പന്തിനെ ശരീരത്തിലെ മറ്റൊരവയവമായി വിളക്കിച്ചേര്‍ക്കാനുള്ള സിദ്ധി, തലച്ചോറിലുള്ള പന്ത് കാലുകളിലേക്കാവാഹിക്കാനുള്ള ബുദ്ധിവൈഭവം, അസാമാന്യവേഗം, അളന്നുമുറിച്ച പാസും ക്രോസും, പിഴയ്ക്കാത്ത ഷോട്ടുകള്‍ , സാങ്കേതികത്തികവിലും ആസൂത്രണത്തിലും ചാലിച്ചെടുത്ത രചനാത്മകനീക്കങ്ങള്‍ , പന്തിലേക്കും എതിര്‍ഗോള്‍മുഖത്തേക്കും മാത്രമായി മുനകൂര്‍പ്പിച്ച ചിന്തയും കര്‍മവും പ്രതിസന്ധിഘട്ടങ്ങളില്‍ ടീമിനെ സ്വന്തം ചുമലിലേറ്റാനുള്ള സന്നദ്ധത, സ്വര്‍ഥലേശമില്ലാതെ തളികയിലെന്നപോലെ കൂട്ടുകാര്‍ക്ക് ഒരുക്കിക്കൊടുന്ന അവസരങ്ങള്‍ - ഒരാളെ മികച്ച ഫുട്ബോളറാക്കുന്ന ഈ ഘട്ടങ്ങളെല്ലാം ഒന്നിനൊന്നു പാകത്തില്‍ വിളക്കിച്ചേര്‍ക്കപ്പെട്ടിരിക്കുന്ന സമകാലിക ഫുട്ബോളിലെ ഉത്തമതാപസനെ നമുക്ക് ലയണല്‍ ആന്ദ്രേമെസിയെന്നു വിളിക്കാം.
സ്ഥിരതയുടെയും സമര്‍പ്പണത്തിന്റെയും കേളീമികവിന്റെയും ആള്‍രൂപമായി ഫുട്ബോളിന്റെ മനോഹര പുല്‍മേടുകളെ അഗ്നിയില്‍മുക്കി മികവും പൂര്‍ണതയും പലവട്ടം ലോകസമക്ഷം ബോധ്യപ്പെടുത്തിയ മെസിയെയല്ലാതെ ലോക ഫുട്ബോളര്‍ പുരസ്കാരം മറ്റാരെയാണ് തേടിച്ചെല്ലുക. അതും വിലോഭനീയനേട്ടത്തിന്റെ ഹാട്രിക്കോടെ. എത്ര വലിയ പ്രതിഭയാണെങ്കിലും ഒരു രംഗത്ത് തുടര്‍ച്ചയായി മികവ് പ്രകടിപ്പിക്കുകയെന്നത് ദുഷ്കരമാണ്. മെസ്സിയാകട്ടെ ബൂട്ടുകെട്ടിയിറങ്ങുമ്പോഴൊക്കെ ഉലയിലൂതിയ പൊന്നുപോലെ തന്റെ കഴിവും കരുത്തും രാകിമിനുക്കുകയാണ്.
കാല്‍പന്തുകളിയില്‍ ഇടവേളകളില്‍ മാത്രം പ്രത്യക്ഷപ്പെടാറുള്ള ലക്ഷണമൊത്ത കളരിയഭ്യാസികളുടെ നിരയിലാണ് മെസ്സിയുടെ സ്ഥാനം. വിശപ്പും ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിതരകളുമെല്ലാം സഹിക്കാന്‍ പഠിച്ചവരാണ് അര്‍ജന്റീനക്കാര്‍ . ജൈവവൈവിധ്യങ്ങളുടെ ആ മണ്ണില്‍ ഫുട്ബോളിനെ ജീവരക്തം പോലെ കരുതുന്ന ജനതയുടെ നിറവാര്‍ന്ന പ്രതീക്ഷകളിലേക്ക് കണ്ണിനുകുളിരായ് പെയ്തിറങ്ങുന്ന മാസ്മരദീപ്തിയായി, ഇടമുറിയാതൊഴുകുന്ന സംഗീതധാരയാണ് മെസ്സിയുടെ പന്താട്ടം. ഫുട്ബോളിനെ പ്രണയിക്കുന്ന ഒരാള്‍ക്കും മെസ്സിയെ വെറുക്കാന്‍ കഴിയില്ല. അത്രയ്ക്കും ലാവണ്യം നിറഞ്ഞതാണ് കളത്തില്‍ മെസ്സിയുടെ പാദചലനങ്ങള്‍ .
സൂറിച്ചിലെ പുരസ്കാരദാനവേദിയില്‍ പെലെയും മിഷേല്‍പ്ലാറ്റിനിയും സിനദിന്‍ സിദാനും റൊണാള്‍ഡോയും ഉള്‍പ്പെടെ ഈ രംഗത്തെ മഹാരഥന്മാരെ സാക്ഷിനിര്‍ത്തിയാണ് 24 വയസ്സ് മാത്രമുള്ള അര്‍ജന്റീന താരം ഒരിക്കല്‍കൂടി ലോകഫുട്ബോളിലെ ചക്രവര്‍ത്തിപദത്തിലേറിയത്. ഫ്രാന്‍സ് ഫുട്ബോള്‍ മാസികയുടെ പ്രശസ്തമായ "ബാലണ്‍ ഡി ഓര്‍" അവാര്‍ഡും ഫിഫയുടെ ലോക ഫുട്ബോളര്‍ പുരസ്കാരവും 2010ല്‍ ഒന്നാക്കിയതിനുശേഷം രണ്ടാംവട്ടമാണ് മെസ്സി ജേതാവാകുന്നത്. ഫിഫ പുരസ്കാരവും ബാലണ്‍ഡി ഓറും വെവ്വേറെ നല്‍കിയിരുന്ന 2009ലും മെസ്സിയായിരുന്നു രണ്ടിലും ജേതാവ്.
ഏതുരംഗത്തും അവതാരങ്ങള്‍ക്ക് കാലമേറെ കാത്തിരിക്കണം. അര്‍ജന്റീന ലോകത്തിന് നല്‍കിയ അവതാരപുരുഷനാണ് ലയണല്‍ മെസ്സി. ദ്യോഗോ മാറഡോണയുടെ പ്രതാപകാലങ്ങളില്‍നിന്ന് ഇന്നും കുതറിമാറാന്‍ കഴിയാത്ത "ആല്‍ബിസെലസ്റ്റന്‍ടീം" രണ്ട് ദശാബ്ദമായി തേടുന്ന ഇതിഹാസതാരത്തിന്റെ യഥാര്‍ഥ പിന്മുറക്കാരനാണ് മെസ്സി. നിങ്ങള്‍ ആരാണെന്നതല്ല, മറിച്ച് നിങ്ങള്‍ എങ്ങനെ ഓര്‍മിക്കപ്പെടുന്നുവെന്നതാണ് പ്രധാനം. ഫുട്ബോള്‍ മൈതാനങ്ങളില്‍ ലയണല്‍ മെസ്സി എന്ന അര്‍ജന്റീനക്കാരനും എഫ്സി ബാഴ്സലോണ എന്ന കാറ്റലോണിയന്‍ സംഘവും വ്യക്തിവൈശിഷ്ട്യത്തിന്റെയും കൂട്ടായ ചൈതന്യാത്മകത്വത്തിന്റെയും അനന്തസാധ്യതകള്‍കാട്ടി ത്തന്നുകൊണ്ട് പുതിയൊരു ചരിത്രവും കാലഘട്ടവും രചിക്കുകയാണ്. "54ലെ ഹംഗറിയേക്കാള്‍ , 40ലെയും 82ലെയും ബ്രസീലിനേക്കാള്‍ 74ലെ ഹോളണ്ടിനേക്കാള്‍ സുന്ദരമായ ഫുട്ബോള്‍ ബാഴ്സലോണയുടെ കുട്ടികള്‍ ലോകത്തിന് സമ്മാനിച്ചുകൊണ്ടിരിക്കുന്നു. ബാഴ്സ ശൈലിയും മെസ്സിയുടെ കളിയും ഗ്വാര്‍ഡിയോളയുടെ യുഗവും ഇന്ന് ലോകമൊട്ടുക്കും ഫുട്ബോള്‍ പ്രേമികളുടെ ആഘോഷങ്ങളാണ്.
ഫുട്ബോളില്‍ സൗന്ദര്യം കിനിയുന്നത് സ്കോററുടെ ബൂട്ടുകളിലാണത്രെ. പുഷ്കാസ്, പെലെ, ജോര്‍ജ്ബെസ്റ്റ്, മാറഡോണ, സിദാന്‍ എന്നിവര്‍ക്കൊപ്പം കിസ്റ്റ്യാനോ റൊണാള്‍ഡോയും മെസ്സിയും വെയ്ന്‍റൂണിയും നമ്മെ ആ സത്യം ബോധ്യപ്പെടുത്തുന്നു. കീറ്റ്സ് പാടിയതുപോലെ സൗന്ദര്യം സത്യമാണെങ്കില്‍ സത്യം സൗന്ദര്യമാണെങ്കില്‍ നമുക്ക് മുന്‍ ഇതിഹാസതാരങ്ങളെ മാറ്റിനിര്‍ത്താം. എന്നാല്‍ , തന്റെ സമകാലികരെയെല്ലാം നിഷ്പ്രഭരാക്കി, ലയണല്‍ ആന്ദ്രെമെസ്സി തന്റെ അസാധാരണ സിദ്ധിയും നൈപുണ്യവുംകൊണ്ട് ഫുട്ബോള്‍പ്രേമികളുടെയെല്ലാം സ്നേഹാദരങ്ങള്‍ക്കും പാത്രമായിരിക്കുന്നു. റൊണാള്‍ഡോയും റൂണിയും തുടങ്ങി സമകാലിക കളിക്കാരില്‍ മറ്റാര്‍ക്കും കിട്ടാത്തത്ര ശ്രദ്ധയും താരപരിവേഷവും ആരാധനയും മെസ്സിയുടെ നേര്‍ക്കുണ്ട്.
സ്വന്തം പ്രതിഭകൊണ്ടും ഉള്‍ക്കാഴ്ചകൊണ്ടും മെസ്സിനേടിയ ഒട്ടേറെ ഗോളുകളുണ്ട്. ഇരട്ടയും ഹാട്രിക്കുകളുംകൊണ്ട് സമ്പന്നമായ ആ ഗോള്‍ശേഖരത്തില്‍ എന്നും പവിഴമുത്തുപോലെ തിളങ്ങിനില്‍ക്കുന്ന ചില ഗോളുകളുമുണ്ട്. ആധുനിക ഫുട്ബോളില്‍ ഒരു പ്ലേമേക്കറുടെയും ഒപ്പം ഗോളടിക്കാരന്റെയും കളിധര്‍മം ഒരാളില്‍ സന്നിവേശിച്ച പന്താട്ടക്കാരനാണ് മെസ്സി എന്ന് നിസ്സംശയം പറയാം. മെസ്സി ഒത്താശചെയ്തതും നേടിയതും വെറും ഗോളുകളായിരുന്നില്ല. എല്ലാം വിയര്‍പ്പൊഴുക്കി പടവെട്ടിയ നിസ്തുലമായ ഫുട്ബോള്‍ സൃഷ്ടികളാണ്. 2007 ഏപ്രില്‍ 18ന് സ്പാനിഷ് കിങ്സ്കപ്പ് സെമിഫൈനല്‍ ആദ്യപാദത്തില്‍ മെസ്സി ഗെറ്റാഫെക്കെതിരെ നേടിയ വിസ്മയഗോള്‍ കണ്ടപ്പോള്‍ മാറഡോണ പ്രവാചകദൃഷ്ടിയോടെ പറയുകയുണ്ടായി; ഇതാ എന്റെ പിന്നാലെ വരുന്നവനെന്ന്...
മെസ്സിയെ മാറഡോണയുടെ പിന്‍ഗാമിയാക്കിയ കിങ്സ്കപ്പില്‍ ഗെറ്റാഫെക്കെതിരെ മെസ്സി നേടിയത് രണ്ടുഗോളുകള്‍ . അതിലൊന്ന് 1986ലെ മെക്സിക്കോ ലോകകപ്പില്‍ മാറഡോണ ഇംഗ്ലണ്ടിനെതിരെ നേടിയ "നൂറ്റാണ്ടിന്റെ ഗോളു"മായി ഏറെ സാദൃശ്യമുള്ള ഒന്നായിരുന്നു. അറുപതോളം മീറ്റര്‍ പന്തുമായി കുതിച്ചശേഷമായിരുന്നു മാറഡോണയുടെ ഗോള്‍ . മെസ്സിയാകട്ടെ 62 മീറ്റര്‍ കുതിച്ചെത്തി രണ്ട് പ്രതിരോധക്കാരെയും പിന്നാലെ ഗോളിയെയും കാഴ്ചക്കാരാക്കിക്കൊണ്ട് ആളൊഴിഞ്ഞ പോസ്റ്റിലേക്ക് ലക്ഷ്യംകുറിച്ചു. പിറ്റേന്ന് മാധ്യമങ്ങള്‍ ഇങ്ങനെയാണ് മെസ്സിയെ വിശേഷിപ്പിച്ചത്- ഇതാ പുതിയ മാറഡോണ, ഈ നൂറ്റാണ്ടിന്റെ മാറഡോണ- ഇവന്‍ മെസ്സിഡോണിയാ.
അര്‍ജന്റീനയിലെ റൊസാരിയോയില്‍ 1987 ജൂണ്‍ 24നാണ് മെസ്സിയുടെ ജനനം. പിതാവ് ജോര്‍ജ് ഹൊറാസിയോമെസ്സി ഫാക്ടറി ജീവനക്കാരന്‍ . അമ്മ സീലിയ പാര്‍ട്ട്ടൈം തൂപ്പുകാരി. റൊസാരിയോയില്‍നിന്ന് ബാഴ്സലോണ എന്ന ഫുട്ബോളിന്റെ പറുദീസയിലേക്ക് നേരിട്ടിറങ്ങിവന്നവനല്ല മെസ്സി. നാലുകുട്ടികളുള്ള വീട്ടിലെ ഏറ്റവും ഇളയവനായ മെസ്സിക്ക് 11-ാം വയസ്സില്‍ ഹോര്‍മോണിന്റെ അഭാവംമൂലം വളര്‍ച്ചനിലച്ചു. ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുകയായിരുന്ന ആ കുടുംബത്തിന് ലാലീഗ ശക്തികളായ ബാഴ്സയുടെ സഹായഹസ്തമെത്തി. മെസ്സിയുടെ കളികണ്ട ക്ലബ് അധികൃതര്‍ ചികിത്സാചെലവുകള്‍ ഏറ്റെടുക്കുകയും ആദ്യകരാര്‍ ഒപ്പിടുകയും ചെയ്തു. അര്‍ജന്റീനയിലെ വിശപ്പുപാടങ്ങളില്‍നിന്ന് അങ്ങനെ മെസ്സിയും കുടുംബവും സ്പെയിനിലേക്ക് ചേക്കേറി. ബാഴ്സലോണ യൂത്ത്ടീമിന്റെ ഭാഗമായി മെസ്സിയിലെ ഫുട്ബോളര്‍ വളര്‍ച്ചയുടെ പടവുകള്‍ കയറുകയായിരുന്നു. 16-ാം വയസ്സിലെ പോര്‍ച്ചുഗീസ് ക്ലബ്ബായ എഫ്സി പോര്‍ട്ടോക്കെതിരെ 2003 നവംബര്‍ 16ന് മെസ്സി ചരിത്രത്തിലാദ്യമായി ബാഴ്സലോണയുടെ ജഴ്സി ധരിച്ചു. അപ്പോള്‍ 16 വയസ്സും 145 ദിവസവുമായിരുന്നു പ്രായം.
സ്പെയിനില്‍നിന്ന് രോഗത്തെ കളിച്ചുതോല്‍പ്പിച്ച മെസ്സി അഞ്ചടി ഏഴിഞ്ച് പൊക്കക്കാരനായി വളര്‍ന്നു. മുന്നോട്ടല്‍പ്പം വളവുള്ള ശരീരം. പ്രയാണവേഗങ്ങളില്‍ കാറ്റിന്റെ മര്‍ദത്തെ എളുപ്പത്തില്‍ വകഞ്ഞുമാറ്റാന്‍ സഹായിക്കുന്ന എയറോഡൈനാമിക്സ് രൂപഘടന. അഭിമാനിക്കാന്‍ ഒട്ടുമില്ലാത്ത പേശീബലം. എങ്കിലും ഈ കൃശഗാത്രനെ വെല്ലാനാകുന്ന, പൂട്ടിയിടാന്‍പോന്ന പ്രതിരോധനിര ഇന്നില്ല എന്നതാണ് വാസ്തവം. ചരിത്രം അന്യൂനമായ ഫുട്ബോള്‍ സൃഷ്ടികളായി വാഴ്ത്തപ്പെടുന്ന ഒട്ടനവധി ഗോളുകള്‍ മെസ്സിയുടെ പേരിലുണ്ട്. കളത്തിലെ ഏറ്റവും കുഞ്ഞനായ ഈ താരം തന്റെ ശാരീരികപരിമിതികള്‍ക്കപ്പുറത്തേക്ക് കളിയുടെ അനന്തവിസ്മയങ്ങളിലേക്ക് കാഴ്ചക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു. 2008ലെ ചാമ്പ്യന്‍സ് ലീഗ്ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ കളിക്കുമ്പോള്‍ തനിക്കുനേരെവന്ന കോര്‍ണറിലേക്ക് ഉയര്‍ന്നുചാടി, വായുവില്‍ തങ്ങിനിന്ന് തലകൊണ്ട് തിരിച്ചുവിട്ട ഗോള്‍ ഒന്നുമാത്രംമതി ആ താരത്തിന്റെ മൂല്യമറിയാന്‍ .
മൂന്നാംവട്ടവും ലോകഫുട്ബോളര്‍ ബഹുമതി നേടിയതില്‍ മെസ്സിയെ അഭിനന്ദിക്കുന്നു. എന്നാല്‍ , മെസ്സി ലോകത്തിലെ മികച്ച താരമാകാന്‍ ലോകകപ്പ് നേടണമെന്ന് മിഷേല്‍ പ്ലാറ്റിനിയുടെ വാക്കുകള്‍ . അതേ, ഫുട്ബോളില്‍ മഹത്വത്തിന്റെ കൊടിയടയാളമാണ് ലോകകപ്പ്. ഹൃദയം അര്‍ജന്റീനയ്ക്കും ആത്മാവ് ബാഴ്സലോണയ്ക്കുമായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് മെസ്സി പറയുന്നു. എന്നാല്‍ , സ്പെയിനിലെ ഒരു പത്രം ഒരിക്കല്‍ എഴുതി ലോകഫുട്ബോളില്‍ രണ്ട് മെസ്സിയുണ്ട്. സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ താരമായ മെസ്സിയും അര്‍ജന്റീനയുടെ താരമായ മെസ്സിയും. എല്ലാവര്‍ക്കും അറിയാവുന്നതും ഇഷ്ടമുള്ളതും ഇതില്‍ ആദ്യത്തെ മെസ്സിയെയാണ്. അര്‍ധാവസരങ്ങളില്‍പോലും ഗോള്‍ നേടുകയും വിജയത്തിനായി അവസാനനിമിഷംവരെ കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന മെസ്സിയാണത്. രണ്ടാമത്തെ മെസ്സി അര്‍ജന്റീനയുടെ താരമാണ്. അയാള്‍ കളിയില്‍ അന്തര്‍മുഖനും വേഗത്തില്‍ കളിക്കാന്‍ വിഷമിക്കുന്നവനുമാണ്.
കാഴ്ചക്കാര്‍ ഗോളിലേക്ക് ഒരു തകര്‍പ്പന്‍ ഷോട്ട് പ്രതീക്ഷിക്കുമ്പോള്‍ പരിക്കിനെ ഭയന്നോ മറ്റെന്തുകൊണ്ടോ, മാന്ത്രികസ്പര്‍ശമുള്ള ആ ഇടംകാല്‍ പിന്‍വലിക്കുന്ന മെസ്സിയെയാണ് അര്‍ജന്റീന ജഴ്സിയില്‍ പതിവായി കാണുക. ഫുട്ബോള്‍ നിരീക്ഷകരുടെ ഈ കണ്ടെത്തലിനോട് വിയോജിക്കാനാകില്ല.
അതേസമയം ലോകഫുട്ബോളിലെ മഹാരഥന്മാരായ യോഹാന്‍ക്രൈഫും (1974) പുഷ്കാസും (1954) ലോകകപ്പ് നേടിയിട്ടില്ലെന്നത് അവരുടെ മഹത്വത്തെ കുറയ്ക്കുന്നില്ല. ആല്‍ഫ്രെസൊ ഡിസ്റ്റൈഫാനോ, കെന്നിസാഗ്ലീഷ്, ജോര്‍ജ്പിയ, ജോര്‍ജ്ബെസ്റ്റ് ഇവരില്‍ ചിലര്‍ ഏതാനും മത്സരങ്ങളാകും ലോകകപ്പില്‍ കളിച്ചിട്ടുണ്ടാവുക. ഒറ്റ മത്സരവും ഫുട്ബോളിന്റെ പരമോന്നതവേദിയില്‍ കളിക്കാത്തവരുമുണ്ട്. ഇവരുടെ കഴിവുകള്‍ക്ക് പൂര്‍ണപ്രകാശം ചൊരിയാവുന്ന തലത്തിലേക്ക് ആ കളിക്കാര്‍ ഉള്‍പ്പെട്ട ടീമുകള്‍ വളര്‍ന്നില്ല. റിവാള്‍ഡോ വെയില്‍സുകാരനായിരുന്നെങ്കില്‍ റ്യാന്‍ജിഗ്സ് ബ്രസീലുകാരനായിരുന്നെങ്കില്‍ ; ഒന്നു സങ്കല്‍പ്പിച്ചുനോക്കുക. മെസ്സി വിശേഷണങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും വാഴ്ത്തിപ്പാടലുകള്‍ക്കും അപ്പുറത്തേക്ക് തന്റെ ഫുട്ബോള്‍ സപര്യയെ കൊണ്ടെത്തിച്ചുകഴിഞ്ഞു. എന്നാല്‍ , കാല്‍നൂറ്റാണ്ടായി ഫുട്ബോളിന്റെ അരുമകളായ അര്‍ജന്റീനക്കാര്‍ ലോകകപ്പ് നേടിയിട്ടില്ല. മെസ്സിക്ക് മുന്നില്‍ ഇനിയും ഏറെകാലമുണ്ടല്ലോ. ഓര്‍ക്കുമ്പോള്‍ അത്ഭുതവും അമ്പരപ്പും തോന്നുന്നു. അവിശ്വസനീയമായ വൈദഗ്ധ്യത്തോടെ ലയണല്‍മെസ്സി ഒരുനാള്‍ ലോകകപ്പ് എന്ന കൊടുമുടിയിലേക്ക് ഡ്രിബിള്‍ചെയ്തു കയറില്ലേ?
*
എ എന്‍ രവീന്ദ്രദാസ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 15 ജനുവരി 2012
Sunday, January 15, 2012
Subscribe to:
Post Comments (Atom)
1 comment:
പന്തിനെ ശരീരത്തിലെ മറ്റൊരവയവമായി വിളക്കിച്ചേര്‍ക്കാനുള്ള സിദ്ധി, തലച്ചോറിലുള്ള പന്ത് കാലുകളിലേക്കാവാഹിക്കാനുള്ള ബുദ്ധിവൈഭവം, അസാമാന്യവേഗം, അളന്നുമുറിച്ച പാസും ക്രോസും, പിഴയ്ക്കാത്ത ഷോട്ടുകള്‍ , സാങ്കേതികത്തികവിലും ആസൂത്രണത്തിലും ചാലിച്ചെടുത്ത രചനാത്മകനീക്കങ്ങള്‍ , പന്തിലേക്കും എതിര്‍ഗോള്‍മുഖത്തേക്കും മാത്രമായി മുനകൂര്‍പ്പിച്ച ചിന്തയും കര്‍മവും പ്രതിസന്ധിഘട്ടങ്ങളില്‍ ടീമിനെ സ്വന്തം ചുമലിലേറ്റാനുള്ള സന്നദ്ധത, സ്വര്‍ഥലേശമില്ലാതെ തളികയിലെന്നപോലെ കൂട്ടുകാര്‍ക്ക് ഒരുക്കിക്കൊടുന്ന അവസരങ്ങള്‍ - ഒരാളെ മികച്ച ഫുട്ബോളറാക്കുന്ന ഈ ഘട്ടങ്ങളെല്ലാം ഒന്നിനൊന്നു പാകത്തില്‍ വിളക്കിച്ചേര്‍ക്കപ്പെട്ടിരിക്കുന്ന സമകാലിക ഫുട്ബോളിലെ ഉത്തമതാപസനെ നമുക്ക് ലയണല്‍ ആന്ദ്രേമെസിയെന്നു വിളിക്കാം.
Post a Comment