Wednesday, January 18, 2012

മാപ്പെഴുതി നല്‍കി പഠിക്കേണ്ടെന്ന് തീരുമാനിച്ച പോരാളി

കേരളത്തിലെ കര്‍ഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ദിനമാണ് 1940 സെപ്തംബര്‍ 15. ജന്മി - സാമ്രാജ്യത്തത്തിനെതിരായുള്ള സമരങ്ങളെ പൊലീസ് മര്‍ദിച്ചൊതുക്കുന്നതില്‍ പ്രതിഷേധിച്ച് കെ പി സി സി ആഹ്വാനമനുസരിച്ച് അന്നാണ് വി എം വിഷ്ണുഭാരതീയന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ മൊറാഴയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്ത പ്രതിഷേധയോഗം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് പതാകയ്ക്ക് പകരം ചെങ്കൊടികള്‍ ഉയര്‍ന്നു പാറിയ പൊതുയോഗം ആരംഭിച്ചപ്പോള്‍ തന്നെ പോലീസ് തടസ്സപ്പെടുത്താന്‍ തുടങ്ങി. സമരത്തില്‍ പങ്കെടുത്ത കര്‍ഷക വളണ്ടിയര്‍മാര്‍ക്കു നേരെ എസ് ഐ കുട്ടികൃഷ്ണമേനോന്റെ നേതൃത്വത്തില്‍ ഭീകരമായ മര്‍ദ്ദനം അഴിച്ചുവിട്ടു. മറ്റു മാര്‍ഗ്ഗമില്ലാതെ പ്രതികരിച്ച വളണ്ടിയര്‍മാരുടെ കല്ലേറില്‍ കുട്ടികൃഷ്ണമേനോന്‍ വീണു മരിച്ചു. ഈ കേസില്‍ കെ പി ആര്‍ ഗോപാലനെ പിന്നീട് വധശിക്ഷയ്ക്ക് വിധിക്കുന്നു.

മയ്യില്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന ഒരു സംഘം വിദ്യാര്‍ത്ഥികള്‍ എ ഐ എസ് എഫിന്റെ നേതൃത്വത്തില്‍ മൊറാഴയില്‍ കര്‍ഷകരെ ഭീകരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സ്‌കൂളില്‍ പ്രതിഷേധജാഥ നടത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും പിന്നീട് പാടിക്കുന്നില്‍ പൊലീസ് വെടിവെച്ചുകൊന്ന ധീര രക്തസാക്ഷിയുമായ രൈരു നമ്പ്യാരാണ് പുറമേ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സഹായങ്ങള്‍ ചെയ്തത്്. കമ്മ്യൂണിസ്റ്റായതിനാല്‍ പട്ടാളത്തില്‍ നിന്ന് പിരിച്ചു വിടപ്പെട്ടയാളാണ് രൈരു നമ്പ്യാര്‍. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത 12 വിദ്യാര്‍ത്ഥികളെയും സ്‌കൂളില്‍ നിന്ന് പുറത്താക്കി. ചില വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഇടപെടലിനെ തുടര്‍ന്ന് മാപ്പെഴുതി നല്‍കി സ്‌കൂളില്‍ തിരികെ പ്രവേശിച്ചു. സാമ്രാജ്യത്തത്തിനെതിരെ ജന്മി, പൊലീസ് ഭീകരതയ്‌ക്കെതിരെ സമ്മേളിച്ച കര്‍ഷകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചതിന് സ്‌കൂള്‍ അധികാരികളുടെ മുന്നില്‍ മാപ്പ് പറഞ്ഞ് തുടര്‍ന്ന് പഠിക്കേണ്ട എന്ന ധീരമായ നിലപാടെടുത്ത ഒരു വിദ്യാര്‍ത്ഥി പഠനം തന്നെ വേണ്ടെന്നു വെച്ചു.

പിന്നീടുള്ള കാലം ജന്മിത്തത്തിനും സാമ്രാജ്യത്തത്തിനുമെതിരായ സമരങ്ങളുടെ മുന്നണിയില്‍ പ്രവര്‍ത്തിക്കുകയും കര്‍ഷകരുടെ ഹൃദയരക്തം വീണു ചുവന്ന കാവുമ്പായി സമരത്തെ തുടര്‍ന്ന് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ദീര്‍ഘകാലം തടവിലടക്കപ്പെടുകയും ചെയ്ത എം സി പത്മനാഭന്‍ മാസ്റ്ററായിരുന്നു ആ വിദ്യാര്‍ത്ഥിനേതാവ്. 85 വയസ്സിലെത്തിയിരിക്കുന്ന അദ്ദേഹത്തെ അവശത വല്ലാതെ പ്രയാസപ്പെടുത്തുന്നുണ്ടെങ്കിലും ഫ്രീഡം ഫൈറ്റേഴ്‌സ് അസോസിയേഷന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. അധ്യാപകന്‍, ഭരണാധികാരി തുടങ്ങി സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ കൈവച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ചികില്‍സയെ തുടര്‍ന്ന് ഏരുവേശ്ശിയിലെ വീട്ടില്‍ വിശ്രമിക്കുകയാണ്.

1927 ല്‍ അമ്മയുടെ നാടായ ഏരുവേശ്ശിയിലാണ് ജനനം. അച്ഛന്‍ കയരളം അംശം അധികാരിയും ജന്മി കുടുംബാംഗവുമായ ഇടവന്‍ കോറോത്ത് രാമര്‍കുട്ടി നമ്പ്യാര്‍ അഷ്ടാംഗ ഹൃദയത്തില്‍ പാണ്ഡിത്യമുള്ളയാളായിരുന്നു. (അച്ഛന്റെ തറവാട്ടുകാരാണ് 1943 ല്‍ 206 ഏക്കര്‍ ഭൂമി പുല്‍വേല്‍ ജോസിന് നല്‍കി ഈ മേഖലയിലെ കുടിയേറ്റത്തിന് തുടക്കം കുറിച്ചത്.) 1930 കള്‍ മലബാറിലെ ഗ്രാമങ്ങള്‍ മുഴുവന്‍ ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയും ജന്മിത്തത്തിനെതിരായുമുള്ള സമരധ്വനികള്‍ മുഴക്കുന്ന കാലമായിരുന്നു. കര്‍ഷക പ്രസ്ഥാനത്തിന്റെ പിറവിയുണ്ടായി. ജന്മിമാര്‍ക്കും അവരുടെ ഗുണ്ടകള്‍ക്കും പൊലീസിനുമെതിരെ പോരാട്ടങ്ങള്‍ കൊടുമ്പിരികൊണ്ടു. ജന്മിമാരും അവരുടെ ഗുണ്ടകളും പോലീസുകാരും ചേര്‍ന്ന് കര്‍ഷകരെ വേട്ടയാടി. അവകാശങ്ങള്‍ക്കായി പോരാടുന്ന കര്‍ഷകരുടെയും തൊഴിലാളികളുടെയും സമരമേഖലയായിരുന്നു ഏരുവേശ്ശി ഉള്‍പ്പെടുന്ന ഇരിക്കൂര്‍ മേഖല. ചുവന്ന ഫര്‍ക്ക എന്നു വിശേഷിപ്പിക്കപ്പെട്ട ഇരിക്കൂറിലെ സമര പോരാളികളെയും അവരുടെ കുടുംബാംഗങ്ങളെയും കാണാന്‍ സി പി ഐ ജനറല്‍ സെക്രട്ടറിയായിരുന്ന പി സി ജോഷി സന്ദര്‍ശനം നടത്തിയിരുന്നു.

അമ്മയുടെ മരണം കാരണമാണ് ചെറുപ്പത്തില്‍ തന്നെ ഏരുവേശ്ശിയിലെ അമ്മ വീട്ടില്‍ നിന്ന് മയ്യില്‍ കയരളത്തെ മേച്ചേരി മൂലയിലെ അച്ഛന്റെ തറവാടു വീട്ടിലേക്ക് പത്മനാഭന്‍ മാസ്റ്റര്‍ താമസം മാറ്റുന്നത്. മയ്യില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാനുള്ള അവസരമുണ്ടാകുന്നത് അങ്ങിനെയാണ്. അച്ഛന്റെ മരണശേഷമാണ് സ്‌കൂളില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നത്. അമ്മയുടെ മൂത്ത സഹോദരിയുടെ മകനും കര്‍ഷക സംഘം പ്രവര്‍ത്തകനുമായിരുന്ന എം സി രയരപ്പന്‍ എന്ന എം സി ആറുമായുള്ള ബന്ധമാണ് ബാലസംഘം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടാന്‍ ഇടയാക്കിയത്.

1934 മെയ് 3, 4 തീയ്യതികളില്‍ ബക്കളത്ത് വെച്ചാണ് കോണ്‍ഗ്രസിന്റെ 10 ാം കേരള രാഷ്ട്രീയ സമ്മേളനം നടന്നത്. ബാലസംഘം പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുത്തത് കര്‍ഷക സംഘവുമായി അടുപ്പിച്ചു. ബക്കളം സമ്മേളനത്തെക്കുറിച്ച് മാസ്റ്ററുടെ ഓര്‍മ്മകള്‍ ഇങ്ങനെയാണ്.

''കെ പി സി സി യുടെ നേതൃത്വത്തിലാണ് ബക്കളം സമ്മേളനം നടന്നത്. കെ പി ആര്‍ ഗോപാലന്റെ നേതൃത്വത്തിലുളള സംഘാടക സമിതിയായിരുന്നു സമ്മേളനത്തിന് ചുക്കാന്‍ പിടിച്ചത്. എം സി ആറും മറ്റ് കര്‍ഷക നേതാക്കള്‍ക്കുമൊപ്പം ബാലസംഘം പ്രവര്‍ത്തകര്‍ ഏരുവേശ്ശിയില്‍ നിന്ന് നടന്ന് മുയ്യം വഴി ബക്കളത്തെത്തുകയായിരുന്നു.''

മയ്യില്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും മോറാഴ സംഭവവുമായി ബന്ധപ്പെട്ട് പുറത്താക്കപ്പെട്ടുവെങ്കിലും എം സി ആറും മാഷുടെ മറ്റൊരു ബന്ധുവായ എ സി ചന്തുക്കുട്ടിയുമൊക്കെ ഇടപെട്ടതിനെ തുടര്‍ന്ന് ഉപാധികളൊന്നും കൂടാതെ അല്‍പം വൈകിയാണെങ്കിലും സ്‌കൂളില്‍ തിരിച്ചെടുത്തു. അവിടെ നിന്ന് ഹയര്‍ എലിമെന്ററി വരെ പഠിച്ചു പാസ്സായി. വിദ്യാഭ്യാസം ഉണ്ടായതിനാലാണ് ഇങ്ക്വിലാബ് ഉണ്ടായത് എന്ന് പറഞ്ഞ് കരക്കാട്ടിടം നായനാര്‍ കാവുമ്പായിലെ സ്‌കൂള്‍ പൂട്ടിയപ്പോള്‍ കര്‍ഷക സംഘം ആരംഭിച്ച സ്‌കൂളില്‍ അണ്‍ട്രെയിന്‍ഡ് അധ്യാപകനായി പത്മനാഭന്‍ പഠിപ്പിക്കാന്‍ തുടങ്ങി. പിന്നീട് കണ്ണൂരില്‍ അധ്യാപക പരിശീനത്തിന് ചേര്‍ന്നു. ഈ സമയത്താണ് കാവുമ്പായി സമരം നടക്കുന്നത്. മാഷ് പറയുന്നു.

''കണ്ണൂര്‍ ട്രെയിനിങ്ങ് സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു കാവുമ്പായി സംഭവം. വളരെ രഹസ്യമായി വളണ്ടിയര്‍ ക്യാമ്പും കായിക പരിശീലനവും സംഘടിപ്പിച്ച് കര്‍ഷക സംഘം കരക്കാട്ടിടം നായനാരുടെ പീഢനങ്ങള്‍ക്കെതിരെ പോരാട്ടം ശക്തമാക്കി. 1946 ല്‍ കല്ല്യാട്ട് യശമാന്റെ ഗുണ്ടകള്‍ പി നാരായണന്‍ നായരെ കൊലപ്പെടുത്തി ബ്ലാത്തൂരിലെ കിണറ്റില്‍ തള്ളി. വന്‍ പ്രതിഷേധത്തിനിടയാക്കിയ ഈ സംഭവത്തെ തുടര്‍ന്ന് കര്‍ഷകര്‍ ജന്മിക്കെതിരെ രംഗത്തിറങ്ങി. ഇതേ തുടര്‍ന്ന് സ്വന്തം കുടുംബാംഗങ്ങളെ കടമ്പേരിയിലെ വീട്ടിലേക്ക് മാറ്റിയ കരക്കാട്ടിടം നായനാര്‍ എള്ളരിഞ്ഞിയിലെ പത്തായപ്പുരയും സ്ഥലവും പോലീസ് ക്യാമ്പാക്കി മാറ്റി.

1946 ലെ ക്രിസ്മസ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഞാന്‍. ഭക്ഷ്യക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് പുനം കൊത്തി കൃഷി ചെയ്യാനുള്ള അവകാശം നല്‍കണമെന്ന് കര്‍ഷക സംഘം ജന്മിയെക്കണ്ട് ആവശ്യപ്പെട്ടു. ഒ പി അനന്തന്‍ മാസ്റ്റര്‍, തളിയന്‍ രാമന്‍ നമ്പ്യാര്‍, എം സി ആര്‍ എന്നിവരാണ് ജന്മിയെ കണ്ടത്. ധിക്കാരപൂര്‍വ്വമായിരുന്നു ജന്മി പെരുമാറിയത്. ഇത് കൂസാതെ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ 1946 ഡിസംബര്‍ 22 ന് പുനം കൊത്തി. എം എസ് പി ക്കാര്‍ കര്‍ഷകരെ തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കാന്‍ തുടങ്ങി. മര്‍ദ്ദനം അസഹ്യമായപ്പോള്‍ അക്രമിക്കാന്‍ വരുന്നവരെ തിരിച്ചും അക്രമിക്കണമെന്ന് കര്‍ഷക സംഘം തീരുമാനിച്ചു. കാവുമ്പായി കുന്നില്‍ ഒത്തുകൂടി എം എസ് പി ക്കാരോ ഗുണ്ടകളോ അക്രമിക്കാന്‍ വന്നാല്‍ തിരിച്ചടിക്കാനായിരുന്നു പരിപാടി. ഏരുവേശ്ശിയില്‍ നിന്നുള്ള വളണ്ടിയര്‍മാര്‍ ഡിസംബര്‍ 29 ന് കാവുമ്പായി കുന്നിലെത്തി. പയ്യാവൂര്‍, ബ്ലാത്തൂര്‍, കല്ല്യാട്, കുയിലൂര്‍, നെടുങ്ങോം, എള്ളെരിഞ്ഞി, ഊരത്തൂര്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളില്‍ നിന്നും വളണ്ടിയര്‍മാര്‍ എത്തിയിരുന്നു. ഡിസംബര്‍ 30 ന് വെളുപ്പിന് സ്ഥലത്തെത്തിയ എം എസ് പി ക്കാരുടെ വെടിയേറ്റ് 5 സഖാക്കള്‍ രക്തസാക്ഷികളായി. കണ്ണില്‍ കണ്ടവരെയൊക്കെ പിടികൂടി. പലരേയും കള്ളക്കേസുകള്‍ ചുമത്തി ജയിലില്‍ അടക്കുകയും ചെയ്തു. കൂവുമ്പായി കേസില്‍ പെടുത്തിയാണ് എന്നെ ജയിലില്‍ അടച്ചത്.''

കണ്ണൂരില്‍ ട്രെയിനിങ്ങ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവിടെ പാര്‍ട്ടി ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. വി പത്മനാഭന്‍, പാണ്ട്യാല ഗോപാലന്‍ മാസ്റ്റര്‍, കൊട്ടയാടന്‍ രാഘവന്‍ മാസ്റ്റര്‍ തുടങ്ങിയവരും പത്മനാഭന്‍ മാസ്റ്റര്‍ക്കൊപ്പം ഈ ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നു. കണ്ണൂരില്‍ സഖാവ് പി കൃഷ്ണപിള്ള താമസിച്ചിരുന്ന വീട്ടിലായിരുന്നു കൊട്ടയാടന്‍ രാഘവന്‍ മാസ്റ്ററും താമസിച്ചിരുന്നത്. രാവിലെ ക്ലാസില്‍ അറ്റന്റന്‍സ് എടുക്കുമ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഒരു വാന്‍ നിറയെ പൊലീസുകാര്‍ സ്ഥലത്തെത്തി പത്മനാഭന്‍ മാസ്റ്റരേയും കൊട്ടയാടന്‍ രാഘവന്‍ മാസ്റ്റരേയും അന്വേഷിച്ചു. വിവരം മനസ്സിലാക്കിയ പത്മനാഭന്‍ മാസ്റ്റര്‍ സ്‌കൂളില്‍ നിന്ന് പിറകുവശത്തുകൂടി രക്ഷപ്പെട്ടു.

കുറേകാലം കയരളത്തും പരിസരപ്രദേശങ്ങളിലും ഒളിവില്‍ കഴിഞ്ഞു. വിദ്യാര്‍ത്ഥിയായതുകൊണ്ട് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായതിനാല്‍ കണ്ടക്കൈ എം എസ് പി ക്യാമ്പില്‍ ഹാജരായെങ്കിലും ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ അന്ന് അവിടെ പാര്‍പ്പിക്കുകയും കണ്ണൂരില്‍ നിന്നും സര്‍ക്കിള്‍ ഇന്‍സ്്‌പെക്ടറെ വരുത്തി കാവുമ്പായി കേസില്‍ മൂന്നാം പ്രതിയാക്കി അറസറ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടക്കുകയും ചെയ്തു. 1947 ല്‍ രാജ്യത്തിന്റെ ആദ്യ സ്വാതന്ത്ര്യദിനം പത്മനാഭന്‍ മാസ്റ്ററടക്കമുള്ളവര്‍ ജയിലിനകത്തുവെച്ചാണ് ആഘോഷിച്ചത്. കണ്ണൂര്‍ ജയിലില്‍ അക്കാലത്ത് എ കെ ജി, സി ഉണ്ണിരാജ തുടങ്ങിയ നേതാക്കളെല്ലാം തടവുകാരായി ഉണ്ടായിരുന്നു. റിമാന്റ് തടവിനു ശേഷം ഒരു വര്‍ഷത്തെ ശിക്ഷ നടപ്പിലാക്കാന്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.

വെല്ലൂര്‍ ജയിലില്‍ ആദ്യം സിംഗിള്‍ സെല്ലിലായിരുന്നു പാര്‍പ്പിച്ചത്. അവിടെ വെച്ചാണ് ഗാന്ധിജി വെടിയേറ്റ് മരിച്ച വാര്‍ത്ത അറിയുന്നത്. ഗാന്ധിജി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് കുറേ പേര്‍ കൂടി വെല്ലൂര്‍ ജയിലില്‍ തടവുകാരായെത്തി. സൗകര്യക്കുറവിനെ തുടര്‍ന്ന് വിവിധ കേസുകളില്‍ പ്രതികളായ മലബാറുകാരെയെല്ലാം ഒരു സെല്ലിലേക്ക് മാറ്റി. എം സി പത്മനാഭന്‍ മാസ്റ്റര്‍ക്കൊപ്പം കാവുമ്പായി വെടിവെപ്പില്‍ കാലിനു വെടിയേറ്റ കൊയക്കാടന്‍ കുഞ്ഞമ്പു, പി അനന്തന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. വായിക്കാന്‍ പുസ്തകങ്ങള്‍ ലഭിച്ചിരുന്നതും കൂടെ നാട്ടുകാര്‍ ഉണ്ടായിരുന്നതും കളിക്കാന്‍ സൗകര്യങ്ങള്‍ ഉണ്ടായിരുന്നതും കാരണം തടവ് ജീവിതം വിഷമങ്ങളുണ്ടാക്കിയില്ല.1949 ലാണ് തടവ് കഴിഞ്ഞ് പുറത്തിറങ്ങുന്നത്.”

പത്മനാഭന്‍ മാസ്റ്റര്‍ അധ്യാപക ട്രെയിനിങ്ങ് പൂര്‍ത്തിയാക്കി ഏരുവേശ്ശി സ്‌കൂളില്‍ അധ്യാപകനായി. 30 വര്‍ഷക്കാലം അധ്യാപകനും 16 വര്‍ഷം ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡണ്ടുമായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ജന്മിത്വത്തിന്റെ എല്ലാവിധ സുഖസൗകര്യങ്ങളുമുള്ള ജീവിത സാഹചര്യങ്ങളുപേക്ഷിച്ച് പത്മനാഭന്‍ മാസ്റ്റര്‍, ജനിച്ച മണ്ണില്‍തന്നെ ജന്മിത്വത്തിനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും മണ്ണില്‍ അധ്വാനിക്കുന്നവര്‍ക്ക് മനുഷ്യരായി ജീവിക്കുന്നതിനുള്ള അവകാശത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കാളിയായി. അവശതയുണ്ടെങ്കിലും, കര്‍ഷകര്‍ക്ക് മണ്ണിന്റെ അവകാശവും പാവപ്പെട്ടവര്‍ക്ക് കൂരയും യാഥാര്‍ത്ഥ്യമാക്കിയ പ്രസ്ഥാനത്തിന്റെ, സി പി ഐ യുടെ ഭാഗമായി ചെറുമകന്‍ കെ വി രതീഷ്ബാബു സെക്രട്ടറിയായുള്ള ഏരുവേശ്ശി ബ്രാഞ്ചില്‍ മെമ്പറായി തുടരുന്നു.

ഇരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും പരസ്പരമുള്ള വിവാദങ്ങള്‍ ഒഴിവാക്കണമെന്നും കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും കമ്മ്യൂണിസ്റ്റ് പുനരേകീകരണം യാഥാര്‍ഥ്യമാവണമെന്നതാണ് തന്റെ ഏറ്റവും വലിയ അഭിലാഷമെന്നും പത്മനാഭന്‍ മാസ്റ്റര്‍ പറഞ്ഞു. തന്റെ ജീവിത കാലത്തു തന്നെ അത് കാണാന്‍ ഇടയാവണമെന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം കൂടുതല്‍ ഉച്ചത്തിലാവുന്നു.

*
ഇ ഡി മഗേഷ്‌കുമാര്‍ ജനയുഗം 18 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും പരസ്പരമുള്ള വിവാദങ്ങള്‍ ഒഴിവാക്കണമെന്നും കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും കമ്മ്യൂണിസ്റ്റ് പുനരേകീകരണം യാഥാര്‍ഥ്യമാവണമെന്നതാണ് തന്റെ ഏറ്റവും വലിയ അഭിലാഷമെന്നും പത്മനാഭന്‍ മാസ്റ്റര്‍ പറഞ്ഞു. തന്റെ ജീവിത കാലത്തു തന്നെ അത് കാണാന്‍ ഇടയാവണമെന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം കൂടുതല്‍ ഉച്ചത്തിലാവുന്നു.