Tuesday, July 12, 2011

അഴിമതി: സര്‍ക്കാരിന്റെ ഒളിച്ചുകളിയും സുപ്രിംകോടതിയുടെ ഇടപെടലും

രാജ്യം ഇപ്പോള്‍ ഗൗരവമായി ചര്‍ച്ച ചെയ്‌തുവരുന്ന രണ്ട്‌ പ്രശ്‌നങ്ങളില്‍-അഴിമതിയും കള്ളപ്പണവും-കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികളില്‍ രാജ്യത്തെ പരമോന്നത നീതിപീഠം കടുത്ത ഭാഷയില്‍ അതൃപ്‌തിയും അവിശ്വാസവും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വിഷയങ്ങളില്‍ പരിഹാരം കാണാന്‍ ഭരണ സംവിധാനത്തിന്റെ അധികാരം കൈയിലെടുത്ത്‌ സുപ്രിം കോടതി തന്നെ ഇടപെടല്‍ ആരംഭിച്ചിരിക്കുന്നു. രാജ്യം ഭരിക്കാന്‍ ഡോ മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എയെ കൊള്ളില്ലെന്ന്‌ ഇതിനെക്കാള്‍ ശക്തമായ ഭാഷയില്‍ സുപ്രിം കോടതിക്കും പറയാനാവില്ല. ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ രാജ്യം ഭരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നാണ്‌ സുപ്രിം കോടതി ശക്തമായ ഭാഷയില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്‌. രാജ്യത്തെ ഏതെങ്കിലും ഒരു സംസ്ഥാനത്തെക്കുറിച്ചാണ്‌ സുപ്രിംകോടതി ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയിരുന്നതെങ്കില്‍ ആ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട്‌ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ മതിയായ കാരണമാവുമായിരുന്നു ഇത്‌.

അഴിമതിയുടെ കാര്യത്തിലായാലും കള്ളപ്പണത്തിന്റെ കാര്യത്തിലായാലും ഇതിനുത്തരവാദികളായവരെ കണ്ടെത്താനും കര്‍ശന നടപടി സ്വീകരിക്കാനുമുള്ള ഉത്തരവാദിത്വം ഭരണഘടന അനുസരിച്ച്‌ കേന്ദ്ര സര്‍ക്കാരിനാണ്‌. ദിവസവും വന്‍തോതിലുള്ള അഴിമതികഥകളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. മുകേഷ്‌ അംബാനിക്ക്‌ എണ്ണപ്പാടം നല്‍കിയതില്‍ കോടികളുടെ അഴിമതി നടന്നുവെന്ന കംട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ മുരളിദേവ്‌റ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചത്‌. ദേവ്‌റയുടെ രാജിയോടെ പ്രശ്‌നം തീര്‍ന്നോ? കംട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാണിച്ച, ഖജനാവിന്‌ അനേകായിരം കോടികളുടെ നഷ്‌ടമുണ്ടാക്കിയതിന്റെ ഉത്തരവാദികള്‍ക്കെതിരെ എന്ത്‌ നടപടി സ്വീകരിച്ചു? അല്ലെങ്കില്‍ എന്ത്‌ നടപടി സ്വീകരിക്കാന്‍ പോകുന്നു? പ്രധാനമന്ത്രി മന്‍മോഹന്‍സിംഗോ കേന്ദ്രമന്ത്രി സഭയോ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഒരു ശ്രമവും ഇതുവരെ നടത്തിയിട്ടില്ല. കേന്ദ്രമന്ത്രിയായിരുന്ന മുരളിദേവ്‌റയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടതല്ലേ? അദ്ദേഹത്തിന്റെ മകനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കാന്‍ പോകുന്നുവെന്നാണ്‌ കേള്‍ക്കുന്നത്‌.

അഴിമതിയുടെ കാര്യത്തില്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായിരുന്നു 2-ജി സ്‌പെക്‌ട്രം ഇടപാട്‌. ഈ ഇടപാടിനെ സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിന്റെ നിലപാട്‌ എന്തായിരുന്നു? കംട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ പൊതുഖജനാവിന്‌ 1,76,000 കോടി രൂപയുടെ നഷ്‌ടമാണ്‌ ഉണ്ടാക്കിയത്‌. കംട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുകയാണ്‌ കേന്ദ്രമന്ത്രി കബില്‍ സിബല്‍ ചെയ്‌തത്‌.

കേന്ദ്രമന്ത്രിയായിരുന്ന എ രാജ ഒരു കുഴപ്പവും നടത്തിയിട്ടില്ലെന്ന്‌ സ്ഥാപിക്കാനാണ്‌ കബില്‍ സിബല്‍ ശ്രമിച്ചത്‌. കേന്ദ്രമന്ത്രിസഭയുടെ നിലപാടും ഇതുതന്നെയായിരുന്നു. 2-ജി സ്‌പെക്‌ട്രം ഇടപാടിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ മേല്‍നോട്ടം ഏറ്റെടുക്കുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ സുപ്രിം കോടതിയോട്‌ ഉത്തവാദപ്പെട്ടിരിക്കുന്നുവെന്നും അപ്പപ്പോള്‍ അന്വേഷണ വിവരങ്ങള്‍ കോടതിയെ അറിയിക്കണമെന്നും സുപ്രിംകോടതി നിര്‍ദ്ദേശിച്ചതിനുശേഷമാണ്‌ അന്വേഷണത്തിന്റെ ഗതിമാറിയത്‌. 2-ജി സ്‌പെക്‌ട്രം അഴിമതിയില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടായിരിക്കുന്നു. കേന്ദ്രമന്ത്രി ദയാനിധിമാരനെതിരെ സി ബി ഐ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി കഴിഞ്ഞു. ഇനിയിപ്പോള്‍ ദയാനിധിമാരനെതിരെ സി ബി ഐ കേസ്‌ എടുക്കേണ്ടിവരും. ഒരു കാര്യം വ്യക്തമാണ്‌. ഈ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ മേല്‍നോട്ടവും നിയന്ത്രണവും സുപ്രിംകോടതി ഏറ്റെടുത്തതിന്റെ ഫലമായി മന്ത്രിസഭാംഗമായിരുന്ന എ രാജയും രാജ്യസഭാംഗമായ കനിമൊഴിയും ഏതാനും കോര്‍പ്പറേറ്റ്‌ മേധാവികളും ജയിലിലായി. 2 ജി സ്‌പെക്‌ട്രം ഇടപാടില്‍ ഇനിയും പലരും പ്രതിപട്ടികയില്‍വരും. കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം ധനമന്ത്രിയായിരുന്നപ്പോള്‍ ഈ ഇടപാടില്‍ ബന്ധപ്പെട്ടിരുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നുവന്നിട്ടുണ്ട്‌. അതും അന്വേഷണ വിധേയമാവേണ്ടതാണ്‌.

അഴിമതിപോലെ തന്നെ പ്രധാനപ്പെട്ടതാണ്‌ വിദേശത്തേയ്‌ക്ക്‌ കടത്തിയ കള്ളപ്പണത്തിന്റെ സ്ഥിതിയും. രാജ്യത്ത്‌ നിന്ന്‌ പണം കടത്തിയവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും ആ പണം കണ്ടുകെട്ടാനും കേന്ദ്ര സര്‍ക്കാര്‍ ഒരുതാല്‍പര്യവും കാണിക്കുന്നില്ല. ഈ കള്ളപ്പണക്കാരെ സംരക്ഷിക്കാനുള്ള പരിശ്രമമാണ്‌ കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്നത്‌. ജര്‍മനിയിലെ ഒരു ബാങ്കിലെ നിക്ഷേപകരായ ഇന്ത്യക്കാരുടെ പേര്‌ വിവരങ്ങള്‍ ജര്‍മന്‍ സര്‍ക്കാര്‍ ഇന്ത്യാഗവണ്‍മെന്റിന്‌ കൈമാറിയിട്ടുണ്ട്‌. സുപ്രിംകോടതി പലതവണ ആവശ്യപ്പെട്ടിട്ടും ഈ പേരുകള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍. ഈ സ്ഥിതി വിശേഷത്തിലാണ്‌ രാംജത്‌മലാനിയും മറ്റ്‌ ചിലരും നല്‍കിയ റിട്ട്‌ പെറ്റീഷനില്‍ സുപ്രിം കോടതിയുടെ ഉത്തരവ്‌. ഈ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്‌. വിദേശത്തേയ്‌ക്ക്‌ കടത്തിയ കള്ളപ്പണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പതിമൂന്ന്‌ അംഗ സമിതിയെയാണ്‌ സുപ്രിംകോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്‌. സുപ്രിംകോടതി മുന്‍ ജഡ്‌ജി ബി പി ജീവന്‍ റെഡ്‌ഢി ചെയര്‍മാനായ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഉപാധ്യഷന്‍ സുപ്രിംകോടതി മുന്‍ജഡ്‌ജി എം ബി ഷായാണ്‌. റിസര്‍ച്ച്‌ ആന്റ്‌ അനാലിസിസ്‌ (റാ) വിംഗിന്റെ ഡയറക്‌ടറും ഈ പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടാവും. ഈ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ട്‌ സുപ്രിംകോടതി പുറപ്പെടുവിച്ച അറുപത്തി ഏഴ്‌ പേജുകളുള്ള വിധി ന്യായത്തില്‍ രാജ്യത്ത്‌ നിലവിലുള്ള ഭരണസംവിധാനത്തെ നിശിതമായാണ്‌ വിമര്‍ശിച്ചിരിക്കുന്നത്‌. ഭരണരംഗത്ത്‌ വന്‍വീഴ്‌ചയാണ്‌ വരുത്തിയിട്ടുള്ളത്‌. ഭരണഘടനാപരമായും നിയമപരമായുമുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വത്തിനു നിരക്കുന്നതല്ല സര്‍ക്കാരിന്റെ നടപടികള്‍. പരാജയപ്പെട്ട രാഷ്‌ട്രമെന്നാണ്‌ സുപ്രിം കോടതി വിധിയില്‍ പറഞ്ഞത്‌. കുറെ പണക്കാര്‍ക്ക്‌ പണമുണ്ടാക്കാന്‍വേണ്ടിയാണ്‌ ദരിദ്രരെ അവഗണിക്കുന്നതെന്നും അഴിമതികളുടെ നേരെ കണ്ണടയ്‌ക്കുന്നതെന്നും കോടതി വിമര്‍ശിച്ചിരുന്നു.

ലോകത്തെ എഴുപത്തിയേഴ്‌ രാജ്യങ്ങളിലെ വിവിധ ബാങ്കുകളിലാണ്‌ ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നത്‌. ഇതിന്‌ മുമ്പ്‌ ഇതെ പംക്തിയില്‍ ചൂണ്ടിക്കാണിച്ച ഗ്ലോബല്‍ ഇന്റഗ്രിറ്റി റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ സ്വാതന്ത്ര്യത്തിനുശേഷം രണ്ടായിരത്തി എട്ട്‌ വരെ ഇന്ത്യയില്‍ നിന്നും കടത്തിയത്‌ അന്‍പത്‌ ലക്ഷംകോടി ഡോളറാണ്‌. ഇതില്‍ നാലിലൊന്നും കടത്തിയത്‌ രണ്ടായിരത്തിനും രണ്ടായിരത്തി എട്ടിനും ഇടയിലാണ്‌. അതായത്‌ പുത്തന്‍ സാമ്പത്തിക നയം നടപ്പിലാക്കിയതിനുശേഷം. രണ്ടായിരത്തി എട്ടിന്‌ ശേഷവും വന്‍തോതില്‍ കള്ളപ്പണം വിദേശത്തേയ്‌ക്ക്‌ കടത്തിയിട്ടുണ്ട്‌. രാജ്യത്തെ ജനസംഖ്യയില്‍ എഴുപത്തിയേഴ്‌ ശതമാനം ജനങ്ങള്‍ പ്രതിദിനം ഇരുപത്‌ രൂപയ്‌ക്കുതാഴെ മാത്രം വരുമാനമുള്ളവരായി പട്ടിണിയിലും ദുരിതത്തിലും കഴിയുമ്പോഴാണ്‌ ഈ കള്ളപ്പണത്തിന്റെ കടത്ത്‌.

രാജ്യത്തിന്റെ പരമോന്നത നീതിപീഠം കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിയ കടുത്തവിമര്‍ശനത്തിന്റെയും ഭരണപരമായ കാര്യങ്ങളില്‍ കോടതി സ്വീകരിച്ച നടപടികളുടെയും അടിസ്ഥാനത്തില്‍ യു പി എ സര്‍ക്കാരിന്‌ തുടരാന്‍ അവകാശമുണ്ടോ? ഡോ മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ എത്രയുംവേഗം രാജിവച്ച്‌ പോകേണ്ടിയിരുന്നു. അഴിമതികള്‍ക്കെതിരെ നടപടി എടുക്കേണ്ട ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണ്‌. കട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറലിനെതിരെ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിംഗ്‌ ഉയര്‍ത്തിയ വിമര്‍ശനത്തിന്‌ കംട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ മറുപടി നല്‍കിയിട്ടുണ്ട്‌. അഴിമതികളെക്കുറിച്ച്‌ അന്വേഷിക്കാന്‍ അവകാശമുണ്ടെന്ന്‌ കംട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ അസന്നിഗ്‌ദമായി വ്യക്തമാക്കിയിട്ടുണ്ട്‌. എ രാജയും കനിമൊഴിയും ജയിലിലായത്‌ സുപ്രിംകോടതിയുടെ നിര്‍ദ്ദേശപ്രകാരം സി ബി ഐ കേസെടുത്തതിനാലാണ്‌. അതേപോലെ ദയാനിധിമാരനെതിരെ കേസെടുക്കാന്‍ തുടങ്ങിയപ്പോഴാണ്‌ രാജിവച്ചത്‌. മുരളീ ദേവ്‌റ രാജി വയ്‌ക്കാന്‍ കാരണവും കംട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടാണ്‌. ഇപ്പോള്‍ സുപ്രിംകോടതിയില്‍ പുതിയൊരു ഹര്‍ജി ഫയല്‍ ചെയ്‌തിട്ടുണ്ട്‌. റിലയന്‍സ്‌ കമ്പനിയില്‍ നിന്നും അറുനൂറ്റി അന്‍പത്‌ കോടിരൂപ പിഴ ഈടാക്കേണ്ടത്‌ അഞ്ച്‌ കോടി രൂപയില്‍ ഒതുക്കിതീര്‍ത്തുവെന്നതിനെ സംബന്ധിച്ചാണ്‌ ഹര്‍ജി.

ചുരുക്കത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ആര്‍ക്കെങ്കിലും എതിരെ കേസെടുക്കുന്നതും ആരെങ്കിലും ജയിലിലാകുന്നതും ഏതെങ്കിലും കേസില്‍ അന്വേഷണം നടക്കുന്നതുമെല്ലാം സുപ്രിംകോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ്‌. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്‌ ഇത്തരം വിഷയങ്ങളില്‍ ഒരു പങ്കും ഇല്ലെന്നാണ്‌ സമകാലിക ഇന്ത്യന്‍ അനുഭവം. ഭരണപരമായ കാര്യങ്ങളില്‍ ഡോ മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‌ യാതൊരു ഉത്തരവാദിത്വവും ഇല്ല. പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്‌ സ്വാഭാവികമാണ്‌. എന്നാല്‍ ഇപ്പോള്‍ സുപ്രിംകോടതിയും കേന്ദ്രസര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ തുറന്നുകാണിക്കുന്നകയും സര്‍ക്കാരിനെതിരെ കടുത്തവിമര്‍ശനം ഉന്നയിക്കുകയും ചെയ്യുന്നു. എന്നുമാത്രമല്ല ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ സുപ്രിം കോടതി തന്നെ പരിഹാരം കാണുകയും ചെയ്യുന്നു. അപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെന്ത്‌ പ്രസക്തിയാണ്‌ ഉള്ളത്‌. ഇന്ന്‌ രാജ്യത്ത്‌ ഒരു ഭരണമില്ലായ്‌മയാണ്‌ സംജാതമായിരിക്കുന്നത്‌. ഇതിന്‌ കാരണമായ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ രാജിവച്ച്‌ പോവുകയാണ്‌ അഭികാമ്യം.

*
ഇ ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം 12 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാജ്യം ഇപ്പോള്‍ ഗൗരവമായി ചര്‍ച്ച ചെയ്‌തുവരുന്ന രണ്ട്‌ പ്രശ്‌നങ്ങളില്‍-അഴിമതിയും കള്ളപ്പണവും-കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികളില്‍ രാജ്യത്തെ പരമോന്നത നീതിപീഠം കടുത്ത ഭാഷയില്‍ അതൃപ്‌തിയും അവിശ്വാസവും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വിഷയങ്ങളില്‍ പരിഹാരം കാണാന്‍ ഭരണ സംവിധാനത്തിന്റെ അധികാരം കൈയിലെടുത്ത്‌ സുപ്രിം കോടതി തന്നെ ഇടപെടല്‍ ആരംഭിച്ചിരിക്കുന്നു. രാജ്യം ഭരിക്കാന്‍ ഡോ മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എയെ കൊള്ളില്ലെന്ന്‌ ഇതിനെക്കാള്‍ ശക്തമായ ഭാഷയില്‍ സുപ്രിം കോടതിക്കും പറയാനാവില്ല. ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ രാജ്യം ഭരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നാണ്‌ സുപ്രിം കോടതി ശക്തമായ ഭാഷയില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്‌. രാജ്യത്തെ ഏതെങ്കിലും ഒരു സംസ്ഥാനത്തെക്കുറിച്ചാണ്‌ സുപ്രിംകോടതി ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയിരുന്നതെങ്കില്‍ ആ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട്‌ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ മതിയായ കാരണമാവുമായിരുന്നു ഇത്‌.