Thursday, July 21, 2011

ഭൂപരിഷ്കരണ ഭേദഗതി അപകടകരമായ നീക്കം

പശ്ചിമ ബംഗാളില്‍ കര്‍ഷകര്‍ക്കുവേണ്ടി കണ്ണീരൊഴുക്കി അധികാരത്തിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൃഷിയിടങ്ങളില്‍നിന്നും കിടപ്പാടങ്ങളില്‍നിന്നും കര്‍ഷകരെ ആട്ടിപ്പായിക്കുകയാണ്. ആയിരക്കണക്കിനു കര്‍ഷകരെ അടിച്ചോടിച്ച് അവരുടെ ഭൂമി ജന്മിമാര്‍ക്ക് തിരിച്ചുനല്‍കിക്കഴിഞ്ഞു. ഭൂപരിഷ്കരണത്തിലൂടെ ആ സംസ്ഥാനവും അവിടത്തെ കര്‍ഷകരും ആര്‍ജിച്ച പുരോഗതിയുടെ കഴുത്തിലാണ് മമത ബാനര്‍ജിയുടെ ഗുണ്ടാഭരണം കത്തിവച്ചത്. ആ ഭരണം കോണ്‍ഗ്രസിന്റെ ഭരണവുമാണ്. അവസരവാദ കൂട്ടുകെട്ടിലൂടെ കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍നിന്ന് ഭരണം പിടിച്ച് മമതയ്ക്ക് നല്‍കുകയാണുണ്ടായത്. ഭൂസ്വാമിമാരുടെയും ബൂര്‍ഷ്വാകളുടെയും വര്‍ഗതാല്‍പ്പര്യമാണ് കോണ്‍ഗ്രസിന്റേത്. അവര്‍ ഭൂപരിഷ്കരണത്തെ കഠിനമായി എതിര്‍ക്കുന്നു. ഭൂമി ജന്മിമാരിലും ജെമീന്ദാര്‍മാരിലും കേന്ദ്രീകരിക്കുക; ഭൂമാഫിയകളും റിയല്‍എസ്റ്റേറ്റ് കച്ചവടവും തഴച്ചു വളരുക- അത്രയേ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുള്ളൂ.

കര്‍ഷകര്‍ പട്ടിണിയിലും പരിവട്ടത്തിലും കഴിയുന്നത് അവരെ അലട്ടുന്നില്ല. സ്വാതന്ത്ര്യാനന്തരം ദശാബ്ദങ്ങള്‍ ഭരിച്ച സംസ്ഥാനങ്ങളില്‍പ്പോലും ഭൂപരിഷ്കരണത്തെക്കുറച്ച് ആ പാര്‍ടി ചിന്തിച്ചിട്ടില്ല. കേരളത്തില്‍ സമഗ്ര ഭൂപരിഷ്കരണത്തെ തുരങ്കംവയ്ക്കാനാണ് തുടക്കംമുതല്‍ അവര്‍ ശ്രമിച്ചത്. ഇന്നിപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ബജറ്റിലൂടെ അവതരിപ്പിച്ച ഭൂപരിഷ്കരണ ഭേദഗതി പദ്ധതി അത്തരമൊരു അട്ടിമറിയുടെ ഭാഗമാണ്. ഭൂപരിഷ്കരണ നിയമത്തിലൂടെ കേരള വികസനത്തിന് അടിത്തറ പാകിയ ഒന്നാം കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച വിമോചന സമരാഭാസത്തിന്റെ സന്തതികളാണ് ഇപ്പോഴത്തെ ഭരണത്തിലുള്ളവര്‍ ഏറെയും. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നപ്പോഴെല്ലാം ഭൂ ഉടമസ്ഥരെ സംരക്ഷിക്കാന്‍ ഇടപെട്ടിട്ടുണ്ട്. പ്രത്യേകിച്ച് കെ എം മാണി റവന്യൂമന്ത്രിയായിരുന്നപ്പോഴെല്ലാം ഭൂപരിഷ്കരണ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ തുനിഞ്ഞിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ബജറ്റിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതും. ഭൂപരിധിയില്‍നിന്ന് ഒഴിവാക്കപ്പെട്ട തോട്ടവിളകളില്‍ തോട്ടങ്ങളുടെ നിര്‍വചനത്തില്‍പ്പെടാത്ത മറ്റു ചില സംരംഭങ്ങള്‍ ആരംഭിച്ചാല്‍ ആ തോട്ടങ്ങള്‍ക്ക് പരിരക്ഷ നല്‍കും എന്നായിരുന്നു ബജറ്റിലെ പ്രസ്താവന. തോട്ടങ്ങളില്‍ അഞ്ച് ശതമാനംവരെ ഭൂമി കാര്‍ഷിക വിളകള്‍ക്കോ, ഔഷധ സസ്യകൃഷിക്കോ, പച്ചക്കറി, പൂന്തോട്ട കൃഷിക്കോ, വിനോദസഞ്ചാര പദ്ധതികള്‍ക്കോ ഉപയോഗിക്കാന്‍ അനുവദിക്കുമെന്നും പ്രഖ്യാപിച്ചു. മറ്റൊന്ന്,ഭതോട്ടങ്ങള്‍&ൃെൂൗീ;എന്ന നിര്‍വചനത്തില്‍ കശുമാവിനെക്കൂടി ഉള്‍പ്പെടുത്തി കശുമാവുകൃഷി ചെയ്യുന്ന പ്രദേശങ്ങളെക്കൂടി തോട്ടങ്ങളായി പ്രഖ്യാപിക്കുമെന്നതായിരുന്നു. കേരള ഭൂപരിഷ്കരണ നിയമത്തില്‍ അട്ടിമറിക്കാണ് ഇതുവഴി മാണിയും യുഡിഎഫും ശ്രമിക്കുന്നത്. ഇപ്പോള്‍ നഷ്ടത്തിലായ തോട്ടങ്ങളെ പുനരുദ്ധരിക്കാനെന്നപേരില്‍ തോട്ടങ്ങളുടെ അഞ്ചു ശതമാനം സ്ഥലം ടൂറിസം ഉള്‍പ്പെടെയുള്ള മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാം എന്ന പ്രഖ്യാപനം ഭൂപരിധി ചട്ടത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനും, ഭൂപരിഷ്കരണം അട്ടിമറിക്കാനും നേരത്തെതന്നെ ഇളവുകള്‍ ലഭിച്ച വന്‍കിട തോട്ടമുടമകള്‍ക്ക് സഹായം ചെയ്തുകൊടുക്കാനുമാണെന്നത് പകല്‍പോലെ വ്യക്തം.

ടൂറിസത്തിന്റെ മറവില്‍ ഭൂമിക്കച്ചവടമാണ് നടക്കുക. കേരള ഭൂപരിഷ്കരണ നിയമപ്രകാരം ഒരു കുടുംബത്തിന് കൈവശംവയ്ക്കാവുന്ന പരമാവധി ഭൂമി 15 ഏക്കറാണെന്ന് വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. അതില്‍ കൂടുതല്‍ കൈവശംവയ്ക്കുന്നവരുടെ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്. ഇതുപ്രകാരം ഇന്ന് മിച്ചഭൂമിയായി കണക്കാക്കപ്പെട്ടിട്ടുള്ള ഭൂമിയില്‍ കശുമാവുകൃഷി ചെയ്താല്‍ ആ ഭൂമിയെല്ലാം പ്ലാന്റേഷനായി പരിഗണിക്കപ്പെടുകയും മിച്ചഭൂമിയില്‍നിന്ന് ഇളവ് ലഭിക്കുകയും ചെയ്യുമെന്നാണ് പുതിയ നിയമഭേദഗതിയിലൂടെ പറയുന്നത്. ഇതുവഴി മിച്ചഭൂമി മുഴുവന്‍ ഇല്ലാതാകുകയും പണമുള്ളവന് എത്രവേണമെങ്കിലും ഭൂമി വാങ്ങിക്കൂട്ടാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യും. മിച്ചഭൂമി ഭൂരഹിതര്‍ക്ക് അവകാശപ്പെട്ടതാണ്. അത് തട്ടിയെടുത്ത് കശുമാവിന്‍തോട്ടമാക്കുന്നത് ഇന്നാട്ടിലെ ഭൂരഹിതരോടുള്ള വെല്ലുവിളിയില്‍ കവിഞ്ഞ ഒന്നുമല്ല. സ്വന്തം മുന്നണിയിലുള്ളവര്‍തന്നെ മാണിയുടെ ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുന്നണിയിലോ മന്ത്രിസഭയിലോ ആലോചിക്കാതെ മാണി തന്നിഷ്ടപ്രകാരം നയപരമായ പ്രഖ്യാപനം നടത്തിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വനം കൈയേറി കൃഷിചെയ്യുകയോ വീടുവയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആ ഭൂമിയെ വനം-പരിസ്ഥിതി നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. 2005ല്‍ ഇതേ ഉള്ളടക്കത്തോടെ യുഡിഎഫ് സര്‍ക്കാര്‍ നിയമം പാസാക്കിയെങ്കിലും കേന്ദ്ര വനം-പരിസ്ഥിതിവകുപ്പ് എതിര്‍ത്തു. അന്ന് പാസാക്കിയ നിയമം നടപ്പാക്കുമെന്നാണ് മാണി പ്രഖ്യാപിച്ചിരിക്കുന്നത്.

ധനപരമായ കാര്യങ്ങള്‍ക്കുപകരം റവന്യൂ, വനം വകുപ്പുകളുമായി ബന്ധപ്പെട്ട് മാണി നടത്തിയ പ്രഖ്യാപനങ്ങളെക്കുറിച്ച് ഈ വകുപ്പുമന്ത്രിമാര്‍ക്കുപോലും സൂചനയുണ്ടായിരുന്നില്ല. ജന്മിമാരുടെ കബളിപ്പിക്കലിന് ഇരയായി മിച്ചഭൂമി വാങ്ങിയവര്‍ക്ക് സ്ഥിരാവകാശം നല്‍കുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. 2005 വരെ നടത്തിയ ഇടപാടുകള്‍ക്ക് സാധുത നല്‍കലാണ് അന്നത്തെ റവന്യൂമന്ത്രിയായിരുന്ന മാണിയുടെ ലക്ഷ്യം. 1997 വരെയുള്ള ഭൂമി കൈമാറ്റങ്ങള്‍ക്ക് സാധുത നല്‍കിയാല്‍ മതിയെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഭൂമിയുടെ പരിധി അഞ്ച് ഏക്കറായി നിജപ്പെടുത്തുകയുംചെയ്തു. എന്നാല്‍ , പരിധിയില്ലാതെ സ്ഥിരാവകാശം നല്‍കുമെന്നാണ് മാണി പറഞ്ഞത്. കശുമാവ് വച്ചുപിടിപ്പിക്കുന്ന തോട്ടങ്ങളെ ഭൂപരിഷ്കരണനിയമത്തിലെ ഉയര്‍ന്ന പരിധിയില്‍നിന്ന് ഒഴിവാക്കുമെന്ന പ്രഖ്യാപനം ഭൂപരിഷ്കരണനിയമത്തിന്റെ അന്തഃസത്തതന്നെ തകര്‍ക്കലാണ്. വനം കൈയേറി കൃഷിചെയ്യുകയോ വീട് വയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആ ഭൂമിയെ വനം-പരിസ്ഥിതി നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുമെന്ന് വനംമന്ത്രി അറിയാതെ മാണി പ്രഖ്യാപിച്ചു എന്നും ആക്ഷേപമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ് മാണി പറഞ്ഞതെന്നും സംസ്ഥാനത്തിന് അധികാരമില്ലാത്ത വിഷയമായതിനാല്‍ ബജറ്റ് പ്രഖ്യാപനം അവഗണിക്കുന്നു എന്നുമാണ് വനംവകുപ്പിന്റെ നിലപാട്.

ബജറ്റ് സൃഷ്ടിച്ച പ്രതിഷേധത്തിനു പിന്നാലെ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കെ എം മാണിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കേണ്ടിയും വന്നു. മിച്ചഭൂമി കൈമാറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കിയും ഭൂപരിഷ്കരണ നിയമത്തിലെ ഉയര്‍ന്ന പരിധിയില്‍നിന്ന് കശുമാവ് തോട്ടങ്ങളെ ഒഴിവാക്കിയും മാണി നടത്തിയ പ്രഖ്യാപനത്തിനെതിരെയാണ് തിരുവഞ്ചൂര്‍ പരാതിപ്പെട്ടത്. 1959 ജൂണ്‍ 10നാണ് ഇ എം എസ് സര്‍ക്കാര്‍ കേരള ഭൂപരിഷ്കരണനിയമം പാസാക്കിയത്. ആ നിയമത്തില്‍ ഭൂപരിധിയില്‍ തോട്ടങ്ങള്‍ക്ക് ഇളവ് നല്‍കിയത് നല്ല&ിശേഹറല;കാഴ്ചപ്പാടോടെയായിരുന്നു. നാണ്യവിളകള്‍ അധികം ഉല്‍പ്പാദിപ്പിക്കുക, വിദേശനാണ്യം നേടുക, തൊഴിലാളികള്‍ക്ക് ജോലി ലഭിക്കുക എന്നിങ്ങനെയായിരുന്നു കാഴ്ചപ്പാട്. എന്നാല്‍ , ലഭ്യമായ ഇളവ് ദുരുപയോഗിക്കുകയായിരുന്നു പല തോട്ടമുടമകളും. പിന്നീട് അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ വിവിധ ഘട്ടങ്ങളിലായി വ്യത്യസ്ത ഭേദഗതികള്‍ കൊണ്ടുവന്ന് ഭൂപരിഷ്കരണത്തില്‍ ഇടപെടുകയുണ്ടായി. കേരളത്തില്‍ സമഗ്രമായ കാര്‍ഷിക പരിഷ്കരണ നടപടികള്‍ ആവിഷ്കരിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ നിയമനിര്‍മാണങ്ങള്‍ നടത്തിയത്. എന്നാല്‍ ഭൂസ്വാമിമാരെ സഹായിക്കാനായി ഇത്തരം നിയമങ്ങള്‍ നടപ്പാക്കാതിരിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും അതിന് മാറ്റമില്ല. രാജ്യത്തിനുതന്നെ മാതൃകയായി കേരളം നടപ്പാക്കിയ ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാനും തൊഴിലാളികളെ ഭൂമിയില്‍നിന്ന് ഇറക്കിവിടാനുമുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ വ്യാപകപ്രതിഷേധം ഉയരേണ്ടതുണ്ട്.

കേരള ഭൂപരിഷ്കരണ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ഏതൊരു പരിശ്രമവും വളരെയേറെ അവധാനതയോടുകൂടി മാത്രമേ ചെയ്യാന്‍ പാടുള്ളൂ. കേരളത്തിലെ ഭൂവ്യവസ്ഥയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ഇടയാക്കുന്ന ഭേദഗതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിനെതിരെ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ഭൂരഹിതരായ പാവപ്പെട്ട ജനങ്ങളും പട്ടികജാതി-വര്‍ഗ ജനവിഭാഗങ്ങളും അതിശക്തമായി പ്രതികരിക്കുമെന്നതില്‍ സംശയം വേണ്ട. കേരളത്തിലെ കര്‍ഷക-തൊഴിലാളി പ്രസ്ഥാനങ്ങള്‍ നടത്തിയ ത്യാഗോജ്വലമായ പോരാട്ടമാണ് ഭൂപരിഷ്കരണ നടപടികള്‍ക്ക് കാരണമായത്. ഇതിനെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് ധനമന്ത്രി നടത്തുന്നത്. അഭിപ്രായസമന്വയത്തില്‍ക്കൂടി മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 2005ല്‍ കേരള നിയമസഭ പാസാക്കിയ ബില്ലിന് അംഗീകാരത്തിനുവേണ്ടിയുള്ള തുടര്‍നടപടി സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കാതിരിക്കണം. അതല്ല, ബില്‍ അംഗീകരിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണെങ്കില്‍ വന്‍ പ്രക്ഷോഭംതന്നെ കേരളത്തില്‍ ഉയര്‍ന്നുവരുമെന്നതില്‍ സംശയംവേണ്ട.

*
ഇ പി ജയരാജന്‍ ദേശാഭിമാനി 21 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പശ്ചിമ ബംഗാളില്‍ കര്‍ഷകര്‍ക്കുവേണ്ടി കണ്ണീരൊഴുക്കി അധികാരത്തിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൃഷിയിടങ്ങളില്‍നിന്നും കിടപ്പാടങ്ങളില്‍നിന്നും കര്‍ഷകരെ ആട്ടിപ്പായിക്കുകയാണ്. ആയിരക്കണക്കിനു കര്‍ഷകരെ അടിച്ചോടിച്ച് അവരുടെ ഭൂമി ജന്മിമാര്‍ക്ക് തിരിച്ചുനല്‍കിക്കഴിഞ്ഞു. ഭൂപരിഷ്കരണത്തിലൂടെ ആ സംസ്ഥാനവും അവിടത്തെ കര്‍ഷകരും ആര്‍ജിച്ച പുരോഗതിയുടെ കഴുത്തിലാണ് മമത ബാനര്‍ജിയുടെ ഗുണ്ടാഭരണം കത്തിവച്ചത്. ആ ഭരണം കോണ്‍ഗ്രസിന്റെ ഭരണവുമാണ്. അവസരവാദ കൂട്ടുകെട്ടിലൂടെ കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍നിന്ന് ഭരണം പിടിച്ച് മമതയ്ക്ക് നല്‍കുകയാണുണ്ടായത്. ഭൂസ്വാമിമാരുടെയും ബൂര്‍ഷ്വാകളുടെയും വര്‍ഗതാല്‍പ്പര്യമാണ് കോണ്‍ഗ്രസിന്റേത്. അവര്‍ ഭൂപരിഷ്കരണത്തെ കഠിനമായി എതിര്‍ക്കുന്നു. ഭൂമി ജന്മിമാരിലും ജെമീന്ദാര്‍മാരിലും കേന്ദ്രീകരിക്കുക; ഭൂമാഫിയകളും റിയല്‍എസ്റ്റേറ്റ് കച്ചവടവും തഴച്ചു വളരുക- അത്രയേ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുള്ളൂ.