Sunday, January 1, 2012

സ്വപ്നങ്ങളെ ഓടിത്തോല്‍പ്പിക്കാന്‍ പുതിയ വര്‍ഷം

എല്ലാവര്‍ക്കും നന്മ വരട്ടെ

പുതുവര്‍ഷം പിറവികൊള്ളുന്നത് ഇക്കുറി എന്നെ സംബന്ധിച്ച് ഇന്നോളമുണ്ടാവാത്ത വിധം വ്യത്യസ്ത അനുഭവത്തോടെയാണ്. ഞാന്‍ ആശുപത്രിയിലായിട്ട് മൂന്നാഴ്ചയായി. എണ്‍പത്തിയാറു വയസ്സിനിടയില്‍ ആശുപത്രിവാസംതന്നെ എനിക്ക് അപ്രതീക്ഷിതമായിരുന്നു. ജീവിതം മുഴവന്‍ പുതിയ അനുഭവങ്ങളും പാഠങ്ങളുമായ എനിക്ക് ആശുപത്രിജീവിതവും അത്തരത്തില്‍തന്നെ. പിണങ്ങിനിന്നവരും അകന്നു നിന്നവരും എല്ലാം എന്നെ കാണാനെത്തി. ഇവിടെ വന്നവരും വന്നുകൊണ്ടിരിക്കുന്നവരും വരാന്‍ സാധിച്ചില്ലെങ്കിലും മനസ്സുകൊണ്ട് എന്നെ സ്നേഹിക്കുന്നവരുടെയുമെല്ലാം സ്നേഹവായപുകള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. പുറത്ത് എനിക്കായി പ്രാര്‍ഥനകളും ഉപവാസംവരെയും നടന്നതായാണ് കേട്ടത്. എന്നോടുള്ള സ്നേഹംപോലെ എനിക്കും ഈ സമൂഹത്തോടുള്ള സ്നേഹവും കടപ്പാടും അതിരറ്റതാണ്. ഞാന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് എന്നെ കേള്‍ക്കുകയും വായിക്കുകയും ചെയ്ത ജനങ്ങളോടുതന്നെയാണ്. അവരാണ് ഇന്ന് ഈ രോഗാവസ്ഥയിലും എന്റെ ശക്തി. ഇനിയും പ്രസംഗിക്കണമെന്നും എഴതണമെന്നുമാണ് മനസ്സിലുള്ളത്.

ഇന്ന് ആരോടും പകയോ വിദ്വേഷമോ ഇല്ലാത്ത മനസ്സാണ് എന്റേത്. സമൂഹത്തിന് എന്നോടുള്ള മനോഭാവവും അങ്ങനെ തന്നെയെന്ന് ഞാന്‍ കരുതുന്നു. പുതുവര്‍ഷം എല്ലാ നന്മകളും നിറഞ്ഞതാകട്ടെ എന്ന് പറയാന്‍ മാത്രമേ എനിക്കാവൂ. എനിക്കിപ്പോള്‍ കഴിയൂ. തീരെ വയ്യ. ഞാന്‍ ആഗ്രഹിക്കുംപോലെയും നിങ്ങള്‍ പ്രതീക്ഷിക്കുംപോലെയും ഒരു നവവത്സര സന്ദേശം കുറിക്കാന്‍ എനിക്ക് ഈ അവസ്ഥയില്‍ കഴിയുന്നില്ലല്ലോ എന്നതില്‍ എനിക്ക് വിഷമമുണ്ട്. എങ്കിലും എന്റെ മനസ്സ് നിങ്ങള്‍ക്കൊപ്പമുണ്ട്. ദേശാഭിമാനിയുമായി എനിക്കുള്ള ആത്മബന്ധം ഞാന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ഇത്രയും നീണ്ട കാലം ഞാന്‍ മറെറാരു പ്രസിദ്ധീകരണത്തിനും പ്രതിവാരക്കുറിപ്പ് എഴുതിയിട്ടില്ല. എല്ലാ ദേശാഭിമാനി പ്രവര്‍ത്തകര്‍ക്കും വായനക്കാര്‍ക്കും എന്റെ ഹൃദയംനിറഞ്ഞ നവവത്സര ആശംസകള്‍ .

സുകുമാര്‍ അഴീക്കോട്

വെന്തുരുകിയ ഹൃദയങ്ങള്‍ക്കിടയില്‍ പോയവര്‍ഷം

ഹൃദയങ്ങളെ ചുട്ടുപൊള്ളിക്കുന്ന ഒരു സങ്കടം മനസ്സില്‍ അവശേഷിപ്പിച്ചാണ് പുതുവര്‍ഷത്തിലേക്ക് കടന്നുപോകുന്നത്. സൗമ്യ എന്ന പെണ്‍കുട്ടിയും അവളുടെ ദുരവസ്ഥയും തന്നെയാണ് ഏറ്റവും ഞെട്ടലുണ്ടാക്കുന്നത്. തീവണ്ടിയിലെ ഒരു കംപാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്നതുപോലുള്ള അവസ്ഥ അതിഭീകരമാണ്.
സിനിമയില്‍ സജീവമായിരുന്ന കാലത്ത് പോലും യാത്ര ചെയ്യുമ്പോള്‍ ഞാനും അമ്മയും ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് അവര്‍ക്ക്് തന്നെ ഒരു മുന്‍കരുതലുണ്ടാകണം. എപ്പോള്‍ ആണെങ്കിലും ഇത്തരം സംഭവങ്ങള്‍ നമ്മെ പേടിപ്പിച്ചു കൊണ്ടിരിക്കും.

വേദനയുടെ ഇരുട്ട് മാത്രം കനത്തുപെയ്യുന്ന ചില ജീവിതങ്ങള്‍ കണ്‍മുന്നില്‍ കണ്ടാണ് കഴിഞ്ഞ ഒരുവര്‍ഷം കടന്നുപോയത്. ദുരിതത്തിന്റെ തീക്കുണ്ഡത്തില്‍ വെന്തുരുകി ഒരു പാട് പേര്‍ സ്വന്തം കഥ പറയുമ്പോള്‍ പലതും നടുക്കമുണര്‍ത്തിയിരുന്നു. ഇന്ന് "കഥയല്ലിതു ജീവിതം" എന്ന ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ വേദന തിന്നുന്ന ഒരുപാട് ജീവിതങ്ങളെ കണ്ടു. എന്റെ ജീവിതത്തിലെ വഴിത്തിരിവ് തന്നെയായിരുന്നു 2011.

സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടുത്ത വര്‍ഷവും ഏറെ ശ്രദ്ധ പുലര്‍ത്തണമെന്നാണ് എന്റെ ആഗ്രഹം. അത് സ്വന്തം കുടുംബത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചുതന്നെ വേണം. പിഞ്ചുകുട്ടികള്‍ക്കു വേണ്ടി ഒരു കൗണ്‍സിലിങ് സെന്റര്‍ തുടങ്ങാനുള്ള പരിപാടിയിലാണ്.

വിധുബാല

സ്വപ്നങ്ങളെ ഓടിത്തോല്‍പ്പിക്കാന്‍ പുതിയ വര്‍ഷം

പുതുവര്‍ഷത്തില്‍ ഇന്ത്യയ്ക്ക് കായികമേഖലയില്‍ സുവര്‍ണദിനങ്ങളാകട്ടെ. കൂടുതല്‍ ഉയരവും കൂടുതല്‍ ദൂരവും കൂടുതല്‍ വേഗവും താണ്ടാന്‍ കായികതാരങ്ങള്‍ക്ക് കഴിയട്ടെ. ഇടുക്കി രാജാക്കാട്ടെ കുന്നിന്‍ചെരുവുകളാണ് ഞാന്‍ ആദ്യം കീഴടക്കിയത്. കയറുപൊട്ടിച്ചോടുന്ന പശുക്കിടാവിന് പിറകെ ഓടിയ ബാല്യമാണ് എന്റെ കാലുകള്‍ക്ക് കരുത്ത് പകര്‍ന്നത്. സ്കൂളിലേക്കും വീട്ടിലേക്കും കുന്നുകയറിയിറങ്ങിയുള്ള നടത്തവും ദൂരങ്ങളെ പിറകിലാക്കാന്‍ ചെറുപ്പത്തിലെ പഠിപ്പിച്ചു.

ഏതൊരാളിന്റെയും ഉയര്‍ച്ചയില്‍ പിന്നിലൊരു ശക്തിയുണ്ടാകും.എനിക്കത് സഹോദരനാണ.് വരാനിരിക്കുന്ന ലണ്ടന്‍ ഒളിമ്പിക്സ് ആണ് ഇനി പ്രതീക്ഷ. ദേശീയഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പതാകയണിഞ്ഞ് ഒളിമ്പിക്സ് വിക്ടറി സ്റ്റാന്റില്‍ നില്‍ക്കണം. അതാണ് ഇപ്പോഴത്തെ എന്റെ സ്വപ്നം. കെനിയയില്‍ ഇറ്റാലിയന്‍ കോച്ചിന്റെ കീഴില്‍ പരിശീലനം നടത്തുകയാണ്.

തുടക്കക്കാരുള്‍പ്പെടെ സാധാരണ കായികതാരങ്ങള്‍ക്ക് പലപ്പോഴും അധികൃതരില്‍നിന്നും മറ്റും കടുത്ത അവഗണന നേരിടാറുണ്ട്. ഇത്തരം കയ്പ്പേറിയ അനുഭവങ്ങളിലാത്ത നല്ലൊരു കായികവര്‍ഷമായി 2012 മാറട്ടെയെന്നും ആശംസിക്കുന്നു.

പ്രീജ ശ്രീധരന്‍

*
ദേശാഭിമാനി വാരാന്തപ്പതിപ്പ് 01 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എല്ലാവര്‍ക്കും നവവത്സരാശംസകള്‍