Tuesday, January 24, 2012

മാലിന്യത്തെ രാഷ്ട്രീയ ആയുധമാക്കരുത്

വിളപ്പില്‍ശാല മാലിന്യ സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പ്രശ്നങ്ങളെ നഗരവും ഗ്രാമവും തമ്മിലുളള സംഘര്‍ഷമായി അവതരിപ്പിക്കപ്പെടുന്ന സാഹചര്യം ദൗര്‍ഭാഗ്യകരമാണ്. തിരുവനന്തപുരം നഗരത്തിലെ 10 ലക്ഷം ജനങ്ങളുത്പാദിപ്പിക്കുന്ന മാലിന്യം വിളപ്പില്‍ ഗ്രാമ പഞ്ചായത്തിലെ ജനങ്ങളുടെ മേല്‍ വലിച്ചെറിയാനുളളതല്ല എന്ന രീതിയിലാണ് പ്രശ്നങ്ങളവതരിപ്പിക്കപ്പെടുന്നത്. കേരള സമൂഹത്തിന്റെ വികസനത്തെ പറ്റിയുളള ദീര്‍ഘസ്ഥായിയായ സമീപനങ്ങളെ പറ്റിയോ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ട കരുതലുകളെ പറ്റിയോ ഒരു ചര്‍ച്ചയും ഉണ്ടാകുന്നില്ല എന്നതാണു സത്യം. എന്തിന്, ഒരു ശുചിത്വനയം നമുക്കുണ്ടാകേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചോ അതിലെന്തെല്ലാം അടങ്ങിയിരിക്കണമെന്നതിനെക്കുറിച്ചോ ആരും ചര്‍ച്ച ചെയ്യുന്നില്ല. യഥാര്‍ത്ഥത്തില്‍ വിളപ്പില്‍ശാലയിലെ പ്രശ്നത്തെ സമീപിക്കേണ്ടത് കേരളത്തിന്റെ വികസനത്തെ പറ്റിയുളള, അതിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാകണം.

കേരളം പോലെ നഗരവും ഗ്രാമവും വ്യവഛേദിക്കാന്‍ പ്രയാസമനുഭവിക്കുന്ന ഒരു സമൂഹത്തിന്റെ വികസനാസൂത്രണത്തിന്റെ ഭാഗമാകണം. അതുണ്ടാകാതിരിക്കുന്നതില്‍ പ്രശ്നങ്ങളെ ഉപരിതലത്തില്‍ മാത്രം സമീപിക്കുകയും വൈകാരിക തലത്തിനപ്പുറത്തേയ്ക്കൊട്ടും പോകാനാഗ്രഹിക്കാതിരിക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ പങ്ക് ചെറുതല്ല. വികസനത്തിന് സമവായം ഉണ്ടാകണമെന്നും പൊതുതാത്പര്യങ്ങളുടെ വിശാലതലത്തില്‍ നിന്നുകൊണ്ടു വേണം പ്രവര്‍ത്തിക്കേണ്ടതെന്നും പറയുന്നവര്‍ക്ക് അതിനുളള സാഹചര്യം സൃഷ്ടിക്കാനുളള ബാധ്യതയുണ്ട്. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാരും അതിന്റെ നായകനായ ഉമ്മന്‍ചാണ്ടിയും വളരെ അപകടകരമായാണ് വിളപ്പില്‍ശാലയിലെ പ്രശ്നത്തെ സമീപിച്ചത്. എന്നു മാത്രമല്ല ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രകടിപ്പിക്കേണ്ട ഉത്തരവാദിത്വമോ, പക്വതയോ ഇല്ലാതെ പ്രഖ്യാപനങ്ങള്‍ നടത്തുകയാണ് അദ്ദേഹം ചെയ്തത്. വിളപ്പില്‍ശാലയിലെ പ്ലാന്റ് പൂട്ടുകയാണെന്നും ബദല്‍ സംവിധാനം മൂന്നു മാസത്തിനകം ഉണ്ടാക്കുമെന്നും ബോണക്കാട്ടും കോവളത്തും പിന്നീട് നെട്ടുകാല്‍ത്തേരിയിലും പൈറോലിസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി അതില്‍ നിന്നൊക്കെ പിന്നോക്കം പോയിരിക്കുന്നു. പകരം സംവിധാനം ഒന്നും തന്നെ ഏര്‍പ്പെടുത്താതെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന പ്ലാന്റു പൂട്ടുന്നതിന് തീരുമാനിച്ച മുഖ്യമന്ത്രിയുടെ തീരുമാനം പരസ്പര ധാരണയുടേയും സമവായത്തിന്റേയും അടിസ്ഥാനത്തിലുളള പ്രശ്ന പരിഹാര സാധ്യതകള്‍ ഇല്ലാതാക്കി. ഇത് ബോധപൂര്‍വവും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതുമാണെന്ന് വസ്തുതകള്‍ പരിശോധിക്കുന്ന ആര്‍ക്കും വ്യക്തമാകും.

ബഹു.സുപ്രീംകോടതിയില്‍ പരിസ്ഥിതി പ്രവര്‍ത്തകനായ അല്‍മിത്ര.എച്ച്.പട്ടേലും മറ്റു ചിലരും ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിന് എതിരെ നല്‍കിയ കേസില്‍ ഒരു ലക്ഷത്തിലധികം ജനങ്ങളുളള നഗരങ്ങളിലെല്ലാം സ്വന്തമായി ഖരമാലിന്യ സംസ്കരണ സംവിധാനം ഉണ്ടാകണം എന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ച പശ്ചാത്തലത്തിലാണ്, വിളപ്പില്‍ശാലയില്‍ തിരുവനന്തപുരം നഗരസഭ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചതാണ് വിളപ്പില്‍ പഞ്ചായത്തിലുളള നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റ്. മുനിസിപ്പല്‍ സോളിഡ് വേസ്റ്റ് (മാനേജ്മെന്റ് ആന്റ് ഹാന്‍ഡ്ലിങ്) റൂള്‍സ് 2000 അനുസരിച്ച് പൊതു - സ്വകാര്യ പങ്കാളിത്തത്തോടെയാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുളളത്. തുടക്കത്തില്‍ 12.5 ഏക്കര്‍ സ്ഥലമാണുണ്ടായിരുന്നത്. ഇപ്പോള്‍ അത് 46 ഏക്കറായി വര്‍ധിപ്പിച്ചു. ജനവാസം കുറഞ്ഞ, സവിശേഷമായ ഭൂഘടനയുളള, വ്യക്ഷങ്ങളും മറ്റു സസ്യങ്ങളും നിറഞ്ഞ ഈ പ്രദേശം ഇത്തരം ഒരു പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് വളരെ അനുയോജ്യമാണെന്ന് കണ്ടെത്തിയത് സുപ്രീം കോടതി നിയോഗിച്ച ടെക്നിക്കല്‍ കമ്മിറ്റിയാണ്.

ഇവിടെ 8247.76 ചതുരശ്ര മീറ്ററില്‍ സ്ഥിതി ചെയ്യുന്ന കംപോസ്റ്റിക് പ്ലാന്റിന്റെ 60 ശതമാനം സ്ഥലം മാലിന്യത്തെ കംപോസ്റ്റാക്കുന്ന പ്രവൃത്തിക്കാണ് വിനിയോഗിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ പ്രകാരം പ്രതിദിനം 155 ടണ്‍ മാലിന്യം സംസ്കരിക്കുന്നതിന് ഈ സ്ഥലം പര്യാപ്തമാണ്. ഇതിനോടൊപ്പം 37 ടണ്‍ മാലിന്യം സംസ്കരിക്കുന്ന സംവിധാനം കൂടി നഗരസഭ സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രതിദിനം 192 ടണ്‍ മാലിന്യം സംസ്കരിക്കുന്നതിനുള്ള ശേഷി പ്ലാന്റിനുണ്ട്. ഓരോ ഘട്ടത്തിലും പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു കൊണ്ട് പ്ലാന്റു മൂലം ജനജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ പരിസ്ഥിതിയുടെ സംരക്ഷണത്തിനും മാലിന്യത്തിന്റെ ഏറ്റവും ശാസ്ത്രീയ സംസ്കരണത്തിനും വേണ്ട നടപടികള്‍ നഗരസഭ നടപ്പാക്കിയിട്ടുണ്ട്; പ്ലാന്റില്‍ കുന്നുകൂടിയിരുന്ന മാലിന്യം ക്യാപ്പ് ചെയ്ത് സുരക്ഷിതമാക്കിയിട്ടുണ്ട്. പ്ലാന്റില്‍ എത്തുന്നത് കൂടുതലും ജൈവമാലിന്യമായതിനാലും കേരളത്തിലെ മഴയുടെ അളവു കൂടുതലായതിനാലും മാലിന്യത്തില്‍ നിന്നും ലീച്ചേറ്റിന്റെ അളവു കൂടുതലാണ്. ലീച്ചേറ്റ് മൂലം ജലസ്രോതസുകള്‍ മലിനപ്പെടരുതെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ രണ്ടാമത്തെ ലീച്ചേറ്റ് ട്രീറ്റ്മെന്റ് പ്ലാന്റ്, വേണ്ടത്ര പരിശോധനകളുടെ അടിസ്ഥാനത്തില്‍ നിര്‍മിച്ചു കൊണ്ടിരിക്കുകയാണ്. പരമാവധി 45 ദിവസത്തിനകം ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയും.
കംപോസ്റ്റിങ്ങിനു ശേഷം ഉണ്ടാകുന്ന റിജക്റ്റ്സ് സംസ്ക്കരിക്കുന്നതിനു വേണ്ടി മുനിസിപ്പല്‍ സോളിഡ് വേസ്റ്റ് റൂള്‍സ് 2000 പ്രകാരം സാനിട്ടറി ലാന്റ് ഫില്‍ നിര്‍മ്മാണവും പൂര്‍ത്തീകരണ ഘട്ടത്തിലാണ്. വിളപ്പില്‍ശാല പ്ലാന്റ് നിര്‍മ്മിച്ചത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയോടെയാണ്. ലീച്ചേറ്റ് ട്രീറ്റ്മെന്റ് പ്ലാന്റ്, സാനിട്ടറി ലാന്റ് ഫില്‍ , ക്യാപ്പിംഗ് തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. 197 ടണ്‍ മാലിന്യം സംസ്കരിക്കുന്നതിനു ശേഷിയുളള പ്ലാന്റില്‍ ഇപ്പോള്‍ 140 ടണ്‍ ജൈവമാലിന്യമാണ് ശരാശരി എത്തുന്നത്. ഇതിന്റെ അളവ് പരാമവധി കുറയ്ക്കുക, പ്ലാസ്റ്റിക് മാലിന്യം പൂര്‍ണ്ണമായും പ്രത്യേകമായി സംസ്കരിക്കുക എന്നതാണ് നഗരസഭയുടെ പ്രവര്‍ത്തന പദ്ധതി. വികേന്ദ്രീകൃതമായ മാലിന്യ സംസ്കരണത്തിന്റെ വിവിധ രീതികള്‍ നടപ്പാക്കുന്നതിനുളള നടപടികള്‍ നഗരസഭ ആരംഭിച്ചിട്ടുണ്ട്. 2012 പദ്ധതികാലയളവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും 80 ലക്ഷം രൂപ ഇതിനായി മാറ്റി വച്ചു. വിവിധ പദ്ധതികളില്‍ ഭേദഗതി വരുത്തിക്കൊണ്ട് 5 കോടി രൂപയും ഇപ്പോള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായി പൊതുസ്ഥാപനങ്ങളില്‍ ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതിനുളള എസ്റ്റിമേറ്റിന് നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. അതിനോടൊപ്പം ഒരു ലക്ഷം വീടുകളില്‍ മാലിന്യ സംസ്കരണത്തിനുളള സംവിധാനം ആരംഭിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 2012 ഫെബ്രുവരി മാസത്തിനകം ആശുപത്രികള്‍ , ഫ്ളാറ്റുകള്‍ , അറവുശാലകള്‍ , കോഴിക്കടകള്‍ , കല്യാണമണ്ഡപങ്ങള്‍ , 3 നിലയില്‍ കൂടുതലുളള വീടുകള്‍ , 20 സീറ്റിലധികമുളള ഹോട്ടലുകള്‍ , 50 ലധികം ജീവനക്കാരുളള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്വന്തമായി മാലിന്യ സംസ്കരണ സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് ക്യാരിബാഗിന്റെ ഉപയോഗം നിരുത്സാഹ പ്പെടുത്തുന്നതിനായി പ്ലാസ്റ്റിക്ക് ക്യാരിബാഗിന്റെ മിനിമം റീട്ടെയില്‍ വില 8 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. 40 മൈക്രോണില്‍ താഴെയുളള പ്ലാസ്റ്റിക് ക്യാരിബാഗിന്റെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കുന്നതിനാവശ്യമായ കര്‍ശന നടപടികള്‍ എടുക്കുന്നുമുണ്ട്. ഇതാണു പശ്ചാത്തലം.

വിളപ്പില്‍ശാലയിലെ പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കുന്നതിനുളള ക്രിയാത്മകമായ നടപടികള്‍ സമയബന്ധിതമായി നടപ്പാക്കുക എന്നതിനാണ് നഗരസഭ ശ്രമിക്കുന്നത്. വിളപ്പില്‍ശാലയിലേക്ക് കൊണ്ടു പോകുന്ന മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടപ്പാക്കുന്നതിനായി, പ്രത്യേകിച്ച് പ്ലാസ്റ്റിക്കിനെ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനായി രണ്ടു പ്ലാസ്റ്റിക് ഷ്രെഡിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിന് നഗരസഭ തീരുമാനിച്ചു. ഇതില്‍ ആദ്യത്തേത് മണക്കാട് നഗരസഭയുടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ തന്നെ സ്ഥാപിക്കുന്നതിന് നിര്‍മ്മാണം ആരംഭിച്ചു. എന്നാല്‍ കോണ്‍ഗ്രസ് അംഗമായ മണക്കാട് വാര്‍ഡിന്റെ കൗണ്‍സിലര്‍ എന്താണു വസ്തുതയെന്നു മനസ്സിലാക്കാന്‍ ശ്രമിക്കാതെ അതിനെ അന്ധമായി എതിര്‍ക്കുകയും ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണ വളര്‍ത്തുകയുമാണ് ചെയ്തത്. പ്ലാസ്റ്റിക് ഷ്രെഡിംഗ് മെഷീന്റെ നിര്‍മ്മാണം നിര്‍ത്തി വയ്ക്കേണ്ടി വന്നു. പിന്നീട് പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പ്രദേശത്ത് ഇതു സ്ഥാപിക്കുന്നതിന് സ്ഥലം പരിശോധന നടത്തിയപ്പോള്‍ തന്നെ എതിര്‍പ്പുമായി യു.ഡി.എഫിന്റെ കൗണ്‍സിലര്‍ തന്നെ രംഗത്തു വന്നു. ഇവര്‍ പറയുന്നത് ഈ പ്രദേശമെല്ലാം വിളപ്പില്‍ശാലയാകുമെന്നാണ്. ഒരു തയ്യല്‍ മെഷീന്റെ അത്രമാത്രം വലിപ്പമുളള, പ്ലാസ്റ്റിക് മുറിച്ച് ചെറുതാക്കുന്ന ഒരു ചെറിയ യന്ത്രം നഗരസഭയുടെ ഓഫീസിനകത്തു പോലും പ്രവര്‍ത്തിപ്പിക്കാനനുവദിക്കാത്ത നിലപാട് വിളപ്പില്‍ശാലയിലേക്ക് പ്ലാസ്റ്റിക് കൊണ്ടു പോകാതിരിക്കുന്നതിനും വികേന്ദ്രീകൃത മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളിലൂടെ മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനുമേറ്റ വലിയ തിരിച്ചടിയായി. വീടുകളില്‍ ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളെ കൊണ്ട് ചെറിയ പ്ലാന്റുകള്‍ സ്ഥാപിച്ചു വരുന്ന ഘട്ടത്തില്‍ യൂണിറ്റിന്റെ റേറ്റ് വര്‍ധിപ്പിച്ച നടപടി പ്രവര്‍ത്തനത്തെ തടസപ്പെടുത്തി. ഒരു ഗുണഭോക്താവ് 250 രൂപ മുടക്കിയാല്‍ വളരെ വേഗം സ്ഥാപിക്കാന്‍ കഴിയുന്ന റിംഗ് കംപോസ്റ്റ് സമ്പ്രദായം ഒരു ലക്ഷം വീടുകളില്‍ അടിയന്തിരമായി നടത്താന്‍ നഗരസഭ പ്രവര്‍ത്തന പരിപാടിയുമായി മുന്നോട്ട് പോയപ്പോള്‍ അതിനെ തടസപ്പെടുത്തുന്ന നടപടിയാണ് ശുചിത്വ മിഷന്റെ ഭാഗത്തുനിന്നു പോലും ഉണ്ടായിട്ടുളളത്. മാംസ മാലിന്യ സംസ്കരണത്തിനു വേണ്ടി നഗരസഭ തയ്യാറാക്കിയ പദ്ധതിയോടും ഇതേ സമീപനമാണ് അവര്‍ പിന്തുടര്‍ന്നത്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കുമ്പോള്‍ തന്നെ ദിനംപ്രതി നഗരത്തില്‍ ഉണ്ടാകുന്ന 200 ടണ്ണിലധികം വരുന്ന മാലിന്യം ഒഴിഞ്ഞ പ്രദേശങ്ങളില്‍ കുഴിച്ചു മൂടാനാണ് നഗരസഭയോട് സര്‍ക്കാരും ശുചിത്വമിഷനും ആവശ്യപ്പെടുന്നത്.

പാരിസ്ഥിതിക പ്രത്യാഘാതങ്ങളോട് ഉണ്ടാകുന്ന ജനങ്ങളുടെ എതിര്‍പ്പു ക്ഷണിച്ചു വരുത്തുന്ന ഈ നടപടിക്കു നഗരസഭയുടെ സമയവും അധ്വാനവും പൂര്‍ണ്ണമായി ചെലവഴിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. മാലിന്യം നഗരത്തില്‍ കുന്നുകൂടി രോഗങ്ങളും മറ്റു പ്രശ്നങ്ങളും ഉണ്ടായി ജനജീവിതത്തിന് ഭീഷണിയാകരുതെന്നതു കൊണ്ടാണ് നഗരസഭ ഇതിനു മുതിരുന്നത്. പക്ഷേ സാമ്പത്തിക വര്‍ഷാവസാനത്തില്‍ 200 കോടി രൂപയുടെ പദ്ധതിപ്പണം ചെലവഴിക്കാന്‍ കഴിയാത്ത തരത്തില്‍ നഗരസഭ ഈ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാകേണ്ടുന്ന സാഹചര്യം നഗരസഭയുടെ വികസനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ നഗരസഭ ചുമതലയേറ്റിട്ട് ഒരു വര്‍ഷമാകുന്നു. ആദ്യത്തെ 6 മാസം ഇടതു സര്‍ക്കാരായിരുന്നു. അന്നും ജനകീയ സമിതി സമരം നടത്തിയിരുന്നു; വിളപ്പില്‍ പഞ്ചായത്ത് പ്ലാന്റ് പൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ പൂട്ടുക എന്ന സമീപനമല്ല സര്‍ക്കാര്‍ എടുത്തത്. അതിനു പകരം പ്ലാന്റിലെ പ്രശ്നങ്ങള്‍ക്ക് ശാസ്ത്രീയമായ പരിഹാരം കാണാമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കിയത്; ഒപ്പം ജനങ്ങളുടെ ജീവിത പ്രയാസങ്ങള്‍ക്ക് പൂര്‍ണ പരിഹാരം ഉണ്ടാക്കാമെന്നതാണ്.എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ ശ്രീ.ഉമ്മന്‍ചാണ്ടിയും എന്‍ .ശക്തനും തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഫാക്ടറി പൂട്ടുമെന്ന് പ്രഖ്യാപിച്ചു. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയുണ്ടാക്കുന്ന ഈ പ്രഖ്യാപനം അല്പരാഷ്ട്രീയ ലാഭത്തിനു വേണ്ടി നടത്തിയ ഉമ്മന്‍ചാണ്ടി, മുഖ്യമന്ത്രിയായപ്പോള്‍ കണ്ണുമടച്ച് നടത്തി കൊടുക്കുകയാണ്.

2011 ഒക്ടോബര്‍ 14 ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ജനകീയ സമര സമിതി, വിളപ്പില്‍ പഞ്ചായത്ത് ഭരണ സമിതി, നഗരസഭ എന്നിവയുടെ യോഗത്തില്‍ തീരുമാനിച്ചത് 6 മാസത്തിനുള്ളില്‍ വിളപ്പില്‍ശാലയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു കൊണ്ട് പ്ലാന്റു പ്രവര്‍ത്തിപ്പിക്കണമെന്നായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ മുന്നോട്ടു പോയതും പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്കരിച്ചതും. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടത്തുന്നതിന് അനുവദിക്കാതിരിക്കുകയും വിളപ്പില്‍ശാലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ലീച്ചേറ്റ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണവും സാനിട്ടറി ലാന്റ് ഫില്‍ നിര്‍മ്മാണവും പൂര്‍ത്തീകരണ ഘട്ടത്തില്‍ എത്തുന്നതിനു മുമ്പുതന്നെ ഫാക്ടറി പൂട്ടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് രാഷ്ട്രീയ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലുളള തീരുമാനമാണ്. അതുകൊണ്ടാണ് ജനുവരി 12 ന് കൗണ്‍സില്‍ യോഗം കൂടുന്നതിന് കൗണ്‍സില്‍ ലോഞ്ചിലേക്ക് എത്തിയ നഗരസഭയുടെ മേയറെ യു.ഡി.എഫ് കൗണ്‍സിലറന്മാര്‍ തടഞ്ഞ് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചത്. അതീവ സങ്കീര്‍ണ്ണമായ ഒരു സാഹചര്യം സൃഷ്ടിച്ചു കൊണ്ട്, മാലിന്യ സംസ്കരണം സാധ്യമാക്കുന്ന ശാസ്ത്രീയവും ഫലപ്രദവുമായ സംവിധാനത്തെ അട്ടിമറിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ ഗുരുതരമാണ്. വിളപ്പില്‍ശാലയിലെ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ കേരളത്തില്‍ ഒരിടത്തും മാലിന്യസംസ്കരണ പ്ലാന്റു സ്ഥാപിച്ചു നടത്താന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു കൊണ്ട് അടിയന്തിരമായി ഫാക്ടറി തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനുളള ക്രിയാത്മക ഇടപെടലിന് കേരള സര്‍ക്കാര്‍ തയ്യാറാകണം.

*
അഡ്വ. കെ. ചന്ദ്രിക, മേയര്‍ , തിരുവനന്തപുരം നഗരസഭ ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വിളപ്പില്‍ശാല മാലിന്യ സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പ്രശ്നങ്ങളെ നഗരവും ഗ്രാമവും തമ്മിലുളള സംഘര്‍ഷമായി അവതരിപ്പിക്കപ്പെടുന്ന സാഹചര്യം ദൗര്‍ഭാഗ്യകരമാണ്. തിരുവനന്തപുരം നഗരത്തിലെ 10 ലക്ഷം ജനങ്ങളുത്പാദിപ്പിക്കുന്ന മാലിന്യം വിളപ്പില്‍ ഗ്രാമ പഞ്ചായത്തിലെ ജനങ്ങളുടെ മേല്‍ വലിച്ചെറിയാനുളളതല്ല എന്ന രീതിയിലാണ് പ്രശ്നങ്ങളവതരിപ്പിക്കപ്പെടുന്നത്. കേരള സമൂഹത്തിന്റെ വികസനത്തെ പറ്റിയുളള ദീര്‍ഘസ്ഥായിയായ സമീപനങ്ങളെ പറ്റിയോ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ട കരുതലുകളെ പറ്റിയോ ഒരു ചര്‍ച്ചയും ഉണ്ടാകുന്നില്ല എന്നതാണു സത്യം. എന്തിന്, ഒരു ശുചിത്വനയം നമുക്കുണ്ടാകേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചോ അതിലെന്തെല്ലാം അടങ്ങിയിരിക്കണമെന്നതിനെക്കുറിച്ചോ ആരും ചര്‍ച്ച ചെയ്യുന്നില്ല. യഥാര്‍ത്ഥത്തില്‍ വിളപ്പില്‍ശാലയിലെ പ്രശ്നത്തെ സമീപിക്കേണ്ടത് കേരളത്തിന്റെ വികസനത്തെ പറ്റിയുളള, അതിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാകണം.