Sunday, January 29, 2012

അന്തിക്കാട്: ചെത്തുതൊഴിലാളി പ്രസ്ഥാനത്തിന്റെ അടിത്തറ

കേരളത്തിലെ ചെത്തുതൊഴിലാളി പ്രസ്ഥാനത്തിന് സുശക്തമായ ഒരു അടിത്തറ രൂപപ്പെട്ടുവന്നത് തൃശൂര്‍ ജില്ലയിലെ അന്തിക്കാട് നിന്നാണ്. കേരളത്തിലെ നിസ്വവര്‍ഗം ചോരകൊണ്ടെഴുതിയ സമരങ്ങളിലെ തിളക്കമാര്‍ന്ന അധ്യായങ്ങളിലൊന്നായി, ചരിത്രം അതിന്റെ സംഭരണപ്പുരയില്‍ അന്തിക്കാടിനെ കാത്തുവച്ചിട്ടുണ്ട്. മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ഒപ്പം ചുമലിലെ സാമ്രാജ്യത്വനുകമൊന്നിളക്കി മാറ്റാന്‍വേണ്ടി ഒന്നര പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ത്യാഗോജ്ജ്വലവും ധീരോദാത്തവുമായ പോരാട്ടമാണ് അന്തിക്കാട് ചെത്തുതൊഴിലാളികള്‍ നടത്തിയത്. അതിനവരെ പ്രാപ്തരാക്കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും.

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ അന്തിക്കാട് സമരം

നടുക്കുന്നതും കരളലിയിക്കുന്നതുമായിരുന്നു അന്തിക്കാട്ടെ ചെത്തുതൊഴിലാളികളുടെ സ്ഥിതി. സര്‍ക്കാര്‍ കണക്കുപ്രകാരം ഒരു പറ കള്ളിന് ചെത്തുതൊഴിലാളിക്ക് കിട്ടേണ്ടത് ഒമ്പത് അണയാണ് (പതിനാറണ ഒരു രൂപ). അന്തിക്കാട് കള്ളു കോണ്‍ട്രാക്ടര്‍ കൊടുക്കുന്നത് ആറണ. ഒരു പറയെന്നാല്‍ പത്തിടങ്ങഴിയാണ്. കോണ്‍ട്രാക്ടറുടെ പറയില്‍ പതിനൊന്നും പന്ത്രണ്ടും ഇടങ്ങഴികൊള്ളും. കള്ളിനു ചെലവുകുറഞ്ഞ കാലത്ത് വെള്ളംകൂട്ടി എന്നു പേരുപറഞ്ഞും ചെലവുകൂടിയ കാലത്ത് മുഴുവന്‍ അളന്നില്ലെന്ന കാരണം പറഞ്ഞും ക്രയം ചുമത്തും. ക്രയമെന്നാല്‍ കുറ്റം. എങ്ങനെയായാലും ക്രയം ചുമത്തിയേ കള്ളെടുക്കൂ. കള്ള് എത്തിക്കുന്നതിനു വൈകിയാലും വിലയില്ല. കള്ള് കോണ്‍ട്രാക്ടര്‍ എടുക്കും. ഓരോ തവണ ചെത്തുകിട്ടാനും സബ് കോണ്‍ട്രാക്ടര്‍മാര്‍ക്കും ഏജന്റന്‍മാര്‍ക്കും കൈക്കൂലി കൊടുക്കണം. കോഴിയും ചാരായവുമടങ്ങുന്ന വിരുന്നൊരുക്കണം. കുടയും വാസനസോപ്പും കൊടുക്കണം. തെങ്ങുകിട്ടാന്‍ ശുപാര്‍ശ പറയുന്ന നാട്ടുപ്രമാണിയെയും സല്‍ക്കരിക്കണം. കള്ള് അളന്നാല്‍ കിട്ടുന്നതില്‍നിന്ന് വേണം തെങ്ങിനു പാട്ടം കൊടുക്കാന്‍. തൊഴിലുപകരണങ്ങള്‍ തൊഴിലാളി വാങ്ങണം. എക്‌സൈസ് ഓഫീസര്‍ക്കും ശിപായിക്കും കൈക്കൂലിയും കാഴ്ചയും കൊടുക്കണം. തെങ്ങിന് നമ്പറടിക്കുന്നതിനും ടി ടി എഴുതുന്നതിനും നാലും രണ്ടും ആറണ കൊടുക്കണം. കേസില്‍ക്കുടുങ്ങിപ്പോയാല്‍ തല്ലുകൊള്ളാതെ രക്ഷപ്പെടണമെങ്കില്‍ കൈക്കൂലി കൊടുക്കാന്‍ അഞ്ച് രൂപയെങ്കിലും വേണം.

-ഇങ്ങനെ, കാട്ടാളനീതി കൊടികുത്തി വാഴുന്ന അന്തിക്കാട്ടേക്കാണ് ചെത്തുതൊഴിലാളികളെ സംഘടിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജോര്‍ജ് ചടയംമുറി എന്ന പാര്‍ട്ടി പ്രവര്‍ത്തകനെ നിയോഗിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിയമവിരുദ്ധസംഘടനയാണ്. കൊച്ചിയില്‍ കപ്പല്‍ക്കമ്പനിയിലെ കണക്കെഴുത്തുകാരനായിരുന്നു ജോര്‍ജ് ചടയംമുറി. അസാമാന്യമായ മനക്കരുത്ത്. തികഞ്ഞ സംഘടനാപാടവം.

ഒരാള്‍ക്കും സംശയത്തിനിടകൊടുക്കാതെ കരുതലോടെയുള്ള നീക്കങ്ങള്‍. നാളുകള്‍ നീണ്ട കഠിനപ്രയത്‌നം. 12 വില്ലേജുകളിലായി 44 പ്രാദേശിക കമ്മിറ്റികളുണ്ടാക്കി. 1942 ജനുവരി രണ്ടിന് അന്തിക്കാട് ആശുപത്രിക്ക് പടിഞ്ഞാറുള്ള വയലില്‍ ഏനാമ്മാവ്-പെരിങ്ങോട്ടുകര ചെത്തുതൊഴിലാളി യൂണിയന്റെ ഉദ്ഘാടന സമ്മേളനം നടന്നു. ചെങ്കൊടികളും ചേറ്റുകത്തികളുമായി അന്തിക്കാട് മേഖലയിലെ 1500 ലേറെ തൊഴിലാളികള്‍ ജാഥയില്‍ അണിനിരന്നു.

കള്ളുഷാപ്പ് കോണ്‍ട്രാക്ടര്‍മാരുടെയും എക്‌സൈസുകാരുടെയും ശ്വാസംനിലച്ചുപോയി! ആ ആഘാതത്തില്‍നിന്ന് ഉണരാന്‍ കഴിയുന്നതിനുമുമ്പ് അടുത്തത് സംഭവിച്ചു. ജനുവരി 15 ന് ഏനാമ്മാവ്-പെരിങ്ങോട്ടുകര ചെത്തുതൊഴിലാളി യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ചെത്തുതൊഴിലാളിയുടെ സമരമുറ, ചെത്തുന്ന കള്ള് ചരിച്ചുകളയലാണ്. സമരത്തെ സര്‍ക്കാരിനെതിരായ വെല്ലുവിളിയായി സര്‍ക്കാര്‍ കണ്ടു. എക്‌സൈസ് വരുമാനത്തെ ബാധിക്കുന്ന കാര്യമാണല്ലോ., നാലഞ്ച് തൊഴിലാളികളെ അടര്‍ത്തിയെടുത്ത് പൊലീസിന്റെയും എക്‌സൈസിന്റെയും ഗുണ്ടകളുടെയും അകമ്പടിയോടെ കള്ളുമാട്ടങ്ങള്‍ ചുമപ്പിച്ച് ഷാപ്പിലേയ്ക്ക് ആനയിച്ചുകൊണ്ടുവന്നു. ചെത്തുകാരും കുടുംബങ്ങളും ചേര്‍ന്ന് മാട്ടങ്ങള്‍ തല്ലിപ്പൊട്ടിച്ചു. പൊലീസുകാരും എക്‌സൈസുകാരും തിരിഞ്ഞോടി. ജനക്കൂട്ടത്തില്‍പ്പെട്ടുപോയ ഒരു എക്‌സൈസ് ഇന്‍സ്‌പെക്ടറും ശിപായിയും കൈകൂപ്പി മാപ്പു പറഞ്ഞ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കി ജയ് വിളിച്ചാണ് രക്ഷപ്പെട്ടത്. സര്‍ക്കാര്‍ ഞെട്ടി. കൊച്ചി സംസ്ഥാനത്ത് ഇങ്ങനെയൊന്ന് ആദ്യം. വൈകിയില്ല. വന്‍ പൊലീസ് സംഘം അന്തിക്കാട്ടേക്കു പാഞ്ഞു. അന്തിക്കാട് - പടിയം റോഡിലൂടെ പൊലീസ് മാര്‍ച്ച് ചെയ്തുവന്നു. ആശുപത്രിയോടടുത്തപ്പോള്‍ ഇടിമുഴക്കംപോലെ മുദ്രാവാക്യം വിളികള്‍. കൈയ്യില്‍ കിട്ടിയ ആയുധങ്ങളുമായി 1300ഓളം ചെത്തുതൊഴിലാളികള്‍ എതിരെ. പതറിപ്പോയ പൊലീസിന് പിടിച്ചുനില്‍ക്കാനായില്ല. അവര്‍ ആത്മരക്ഷാര്‍ഥം കണ്ടവഴികളിലൂടെ പാഞ്ഞു. ചുവന്ന നീളന്‍തൊപ്പികള്‍ പൂഴിമണ്ണില്‍ ചിതറിക്കിടന്നു.
പൊലീസിനെയും എക്‌സൈസിനെയും ആക്രമിച്ചു എന്ന പേരില്‍ 300 തൊഴിലാളികളെ പ്രതികളാക്കി കേസ് ചാര്‍ജ് ചെയ്തു. രണ്ടു വര്‍ഷം തുടര്‍ച്ചയായി കേസ് നടന്നു. 28 പേരെ ആറുമാസം കഠിന ചടവിനു ശിക്ഷിച്ചു.

ശ്രീനാരായണഗുരുവിന്റെ ചിത്രത്തിനൊപ്പം ചെത്തുതൊഴിലാളി കുടുംബങ്ങളില്‍ ലെനിനും സ്റ്റാലിനും സ്ഥാനംപിടിച്ചു. അന്തിക്കാട് മോസ്‌ക്കോമുക്കും ലെനിന്‍ കോര്‍ണറുമുണ്ടായി. സാമൂഹികമായ പ്രശ്‌നങ്ങളില്‍ യൂണിയന്‍ ഇടപെടാന്‍ തുടങ്ങി. തര്‍ക്കങ്ങളും കേസുകളും പറഞ്ഞുതീര്‍ത്തു. കമ്മ്യൂണിസ്റ്റുകള്‍ അന്തിക്കാട് സമാന്തരസര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നു എന്ന പ്രചാരണമായി. മര്‍ദ്ദകവീരന്മാരായ പാപ്പാളി, ഉമ്മര്‍ എന്നീ പൊലിസ് ഇന്‍സ്‌പെക്ടര്‍മാരെ അന്തിക്കാട്ടേക്കു നിയോഗിച്ചു. പൊലിസ് രണ്ടുദിവസം തുടര്‍ച്ചയായി റൂട്ട്മാര്‍ച്ച് നടത്തി. യൂണിയന്‍ ഓഫീസിലും, തൊഴിലാളിവീടുകളിലും പരിശോധനകളായി. കെ പി പ്രഭാകരന്‍, ടി എന്‍ നമ്പൂതിരി, ഗോപിമാസ്റ്റര്‍, കെ ഈശാന്‍, കെ ജി കേളപ്പന്‍, വി ജി മാധവന്‍, കെ ജി ദാമോദരന്‍, അയ്യപ്പക്കുട്ടി എന്നീ എട്ടുനേതാക്കളെ ആദ്യം അറസ്റ്റു ചെയ്തു. യൂണിയന്‍ ഓഫീസ് തുറക്കരുതെന്നായി അടുത്ത കല്പന. തുറക്കുമെന്ന് യൂണിയനും. യൂണിയന്‍ 'ഓഫീസ് തുറക്കല്‍' സമരമാരംഭിച്ചു. 40 ദിവസം സമരം തുടര്‍ന്നു. ഒടുവില്‍, 1943 ഡിസംബറില്‍ രാജ്യരക്ഷാചട്ടമനുസരിച്ച് ഏനാമ്മാവ്- പെരിങ്ങോട്ടുകര ചെത്തുതൊഴിലാളി യൂണിയനെ നിരോധിച്ചു. ഓഫീസ് കണ്ടുകെട്ടി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കര്‍ഷകസംഘവും മഹിളാസംഘവും ബാലസംഘവുമൊക്കെ നിരോധനത്തിന്റെ പരിധിയില്‍ വന്നു.

അന്തിക്കാട്ടെ നിരോധനത്തിനെതിരെ പ്രശസ്ത വ്യക്തികളും സംഘടനകളും രംഗത്തുവന്നു. പെരിങ്ങോട്ടുകരയില്‍ചേര്‍ന്ന കൊച്ചി എസ് എന്‍ ഡി പി വാര്‍ഷികസമ്മേളനം പ്രമേയം പാസ്സാക്കി. സംഘടനാ സെക്രട്ടറിയും പാര്‍ട്ടിചാര്‍ജ്ജുകാരനുമായി പി ഗംഗാധരന്‍ ഗ്രാമങ്ങളില്‍ കാല്‍നടജാഥ നടത്തി. രാജവാഴ്ചയ്ക്കും ദിവാന്‍ഭരണത്തിനുമെതിരെ കൊച്ചിയെ നിശ്ചലമാക്കിക്കൊണ്ട് ഹര്‍ത്താല്‍ ആചരിച്ചു. നിരോധനം പിന്‍വലിക്കാന്‍ 46 ജൂലൈയില്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

കള്ള് കോണ്‍ട്രാക്ടര്‍മാരും സര്‍ക്കാരും തുടരെ പ്രകോപനപരമായ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. തെങ്ങ് വീതിച്ചപ്പോള്‍ അംഗീകരിച്ച തീരുമാനത്തിനു വിരുദ്ധമായി, യൂണിയനെ തെങ്ങ് ഏല്‍പിക്കാന്‍ തയ്യാറായില്ല. അതിനെതിരെ സൂചനാപണിമുടക്ക് നടന്നു. ഷാപ്പുകള്‍ അടഞ്ഞു. അത് അനിശ്ചിതകാല പണിമുടക്കായി മാറി.

സ്ഥിതി പഴയതിലും രൂക്ഷമായി. വീടുവീടാന്തരം കയറിയുള്ള പരിശോധന ശക്തമായി. ചിലയിടങ്ങളില്‍ തൊഴിലാളികള്‍ പൊലിസും എക്‌സൈസുമായി ഏറ്റുമുട്ടി.

അന്തിക്കാട് ഫര്‍ക്കയിലെ 12 വില്ലേജുകളിലും 144 ഉം കര്‍ഫ്യൂവും പ്രഖ്യാപിക്കപ്പെട്ടു. ഗ്രാമങ്ങളില്‍ പട്ടാളക്യാമ്പുകള്‍ തുറന്നു. മെയ് 29 ന് കൊച്ചിയില്‍ എ ഐ ടി യു സി പൊതുപണിമുടക്ക് നടത്തി. യൂണിയനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. യൂണിയന്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം നോട്ടിഫൈ ചെയ്തു. തൊഴിലാളികള്‍ വകവച്ചില്ല. അതിനനുസരിച്ച് അറസ്റ്റും തല്ലിയൊതുക്കലും കടുത്തതായി.

47 ആഗസ്റ്റ് 15 പിറന്നു. രാജ്യം സ്വതന്ത്രമായി. രാജ്യം സ്വാതന്ത്ര്യം നേടിയിട്ടും അന്തിക്കാട് ഫര്‍ക്കയിലെ 144 ഉം കര്‍ഫ്യൂവും പിന്‍വലിച്ചില്ല. യൂണിയന്‍ നിരോധനത്തിനെതിരെ ജോര്‍ജ്ജ് ചടയംമുറി ഹൈക്കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തു. ഹൈക്കോടതി യൂണിയന്റെ മേലുള്ള നിരോധനം എടുത്തുകളഞ്ഞു. 51 അവസാനം പൊതുതിരഞ്ഞെടുപ്പ് വന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച ചെത്തുതൊഴിലാളികളുടെ നേതാവായ കെ പി പ്രഭാകരനെ അന്തിക്കാട് നിയമസഭയിലേക്കയച്ചു.

അന്തിക്കാട്ടെ ചെത്തുതൊഴിലാളികള്‍ സാമൂഹിക നിയന്ത്രിതശക്തിയായി. അന്തിക്കാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായി. പൊലിസിന്റെയും എക്‌സൈസിന്റെയും ഭീകരമര്‍ദ്ദനത്തിനിരയായ 11 തൊഴിലാളികള്‍ മരിച്ചു. ഏറെപ്പേര്‍ രോഗികളായി. '57 ല്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നു. ടി വി തോമസ് തൊഴില്‍മന്ത്രിയായി. ടി വി ചെത്തുതൊഴിലാളികള്‍ക്ക് ഗുണകരമായ നടപടികള്‍ സ്വീകരിച്ചു. അന്തിക്കാട്ടെ ചെത്തുതൊഴിലാളികള്‍ക്ക് ഒരുസഹകരണസംഘം എന്ന ആശയം മുന്നോട്ടുവച്ചതും ടി വി. പിന്നീട് അധികാരത്തില്‍ വന്ന അച്യുതമേനോന്‍ സര്‍ക്കാര്‍ അന്തിക്കാട് സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിച്ചു.

*
ബേബി ആലുവ ജനയുഗം 29 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ ചെത്തുതൊഴിലാളി പ്രസ്ഥാനത്തിന് സുശക്തമായ ഒരു അടിത്തറ രൂപപ്പെട്ടുവന്നത് തൃശൂര്‍ ജില്ലയിലെ അന്തിക്കാട് നിന്നാണ്. കേരളത്തിലെ നിസ്വവര്‍ഗം ചോരകൊണ്ടെഴുതിയ സമരങ്ങളിലെ തിളക്കമാര്‍ന്ന അധ്യായങ്ങളിലൊന്നായി, ചരിത്രം അതിന്റെ സംഭരണപ്പുരയില്‍ അന്തിക്കാടിനെ കാത്തുവച്ചിട്ടുണ്ട്. മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ഒപ്പം ചുമലിലെ സാമ്രാജ്യത്വനുകമൊന്നിളക്കി മാറ്റാന്‍വേണ്ടി ഒന്നര പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ത്യാഗോജ്ജ്വലവും ധീരോദാത്തവുമായ പോരാട്ടമാണ് അന്തിക്കാട് ചെത്തുതൊഴിലാളികള്‍ നടത്തിയത്. അതിനവരെ പ്രാപ്തരാക്കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും.