Sunday, January 22, 2012

ഹിമാലയം ഇടിയുമ്പോള്‍

അസ്ഥികളെപ്പോലും മരവിപ്പിക്കുന്ന തണുപ്പ്. മേലൊട്ടിക്കിടന്ന സ്വറ്ററുകള്‍ക്കും മുഖംമാത്രം പുറത്തുകാട്ടി വായൂസഞ്ചാരത്തിന് തടയിടുന്ന മങ്കിക്യാപ്പിനും ഹിമാലയന്‍ കാറ്റിനെ പ്രതിരോധിക്കാനാകുന്നില്ല. പത്തുപന്ത്രണ്ട് ദിവസം നീണ്ട യാത്രയിലുടനീളം തണുപ്പിനെ ഒരളവോളം നിയന്ത്രിച്ചത് ഉള്ളിന്റെയുള്ളില്‍ ഓരോ നിമിഷവും പൊട്ടിവിടര്‍ന്ന പേടിപ്പെടുത്തലുകളാണ്. മഞ്ഞ് കനത്തതോടെ ഹിമാലയന്‍ വഴികളില്‍ ആള്‍സഞ്ചാരം തീരെ കുറവ്. കഴിഞ്ഞ മഴയ്ക്കൊപ്പം ഒലിച്ചുപോയ കുന്നുകളുടെ അവശേഷിപ്പുകള്‍ ഊടുവഴികള്‍ക്കുമീതെ മരണത്തിന്റെ കുടചൂടി നിലപ്പുണ്ട്. ഒരു കാറ്റുവീശിയാല്‍ താഴേക്ക് പൊഴിയുമെന്നു ഭയപ്പെടുത്തുന്ന കരിങ്കല്‍ക്കൂട്ടങ്ങള്‍ . ഗോരിഗംഗ നദിയുടെ താഴ്വാരക്കുന്നുകളിലൂടെ വളഞ്ഞും നിവര്‍ന്നും കയറിയിറങ്ങിപ്പോകുന്ന നടപ്പാതകള്‍ . പലേടെത്തും വഴി തീരെയില്ല. ഇടിഞ്ഞിറങ്ങിയ മലകള്‍ക്കുമീതെ വഴിതിരയാന്‍ മണിക്കൂറുകള്‍തന്നെവേണം. കുമയൂണ്‍ ഹിമാലയ പ്രാന്തങ്ങളിലൂടെ കിതച്ചും വിയര്‍ത്തും ഇരുന്നും കയറുമ്പോള്‍ മനസ്സില്‍ ഉടലെടുത്ത നിരവധിചോദ്യങ്ങളുണ്ട്.

നമ്മുടെ ഹിമാലയം മരിക്കുകയാണോ? ഇക്കഴിഞ്ഞ നവംബറിലെ യാത്രയില്‍ കണ്ട കാഴ്ചകള്‍ സന്ദേഹത്തിന് ദൃഢത നല്‍കുന്നു. മണ്ണിടിയാത്ത ഒരു കുന്നുപോലുമില്ല. അതി ഭീതിദമായി കരയെയാകെ മീറ്ററുകളോളം താഴേക്ക് വലിച്ചടുപ്പിക്കാനാകുന്ന ഒഴുക്ക് ഗോരി ഗംഗയില്‍ . ആകാശത്തുനിന്ന മഞ്ഞുമലകള്‍ പലതും മൂക്കുംകുത്തി വീണ് തകര്‍ന്ന് കിടപ്പാണ്. വല്ലപ്പോഴുമെത്തുന്ന സൂര്യവെട്ടത്തിന്റെ ചൂടില്‍ ഉരുകുന്നെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും പൂര്‍വാവസ്ഥയിലേക്ക്. ഹിമാലയന്‍ കുന്നുകളുടെ സമതലങ്ങള്‍ മിക്കതും മുമ്പ് ഗ്രാമങ്ങളാല്‍ സമൃദ്ധമായിരുന്നു. ഗ്രാമങ്ങള്‍ എന്ന വിവക്ഷ അത്രത്തോളം ശരിയല്ലെങ്കിലും പത്തിനും പതിനഞ്ചിനുമിടയ്ക്ക് വീടുകള്‍ ഓരോ സ്ഥലത്തുമുണ്ടായിരുന്നു. ഗോരി ഗംഗ തടങ്ങളില്‍ത്തന്നെ ലിലാം, റില്‍കോട്ട്, ബുക്ധ്യാര്‍ , ബുര്‍ഫു, മര്‍ത്തോളി, പാന്‍ചു, മിലാം, ഇങ്ങനെ ഗ്രാമങ്ങള്‍ പലതും. എന്നാല്‍ , ഇപ്പോള്‍ ഇവ പേരിനുമാത്രം. തകര്‍ന്നടിഞ്ഞ ശിലായുഗ അവശിഷ്ടങ്ങള്‍പോലെ അങ്ങിങ്ങ് ഉയര്‍ന്നുനില്‍ക്കുന്ന കരിങ്കല്‍ത്തൂണുകളും പൊട്ടിപ്പൊളിഞ്ഞ കല്‍ച്ചുവരുകളുമാണ് മിക്കയിടത്തും. സ്ഥിരമായ കാലാവസ്ഥാനുകൂല ഘടകങ്ങളാണ് മുമ്പൊക്കെ കുറെപ്പേരെയെങ്കിലും ഈ ഗ്രാമങ്ങളില്‍ പിടിച്ചുനിര്‍ത്തിയത്. കാലാവസ്ഥ തകിടം മറിഞ്ഞതോടെ ഇവരുടെ നിലനില്‍പ്പും അപകടത്തിലായി. കുമയൂണി കുടുംബങ്ങള്‍ കൂട്ടത്തോടെ കുന്നിറങ്ങുകയാണ്. (ഹിമാലയത്തെ രണ്ടായി തരംതിരിക്കാം. കിഴക്കന്‍ പ്രദേശത്തെ കുമയൂണ്‍ എന്നും വടക്കു പടിഞ്ഞാറിനെ ഗഡ്വാള്‍ എന്നും. കുമയൂണ്‍ പ്രദേശത്തുള്ളവരെ പൊതുവെ കുമയൂണികള്‍ എന്നുവിളിക്കുന്നു) ആഗോള താപനത്തിന്റെ പിരിമുറുക്കം ഹിമാലയന്‍ കുന്നുകളെയും പിടികൂടിക്കഴിഞ്ഞു. കാല്‍ നൂറ്റാണ്ടിനുള്ളില്‍ ഹിമാലയത്തിന്റെ പാരിസ്ഥിതിക സംതുലിതാവസ്ഥ തകിടംമറിയുമെന്ന് അടുത്തിടെയുണ്ടായ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഹിമാലയമിടിയുന്നതും മഞ്ഞുമലകള്‍ക്ക് (ഗ്ലേഷിയേഴ്സ്) അപഭ്രംശം സംഭവിക്കുന്നതും വന്‍ പരിസ്ഥിതി ദുരന്തങ്ങള്‍ക്ക് വഴിവയ്ക്കാവുന്ന കാരണങ്ങളായി പഠനങ്ങള്‍ പറയുന്നു. തെക്കനേഷ്യന്‍ പ്രവിശ്യകളിലെ നദികള്‍ക്ക് അടുത്തിടെ വന്ന ഭീതിദമായ മാറ്റങ്ങളും ഇതിന്റെ തുടക്കമത്രേ. ദശാബ്ദങ്ങളായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തുടരുന്ന കാലാവസ്ഥാനുകൂല ഘടകങ്ങളില്‍ അടിക്കടി അപ്രതീക്ഷിതമായി സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ഇതിന്റെ തുടര്‍ച്ചയാണ്. വായുവിലും മണ്ണിലും ജലത്തിലും അനിയന്ത്രിതമായി പെരുകുന്ന കാര്‍ബണ്‍ , കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് നമ്മുടെ ഹരിതഗൃഹ സംവിധാനത്തെ മുച്ചൂടും ബാധിച്ചുകഴിഞ്ഞു. ഇത് കനത്തതോതില്‍ തുടരുന്നതോടെ ജന്തുജാല പരിണാമ പ്രക്രിയക്കുതന്നെ മാറ്റംവരുമെന്ന് ശാസ്ത്രലോകം ഭയപ്പെടുന്നു. ഇന്ത്യയില്‍ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പര്‍വതക്കൂട്ടമാണ് നന്ദാദേവി. (നന്ദാദേവി ഈസ്റ്റ്, നന്ദാദേവി, നന്ദാ കോട്ട്). പാക് അധിനിവേശ പ്രദേശത്തെ കെ2 ആണ് ഏറ്റവും ഉയരെ. നന്ദാദേവിയിലേക്ക് നടന്ന 11 ദിവസത്തില്‍ മുന്നൂറിലേറെ മലയിടിച്ചിലുകളാണ് എണ്ണിയെടുത്തത്. അതിലേറെയും ഭീകരം. മീറ്ററുകളോളം ഉയരെനിന്ന് താഴേക്കുവീണ മലകള്‍ . ഗോരിഗംഗയുടെ സഞ്ചാരവഴികളില്‍ കൂടുതല്‍ വളവുതിരിവുകള്‍ വീഴ്ത്തിയാണ് പര്‍വതങ്ങള്‍ ഇടിഞ്ഞുവീണത്. പൊതുവെ ക്ലൈമാക്സ് വെജിറ്റേഷന്‍ (പരമമായ വളര്‍ച്ച) സംഭവിക്കാത്ത ഇളംതലമുറ കുന്നുകളാണ് ഹിമാലയത്തിന്റേത്. ആഗോള താപനത്തിന്റെ ഭാഗമായ കാലാവസ്ഥാ വ്യതിയാനം എങ്ങനെയൊക്കെ ഈ കുന്നുകളെ ബാധിക്കുമെന്ന് കണ്ടറിയണം. ഇന്ത്യ മാത്രമല്ല, ചൈന, നേപ്പാള്‍ , ടിബറ്റ് തുടങ്ങിയ പ്രദേശങ്ങളിലേക്കും ഭീതിപടര്‍ത്തിയാണ് മലകള്‍ ഇടിഞ്ഞുതുടങ്ങുന്നത്.

അഞ്ചുലക്ഷം ചതുരശ്ര കിലോമീറ്ററിലേറെ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശങ്ങളില്‍ ഭൂമികുലുക്കം, മണ്ണിടിച്ചില്‍ , മഞ്ഞിടിച്ചില്‍ എന്നിവ നിത്യസംഭവമായിട്ടുണ്ട്. മലതുരന്നും നദികളുടെ വഴിമുടക്കിയും നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ ദുര്യോഗത്തിന് നല്‍കുന്ന സംഭാവന തീരെ ചെറുതല്ല. ഉറപ്പില്ലാത്ത പര്‍വതസാനുക്കളില്‍ കെട്ടിയുയര്‍ത്തുന്ന അണക്കെട്ടുകളും വെട്ടിയൊരുക്കുന്ന റോഡുകളും വന്‍ ദുരന്തത്തിന്റെ മുന്നറിയിപ്പാണ് നല്‍കുന്നത്. തെക്കനേഷ്യന്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ പ്രതിവര്‍ഷ താപവര്‍ധന 3.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു. എന്നാല്‍ ,ടിബറ്റ് അടക്കമുള്ള സമീപപ്രദേശങ്ങളില്‍ ഈ അളവ് 3.8 ഡിഗ്രിയായി ഉയര്‍ന്നു. ടിബറ്റന്‍ പീഠഭൂമിയിലുണ്ടായ ഈ ഉഷ്ണവര്‍ധനയാണ് ഹിമാലയന്‍ മഞ്ഞുമലകളുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. നന്ദാദേവി ബേസ് ക്യാമ്പിലേക്കുള്ള യാത്ര തുടങ്ങുന്നത് ബുര്‍ഫു ഗ്രാമത്തിന്റെ മറുവശമുള്ള പുല്‍മേട് കടന്ന് മര്‍ത്തോളി ഗ്രാമത്തിലൂടെയാണ്. ഇന്തോ-ടിബറ്റ് വ്യാപാര ബന്ധങ്ങളുടെ ഇടത്താവളമായിരുന്നു ഒരുകാലത്ത് മര്‍ത്തോളി. ഇപ്പോള്‍ ഇവിടം പേരില്‍മാത്രം ഒതുങ്ങുന്നു. അമ്പതോളം കുടുംബം ഗ്രാമം വിട്ടിട്ട് വര്‍ഷങ്ങളാകുന്നു. കാറ്റില്‍ പറന്നുപോയ മേല്‍പ്പുരകളും തകര്‍ന്ന ചുവരും പുറത്തേക്ക് തലയാട്ടിക്കളിക്കുന്ന കാട്ടുചെടികളും നിറഞ്ഞ് അപസര്‍പ്പക കഥയുടെ ഭീതിപരത്തുന്ന പശ്ചാത്തലമാണ് മര്‍ത്തോളിയില്‍ . ഗ്രാമത്തോട് ചേര്‍ന്നുള്ള മര്‍ത്തോളിക്കുന്ന് താഴേക്ക് പതിച്ചിട്ട് കാലമേറെയാകുന്നു. അതിസാഹസം കാട്ടിയാലേ ഇപ്പോള്‍ ഇതിന്റെ അടിവാരമെത്താനാകൂ. ഒരു മഴക്കാലത്തിനുവേണ്ടിയാകണം മര്‍ത്തോളി കാത്തിരിക്കുന്നത്, താഴെ കൂലംകുത്തിയൊഴുകുന്ന ഗോരിഗംഗയില്‍ വിലയം പ്രാപിക്കാന്‍ .

കുന്നിറങ്ങുമ്പോള്‍ മലമുകളില്‍നിന്ന് കഴുതക്കൂട്ടവുമായി ഒരു ഗ്രാമം താഴേക്കുവരുന്നു. എല്ലാം പെറുക്കിക്കെട്ടിയാണ് അവരുടെ കുന്നിറക്കം. മുന്‍ വര്‍ഷത്തേക്കാള്‍ താങ്ങാന്‍ പറ്റാത്ത തണുപ്പ്, ചെറുകിട കൃഷിയെയാകെ തകര്‍ത്തെറിയുന്ന കാറ്റ്, പാല് മരവിച്ച പശുക്കള്‍ , വാരിയെറിയുംപോലെ താഴേക്ക് പതിക്കുന്ന കൂറ്റന്‍ പാറകള്‍ ... ഗ്രാമം ഉപേക്ഷിക്കുന്നതിന് അവര്‍ പറഞ്ഞ കാരണങ്ങളില്‍ ചിലതുമാത്രമാണിവ. ഇനി അടുത്ത ജൂണ്‍വരെ മറ്റെവിടെയെങ്കിലും താവളം തേടിയാണ് ഇവരുടെ യാത്ര. "തിരികെ വരുമ്പോള്‍ ഗ്രാമമാകെ ഉപയോഗശൂന്യമായിട്ടുണ്ടാകും." ഗ്രാമ മുഖ്യനെന്നു തോന്നിച്ചയാള്‍ ഇത്രയും പറഞ്ഞ് താഴേക്ക് നടക്കുകയാണ്. അറിയാതെ മനസ്സില്‍ പറഞ്ഞു, ഇനി വരുമ്പോര്‍ ഈ ഹിമാലയംതന്നെ കാണാനുണ്ടാകുമോ?

*
കെ ആര്‍ അജയന്‍ ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നമ്മുടെ ഹിമാലയം മരിക്കുകയാണോ? ഇക്കഴിഞ്ഞ നവംബറിലെ യാത്രയില്‍ കണ്ട കാഴ്ചകള്‍ സന്ദേഹത്തിന് ദൃഢത നല്‍കുന്നു. മണ്ണിടിയാത്ത ഒരു കുന്നുപോലുമില്ല. അതി ഭീതിദമായി കരയെയാകെ മീറ്ററുകളോളം താഴേക്ക് വലിച്ചടുപ്പിക്കാനാകുന്ന ഒഴുക്ക് ഗോരി ഗംഗയില്‍ . ആകാശത്തുനിന്ന മഞ്ഞുമലകള്‍ പലതും മൂക്കുംകുത്തി വീണ് തകര്‍ന്ന് കിടപ്പാണ്. വല്ലപ്പോഴുമെത്തുന്ന സൂര്യവെട്ടത്തിന്റെ ചൂടില്‍ ഉരുകുന്നെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും പൂര്‍വാവസ്ഥയിലേക്ക്.