Thursday, July 28, 2011

പണപ്പെരുപ്പം തടയാന്‍ വില ഉയര്‍ത്തല്‍ വാദം

ആസൂത്രണക്കമ്മീഷന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ഈയിടെ അത്യസാധാരണമായ ഒരു പ്രസ്താവന നടത്തുകയുണ്ടായി. പണപ്പെരുപ്പത്തിന് ആക്കം കൂട്ടുമെന്ന് പറഞ്ഞുകൊണ്ട് എല്ലാവരും എതിര്‍ക്കുന്ന എണ്ണ വിലക്കയറ്റം, യഥാര്‍ഥത്തില്‍ പണപ്പെരുപ്പ വിരുദ്ധ നടപടിയാണെന്നും അത് പണപ്പെരുപ്പം കുറയ്ക്കുകയാണ് ചെയ്യുക എന്നുമാണ് അദ്ദേഹം പ്രസ്താവിച്ചത്. ഡെപ്യൂട്ടി ചെയര്‍മാേന്‍റത് വളരെ ഉയര്‍ന്ന ഒരു പദവിയാണ്. വളരെ പ്രശസ്തിയുള്ള ഒരു സാമ്പത്തിക വിദഗ്ദ്ധനാണ് ഇപ്പോള്‍ ആ പദവിയില്‍ താല്‍പര്യപൂര്‍വം കഴിയുന്നത്. ഉന്നതപദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തി നടത്തുന്ന പ്രസ്താവനയെ സത്യമായിട്ടെടുക്കാനുള്ള സാധ്യതയും അപകടവും നമ്മുടെ നാട്ടിലുണ്ട് - പ്രത്യേകിച്ചും ഫ്യൂഡല്‍ മനോഭാവം നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ .

പണപ്പെരുപ്പത്തെ നിയന്ത്രിക്കണമെങ്കില്‍ , വിലകളുയര്‍ത്തണം എന്ന നിയമം അഥവാ സിദ്ധാന്തം, ഇന്നിപ്പോള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന സാമ്പത്തിക ശാസ്ത്രത്തില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും ഉണ്ട്. അത്തരമൊരു സംഭാവ്യതയെ തടഞ്ഞേ പറ്റൂ. കാരണം പത്രങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതനുസരിച്ചുള്ള ഡെപ്യൂട്ടി ചെയര്‍മാന്റെ പ്രസ്താവന, ഒട്ടും അനുയോജ്യമല്ലെന്നും സ്ഥിരതയുള്ളതല്ലെന്നും കാണാവുന്നതാണ്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഉയരുമ്പോള്‍ , സമ്പദ്‌വ്യവസ്ഥയിലുള്ള "പണം വലിച്ചെടുക്കപ്പെടുമെന്നും" അത് പണപ്പെരുപ്പം കുറയ്ക്കാന്‍ സഹായിക്കുമെന്നും ആണ് അദ്ദേഹം പ്രസ്താവിക്കുന്നത്. എന്നാല്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവര്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് "പുറത്തുള്ളവരല്ല" എന്നതിനാല്‍ , ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധിക്കുമ്പോള്‍ , വാങ്ങുന്നവരുടെ കൈകളില്‍നിന്ന് വില്‍ക്കുന്നവരുടെ കൈകളിലേക്ക് കൂടുതല്‍ പണം കൈമാറ്റം ചെയ്യപ്പെടുന്നുവെന്നേ അര്‍ഥമുള്ളൂ. മറിച്ചല്ല സംഭവിക്കുന്നത് എന്നു മാത്രം. അതിന്നര്‍ഥം സമ്പദ്‌വ്യവസ്ഥയില്‍നിന്ന്, "പണം വലിച്ചെടുക്കപ്പെടുന്നു"വെന്നല്ല. വാദത്തിനുവേണ്ടി, പെട്രോളിയം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവര്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് "പുറത്താണെന്ന്" ഒരു നിമിഷം അനുമാനിയ്ക്കുകയാണെങ്കില്‍ത്തന്നെ, സമ്പദ്‌വ്യവസ്ഥയില്‍നിന്ന് "വലിച്ചെടുത്ത" പണം അവര്‍ ചെലവാക്കുകയാണെങ്കില്‍ , ആ പണം വീണ്ടും സമ്പദ്‌വ്യവസ്ഥയിലേക്കു തന്നെയാണ് തിരിച്ചുപോകുന്നത്. അതിനാല്‍ യഥാര്‍ഥത്തില്‍ "ചെലവിടുന്നതി"നെക്കുറിച്ചുള്ള വാദമാണിത്; "പണം വലിച്ചെടുക്കപ്പെടുന്ന"തിനെക്കുറിച്ചുള്ളതല്ല. ഈ വാദം ഒന്ന് പരിഷ്കരിച്ച് ഇങ്ങനെ ഉന്നയിക്കാം:

പെട്രോളിയം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവരുടെ കൈകളില്‍ വന്നുചേരുന്ന "അധികത്തുക" "ചെലവഴിയ്ക്കപ്പെടാതിരിക്കുന്നു"വെങ്കില്‍ , വില്‍പനക്കാരുടെ യഥാര്‍ത്ഥ ചെലവ് മാറ്റമില്ലാതെ ഒരേ നിലയില്‍ത്തന്നെ നിലനില്‍ക്കുമായിരുന്നു; അതേ അവസരത്തില്‍ത്തന്നെ (ഉയര്‍ന്ന വിലയ്ക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനുവേണ്ടി, മറ്റാവശ്യങ്ങള്‍ക്കുള്ള ചെലവ് വാങ്ങുന്നവര്‍ കുറയ്ക്കുമെന്നതിനാല്‍) അവരുടെ ചെലവ് ചുരുങ്ങുമായിരുന്നു. അങ്ങനെ മൊത്തത്തിലുള്ള ചെലവ് ചുരുങ്ങുന്നു. സമ്പദ്‌വ്യവസ്ഥയിലെ അധികചോദനം കൊണ്ടാണ് പണപ്പെരുപ്പം ഉണ്ടാകുന്നതെങ്കില്‍ , ഇങ്ങനെ ചെലവ് ചുരുങ്ങുന്നതുകൊണ്ട് പണപ്പെരുപ്പം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. (എന്നാല്‍ പണപ്പെരുപ്പം ഉണ്ടാകുന്നത് അധികചോദനംകൊണ്ടല്ലെങ്കില്‍ , പണത്തിന്റെയും അതിന്റെ മറ്റ് ബദല്‍ സാധനങ്ങളുടെയും സപ്ലൈ, ഡിമാന്‍റിന്നനുസരിച്ച് ക്രമീകരിയ്ക്കപ്പെടുന്ന ഒരു ആധുനിക മുതലാളിത്ത സമ്പദ്‌വ്യവസ്ഥയില്‍ പണം വലിച്ചെടുക്കപ്പെടുന്നതുകൊണ്ടൊന്നും പണപ്പെരുപ്പത്തെ തടയാന്‍ കഴിയുകയില്ല). വിലയിലുണ്ടാകുന്ന വര്‍ധന (അതെത്ര തന്നെയായാലും) അതായത് പണപ്പെരുപ്പം തന്നെ, അധിക ചോദനം കൊണ്ടാണ് ഉണ്ടാകുന്നതെങ്കില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റം ഉണ്ടാക്കിയ അതേ ഫലം തന്നെയാണ് ഉണ്ടാക്കുക എന്ന് ഒരു നിമിഷം ആലോചിച്ചാല്‍ കാണാന്‍ കഴിയും. അധിക ചോദനം കൊണ്ടാണ് അതുണ്ടായതെങ്കില്‍ , അത് അധിക ചോദനത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. ആരുടെ ചോദനമാണോ വാങ്ങല്‍ക്കഴിവിന്റെ നഷ്ടം കൊണ്ട് കുറയുന്നത് അവരുടെ വാങ്ങല്‍ക്കഴിവ്, വാങ്ങല്‍ക്കഴിവ് വര്‍ധിക്കുന്നതുകൊണ്ട് ആരുടെ ചോദനമാണോ വര്‍ദ്ധിയ്ക്കാത്തത്, അവരുടെ കൈകളിലേക്ക് മാറ്റപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതില്‍ ആദ്യം പറഞ്ഞ വിഭാഗക്കാരായ, വാങ്ങല്‍ക്കഴിവിന്റെ നഷ്ടംകൊണ്ട് ചോദനക്കുറവ് സംഭവിക്കുന്നവരുടെ വരുമാനം, വിലക്കയറ്റത്തിനനുസരിച്ച് വര്‍ധിക്കുന്നില്ല. രണ്ടാമത്തെ വിഭാഗക്കാരാകട്ടെ, വിലക്കയറ്റത്തിനനുസരിച്ച് അവരുടെ വരുമാനവും വര്‍ധിക്കുന്നുണ്ടെങ്കില്‍ത്തന്നെയും വരുമാനം വര്‍ധിയ്ക്കുന്നതിനനുസരിച്ച് ചെലവ് വര്‍ധിയ്ക്കാത്തവരാണ്. ചുരുക്കിപ്പറഞ്ഞാല്‍ അധ്വാനിക്കുന്ന ജനങ്ങളുടെ വരുമാനം വിലക്കയറ്റവുമായി ബന്ധപ്പെടുത്തിയിട്ടുള്ളതല്ലാത്തതിനാല്‍ പണപ്പെരുപ്പം അവരെ ഞെരുക്കുന്നു; വിലകള്‍ വര്‍ദ്ധിയ്ക്കുന്നതിനനുസരിച്ച് ലാഭമുണ്ടാക്കുന്നവരുടെ വരുമാനവും വര്‍ദ്ധിക്കുന്നതുകൊണ്ട്, വിലക്കയറ്റം അവര്‍ക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുന്നു.

അപ്രസക്തമായ പ്രസ്താവനകള്‍ ചിലര്‍ക്ക് നിശ്ചിത പണവരുമാനം മാത്രമേയുള്ളുവെന്നും പണപ്പെരുപ്പത്തിന്റെ ഗുണഭോക്താക്കള്‍ക്ക് അവരുടെ അധികവരുമാനം ചെലവാക്കാനുള്ള മനഃസ്ഥിതി (പണപ്പെരുപ്പംകൊണ്ട് നഷ്ടമുണ്ടാകുന്നവരുടെ ചെലവാക്കല്‍ മനഃസ്ഥിതിയെ അപേക്ഷിച്ച്) കുറവാണെന്നും ഉള്ള അവസ്ഥയുണ്ടാകുമ്പോള്‍ , ഇത്തരം പണപ്പെരുപ്പം സ്വയം നിയന്ത്രിതമായിത്തീരും എന്ന് ഇതില്‍നിന്ന് ലഭിക്കുന്നു. ഉദാഹരണത്തിന്, ലാഭത്തില്‍നിന്ന് എടുത്ത് ചെലവു ചെയ്യാനുള്ള മനഃസ്ഥിതി, കൂലിയില്‍നിന്ന് എടുത്ത് ചെലവു ചെയ്യുന്നതിനുള്ള മനഃസ്ഥിതിയെ അപേക്ഷിച്ച് കുറവാണെങ്കില്‍ (അതിനാണ് സാധ്യതയുള്ളത്) പണക്കണക്കിലുള്ള കൂലിയുടെ അളവ് സ്ഥിരമായി നില്‍ക്കുന്ന അവസ്ഥയില്‍ , അധികചോദനയനുസരിച്ചുള്ള പണപ്പെരുപ്പം സ്വാഭാവികമായും സ്വയം ഇല്ലാതായിത്തീരും. "പണം വലിച്ചെടുക്കപ്പെടുന്നതി"നെക്കുറിച്ചുള്ള എല്ലാ പ്രസംഗങ്ങളും പ്രസ്താവനകളും അപ്രസക്തമായിത്തീരുന്നു. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റം പണപ്പെരുപ്പത്തെ ഇല്ലാതാക്കും എന്നു പറയുന്നതും പണപ്പെരുപ്പം സ്വാഭാവികമായും സ്വയം ഇല്ലാതായിത്തീരും എന്നുപറയുന്നതും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്നര്‍ഥം. എന്നാല്‍ , പണപ്പെരുപ്പം നിയന്ത്രിക്കുക എന്നതുകൊണ്ട്, മേല്‍പ്പറഞ്ഞവിധം പണപ്പെരുപ്പം ഇല്ലാതാക്കുക എന്നല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, വിലക്കയറ്റവുമായി ബന്ധപ്പെടുത്തപ്പെട്ടിട്ടില്ലാത്ത പണവരുമാനമുള്ള അധ്വാനിക്കുന്ന ജനങ്ങള്‍ക്ക് (ഇന്ത്യയിലെ ജനസംഖ്യയില്‍ മഹാഭൂരിപക്ഷവും അവരാണ്) വിഷമമുണ്ടാവാത്തവിധത്തില്‍ മറ്റേതെങ്കിലും തരത്തില്‍ പണപ്പെരുപ്പം ഇല്ലാതാക്കുക എന്നതാണ് കാര്യം. ചുരുക്കത്തില്‍ , സമ്പദ്‌വ്യവസ്ഥയിലെ ഭേദപ്പെട്ട വിഭാഗങ്ങളുടെ ചോദനം കുറയ്ക്കുന്നതിനുവേണ്ടി ഗവണ്‍മന്റെ് ബോധപൂര്‍വം ഇടപെടുകയാണ് വേണ്ടത്. അങ്ങനെ ഇടപെടുമ്പോള്‍ ദരിദ്രരുടെ മേല്‍ പണപ്പെരുപ്പം കെട്ടിയേല്‍പ്പിച്ച് അവരെ ഞെരുക്കിക്കൊണ്ടല്ല ചോദനം കുറയ്ക്കേണ്ടത്, മറിച്ച് പണപ്പെരുപ്പംമൂലമുള്ള ഞെരുക്കം തടഞ്ഞുകൊണ്ടുതന്നെയാണ്; അതായത് അധ്വാനിക്കുന്ന ജനങ്ങളുടെ പണവരുമാനത്തിനനുസരിച്ച് വിലക്കയറ്റം ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തിക്കൊണ്ടാണ്. അതുകൊണ്ട് അധികചോദനമൂലമുണ്ടാകുന്ന പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ , പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റം കൊണ്ട് പണപ്പെരുപ്പം നിയന്ത്രിയ്ക്കപ്പെടുകയല്ല ചെയ്യുന്നത്. മറിച്ച് പണപ്പെരുപ്പം തന്നെയാണതിന്റെ ഫലം. പണപ്പെരുപ്പം ചെയ്യുന്ന അതേ കാര്യം തന്നെയാണ് ശരിയ്ക്കും അത് ചെയ്യുന്നത്. അതിനാല്‍ ഒരു ഗവണ്‍മന്റെ്, ഗവണ്‍മന്റെ് എന്ന വാക്കിന് അര്‍ഹമാകണമെങ്കില്‍ , പെട്രോളിയം വിലക്കയറ്റം ഒഴിവാക്കുക തന്നെയാണ് വേണ്ടത്.

മറ്റ് ചിലരുടെ ചോദനകള്‍ വെട്ടിക്കുറച്ചുകൊണ്ട്, അധികചോദനം മൂലമുള്ള പണപ്പെരുപ്പം തടഞ്ഞുനിര്‍ത്താന്‍ കഴിയുമോ എന്നതാണ് ഇവിടെ ഉയര്‍ന്നുവരുന്ന ചോദ്യം. മേല്‍പറഞ്ഞ വാദത്തിന്റെ അസാംഗത്യത്തില്‍ നാം എത്തിച്ചേരുന്നത് ഇവിടെയാണ്. പണപ്പെരുപ്പത്തിലൂടെയല്ലാതെ, അതായത് അധ്വാനിക്കുന്ന ജനങ്ങളുടെ ജീവിത പരിതഃസ്ഥിതികളെ ഞെരിച്ചുകൊണ്ടല്ലാതെ, സമ്പദ്‌വ്യവസ്ഥയിലെ അധികചോദനത്തെ പരിഹരിക്കുന്നതിനുള്ള പ്രത്യക്ഷമായ മറ്റൊരു മാര്‍ഗം, കൂടുതല്‍ സമ്പന്നരായ വിഭാഗങ്ങളുടെ ചോദനത്തെ ചുരുക്കുക എന്നതാണ്. അതായത് അവര്‍ക്കുമേല്‍ പ്രത്യക്ഷ നികുതി ചുമത്തല്‍ . പ്രത്യക്ഷ നികുതി വരുമാനം ഉയര്‍ത്തുന്നതിന് യാതൊരു സാധ്യതയും ഇല്ല എന്ന് ആര്‍ക്കും അവകാശപ്പെടുവാനും കഴിയുകയില്ല. നേരെമറിച്ച്, കോര്‍പ്പറേറ്റ് മേഖലയ്ക്ക് വമ്പന്‍ സൗജന്യങ്ങള്‍ അനുവദിച്ചുകൊടുത്തുകൊണ്ട്, ഗവണ്‍മന്റ് പ്രത്യക്ഷനികുതി വരുമാനം കുറച്ചുകൊണ്ടു വരികയായിരുന്നു. അത് ഭാഗികമായി തിരുത്തിയാല്‍ത്തന്നെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റത്തിന്റെ ആവശ്യം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍പ്പോലും, ഭാഗികമായ അത്തരമൊരു തിരുത്തല്‍കൊണ്ട്, ഇന്ധനവിലകള്‍ തിരിച്ചുകൊണ്ടുവരാന്‍ കഴിയും. പ്രത്യക്ഷനികുതി വര്‍ധിപ്പിക്കണം സമ്പദ്‌വ്യവസ്ഥയില്‍നിന്ന് "പണം വലിച്ചെടുക്കുന്നതിലൂടെ" പണപ്പെരുപ്പത്തെ തടയാന്‍ കഴിയും എന്ന ഡെപ്യൂട്ടി ചെയര്‍മാന്റെ പ്രസ്താവന, വാദത്തിനുവേണ്ടി, ഒരു നിമിഷം അംഗീകരിക്കുകയാണെങ്കില്‍ത്തന്നെ, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റത്തിലൂടെ എന്നപോലെത്തന്നെ പ്രത്യക്ഷനികുതി വര്‍ധനയിലൂടെയും അത് സാധ്യമാക്കാവുന്നതാണ്. അത്തരം നികുതികളില്‍നിന്നുള്ള പണം ഗവണ്‍മന്റെിന്റെ കൈകളില്‍ നേരിട്ടു വന്നുചേരും; സര്‍ക്കാരിന്റെ ചെലവ് അതിനായി വര്‍ധിപ്പിക്കേണ്ടതുമില്ല. അങ്ങനെ വരുമ്പോള്‍ സമ്പദ്‌വ്യവസ്ഥയില്‍നിന്ന് "പണം വലിച്ചെടുക്കപ്പെട്ടതായും" പണപ്പെരുപ്പത്തിന് കനത്ത ആഘാതം ഏല്‍പിക്കപ്പെട്ടതായും അനുഭവപ്പെടുന്നതാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ പണപ്പെരുപ്പത്തെ കൈകാര്യം ചെയ്യുന്നതിനുള്ള ഒരേയൊരു മാര്‍ഗം പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിയ്ക്കലല്ല; ഡെപ്യൂട്ടി ചെയര്‍മാന്റെ ന്യായം അനുസരിച്ചുതന്നെ മറ്റ് മാര്‍ഗങ്ങളും ഗവണ്‍മന്റിന് മുന്നിലുണ്ട്. അധികചോദനം മൂലമുള്ള പണപ്പെരുപ്പം നിയന്ത്രിയ്ക്കുന്നതിന് ഏതു മാര്‍ഗമാണ് അവലംബിയ്ക്കേണ്ടത് എന്നതാണ് യഥാര്‍ഥ പ്രശ്നം - അതിനെ അതിന്റെ വഴിയ്ക്ക് പോകാന്‍ അനുവദിച്ചുകൊണ്ടും ആ പ്രക്രിയയ്ക്കിടയില്‍ അധ്വാനിക്കുന്ന ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞുകൊണ്ടും ആണോ അത് ചെയ്യേണ്ടത്? (പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലകള്‍ എന്തായാലും സ്വഭാവികമായും തന്നത്താന്‍ ഉയരും എന്നതിനാല്‍ അവ നിയന്ത്രിക്കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് വില നയം അവലംബിക്കുന്നുവെന്ന് നടിച്ചുകൊണ്ടാണോ അങ്ങനെ ചെയ്യുന്നത്?) അതോ കൂടുതല്‍ പ്രത്യക്ഷനികുതികള്‍ ചുമത്തിക്കൊണ്ടും ജനസംഖ്യയിലെ കൂടുതല്‍ സമ്പന്നരായ വിഭാഗത്തിന്റെ ചോദനത്തെ ചുരുക്കിക്കൊണ്ടും ആണോ അത് ചെയ്യേണ്ടത്?

അവസാനമായി, ഈ വാദമുഖത്തിലെ അയുക്തികതയിലേക്ക് വരാം. ഇന്ത്യയില്‍ ഇന്നുള്ള പണപ്പെരുപ്പം, ഒരു വിധത്തിലും ആഭ്യന്തരമായ അധികചോദനം മൂലമുണ്ടായ പണപ്പെരുപ്പമല്ല തന്നെ. അതിനുപിന്നില്‍ എടുത്തുപറയത്തക്ക സപ്ലൈ ചുരുക്കമൊന്നുമില്ല. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍പോലും, ഗവണ്‍മന്റെിന്റെ കയ്യില്‍ വേണ്ടത്ര സ്റ്റോക്ക് ഇപ്പോഴും ഉണ്ട്; നല്ല വിളവെടുപ്പ് ഉണ്ടാകും എന്ന് പറയപ്പെടുന്നുണ്ട്; അതുവഴി കൂടുതല്‍ സ്റ്റോക്ക് സംഭരിയ്ക്കാനും കഴിയും. ഇന്നത്തെ പണപ്പെരുപ്പം ഒരു ആഗോളപ്രതിഭാസമാണ്. എണ്ണവിലക്കയറ്റംകൊണ്ടും അതിനനുസരിച്ച് ഭക്ഷ്യധാന്യങളില്‍ ഒരു വലിയ ഭാഗം ഇന്ധന ഉല്‍പാദനത്തിനായി വഴിതിരിച്ചുവിട്ടതുകൊണ്ടും ഉണ്ടായ സംയുക്ത ഫലമായിട്ടാണ് ആഗോളപണപ്പെരുപ്പം ഉണ്ടായത്. ഇന്ധന ഉല്‍പാദനത്തിന് ഭക്ഷ്യധാന്യങ്ങള്‍ വഴിതിരിച്ചുവിട്ടതുകാരണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആഗോള പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ കുറവുണ്ടാവുകയും കടുത്ത ഭക്ഷ്യധാന്യക്കമ്മിയുണ്ടാവുകയും ഭക്ഷ്യധാന്യങ്ങളുടെ വില ഉയരുകയും ചെയ്തിരിക്കുന്നു. അതിന്റെ ദുരന്തം പേറേണ്ടിവരുന്നത് പ്രത്യേകിച്ചും മൂന്നാം ലോകമാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് ആവശ്യമായിട്ടുള്ളത്, മൊത്തം ആഭ്യന്തരചോദനം ചുരുക്കുകയല്ല; മറിച്ച് ആഗോള ഭക്ഷ്യവില പ്രവണതകളില്‍നിന്ന് ഇന്ത്യയെ സംരക്ഷിച്ചുനിര്‍ത്തുകയും ഭക്ഷ്യധാന്യങ്ങളുടെ ആഭ്യന്തര സപ്ലൈ മാനേജ്മന്റ് കാര്യക്ഷമമാക്കുകയും ഇന്ധനച്ചെലവ് കുറച്ചുകൊണ്ട് ഭക്ഷ്യധാന്യങ്ങളുടെ വിതരണ വില കുറയ്ക്കുകയും ആണ്. ആഗോള എണ്ണ വില വര്‍ധന ഇന്ത്യക്കാരുടെ തലയിലേക്ക് കെട്ടിയേല്‍പിക്കാതിരിക്കുകയാണ് അതിനുവേണ്ടത്.

ഡെപ്യൂട്ടി ചെയര്‍മാന്റെ വാദമുഖത്തെക്കുറിച്ചാണല്ലോ നാം ഇതുവരെ ചര്‍ച്ച ചെയ്തത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റത്തെ മറ്റ് ഗവണ്‍മന്റ് വക്താക്കളും ഇതുപോലെത്തന്നെ ന്യായീകരിക്കുന്നുണ്ട് - അവരുടെ വാദമുഖം മറ്റൊന്നാണെന്ന് മാത്രം. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിച്ചില്ലായിരുന്നുവെങ്കില്‍ , എണ്ണക്കമ്പനികളുടെ നഷ്ടം നികത്തി കൊടുക്കേണ്ടിവരുന്നതുകൊണ്ട് സര്‍ക്കാരിന്റെ ധനക്കമ്മി വര്‍ധിക്കുമായിരുന്നു. ധനക്കമ്മി കാരണം പണപ്പെരുപ്പം വര്‍ധിക്കുന്നതുകൊണ്ട്, അത്തരം ധനക്കമ്മി നിയന്ത്രിക്കുന്നത് പണപ്പെരുപ്പം കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമാണ്. അതിനാല്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റം കൊണ്ട് ശരിയ്ക്കും ഉദ്ദേശിച്ചത് ഇതുതന്നെയാണ്; അതുകൊണ്ട് ഫലത്തില്‍ അത് പണപ്പെരുപ്പത്തിന് എതിരായ ഒരു നടപടിയാണ്. എണ്ണക്കമ്പനികള്‍ക്ക് നഷ്ടമുണ്ടായിക്കൊണ്ടിരിക്കുന്നു എന്ന ധാരണയാണ് പരത്തുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ അവയ്ക്ക് യാതൊരു നഷ്ടവുമില്ല. എന്നാല്‍ തല്‍ക്കാലത്തേക്ക് നമുക്ക് അക്കാര്യം ഒന്നവഗണിയ്ക്കാം.

എല്ലാ പെട്രോളിയം ഉല്‍പന്നങ്ങളുടെയും വിലയില്‍ (എല്ലാ ആഭ്യന്തരച്ചെലവുകളും കൂലിച്ചെലവും എല്ലാം അടക്കം) മൂന്ന് ഘടകങ്ങളുണ്ട് എന്നതാണ് പ്രസക്തമായ കാര്യം - ഇറക്കുമതി ചെയ്യപ്പെടുന്ന ക്രൂഡ്ഓയിലിന്റെ വില, എണ്ണക്കമ്പനികളുടെ ലാഭം, പല തലങ്ങളിലായി ഗവണ്‍മന്റ് ചുമത്തുന്ന നികുതികള്‍ എന്നിവയാണത്. എണ്ണക്കമ്പനികളുടെ ലാഭവും ഗവണ്‍മന്റിന്റെ നികുതി വരുമാനവും കുറയാതിരിയ്ക്കണമെങ്കില്‍ , ക്രൂഡ്ഓയിലിന്റെ അന്താരാഷ്ട്ര വിലയിലുണ്ടാകുന്ന ഏത് വര്‍ധനയും, പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉയര്‍ന്ന വിലയുടെ രൂപത്തില്‍ ആഭ്യന്തരമായി വാങ്ങുന്നവരുടെ തലയിലേക്ക് കെട്ടിയേല്‍പ്പിയ്ക്കണം. ഇവിടെയും, ഗവണ്‍മന്റിന്റെ ചെലവിന് പണം കണ്ടെത്തുന്നതിന് രണ്ട് മാര്‍ഗങ്ങളേയുള്ളൂ എന്ന നിഗമനത്തിലാണ് നാം നില്‍ക്കുന്നത് - ചരക്കുകളുടെമേല്‍ നികുതി ചുമത്തലും വായ്പ വാങ്ങലും (അഥവാ ധനക്കമ്മി). ഇറക്കുമതി ചെയ്യപ്പെടുന്ന ക്രൂഡ്ഓയിലിന്റെ വില ഉയരുമ്പോള്‍ അതിനനുസരിച്ച് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നില്ലെങ്കില്‍ , ഈ മേഖലയിലെ നികുതി കുറച്ചുകൊണ്ട് എണ്ണക്കമ്പനികളുടെ ലാഭം സംരക്ഷിച്ചു നിര്‍ത്താവുന്നതാണ്. നികുതി കുറയ്ക്കുന്നതുകൊണ്ടുണ്ടാകുന്ന വരുമാനക്കുറവ് മറ്റെവിടെയെങ്കിലും പ്രത്യക്ഷനികുതി ചുമത്തിക്കൊണ്ട് നികത്താവുന്നതുമാണ്. അങ്ങനെ ചെയ്യുമ്പോള്‍ ധനക്കമ്മിയുണ്ടാവുകയുമില്ല. എന്നാല്‍ രസകരമെന്നു പറയട്ടെ, ഡെപ്യൂട്ടി ചെയര്‍മാന്റെ വാദമുഖം ധനക്കമ്മിയെ സംബന്ധിച്ച വാദമുഖത്തിന് കടകവിരുദ്ധമാണ്. കൂടുതല്‍ ലാഭം നേടുന്ന എണ്ണക്കമ്പനികള്‍ തങ്ങളുടെ ചെലവ് വര്‍ധിപ്പിക്കുന്നില്ല എന്ന നിഗമനമാണ്, പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ വാദമുഖത്തിന് പിന്നിലുള്ളത്. ഈ വാദം ശരിയാണെങ്കില്‍ , ധനക്കമ്മി മൊത്തം ചോദനത്തിന് ആക്കം കൂട്ടുന്നുവെന്ന നിഗമനത്തിന് ന്യായമുണ്ടെന്ന് തോന്നുന്നില്ല.

പെട്രോളിയം ഉല്‍പന്നങ്ങളുടെ വില സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നില്ല, അതിനുപകരം എണ്ണക്കമ്പനികളുടെ അവകാശവാദങ്ങള്‍ക്കനുസരിച്ച് അവയ്ക്ക് വിഭവങ്ങള്‍ കൈമാറുക മാത്രമാണ് ചെയ്യുന്നതെങ്കില്‍ , സര്‍ക്കാരിന്റെ ധനക്കമ്മി വര്‍ധിയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ മൊത്തം ചോദനം അതുകൊണ്ട് വര്‍ധിയ്ക്കണമെന്നില്ല. ചോദനത്തിലുണ്ടാകുന്ന വര്‍ധന കൈകാര്യം ചെയ്യാന്‍ കഴിയത്തക്ക വിധത്തില്‍ , അത്തരം അവകാശങ്ങള്‍ വഴിയുണ്ടാകുന്ന ചെലവുകള്‍ കണക്കാക്കാന്‍ കഴിയുന്നതാണ് (അത്തരം ചെലവുകള്‍ യഥാര്‍ഥത്തില്‍ ഉണ്ടാകുമ്പോള്‍ , സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎയില്‍നിന്ന് നിര്‍ബന്ധമായും പിടിക്കുന്ന "കമ്പല്‍സറി ഡെപ്പോസിറ്റ് പദ്ധതി" മുമ്പുണ്ടായിരുന്നുവല്ലോ). മുമ്പ് ഗവണ്‍മന്റെ് ജീവനക്കാര്‍ക്ക് മേല്‍ ചുമത്തപ്പെട്ടിരുന്ന നിയന്ത്രണം എണ്ണക്കമ്പനികള്‍ക്ക് ബാധകമാക്കാന്‍ കഴിയില്ല എന്ന വാദത്തിന് അര്‍ഥമൊന്നുമില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ , ധനക്കമ്മി വര്‍ധിക്കുന്നത് തടയുന്നതിനുവേണ്ടി പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കണം എന്ന അവകാശവാദത്തിന് നിലനില്‍പ്പില്ലാതെ വരുന്നു. തന്റെ കുട്ടികള്‍ ആണവദുരന്തത്തില്‍പ്പെട്ട് മരിച്ചേയ്ക്കുമെന്ന് ഭയക്കുന്ന അച്ഛന്‍ അതൊഴിവാക്കാന്‍ സ്വന്തം കുട്ടികളെ വധിക്കുന്ന കഥ ഒരു ജാപ്പനീസ് സിനിമയില്‍ കണ്ടിട്ടുണ്ട്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കാതിരുന്നാല്‍ ധനക്കമ്മി ഉയരുകയും പണപ്പെരുപ്പം കൂടുതല്‍ രൂക്ഷമാവുകയും ചെയ്യും എന്ന വാദം, പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനായി ഉന്നയിയ്ക്കുന്നത്, പ്രസിദ്ധമായ ആ ജാപ്പനീസ് സിനിമയെയാണ് ഓര്‍മിപ്പിക്കുന്നത്.

*
പ്രൊഫ. പ്രഭാത് പട്നായിക് ചിന്ത വാരിക 29 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആസൂത്രണക്കമ്മീഷന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ഈയിടെ അത്യസാധാരണമായ ഒരു പ്രസ്താവന നടത്തുകയുണ്ടായി. പണപ്പെരുപ്പത്തിന് ആക്കം കൂട്ടുമെന്ന് പറഞ്ഞുകൊണ്ട് എല്ലാവരും എതിര്‍ക്കുന്ന എണ്ണ വിലക്കയറ്റം, യഥാര്‍ഥത്തില്‍ പണപ്പെരുപ്പ വിരുദ്ധ നടപടിയാണെന്നും അത് പണപ്പെരുപ്പം കുറയ്ക്കുകയാണ് ചെയ്യുക എന്നുമാണ് അദ്ദേഹം പ്രസ്താവിച്ചത്. ഡെപ്യൂട്ടി ചെയര്‍മാേന്‍റത് വളരെ ഉയര്‍ന്ന ഒരു പദവിയാണ്. വളരെ പ്രശസ്തിയുള്ള ഒരു സാമ്പത്തിക വിദഗ്ദ്ധനാണ് ഇപ്പോള്‍ ആ പദവിയില്‍ താല്‍പര്യപൂര്‍വം കഴിയുന്നത്. ഉന്നതപദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തി നടത്തുന്ന പ്രസ്താവനയെ സത്യമായിട്ടെടുക്കാനുള്ള സാധ്യതയും അപകടവും നമ്മുടെ നാട്ടിലുണ്ട് - പ്രത്യേകിച്ചും ഫ്യൂഡല്‍ മനോഭാവം നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ .