Tuesday, January 10, 2012

മെസി ചക്രവര്‍ത്തി

ആരവങ്ങള്‍ക്കിടയില്‍ , തെന്നിനീങ്ങുന്ന പന്തിനൊപ്പം ഈ കുറിയ മനുഷ്യന്‍ എങ്ങനെയാണ് ഇങ്ങനെ കുതിക്കുന്നത്? ലയണല്‍ ആന്ദ്രേ മെസിയെന്ന അര്‍ജന്റീനക്കാരന്‍ കാലുകളില്‍ ഇന്ദ്രജാലമൊളിപ്പിച്ചവനാണ്. എത്രയോ മനോഹര നീക്കങ്ങള്‍ , ഗോളുകള്‍ ... മെസിയെ ഇനിയും വാഴ്ത്താം. ലോക ഫുട്ബോളര്‍ക്കുള്ള ഫിഫയുടെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് തുടര്‍ച്ചയായ മൂന്നാംവട്ടവും നേടി ഇതിഹാസതാരങ്ങള്‍ക്കൊപ്പമാണ് മെസിയെത്തിയത്. ഇതിനുമുമ്പ് ഇത്തരമൊരു സുവര്‍ണനേട്ടം കൈവരിച്ചത് ഫ്രാന്‍സിന്റെ ഇതിഹാസതാരം മിഷയേല്‍ പ്ലാറ്റീനി മാത്രം. ലോക ഫുട്ബോളിന്റെ രാജകുമാരന്‍ എന്ന പദവിയില്‍നിന്ന് ചക്രവര്‍ത്തിയുടെ സിംഹാസനത്തിലേക്ക് അര്‍ജന്റീനയുടെ, ബാഴ്സലോണയുടെ പോരാളിയായ ഈ ഇരുപത്തിനാലുകാരന്‍ അതിവേഗം അടുക്കുകയാണ്. റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബാഴ്സലോണയുടെ തന്നെ സ്പാനിഷ്താരം സാവി എന്നിവരാണ് ബാലൊണ്‍ ഡി ഓര്‍ അവാര്‍ഡിനായുള്ള അന്തിമ പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍ , എതിരാളികളെ മെസി ബഹുദൂരം പിന്തള്ളി.

പന്തടക്കത്തിലും എതിരാളികളെ വെട്ടിച്ചുള്ള മുന്നേറ്റങ്ങളിലും മെസിയോളം മികവ് പുലര്‍ത്താന്‍ മറ്റാരുമില്ല. എല്ലാറ്റിനുമുപരി ഒരു "ടീം പ്ലെയറാണ്" മെസി. കഴിഞ്ഞ സീസണില്‍ നേടിയ ഗോളുകളുടെ എണ്ണത്തില്‍ മെസിയും റൊണാള്‍ഡോയും തമ്മില്‍ വലിയ അന്തരമില്ല. എന്നാല്‍ ഗോളവസരമൊരുക്കുകയും മറ്റുള്ളവരെകൊണ്ട് അടിപ്പിക്കുകയും ചെയ്യുന്നതില്‍ ഈ അര്‍ജന്റീനക്കാരന്‍ തന്നെ മുന്നില്‍ . കഴിഞ്ഞ സീസണില്‍ 17 ഗോളുകള്‍ക്ക് മെസി അവസരമൊരുക്കിയപ്പോള്‍ റൊണാള്‍ഡോ അസിസ്റ്റ് ചെയ്തത് ഏഴെണ്ണത്തിന് മാത്രം. ഇതു തന്നെയാണ് ഇരുവരും തമ്മിലുള്ള പ്രധാന വ്യത്യാസവും. 2010വരെ ഫിഫയുടെ ലോകതാരത്തിനുള്ള അവാര്‍ഡും ബാലണ്‍ ഡി ഓര്‍ അവാര്‍ഡും വേറെവേറെയാണ് നല്‍കിയിരുന്നത്. 2009ല്‍ ഈ രണ്ട് അവാര്‍ഡും മെസി സ്വന്തമാക്കി. 2010ല്‍ രണ്ട് അവാര്‍ഡും ഒന്നിച്ച് ഫിഫ ബാലണ്‍ ഡി ഓര്‍ അവാര്‍ഡായി മാറിയപ്പോഴും മെസിതന്നെയായിരുന്നു ജേതാവ്.

ലാറ്റിനമേരിക്കയിലെ ഫുട്ബോള്‍ ഭ്രാന്തിന്റെ മൂര്‍ത്ത രൂപമായി ദ്യേഗോ മാറഡോണ മാറിവരുന്ന കാലത്താണ് മെസിയുടെ ജനനം. അര്‍ജന്റീനയിലെ റൊസാരിയോയില്‍ ഫാക്ടറി തൊഴിലാളിയായ ജോര്‍ജ് ഹൊരാസിയോ മെസിയുടെയും തൂപ്പുജോലിക്കാരിയായ സീലിയ മരിയ കുസിറ്റിനിയുടെയും നാലു മക്കളില്‍ ഒരാളായിരുന്നു ലയണല്‍ മെസി. അഞ്ചാം വയസ്സില്‍ത്തന്നെ കുഞ്ഞു മെസി ഫുട്ബോള്‍ തട്ടിത്തുടങ്ങി. അച്ഛന്‍ ജോര്‍ജായിരുന്നു ആദ്യ പരിശീലകന്‍ . ലോകത്തെ കാല്‍ക്കീഴിലാക്കാന്‍പോന്ന ഫുട്ബോള്‍ മാന്ത്രികന്റെ പിറവിയായിരുന്നു അത്. പക്ഷേ, മെസിക്ക് വളര്‍ച്ചാഹോര്‍മോണിന്റെ കുറവുണ്ടെന്ന് 11-ാം വയസ്സില്‍ കണ്ടെത്തി. മെസിയെ ടീമിലെടുക്കാന്‍ അര്‍ജന്റീനയിലെ റിവര്‍പ്ലേറ്റ് ക്ലബ് സജീവമായി ആലോചിച്ചിരുന്ന സമയമായിരുന്നു അത്. എന്നാല്‍ , മെസിയുടെ ചികില്‍സയ്ക്ക് പ്രതിമാസംവേണ്ട 900 ഡോളര്‍ ചെലവഴിക്കാനുള്ള സാമ്പത്തികസ്ഥിതി റിവര്‍പ്ലേറ്റിനുണ്ടായിരുന്നില്ല.

മെസിയുടെ ജീവിതം അനിശ്ചിതത്വത്തിലെ നൂല്‍പ്പാലത്തിലൂടെ കടന്നുപോകവെയാണ് സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയുടെ ഇടപെടല്‍ . മെസി എന്ന അത്ഭുതബാലനെക്കുറിച്ച് ബാഴ്സയുടെ സ്പോര്‍ടിങ് ഡയറക്ടര്‍ കാള്‍സ് റെക്സാച് പലരില്‍നിന്നും കേട്ടിരുന്നു. മെസിയുടെ കളി നേരിട്ട് കാണാന്‍ റെക്സാച് തീരുമാനിച്ചു. കൊച്ചുപയ്യന്റെ കളി കണ്ട റെക്സാച് അത്ഭുതപ്പെട്ടുപോയി. കരാറൊപ്പിടാനുള്ള പേപ്പറോ മറ്റു രേഖകളോ റെക്സാച്ചിന്റെ കൈയിലുണ്ടായിരുന്നില്ല. അവിടെനിന്ന് ലഭിച്ച ഒരു നാപ്കിന്‍ പേപ്പറില്‍ മെസിയും ബാഴ്സയും തമ്മിലുള്ള കരാറില്‍ ഒപ്പുവച്ചു. ബാഴ്സയില്‍ ചേര്‍ന്നാല്‍ മെസിയുടെ മുഴുവന്‍ ചികില്‍സാച്ചെലവും വഹിക്കാമെന്ന് റെക്സാച് വാഗ്ദാനംചെയ്തു. മെസിയും കുടുംബവും ആ വാഗ്ദാനം സ്വീകരിച്ചു. ഒരു നാപ്കിന്‍ പേപ്പറില്‍ എഴുതിയ കരാറില്‍നിന്ന് ബാഴ്സയുടെ ഹൃദയത്തിലേക്കും ലോക ഫുട്ബോളിന്റെ ചക്രവര്‍ത്തിപദത്തിലേക്കും മെസി പറന്നുയര്‍ന്നുവെന്നത് പില്‍ക്കാലചരിത്രം.

2004ല്‍ ബാഴ്സയുടെ സീനിയര്‍ ടീമില്‍ പന്തു തട്ടിത്തുടങ്ങിയ മെസി പിന്നീട് കറ്റാലിയന്‍കാരുടെ ആവേശവും സ്വപ്നവും ആരാധനാമൂര്‍ത്തിയുമൊക്കെയായി നിറഞ്ഞു. വല്ലാത്തൊരു ഹൃദയബന്ധമായിരുന്നു മെസിയും ബാഴ്സയും തമ്മില്‍ . അതിനാല്‍ത്തന്നെ ദേശീയ ടീമിനുവേണ്ടി കളിക്കുമ്പോള്‍ പലപ്പോഴും മെസിക്ക് മികവിലേക്കുയരാന്‍ കഴിയുന്നില്ലെന്ന വിമര്‍ശശരമേല്‍ക്കേണ്ടിയും വന്നു. ബാഴ്സലോണയ്ക്കുവേണ്ടി 194 മത്സരങ്ങളില്‍നിന്ന് 136 ഗോളും അര്‍ജന്റീനയ്ക്കായി 66 കളിയില്‍ 19 ഗോളും നേടി. ലാ ലീഗയിലും ചാമ്പ്യന്‍സ് ലീഗിലും മെസിയുടെ ചിറകേറിയാണ് ബാഴ്സ നേട്ടങ്ങള്‍ കൊയ്തത്. 2011 ഡിസംബറില്‍ ക്ലബ് ലോകകപ്പ് ഫുട്ബോളില്‍ സാന്റോസിനെതിരെ രണ്ടു ഗോള്‍ നേടി ബാഴ്സയെ ചാമ്പ്യന്‍മാരാക്കിയതാണ് ആ മികവിന്റെ അവസാനസാക്ഷ്യം. അഞ്ച് സ്പാനിഷ് ലീഗ് കിരീടം, ഒരു സ്പാനിഷ് കപ്പ്, രണ്ട് ലോക ക്ലബ് കപ്പ്, ഒരു തവണ വീതം ഫിഫ അണ്ടര്‍ 20 ലോകകപ്പ്, ഒളിമ്പിക്സ് കിരീടം.... കൊതിച്ചതില്‍ മെസി ഇനി നേടാനുള്ളത് ലോകകപ്പ് മാത്രം. 2014ല്‍ ബ്രസീല്‍ ആതിഥേയത്വം വഹിക്കുന്ന അടുത്ത ലോകകപ്പ് മെസിക്ക് അതിനുള്ള അവസരമാകുമോ? കാത്തിരിക്കാം

*
ദേശാഭിമാനി 10 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...