സ്കൂളിലെത്തിയാല്‍ ഗുരുനാഥന്റെ ചോദ്യം, "കുട്ടിയുടെ അച്ഛന്റെ പേര്?" തലതാഴ്ത്തി നില്‍ക്കുന്ന വിദ്യാര്‍ഥിയെ നോക്കി അധ്യാപകന്റെ കമന്റ്, "അവന് തന്തയില്ല". പൊട്ടിച്ചിരിക്കുന്ന സഹപാഠികളുടെ മുന്നില്‍ അപമാനിതനായി നില്‍ക്കേണ്ടി വരുന്ന വിദ്യാര്‍ഥിയുടെ അക്ഷരം പഠിക്കാനുള്ള മോഹം അതോടെ കരിയുന്നു. ആധുനിക മനുഷ്യന്റെ കമന്റ്, "അവറ്റകള്‍ നന്നാവില്ല". ദാരിദ്ര്യവും തൊഴിലില്ലായ്മയും വിദ്യാഭ്യാസത്തിന്റെ അഭാവവുമാണ് ആദിവാസികളെ എളുപ്പം ചൂഷണംചെയ്യാന്‍ കഴിയുന്നതിനു പിന്നില്‍ . ലൈംഗികചൂഷണത്തിന് ഇരകളാകുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങള്‍ ആദിവാസികളായിത്തന്നെ വളരുന്നു. നിയമപരമായി വിവാഹമില്ല. പിതാവിന്റെ ലാളനയും സ്നേഹവും സംരക്ഷണവുമില്ല. അച്ഛന്റെ പേരില്‍ ജനനസര്‍ട്ടിഫിക്കറ്റില്ല. വിദ്യാഭ്യാസത്തിന് ഒട്ടേറെ തടസ്സം.
സ്ത്രീകളെ ലൈംഗികചൂഷണം നടത്തി കുഞ്ഞിനെ സംഭാവന ചെയ്യുന്ന മാന്യന്‍ അവന്റെ "നിലയ്ക്കും വിലയ്ക്കും" യോജിച്ച പെണ്ണിനെ അന്തസ്സോടെ കെട്ടും. "മാന്യന്റെ" ഭാര്യയും കുഞ്ഞും സുരക്ഷിതരാണ്. അവരുടെ നിയമപരമായ അവകാശങ്ങള്‍ ഭദ്രമാണ്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുന്നില്‍ അവര്‍ അന്തസ്സുള്ളവരാണ്. സമൂഹത്തില്‍ വേട്ടക്കാരെ സംരക്ഷിക്കാനും ഇരകളെ കല്ലെറിയാനും ഒട്ടേറെ പേര്‍ . കുഞ്ഞിനെ സമ്മാനിച്ച് കടന്നുകളഞ്ഞവനെതിരെ ശബ്ദിക്കാന്‍പോലും സാധിക്കാതെ ഇരകള്‍ . കാസര്‍കോട് ജില്ലയിലെ പനത്തടി പഞ്ചായത്തില്‍ കേരള വനിതാ കമീഷനും കുടുംബശ്രീ ജില്ലാ മിഷനും പട്ടികവര്‍ഗ വികസനവകുപ്പും പഞ്ചായത്തും ചേര്‍ന്ന് പട്ടികവര്‍ഗ വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനുള്ള സര്‍വേ, പഠനങ്ങള്‍ , ശില്‍പ്പശാലകള്‍ എന്നിവ നടത്തി. ഇതിനോട് ബന്ധപ്പെട്ട് പത്ത് അവിവാഹിതകളായ അമ്മമാര്‍ വനിതാകമീഷന് അപേക്ഷ നല്‍കി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് അവരെ ജാഗ്രതാ സമിതിക്കുമുമ്പാകെ വിളിപ്പിച്ചു. ജാഗ്രതാസമിതിയില്‍വച്ച് അവരുടെ മൊഴിയെടുത്തു. തുടര്‍ന്ന് 185 അവിവാഹിത അമ്മമാരുടെ അപേക്ഷ ഞങ്ങള്‍ക്ക് ലഭിച്ചു. കേരള വനിതാകമീഷനും കുടുംബശ്രീമിഷനും ജില്ലാ പട്ടികവര്‍ഗ വികസനവകുപ്പും 2001 ഫെബ്രുവരി 22ന് കാസര്‍കോട് കലക്ടറേറ്റ് ഹാളില്‍ ഈ വനിതകള്‍ക്കുവേണ്ടിമാത്രം അവരുടേതായ ഊരുകൂട്ട ശില്‍പ്പശാല സംഘടിപ്പിച്ചു. ജില്ലയില്‍ പട്ടികവര്‍ഗ കോളനിയില്‍നിന്ന് ഒട്ടേറെ വനിതകള്‍ ശില്‍പ്പശാലയ്ക്ക് എത്തി. പ്രൊമോട്ടര്‍മാരുടെ സഹായത്തോടെയും അല്ലാതെയും എത്തിയവര്‍ അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും വിവരിച്ചു. കാസര്‍കോട് ജില്ലയില്‍ ഇത്തരം ശില്‍പ്പശാല ആദ്യമായാണ് നടക്കുന്നത്. പനത്തടി പഞ്ചായത്തില്‍നിന്നും ജില്ലാ ശില്‍പ്പശാലയില്‍നിന്നും കമീഷനു ലഭിച്ച പരാതികള്‍ നടപടിക്കായി ആന്റി ട്രാഫിക്കിങ് സെല്ലിന്റെ നോഡല്‍ ഓഫീസര്‍ കൂടിയായ ഡിഐജി എസ് ശ്രീജിത്തിന് സമര്‍പ്പിച്ചു.
2011 മാര്‍ച്ച് 19നും 20നും വനിതാകമീഷന്റെയും ഡിഐജിയുടെയും നേതൃത്വത്തില്‍ പരാതികളിന്മേല്‍ പരിഹാരനടപടി ആരംഭിച്ചു. മാര്‍ച്ച് 19ന് പനത്തടി പഞ്ചായത്തില്‍ നടന്ന നടപടിക്കുമുമ്പായി കേരള സ്റ്റേറ്റ് മഹിളാ സമഖ്യയുടെ പ്രവര്‍ത്തകരും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും വിപുലമായ സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടത്തി. 18 പേരുടെ മൊഴിയും എഫ്ഐആറും പൊലീസ് തയ്യാറാക്കി. മെഡിക്കല്‍ പരിശോധനയ്ക്ക് ആവശ്യമായ നടപടിയുമെടുത്തു. കോടോം, ബേളൂര്‍ , വെസ്റ്റ് എളേരി തുടങ്ങിയ പഞ്ചായത്തുകളിലെ കോളനികളില്‍ ഞങ്ങളെ എതിരേറ്റത് ദൈന്യതയാര്‍ന്ന മുഖങ്ങളായിരുന്നു. നിരവധി പ്രശ്നങ്ങളാണ് കോളനിയിലുള്ളവര്‍ അനുഭവിക്കുന്നത്. ഭൂമി ഇല്ലാത്തവര്‍ , വീടുണ്ടെങ്കിലും നമ്പര്‍ കിട്ടാത്തവര്‍ , വാസയോഗ്യമായ വീടില്ലാത്തവര്‍ , റേഷന്‍ കാര്‍ഡില്ലാത്തവര്‍ , എഴുത്തും വായനയും അറിയാത്തവര്‍ , രോഗബാധിതര്‍ , പെന്‍ഷന്‍ ലഭിക്കാത്തവര്‍ ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണ് കോളനികളില്‍ താമസിക്കുന്നത്. മാനഭംഗത്തിനിരയായെന്ന് പട്ടികജാതിവകുപ്പിന് പരാതി നല്‍കിയ സ്ത്രീയെ തേടിയാണ് ഭീമനടിയിലെ എണ്ണപ്പാറയ്ക്കു സമീപം ആദിവാസി കോളനിയില്‍ പോയത്. മേല്‍പ്പുരയില്ലാത്ത കൂരയില്‍ മുഷിഞ്ഞുനാറിയ വേഷം ധരിച്ച് ആരോ നല്‍കിയ പച്ചച്ചോറ് വാരിത്തിന്നുകയായിരുന്നു അവര്‍ . ഇടയ്ക്ക് ഛര്‍ദിക്കുന്നുമുണ്ട്. വര്‍ഷങ്ങളായി തുടരുന്ന പീഡനത്തിന്റെ ഇര. കേരള വനിതാ കമീഷനും പൊലീസ് വകുപ്പും പട്ടികവര്‍ഗ ക്ഷേമ വകുപ്പും ചേര്‍ന്ന് ആദിവാസി ഊരുകളില്‍ നടത്തിയ തെളിവെടുപ്പ് അദാലത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകം അറിയുന്നത്. ബലാത്സംഗത്തിന് ഇരയായി അമ്മയായവരുടെ കേസുകളായിരുന്നു അദാലത്തിനു മുന്നില്‍ എത്തിയതില്‍ ഏറെയും. ഭൂരിപക്ഷം പേര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡോ റേഷന്‍ കാര്‍ഡോ ഇല്ല. വോട്ടവകാശം ഇല്ലാത്തതിനാല്‍ രാഷ്ട്രീയകക്ഷികളോ സന്നദ്ധസംഘടനകളോ തിരിഞ്ഞുനോക്കുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു. വയനാട്ടില്‍ തിരുനെല്ലി പഞ്ചായത്തില്‍ നടന്ന സിറ്റിങ്ങില്‍ 21 പരാതി രജിസ്റ്റര്‍ചെയ്തു.
കര്‍ണാടകത്തിലേക്ക് ജോലിക്ക് കൊണ്ടുപോകുന്ന ആദിവാസികളുടെ നേരെ നടക്കുന്ന പീഡനങ്ങളും ചൂഷണങ്ങളും കമീഷന്റെ സജീവശ്രദ്ധയിലുണ്ട്. ഇത്തരം പീഡനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡിഐജി ഉറപ്പുനല്‍കിയിട്ടുണ്ട്. പാലക്കാട് അട്ടപ്പാടിയില്‍ 20 ആദിവാസി ഊരുകളില്‍ കേരള മഹിള സമഖ്യയുടെ പ്രവര്‍ത്തകര്‍ 48 അവിവാഹിത അമ്മമാരെ കണ്ടെത്തി. ഒമ്പതാംക്ലാസുകാരിയെ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയും പിന്നീട് കൈയൊഴിയുകയും ചെയ്ത സംഭവവും ഇതില്‍പെടും. പ്രസവിച്ച് 28 ദിവസംമാത്രം പിന്നിട്ട സ്ത്രീകള്‍ കൈക്കുഞ്ഞുമായിപ്പോലും പരാതി നല്‍കാന്‍ എത്തിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കാന്‍ തുടങ്ങിയതോടെ വേട്ടക്കാര്‍ വെപ്രാളത്തിലാണ്. പരാതിക്കാരെ ഭീഷണിപ്പെടുത്തല്‍മുതല്‍ ആത്മഹത്യാ ഭീഷണിവരെയുണ്ട്. സമൂഹത്തിലെ മാന്യത നഷ്ടപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.
*
ടി ദേവി (സംസ്ഥാന വനിതാകമീഷന്‍ അംഗമാണ് ലേഖിക) ദേശാഭിമാനി 16 ജൂലൈ 2011
Subscribe to:
Post Comments (Atom)
1 comment:
സ്കൂളിലെത്തിയാല്‍ ഗുരുനാഥന്റെ ചോദ്യം, "കുട്ടിയുടെ അച്ഛന്റെ പേര്?" തലതാഴ്ത്തി നില്‍ക്കുന്ന വിദ്യാര്‍ഥിയെ നോക്കി അധ്യാപകന്റെ കമന്റ്, "അവന് തന്തയില്ല". പൊട്ടിച്ചിരിക്കുന്ന സഹപാഠികളുടെ മുന്നില്‍ അപമാനിതനായി നില്‍ക്കേണ്ടി വരുന്ന വിദ്യാര്‍ഥിയുടെ അക്ഷരം പഠിക്കാനുള്ള മോഹം അതോടെ കരിയുന്നു. ആധുനിക മനുഷ്യന്റെ കമന്റ്, "അവറ്റകള്‍ നന്നാവില്ല". ദാരിദ്ര്യവും തൊഴിലില്ലായ്മയും വിദ്യാഭ്യാസത്തിന്റെ അഭാവവുമാണ് ആദിവാസികളെ എളുപ്പം ചൂഷണംചെയ്യാന്‍ കഴിയുന്നതിനു പിന്നില്‍ . ലൈംഗികചൂഷണത്തിന് ഇരകളാകുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങള്‍ ആദിവാസികളായിത്തന്നെ വളരുന്നു. നിയമപരമായി വിവാഹമില്ല. പിതാവിന്റെ ലാളനയും സ്നേഹവും സംരക്ഷണവുമില്ല. അച്ഛന്റെ പേരില്‍ ജനനസര്‍ട്ടിഫിക്കറ്റില്ല. വിദ്യാഭ്യാസത്തിന് ഒട്ടേറെ തടസ്സം.
Post a Comment