Saturday, January 28, 2012

ബുഷിന്റെ പാതയിലൂടെ

അമേരിക്കന്‍ ഐക്യനാട്ടിലെ സമാധാനപ്രിയരായ സാധാരണജനങ്ങള്‍മാത്രമല്ല, അമേരിക്കയുടെ ആധിപത്യത്തെ ചെറുക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങളുമെല്ലാം വന്‍പ്രതീക്ഷയോടെയാണ് കറുത്ത വംശജനും വാഗ്മിയുമായ ബറാക് ഒബാമയുടെ പ്രസിഡന്റ് സ്ഥാനാരോഹണം 2008ല്‍ സ്വാഗതംചെയ്തത്. മുതലാളിത്തലോകം സാമ്പത്തികപ്രതിസന്ധിയിലേക്ക് ഊഴ്ന്നിറങ്ങുന്ന സന്ദര്‍ഭത്തിലാണ് ഒബാമ അധികാരമേറ്റത്. പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ നേതൃത്വത്തില്‍ ഇറാഖിനെതിരെ യുദ്ധം നടത്തിവന്നത് അന്നും തുടരുകയായിരുന്നു. ഇറാനും വടക്കന്‍ കൊറിയയും ഇറാഖും "തിന്മയുടെ അച്ചുതണ്ടു"കളാണെന്നും അവയെ അടിച്ചിരുത്താതെ ലോകത്തിന് സമാധാനമുണ്ടാവുകയില്ലെന്നുമായിരുന്നു ബുഷിന്റെ കണ്ടെത്തല്‍ . അങ്ങനെ അമേരിക്കന്‍ കടന്നാക്രമണങ്ങളുടെ പരമ്പരകൊണ്ട് സംഘര്‍ഷഭരിതമായ ലോകത്തിന് സമാധാനം വാഗ്ദാനംചെയ്താണ് ഒബാമ അധികാരത്തിലെത്തിയത്. കൂടാതെ തന്റെ "മഹാനായ മുന്‍ഗാമി" എഫ് ഡി റൂസ്വെല്‍റ്റിന്റെ സാമൂഹ്യക്ഷേമ നടപടികള്‍ പിന്തുടരുമെന്നും തൊഴിലില്ലായ്മ അഞ്ചുശതമാനമായിട്ടെങ്കിലും കുറയ്ക്കുമെന്നും ഒബാമ വാഗ്ദാനംചെയ്തിരുന്നു.

ഇപ്പോഴിതാ ഒബാമ ഒന്നാം ഊഴം പൂര്‍ത്തിയാക്കി രണ്ടാം ഊഴത്തിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരവേലകള്‍ ആരംഭിച്ചുകഴിഞ്ഞു. വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല ഒബാമ അധികാരത്തിലെത്തുമ്പോള്‍ ഉണ്ടായിരുന്നപോലെ ലോകം ഇപ്പോഴും സംഘര്‍ഷഭരിതമാണ്. നാലുവര്‍ഷം കഴിഞ്ഞിട്ടും സാമ്പത്തികപ്രതിസന്ധിക്ക് അയവുവന്നിട്ടില്ല. അമേരിക്കന്‍ അര്‍ധഗോളത്തില്‍ അമേരിക്കന്‍ ഐക്യനാട് ഒറ്റപ്പെട്ടിരിക്കുകയാണ്. കനഡയും അമേരിക്കന്‍ ഐക്യനാടും ഒഴിച്ചുള്ള മുപ്പത്തിമൂന്ന് രാഷ്ട്രങ്ങള്‍ ഒത്തൊരുമിച്ച് വെനസ്വേലയുടെ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തില്‍ കാരക്കാസില്‍വച്ച് ഡിസംബര്‍ ആദ്യവാരത്തില്‍ യോഗം ചേരുകയും അമേരിക്കയുടെ ആധിപത്യത്തെയും ആഗോളവല്‍ക്കരണ, ലിബറല്‍ നയങ്ങളെ എതിര്‍ക്കാനും തീരുമാനിച്ചത് കഴിഞ്ഞയാഴ്ച ഈ പംക്തിയില്‍ വിവരിച്ചിരുന്നല്ലോ (അടുക്കളത്തോട്ടം അരങ്ങിലേക്ക്).

പശ്ചിമേഷ്യയും ഒബാമയും

ഇറാഖിലെ യുദ്ധം അവസാനിപ്പിക്കുന്നുവെന്നും അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികസാന്നിധ്യം പിന്‍വലിക്കുമെന്നും ഒബാമ വാഗ്ദാനംചെയ്തിരുന്നു. ഇറാഖ് യുദ്ധത്തിനെതിരെ ഉയര്‍ന്നുവന്ന അമേരിക്കന്‍ പൊതുജനാഭിപ്രായത്തെ തൃപ്തിപ്പെടുത്താനാണിത് ചെയ്തത്. അനേകം അമേരിക്കന്‍ സൈനികര്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ യുദ്ധം കാരണം ജീവന്‍ ബലിയര്‍പ്പിച്ചത് അമേരിക്കന്‍ജനതയെ അത്യധികം വേദനിപ്പിച്ചു. അതുപോലെ അഫ്ഗാനിസ്ഥാനില്‍ ബിന്‍ലാദനെ പിടികൂടാനെന്ന് പറഞ്ഞ് വ്യോമാക്രമണവും മറ്റും നടത്തിയതും നിഷ്പ്രയോജനമായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. ബിന്‍ ലാദനെ പാകിസ്ഥാനിലെ അബോട്ടാബാദില്‍ വ്യോമാക്രമണം നടത്തി അമേരിക്ക വധിച്ചതുകൊണ്ട് ആ ന്യായവും ഇനി പറയാനാവില്ല.

അങ്ങനെ ഇറാഖില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും കെട്ടുകെട്ടിയ അമേരിക്കന്‍ ഐക്യനാടിന് ഇപ്പോള്‍ ഇറാന്‍ ഭീഷണിയായിരിക്കുന്നു. ഇറാനില്‍ ആണവായുധം നിര്‍മിക്കുകയും ശേഖരിക്കുകയും ചെയ്യുന്നുണ്ടെന്നത് ബുഷിനെയെന്നപോലെ ഒബാമയെയും അസ്വസ്ഥനാക്കുന്നു. ഇറാനെതിരായി യുദ്ധം ചെയ്യുമെന്നൊക്കെ വീരവാദം മുഴക്കുന്നുണ്ടെങ്കിലും ചൈനയും റഷ്യയും ഇറാന്റെ സഖ്യശക്തികളായതുകൊണ്ട് അതിന് അവര്‍ക്ക് വേണ്ടത്ര ധൈര്യമില്ല. ഇസ്രയേലും പലസ്തീനും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കുമെന്ന് വാഗ്ദാനംചെയ്യുകയും അതിനായി സ്വന്തം അധ്യക്ഷതയില്‍ ത്രികക്ഷിസമ്മേളനം നടത്തുകയുംചെയ്ത ഒബാമ അവിടെയും പരാജയപ്പെട്ടു.

കിഴക്കനേഷ്യയില്‍ കണ്ണുനട്ട്

അമേരിക്കന്‍ സാമ്രാജ്യത്വത്തിന് സൈനികമായും സാമ്പത്തികമായും ശക്തമായ വെല്ലുവിളി ചൈനയില്‍നിന്ന് ഉയര്‍ന്നുവരികയാണ്. പെന്റഗണ്‍ (അമേരിക്കന്‍ സൈനികനേതൃത്വം) ജനുവരിയില്‍ പുറപ്പെടുവിച്ച രേഖയനുസരിച്ച് ചൈനയാണ് എതിര്‍ക്കപ്പെടേണ്ട പ്രധാന ശത്രുവെന്ന് അമേരിക്ക കരുതുന്നു. ഇപ്പോള്‍ ചൈനക്കെതിരായി ഇന്ത്യയെയും വിയറ്റ്നാമിനെയും അണിനിരത്താനുള്ള നയതന്ത്രശ്രമങ്ങളിലാണ് അമേരിക്ക. പെന്റഗണ്‍ രേഖയുടെ പേര് "ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രാജ്യരക്ഷാ മുന്‍ഗണനയില്‍ അമേരിക്കയുടെ ആഗോളനേതൃത്വം നിലനിര്‍ത്താനുള്ള പരിപാടി" എന്നാണ്. ആ പേരുതന്നെ അമേരിക്കയുടെ ലക്ഷ്യത്തെയും മാര്‍ഗത്തെയും വിളിച്ചറിയിക്കുന്നു.

സൈനികസന്നാഹം

കിഴക്കന്‍മേഖലയില്‍ പെന്റഗണിന്റെ ഇരുപത്തിരണ്ട് ജെറ്റ് പോര്‍വിമാനങ്ങളും അന്തര്‍വാഹിനി കപ്പലുകളില്‍ 22000 നാവികസേന ഭടന്മാരെയും ശാന്തസമുദ്രത്തില്‍ വിന്യസിച്ചിരിക്കുകയാണ്. 600 കോടി ഡോളര്‍ ചിലവുവരുന്ന ആയുധക്കരാര്‍ ചൈനയുടെ എതിര്‍പ്പിനെ അവഗണിച്ച് തയ്വാനുമായി ഒപ്പിട്ടിരിക്കുകയാണ്. ഓസ്ട്രേലിയയില്‍ സ്ഥിരം അമേരിക്കന്‍ സൈനികത്താവളം സ്ഥാപിച്ചിട്ടുള്ളതായി ഒബാമ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലും വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും വിന്യസിച്ചാണ് ചൈനക്കെതിരെയുള്ള സൈനികസംരംഭം അമേരിക്ക വിശാലമായി നിലനിര്‍ത്തുന്നത്. ചൈനക്കെതിരായി ജപ്പാന്‍ , ദക്ഷിണകൊറിയ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നീ രാഷ്ട്രങ്ങളുമായി കടുതല്‍ ശക്തമായ സൈനികസഖ്യം രൂപീകരിക്കാനുള്ള ശ്രമം തുടരുമെന്നും അതില്‍ വിയറ്റ്നാമിനെയും ഇന്ത്യയെയും കൂടി പങ്കാളികളാക്കുമെന്നും പെന്റഗണ്‍രേഖയില്‍ പറയുന്നുണ്ട്.

അമേരിക്കയുടെ ഈ വക ശ്രമങ്ങളില്‍ സഹകരിക്കാനായി ഇന്ത്യയുടെ രാജ്യരക്ഷാമന്ത്രി എ കെ ആന്റണിയുടെ നിര്‍ദേശപ്രകാരം സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്താനുള്ള നീക്കം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അടിയുറച്ച അമേരിക്കന്‍പ്രേമവുമായി പൊരുത്തപ്പെടുന്നതാണ്. സിംഗപ്പുര്‍ , തായ്ലന്‍ഡ്, ഫിലിപ്പീന്‍സ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി അമേരിക്ക നേരത്തെതന്നെ സൈനികസഖ്യത്തിലാണ്. ഇപ്പോള്‍ മ്യാന്മറിനെക്കൂടി ഈ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ നടപടികള്‍കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സമുദ്രമായ ശാന്തസമുദ്രത്തെ ഒരു അമേരിക്കന്‍ കായലായി മാറ്റുകയാണ് അവരുടെ ലക്ഷ്യം.

ഷാങ്ഹായ് സഖ്യം

ഈ അമേരിക്കന്‍ സഖ്യങ്ങളുടെയും നയതന്ത്രനീക്കങ്ങളുടെയും പോക്ക് അത്ര സുഗമമാകാന്‍ പോകുന്നില്ല. 1996ല്‍ രൂപീകരിക്കപ്പെട്ട ഷാങ്ഹായ് സഹകരണ ഗ്രൂപ്പ്, യൂറോ ഏഷ്യന്‍ മേഖലയില്‍ അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് മുറിച്ചു കയറാന്‍ കഴിയാത്ത ഒരു കീറാമുട്ടിയാണ്. ഷാങ്ഹായ് ഗ്രൂപ്പില്‍ ചൈനയെ കൂടാതെ റഷ്യ, മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളായ കസാഖ്സ്ഥാന്‍ , കിര്‍ഗിസ്ഥാന്‍ , തജിക്കിസ്ഥാന്‍ , ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ അംഗങ്ങളാണ്. ഈ സഖ്യം സാമ്പത്തികവും സാംസ്കാരികവുമായ സഹകരണത്തോടൊപ്പം സൈനികസഹകരണവും ഉറപ്പുവരുത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ ഭാഗത്തേക്ക് കടന്നുകയറാന്‍ തെക്കന്‍ കൊറിയന്‍ ബന്ധംമാത്രമേ അമേരിക്കയ്ക്കുള്ളൂ. യൂറേഷ്യന്‍ വന്‍കരയിലെ ഒരു ചെറിയ മൂലയാണ് തെക്കന്‍ കൊറിയ. ശാന്തസമുദ്രത്തിന്റെ വിശാലമേഖലകളില്‍ മുങ്ങിയും പൊങ്ങിയും നീന്തുന്ന അമേരിക്കന്‍ സൈനികസന്നാഹങ്ങള്‍ക്ക് ഈ വന്‍ യൂറോ-ഏഷ്യന്‍ മേഖലയെ ശല്യപ്പെടുത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇപ്രകാരം സ്വന്തം ഭൂഖണ്ഡത്തില്‍നിന്ന് ഒറ്റപ്പെട്ട അമേരിക്കന്‍ സാമ്രാജ്യത്വം മറ്റൊരു സ്വാധീനമേഖല സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് വലിയ വിപര്യയമാണ്. ഇങ്ങനെ പ്രശ്നകലുഷമായ അന്തരീക്ഷത്തിലാണ് ഒബാമ രണ്ടാമൂഴം നേടാന്‍ ശ്രമിക്കുന്നത്.

*
പി ഗോവിന്ദപ്പിള്ള ദേശാഭിമാനി 28 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അമേരിക്കന്‍ ഐക്യനാട്ടിലെ സമാധാനപ്രിയരായ സാധാരണജനങ്ങള്‍മാത്രമല്ല, അമേരിക്കയുടെ ആധിപത്യത്തെ ചെറുക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങളുമെല്ലാം വന്‍പ്രതീക്ഷയോടെയാണ് കറുത്ത വംശജനും വാഗ്മിയുമായ ബറാക് ഒബാമയുടെ പ്രസിഡന്റ് സ്ഥാനാരോഹണം 2008ല്‍ സ്വാഗതംചെയ്തത്. മുതലാളിത്തലോകം സാമ്പത്തികപ്രതിസന്ധിയിലേക്ക് ഊഴ്ന്നിറങ്ങുന്ന സന്ദര്‍ഭത്തിലാണ് ഒബാമ അധികാരമേറ്റത്. പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ നേതൃത്വത്തില്‍ ഇറാഖിനെതിരെ യുദ്ധം നടത്തിവന്നത് അന്നും തുടരുകയായിരുന്നു. ഇറാനും വടക്കന്‍ കൊറിയയും ഇറാഖും "തിന്മയുടെ അച്ചുതണ്ടു"കളാണെന്നും അവയെ അടിച്ചിരുത്താതെ ലോകത്തിന് സമാധാനമുണ്ടാവുകയില്ലെന്നുമായിരുന്നു ബുഷിന്റെ കണ്ടെത്തല്‍ . അങ്ങനെ അമേരിക്കന്‍ കടന്നാക്രമണങ്ങളുടെ പരമ്പരകൊണ്ട് സംഘര്‍ഷഭരിതമായ ലോകത്തിന് സമാധാനം വാഗ്ദാനംചെയ്താണ് ഒബാമ അധികാരത്തിലെത്തിയത്. കൂടാതെ തന്റെ "മഹാനായ മുന്‍ഗാമി" എഫ് ഡി റൂസ്വെല്‍റ്റിന്റെ സാമൂഹ്യക്ഷേമ നടപടികള്‍ പിന്തുടരുമെന്നും തൊഴിലില്ലായ്മ അഞ്ചുശതമാനമായിട്ടെങ്കിലും കുറയ്ക്കുമെന്നും ഒബാമ വാഗ്ദാനംചെയ്തിരുന്നു.