ഇരിങ്ങാലക്കുടയില്‍നിന്ന് കൊടുങ്ങല്ലൂര്‍ റോഡിലൂടെ രണ്ടു കിലോമീറ്റര്‍ പോയാല്‍ 'കോലോത്തുംപടി'. അവിടെ ഇടത്തോട്ടുള്ള ഇടവഴി ചെന്നുമുട്ടുന്നിടത്തെ ഇടത്തേ വീട്ടില്‍ എഴുതപ്പെട്ട ചരിത്രത്തിന്റെ അഗ്നിവര്‍ണ്ണലിഖിതങ്ങളില്‍ അടയാളപ്പെടുത്തിയ ഒരാള്‍. സഹനവും സമരവും ത്യാഗങ്ങളും എന്തെന്ന് ഓര്‍മ്മപ്പെടുത്തുന്ന ജീവിതമുദ്ര പേറുന്ന യോദ്ധാവ്. കല്ലുങ്ങല്‍ വേലാണ്ടി ഉണ്ണി എന്ന കെ വി ഉണ്ണി. നാട്ടുകാരുടെ 'ഉണ്ണിയേട്ടന്‍'. കുട്ടംകുളം സമരനായകന്‍.
എണ്‍പത്തിയെട്ടിലും ഇന്നലെകളുടെ പോരാട്ടവീര്യം അകക്കണ്ണുകളില്‍ ഒളിമിന്നുന്നുണ്ട്. കാലത്തെ നോക്കി കാറിത്തുപ്പിയ ഒരു മനുഷ്യന്റെ ധീരധിക്കാരം ബലക്ഷയം വരാത്ത മനസിലിപ്പോഴും. ചരിത്രത്തെ മാറ്റിക്കുറിച്ചവരുടെ ആത്മസാക്ഷ്യം. യൗവനതീക്ഷ്ണനാളുകളിലേറ്റ കഠിന മര്‍ദ്ദനത്തിന്റെ ബാക്കിപത്രമായ അലോസരമുണ്ട് ദേഹമൊട്ടാകെ. എങ്കിലും സമരമുഖത്തെ പോരാട്ടം എണ്ണിയെണ്ണി പറയുമ്പോള്‍ മനസ്സിലാവും ഓര്‍മ്മകള്‍ ദൃഢമാണ്. നാട്ടുകൂട്ടത്തെ കാണാനും വര്‍ത്തമാനം പറയാനും ഇഷ്ടമെങ്കിലും അനുസരിക്കാത്ത ശരീരം പക്ഷേ വഴിമുടക്കുന്നു.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്കുള്ള വഴിയിലെ വലതുവശത്തെ കുളത്തിന് 'കുട്ടംകുളം' എന്ന് വിളിപ്പേര്. കിഴക്കെ കുളക്കരയുടെ മതിലിനോട് ചേര്‍ന്ന് ഒരു 'തീണ്ടല്‍പ്പലക' ഉണ്ടായിരുന്നു. അതില്‍ ഒരു അറിയിപ്പുണ്ടായിരുന്നു. ചരിത്രരേഖകളില്‍ നമുക്കിത് ഇങ്ങനെ വായിക്കാം:
''കൊച്ചി സംസ്ഥാനത്ത് ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് കോടതിയില്‍ നിന്ന് ക്രിമിനല്‍ നടപടി 125-ാം വകുപ്പ് പ്രകാരം എല്ലാവരും അറിയുന്നതിനായി പരസ്യപ്പെടുത്തുന്നതെന്തെന്നാല്‍, കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള മതില്‍ക്ക് പുറമേക്കൂടിയും കുളത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറുമുള്ള വഴിയില്‍കൂടിയും ഹിന്ദുക്കളില്‍ തീണ്ടല്‍ ജാതിക്കാര്‍ സഞ്ചരിക്കുന്നതിനാല്‍ ക്ഷേത്രവും അതിനകത്തുള്ള തീര്‍ഥവും കുട്ടംകുളവും അശുദ്ധമാകുന്നതായും അതിനാല്‍ പലപ്പോഴും പുണ്യാഹത്തിനും മറ്റും ഇടവരുന്നതായും നമുക്ക് അറിവായിരിക്കുന്നതിനാല്‍ മേല്പറഞ്ഞ വഴികളില്‍കൂടി തീണ്ടല്‍ ജാതിക്കാര്‍ ഗതാഗതം ചെയ്തുപോകരുതെന്ന് നാം ഇതിനാല്‍ ഖണ്ഡിതമായി കല്പിച്ചിരിക്കുന്നു''.
ഈ ഉത്തരവ് മാറ്റിക്കിട്ടുന്നതിനും അയിത്തജാതിക്കാര്‍ക്ക് വഴിനടക്കാനും വേണ്ടിയായിരുന്നു ഐതിഹാസികമായ കുട്ടംകുളം സമരം. സ്വാതന്ത്ര്യപ്പുലരിക്ക് തൊട്ട് തലേവര്‍ഷം കമ്മ്യൂണിസ്റ്റുകാര്‍ മുന്‍കൈയെടുത്ത് നടത്തിയതായിരുന്നു കുട്ടംകുളം സമരം.
1946 -ല്‍ ഇരിങ്ങാലക്കുട ബോയ്‌സ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ പി കെ ചാത്തന്‍മാസ്റ്ററുടെ നേതൃത്വത്തില്‍ സമസ്ത കൊച്ചി പുലയമഹാസഭയുടെ വാര്‍ഷിക സമ്മേളനം ചേര്‍ന്നു. ഇരിങ്ങാലക്കുട നഗരത്തെ പച്ചക്കടലാക്കിയ പ്രകടനവുമുണ്ടായിരുന്നു. ആയിരക്കണക്കിന് പുലയ സ്ത്രീകള്‍ ശുഭ്രവസ്ത്രധാരികളായി പ്രകടനത്തില്‍ പങ്കുകൊണ്ടു. കെ വി കാളി (പിന്നീട് ചാത്തന്‍മാസ്റ്റര്‍ വിവാഹം കഴിച്ച് ജീവിതസഖിയാക്കി), കെ കെ അയ്യപ്പന്റെ ഭാര്യ കാളി, കെ കെ ചക്കി എന്നിവരടങ്ങിയ സമ്മേളന പ്രചരണ സംഘത്തിന്റെ നേര്‍ക്ക് കൂടല്‍മാണിക്യം ക്ഷേത്രപരിസരത്തുവെച്ച് സവര്‍ണ്ണര്‍ മുറുക്കിത്തുപ്പി. പുലയസ്ത്രീകള്‍ സാരി ധരിച്ചതാണ് സവര്‍ണ്ണരെ പ്രകോപിപ്പിച്ചത്. പുലയ യുവാക്കളുടെ സൈക്കിള്‍റാലിക്ക് നേരെയും കൈയേറ്റം ഉണ്ടായി. നാടെങ്ങും പ്രതിഷേധം ഇരമ്പി. പി കെ കുമാരന്റെ നേതൃത്വത്തില്‍ ജനം കുട്ടംകുളം റോഡിലേക്ക് മാര്‍ച്ച് ചെയ്തു. ജാഥാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ചു. കൂടല്‍മാണിക്യം ക്ഷേത്രപരിസരത്തെ റോഡുകളില്‍ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്ന 1086ലെ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിന്റെ കല്പനയ്ക്ക് നിയമസാധുതയില്ലെന്നും ഇപ്രകാരമൊരു ശാശ്വത നിരോധനം നല്കുവാന്‍ ഗവര്‍മെന്റിന് അധികാരമില്ലെന്നും പ്രജാമണ്ഡലം പാര്‍ട്ടി ലീഡര്‍ പനമ്പിള്ളി ഗോവിന്ദമേനോന്‍ ദിവാനെ സന്ദര്‍ശിച്ച് ധരിപ്പിച്ചു. ക്ഷേത്രപ്രവേശന പ്രക്ഷോഭം ശക്തമാക്കണമെന്ന് എസ് എന്‍ ഡി പിയും തീരുമാനമെടുത്തു.
1946 ജൂലൈ 6 ന് ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് വിവിധ സംഘടനകളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും ആഭിമുഖ്യത്തില്‍ വലിയൊരു പൊതുയോഗം സംഘടിപ്പിക്കപ്പെട്ടു. പ്രജാമണ്ഡലം നേതാവായിരുന്ന പുതൂര്‍ അച്യുതമേനോനായിരുന്നു യോഗാദ്ധ്യക്ഷന്‍. 1086ലെ നിരോധന ഉത്തരവിന് പ്രാബല്യമുണ്ടോ എന്നറിയാന്‍ കുട്ടംകുളം റോഡിലേക്ക് പോവുകയാണെന്ന് പി ഗംഗാധരന്‍ പ്രഖ്യാപിച്ചു. അതോടെ പ്രതിഷേധം രേഖപ്പെടുത്തി പുതൂര്‍ അച്യുതമേനോന്‍ ജനകീയമാര്‍ച്ചില്‍നിന്ന് പിന്‍വാങ്ങിയതായി യോഗത്തെ അറിയിച്ചു. മൈതാനത്ത് തടിച്ചുകൂടിയ പുരുഷാരം പി ഗംഗാധരന്റെ പ്രഖ്യാപനം കേട്ടതോടെ ആവേശംകൊണ്ട് തിളച്ചുമറിഞ്ഞു. ജാതിയും മതവും രാഷ്ട്രീയവും മറന്ന് ജനങ്ങള്‍ കുട്ടംകുളം റോഡ് ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു. പി ഗംഗാധരനും കെ വി ഉണ്ണിയുമായിരുന്നു നേതൃനിരയില്‍. തീണ്ടല്‍ ബോര്‍ഡിനടുത്തെത്തിയ ജാഥയെ സായുധരായ പോലീസ് സംഘം തടഞ്ഞു. നിരോധനം ഉണ്ടെങ്കില്‍ കാട്ടിത്തരണമെന്ന് ഗംഗാധരനും ഉണ്ണിയും ശഠിച്ചു. വാക്ക്തര്‍ക്കത്തിനിടയില്‍ സബ് ഇന്‍സ്‌പെക്ടര്‍ ശങ്കുണ്ണി പി ഗംഗാധരനെ പിടിച്ചുതള്ളി. ഇതോടെ ജനം ഇളകിമറിഞ്ഞു. ജനങ്ങള്‍ക്കുനേരെ പോലീസ് ലാത്തിയും ബയനറ്റും ഉപയോഗിച്ചു. അനേകര്‍ക്ക് പരിക്കുപറ്റി. റോഡില്‍ ചോര തളംകെട്ടി കിടന്നു. കെ വി ഉണ്ണിയെയും ഗംഗാധരനെയും ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പിന്നീട് ഇരുവരുടെയും കൈകള്‍ തമ്മില്‍ കൂട്ടിക്കെട്ടി രണ്ടു കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക്. 33 പേര്‍ക്കെതിരെ കേസ്സെടുത്ത് അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പാര്‍ട്ടി നേതൃത്വത്തിലുള്ള ബീഡി തൊഴിലാളിയൂണിയന്റെയും സജീവ പ്രവര്‍ത്തകരായിരുന്നു പ്രതികളെല്ലാം. പി കെ കുമാരന്‍, പി കെ ചാത്തന്‍ മാസ്റ്റര്‍, എം കെ കാട്ടുപറമ്പന്‍ എന്നീ സഖാക്കളായിരുന്നു കുട്ടംകുളം സമരത്തിന്റെ അണിയറയില്‍. പനമ്പിള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തിലുള്ള കൊച്ചി മന്ത്രിസഭ അധികാരത്തില്‍ വന്നതോടെയാണ് കേസ്സ് പിന്‍വലിക്കുന്നതും പുറത്തുവരുന്നതും.
ഒളിവില്‍പോയ ഉണ്ണി മൂന്നു വര്‍ഷത്തിനൊടുവില്‍ 'ഷെല്‍ട്ടര്‍ പൊളിഞ്ഞ്' പോലീസ് പിടിയിലായി. മര്‍ദ്ദനത്തിന് പേരുകേട്ട കേന്ദ്രമായിരുന്നു അന്ന് ഇരിങ്ങാലക്കുട സബ്ബ് ജയില്‍. കമ്മ്യൂണിസ്റ്റുകാരെ തല്ലാന്‍വേണ്ടിമാത്രം പ്രത്യേകം പോലീസ് സംഘം ജയിലില്‍ സംഘടിപ്പിച്ചിരുന്നു. തല്ലുകൊടുക്കേണ്ടവരെ അവിടേക്ക് എത്തിക്കുകയായിരുന്നു. അങ്ങനെ എത്തിപ്പെട്ടവരായിരുന്നു വി വി രാഘവനും ഇ ഗോപാലകൃഷ്ണമേനോനും കെ കെ വാര്യരും സി ജനാര്‍ദ്ദനനും. ജോര്‍ജ്ജ് ചടയംമുറിയും ആര്‍ വി രാമന്‍കുട്ടിവാര്യരുമൊക്കെ ഒളിവു ജീവിതത്തിലെ സഖാക്കളായിരുന്നു. ചടയംമുറി ഒപ്പം കൊണ്ടുനടന്നിരുന്ന ബാഗിന്റെ കഥ പറയും ഉണ്ണിയേട്ടന്‍. അനാമത്ത് സാധനങ്ങളുടെ കൂട്ടത്തില്‍ തേയിലയും പഞ്ചസാരയും ഉണ്ടാകും. തരംകിട്ടുമ്പോള്‍ അനത്തികുടിക്കാന്‍. ഒളിവിലുള്ള കമ്മ്യൂണിസ്റ്റുകാരെ പിടിക്കാന്‍വേണ്ടി നാട്ടുകാരെ ചേര്‍ത്ത് പോലീസുണ്ടാക്കിയ 'പൊതുരക്ഷാ കമ്മിറ്റി' സദാ പിന്തുടര്‍ന്നിരുന്നു. അതിനെയെല്ലാം അതിജീവിച്ചു കൊണ്ടായിരുന്നു ഒളിവുജീവിതം.
ജീവിച്ചിരിക്കുന്ന ധീരരായ രണ്ടു വനിതാ സഖാക്കളെ കുറിച്ച് ഉണ്ണിയേട്ടന്‍ പറയുന്നുണ്ട്. കെ വി കാളിയും (ചാത്തന്‍മാസ്റ്ററുടെ ഭാര്യ) പി സി കുറുമ്പയും. പുല്ലൂര്‍ കശുവണ്ടി കമ്പനിയിലെ ജീവനക്കാരിയും യൂണിയന്‍ പ്രവര്‍ത്തകയുമായിരുന്നു പി സി കുറുമ്പ. ഭര്‍ത്താവ് ചാത്തനെ കാണിച്ചുകൊടുക്കാന്‍ പറഞ്ഞ് പോലീസ് 'പോത്തിനെ തല്ലുംപോലെ തല്ലി പഞ്ചറാക്കി'. മലര്‍ത്തികിടത്തി കാല്‍മുട്ടുകള്‍ക്ക് മുകളില്‍ കയറിനിന്ന് കാല്‍വെള്ളയില്‍ ചൂരലുകൊണ്ടടിച്ചു. ചാത്തനെയും കുറുമ്പയെയും പോലീസ് പിടിച്ച് ജയിലിലാക്കി. യു പി ആര്‍ മേനോന്‍ എന്ന നരാധമനായ പോലീസ് ഓഫീസര്‍ ജയിലിലെ ചെറിയ ഹാളില്‍ കമ്പിറാന്തലിന്റെ വെളിച്ചത്തില്‍ പി കെ കുമാരനെയും കുറുമ്പയെയും നഗ്നരാക്കി നിര്‍ത്തി 'പോലീസ്തമാശ' നടത്തി. ഉണ്ണിയേട്ടനും സഖാക്കളും ജയിലഴികള്‍ക്കുള്ളില്‍. ഭര്‍ത്താവ് നേരത്തെ മരിച്ച കുറുമ്പ നടവരമ്പ് ഗ്രാമത്തിലെ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്നു.
അവര്‍ണ്ണരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന പാലിയം സമരത്തിലും കെ വി ഉണ്ണി പങ്കെടുത്തു. നിരോധനം നീക്കി പാര്‍ട്ടി നിയമവിധേയമായതോടെ പുറത്തുവന്ന ഉണ്ണി പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം നിരവധി തൊഴിലാളി സംഘടനകള്‍ കെട്ടിപ്പെടുത്തു. മുനിസിപ്പല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, ഓട്ടുപാത്ര നിര്‍മ്മാണ തൊഴിലാളി യൂണിയന്‍, ചെത്തു തൊഴിലാളി യൂണിയന്‍, പീടിക തൊഴിലാളി യൂണിയന്‍ എന്നിങ്ങനെ. 1956 മുതല്‍ 6 വര്‍ഷം ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു. സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചു. ഇരിങ്ങാലക്കുട റേഞ്ച് ചെത്തുതൊഴിലാളിയൂണിയന്റെ പ്രസിഡണ്ടായി ഇന്നും കര്‍മ്മനിരതനാണ് ഉണ്ണിയേട്ടന്‍.
*
എസ് വസന്തന്‍ ജനയുഗം 21 ജനുവരി 2012
Subscribe to:
Post Comments (Atom)
1 comment:
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്കുള്ള വഴിയിലെ വലതുവശത്തെ കുളത്തിന് 'കുട്ടംകുളം' എന്ന് വിളിപ്പേര്. കിഴക്കെ കുളക്കരയുടെ മതിലിനോട് ചേര്‍ന്ന് ഒരു 'തീണ്ടല്‍പ്പലക' ഉണ്ടായിരുന്നു. അതില്‍ ഒരു അറിയിപ്പുണ്ടായിരുന്നു. ചരിത്രരേഖകളില്‍ നമുക്കിത് ഇങ്ങനെ വായിക്കാം:
''കൊച്ചി സംസ്ഥാനത്ത് ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് കോടതിയില്‍ നിന്ന് ക്രിമിനല്‍ നടപടി 125-ാം വകുപ്പ് പ്രകാരം എല്ലാവരും അറിയുന്നതിനായി പരസ്യപ്പെടുത്തുന്നതെന്തെന്നാല്‍, കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള മതില്‍ക്ക് പുറമേക്കൂടിയും കുളത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറുമുള്ള വഴിയില്‍കൂടിയും ഹിന്ദുക്കളില്‍ തീണ്ടല്‍ ജാതിക്കാര്‍ സഞ്ചരിക്കുന്നതിനാല്‍ ക്ഷേത്രവും അതിനകത്തുള്ള തീര്‍ഥവും കുട്ടംകുളവും അശുദ്ധമാകുന്നതായും അതിനാല്‍ പലപ്പോഴും പുണ്യാഹത്തിനും മറ്റും ഇടവരുന്നതായും നമുക്ക് അറിവായിരിക്കുന്നതിനാല്‍ മേല്പറഞ്ഞ വഴികളില്‍കൂടി തീണ്ടല്‍ ജാതിക്കാര്‍ ഗതാഗതം ചെയ്തുപോകരുതെന്ന് നാം ഇതിനാല്‍ ഖണ്ഡിതമായി കല്പിച്ചിരിക്കുന്നു''.
Post a Comment