Saturday, January 21, 2012

മോഡിയുടെ തോല്‍വിയും ജനാധിപത്യത്തിന്റെ വിജയവും

നീതിക്കും ന്യായത്തിനും മുമ്പില്‍ ഫാസിസത്തിന് നിലനില്‍പ്പില്ല. അതിന്റെ ഇടം ഇരുളടഞ്ഞ അധോലോകവും ജനാധിപത്യത്തിന്റെ ഗ്രഹണകാലത്തെ അധികാരാവകാശങ്ങളുമാണ്. ഇന്ത്യന്‍ ഫാസിസ്റ്റുകളുടെ രാജാവായ നരേന്ദ്രമോഡിക്കെതിരെ വന്ന പുതിയ ഹൈക്കോടതി വിധി ചൂണ്ടിക്കാണിക്കുന്നത് ഈ യാഥാര്‍ഥ്യമാണ്.

കേസ് ഗുജറാത്ത് ഗവര്‍ണറുടെ ഒരു നടപടിക്കെതിരെയായിരുന്നു. മുഖ്യമന്ത്രി നരേന്ദ്രമോഡിയോട് ചര്‍ച്ച ചെയ്ത് അനുവാദം വാങ്ങാതെ സംസ്ഥാന ഗവര്‍ണര്‍ ഗുജറാത്ത് ലോകായുക്തയായി ജസ്റ്റിസ് ആര്‍ എ മേത്തയെ നിയമിച്ചു എന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതിയില്‍ മോഡിയുടെ സര്‍ക്കാര്‍ കൊടുത്ത പരാതി. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ കോടതിയുടെ ഡിവിഷന്‍ ബഞ്ച് പരാതിയില്‍ പരസ്പരവിരുദ്ധമായി വിധിയെഴുതി. ജഡ്ജിമാരില്‍ ഒരാളായ അഖില്‍ ഖുറേഷി ഗവര്‍ണര്‍ കമലാ ബനിവാളിന്റെ നടപടി ശരിയായിരുന്നു എന്ന വിധി എഴുതിയപ്പോള്‍ മറ്റൊരു ജഡ്ജിയായ സോണിയ ഗോകനി ഗവര്‍ണറുടെ വിധി ഭരണഘടനാവിരുദ്ധമാണെന്ന് മോഡിക്കനുകൂലമായ വിലയിരുത്തലാണ് നടത്തിയത്. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയുടെ അന്തിമ വിധി വന്നത്. പരസ്പരവിരുദ്ധമായ തന്റെ സഹപ്രവര്‍ത്തകരുടെ വിധിന്യായങ്ങളില്‍ തീരുമാനമെടുക്കുവാന്‍ നിയുക്തനായ ജസ്റ്റിസ് വി എം സാഹായ്, ജസ്റ്റിസ് ഖുറേഷിയുടെ വിധിന്യായത്തെ അനുകൂലിക്കുകയായിരുന്നു.

ഈ കേസിന്റെ നാള്‍വഴികള്‍ ഫാസിസത്തിന്റെ കുതന്ത്രങ്ങളും മോഡിയുടെ തനിനിറവും ജനാധിപത്യത്തിന്റെ വിവേകവും ആര്‍ജവവും ഒരുപോലെ തുറന്നുകാട്ടുന്നതാണ്. 2003 ല്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നു. 2002 ലെ ഗോധ്രാ കൂട്ടക്കൊലയും തുടര്‍ന്നുനടന്ന മുസ്ലീംവംശഹത്യയും കഴിഞ്ഞ് മൂന്നില്‍രണ്ട് ഭൂരിപക്ഷം നേടി മോഡി ഗുജറാത്തിലെ കിരീടമില്ലാത്ത രാജാവായി വാഴാന്‍ തുടങ്ങിയകാലം. ഇന്ത്യയിലെ മറ്റെല്ലാ രാഷ്ട്രീയ നേതാക്കളെയും ഇതരമുഖ്യമന്ത്രിമാരെയും അഴിമതിക്കാരെന്ന് ചിത്രീകരിച്ച് സ്വയം പുണ്യാളന്‍ ചമയുന്ന മോഡി തന്റെ സംസ്ഥാനത്ത് അഴിമതി തടയാനുള്ള ഭരണഘടനാ സംവിധാനമായ ലോകായുക്തയെ നിയമിച്ചില്ല. അങ്ങിനെ കഴിഞ്ഞ ഒമ്പതുവര്‍ഷക്കാലം മോഡി ലോകായുക്തയില്ലാതെ ഗുജറാത്ത് ഭരിച്ചു. ഇതിനിടയ്ക്ക് കോര്‍പ്പറേറ്റ് മാധ്യമങ്ങളെയും വന്‍ വ്യവസായികളെയും സ്വാധീനിച്ച് സ്വയം അഴിമതിരഹിതനായി, വികസന നായകനായി, ചിത്രീകരിച്ച് 2020 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനുള്ള ഗൂഢതന്ത്രം വിജയകരമായി പയറ്റിത്തുടങ്ങി. പക്ഷേ ഇതിനിടയ്ക്ക് ഗുജറാത്തില്‍നിന്നും ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതിക്കഥകള്‍ പുറത്തുവന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മുന്നൂറ് കോടിയുടെ സുജലാം സുഫലാം അഴിമതി കേസാണ്. ഇതാദ്യം വെളിച്ചത്തുകൊണ്ടുവന്നതാവട്ടെ ഗുജറാത്ത് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയും. ബി ജെ പി അംഗങ്ങള്‍ അടക്കമുള്ള കമ്മറ്റി ഏകകണ്‌ഠേനയാണ് തങ്ങളുടെ റിപ്പോര്‍ട്ട് മേശപ്പുറത്തുവക്കാന്‍ തുനിഞ്ഞത്. എന്നാല്‍ അഴിമതിരഹിത വികസന നായകനെന്ന് ബി ജെ പി കൊട്ടിഘോഷിക്കുന്ന മോഡി അതനുവദിച്ചില്ല. തുടര്‍ന്ന് ഇതേപോലെയുള്ള രണ്ട് പ്രധാന അഴിമതിക്കേസുകള്‍കൂടി രംഗപ്രവേശം ചെയ്തു. ഒപ്പം ടാറ്റക്കുള്‍പ്പെടെ വന്‍ കമ്പനികള്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ട് വ്യവസായം തുടങ്ങാന്‍ മോഡി അനുമതി നല്‍കിയപ്പോള്‍ അതിലും ഒരുപാട് അവിഹിതവും നിയമവിരുദ്ധവുമായ ഇടപാടുകള്‍ നടന്നു. തുടര്‍ന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ലോകായുക്തയില്ലാതെ അഴിമതിയുടെ മറവിലാണ് മോഡി തന്റെ കൊട്ടിഘോഷിക്കപ്പെടുന്ന വികസന മാതൃകയെന്ന തട്ടിപ്പ് നടത്തുന്നതെന്ന് കാര്യകാരണസഹിതം ആരോപണമുന്നയിച്ചു. 2010-11 കാലഘട്ടത്തിലാണ് ഇത് സംഭവിച്ചത്.

ഇതിനിടയ്ക്ക് കര്‍ണാടകയില്‍ ലോകായുക്ത സംവിധാനമുള്ളതുകൊണ്ടുമാത്രം തങ്ങളുടെ മറ്റൊരു വികസന നായകനായി ബി ജെ പി ഉയര്‍ത്തിക്കാട്ടിയ യദ്യൂരപ്പയുടെ അഴിമതിയില്‍മുങ്ങിയ തനിനിറം വ്യക്തമായിത്തുടങ്ങിയിരുന്നു. മോഡി ഈ ഭീഷണിയെ നേരിട്ടത് മറ്റൊരു ഭീഷണിയുയര്‍ത്തിയാണ്. 1980 തൊട്ട് സംസ്ഥാനത്ത് നടന്ന അഴിമതിക്കേസുകള്‍ അന്വേഷിക്കുവാന്‍ മോഡി ഒരന്വേഷണ കമ്മിഷനെ വെച്ചു. ഇങ്ങനെ മുമ്പ് ഭരിച്ച കോണ്‍ഗ്രസിനെയും പാര്‍ട്ടിയിലെ തന്റെ എതിരാളിയും മുന്‍ മുഖ്യമന്ത്രിയുമായ കേശുഭായ് പട്ടേലിനെയും പ്രതിരോധത്തിലാക്കാം എന്നതായിരുന്നു ഉദ്ദേശ്യം. ഇതിനിടയ്ക്ക് അന്നത്തെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ് ജെ മുഖോപാധ്യായ, ജസ്റ്റിസ് ആര്‍ എ മേത്തയുടെ പേര് ലോകായുക്ത സ്ഥാനത്തേയ്ക്ക് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രണ്ടു തവണയും മോഡിയുടെ ക്യാബിനറ്റ് നിര്‍ദേശം തിരിച്ചയച്ചു. മേത്തയെ തങ്ങളുടെ താളത്തിന് തുള്ളാന്‍കിട്ടില്ലെന്ന ബോധ്യമായിരുന്നു കാരണം. പകരം മോഡി തന്റെ താല്‍പര്യങ്ങള്‍ക്ക് നിരക്കുന്ന മറ്റൊരാളെ ആ സ്ഥാനത്തേയ്ക്ക് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ കോടതി ഈ രാഷ്ട്രീയക്കളിക്ക് കൂട്ടുനിന്നില്ല. തുടര്‍ന്ന് 2011 ഓഗസ്റ്റ് 24 ന് ലോകായുക്ത നിയമനത്തില്‍ ഗവര്‍ണര്‍ക്കുള്ള പങ്കിനെ നിയന്ത്രിക്കുവാനുദ്ദേശിച്ചുകൊണ്ട് സംസ്ഥാന ലോകായുക്ത നിയമത്തില്‍ ഭേദഗതി വരുത്തുവാന്‍ നിര്‍ദേശങ്ങള്‍ നല്‍കുവാനായി മോഡി ഒരു ക്യാബിനറ്റ് സബ് കമ്മിറ്റിയെ നിയമിച്ചു. ഇത് ഭരണഘടനയെയും ഫെഡറലിസത്തെയും തന്നെ അട്ടിമറിക്കുന്ന ഒരു നീക്കമാണെന്ന് ബോധ്യപ്പെട്ട പരിചയസമ്പന്നയും വന്ധ്യവയോധികയുമായ ഗവര്‍ണര്‍ കമലാ ബനിവാള്‍ തൊട്ടടുത്ത ദിവസംതന്നെ ഹൈക്കോടതി നിര്‍ദേശിച്ച ജസ്റ്റിസ് മേത്തയെ ലോകായുക്തയാക്കി നിയമിച്ചു. ഇതിനെതിരെയാണ് ഭരണഘടനാലംഘനവും ഫെഡറലിസത്തിനും ഭീഷണിയുമൊക്കെ ഉയര്‍ത്തിക്കാട്ടി മോഡി കോടതിയെ സമീപിച്ചത്. കോടതി നടപടികളില്‍പ്പെട്ടതിനാല്‍ ഇതുവരെ ജസ്റ്റിസ് മേത്തയ്ക്ക് ഓംബുഡ്‌സ്മാനായി ചാര്‍ജ്ജെടുക്കാനുമായിട്ടില്ല.

പലപ്പോഴും ഗവര്‍ണറുടെ പദവി ഫെഡറലിസത്തിനുമേല്‍ തുങ്ങിയാടുന്ന ഒരു വാളാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. 1959 ല്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ജാതി-വര്‍ഗീയശക്തികളുടെ ആവശ്യപ്രകാരം പിരിച്ചുവിട്ടതുപോലെ ഒട്ടനവധി അന്യായങ്ങള്‍ ഗവര്‍ണര്‍ എന്ന രാഷ്ട്രീയ നിയമനം വഴി കേന്ദ്രം ഭരിക്കുന്ന കക്ഷികള്‍ കാട്ടിക്കൂട്ടിയിട്ടുണ്ട്. പക്ഷേ ഒരു ഫെഡറല്‍ സംവിധാനത്തില്‍ നിര്‍ണായകമാണ് ഗവര്‍ണര്‍പദവി. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ തമ്മില്‍ മെച്ചപ്പെട്ട ഏകോപനം സാധ്യമാകണമെങ്കിലും വഴിവിട്ട് സഞ്ചരിച്ച് ദേശസുരക്ഷയെതന്നെ അവതാളത്തിലാക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ നിയന്ത്രിക്കുവാനും ജനാധിപത്യത്തിലെ ചെക്ക്-ആന്‍ഡ് ബാലന്‍സ് സംവിധാനം കുറ്റമറ്റതായി നിലനിറുത്തുവാനും ഗവര്‍ണര്‍പദവി ആവശ്യമാണ്. ഒരുപക്ഷെ ആ അര്‍ഥത്തില്‍ ഏറ്റവും ന്യായമായും ജനാധിപത്യപരമായും ഇന്ത്യയിലെ ഒരു ഗവര്‍ണര്‍ സംസ്ഥാനരാഷ്ട്രീയത്തില്‍ ഇടപെടുന്ന ആദ്യ സംഭവമാണ് ഓബുഡ്‌സ്മാന്‍ നിയമനവുമായി ബന്ധപ്പെട്ട് ഗുജറാത്തിലുണ്ടായത്. അതുകൊണ്ടുതന്നെയാണ് പ്രശസ്ത അഭിഭാഷകനായ മുകുള്‍ സിന്‍ഹ നിരീക്ഷിക്കുന്നതുപോലെ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ലോകായുക്തയെ സംബന്ധിച്ച് ഗവര്‍ണറെടുത്ത ഒരു തീരുമാനം ഒരു ഹൈക്കോടതി ഇപ്പോള്‍ ശരിവെച്ചത്.
ഗുജറാത്തിനെ അഴിമതിരഹിത സംസ്ഥാനമാക്കി ഉയര്‍ത്തിക്കാട്ടുന്ന ലോക്പാല്‍ ബില്ലിന്റെ ചാമ്പ്യന്‍മാരായി സ്വയം ചമയുന്ന എന്നാല്‍ അതിന്റെ കടക്കല്‍ തന്നെ പാര്‍ലമെന്റില്‍ കത്തിവയ്ക്കുകയും ചെയ്ത ബി ജെ പിക്കും ഹിന്ദുത്വവാദികള്‍ക്കും മുഖം നഷ്ടമായിരിക്കുകയാണ്. കോടതിയുടെ ഈ പുതിയ വിധിയിലൂടെ കോടതി വിധികളെ വിജയവും പരാജയവുമായി കണ്ട് ആഘോഷിക്കുന്നതില്‍ അര്‍ഥമില്ല എന്നാണ് ഗുജറാത്ത് ഗവണ്‍മെന്റിന്റെ വക്താവായ ആരോഗ്യമന്ത്രി ജയനാരായണവ്യാസ് പറയുന്നത്. അങ്ങനെയെങ്കില്‍ ജഫ്രിക്കേസ് വിചാരണകോടതിയിലേയ്ക്ക് മാറ്റിക്കൊണ്ട് ആര്‍ക്കും വിജയമോ പരാജയമോ നല്‍കാത്ത ഒരു തീരുമാനം ഏതാനും മാസംമുമ്പ് സുപ്രിംകോടതി എടുത്തപ്പോള്‍ അതു തങ്ങളുടെ വിജയമായി ആഘോഷിച്ച് സദ്ഭാവനയജ്ഞം നടത്തിയതെന്തിനാണ് മോഡിയും കൂട്ടരും? വിധിക്കെതിരെ മോഡി സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. നടക്കട്ടെ. പക്ഷേ ഒരു കാര്യം ബോധ്യമായിക്കഴിഞ്ഞു. പഴയ റോമന്‍ ചരിത്രകാരന്‍ ടാസിറ്റസ് പറഞ്ഞതുപോലെ ഒരു ശ്മശാനമുണ്ടാക്കി അതിനെ സമാധാനമെന്നു വിളിക്കുന്നതുപോലെയാണ് ലോകായൂക്തയെ ഇല്ലാതാക്കി അഴിമതിരഹിത ഗുജറാത്തെന്ന് പറഞ്ഞ് മോഡിയും കൂട്ടരും വീമ്പിളക്കുന്നത്.

*
മുഹമ്മദ് ഫക്രുദ്ദീന്‍ അലി ജനയുഗം 21 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നീതിക്കും ന്യായത്തിനും മുമ്പില്‍ ഫാസിസത്തിന് നിലനില്‍പ്പില്ല. അതിന്റെ ഇടം ഇരുളടഞ്ഞ അധോലോകവും ജനാധിപത്യത്തിന്റെ ഗ്രഹണകാലത്തെ അധികാരാവകാശങ്ങളുമാണ്. ഇന്ത്യന്‍ ഫാസിസ്റ്റുകളുടെ രാജാവായ നരേന്ദ്രമോഡിക്കെതിരെ വന്ന പുതിയ ഹൈക്കോടതി വിധി ചൂണ്ടിക്കാണിക്കുന്നത് ഈ യാഥാര്‍ഥ്യമാണ്.