Wednesday, July 6, 2011

മരണത്തെ മറികടന്ന മഹാന്‍

കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റിന്‍ ലാര്‍സന്‍ എഴുതിയ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവചരിത്രം വായിച്ചത്. ഇതിനകം എത്ര ജീവചരിത്രങ്ങള്‍ ഹോക്കിങ്ങിനെക്കുറിച്ച് പുറത്തിറങ്ങിയിട്ടുണ്ടാകും? തന്റെ ജീവിതത്തെക്കുറിച്ച് മറ്റുള്ളവര്‍ എഴുതിയതൊന്നും താന്‍ വായിച്ചിട്ടില്ലെന്ന് ഹോക്കിങ് ഒരിക്കല്‍ പറയുകയുണ്ടായി. ക്രിസ്റ്റിന്‍ ലാര്‍സനും ഒരു ഭൗതിക ശാസ്ത്രജ്ഞനാണെന്ന പ്രത്യേകതയാണ് ജൈകോ ബുക്സ് പുറത്തിറക്കിയ പുസ്തകത്തിനുള്ളത്. സമയത്തിന്റെ സംക്ഷിപ്ത ചരിത്രത്തിന്റെ വായനയില്‍നിന്നാണ് വിദ്യാര്‍ഥി ജീവിതകാലത്ത് ഹോക്കിങ് പരിചിതമാകുന്നത്. 64 ഭാഷകളിലേക്കാണ് ആ പുസ്തകം വിവര്‍ത്തനം ചെയ്യപ്പെട്ടത്. ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയില്‍ പ്രധാന സ്ഥാനമാണ് ഇന്നും ആ പുസ്തകത്തിനുള്ളത്.

അടുത്തിടെ പുറത്തിറങ്ങിയ ഗ്രാന്‍ഡ് ഡിസൈനെ ക്കുറിച്ച് ഈ കോളത്തില്‍തന്നെ പരാമര്‍ശിച്ചിരുന്നു. ദേശാഭിമാനി വാരിക ഗ്രാന്‍ഡ് ഡിസൈനെ ആഴത്തില്‍ പരിചയപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി. സ്റ്റീഫന്‍ ഹോക്കിങ് അത്ഭുതപ്പെടുത്തുന്ന മനുഷ്യജീവിതത്തിന്റെ പേരാണ്. 1963ല്‍ വൈദ്യശാസ്ത്രം രണ്ടു വര്‍ഷം മാത്രം പരമാവധി ആയുസ് വിധിച്ച വ്യക്തിയാണ് ഇന്നും നിരന്തരം നവീകരിക്കുന്ന ചിന്തയുടെ നിലയ്ക്കാത്ത പ്രവാഹത്തിലും പ്രകാശനത്തിലും നമ്മെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നത്. എങ്ങനെയായിരിക്കും ജീവിതത്തെ ഇങ്ങനെ അദ്ദേഹം മാറ്റിയെടുത്തത്? ഈ അന്വേഷണത്തോടെയാണ് ഞാന്‍ പുസ്തകത്തെ സമീപിച്ചത്. ഓരോ വായനക്കും ഓരോ ലക്ഷ്യമുണ്ടാകാം. ഹോക്കിങ്ങിന്റെ ശാസ്ത്രജീവിതം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. പരിമിതികളെ വെല്ലുവിളിക്കുകയും അതിജീവിക്കുകയും അതുവഴി സ്വയം ഒരു മാതൃകയാവുകയും ചെയ്തതും ചരിത്രത്തിന്റെ ഭാഗമാണ്. 1942ല്‍ ജനിച്ച ഹോക്കിങ്ങിന്റെ 63 വരെയുള്ള ഇരുപത്തൊന്നു വര്‍ഷത്തെ ജീവിതം സാധാരണമായിരുന്നു. മഹാനായ ഒരു ജീനിയസിന്റെ വെള്ളിവെളിച്ചം ഇടയ്ക്കിടെ പ്രകടിപ്പിക്കുമായിരുന്നുവെന്നു മാത്രം. മറ്റു വിദ്യാര്‍ഥികള്‍ മാസങ്ങളോളം എടുത്തു പൂര്‍ത്തീകരിക്കുന്ന വൈഷമ്യമേറിയ പാഠ്യഭാഗങ്ങളെല്ലാം അസാധാരണ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഹോക്കിങ്ങിനു കഴിഞ്ഞിരുന്നു. ഓക്സ്ഫഡിലെ ജീവിതകാലത്ത് കോളേജിന്റെ അഭിമാനമായ വഞ്ചിതുഴയല്‍ ടീമിന്റെ അവിഭാജ്യ ഭാഗമായിരുന്നു അദ്ദേഹം. അസാധാരണമായ കരുത്തോടെ തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിനായി മണിക്കൂറുകള്‍ നീളുന്ന പരിശീലനത്തില്‍ ഒരു മടിയുംകൂടാതെ അദ്ദേഹം ഏര്‍പ്പെടുമായിരുന്നു.

ഇടയ്ക്കിടെയുള്ള അസ്വാഭാവിക വീഴ്ചകളില്‍നിന്നാണ് വൈദ്യപരിശോധനകള്‍ക്ക് വിധേയമാകുന്നത്. 1963ല്‍ വൈദ്യശാസ്ത്രം വിധിയെഴുതി; അപൂര്‍വങ്ങളില്‍ അപൂര്‍വവും ചികിത്സ കണ്ടെത്തിയിട്ടില്ലാത്തതുമായ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്നറിയപ്പെടുന്ന എഎല്‍എസ് രോഗത്തിന്റെ പിടിയിലാണ് ഹോക്കിങ്. മരണത്തിലേക്ക് അധികം ദൂരമില്ല. പരമാവധി രണ്ടു വര്‍ഷത്തെ ആയുസ് മാത്രം. മസിലുകള്‍ ഒന്നിനുപുറകെ ഒന്നായി ദുര്‍ബലമാവുകയാണ്. നടക്കാന്‍ പ്രയാസമാകും. സംസാരിക്കുന്നതുപോയിട്ട് ശ്വസിക്കുന്നതുപോലും കഠിനമായ സമരമായിത്തീരുന്ന അതിദാരുണമായ അവസ്ഥ. ഹൃദയത്തിലേയും ആമാശയത്തിലേയും പോലെ സ്വയം പ്രവര്‍ത്തിക്കുന്ന മസിലുകള്‍ ഒഴികെ ബാക്കിയെല്ലാം പതുക്കെ പതുക്കെ നിശ്ചലതയിലേക്ക് വീഴും. എന്തിനാണ് തന്നെ ഇങ്ങനെ വേട്ടയാടുന്നതെന്ന ആകുലതകളില്‍ ജീവിതത്തിന്റെ അടയുന്ന വാതിലിനെ ഞെട്ടുന്ന സ്വപ്നങ്ങളില്‍ കണ്ട് ഹോക്കിങ് മരണത്തിന്റെ വഴിയിലേക്ക് നടന്നു. പക്ഷേ. തൊട്ടടുത്ത കിടക്കയില്‍ കിടന്ന രക്താര്‍ബുദം ബാധിച്ച ഒരു കുട്ടി മരിക്കുന്നതുകണ്ട ഹോക്കിങ് തനിക്കായി വിധിച്ച രണ്ടു വര്‍ഷത്തിനു നന്ദി പറഞ്ഞു. എന്തായാലും മരിക്കും, അതിനുമുമ്പ് മനുഷ്യനു ഗുണപ്പെടുന്ന എന്തെങ്കിലും ചെയ്യണമെന്ന ഉറച്ച പ്രഖ്യാപനത്തിലൂടെ ജീവിതത്തിന്റെ വഴി ഹോക്കിങ് തിരിച്ചുവിട്ടു.

ജാന്‍ വൈല്‍ഡിനു ഹോക്കിങ്ങിനെ നേരത്തേ പരിചയമുണ്ടായിരുന്നു. അത് പ്രണയത്തിലേക്ക് വിരിയുന്നതിന്റെ അടുത്തെത്തിയപ്പോഴാണ് ഹോക്കിങ് രോഗബാധിതനാകുന്നത്. രണ്ടു വര്‍ഷം മാത്രം ജീവിതം വിധിക്കപ്പെട്ട, അതും മരണത്തിലേക്കുള്ള വഴി കഠിനമായ സഹനത്തിന്റേതായ ഒരാളെ എങ്ങനെയാണ് പ്രണയിക്കുന്നത്? പ്രണയത്തിനും ജീവിതത്തിനും പലപ്പോഴും സാധാരണ നിയമങ്ങള്‍ ബാധകമായി എന്നുവരില്ല. അടുത്തകാലത്തൊന്നും മരിക്കില്ലെന്ന് ഉറച്ചു വിശ്വസിക്കുന്ന, നല്ല ആരോഗ്യവാനായ ഒരാള്‍ പെട്ടെന്ന് മരിച്ചെന്നു വരില്ലേ? അപ്പോള്‍ ആരുടെ ജീവിതത്തിനാണ് ഉറപ്പുള്ള ദൂരമുള്ളതെന്ന ചോദ്യം സ്വയം ചോദിച്ച ജാന്‍ ഒടുവില്‍ ഹോക്കിങ്ങിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അന്ന് അവര്‍ ബിരുദ വിദ്യാര്‍ഥിയാണ്. കോളേജിലെ നിയമമനുസരിച്ച് ബിരുദവിദ്യാര്‍ഥികള്‍ക്ക് വിവാഹം കഴിക്കാന്‍ അവകാശമില്ല. എന്നാല്‍ , ബിരുദം നേടുന്നതിനു കാത്തുനിന്നാല്‍ ഒരുപക്ഷേ പ്രിയപ്പെട്ടവന്‍ മരണപ്പെട്ടെന്നുവരും. കഥകളില്‍ മാത്രം ഒരുപക്ഷേ കാണുന്ന അസംഭവ്യമെന്നു കരുതാവുന്ന സന്ദര്‍ഭം. വിവാഹത്തിനുശേഷം പുറത്തു താമസിക്കാമെന്ന കരാറില്‍ കോളേജില്‍നിന്ന് പ്രത്യേകാനുമതി വാങ്ങി ജാന്‍ ഹോക്കിങ്ങിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. ജീവിതത്തിന്റെ പീഡനകാലത്ത് ഒന്നിച്ചുനിന്ന് പൊരുതാമെന്ന ഉറച്ച പ്രഖ്യാപനത്തിലൂടെ ഇരുവരും വിവാഹിതരായി.

ജാന്‍ കടന്നുവന്നതോടെ ജീവിതത്തിനു അതിനുമുമ്പില്ലാത്ത അര്‍ഥങ്ങളുണ്ടായെന്നും ആത്മവിശ്വാസം വര്‍ധിച്ചെന്നും ഹോക്കിങ് പറഞ്ഞു. ഈ ജീവിതത്തില്‍ അവര്‍ക്ക് മൂന്നു കുട്ടികളുമുണ്ടായി. ഓരോ ദിവസം ചെല്ലുംതോറും മോശമാകുന്ന ശരീരാവസ്ഥ വകവെയ്ക്കാതെ ഹോക്കിങ് തന്റെ ഗവേഷണത്തിനായി ജീവിതം സമര്‍പ്പിച്ചു. നടക്കാന്‍ വയ്യാതായതോടെ വീല്‍ചെയറിലായി സഞ്ചാരം. സംസാരിക്കാന്‍ കഴിയാതെയായതോടെ കംപ്യൂട്ടറിനെ ആശ്രയിച്ചു. പ്രപഞ്ചത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകളുമായി ഹോക്കിങ് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു. തന്റെ ശാരീരിക പ്രശ്നങ്ങള്‍ വകവയ്ക്കാതെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും അദ്ദേഹം സഞ്ചരിച്ചു. അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പുതിയ കണ്ടെത്തലുകള്‍കൊണ്ട് അമ്പരപ്പിച്ചു. ബഹുമതികള്‍ ഒന്നിനു പുറകെ ഒന്നായി അദ്ദേഹത്തെ തേടിയെത്തി. സാമാധാനത്തിനുള്ള നോബല്‍ സമ്മാനം മഹാത്മാഗാന്ധിക്ക് കൊടുക്കാത്തവര്‍ ശാസ്ത്രത്തിനു ഈ മഹാപ്രതിഭയെയും പരിഗണിച്ചില്ല! വത്തിക്കാനില്‍വച്ച് പോപ്പിന്റെ കൈയില്‍നിന്ന്ബഹുമതി ഏറ്റു വാങ്ങിയതിനെക്കുറിച്ച് ഹോക്കിങ്ഓര്‍ക്കുന്നുണ്ട്. പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് ശാസ്ത്രത്തിന് ഒന്നും കണ്ടെത്താന്‍ കഴിയില്ലെന്ന് പോപ്പ് അദ്ദേഹത്തെ ഓര്‍മിപ്പിച്ചു. വത്തിക്കാനില്‍ നടന്ന പ്രബന്ധത്തില്‍ പ്രപഞ്ചത്തിന് ആദിയും അന്ത്യവുമില്ലെന്നും അതുകൊണ്ട് സ്രഷ്്ടാവിന് ഇവിടെ സ്ഥാനമില്ലെന്നും താന്‍ പറഞ്ഞത് പോപ്പ് കേട്ടിരുന്നെങ്കില്‍ എന്തായിരിക്കും പ്രതികരണമെന്ന് സങ്കല്‍പ്പിക്കാന്‍ പറ്റില്ലെന്ന് സ്റ്റീഫന്‍ നര്‍മത്തോടെ പറയുന്നു.

ഇസ്രായേലില്‍ വച്ച് ദൈവവിശ്വാസിയാണോയെന്ന് പത്രപ്രവര്‍ത്തകര്‍ ഹോക്കിങ്ങിനോട് ചോദിച്ചു. താന്‍ വിശ്വാസിയല്ലെന്നും പ്രപഞ്ചത്തില്‍ ദൈവത്തിനു സ്ഥാനമില്ലെന്നും ഹോക്കിങ്സ് തുറന്നടിച്ചു. വിശ്വാസിയായ ജാനിനെ അത് വേദനിപ്പിച്ചു. എന്നാല്‍ , അതിനുമുമ്പുതന്നെ ജാന്‍ മറ്റൊരു പ്രണയത്തിലേക്ക് വീണിരുന്നു. തങ്ങളുടെ കുടുംബസുഹൃത്തായ ജോനാഥനുമായ അടുപ്പം പ്രണയത്തിലേക്ക് പതുക്കെ പതുക്കെ വഴിമാറുകയായിരുന്നു. എന്നാല്‍ , സ്റ്റീഫന്റെ അവസ്ഥയും മക്കളുടെ കാര്യവും മനസ്സില്‍ നിറഞ്ഞുനിന്നതുകൊണ്ട് ഇരുവരും പരസ്പരം അകലം പാലിച്ചു. ഇതിനിടയില്‍ സ്റ്റീഫന്റെ അസുഖം മൂര്‍ഛിച്ചു. ഉപകരണങ്ങളുടെ സഹായത്തോടെ മാത്രമായി അബോധാവസ്ഥയിലുള്ള അദ്ദേഹത്തിന്റെ ജീവിതം. ജീവന്‍സഹായ ഉപകരണങ്ങള്‍ എടുത്തുമാറ്റാന്‍ ഡോക്ടര്‍മാര്‍ ജാനിന്റെ സമ്മതം തേടി. എന്നാല്‍ , ഹോക്കിങ്ങിന്റെ അസാധാരണമായ ആത്മധൈര്യത്തെക്കുറിച്ച് നല്ല ധാരണയുള്ള ജാന്‍ അതിനു സമ്മതിച്ചില്ല.

അവര്‍ പ്രതീക്ഷിച്ചതുപോലെ മരണത്തിന്റെ കിടക്കയില്‍നിന്ന് ജീവിതത്തിന്റെ പുതിയ സമരത്തിലേക്ക് ഹോക്കിങ് തിരിച്ചുവന്നു. ഈ വരവോടെ അവശേഷിച്ച നേരിയ ശബ്ദവും നഷ്ടമായി. പരിശീലനം കിട്ടിയ നേഴ്സുമാരുടെ സേവനം ഇരുപത്തിനാലു മണിക്കൂറും ആവശ്യമായ അവസ്ഥയിലായി കാര്യങ്ങള്‍ . ജാന്‍ അകലുന്നതോടെ തന്റെ നേഴ്സായ എലിനുമായി ഹോക്കിങ്സ് അടുക്കുന്നു. 1995ന്റെ ഗ്രീഷ്മത്തില്‍ ഹോക്കിങ്ങും ജാനും ഔദ്യോഗികമായി വിവാഹമോചിതരായി. അതേ വര്‍ഷം സ്റ്റീഫന്‍ എലിനെ വിവാഹം കഴിച്ചു. 1965ല്‍ ജാന്‍ ഹോക്കിങ്ങിനെ വിവാഹം കഴിക്കുമ്പോള്‍ പരമാവധി രണ്ടുവര്‍ഷത്തെ ദാമ്പത്യം മാത്രമാണ് മുമ്പില്‍ കണ്ടിരുന്നത്്. വിവാഹമോചനം സ്ഥിരം കാഴ്ചയായ നാട്ടില്‍ സഹനത്തിന്റെയും ത്യാഗത്തിന്റെയും കഠിനപര്‍വം താണ്ടി ജാന്‍ ഹോക്കിങ്ങിനെ കൊണ്ടുനടന്നു. തന്റെ ജീവിതത്തിന്റെ വെളിച്ചമായി ജാനിനെ സ്റ്റീഫനും കണ്ടു. വേര്‍പിരിയലിന്റെ മാനസികാവസ്ഥയിലേക്ക് ദാമ്പത്യത്തിന്റെ കാല്‍നൂറ്റാണ്ടു കഴിഞ്ഞപ്പോഴേക്കും അവര്‍ എത്തിയിരുന്നു. പുതിയ ജീവിതവും ഹോക്കിങ്ങിനെ മാറ്റിമറിച്ചില്ല. പുതിയ കണ്ടെത്തലുകള്‍കൊണ്ട് അദ്ദേഹം നമ്മളെ വീണ്ടും വീണ്ടും അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ ഓരോ ചലനവും സമരമായി മാറിയ മനുഷ്യന്റെ ചിന്തയുടെ പ്രവാഹത്തിന്റെ ആഴവും ആത്മവിശ്വാസത്തിന്റെ കരുത്തും ഏതൊരാളെയും അത്ഭുതപ്പെടുത്തും.


*****


പി രാജീവ്

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റിന്‍ ലാര്‍സന്‍ എഴുതിയ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവചരിത്രം വായിച്ചത്. ഇതിനകം എത്ര ജീവചരിത്രങ്ങള്‍ ഹോക്കിങ്ങിനെക്കുറിച്ച് പുറത്തിറങ്ങിയിട്ടുണ്ടാകും? തന്റെ ജീവിതത്തെക്കുറിച്ച് മറ്റുള്ളവര്‍ എഴുതിയതൊന്നും താന്‍ വായിച്ചിട്ടില്ലെന്ന് ഹോക്കിങ് ഒരിക്കല്‍ പറയുകയുണ്ടായി. ക്രിസ്റ്റിന്‍ ലാര്‍സനും ഒരു ഭൗതിക ശാസ്ത്രജ്ഞനാണെന്ന പ്രത്യേകതയാണ് ജൈകോ ബുക്സ് പുറത്തിറക്കിയ പുസ്തകത്തിനുള്ളത്.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഇതാണ് ജീവിതം? അർത്ഥസമ്പൂർണ്ണമായ ജീവിതം.