Wednesday, January 25, 2012

അസ്തമിക്കാതെ ആ ഒറ്റ ഫ്ളാഷ്

വാത്സല്യത്തിന്റെ യജമാനന്‍

ശാസിക്കുകയും ശകാരിക്കുകയും അതിലേറെ, ആവശ്യങ്ങളില്‍ മനസ്സറിഞ്ഞ് സഹായിക്കുകയും ചെയ്ത വാത്സല്യത്തിന്റെ "യജമാനനാ"യിരുന്നു സുരേഷിന് അഴീക്കോട് മാഷ്. 24 വര്‍ഷം ഡ്രൈവറും സഹായിയും മാഷ് ആത്മകഥയില്‍ പറഞ്ഞപോലെ സെക്രട്ടറിയുമായി നിഴല്‍പോലെ മാഷിനൊപ്പം നിന്ന സുരേഷ് ആ സ്നേഹവാത്സല്യം പലവട്ടം അടുത്തറിഞ്ഞു. ഏറെ പരിശ്രമിച്ചാണ് പുത്തൂരില്‍ കുറച്ച് സ്ഥലം സുരേഷ് വാങ്ങിയത്. വീടു വയ്ക്കാന്‍ ആവത് ശ്രമിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ടുമൂലം കഴിഞ്ഞില്ല. വീടെന്ന മോഹം ഉപേക്ഷിക്കാന്‍ തുടങ്ങിയപ്പോഴാണ് മാഷ് രക്ഷയ്ക്കെത്തിയത്. "എന്റെ പ്രയാസം ഞാന്‍ പറഞ്ഞല്ലാതെ അറിഞ്ഞ മാഷ് 50,000 രൂപ തന്നു സഹായിച്ചു. പത്തു വര്‍ഷം മുമ്പ് അത് വലിയ തുകയായിരുന്നു. അച്ഛനും അമ്മയുമില്ലാത്ത എന്റെ വിവാഹം കാരണവരുടെ സ്ഥാനത്തു നിന്നാണ് മാഷ് നടത്തി തന്നത്"- സുരേഷ് ഓര്‍ക്കുന്നു. മാഷിന്റെ സാന്നിധ്യമാണ് 18 വയസ്സു മുതല്‍ ജീവിതത്തില്‍ വഴികാട്ടിയായത്. അഴീക്കോടിന്റെ ഡ്രൈവറാണ് താനെന്നും മാഷിന് ഒരു പേരുദോഷവും താന്‍മൂലം ഉണ്ടാകരുതെന്ന ദൃഢനിശ്ചയമാണ് തന്നെ നേര്‍വഴിയില്‍ നയിച്ചതെന്നും സുരേഷ് പറയുന്നു.

മാഷ് പിശുക്കനാണെന്ന് പലരുംപറയും. ചെലവ് നിയന്ത്രിക്കുന്ന ഗാന്ധിയന്‍ രീതിമാത്രമായിരുന്നു അത്. വിലകുറഞ്ഞ ജൂബയും മുണ്ടും കീറിയാല്‍ കീറലറിയാതെ ഉടുക്കും. പഴകിയാല്‍ വീട്ടിലുപയോഗിക്കും. ലേഖനമെഴുതാന്‍ കടലാസുപോലും പലമടക്ക് കീറിയാണ് ഉപയോഗിക്കുക. സ്വന്തം കാര്യത്തില്‍ മാത്രമാണ് ആ ചെലവു ചരുക്കല്‍ . സഹായം അര്‍ഹിക്കുന്നവര്‍ക്ക് മാഷ് ധാരാളിയായിരുന്നു.

1987ലാണ് സുരേഷ് അഴീക്കോടിന്റെ ഡ്രൈവറാകുന്നത്. സാഹിത്യ അക്കാദമിയിലെ പോള്‍ എന്ന ജീവനക്കാരനാണ് മാഷിന്റെ ഡ്രൈവറായി സുരേഷിനെ എത്തിച്ചത്. "88ല്‍ മാഷിന്റെ കണ്ണിന് അസുഖമുണ്ടായി. ചികിത്സിക്കാന്‍ പോയത് മധുര അരവിന്ദ് ഹോസ്പിറ്റലില്‍ . കണ്ണിന് ശസ്ത്രക്രിയ നടത്തി. ആ സമയങ്ങളിലാണ് സുരേഷിന്റെ സഹായം മാഷ് അടുത്തറിയുന്നത്. ഉടമയും ഡ്രൈവറും തമ്മിലുള്ള ബന്ധത്തിന്റെ അതിര്‍വരമ്പ് മാഞ്ഞുതുടങ്ങി. പിന്നീടുള്ള പെരുമാറ്റം ഒരു ഡ്രൈവറൊടെന്നപോലെയായിരുന്നില്ല. ഒരു മുറിയില്‍ കിടത്താന്‍ തുടങ്ങി. ഒരുമിച്ചിരുത്തിയേ ഭക്ഷണം കഴിപ്പിക്കൂ. ആയിരക്കണക്കിന് വേദികളില്‍ മാഷിന്റെ ഒപ്പം പോയിട്ടുണ്ട്. പ്രസംഗങ്ങളെക്കുറിച്ച് ഇടയ്ക്ക് എന്നോടു സംസാരിക്കും. കളിയാക്കുന്നതായിട്ടാണ് അന്ന് തോന്നിയത്. സാധാരണക്കാരനായ എനിക്ക് മനസ്സിലാകുന്നുണ്ടെങ്കില്‍ അത് പൊതുവെ എല്ലാവര്‍ക്കും മനസ്സിലാക്കാനാകുമെന്ന് മാഷിനറിയാമായിരുന്നു. മാഷ് നന്നായി ഡ്രൈവ് ചെയ്തിരുന്നു. വണ്ടി ഓടിക്കുമ്പോള്‍ നിയന്ത്രിക്കേണ്ട ഘട്ടങ്ങളില്‍ ഇടപെടാനും നിര്‍ദേശം തരാനും അദ്ദേഹം മടിച്ചില്ല. അമിതമായി ഹോണ്‍ മുഴക്കുന്ന ഡ്രൈവിങ് മാഷിനിഷ്ടമല്ല. മുന്‍കോപമുണ്ടെങ്കിലും ആരോടും പക മാഷിനില്ല. ഇഷ്ടമുള്ളവരോട് സ്നേഹം പ്രകടിപ്പിക്കും. ഇഷ്ടമില്ലാത്തവരോട് കൃത്രിമ ഇഷ്ടം കാണിക്കാന്‍ അദ്ദേഹത്തിനു വശമില്ലായിരുന്നു. മോഹന്‍ലാലിനോട് പകയോ വിദ്വേഷമോ ഇല്ലാത്തതിനാലാണ് ഒറ്റ ഫോണ്‍വിളി കൊണ്ട് അദ്ദേഹം കേസ് പിന്‍വലിക്കാന്‍ നിശ്ചയിച്ചത്. മലയാള ചലച്ചിത്രലോകം തിലകനെ ഒറ്റപ്പെടുത്തുന്നത് മാഷിന് സഹിച്ചില്ല. മൂവാറ്റുപുഴയില്‍ വച്ച് തിലകന്‍ മാഷിനെ കണ്ടു. അനുഗൃഹീതനായ ആ കലാകാരന്റെ ഒറ്റപ്പെടലിന്റെ ദൈന്യതെ മാഷ് ആ മുഖത്ത് വായിച്ചു.

എ പി പി നമ്പൂതിരിയുടെ മരണമാണ് മറക്കാനാകാത്ത അനുഭവം. ചങ്ങനാശേരിയില്‍ ഒരു പരിപാടി കഴിഞ്ഞ് എപിപി മാഷിനൊപ്പം കാറില്‍ കയറി. മാഷിന് മാവേലിക്കരയിലാണ് അടുത്ത പരിപാടി. ആ പരിപാടിയും കഴിഞ്ഞ് തിരികെ മടങ്ങുമ്പോള്‍ തോട്ടപ്പിള്ളിയില്‍ മൂത്രമൊഴിക്കാന്‍ ഇറങ്ങിയതാണ്. റോഡിനരുകില്‍ വീണ എപിപിയുടെ തല പൊട്ടി. മാഷും സുരേഷും ചേര്‍ന്ന് താങ്ങിയെടുത്ത് അടുത്ത ക്ലിനിക്കില്‍ എത്തിച്ചു. അവിടെ രക്ഷയില്ലെന്നു പറഞ്ഞപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. മാഷിന്റെ വസ്ത്രം നിറയെ ചോരയായിരുന്നു. ഇവിടെ രക്ഷയില്ല എറണാകുളത്തേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. കൊണ്ടുപോകും മുമ്പേ മരണവും സംഭവിച്ചു. അപ്പോള്‍ സമയം പുലര്‍ച്ചെ രണ്ട്. ജഡവുമായി ഞാനും മാഷും മാത്രം. ഏപ്രില്‍ 24ന് എരവിമംഗലത്തേക്ക് മാഷ് മാറിയിട്ട് നാലു വര്‍ഷമാകും. ഞാന്‍ തന്നെയാണ് സ്ഥലം കണ്ട് ടോക്കണ്‍ കൊടുത്തത്. തറകെട്ടി കട്ട്ള വച്ചപ്പോള്‍ മാത്രമാണ് മാഷ് വന്ന് വീടും സ്ഥലവും കണ്ടത്്. മാഷിന് എഴുതാന്‍ പറ്റിയ അന്തരീക്ഷം നോക്കിയാണ് ഞാന്‍ സ്ഥലം കണ്ടുപിടിച്ചത്. ഗ്രാമത്തിലേക്ക് പറിച്ചു മാറ്റിയ ജീവിതം മാഷില്‍ വലിയ മാറ്റംവരുത്തിയെന്നും സുരേഷ് പറയുന്നു. ആശുപത്രിക്കിടക്കയിലും മാഷിന് തുണയായുണ്ടായതും സുരേഷ് തന്നെ, ഒപ്പം സുരേഷിന്റെ ഭാര്യ രമണിയും.
(ജോബിന്‍സ് ഐസക്)

വേലായുധന് നഷ്ടമായത് സഹോദരനെ

വേലായുധന് സഹോദരതുല്യനായിരുന്നു അഴീക്കോട്. ഏത് ആപത്തിലും ആശ്രയിക്കാവുന്ന വന്‍ മരം. അഴീക്കോടിനൊത്തുള്ള നേരങ്ങള്‍ ഓര്‍ക്കുമ്പോള്‍ വേലായുധന്റെ ഉള്ളില്‍ ദുഃഖത്തിന്റെ തീപ്പൊരിയാണ്. സര്‍വകലാശാലയിലെ അധ്യാപകന്‍ -ജീവനക്കാരന്‍ എന്നതിലുപരിയായിരുന്നു മലയാള പഠനവിഭാഗത്തിലെ താളിയോല സൂക്ഷിപ്പുകാരന്‍ പള്ളിക്കല്‍ സ്വദേശി വേലായുധ (57)നും അഴീക്കോടും തമ്മിലുണ്ടായിരുന്ന ബന്ധം. പരിചയപ്പെട്ടത് മുതല്‍ വേലായുധന്‍ അഴീക്കോടിന്റെ നിഴലായിരുന്നു.

1971-ല്‍ സര്‍വകലാശാലയില്‍ മലയാള പഠനവിഭാഗം തുടങ്ങിയ കാലത്ത് വേലായുധന് പ്രായം പതിനാറ്. ജോലിയൊന്നും കിട്ടാതെ അലയുന്ന കാലത്ത് അഴീക്കോടിനെ യാദൃച്ഛികമായി കണ്ടുമുട്ടി. സങ്കടം പറഞ്ഞപ്പോള്‍ വകുപ്പധ്യക്ഷനായ അഴീക്കോട് താളിയോല സൂക്ഷിപ്പുകാരനെന്ന തസ്തികയില്‍ താല്‍ക്കാലികമായി നിയമിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം പിവിസിയായപ്പോള്‍ സ്ഥിരംനിയമനം നല്‍കി. അന്ന് മുതല്‍ ഒരുമിച്ച് ഏറെക്കാലം പ്രവര്‍ത്തിച്ചു. കോഴിക്കോട്ടും തേഞ്ഞിപ്പലത്തും എപ്പോള്‍ വരുമ്പോഴും തമ്മില്‍ കാണും. അല്ലാത്തപ്പോഴെല്ലാം ഫോണില്‍ വിവരങ്ങള്‍ പരസ്പരം അറിയും- വേലായുധന്‍ ഓര്‍ക്കുന്നു. ലോകം അറിയപ്പെടുന്ന അധ്യാപകനും നിരൂപകനുമൊക്കെയായി വളര്‍ന്നപ്പോഴും അഴീക്കോട് വേലായുധനെ കൈവിട്ടില്ല. വേലായുധന്റെ മകളുടെ വിവാഹത്തിന് താലിമാല സമ്മനിച്ചത് അഴീക്കോടായിരുന്നു. വിവാഹദിവസം പകല്‍ 11ന് എത്തി വൈകിട്ട് നാലരവരെ വീട്ടില്‍ ചെലവഴിച്ചതും താന്‍ വിരമിച്ചപ്പോള്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ അഴീക്കോട് മുന്‍കൈയെടുത്ത് വിപുലമായ യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചതും വേലായുധന്റെ ഉള്ളിലുണ്ട്.

അസ്തമിക്കാതെ ആ ഒറ്റ ഫ്ളാഷ്

പുനലൂര്‍ രാജന്‍ പകര്‍ത്തിയ അഴീക്കോടിന്റെ ആ ചിത്രത്തിന് അസ്തമയ സൂര്യനെക്കാള്‍ തിളക്കമുണ്ട്. വടകര സാന്‍ഡ്ബാങ്ക്സില്‍ അസ്തമയം കാണുന്ന അഴീക്കോടിനെ തന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാമറ റോളിഫ്ളക്സില്‍ പകര്‍ത്തിയപ്പോള്‍ ജീവിതത്തിലെ ഏറ്റവുമിഷ്ടപ്പെട്ട ഫോട്ടോയായി മാറി അഴീക്കോടിന്. മാഷിന്റെ ജീവിതം അസ്തമിച്ച വേളയില്‍ ഉദയശോഭയോടെ ഓര്‍മിപ്പിക്കയാണ് ആ ഫോട്ടോ. ക്യാമറയില്‍ ആ മുഹൂര്‍ത്തം പകര്‍ത്താനിടയായതിനെക്കുറിച്ചോര്‍ക്കുമ്പോള്‍ പ്രശസ്ത ഫോട്ടോഗ്രാഫറായ രാജന്റെ മനസ്സിന്റെ വെള്ളിത്തിരയില്‍ ജീവിതചിത്രങ്ങളേറെയാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് വി ടി കുമാരന്‍മാസ്റ്റര്‍ അനുസ്മരണമാണെന്നാണോര്‍മ. ദേശാഭിമാനി റസിഡന്റ് എഡിറ്ററായ പ്രഭാവര്‍മയ്ക്ക് പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങുണ്ട്. സിപിഐ എം ജില്ലാസെക്രട്ടറി എം കെ കേളുവേട്ടന്റെ നിര്‍ദേശാനുസരണമാണ് വടകരയിലെത്തിയത്. അഴീക്കോടും വൈക്കം മുഹമ്മദ് ബഷീറുമൊക്കെ പങ്കെടുക്കുന്ന ചടങ്ങിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം വടകര കടപ്പുറത്തേയ്ക്ക് പോവാനുറച്ചു. ആ തീരുമാനമാണ് അഴീക്കോടിന്റെയും ബഷീറിന്റെയും ഒരുപിടി നല്ലചിത്രങ്ങള്‍ ഒപ്പിയെടുക്കാനായതെന്ന് രാജേട്ടന്‍ പറഞ്ഞു.
അഴീക്കോട് കലിക്കറ്റ് സര്‍വകലാശാലയിലെത്തിയപ്പോഴാണ് അടുത്തിടപെടാന്‍ അവസരമുണ്ടായത്. മുമ്പ് എസ് കെ പൊറ്റെക്കാട്ടിനെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഞാന്‍ എസ് കെ യുടെ സംഘത്തിലായിരുന്നു. ബഷീറുമായുള്ള ചങ്ങാത്തമാണ് സാഹിത്യലോകവുമായി അടുപ്പിച്ചത്. എംടി, അഴീക്കോട്, എന്‍ പി മുഹമ്മദ്, പുനത്തില്‍ കുഞ്ഞബ്ദുള്ള, എം എം ബഷീര്‍ എന്നിവരുമായി നല്ല ബന്ധമുണ്ടാക്കാനുമായി. ഇവരുടെ നേതൃത്വത്തില്‍ കോര്‍ട്ട് റോഡില്‍ ക്ലാസിക് ബുക്ക് ട്രസ്റ്റ് എന്ന സ്ഥാപനം നടത്തിയിരുന്നു. അവരാണ് അഴീക്കോടിന്റെ "തത്ത്വമസി"യും ബഷീറിന്റെ "അനുരാഗത്തിന്റെ ദിനങ്ങളും" പുറത്തിറക്കിയത്. അനുരാഗത്തിന്റെ ദിനങ്ങള്‍ ഇറങ്ങിയപ്പോള്‍ അഴീക്കോടിന്റെ ആദ്യപ്രതികരണം "അനുരാഗത്തിന്റെ ദീന"ങ്ങളെന്നായിരുന്നു. അന്നൊക്കെ കൂടെ നടക്കുകയായിരുന്നു തന്റെ പതിവ്. അതുകൊണ്ട് ആ സാംസ്കാരിക ജീവിതസന്ദര്‍ഭങ്ങള്‍ ക്യാമറയിലൊപ്പാനായി.

നിറഞ്ഞ സമര്‍പ്പണവും കറതീര്‍ന്ന ആത്മാര്‍ഥതയും കൈമുതലായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ബഷീറിന്റെ ഫോട്ടോ ആല്‍ബം തയ്യാറാക്കിയപോലെ അഴീക്കോടിന്റെയും ആല്‍ബം പ്രസിദ്ധീകരിക്കണമെന്നാഗ്രഹമുണ്ടായിരുന്നു. ഇതിനായി കുറെ നല്ല പടങ്ങള്‍ കൂടി പകര്‍ത്തണമെന്നുമുണ്ടായിരുന്നു. മരിച്ചുകിടക്കുന്ന അഴീക്കോടിനെ കാണാനാഗ്രഹമില്ലാത്തതുകൊണ്ട് അവസാന നോക്കുകാണാന്‍ പുനലൂര്‍ രാജന്‍ ടൗണ്‍ഹാളില്‍ എത്തിയില്ല. പലപ്പോഴും പരിപാടിയില്‍ പങ്കെടുക്കാനെത്തുമ്പോള്‍ കോഴിക്കോട്ട് പോയി കാണുമായിരുന്നു. ഇടയ്ക്കൊക്കെ വീട്ടിലും വരും. ഈയിടെ ഫോണില്‍ വിളിച്ചു സുഖവിവരങ്ങള്‍ തിരക്കി. അഴീക്കോട് ഓര്‍മയായെങ്കിലും പുസ്തകത്താളിലെ മയില്‍പ്പീലിപോലെ അദ്ദേഹത്തെക്കുറിച്ചുള്ള ഒരുപാട് ഓര്‍മകളോടൊപ്പം സൂക്ഷിച്ചുവയ്ക്കാന്‍ ഒരുപിടി നല്ല ചിത്രങ്ങളും പുനലൂര്‍ രാജന്റെ ശേഖരത്തിലുണ്ട്.

"വഴക്കിടലും സ്നേഹത്തിന്റെ ഭാവം "

ബേപ്പൂര്‍ : നാല് മാസം മുമ്പ് വീട്ടില്‍ വന്നപ്പോള്‍ വീണ്ടും വരാമെന്ന് പറഞ്ഞ് ഇറങ്ങിയതാണ്. ബേപ്പൂരിലെ വീട്ടിലിരുന്ന് വൈക്കം മുഹമ്മദ്ബഷീറിന്റെ ജീവിതസഖി ഫാബി ബഷിറിന് പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് അഴീക്കോട് മാഷെ കുറിച്ച് പങ്കുവയ്ക്കാനുണ്ടായിരുന്നത്. തൃശൂര്‍ അമല ആശുപത്രിയില്‍ മാഷിനെ സന്ദര്‍ശിച്ചപ്പോള്‍ അസുഖം മാറിയിട്ട് ഞാന്‍ വരും എന്നാണ് പറഞ്ഞത്. ഫാബി ബഷീറിന്റെ വാക്കുകള്‍ ഇടറി. വൈക്കം മുഹമ്മദ്ബഷീറുമായും കുടുംബവുമായും എന്നും നല്ല ആത്മബന്ധം പുലര്‍ത്തിയിരുന്ന അഴീക്കോട് മാഷ് ബഷീറിന്റെ കുടുംബത്തിലെ ഒരംഗംതന്നെയാണ്. "കോഴിക്കോട് സര്‍വകലാശാലയിലായിരുന്നപ്പോള്‍ മാഷ് ഇടയ്ക്കെല്ലാം വീട്ടിലെത്തുമായിരുന്നു. ഗൗരവക്കാരനും കര്‍ക്കശക്കാരനുമായിരുന്ന അഴീക്കോട് മാഷിനെ ആദ്യമൊക്കെ ഭയത്തോടെയാണ് നോക്കിക്കണ്ടതെന്ന് ഫാബി ബഷീര്‍ ഓര്‍ക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സ്വരം ഉയരുന്നതും വഴക്കിടുന്നതുമെല്ലാം കലഹമല്ല, സ്നേഹത്തിന്റെ ഭാവമാണ് എന്ന് പിന്നീട് തിരിച്ചറിഞ്ഞു. "ഭക്ഷണ പ്രിയനാണ് മാഷ്. ഞാനുണ്ടാക്കുന്ന വിഭവങ്ങളെല്ലാം ഏറെ ഇഷ്ടമായിരുന്നു. ഇവിടെയുണ്ടാക്കുന്ന ചായയെക്കുറിച്ച് മാഷ് പലരോടും പറയാറുണ്ടായിരുന്നു. ചെറുചൂടുള്ള ചായ ആസ്വദിച്ച് കുടിക്കുന്നത് കാണാന്‍ തന്നെ രസമായിരുന്നു"-ഫാബിയുടെ ഓര്‍മകളില്‍ നനവാര്‍ന്ന തിളക്കം.

അഴീക്കോട് മാഷിന്റെ പ്രസംഗപാടവത്തെ "ടാറ്റ"യാണ് സാഗരഗര്‍ജനം എന്ന് വിശേഷിപ്പിച്ചത്. മാഷിനുള്ള കത്തുകളില്‍ പ്രിയസാഗരഗര്‍ജനമേ..... എന്നായിരുന്നു ബഷീര്‍ അഭിസംബോധന ചെയ്തിരുന്നത്. മാഷിന്റെ മറുപടികളില്‍ അക്ഷരങ്ങള്‍ കൂട്ടിയെഴുതുന്നത് കാരണം വായിച്ചെടുക്കാന്‍ ബഷീര്‍ നന്നേ ബുദ്ധിമുട്ടി. ഇതിനെ കളിയാക്കി രസികനായ ബഷീര്‍ മറുപടി അടയച്ചതിങ്ങനെയായിരുന്നു: "മരുന്നിന്റെ കുറിപ്പടി കിട്ടി എല്ലാം വാങ്ങിച്ചു". ഓര്‍മകളോടൊപ്പം ഫാബി ഒരു നിമിഷം ആ സുന്ദരകാലത്തേക്ക് തിരിച്ചുപോയി. നീണ്ട സൗഹൃദത്തിനിടെ ഇടയ്ക്കെപ്പോഴോ വന്ന പിണക്കം രണ്ടാളെയും ഏറെ വിഷമിപ്പിച്ചു. അധികനാള്‍ പിണങ്ങിയിരിക്കാന്‍ ആ സുഹൃത്തുക്കള്‍ക്കായിരുന്നില്ല. നിന്റെ രണ്ട് വര്‍ത്തമാനം കേട്ട് ചിരിക്കാതെയും കൂടെയിരുന്ന് ഭക്ഷണം കഴിക്കാതെയും ഇരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് അഴീക്കോട് മാഷ് വീട്ടിലേക്ക് കയറിവന്നത് ഇന്നലെ കഴിഞ്ഞതുപോലെ ഫാബിയുടെ കണ്‍മുന്നിലുണ്ട്. ഇനി ഇത് മാത്രമാണ് ഫാബിക്ക് കൂട്ട്. കണ്ണടച്ചാലും ഉള്ളില്‍ നിറയുന്ന മധുരസ്മരണകള്‍ .
(കെ സാജിത)

*
ദേശാഭിമാനി 25 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ശാസിക്കുകയും ശകാരിക്കുകയും അതിലേറെ, ആവശ്യങ്ങളില്‍ മനസ്സറിഞ്ഞ് സഹായിക്കുകയും ചെയ്ത വാത്സല്യത്തിന്റെ "യജമാനനാ"യിരുന്നു സുരേഷിന് അഴീക്കോട് മാഷ്. 24 വര്‍ഷം ഡ്രൈവറും സഹായിയും മാഷ് ആത്മകഥയില്‍ പറഞ്ഞപോലെ സെക്രട്ടറിയുമായി നിഴല്‍പോലെ മാഷിനൊപ്പം നിന്ന സുരേഷ് ആ സ്നേഹവാത്സല്യം പലവട്ടം അടുത്തറിഞ്ഞു. ഏറെ പരിശ്രമിച്ചാണ് പുത്തൂരില്‍ കുറച്ച് സ്ഥലം സുരേഷ് വാങ്ങിയത്. വീടു വയ്ക്കാന്‍ ആവത് ശ്രമിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ടുമൂലം കഴിഞ്ഞില്ല. വീടെന്ന മോഹം ഉപേക്ഷിക്കാന്‍ തുടങ്ങിയപ്പോഴാണ് മാഷ് രക്ഷയ്ക്കെത്തിയത്. "എന്റെ പ്രയാസം ഞാന്‍ പറഞ്ഞല്ലാതെ അറിഞ്ഞ മാഷ് 50,000 രൂപ തന്നു സഹായിച്ചു. പത്തു വര്‍ഷം മുമ്പ് അത് വലിയ തുകയായിരുന്നു. അച്ഛനും അമ്മയുമില്ലാത്ത എന്റെ വിവാഹം കാരണവരുടെ സ്ഥാനത്തു നിന്നാണ് മാഷ് നടത്തി തന്നത്"- സുരേഷ് ഓര്‍ക്കുന്നു. മാഷിന്റെ സാന്നിധ്യമാണ് 18 വയസ്സു മുതല്‍ ജീവിതത്തില്‍ വഴികാട്ടിയായത്. അഴീക്കോടിന്റെ ഡ്രൈവറാണ് താനെന്നും മാഷിന് ഒരു പേരുദോഷവും താന്‍മൂലം ഉണ്ടാകരുതെന്ന ദൃഢനിശ്ചയമാണ് തന്നെ നേര്‍വഴിയില്‍ നയിച്ചതെന്നും സുരേഷ് പറയുന്നു.