ദുഷ്ക്കരമായിരുന്നു അക്കാലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനം. കമ്മിറ്റികള്‍ ഉണ്ടായിരുന്നില്ല. ദിവസവും ഇരുപതും ഇരുപത്തഞ്ചും മൈല്‍ നടന്ന് പ്രവര്‍ത്തകരെ സംഘടിപ്പിച്ചു. വിശപ്പും ദാഹവും ക്ഷീണവും വകവെക്കാതെ നാട്ടിടവഴികള്‍ നടന്നുതീര്‍ത്തു. എ കെ ജിയുടെ നേതൃത്വം ദേശീയ പ്രസ്ഥാനത്തിന് സവിശേഷമായ ഉണര്‍വുനല്‍കി. എന്നാല്‍ , കോണ്‍ഗ്രസിന്റെ ആന്തരിക ദൗര്‍ബല്യങ്ങളെക്കുറിച്ചുള്ള ചിന്ത ആ മനസ്സില്‍ പുകയുന്നുണ്ടായിരുന്നു.
"ഗാന്ധിസം ഒരു പരാജയമായിരുന്നു. കര്‍ഷകരും തൊഴിലാളികളും സമരമുന്നണിയിലേക്ക് വരാത്തിടത്തോളം സ്വാതന്ത്ര്യം നേടാന്‍ കഴിയുമായിരുന്നില്ല. വെറും സ്വരാജിനുള്ള അപേക്ഷകള്‍കൊണ്ട് അവരെ ഇളക്കാനാവുമായിരുന്നില്ല. സ്വരാജ് അതിനപ്പുറമുള്ള എന്തോ ആണ്"-ആത്മകഥയില്‍ എ കെ ജി എഴുതി.

"ആദ്യം ഞങ്ങള്‍ കോഴിക്കോട് തൊഴിലാളി യൂണിയന്‍ എന്നൊരു യൂണിയന്‍ സ്ഥാപിച്ചു. കര്‍ഷക തൊഴിലാളി സമരത്തില്‍ നിന്ന് എനിക്ക് വളരെ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ഇതിന്റെ ആദ്യപാഠം കോട്ടണ്‍മില്‍ തൊഴിലാളികളുടെ പണിമുടക്കായിരുന്നു. ഇത്തരം അനുഭവങ്ങളാണ് പിന്നീട് എന്നെ ഉറച്ച മാര്‍ക്സിസ്റ്റാക്കിയത്."
പിന്നീടങ്ങോട്ട് നെറികേടുകളോട് എതിരിട്ട സമരപരമ്പരകള്‍ . ജനങ്ങളുടെ ജീവിതമായിരുന്നു എ കെ ജിയുടെ രാഷ്ട്രീയപാഠശാല. അചഞ്ചലമായ ആത്മാര്‍ഥതയും ത്യാഗസന്നദ്ധതയും കീഴടക്കാനാവാത്ത ഇഛാശക്തിയും ആരെയും ആകര്‍ഷിക്കുന്ന സ്നേഹപ്രകൃതിയും അദ്ദേഹത്തെ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചു. വിരുദ്ധചേരിയില്‍ നിന്നവര്‍പോലും സ്നേഹിക്കുകയും വിശ്വാസമര്‍പ്പിക്കുകയും ചെയ്തു. "ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് എ കെ ജിയെയാണ്. അദ്ദേഹം കമ്യൂണിസ്റ്റായതുകൊണ്ടല്ല. എ കെ ജിയുടെ സത്യനിഷ്ഠയും സ്നേഹപ്രകൃതിയുമാണ് അതിന് കാരണം. അദ്ദേഹത്തിന്റെ മുന്‍കോപം പിന്നാലെ വരുന്ന സ്നേഹ പ്രവാഹത്തില്‍ അലിഞ്ഞുപോകുന്നു. എ കെ ജിയുടെ ശകാരം പുഷ്പശരം പോലെയാണ് സഖാക്കള്‍ പരിഗണിക്കാറ്"- ഒരു കാലത്ത് കമ്യൂണിസ്റ്റ് വിരുദ്ധമുന്നണിയെ നയിച്ച ഫാദര്‍ ജോസഫ് വടക്കന്റെ വാക്കുകള്‍ .(എന്റെ കുതിപ്പും കിതപ്പും).
മനുഷ്യന്റെ നെടുവീര്‍പ്പും നിലവിളിയും ഉയര്‍ന്നിടത്തെല്ലാം എ കെ ജി പാഞ്ഞെത്തി പടനയിച്ചു. അമരാവതിയിലും കീരിത്തോടും കൊട്ടിയൂരും നീലഗിരിയിലും മാത്രമല്ല, രാജസ്ഥാനിലെ അനൂപ്ഗഡിലും ശ്രീഗംഗാനഗറിലും കര്‍ണാടകയിലെ കോലാറിലും ചിക്ബല്ലാപുരിലും മഹാരാഷ്ട്രയിലെ ഷോലാപുരിലുമെല്ലാം കര്‍ഷകര്‍ സ്നേഹശാന്തവും സമരതീക്ഷ്ണവുമായ സാന്നിധ്യം അറിഞ്ഞു. മദിരാശിയിലേക്കുള്ള പട്ടിണിജാഥ, ഗുരുവായൂര്‍ സത്യഗ്രഹം, വെല്ലൂര്‍ ജയില്‍ചാട്ടം, മിച്ചഭൂമി സമരങ്ങള്‍ ... പാര്‍ലമെന്റും ജനങ്ങള്‍ക്കായുള്ള സമരവേദിയാണെന്ന് അദ്ദേഹം കാണിച്ചു. ജനാധിപത്യത്തിന്റെ കഴുത്തുഞെരിച്ച അടിയന്തരാവസ്ഥയുടെ നാളുകളില്‍ പല നാക്കുകളും നിശ്ശബ്ദമാക്കപ്പെട്ടപ്പോഴും അദ്ദേഹത്തിന്റെ വാക്കുകള്‍ സിംഹഗര്‍ജനമായി. 1977 മാര്‍ച്ച് 22ന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ അന്ത്യശ്വാസം വലിക്കുംവരെ മഹാനായ ആ മനുഷ്യസ്നേഹി വിശ്രമമറിഞ്ഞില്ല. നിമിഷം പോലും മങ്ങാതെ ജ്വലിച്ച വിപ്ലവജ്യോതിസ്-അതായിരുന്നു എ കെ ജി.
*
ദേശാഭിമാനി 16 ജനുവരി 2012
1 comment:
കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്കുള്ള ഒരു യാത്രയായിരുന്നു ആയില്യത്ത് കുറ്റ്യേരി ഗോപാലന്‍ നമ്പ്യാരുടെ ജീവിതത്തിലെ വഴിത്തിരിവ്. സ്വാതന്ത്ര്യസമര പോരാളിയായിരുന്ന അധ്യാപകനെ പ്രക്ഷോഭകാരിയും ജനനേതാവുമാക്കിയ ചരിത്രത്തിന്റെ ആദ്യചുവട്. ഉപ്പുസത്യഗ്രഹത്തിന്റെ ഭാഗമായി കെ കേളപ്പന്റെ മുന്‍കൈയില്‍ നടത്തിയ കാല്‍നടജാഥയ്ക്ക് ചൊവ്വയില്‍ എകെജിയുടെ നേതൃത്വത്തില്‍ സ്വീകരണം. അടക്കിനിര്‍ത്താനാവാത്ത സ്വാതന്ത്ര്യവാഞ്ഛ എ കെ ജിയുടെ മനസ്സിനെ മഥിക്കുന്നുണ്ടായിരുന്നു. അധ്യാപക ജോലി ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിലലിയാന്‍ ഉറച്ചു. പിറ്റേന്ന് രഹസ്യമായി കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്ക്. ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്ത എകെജിയെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ആദ്യ ജയില്‍ശിക്ഷ. ഒന്നിനുപിറകെ ഒന്നായുള്ള കാരാഗൃഹവാസങ്ങളും ഒളിവുജീവിതവും ഭരണകൂട ദണ്ഡനങ്ങളും കല്ലും മുള്ളും പാകിയ പോരാട്ടജീവിതത്തിന്റെ നെടുമ്പാതയിലേക്കുള്ള ആദ്യപാഠങ്ങളായി.
Post a Comment