Sunday, January 29, 2012

പകവിടാത്ത പാമ്പുകളും വര്‍ഗീയസംഘടനകളും

പാമ്പുകളെക്കുറിച്ച് ഒരു കെട്ടുകഥയുണ്ട്. പാമ്പുകള്‍ പക സൂക്ഷിക്കും എന്നാണ് ആ കഥ. പാമ്പിനെ നോവിച്ചാല്‍ ആ വിഷജീവി കടിക്കും. അത് പ്രകൃതിനിയമം. എന്നാല്‍ കെട്ടുകഥയനുസരിച്ച്, പാമ്പിനോട് മോശമായി പെരുമാറുന്ന മനുഷ്യനെ പാമ്പ് പിന്തുടരും. ഉടനെ കടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, പക മനസ്സില്‍ കരുതുന്ന പാമ്പ് എപ്പോഴെങ്കിലും ആളെ കണ്ടെത്തി വിഷപ്പല്ലമര്‍ത്തിക്കൊല്ലും. മൃതദേഹം കുഴിച്ചിടുകയാണെങ്കില്‍, രാത്രികാലങ്ങളിലും ആളില്ലാപ്പകലുകളിലും പാമ്പ് അവിടെ കാവല്‍കിടക്കും. മണ്ണടര്‍ത്തി ആള്‍ പുറത്തുവന്നാല്‍ പിന്നെയും കൊത്താനാണത്രെ ഇത്.

കൊമ്പേറി എന്നു പേരിട്ടു വിളിക്കുന്ന ഒരു പാമ്പുജാതിയുണ്ടത്രെ. കടിച്ചുകൊന്ന മനുഷ്യന്റെ മൃതശരീരം ദഹിപ്പിക്കുന്നതു കാണാനായി ഈ പാമ്പ് സമീപത്തുള്ള ഏതെങ്കിലും മരത്തിന്റെ കൊമ്പില്‍ കയറിയിരിക്കും. ചിതയിലെ അവസാന തീക്കനലും കെട്ടതിനു ശേഷം മാത്രമേ ഈ പാമ്പുകള്‍ മരക്കൊമ്പില്‍ നിന്നും ഇറങ്ങുകയുള്ളൂ. ചത്തടിഞ്ഞാലുമപ്പട്ടടച്ചാരവും പത്തിവിടര്‍ത്തി ചികഞ്ഞുകൊത്തുന്ന മിത്രസര്‍പ്പങ്ങളെക്കുറിച്ച് മഹാകവി ചങ്ങമ്പുഴ പാടുന്ന പിശാചില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതെല്ലാം ഭാവനകളാണെങ്കിലും പകവിടാത്ത പാമ്പുകള്‍ വര്‍ഗ്ഗീയവികാരമാണെന്ന് ഇന്ത്യയിലെ മതസംഘടനകള്‍ തെളിയിച്ചിരിക്കുന്നു.

ഇന്ത്യയുടെ പിക്കാസോ എന്നു വിശേഷിപ്പിക്കപ്പെട്ട എം എഫ് ഹുസൈന് രാജ്യം വിട്ടുപോകേണ്ടി വന്നത് ഹിന്ദുമതഭീകരരുടെ ഭീഷണി മൂലമാണ്. സരസ്വതീദേവിയെ തനിമയോടെ ആവിഷ്‌കരിച്ച് ശിവകാശികലണ്ടറുകളില്‍ നിന്ന് മോചിപ്പിച്ചു എന്നതായിരുന്നു കുറ്റം. അറേബ്യന്‍ രാജ്യത്ത് അഭയം തേടി പൗരത്വം സ്വീകരിച്ച എം എഫ് ഹുസൈന്‍ ഇംഗ്ലണ്ടില്‍ വച്ചു മരിച്ചു. അദ്ദേഹത്തിന്റെ ശവസംസ്‌കാരവും ഇംഗ്ലണ്ടിലായിരുന്നു.

എം എഫ് ഹുസൈന്റെ മരണശേഷവും പകവിടാത്ത ഹിന്ദുവര്‍ഗ്ഗീയ സംഘടനകള്‍ ആ അനശ്വര പ്രതിഭയ്‌ക്കെതിരേ കൊലശൂലമെടുത്തിരിക്കയാണ്. 2012 ജനുവരി രണ്ടാം വാരത്തില്‍ മുംബൈയിലെ കാലഗോഡില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടമ്പററി ഇന്ത്യന്‍ ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച എം എഫ് ഹുസൈന്‍ ചിത്രപ്രദര്‍ശനം അവര്‍ തടഞ്ഞു. ഹിന്ദു ജാഗരണ്‍ സമിതിയുടെ നേതൃത്വത്തില്‍ ഗാലറിയിലേക്ക് ഇരച്ചുകയറി തടയുകയായിരുന്നു.

എം എഫ് ഹുസൈന്റെ വിവാദചിത്രങ്ങളൊന്നുപോലും അവിടെ ഇല്ലായിരുന്നു. കാശ്മീരിന്റെ പ്രകൃതിഭംഗിയും ഇന്ത്യന്‍ ഗ്രാമീണതയുമായിരുന്നു പെയിന്റിംഗുകളുടെ പ്രമേയം. കല ആസ്വദിക്കാനുള്ള ക്ഷമയോ സൗന്ദര്യബോധമോ വര്‍ഗ്ഗീയവാദികള്‍ക്കില്ലല്ലൊ.

ഹിന്ദുവര്‍ഗ്ഗീയവാദികളില്‍ നിന്നും തീരെ താഴെയല്ല ഇന്ത്യയിലെ ഇസ്ലാം തീവ്രവാദികള്‍. ജയ്പൂരിലെ സാഹിത്യോത്സവത്തിനു ലോകസാഹിത്യകാരനായ സല്‍മാന്റുഷ്ദി വരുന്നത് തടയാന്‍ വേണ്ടിയാണ് അവര്‍ മുറവിളികൂട്ടിയത്. സല്‍മാന്‍ റുഷ്ദിയുടെ ജീവനുമേല്‍ ഇറാനിലെ പരേതനായ ഖുമേനി പുറപ്പെടുവിച്ച ഫത്‌വ നടപ്പിലാക്കിക്കിട്ടുവാനുള്ള രക്തദാഹമാണ് ഇന്ത്യയിലുള്ള ഇസ്ലാം തീവ്രവാദികള്‍ക്കുള്ളത്. അനിഷ്ടപരാമര്‍ശങ്ങളെ സമചിത്തതയോടെ കാണാന്‍ കഴിയാത്തവരുടെ വിശ്വാസപ്രമാണങ്ങള്‍ സ്‌നേഹത്തിന്റേതായിരിക്കില്ല.

മുംബൈ, ജയ്പൂര്‍ എന്നീ നഗരങ്ങള്‍ ഇന്ത്യയുടെ സാംസ്‌ക്കാരിക ഈടുവയ്പുകളാണ്. ചരിത്രവും സംസ്‌ക്കാരവും കൈകോര്‍ത്തു നില്‍ക്കുന്ന ഈ നഗരങ്ങളിലാണ് ഹിന്ദുമുസ്ലിം വര്‍ഗ്ഗീയവാദികള്‍ വികൃതമുഖം കാട്ടിനില്‍ക്കുന്നത്.

ഹിന്ദു-മുസ്ലിം വോട്ടുകളില്‍ കണ്ണുനട്ട ചില രാഷ്ട്രീയപാര്‍ട്ടികളും ഈ വര്‍ഗ്ഗീയസംഘടനകളുടെ മുദ്രാവാക്യങ്ങള്‍ പേറുന്നു എന്നതാണ് ഏറെ ഖേദകരം. മതങ്ങളുടെ അടിസ്ഥാനപ്രമാണം സ്‌നേഹമാണെന്ന് സ്വതന്ത്രചിന്തകര്‍ പോലും പറയുമ്പോള്‍, ഭീകരവാദത്തിന് രക്ഷാവലയം നല്‍കുന്ന മതങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സ്‌നേഹത്തിന് പുഷ്പസൗരഭ്യമല്ല, രക്തഗന്ധമാണുള്ളതെന്ന് സമ്മതിക്കേണ്ടി വരും. കൊമ്പേറിപ്പാമ്പുകള്‍ പാവം ജീവികളാകുന്നത് മതങ്ങള്‍ക്കു മുന്‍പിലാണ്.

*
കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം 29 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മതങ്ങളുടെ അടിസ്ഥാനപ്രമാണം സ്‌നേഹമാണെന്ന് സ്വതന്ത്രചിന്തകര്‍ പോലും പറയുമ്പോള്‍, ഭീകരവാദത്തിന് രക്ഷാവലയം നല്‍കുന്ന മതങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സ്‌നേഹത്തിന് പുഷ്പസൗരഭ്യമല്ല, രക്തഗന്ധമാണുള്ളതെന്ന് സമ്മതിക്കേണ്ടി വരും. കൊമ്പേറിപ്പാമ്പുകള്‍ പാവം ജീവികളാകുന്നത് മതങ്ങള്‍ക്കു മുന്‍പിലാണ്.