരുടെ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ മതസിദ്ധാന്തങ്ങള്‍ക്ക് എതിരായിരുന്നതും ദൈവാസ്തിത്വം ആ നിരീക്ഷണങ്ങളില്‍ പ്രതിഫലിക്കാതിരുന്നതാണ് കാരണം.

1996-ല്‍ ഫ്രീ തോട്ട് പീഡിയ നടത്തിയ സര്‍വേയില്‍ 60.7 ശതമാനം ശാസ്ത്രജ്ഞരും ദൈവവിശ്വാസികളോ മതവിശ്വാസികളോ അല്ല എന്ന് കണ്ടെത്തുകയുണ്ടായി. മഹാന്മാരായ ശാസ്ത്രജ്ഞരില്‍ 93 ശതമാനം പേരും ഈ വിഭാഗത്തില്‍ വരുന്നു എന്നാണ് ഫ്രീ തോട്ട് പീഡിയയുടെ മറ്റൊരു കണ്ടെത്തല്‍ . വിശ്വപ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് ഈ അടുത്തകാലത്തെഴുതിയ The Grand Design എന്ന കൃതിയില്‍ "പ്രപഞ്ചസൃഷ്ടി സംബന്ധിച്ച ശാസ്ത്രസിദ്ധാന്തങ്ങളില്‍ ദൈവത്തിന് ഒരു പങ്കുമില്ല" എന്ന് അസന്ദിഗ്ധമായി പറയുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ഗണ്യമായൊരു വിഭാഗം ജനങ്ങളുടെ മനസ്സില്‍ ഇപ്പോഴും സത്യവും സ്നേഹവും കരുണയും വഴിഞ്ഞൊഴുകുന്ന ഒരു നീതിമാനായി ദൈവം ജീവിക്കുക തന്നെയാണ്. സത്യവും സ്നേഹവും കരുണയുമൊക്കെയുള്ള സര്‍വശക്തനാണ് ദൈവമെങ്കില്‍ സ്ഥാപനവല്ക്കരിക്കപ്പെട്ട ഒരു മതസിദ്ധാന്തത്തിന്റെയും ഫ്രെയിമിനുള്ളില്‍ അദ്ദേഹത്തിന് ഒതുങ്ങിക്കൂടാനാവില്ല എന്ന് വാദിക്കുന്നവര്‍ ഏറെയുണ്ട്.

"ടൈം" മാസിക ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറു വ്യക്തികളില്‍ ഒരാളായി 2005-ല്‍ തെരഞ്ഞെടുത്ത അയാന്‍ ഹിര്‍സി അലി തന്റെ ജീവരക്തം തൊട്ടെഴുതിയ infidel (അവിശ്വാസി) എന്ന ആത്മകഥയില്‍ ഒരു ഭാഗത്ത് ഇങ്ങനെ ചോദിക്കുന്നു: "നീതിമാനായ അല്ലാഹുവിന് എങ്ങനെ സ്ത്രീകളെ ഇങ്ങനെ കാണാന്‍ കഴിയും? സ്ത്രീകളുടെ സാക്ഷ്യത്തിന് പുരുഷന്റേതിന്റെ പകുതി മൂല്യമേയുള്ളൂ എന്ന് മാ അലിം പറഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് എന്ന് ഞാന്‍ ചിന്തിച്ചു. ദൈവം ദയാനിധിയാണെങ്കില്‍ മനുഷ്യരെ എന്തിനു പൊതുസ്ഥലങ്ങളില്‍ തൂക്കിലേറ്റാന്‍ നിര്‍ദേശിക്കുന്നു. ദൈവം അനുകമ്പയുള്ളവനാണെങ്കില്‍ അവിശ്വാസികളെ എന്തിന് നരകത്തിലേക്കയക്കുന്നു? അല്ലാഹു സര്‍വശക്തനാണെങ്കില്‍ എന്തുകൊണ്ട് അവിശ്വാസികളെയും വിശ്വാസികളാക്കിക്കൂടാ? എന്തുകൊണ്ട് അവരെയും സ്വര്‍ഗത്തിലേക്ക് എത്തിച്ചുകൂടാ?" ദൈവം സര്‍വശക്തനും കരുണാമയനുമാണെന്ന് പാടിപ്പുകഴ്ത്തുകയും സങ്കുചിത താല്പര്യങ്ങള്‍ക്കുവേണ്ടി ഈ മഹനീയ സാന്നിധ്യത്തിന് കടന്നെത്താന്‍ കഴിയാത്തവിധം മതചട്ടക്കൂടുകള്‍ നിര്‍മിക്കുകയും ദയാരഹിതമായ പെരുമാറ്റ സംഹിതകള്‍ ദൈവവചനങ്ങളെന്നപേരില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന മതപൗരോഹിത്യത്തെയാണ് അയാന്‍ ഇവിടെ സ്വജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ചോദ്യം ചെയ്യുന്നത്. ഒരിക്കല്‍ ഒരു പച്ചപ്പാവവും പില്‍ക്കാലത്ത് പെണ്‍കരുത്തിന്റെ ലോകമാതൃകയുമായി മാറിയ അയാന്‍ എന്ന സോമാലിയക്കാരിയുടെ ഈ ആത്മകഥ ലോകത്തെ "ബെസ്റ്റ് സെല്ലറു"കളില്‍ ഒന്നായി മാറിയിരിക്കുന്നു എന്നത് മതനിന്ദാകോലാഹലമുയര്‍ത്തുന്നവര്‍ക്ക് ഒട്ടും ആശ്വാസത്തിന് വക നല്കുന്നില്ല.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന മതനിന്ദാകോലാഹലങ്ങള്‍ , മുമ്പ് നിലവിലുണ്ടായിരുന്ന തൊട്ടുകൂടായ്മ പോലെയും തീണ്ടിക്കൂടായ്മ പോലെയും അപകടകരമാംവിധം പ്രതിലോമസ്വഭാവം പ്രകടമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ മതനിന്ദാവാദത്തിന് എങ്ങനെയാണ് സമൂഹത്തില്‍ മേല്‍ക്കൈ നേടാനാവുന്നത് എന്ന് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. തികച്ചും സാധാരണക്കാരായ മതവിശ്വാസികളുടെ മനോഭാവം ഒരു മുഖ്യരാസത്വരകമായി ഇവിടെ പ്രതിപ്രവര്‍ത്തിക്കുന്നതു കാണാം. അയാന്‍ ഹിര്‍സി അലി സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇതു സംബന്ധിച്ചു വ്യക്തമാക്കുന്ന ഒരു നിരീക്ഷണം ഏറെ ശ്രദ്ധേയവും പഠനാര്‍ഹവുമാണ്.

"വിശുദ്ധമായി നിങ്ങള്‍ കണക്കാക്കുന്ന ഒരു കാര്യം യഥാര്‍ഥത്തില്‍ അങ്ങനെയല്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ , അത്തരമൊരു അഭിപ്രായത്തെക്കുറിച്ച് ചിന്തിക്കാനുള്ള പ്രാപ്തി നിങ്ങള്‍ക്കില്ലെങ്കില്‍, നിങ്ങളുടെ വികാരങ്ങള്‍ക്ക് മുറിവേല്‍ക്കുക സ്വാഭാവികം". ചിന്തിക്കാനുള്ള പ്രാപ്തി ലഭ്യമാവും വിധമുള്ള ആശയവിനിമയ സാധ്യത ഉണ്ടാകുമ്പോള്‍ മതവികാരങ്ങള്‍ക്ക് മുറിവേല്ക്കാനുള്ള സാധ്യതയും കുറഞ്ഞുവരും. ഇതു മനസ്സിലാക്കി "ചിന്തകളുടെ പാരസ്പര്യ"ത്തിനുപകരം "ചിന്തകളുടെ ഏകപക്ഷീയത" നിലനിര്‍ത്താനും വികസിപ്പിക്കാനുമാണ് എല്ലാ മതമേധാവികളും തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. "വാദിക്കാനും ജയിക്കാനുമല്ല; അറിയാനും അറിയിക്കാനുമാണ് " എന്ന ശ്രീനാരായണഗുരുവിന്റെ പ്രസ്താവനക്ക് പ്രസക്തിയുള്ള മണ്ണായിരുന്നു കേരളത്തിന്റേത്. നവോത്ഥാനകാലഘട്ടത്തിന്റെ ആ വളക്കൂറ് കേരളത്തിന്റെ സാംസ്കാരിക ഭൂമികയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്.

മതനിന്ദാകോലാഹലവുമായി ബന്ധപ്പെട്ട് എപ്പോഴുമുയര്‍ന്നുകേള്‍ക്കുന്ന ഭീഷണി നിറഞ്ഞ ഒരു പ്രതിരോധപ്രയോഗമാണ് മതവികാരം വ്രണപ്പെടുന്നു എന്നത്. യഥാര്‍ഥത്തില്‍ ഒരു സാധാരണ മതവിശ്വാസിയുടെ വികാരങ്ങള്‍ സ്വയം വ്രണപ്പെടുന്നതേയില്ല. ചില താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍വേണ്ടി "മതനിന്ദ" എന്ന ആരോപണമുയര്‍ത്തി അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് വിരലിലെണ്ണാവുന്ന ചില മതമേധാവികളോ തല്പരകക്ഷികളോ ആണ് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. മുസ്ലിം ജനസാമാന്യത്തിനിടയില്‍ തനിക്കു നഷ്ടപ്പെട്ടുപോയ സ്വാധീനം വീണ്ടെടുക്കാന്‍ ഒരു മുന്‍ കേന്ദ്രമന്ത്രി മേല്‍ക്കൊടുത്ത തന്ത്രം പ്രയോഗിച്ചതും അല്പം വൈകിയാണെങ്കിലും അപ്രതീക്ഷിതമായി ഈ തന്ത്രം പുറത്തറിഞ്ഞതും വളരെ കാലപ്പഴക്കമുള്ള കഥയൊന്നുമല്ല. കര്‍ണാടകത്തില്‍ ഏറെ പ്രചാരമുള്ള "ഡെക്കാന്‍ ഹെറാള്‍ഡ്" എന്ന ഇംഗ്ലീഷ് ദിനപത്രത്തിന്റെ സണ്‍ഡേ സപ്ലിമെന്റില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ചെറുകഥയായിരുന്നു മതനിന്ദാകോലാഹലത്തിന് വിഷയമായത്. അതും മലയാളത്തില്‍നിന്ന് പരിഭാഷ ചെയ്യപ്പെട്ടത്.

ലഹളയുടെ ഒന്നാം ഘട്ടത്തില്‍ ഡെക്കാന്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഓഫീസ് എറിഞ്ഞു തകര്‍ക്കപ്പെട്ടു. കര്‍ണാടക ഭരണസിരാകേന്ദ്രമായ ബംഗളൂരുവിലെ വിധാന്‍ സൗധിന്റെ അങ്കണം ദിവസങ്ങളോളം കലാപഭൂമിയായി മാറി. പതിനാറ് നിരക്ഷരരായ മുസ്ലിം സഹോദരന്മാര്‍ അവിടെ വെടിയേറ്റു മരിച്ചു. അവരാരുംതന്നെ ഇംഗ്ലീഷ് ഭാഷ അറിയുന്നവരോ "മതനിന്ദ" ആരോപിക്കപ്പെട്ട ചെറുകഥ വായിച്ചിരുന്നവരോ അല്ല എന്ന് പിന്നീടാണ് വെളിവാക്കപ്പെട്ടത്. ഗൃഹനാഥന്മാര്‍ നഷ്ടപ്പെട്ട 16 മുസ്ലിം കുടുംബങ്ങളിലെ ജീവിച്ചിരുന്ന പാവം മനുഷ്യര്‍, ഇതുകൊണ്ട് നേട്ടമുണ്ടായത് മുസ്ലിം നാമധാരിയായ ഒരു കുബുദ്ധിക്കു മാത്രമാണെന്ന് തിരിച്ചറിഞ്ഞതേയില്ല. "മണ്ടനായ മുഹമ്മദ്" എന്ന ചെറുകഥയെഴുതിയ അത്ര പ്രശസ്തനൊന്നുമല്ലായിരുന്ന മലയാളി എഴുത്തുകാരന്‍ തന്റെ കഥയില്‍ പ്രവാചകസാന്നിധ്യം താന്‍ സ്വപ്നം കാണുകപോലുമുണ്ടായിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി. ഏറ്റവും ശ്രദ്ധേയമായ കാര്യം ഇത് മലയാള ദിനപത്രത്തില്‍ മുമ്പ് പ്രസിദ്ധീകരിച്ചപ്പോള്‍ കേരളത്തിലെ ഒരു മുസ്ലിമിന്റെയും മതവികാരം വ്രണപ്പെട്ടില്ല എന്നതുതന്നെയാണ്.

"മതവികാരം വ്രണപ്പെടുത്തുക" എന്നതുപോലെതന്നെ എളുപ്പമാണ് അതിലൂടെ നേട്ടം കൊയ്യുക എന്നതും. ചിലരുടെ തലതിരിഞ്ഞ ഈ തിരിച്ചറിവാണ് "മതനിന്ദാ" വാദത്തിനു പിന്നിലെ പ്രേരകശക്തി.

കേരളത്തില്‍ അടുത്തകാലത്ത് ഉയര്‍ന്നുവന്ന "മതനിന്ദാ" വാദങ്ങളില്‍ പലതും തങ്ങള്‍തന്നെ ഉയര്‍ത്തിക്കൊണ്ടു വന്നതാണെന്ന കാര്യം ഇവിടത്തെ മതപൗരോഹിത്യം മറച്ചുവയ്ക്കുന്നതേയില്ല. അത്ര ആത്മവിശ്വാസമാണ് അവര്‍ക്ക് ഇക്കാര്യത്തില്‍ ഇപ്പോഴുമുള്ളത്. "വിശുദ്ധം" എന്നു പൊതുവെ വിശേഷിപ്പിക്കപ്പെട്ടു പോരുന്നതൊന്നും വിശകലന വിധേയമാക്കാനേ പാടില്ല എന്ന ഔദ്ധത്യമാണ് അവര്‍ക്കുള്ളത്. വിഭിന്ന ചേരികളില്‍ നില്‍ക്കുമ്പോഴും തങ്ങളുടെ കാല്‍ക്കീഴിലെ മണ്ണൊലിച്ചുപോകാതിരിക്കാന്‍ ഇവര്‍ പരസ്പരം കൈകോര്‍ത്ത് ശക്തിപകര്‍ന്നു നില്‍ക്കുന്ന കാഴ്ച ഇപ്പോള്‍ കേരളത്തില്‍ പുതുമയുള്ളതല്ല.

വ്യക്തിയെ അവന്റെ സ്വന്തം കഴിവില്‍ വിശ്വസിക്കാന്‍ പ്രാപ്തനാക്കുക, അവനില്‍ ആത്മവിശ്വാസം വളര്‍ത്താനുള്ള ഉപാധികള്‍ സൃഷ്ടിച്ചുകൊടുക്കുക എന്നീ കാര്യങ്ങളില്‍ ആധുനിക മനഃശാസ്ത്രം വിപ്ലവകരമായ നേട്ടം കൈവരിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ മനഃശാസ്ത്രസിദ്ധാന്തങ്ങളോട് ഏറെ പൊരുത്തപ്പെട്ടു നില്‍ക്കുന്നവയാണ് മതേതര ജനാധിപത്യ കാഴ്ചപ്പാടുകളും അതുമായി ബന്ധപ്പെട്ട ഭരണസംവിധാനങ്ങളും. എന്നാല്‍ അതിനു നേര്‍വിപരീത ദിശയിലാണ് "വിശുദ്ധ"മെന്ന് വ്യവഹരിക്കപ്പെട്ടുപോകുന്ന പല "മതകല്പന"കളും. "ആട്ടിന്‍പറ്റവും നല്ല ഇടയനും" എന്ന വിശുദ്ധ മതബിംബത്തിന്റെ കാര്യം തന്നെ എടുക്കാം. പുരോഹിതന്‍ എന്ന ഇടയന്റെ ഇച്ഛയ്ക്കനുസരിച്ച് ആട്ടിത്തെളിക്കാന്‍ കഴിയുന്ന ആട്ടിന്‍പറ്റത്തിന്റെ സ്ഥാനം മാത്രമാണ് ഇവിടെ ജനസാമാന്യത്തിന് നല്‍കിയിരിക്കുന്നത്. ഇത് തികച്ചും ജനാധിപത്യവിരുദ്ധമായ കാഴ്ചപ്പാടാണ്. മാത്രമല്ല, മതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന "മനുഷ്യപുത്ര" സങ്കല്പത്തിനുതന്നെ ഈ ബിംബകല്പന എതിരുമാണ്.

യേശുക്രിസ്തു ഒരു "മിത്തോ" ചരിത്രപുരുഷനോ എന്ന തര്‍ക്കവിഷയത്തെ നമുക്കതിന്റെ വഴിക്ക് വിടാം. ലോകത്ത് ഗണ്യമായൊരു വിഭാഗം ജനമനസ്സുകളില്‍ ഇപ്പോഴും ആരാധനാപാത്രമായി പുലര്‍ന്നുപോരുന്ന വിശുദ്ധരൂപനാണ് ക്രിസ്തു. എന്നാല്‍ ക്രിസ്ത്യന്‍ ജനസാമാന്യം എന്ന വലിയ ആട്ടിന്‍പറ്റത്തിന്റെ "നല്ല ഇടയനായി" ക്രിസ്തുവിനെ സങ്കല്പിക്കുന്നതുതന്നെ അദ്ദേഹത്തിന്റെ മഹത്വത്തെ ഇടിച്ചുതാഴ്ത്തലാവും. ഗോത്രകാല സംസ്കൃതിയില്‍ രൂപപ്പെട്ടതായിരുന്നെങ്കിലും സാമ്പത്തികസമത്വവും സമഭാവനയും ക്രിസ്തുവചനങ്ങളുടെ ഉള്‍ക്കരുത്തായിരുന്നു. ജനാധിപത്യത്തിന്റെ അരുണോദയം സ്വപ്നം കാണുന്നതിന്റെ മൂല്യബോധവും അവയിലുണ്ടായിരുന്നു. ക്രിസ്തുമതം പില്ക്കാലത്ത് സ്ഥാപനവല്ക്കരിക്കപ്പെട്ടപ്പോള്‍ ഉണ്ടായ മൂല്യനിരാസമായിരിക്കാം ഈ പ്രതിലോമ ബിംബകല്പനയുടെ അടിസ്ഥാനം എന്നു കരുതേണ്ടിയിരിക്കുന്നു.

1825 ജൂണ്‍ 25ന്. കാള്‍മാര്‍ക്സ് എഴുതിയ "പള്ളിവിരുദ്ധ പ്രസ്ഥാനം-ഹൈഡ്പാര്‍ക്കിലെ പ്രകടനം" എന്ന കുറിപ്പിലെ ഒരു ഭാഗത്ത് ഈ മൂല്യനിരാസം സംബന്ധിച്ച് ശ്രദ്ധേയമായ ഒരു പരാമര്‍ശമുണ്ട്: "പണ്ടത്തെ ക്രിസ്തുമത പുണ്യാളന്‍ സാധാരണ മനുഷ്യരുടെ ആത്മാവിന് പുണ്യം കിട്ടാന്‍വേണ്ടി തന്റെ ദേഹം നിഗ്രഹിക്കുകയാണുണ്ടായതെങ്കില്‍ അഭ്യസ്തവിദ്യനായ ആധുനിക പുണ്യാളന്‍ തന്റെ ആത്മാവിന്റെ പുണ്യത്തിനായി സാധാരണ മനുഷ്യരുടെ ദേഹം നിഗ്രഹിക്കുകയാണ് ചെയ്തത്..." 1883 ആഗസ്തില്‍ ഫ്രെഡറിക് എംഗല്‍സ് എഴുതിയ "വെളിപാട് പുസ്തകം" എന്ന ലേഖനത്തില്‍ ഏണസ്റ്റ് രെനാലിനെ വിമര്‍ശിക്കുമ്പോഴും അദ്ദേഹം പറഞ്ഞ ഒരു നല്ല കാര്യം ഉദ്ധരിച്ചു ചേര്‍ക്കുന്നുണ്ട്. അതിങ്ങനെയാണ്: "ആദ്യകാലത്തെ ക്രൈസ്തവയോഗങ്ങളെപ്പറ്റി ശരിയായൊരു ധാരണ വേണമെങ്കില്‍ ഇന്നത്തെ ഇടവകയുമായി അവയെ ഒരിക്കലും താരതമ്യപ്പെടുത്തരുത്. സാര്‍വദേശീയ പണിയാള സമാജത്തിന്റെ പ്രാദേശിക ശാഖകളുമായാണവയ്ക്ക് കൂടുതല്‍ സാമ്യം".

ഇതൊക്കെ കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ നമുക്ക് എത്തിച്ചേരാവുന്ന ശരിയായൊരു നിഗമനമുണ്ട്. ആദികാല ക്രൈസ്തവ സമൂഹത്തിന്റെ മൂല്യബോധം പിന്നീട് നഷ്ടപ്പെടുകയാണുണ്ടായതെന്ന്. ഇടയന്‍ പുരോഹിതനാണെന്നും മനുഷ്യവര്‍ഗം കുഞ്ഞാടുകളാണെന്നുമുള്ള ജനാധിപത്യവിരുദ്ധ പരികല്പന, "വിശുദ്ധം" എന്ന പേരില്‍ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെടുകയാണുണ്ടായത് എന്നതിന് മറ്റുചില തെളിവുകളും ഇപ്പോള്‍ ലഭ്യമാണ്.

പില്ക്കാല ക്രൈസ്തവസഭ ഒരിക്കലും വെളിച്ചം കാണാന്‍ അനുവദിക്കാതെ തമസ്കരിച്ചുകളഞ്ഞ ചില സുവിശേഷങ്ങള്‍ ഈ അടുത്തകാലത്തായി പുറത്തുവന്നിട്ടുണ്ട്. ക്രിസ്തുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെന്ന് ഇന്ന് അംഗീകരിച്ചുപോരുന്ന യാഥാസ്ഥിതിക വിശ്വാസങ്ങളെയെല്ലാം സമൂലം വിമര്‍ശിക്കുന്ന ആശയങ്ങളാണ് ഈ സുവിശേഷങ്ങളിലുള്ളത്. 52 രേഖകള്‍ അടങ്ങിയ 13 തുകല്‍ ഗ്രന്ഥങ്ങള്‍ ഈജിപ്തിലെ കെയ്റോയ്ക്ക് 300 മൈല്‍ തെക്ക് നൈല്‍ നദീതീരത്തുള്ള നാഗഹമ്മാദി എന്ന ഗ്രാമത്തില്‍ നിന്നാണ് യാദൃച്ഛികമായി കണ്ടെടുക്കപ്പെട്ടത്. യേശു തന്റെ ശിഷ്യന്മാര്‍ക്ക് രഹസ്യമായി നല്‍കിയിരുന്ന ഉപദേശങ്ങളായിരുന്നു ഈ ഗ്രന്ഥങ്ങളില്‍ ഏറെയും. ക്രിസ്തുവര്‍ഷാരംഭം മുതലേ വ്യാപകമായി പ്രചരിച്ചിരുന്ന ഇത്തരം ഗ്രന്ഥങ്ങളെ രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഓര്‍ത്തഡോക്സ് ക്രിസ്തുമതം "മതനിന്ദ"യായി മുദ്രകുത്തി. പ്രബലരായി മാറിയ ഓര്‍ത്തഡോക്സ് സഭയുടെ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ gnostic വിഭാഗം സന്യാസിമാരുടെ ആശയപ്രചരണത്തിന് കഴിഞ്ഞില്ല. ഈ ഗ്രന്ഥങ്ങള്‍ കണ്ടുകെട്ടി നശിപ്പിക്കപ്പെടുംമുമ്പ് അപ്പര്‍ ഈജിപ്തിലെ പച്ചേമിയസിന്റെ ആശ്രമത്തിലെ സന്യാസിമാര്‍ കുഴിച്ചുമൂടുകയാണത്രേ ഉണ്ടായത്. 1700 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ സുവിശേഷങ്ങള്‍ ഇപ്പോള്‍ വീണ്ടെടുക്കപ്പെട്ടിട്ടുള്ളത്.

നൂറ്റാണ്ടുകളായി നിശ്ശബ്ദരാക്കപ്പെട്ടിരുന്ന ഒരു വിഭാഗത്തിന് ശബ്ദം തിരിച്ചുകിട്ടിയതിനു തുല്യമായി നഷ്ടപ്പെട്ട ഈ സുവിശേഷങ്ങളുടെ വീണ്ടെടുക്കല്‍ . ഇവയില്‍ ഏറെ ചിന്തോദ്ദീപകമാണ് തോമസിന്റെ സുവിശേഷം. ആട്ടിന്‍പറ്റത്തെപ്പോലെ മനുഷ്യരെ തെളിച്ചുകൊണ്ടുപോകുന്ന ഒരു നല്ല ഇടയനായി യേശുവിനെ ഈ സുവിശേഷം വായിക്കുന്ന ആര്‍ക്കും കാണാന്‍ കഴിയില്ല. തോമസിന്റെ സുവിശേഷത്തില്‍നിന്ന് ഏതാനും വചനങ്ങള്‍ ഇവിടെ ഉദ്ധരിക്കാം.

"നിങ്ങള്‍ എപ്പോള്‍ നിങ്ങളെത്തന്നെ അറിയുന്നുവോ അന്ന് നിങ്ങള്‍ അറിയപ്പെടുന്നവരാവുകയും ജീവിക്കുന്ന പിതാവിന്റെ പുത്രന്മാര്‍ നിങ്ങള്‍ തന്നെയാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു" (വചനം-3).

"നിങ്ങള്‍ക്കുള്ളത് നിങ്ങള്‍ നിങ്ങളുടെ ഉള്ളില്‍നിന്ന് പുറത്തുകൊണ്ടുവന്നാല്‍ അത് നിങ്ങളെ രക്ഷിക്കും. (വചനം-70)

എന്റെ വായില്‍നിന്ന് കുടിക്കുന്നവന്‍ ആരോ അവന്‍ എന്നെപ്പോലെ ആയിരിക്കും. ഞാന്‍ സ്വയം അവനായിത്തീരും. മറഞ്ഞിരിക്കുന്ന അവന് സ്വയം വെളിപ്പെടുകയും ചെയ്യും. (വചനം- 108).

ഈ ക്രിസ്തുവചനങ്ങളിലൊക്കെ എല്ലാ മനുഷ്യരെയും തന്നെപ്പോലെ മാനസിക ഔന്നത്യം ഉള്ളവരാക്കി വളര്‍ത്താന്‍ വ്യഗ്രത കാട്ടുന്ന ഒരു ശ്രേഷ്ഠ ഗുരുവിന്റെ മഹനീയ മനോഭാവമാണ് പ്രകടമാകുന്നത്. വിശേഷബുദ്ധിയില്ലാത്ത ആട്ടിന്‍പറ്റത്തെപ്പോലെ മനുഷ്യസമൂഹത്തെ തരംതാഴ്ത്തിക്കാണുന്ന സൂചനകളേ ഇല്ല.

ക്ഷയോന്മുഖ ഏകാധിപത്യത്തിന്റെയും ശിഥില മതാധിപത്യത്തിന്റെയും കൊള്ളക്കൊടുക്കലുകളില്‍നിന്നാണ് ക്രൈസ്തവസഭ അതിന്റെ ശക്തി സംഭരിച്ചത് എന്ന് പഴയകാല ചരിത്രം പറയുന്നു. റോമിലെ ഏകാധിപതിയായിരുന്ന കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയെ ക്രൈസ്തവസഭാനേതൃത്വവും സഭാനേതൃത്വത്തെ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയും കലവറയില്ലാതെ സഹായിച്ചതിലൂടെ ഇരുകൂട്ടരും അപാരമായ ശക്തി സംഭരിക്കുകയായിരുന്നു. ക്ഷയോന്മുഖമായിരുന്ന റോമാസാമ്രാജ്യം ശക്തിപ്രാപിച്ച അതേഅളവില്‍ ശിഥിലമായിക്കൊണ്ടിരുന്ന സഭാനേതൃത്വവും ശക്തി പ്രാപിച്ചു. രണ്ടിനും ഏകാധിപത്യമുഖമാണുണ്ടായിരുന്നത്. ഈ മുഖഭാവത്തില്‍ ഒരു മാറ്റവും വരുത്താന്‍ ഈ ജനാധിപത്യയുഗത്തിലും സഭ തയ്യാറല്ല. "ഇടയനും ആട്ടിന്‍പറ്റവും" സഭയ്ക്ക് അനുയോജ്യമായ മതബിംബകല്പനയാകുന്നത് അതുകൊണ്ടാണ്.

പഴയകാല ചക്രവര്‍ത്തിമാരോടെന്നപോലെ പുതുകാലത്ത് വലതുപക്ഷ രാഷ്ട്രീയ നേതൃത്വത്തോട് സഭ കാട്ടുന്ന ആഭിമുഖ്യത്തിനു പിന്നില്‍ തികഞ്ഞ നിക്ഷിപ്ത താല്പര്യങ്ങള്‍ തന്നെയാണുള്ളത്. ഇതിന്റെ ഫലമായി വിശകലനവിധേയമാക്കാന്‍ അനുവാദമില്ലാത്ത "വിശുദ്ധ" കല്പനകള്‍ ഇടയലേഖനങ്ങളായി പുറത്തുവന്നുകൊണ്ടേയിരിക്കുന്നു. ആട്ടിന്‍പറ്റ മനോഭാവത്തിന്റെ അന്ധമായ അനുസരണാശീലത്തെ മുതലെടുക്കുന്ന മതപൗരോഹിത്യവും അതിനെ "വോട്ട്ബാങ്ക് " ആക്കിമാറ്റുന്ന വലതുപക്ഷ രാഷ്ട്രീയ കൗശലവും ഒത്തുചേര്‍ന്ന് മതേതര മാനവികതയ്ക്കുനേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണ് അടുത്തകാലത്ത് തുടരെത്തുടരെ ഉയര്‍ന്നുവരുന്ന "മതനിന്ദാ" കോലാഹലം. ഇതിനെ നമുക്ക് "ഗോത്രവര്‍ഗകാല വിശ്വാസ സംരക്ഷണത്തില്‍ അധിഷ്ഠിതമായ വിശുദ്ധയുക്തിരാഹിത്യം" എന്ന് വിശേഷിപ്പിക്കാം.

നവോത്ഥാന പരിരക്ഷയിലൂടെയും ജനാധിപത്യ ഭരണവികസന മാതൃകകളിലൂടെയും ഇത്രമേല്‍ പുരോഗതി നേടിയ കേരള സമൂഹത്തിലും മേല്‍പറഞ്ഞ തരം യുക്തിരാഹിത്യം എന്തുകൊണ്ട് മേല്‍ക്കൈ നേടുന്നു എന്ന അന്വേഷണം നമ്മെ കൊണ്ടെത്തിക്കുന്നത് സൂക്ഷ്മതലത്തില്‍തന്നെ വിശകലനവിധേയമാക്കേണ്ട ചില മനഃശാസ്ത്ര യാഥാര്‍ഥ്യങ്ങളിലേക്കാണ്. "ആശയങ്ങളുടെ പാരസ്പര്യം അസാധ്യമാകുന്നിടത്ത് യുക്തിവിചാരവും അസാധ്യമാകുന്നു" എന്നത് ഒരു മനഃശാസ്ത്ര നിരീക്ഷണമാണ്. ആശയങ്ങളുടെ പാരസ്പര്യം ഇല്ലാതാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം സംവാദസാധ്യതകളെ നിരാകരിക്കലാണ്. ഇപ്പോള്‍ കേരളത്തില്‍ ആശയരംഗത്ത് ഏറെയും നടക്കുന്നത് ഈ സംവാദസാധ്യതകളുടെ നിഷേധമാണ്. പകരം നടക്കുന്നത് അസഹിഷ്ണുതമുറ്റിയ വിവാദങ്ങളുടെ വിഴുപ്പലക്കലും. അത് പാഠപുസ്തകനിഷേധ പ്രസ്താവനകളാലും ഇടയലേഖന വിളംബരങ്ങളാലും വിശ്വാസസംരക്ഷണറാലികളായും ആശയങ്ങളുടെ പാരസ്പര്യത്തിനെതിരെ "മതനിന്ദാ"വാദത്തിന്റെ ഇരുമ്പുമറകള്‍ തീര്‍ക്കുന്നു. മുമ്പില്ലാത്തവിധം അസഹിഷ്ണുത മുറ്റിയ "മതസ്വത്വബോധ"ത്തിന്റെ യുക്തിരഹിത കാര്‍ക്കശ്യമായി അത് രൂപാന്തരപ്പെടുന്നു. "ക്രിസ്ത്യന്‍ കുട്ടികള്‍ ക്രിസ്ത്യന്‍ സ്കൂളുകളില്‍തന്നെ പഠിക്കണം" എന്ന വാദം നമ്മെ കൊണ്ടെത്തിക്കുക "പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉന്മൂലനം ചെയ്യുക" എന്ന ഭയാനകവും മനുഷ്യത്വരഹിതവുമായ ചിന്താധാരയിലേക്കായിരിക്കും.

ആശയങ്ങളുടെ പാരസ്പര്യമില്ലായ്മ സൃഷ്ടിക്കുന്ന മാനസിക അസന്തുലിതാവസ്ഥ മനുഷ്യമസ്തിഷ്കത്തിന്റെ ഒരു ഭാഗത്തെ മാത്രം ആവശ്യത്തിലധികം സജീവമാക്കുകയും ബൗദ്ധിക പ്രവര്‍ത്തനകേന്ദ്രമായ സെറിബ്രത്തിന്റെ (cerebrum) പ്രവര്‍ത്തനത്തെ അത് ബാധിക്കുകയും ചെയ്യുമെന്ന് മനഃശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ഇത്തരം സാഹചര്യങ്ങളില്‍ മാനസിക പ്രവര്‍ത്തനങ്ങള്‍ മസ്തിഷ്കത്തിന്റെ അടിത്തറയായ തലാമസില്‍ (thalamus) മാത്രം പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമായിത്തീരുന്നു. അതിന്റെ ഫലമായി യുക്തിയുടെയും ബുദ്ധിയുടെയും പ്രവര്‍ത്തനം മന്ദീഭവിക്കുകയും അതിവൈകാരികതയുടെ പ്രാഥമികതലം മാത്രം ഏറെ പ്രവര്‍ത്തന സജ്ജമാവുകയും ചെയ്യുന്നു. അമിതമായ മതാനുഭൂതിയും വിശ്വാസങ്ങളും ഉണര്‍ന്നു ശക്തമാകാന്‍ ഇതാണ് കാരണമെന്നാണ് മനഃശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണം.

മേല്‍കൊടുത്ത നിരീക്ഷണങ്ങള്‍ക്ക് അടിവരയിടുന്നതാണ് പ്രാക്തന ഗോത്രവര്‍ഗങ്ങളിലെ ചില ആദര്‍ശശാലികളായ മനുഷ്യസ്നേഹികളുടെ നിഷ്കളങ്ക മനസ്സുകളില്‍ രൂപപ്പെട്ടുവന്ന "അതീന്ദ്രിയ അനുഭൂതികള്‍". അവര്‍ ഏകാഗ്രതയോടെ മലമുകളിലും ഗുഹകളിലുമൊക്കെയിരുന്ന് ഏകാന്തധ്യാനം നടത്തിയതിന്റെ ഫലമാണ് അവര്‍ക്ക് ലഭിച്ച "അതീന്ദ്രിയബോധാനുഭവങ്ങള്‍". ആ ബോധാനുഭവങ്ങളാണ് അവരില്‍നിന്ന് "അരുളപ്പാടുകളായി" പുറത്തുവന്നത്. ആ അരുളപ്പാടുകളുടെ സമാഹാരമാണ് വിശുദ്ധ മതഗ്രന്ഥങ്ങള്‍. ഈ അരുളപ്പാടുകളെ മുന്‍നിര്‍ത്തി പില്‍ക്കാലത്ത് സ്ഥാപനവല്ക്കരിക്കപ്പെട്ട മതത്തിലെ പുരോഹിത നേതൃത്വം സ്വതാല്പര്യ സംരക്ഷണാര്‍ഥം ഈ മതഗ്രന്ഥങ്ങളില്‍ നിരവധി തിരിമറികളും കൂട്ടിച്ചേര്‍ക്കലുകളും വ്യാഖ്യാന വ്യതിചലനങ്ങളും തമസ്കരണങ്ങളും നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ മാറ്റിമറിക്കലുകള്‍ ഒഴിവാക്കിയാല്‍ മതഗ്രന്ഥങ്ങള്‍ പൊതുവെ നിഷ്കളങ്കങ്ങളും നിരുപദ്രവകരങ്ങളും പ്രാക്തന മനുഷ്യബോധത്തിന്റെ ഔന്നത്യം പ്രകടിപ്പിക്കുന്നവയുമാണെന്ന് പറയാം.

പൊതു മാനവികമൂല്യങ്ങളില്‍ അധിഷ്ഠിതമായ പുതുകാല ജനാധിപത്യ ബോധത്തെ സംബന്ധിച്ചിടത്തോളം ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത ചില നല്ല അരുളപ്പാടുകള്‍ ഈ മതഗ്രന്ഥങ്ങളില്‍ അവിടവിടെ ചിതറിക്കിടക്കുന്നുണ്ട്. എന്നാല്‍ കാലികപ്രസക്തി നഷ്ടപ്പെട്ടവയും അശാസ്ത്രീയവും ജനാധിപത്യബോധത്തിന് നിരക്കാത്തവയുമാണ് അവയില്‍ ഏറെയും എന്നു കാണാം. രചിക്കപ്പെട്ട കാലത്തിന്റെ പരിമിതി എന്നേ ഈ പോരായ്മകളെക്കുറിച്ച് വിലയിരുത്തേണ്ടതുള്ളൂ.
അപരിഷ്കൃത ഗോത്രസംസ്കൃതിയില്‍നിന്നും നാടുവാഴിത്തത്തില്‍നിന്നുമൊക്കെ മനുഷ്യവര്‍ഗം മോചനം നേടിയിട്ട് നാളേറെയായി. ജനാധിപത്യമെന്ന പൊതുവ്യവസ്ഥ നിലനില്ക്കുന്ന പുതിയ ഭൂമികയില്‍ ആധുനികമനുഷ്യര്‍ നേരിടുന്ന നീറുന്ന പ്രശ്നങ്ങള്‍ പഴയവയില്‍നിന്ന് എത്രയോ അര്‍ഥവ്യാപ്തിയേറിയവയാണ്. സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങള്‍ , ആഗോളമുതലാളിത്തത്തിന്റെ നെറികേടുകള്‍ , സാമ്രാജ്യത്വത്തിന്റെ അധിനിവേശ മോഹങ്ങള്‍ , മതതീവ്രവാദം തുടങ്ങിയ പ്രശ്നങ്ങളുടെ മധ്യത്തിലാണ് നല്ലൊരു വിഭാഗം ജനങ്ങളും. ഗോത്രവര്‍ഗ സംസ്കൃതി നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥയില്‍ രൂപപ്പെട്ട മതബോധനങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്നത്തെ മനുഷ്യന്റെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം എന്നു കരുതുന്നത് തികച്ചും തലതിരിഞ്ഞ കാഴ്ചപ്പാടു തന്നെയാണ്; അശാസ്ത്രീയവുമാണ്.

മതഗ്രന്ഥങ്ങളിലെ ആശയങ്ങളില്‍ കാലിക പ്രസക്തിയുള്ളവ, ഇല്ലാത്തവ എന്നിങ്ങനെയുള്ള വേര്‍തിരിച്ചെടുക്കലിന് പോലുമുള്ള കഴിവ് മതാനുയായികളില്‍ പലര്‍ക്കും പൊതുവെ നഷ്ടപ്പെട്ടിരിക്കുന്നു. ഇത്തരം "ബോധാവസ്ഥാവ്യതിയാനം" സാമാന്യജനങ്ങളില്‍ സൃഷ്ടിച്ചെടുക്കുന്നതിലും അത് നിലനിര്‍ത്തുന്നതിലും മതനേതൃത്വം ഒരു പരിധിവരെ വിജയിച്ചുനില്‍ക്കുന്നു എന്നുതന്നെ പറയാം. വലതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ ദൗര്‍ബല്യം കൗശലപൂര്‍വം ചൂഷണം ചെയ്തുകൊണ്ടാണ് ഇവര്‍ ഇത് സാധ്യമാക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ "കണ്ടില്ല" എന്ന നയവും ഇതിന് ശക്തി പകരുന്നുണ്ട്.
മനഃശാസ്ത്രജ്ഞന്മാര്‍ വ്യക്തിയെ സ്വന്തം കഴിവില്‍ വിശ്വസിക്കാന്‍ പഠിപ്പിക്കുമ്പോള്‍ ദൈവശാസ്ത്രം (Theology) സര്‍വശക്തനായ ദൈവത്തെ ആശ്രയിക്കാനാണ് പഠിപ്പിക്കുന്നത്. ദൈവത്തെ ആശ്രയിക്കുന്നതിനുപകരം സ്വാശ്രയത്വം പഠിപ്പിക്കുന്നത് "ദൈവനിന്ദ"യാണെന്ന് തിയോളജിസ്റ്റുകള്‍ പറയുന്നു. മാനുഷികം (humanistic ) ഫ്രോയിഡിയന്‍ (Freudian) പെരുമാറ്റരീതി (Behaviouristic) തുടങ്ങിയ മനഃശാസ്ത്രപഠനങ്ങളും ചികിത്സാരീതികളും മതേതരകാഴ്ചപ്പാടുകള്‍ക്ക് അനുയോജ്യമായവയാണെന്ന് ജോണ്‍സണ്‍ ഐരൂരിനെപ്പോലുള്ള മനഃശാസ്ത്രവിദഗ്ധന്മാര്‍ പറയുന്നു. ഈ രീതികളിലൊന്നിലും "ആത്മാവി"നെക്കുറിച്ച് പരാമര്‍ശമില്ലാത്തതിനാല്‍ ലോകത്തിലെ ഏറ്റവും വലിയ സംഘടിതമതങ്ങളായ ഇസ്ലാമും ക്രിസ്റ്റ്യാനിറ്റിയും വ്യക്ത്യതീത മനഃശാസ്ത്രം (Transpersonal psychology) എന്ന സിദ്ധാന്തത്തെ വ്യത്യസ്ത പാഠഭേദങ്ങളോടെ വികസിപ്പിച്ചെടുത്തിരിക്കുന്നു. മാത്രമല്ല ലഘുമനോരോഗങ്ങളെ അന്ധവിശ്വാസരഹിതമായ മനഃശാസ്ത്ര ചികിത്സാരീതികള്‍ ഉപയോഗപ്പെടുത്തി ഭേദമാക്കാമെന്നിരിക്കെ, അന്ധവിശ്വാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ താത്കാലിക രോഗശാന്തി മാത്രം ഉറപ്പുനല്കുന്ന സാങ്കല്പിക ഔഷധപ്രയോഗം (placebo effect) സാര്‍വത്രികമായി ഉപയോഗിക്കുന്ന സമീപനവും മതപൗരോഹിത്യം വ്യാപകമാക്കിക്കൊണ്ടിരിക്കുകയാണ്. ഹിന്ദുമതത്തില്‍ ഈ പ്രതിഭാസം "ആള്‍ദൈവ" രോഗശാന്തി രൂപത്തിലാണ് ഏറെയും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.സാമാന്യജനങ്ങളുടെ ബോധമണ്ഡലത്തെ അന്ധവിശ്വാസ ജടിലവും അനാരോഗ്യകരവുമായി നിലനിര്‍ത്താന്‍ ഈ അശാസ്ത്രീയരീതികള്‍ ഒട്ടും ചെറുതല്ലാത്ത പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.

വന്‍തോതില്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞ മതം, മനുഷ്യനന്മ ലക്ഷ്യമാക്കുന്ന മതേതരവും ശാസ്ത്രീയവുമായ ഇടപെടലുകളെ ചെറുക്കാന്‍ വ്യാപകമായി ഉപയോഗിച്ചു മൂര്‍ച്ച കൂട്ടിയെടുത്ത ഒരു വാക്കാണ് "മതനിന്ദ". മതനിന്ദാവാദത്തിനു മുന്നില്‍നിന്ന് സ്ഫുടം ചെയ്തെടുത്ത ഏത് ശാസ്ത്രീയ യുക്തിബോധവും വഴിമാറി പൊയ്ക്കൊള്ളണം എന്നായിട്ടുണ്ട് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.

1959ലെ കുപ്രസിദ്ധ വിമോചനസമരത്തിലൂടെ അന്നത്തെ കമ്യൂണിസ്റ്റ് ഭരണം അട്ടിമറിക്കപ്പെട്ടപ്പോള്‍ ഏറെ സന്തോഷിച്ചത് മതമേധാവികളാണ്. കാരണം കേരളത്തിന്റെ സമഗ്രമായ മതേതര പുരോഗതിയെ താത്കാലികമായെങ്കിലും അവര്‍ക്ക് തടയാനായല്ലോ; ശാസ്ത്രീയമായൊരു മതേതര വിദ്യാഭ്യാസപദ്ധതിയുടെ മുളകള്‍ നുള്ളിക്കളയാനായല്ലോ. വിമോചനസമരത്തിന്റെ കയ്പ്പേറിയ അനുഭവങ്ങള്‍ പകര്‍ന്ന ചെകിടിപ്പില്‍നിന്ന് പൂര്‍ണമായി മോചനം നേടാന്‍ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്ന ദുഃഖസത്യം അവശേഷിക്കുകയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും വിമോചനസമരം നയിച്ചവര്‍ക്ക് ശക്തമായ പിന്തുണ നല്കിയിരുന്ന പലരും തെറ്റേറ്റു പറഞ്ഞ് സമീപനങ്ങളില്‍ മാറ്റം വരുത്താന്‍ പില്‍ക്കാലത്ത് തയാറായിട്ടുണ്ട്. ഈ അടുത്തകാലത്ത് വിമോചനസമരത്തെ വീണ്ടും വാഴ്ത്തിപ്പാടാനും "രണ്ടാം വിമോചനസമരം" പ്രഖ്യാപിക്കാനും ചില മതമേധാവികള്‍ ശ്രമിച്ചപ്പോള്‍ അത് വിജയിക്കാതെ പോയത് മതേതരശക്തികള്‍ക്ക് കരുത്ത് പകരുന്നുണ്ട്.

വിമോചന സമരത്തിന്റെ ശക്തനായ വക്താവായിരുന്ന ലോനപ്പന്‍ നമ്പാടന്‍ തന്റെ ആത്മകഥയില്‍ ഇങ്ങനെ തുറന്നെഴുതുന്നു:
"അമേരിക്കന്‍ ചാരസംഘടനയായ സിഐഎയാണ് വിമോചനസമരത്തിനുവേണ്ടി ഫണ്ടൊഴുക്കിയത്. ഇക്കാര്യം 1957ല്‍ ഇന്ത്യന്‍ അംബാസഡറായിരുന്ന എന്‍സ്വര്‍ത്ത് ബംഗര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. "അപകടകരമായ പ്രദേശം" എന്ന ഗ്രന്ഥത്തില്‍ ഡാനിയല്‍ പാട്രിക് മൊയ്നിഹാന്‍ സിഐഎയും കേരളത്തിലെ വിമോചന സമരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. കേന്ദ്ര കൃഷിമന്ത്രിയായിരുന്ന എസ് കെ പാട്ടീല്‍ വഴിയാണ് വിമോചനസമരത്തിനുള്ള ഫണ്ട് വന്നത്. 1957-59 കാലത്ത് കേരള രാഷ്ട്രീയത്തില്‍ അമേരിക്കന്‍ എംബസി സജീവമായി ഇടപെട്ടിരുന്നു. വിവിധ പ്രദേശങ്ങളില്‍ രൂപപ്പെട്ട പ്രശ്നങ്ങളെ വിമോചനസമരായുധമായി ഉപയോഗിച്ചത് കത്തോലിക്കാസഭയായിരുന്നു.

1959 മെയ് 7ന് കത്തോലിക്കാബിഷപ്പുമാരുടെ ഇടയലേഖനം ഇതിന് തെളിവാണ്... തിരിഞ്ഞുനോക്കുമ്പോള്‍ വിമോചനസമരം വന്‍ ഗൂഢാലോചനയുടെ ഫലമായിരുന്നു എന്ന് എനിക്ക് ബോധ്യമുണ്ട്. വിമോചനസമരം പള്ളിയും പ്രമാണിമാരും അമേരിക്കന്‍ ചാരസംഘടനയും കോണ്‍ഗ്രസ് പാര്‍ടിയും ചേര്‍ന്നു നടപ്പാക്കിയ ഗൂഢാലോചനയായിരുന്നു. അത് അന്ന് എന്നെപ്പോലെയുള്ളവര്‍ തിരിച്ചറിഞ്ഞില്ല... കമ്യൂണിസ്റ്റുകാര്‍ സെല്‍ഭരണമാണ് നടത്തുന്നത് എന്നായിരുന്നു പ്രചരണം. സെല്‍ഭരണമെന്താണെന്ന് പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അറിയില്ലായിരുന്നു. അടുത്തകാലത്ത് മുന്‍ ചങ്ങനാശ്ശേരി ബിഷപ്പ് ജോസഫ് പവ്വത്തില്‍ വിമോചനസമരം പാര്‍ടി സെല്‍ഭരണത്തില്‍നിന്നുള്ള മോചനത്തിനായിരുന്നു എന്നെഴുതിയ ലേഖനം വായിച്ച് ചിരിക്കാനാണ് എനിക്ക് തോന്നിയത്". "സഞ്ചരിക്കുന്ന വിശ്വാസി" - ലോനപ്പന്‍ നമ്പാടന്‍ (പേജ് 22-23).
കൂട്ടം തെറ്റാതെ തങ്ങള്‍ ആട്ടിത്തെളിക്കപ്പെട്ടത് തെറ്റായ വഴിയിലൂടെയാണെന്നു നമ്പാടന്‍മാസ്റ്റര്‍ അല്പം വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു. തിരിച്ചറിവു പകര്‍ന്ന നീതിബോധവും ആത്മവിശ്വാസവുമാണ് "ഇടയന്മാരെ" ധിക്കരിക്കാനും ശരിയായ വഴി കണ്ടുപിടിക്കാനും നമ്പാടന്‍മാസ്റ്റര്‍ക്ക് തുണയായത്. "മതനിന്ദാകോലാഹലം" ഉയര്‍ത്തി തെറ്റായ വഴിയേ ആട്ടിത്തെളിക്കപ്പെടുന്നവര്‍ക്ക് നമ്പാടന്‍മാസ്റ്ററുടെ ആത്മകഥ നല്ലൊരു വഴികാട്ടിയാണ്. ചില അഭിവന്ദ്യന്മാര്‍ക്കെതിരെയുള്ള താക്കീതു കൂടിയാണ് ഈ തുറന്നെഴുത്ത്.

മതസ്രഷ്ടാക്കളെന്ന് കരുതപ്പെടുന്ന മനുഷ്യപുത്രന്റെയും മഹാപ്രവാചകന്റെയും മഹാഋഷിമാരുടെയും അതീന്ദ്രിയ ദര്‍ശനങ്ങളില്‍ നിഴലിക്കുന്ന ആത്മാര്‍ഥതയും മനുഷ്യസ്നേഹവും അതോടൊപ്പം തന്നെ അവയില്‍ പലതിന്റെയും അപ്രായോഗികതയും നിരര്‍ഥകതയും കൃത്യമായി തിരിച്ചറിഞ്ഞ് വിശകലനം ചെയ്ത യുഗപ്രഭാവനാണ് കാള്‍മാര്‍ക്സ്. പലതവണ ഉദ്ധരിക്കപ്പെട്ടതെങ്കിലും മതത്തെക്കുറിച്ചുള്ള മാര്‍ക്സിന്റെ ഏറ്റവും പ്രശസ്തമായ നിരീക്ഷണം നിരന്തരം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കേണ്ടുന്ന സാംസ്കാരിക പശ്ചാത്തലമാണ് കേരളത്തിലിപ്പോള്‍ നിലവിലുള്ളത് എന്നാണ് ഈ ലേഖകന്റെ പക്ഷം. മാര്‍ക്സിന്റെ മതവീക്ഷണത്തെ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ച് ഉദ്ധരിക്കട്ടെ. "മനുഷ്യനാണ് മതത്തെ സൃഷ്ടിച്ചത്; അല്ലാതെ മതം മനുഷ്യനെ സൃഷ്ടിക്കുകയല്ല ചെയ്തത്. ഇനിയും സ്വയം കണ്ടെത്താത്തവനോ കണ്ടെത്തിയിട്ട് വീണ്ടും സ്വയം നഷ്ടപ്പെട്ടവനോ ആയ മനുഷ്യന്റെ ആത്മബോധവും ആത്മസംവേദനവുമാണ് മതം... മാനവസത്തയുടെ അയഥാര്‍ഥമായ സാക്ഷാത്കരണമാണത്; കാരണം മാനവസത്തയ്ക്ക് ശരിയായൊരു യഥാര്‍ഥതയില്ലല്ലോ. അതുകൊണ്ട് മതത്തിനെതിരായ പോരാട്ടമെന്നത് മതമെന്ന ആത്മീയ പരിമളത്തോടു കൂടിയ ഈ ലോകത്തിനുകൂടി എതിരായുള്ള പരോക്ഷമായൊരു പോരാട്ടമാണ്. മതം മര്‍ദിത ജീവിയുടെ നിശ്വാസമാണ്; ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്; അതുപോലെതന്നെ ഉന്മേഷരഹിതമായ സാഹചര്യങ്ങളിലെ ലഹരിയുമാണത്. ജനങ്ങളെ മയക്കുന്ന അവീന്‍ (കറുപ്പ്) ആണത്... മനുഷ്യന്‍ തനിക്ക് ചുറ്റും കറങ്ങാത്തിടത്തോളം അവനുചുറ്റും കറങ്ങുന്ന ഭാവനാസൂര്യന്‍ മാത്രമാണ് മതം". ....കാള്‍മാര്‍ക്സ് - "ഹെഗലിന്റെ നിയമദര്‍ശനത്തെക്കുറിച്ചുള്ള നിരൂപണത്തിന് ഒരു സംഭാവന".

മേല്‍ ഉദ്ധരിച്ചതില്‍നിന്ന് "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന ഭാഗം മാത്രം അടര്‍ത്തിയെടുത്ത് കോലാഹലം സൃഷ്ടിക്കുന്നത് "മതനിന്ദാവാദം" പോലെ നിന്ദ്യമായൊരു പാതകമാണ് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്.


*****


എ കെ പീതാംബരന്‍, കടപ്പാട് : ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മനുഷ്യനാണ് മതത്തെ സൃഷ്ടിച്ചത്; അല്ലാതെ മതം മനുഷ്യനെ സൃഷ്ടിക്കുകയല്ല ചെയ്തത്. ഇനിയും സ്വയം കണ്ടെത്താത്തവനോ കണ്ടെത്തിയിട്ട് വീണ്ടും സ്വയം നഷ്ടപ്പെട്ടവനോ ആയ മനുഷ്യന്റെ ആത്മബോധവും ആത്മസംവേദനവുമാണ് മതം... മാനവസത്തയുടെ അയഥാര്‍ഥമായ സാക്ഷാത്കരണമാണത്; കാരണം മാനവസത്തയ്ക്ക് ശരിയായൊരു യഥാര്‍ഥതയില്ലല്ലോ. അതുകൊണ്ട് മതത്തിനെതിരായ പോരാട്ടമെന്നത് മതമെന്ന ആത്മീയ പരിമളത്തോടു കൂടിയ ഈ ലോകത്തിനുകൂടി എതിരായുള്ള പരോക്ഷമായൊരു പോരാട്ടമാണ്. മതം മര്‍ദിത ജീവിയുടെ നിശ്വാസമാണ്; ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്; അതുപോലെതന്നെ ഉന്മേഷരഹിതമായ സാഹചര്യങ്ങളിലെ ലഹരിയുമാണത്. ജനങ്ങളെ മയക്കുന്ന അവീന്‍ (കറുപ്പ്) ആണത്... മനുഷ്യന്‍ തനിക്ക് ചുറ്റും കറങ്ങാത്തിടത്തോളം അവനുചുറ്റും കറങ്ങുന്ന ഭാവനാസൂര്യന്‍ മാത്രമാണ് മതം". ....കാള്‍മാര്‍ക്സ് - "ഹെഗലിന്റെ നിയമദര്‍ശനത്തെക്കുറിച്ചുള്ള നിരൂപണത്തിന് ഒരു സംഭാവന".