Sunday, January 1, 2012

നമ്മുടെതന്നെ ഒച്ചകള്‍ , കാഴ്ചകള്‍

2011-ല്‍ പുറത്തുവന്ന എല്ലാ മലയാള കഥകളും വായിച്ച മലയാളികള്‍ എത്രപേരുണ്ടാകും? ഒരുപക്ഷേ ആരും കാണില്ല. "പ്രശസ്തര്‍" എന്ന ഒരുപട്ടിക സ്വയമുണ്ടാക്കി അവരുടെ രചനകള്‍ മാത്രം നോക്കി മികച്ചവ കണ്ടുപിടിക്കുക എന്നത് ജനാധിപത്യവിരുദ്ധമായ ഏര്‍പ്പാടാകുമെന്നുറപ്പുമാണ്. ഈ വര്‍ഷം വായിക്കാന്‍ കഴിഞ്ഞവയില്‍ , ഓര്‍മ്മയില്‍ പ്രത്യേക സ്ഥാനംനേടിയ കഥകളില്‍ കുറച്ചെണ്ണത്തെക്കുറിച്ച് ചില പ്രതീതികള്‍ അവതരിപ്പിക്കാനേ ഇപ്പോള്‍ സാധിക്കുകയുള്ളൂ. "മികച്ച", "ഏറ്റവും നല്ല" തുടങ്ങിയ വിശേഷണങ്ങള്‍ . ഏറിയകൂറും വ്യക്തിപരമായ തീരുമാനങ്ങളുടെ കനികളാണെന്ന് ഉറപ്പിച്ചുകൊണ്ട് അവ മാറ്റിനിര്‍ത്താന്‍ ഇവിടെ ശ്രദ്ധിച്ചിരിക്കുന്നു. എഴുത്തുകാരുടെ സ്ഥാനവലിപ്പവും ഇവിടെ നോക്കുന്നില്ല- മറ്റ് സംവരണതത്വങ്ങളും പാലിക്കുന്നില്ല.
ഈ വര്‍ഷം വായിച്ച നിരവധി ചെറുകഥകളെക്കുറിച്ച് ഒരു കാര്യം ഉറപ്പിച്ചുപറയാം- മുഖ്യധാരാ വാര്‍ത്താമാധ്യമങ്ങള്‍ അവയുടെ രാഷ്ട്രീയ- സാംസ്കാരിക താല്‍പര്യങ്ങള്‍കൊണ്ട് മാറ്റിനിര്‍ത്തുന്ന നൂറുകണക്കിന് വിഷയങ്ങളും വിഷമങ്ങളും സന്ദേഹങ്ങളും സന്ദിഗ്ധതകളും മലയാളിമനസ്സില്‍ ഉണ്ട്; അവയുടെ കൂടും കൂടാരവുമാകുക എന്ന നിലയാണ് കഥാസാഹിത്യത്തിനുള്ളത്. നമ്മുടെ വികസന വിദഗ്ധരും ഭരണകര്‍ത്താക്കളും മന:ശാസ്ത്രജ്ഞന്മാരും ഉദ്യോഗസമൂഹവുമെല്ലാം കഥകളായിവന്ന ഈ യാഥാര്‍ഥ്യങ്ങളെ സഗൗരവം പരിഗണിക്കുമ്പോഴേ അവര്‍ക്ക് കേരളത്തിന്റെ തനിരൂപം മനസ്സിലാക്കാന്‍ കഴിയൂ.

"പെസഹ" എന്ന കഥ (ധന്യാരാജ്)യെപ്പറ്റി പറയട്ടെ. സമീപകാലത്ത് ധാരാളം ചലച്ചിത്രങ്ങളില്‍ വന്ന അമ്മയും മുതിര്‍ന്ന മക്കളും അവരീഴട കുടുംബങ്ങളും വിരുന്നുവരലും ഒക്കെയുള്ള കഥതന്നെ ഇത്. ചില സിനിമകളിലെ രംഗങ്ങള്‍ ഇതില്‍ ക്ലിപ്പ് ചെയ്തതുപോലെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ , ആ സിനിമകളെ വിമര്‍ശിക്കുന്ന ഒരു സ്ഥാനം കഥയ്ക്കകത്ത് വളര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നു എന്നതിലേക്കാണ് വായനക്കാരുടെ ശ്രദ്ധ പതിയുക. കരോലിന്‍ എന്ന് ഓര്‍മയുടെ വിചിത്രശ്രുതിയില്‍ വിളിക്കപ്പെടുന്ന മകളുടെ (അനുജത്തിയുടെ) പ്രണയ- മരണങ്ങളുടെ ആഖ്യാനം വാണിജ്യചലച്ചിത്രത്തിന് അതിന്റെ ദൃശ്യഭാഷയ്ക്ക്, അന്യമായ പ്രശ്നാത്മകത കഥയ്ക്ക് നല്‍കുന്നു. കുടുംബം, പ്രണയം, രക്ഷാകര്‍ത്തത്വം എന്നിവയ്ക്കൊപ്പം ഒരു മാധ്യമത്തെയും വിമര്‍ശനവിധേയമാക്കാന്‍ കഴിയുന്നുവെന്നതാണ് കഥയുടെ വിജയം. കഥയെഴുത്തിന് സിനിമാറ്റിക്ക് ആഖ്യാനം സഹായകമായിട്ടുണ്ട്. ദൃശ്യങ്ങളുടെ കൂടിക്കലരലും പലപല കാലഘട്ടങ്ങളുടെ ചേര്‍ച്ചയുമെല്ലാം ചലച്ചിത്രാനുശീലനത്തില്‍നിന്ന് വരുന്നതാണ്. അപ്പോഴും അത് മാധ്യമവിചാരണയായി നില്‍ക്കുകയും ചെയ്യുന്നു.

ഒട്ടും ഓര്‍മകളില്ലാത്ത, വര്‍ത്തമാനകാലത്തിന്റെ സമതലത്തില്‍ മാത്രം വിഹരിക്കുന്ന ആഖ്യാനമാണ് സി അനൂപിന്റെ "മനുഷ്യാലയചന്ദ്രിക" മനുഷ്യാലയ ചന്ദ്രിക ഒരു വാസ്തുശാസ്ത്രഗ്രന്ഥത്തിന്റെ പേരാണെന്നത് പ്രസിദ്ധം. ഇവിടെ അതുപയോഗിച്ചിരിക്കുന്നത് ചന്ദ്രിക എന്നയാളിന്റെ വീട് എന്ന അര്‍ഥത്തിലാണ്. എന്നാല്‍ , ആ വീട് എത്രമാത്രം മനുഷ്യാലയമാണ് എന്നത് കഥയുടെ ധ്വനിപാഠമാണ്. നാഗരിക അണകുടുംബത്തിലെ ഭാര്യയും അമ്മയുമാണ് ചന്ദ്രിക. അവിടെ ഉപഭോഗജീവിതമാണ് വാഴ്ചനടത്തുന്നത്. ഭക്ഷണവിഭവിവരണം ഇത്രമേല്‍ ആവര്‍ത്തിച്ചുവരുന്ന ഒരു മലയാളകഥ അടുത്തൊന്നും വന്നിട്ടില്ല. കരുതികൂട്ടി, മടുപ്പുണ്ടാകുന്ന തരത്തില്‍ , ഇത് കഥയില്‍ ഉപയോഗിച്ചിരിക്കുന്നു. പരസ്പരം തിരിച്ചറിയാത്ത വ്യക്തികള്‍ ഒന്നിച്ചുപാര്‍ക്കുന്ന കെട്ടിടമെന്ന് വീടിനെ നിര്‍വചിക്കേണ്ടിവരുന്ന അവസ്ഥ. സരള ശക്തയായി ഈ കഥ. അവതരിപ്പിക്കുന്നു. ചന്ദ്രികക്ക് ഇതിനൊരു പ്രതിവിധിവേണമെന്ന് അവ്യക്തമായേ ചിന്തിക്കാനാവുന്നുള്ളൂ. അതിനാലാണ് കഥാന്ത്യം സന്ദിദ്ധമായിതീരുന്നത്.

പൂട്ടിയ തൊഴില്‍ശാലകള്‍ , വായനശാലകള്‍ , വിദ്യാലയങ്ങള്‍ , കലാസമിതികള്‍ എന്നിവയും താമസിക്കാനാളില്ലാത്ത തറവാടുകളും കഥയ്ക്ക് വിഷയമാവാറുണ്ട്. പൂട്ടിയ മദ്യശാലയ്ക്ക് ഒരു വിഷയപദവി കിട്ടുന്നത്, മദ്യാസ്വാദനം വലിയ രസവും വാണിജ്യവുമായിത്തീരുന്ന ഒരു ദേശസന്ദര്‍ശനത്തിലാണ്. സക്കറിയയുടെ "മദ്യശാല" പ്രത്യക്ഷത്തില്‍ ഈ വിമര്‍ശത്തിനൊന്നും ശ്രമിക്കുന്നില്ല. മദ്യശാല പൂട്ടിയ കാഴ്ചയോട് മദ്യപര്‍ പ്രതികരിക്കുന്നവിധം പ്രാഥമികമായ നൃത്താന്തമായി രേഖപ്പെടുത്തുന്ന ശൈലിയിലാണ് കഥ. അധ്വാനത്തെ കേരളത്തിന്റെ പൊതുനിലയോട് ചേര്‍ത്തുവെക്കുമ്പോഴാണ് അതിയെ വിമര്‍ശനോര്‍ജ്ഞം ഗണനീയമാണെന്ന് തെളിയുക.

യഥാതഥാഖ്യാനത്തിന്റെ പതിവുകളില്‍നിന്നുള്ള വല്ലാത്തൊരു ചാട്ടംകൊണ്ട് കനത്ത ആഘാതമുളവാക്കുന്ന കഥയെന്ന് കണ്ണന്‍ കരിങ്ങാടിന്റെ "അഗ്നിപ്രവേശ"ത്തെ വിവരിക്കാനാഗ്രഹിക്കുന്നു. ഭര്‍ത്താവ് സുഖലോലുവന്‍ , സി അന്തവിന്റെ "മനുഷ്യാലയ ചന്ദ്രിക"യിലെ ഭര്‍ത്താവിനെപ്പോലെതന്നെ. അയാള്‍ ഭാര്യയുടെ "ശുദ്ധി"യില്‍ സംശയാലു. ഈ പീഡനത്തിലുള്ള ഭാര്യയുടെ പ്രതികരണം ഉച്ചസ്ഥായിയില്‍ രേഖപ്പെടുത്തുകയാണ് കഥ. വീടിന് മുന്നില്‍ തീ കൂട്ടി, രാമായണത്തിലേതുപോലെ, അതില്‍ കയറുന്ന ഭാര്യയാണ് ഒടുവിലെ കാഴ്ച. ഇതൊപ്പിയെടുക്കാന്‍ ചാനല്‍ ക്യാമറകള്‍ , ആളുകളുടെ സാന്നിധ്യം. ആത്മഹത്യയുടെ സ്വകാര്യതയെക്കാള്‍ ആഘാതജനകമാണ് പ്രമേയഭാരമുള്ള ഈ തുറന്ന മരണമെന്ന് കഥയില്‍നിന്നറിയാനാവുന്നു. മരണക്കാഴ്ചയെ ഒരു പരിഹാരമാര്‍ഗം എന്ന നിലയില്‍ കഥ പരിചരിക്കുന്നില്ല. കഥയ്ക്കകത്ത് ആ കാഴ്ചയേക്കാള്‍ പ്രധാനം അതിന്റെ സാമൂഹ്യധ്വനികള്‍ തന്നെ. ഫാന്റസിയുടെ അര്‍ഥമാനത്തെ ഇങ്ങനെ കാര്യഗൗരവത്തോടെ പ്രയോജനപ്പെടുത്തുന്ന കഥയാണ് "അഗ്നിപ്രവേശം".

വാസം, പ്രവാസം എന്നീ അനുഭവങ്ങള്‍ വളരെകുറച്ച് സാമഗ്രികള്‍കൊണ്ട് സ്ഥാനപ്പെടുത്തിയ കഥയാണ് വത്സലയുടെ "വീട്ടിലേക്കുള്ളവഴി". അമ്മ, മകന്‍ ഇവരുടെ അടുപ്പം കഥയില്‍ തുടക്കത്തില്‍ കാണാനാവുന്നു. ചില്ലുജാലകത്തില്‍ തലയിടിച്ച് വീഴുന്ന പക്ഷിപ്രവാസിയുടെ പ്രതീകം തന്നെയാവാം. കഥയുടെ ശിഷ്ടഭാഗം, പക്ഷേ, ഇതിശന്റ തുടര്‍ച്ചയല്ല. മകന്‍ പ്രവാസനാഗരികതയെ സ്വീകരിക്കുകയാണ്. ഒന്നിനേയും ആദര്‍ശവല്‍ക്കരിക്കാതെ, എല്ലാറ്റിനേയും അതിന്റെ അനിവാര്യതയില്‍ മനസ്സിലാക്കുന്ന കഥാസമീപനമാണ് ശ്രദ്ധേയം. കാല്‍പനികതയുടെ സാധ്യതകള്‍ക്ക് അപ്പുറമാണ് ഈ സമീപനം. അമേരിക്കന്‍ ജീവിതം നേരില്‍ കണ്ടറിഞ്ഞ കഥാകാരി, അങ്ങനെകിട്ടിയ ദൃശ്യപ്രതീതി ശേഖരത്തില്‍നിന്ന് ഔചിത്യദീക്ഷയോടെ നടത്തിയ തെരഞ്ഞെടുപ്പും ഈ കഥയില്‍നിന്ന് വായിച്ചറിയാം.

സമ്പന്നതയുടെ സുഖാനുഷ്ഠാനങ്ങളാണ് ഇക്കഥയുടെ ആശയ സാമഗ്രികളെങ്കില്‍ പ്രവാസത്തിശന്റ മറുവശം ദുര്‍ഗന്ധത്തിന്റെയും ഇടുക്കത്തിശന്റയും അനുഭവങ്ങള്‍കൊണ്ട് ചിത്രീകരിക്കുന്ന കഥയും നമ്മുടെ ഭാഷയില്‍ ഉണ്ടാകുന്നുണ്ട്- യാസര്‍ അറാഫത്തിന്റെ "വിയര്‍പ്പുമാളികയിലെ ചുവന്ന അക്കങ്ങള്‍ പറയുന്നു..." ദരിദ്ര മലയാളികള്‍ കേരളത്തിനകത്തുതന്നെ നാടുവിട്ട ജീവിതം നയിക്കുന്നുവെന്നും കേരളത്തിലേക്ക് മറുനാടുകളില്‍നിന്ന് പാവങ്ങളായ ആളുകള്‍ തൊഴിലിനായി എത്തി പ്രവാസിജീവികളായ കഴിയുന്നുണ്ടെന്നും അവര്‍തമ്മില്‍ വര്‍ഗമോദനകൊണ്ടൊരു ഐക്യം സാധ്യമാണെന്നും പാരുഷ്യം കൊണ്ടെഴുതപ്പെട്ട ഈ കഥയില്‍ തെളിയിക്കപ്പെടുന്നു. ഓരത്തേക്ക് തള്ളിമാറ്റപ്പെട്ടവരുടെ അനാകര്‍ഷകമായ വേളകളും പേടികളും ഒറ്റപ്പെടലും അനിവാര്യമായ തീവ്രതയോടെയാണ് കഥ ആവിഷ്കരിക്കുന്നത്.
സേതു "കാറല്‍ഡീന്റെ വിളി" എന്ന ചെറുകഥയില്‍ ചവിട്ടുനാടകത്തിന്റെ രംഗവും ലോകനാടകത്തിന്റെ രംഗവും ഒന്നിച്ച് ചേര്‍ക്കുന്നു. നായകത്വം എന്ന വിഷയത്തെ ഇങ്ങനെയൊരു ദാര്‍ശനിക സമീക്ഷയില്‍ പരിചരിക്കുകയാണ് കഥ. നടന്‍ നടന്‍ മാത്രമല്ല, തട്ടിന് പറുത്ത് അയാള്‍ക്ക് വേറൊരു ജീവിതമുണ്ട്. നാടകത്തിന്റെ നയങ്ങള്‍ മുഴുവനായും ഊരിവെച്ചിട്ടാണ് അയാള്‍ ആ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതെങ്കില്‍ പ്രശ്നമൊന്നുമില്ല. നല്ല കലാകാരന്മാര്‍ക്ക് ഇത് സാധിക്കുകയില്ല. നാടകത്തെ വെറും കളിയായല്ല അവര്‍ കാണുക- കഥാപാത്രങ്ങളിലേക്ക് സ്വന്തം ജീവിതബോധത്തിന്റെ പ്രാണന്‍കൂടി അവര്‍ പ്രവേശിപ്പിക്കും. ഈ കഥയിലെ ഗ്രാമീണനായ, നടന്‍ തിമോത്തിയുടെ സമസ്യ ഇതാണ്. ചവിട്ടുനാടകത്തെ സംരക്ഷിക്കുന്ന കൊമ്പിക്ക് ചുറ്റുമുള്ള സമൂഹങ്ങളുശട ജീവിത- ഭാഷാവ്യവഹാരങ്ങളുടെ നാടകീയമായ വിന്യാസത്തിലുള്ള ശ്രദ്ധ ഈ കഥയെ സവിശേഷമായ സംസ്കാരസാമഗ്രി കൂടിയാകുന്നുണ്ട്.

ഈ വര്‍ഷം പുറത്തുവന്ന കഥാസമാഹാരങ്ങളില്‍ രണ്ടെണ്ണത്തെക്കുറിച്ചാണ് എടുത്തുപറയാനുള്ളത്. വി ആര്‍ സുധീഷിന്റെ 35 കൊല്ലക്കാലത്തെ കഥാ പ്രവര്‍ത്തനത്തില്‍നിന്ന് തെരഞ്ഞെടുത്ത 20 കഥകളുടെ സമാഹരമായ "പ്രിയപ്പെട്ട കഥകള്‍". അടിസ്ഥാന വിഷയങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന സന്ദര്‍ഭങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും പുസ്തകമാണ്. വംശാനന്തര തലമുറ, സൈക്കിള്‍ , കല്ലേരിയിലെത്തുന്ന തപാല്‍ക്കാരന്‍ , തിയറ്റര്‍ , വിരല്‍ എന്നീ കഥകള്‍ പ്രത്യേകം ശ്രദ്ധേയങ്ങളാണ് രചനകള്‍ . ചരിത്രത്തെ രാഷ്ട്രന്തരീയ വിഷയമായി കാണുമ്പോഴുണ്ടാകുന്ന ധൈഷണികളായ അന്തരീക്ഷത്തെ കഥാത്മകമായി വിന്യസിക്കുന്ന ഏതാനും കഥകളടങ്ങിയ പി ജെ ജെ ആന്റണിയുടെ "പിതൃങ്ങളുടെ മുസോളിയ"മാണ് പുതിയ കഥനത്തിന്റെ ഒരു ഇടം എന്നനിലയില്‍ ആകര്‍ഷിച്ചത്.

വ്യക്തിപരതയുടെ കൊണ്ടാടലാവാതെ, തീവ്രമായ സാമൂഹ്യാങ്കനങ്ങളായ നിലനില്‍ക്കുന്ന പുതിയ കഥകളെ വിപുലമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കാത്ത്, വിഷമിപ്പിക്കുന്ന തിരിച്ചറിവുകള്‍ കൈവിട്ട് പുതുമുതലാളിത്തം പരസ്യപ്പെടുത്തുന്ന മാതൃകക്കൊത്ത് ജീവിതം ചിട്ടപ്പെടുത്താന്‍ തിടുക്കം കാട്ടുന്ന ഒരു ജനതയുടെ സ്വാഭാവികമായ താല്‍പര്യക്കുറവ് കൊണ്ടുതന്നെയാണോ? വിനോദിപ്പിക്കാത്ത എല്ലാറ്റിനെയും വെറുക്കുക എന്നത് നാട്ടുമര്യാദയാവുകയാണ് എന്നു തോന്നുന്നു.

*
ഇ പി രാജഗോപാലന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 01 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

2011-ല്‍ പുറത്തുവന്ന എല്ലാ മലയാള കഥകളും വായിച്ച മലയാളികള്‍ എത്രപേരുണ്ടാകും? ഒരുപക്ഷേ ആരും കാണില്ല. "പ്രശസ്തര്‍" എന്ന ഒരുപട്ടിക സ്വയമുണ്ടാക്കി അവരുടെ രചനകള്‍ മാത്രം നോക്കി മികച്ചവ കണ്ടുപിടിക്കുക എന്നത് ജനാധിപത്യവിരുദ്ധമായ ഏര്‍പ്പാടാകുമെന്നുറപ്പുമാണ്. ഈ വര്‍ഷം വായിക്കാന്‍ കഴിഞ്ഞവയില്‍ , ഓര്‍മ്മയില്‍ പ്രത്യേക സ്ഥാനംനേടിയ കഥകളില്‍ കുറച്ചെണ്ണത്തെക്കുറിച്ച് ചില പ്രതീതികള്‍ അവതരിപ്പിക്കാനേ ഇപ്പോള്‍ സാധിക്കുകയുള്ളൂ. "മികച്ച", "ഏറ്റവും നല്ല" തുടങ്ങിയ വിശേഷണങ്ങള്‍ . ഏറിയകൂറും വ്യക്തിപരമായ തീരുമാനങ്ങളുടെ കനികളാണെന്ന് ഉറപ്പിച്ചുകൊണ്ട് അവ മാറ്റിനിര്‍ത്താന്‍ ഇവിടെ ശ്രദ്ധിച്ചിരിക്കുന്നു. എഴുത്തുകാരുടെ സ്ഥാനവലിപ്പവും ഇവിടെ നോക്കുന്നില്ല- മറ്റ് സംവരണതത്വങ്ങളും പാലിക്കുന്നില്ല.