ഏറെക്കാലമായി കാത്തിരുന്ന ഭക്ഷ്യസുരക്ഷാബില്ലിന് മന്ത്രിതലസമിതി അന്തിമരൂപം നല്‍കിയിരിക്കുന്നു. ഭക്ഷ്യധാന്യ കരുതല്‍ശേഖരം വന്‍തോതില്‍ ഇന്ത്യയിലുണ്ട്. ഗണ്യമായ അളവില്‍ കയറ്റുമതിക്കും കേന്ദ്രം തയ്യാറെടുക്കുകയാണ്. എന്നിട്ടും രാജ്യത്ത് അപമാനകരമായ തോതില്‍ പടരുന്ന പോഷകാഹാരക്കുറവിന് സാര്‍വത്രിക പൊതുവിതരണസമ്പ്രദായത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമനിര്‍മാണംവഴി പരിഹാരം കാണാന്‍ ഈ അവസരം സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നില്ല. പ്രശ്നപരിഹാരം കാണുന്നതില്‍ നിര്‍ദിഷ്ട ബില്‍ പരാജയപ്പെട്ടിരിക്കുന്നു. അഞ്ചു കാര്യത്തിലെങ്കിലും നല്‍കുന്നതിനേക്കാള്‍ തിരിച്ചെടുക്കുന്നവിധത്തിലാണ് ബില്‍ ആവിഷ്കരിച്ചിട്ടുള്ളത്.
ഒന്നാമതായി, എപിഎല്‍ -ബിപിഎല്‍ എന്നിങ്ങനെ വേര്‍തിരിച്ച് തകര്‍ക്കാന്‍ ലക്ഷ്യമിട്ട പൊതുവിതരണസംവിധാനത്തിന്റെ പരിധിയില്‍വരുന്ന കുടുംബങ്ങളുടെ എണ്ണം ഗ്രാമീണമേഖലയില്‍ നിലവിലുള്ള 82 ശതമാനത്തില്‍നിന്ന് 75 ആയും പട്ടണങ്ങളില്‍ 50 ശതമാനമായും വെട്ടിക്കുറയ്ക്കാന്‍ ബില്‍ ലക്ഷ്യമിടുന്നു.
രണ്ടാമതായി, സംസ്ഥാനസര്‍ക്കാരുകള്‍ നിര്‍ണയിച്ച ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം ഗ്രാമീണമേഖലയില്‍ നിലവിലുള്ള 56 ശതമാനത്തില്‍നിന്ന് 46 ആയും പട്ടണപ്രദേശങ്ങളില്‍ കേവലം 28 ശതമാനമായും കുറയ്ക്കും.
മൂന്നാമതായി, വ്യക്തിഗതവിഹിതത്തിന്റെ അടിസ്ഥാനത്തില്‍ കുടുംബത്തിന് കുറഞ്ഞത് 35 കിലോഗ്രാം ഭക്ഷ്യധാന്യം എന്ന അളവ് വെട്ടിക്കുറയ്ക്കും.
നാലാമതായി, പത്ത് സംസ്ഥാനങ്ങളില്‍ അതത് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പദ്ധതിപ്രകാരം നല്‍കുന്ന അരിയുടെ വില ബിപിഎല്‍ കുടുംബങ്ങള്‍ക്ക് രണ്ടു രൂപയില്‍നിന്ന് മൂന്നു രൂപയായി വര്‍ധിപ്പിക്കും. എപിഎല്‍ കുടുംബങ്ങള്‍ക്കുള്ള അരിയുടെ വില വന്‍തോതില്‍ വര്‍ധിപ്പിക്കും.
അഞ്ചാമതായി, ആനുകൂല്യം ലഭിക്കുന്ന എപിഎല്‍ കുടുംബങ്ങളുടെ എണ്ണവും ബില്‍ വെട്ടിക്കുറയ്ക്കും.
വിവിധ വ്യവസ്ഥകളിലൂടെ കേന്ദ്രസര്‍ക്കാരിന് അനിയന്ത്രിത അധികാരങ്ങള്‍ നല്‍കുന്ന ബില്ലിന്റെ ചട്ടക്കൂടുതന്നെ ചോദ്യംചെയ്യപ്പെടുന്നതാണ്. എണ്ണം, മാനദണ്ഡം, നടപടിക്രമം എന്നിവ മുതല്‍ പണം ചെലവിടുന്ന കാര്യത്തില്‍വരെ എല്ലാ അധികാരവും കേന്ദ്രസര്‍ക്കാരില്‍ കേന്ദ്രീകരിക്കുന്ന വിധത്തിലാണ് ബില്‍ . ഭക്ഷ്യധാന്യവിതരണം ഉറപ്പാക്കുന്നതിനുപകരം നേരിട്ട് പണം നല്‍കുന്നതുപോലെ പൊതുവിതരണസമ്പ്രദായത്തെ തകര്‍ക്കുന്നവിധത്തില്‍ നവഉദാരവല്‍ക്കരണ നയത്തിന്റെ അടിസ്ഥാനത്തിലുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രത്തിന് നിയമപരമായി അനുവാദം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലാണിത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ബദല്‍പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്കുള്ള ശേഷി നിര്‍ദിഷ്ട ബില്‍ ഇന്നത്തെ രൂപത്തില്‍ നിയമമായാല്‍ ഇല്ലാതാകും.
ജനിതകവിവരങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന ആധാര്‍ അല്ലെങ്കില്‍ ഏകീകൃത തിരിച്ചറിയല്‍കാര്‍ഡിനെ ഭക്ഷണം ലഭിക്കാനുള്ള അവകാശവുമായി ഇതാദ്യമായി ബന്ധപ്പെടുത്തുകയുമാണ്. ഭക്ഷണവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാനുള്ള മാര്‍ഗമായ സാര്‍വത്രിക പൊതുവിതരണസംവിധാനത്തെ നിര്‍ദിഷ്ട ബില്‍ തകര്‍ക്കും. പുതിയ പേരില്‍ ബിപിഎല്‍ -എപിഎല്‍ വേര്‍തിരിവ് നിലനിര്‍ത്തും. ബിപിഎല്ലിന് "മുന്‍ഗണനാവിഭാഗം" എന്നും എപിഎല്ലിന് "പൊതുവിഭാഗം" എന്നും പേരിടും. മാത്രമല്ല, "ഒഴിവാക്കിയിട്ടുള്ള വിഭാഗം" എന്ന പുതിയ ഗണത്തിനുകൂടി രൂപംനല്‍കും. ഗ്രാമങ്ങളില്‍ പ്രതിദിനം 15 രൂപയ്ക്കും നഗരങ്ങളില്‍ 20 രൂപയ്ക്കും താഴെ വരുമാനമുള്ളവര്‍മാത്രമാണ് ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവര്‍ എന്ന വിധത്തില്‍ ആസൂത്രണ കമീഷന്‍ നിശ്ചയിച്ചിട്ടുള്ള അംഗീകരിക്കാന്‍ കഴിയാത്തതും സംശയകരവുമായ മാനദണ്ഡത്തിന് നിയമസാധുത നല്‍കുന്നതാണ് നിര്‍ദിഷ്ട ബില്‍ ; ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം നിര്‍ണയിക്കാന്‍ ആസൂത്രണ കമീഷനും കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിച്ച് നല്‍കിയിട്ടുള്ള ദാരിദ്ര്യക്കണക്ക് അല്ലെങ്കില്‍ ദരിദ്രരുടെ "വിഹിതം" സംബന്ധിച്ച വ്യവസ്ഥകള്‍ക്കും ബില്ലുമായി ബന്ധമുണ്ട്. ഗ്രാമങ്ങളിലെ 75 ശതമാനംപേരും നഗരങ്ങളിലെ 50 ശതമാനംപേരും ബില്ലിന്റെ പരിധിയില്‍വരുമെന്ന് ഇതിന്റെ 13(2) വകുപ്പില്‍ പറയുന്നു. ഇതിന്റെ അര്‍ഥം ഗ്രാമങ്ങളിലെ 25 ശതമാനവും നഗരങ്ങളിലെ 50 ശതമാനവും ആളുകള്‍ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കപ്പെടുമെന്നാണ്. ഇത്തരത്തില്‍ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്താന്‍ കേന്ദ്രത്തിന് ബില്ലിന്റെ 14(1) വകുപ്പുവഴി അധികാരം നല്‍കുന്നു. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത വ്യവസ്ഥയാണിത്. യഥാര്‍ഥത്തില്‍ ബിപിഎല്‍ സര്‍വേവഴി കണ്ടെത്തിയ വസ്തുത എന്തായാലും ഈ ഒഴിവാക്കല്‍ മാനദണ്ഡംവഴി ഗ്രാമീണജനസംഖ്യയുടെ 25 ശതമാനംപേര്‍ പുറത്താകും. അവര്‍ക്ക് എപിഎല്‍ കാര്‍ഡുപോലും ലഭിക്കുകയില്ല. ഇത്തരത്തില്‍ ആസൂത്രണ കമീഷന്റെ സംശയകരമായ നടപടിക്രമത്തിന് നിയമസാധുത നല്‍കുന്നതിലൂടെ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ ഉപദേശകസമിതി (ഭക്ഷ്യഅവകാശ പ്രസ്ഥാനത്തിന്റെ നിരവധി പ്രവര്‍ത്തകരും അംഗങ്ങളായ) ഭക്ഷ്യസുരക്ഷയെന്ന സങ്കല്‍പ്പത്തെത്തന്നെ അട്ടിമറിച്ചിരിക്കുകയാണ്.
"കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങള്‍" അനുസരിച്ചാണ് മുന്‍ഗണനാ കുടുംബങ്ങളെ നിശ്ചയിക്കുകയെന്ന് ദേശീയ ഉപദേശകസമിതി അംഗീകരിച്ച കരടുബില്ലില്‍ പറയുന്നു. അന്യായമായ ഈ നയം അംഗീകരിച്ചശേഷം വെട്ടിക്കുറച്ച ശതമാനത്തിനെതിരെ ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തുന്നതില്‍ ആത്മാര്‍ഥതയില്ല. സത്യത്തില്‍ , ഔദ്യോഗിക ബില്ലിന്റെ രണ്ടാം ഷെഡ്യൂളില്‍ ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം ഗ്രാമങ്ങളില്‍ 46 ശതമാനമായും നഗരങ്ങളില്‍ 25 ശതമാനമായും വെട്ടിക്കുറയ്ക്കാനുള്ള ദേശീയ ഉപദേശകസമിതി നിര്‍ദേശം അംഗീകരിച്ചു. മൊത്തം ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനയുണ്ടാകുമെന്ന് ഇതില്‍ അവകാശപ്പെടുന്നു. നിലവിലുള്ള ബിപിഎല്‍ കാര്‍ഡുടമകളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള കണക്കിലെ കളിയാണിത്.
നിലവില്‍ രാജ്യത്ത് 6.52 കോടി ബിപിഎല്‍ കുടുംബമാണുള്ളത്; ജനസംഖ്യയുടെ 36 ശതമാനം. 2001ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. എന്നാല്‍ , അതിനുശേഷം ജനസംഖ്യയിലുണ്ടായ വര്‍ധനയ്ക്ക് ആനുപാതികമായി ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇത് എന്തായാലും, സംസ്ഥാനസര്‍ക്കാരുകള്‍ തയ്യാറാക്കിയ രാജ്യത്തെ ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം 4.5 കോടി വര്‍ധിച്ച് 11.04 കോടിയില്‍ എത്തിയിട്ടുണ്ടാകും. ഇതിന്റെ അര്‍ഥം രാജ്യത്തെ 56 ശതമാനം കുടുംബങ്ങള്‍ ബിപിഎല്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണെന്നാണ്. ഈ സ്ഥാനത്താണ് നിര്‍ദിഷ്ട ബില്ലില്‍ 46 ശതമാനംപേരെമാത്രം ബിപിഎല്‍ പരിധിയില്‍ കൊണ്ടുവരാന്‍ വിഭാവനംചെയ്യുന്നത്.
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കുറഞ്ഞത് 35 കിലോഗ്രാം എന്ന നിലവിലുള്ള സംവിധാനത്തില്‍നിന്ന് മാറി വ്യക്തിഗതമായി ഏഴു കിലോഗ്രാം വീതം എന്ന സംവിധാനത്തിലേക്ക് മാറുകയാണ്. വ്യക്തികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വിഹിതം നിശ്ചയിക്കുന്നതില്‍ യുക്തിയുണ്ടെന്ന് തോന്നാമെങ്കിലും കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം കുറവായ കേരളംപോലുള്ള സംസ്ഥാനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. നാല് അംഗങ്ങളുള്ള കുടുംബത്തിനും ഇപ്പോള്‍ 35 കിലോഗ്രാം ഭക്ഷ്യധാന്യം ലഭിക്കുന്നുണ്ട്; പുതിയ ബില്ലില്‍ ഇത് 28 കിലോഗ്രാമായി ചുരുങ്ങും. മാത്രമല്ല, കുട്ടികള്‍ക്കും മുതിര്‍ന്നവരെപ്പോലെ ഏഴു കിലോഗ്രാം ധാന്യം ലഭിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. 2010 ഫെബ്രുവരിയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ഭക്ഷ്യമന്ത്രാലയം സമര്‍പ്പിച്ച കണക്കുപ്രകാരം പൊതുവിതരണശൃംഖലയില്‍ വരുന്ന ബിപിഎല്‍ -എപിഎല്‍ കുടുംബങ്ങളുടെ എണ്ണം 18.03 കോടിയാണ് (സംസ്ഥാന സര്‍ക്കാരുകള്‍ ഈ കണക്ക് അംഗീകരിച്ചിട്ടില്ല). 2001ലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഇത് മൊത്തം കുടുംബങ്ങളുടെ 90 ശതമാനംവരും; 2010ലെ ജനസംഖ്യ അടിസ്ഥാനമാക്കിയാല്‍ 82 ശതമാനവും. ബില്ലിന്റെ പരിധിയില്‍ ഗ്രാമങ്ങളിലെ ജനസംഖ്യയുടെ 75 ശതമാനവും നഗരജനസംഖ്യയില്‍ 50 ശതമാനവുംമാത്രം വരണമെന്നാണ് വ്യവസ്ഥചെയ്യുന്നത്. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ പൊതുവിതരണശൃംഖലയില്‍നിന്ന് പുറത്താകും. ഏറ്റവും ലജ്ജാകരമായ സംഗതി എപിഎല്‍ കുടുംബത്തിനുള്ള വ്യക്തിഗതവിഹിതം മൂന്നു കിലോഗ്രാമായി കുറച്ചതാണ്. അഞ്ചംഗകുടുംബത്തിന് 15 കിലോഗ്രാംമാത്രമാണ് കിട്ടുക. ഭക്ഷ്യസുരക്ഷയെ പരിഹസിക്കലാണിത്.
എപിഎല്‍ കുടുംബത്തിന് ഗോതമ്പ് കിലോഗ്രാമിന് 6.10 രൂപയ്ക്കും അരി 8.30 രൂപയ്ക്കും ഇപ്പോള്‍ ലഭിക്കുന്നു. ബില്‍ പാസായാല്‍ അരിക്കും ഗോതമ്പിനും എപിഎല്‍ കുടുംബങ്ങള്‍ , കര്‍ഷകര്‍ക്ക് ലഭിക്കുന്ന താങ്ങുവിലയുടെ 50 ശതമാനം നല്‍കണം. ഈ വ്യവസ്ഥ കര്‍ഷകരും ഗുണഭോക്താക്കളും തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കും. ചുരുക്കത്തില്‍ എപിഎല്‍ കുടുംബങ്ങളില്‍ ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണം കുറയും. ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറയ്ക്കുകയും വില ഉയര്‍ത്തുകയും ചെയ്യും. പൊതുവിതരണശൃംഖലയുടെ പരിഷ്കരണം എന്ന വകുപ്പില്‍ ഭക്ഷ്യധാന്യങ്ങള്‍ക്കുപകരം ഗുണഭോക്താക്കള്‍ക്ക് പണം നല്‍കാന്‍ വ്യവസ്ഥചെയ്യുന്നു. ബില്ലിന്റെ 13(3)ല്‍ പറയുന്നത് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന മേഖലകളിലും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലും പണം കൈമാറണമെന്നാണ്. ഇതില്‍ സംസ്ഥാനങ്ങള്‍ക്ക് പങ്കൊന്നുമില്ല. ഭക്ഷ്യധാന്യങ്ങളുടെ വിതരണംവഴി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയെന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറി ജനങ്ങളെ കമ്പോളത്തിന്റെ സമ്മര്‍ദങ്ങള്‍ക്കായി വിട്ടുകൊടുക്കുകയാണ്. പാല്‍ , പച്ചക്കറി, പഴം എന്നിവ വാങ്ങാന്‍ പണം നല്‍കുന്നതിനോട് യോജിക്കാം. എന്നാല്‍ , ദരിദ്രകുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യം വാങ്ങാന്‍ പണം നല്‍കിയാല്‍ അവര്‍ അത് മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിച്ചേക്കാം.
പൊതുവിതരണസംവിധാനത്തില്‍ ഇന്നുള്ളതിനേക്കാള്‍ അഴിമതിക്കും ചോര്‍ച്ചയ്ക്കും ഇത് ഇടയാക്കും. ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെയും മറ്റും അനുഭവം നോക്കിയാല്‍ വേതനംപോലും ഇടനിലക്കാര്‍ തട്ടിയെടുക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്ന ഇക്കാലത്ത് സര്‍ക്കാര്‍ നല്‍കുന്ന പണംകൊണ്ട് മതിയായ തോതില്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ കഴിയില്ല. കുടുംബത്തിന്റെ തലവന്‍ എന്ന സ്ഥാനത്ത് ഏറ്റവും പ്രായം കൂടിയ സ്ത്രീയെ നിശ്ചയിക്കണമെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്. പുരുഷന്മാരുടെ കൈവശം പണം കിട്ടിയാല്‍ അത് മറ്റാവശ്യങ്ങള്‍ക്കായി ചെലവിടുമെന്ന വിമര്‍ശം ഒഴിവാക്കാന്‍വേണ്ടിയാകാം ഈ വ്യവസ്ഥ. എന്നാല്‍ , നമ്മുടെ കുടുംബങ്ങളില്‍ നിലനില്‍ക്കുന്ന അസമത്വം നോക്കുമ്പോള്‍ ഈ വ്യവസ്ഥ കൊണ്ടുമാത്രം പണം ചെലവഴിക്കാനുള്ള അധികാരം സ്ത്രീകള്‍ക്ക് ലഭിക്കുമെന്ന് കരുതാനാകില്ല. മാത്രമല്ല, ന്യായവില ചന്തകളുടെ തകര്‍ച്ചയ്ക്കും എഫ്സിഐ ദുര്‍ബലമാകാനും കമ്പോളം ആധിപത്യം നേടുന്നതിനും ഈ പരിഷ്കാരം കാരണമാകും.
ഇന്ത്യയിലെ സാമൂഹികസുരക്ഷാ പദ്ധതികള്‍ സംബന്ധിച്ച് ലോകബാങ്ക് കേന്ദ്രസര്‍ക്കാരിന് ഈയിടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രാജ്യത്തെ പൊതുവിതരണസംവിധാനത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വേണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ , ലോകബാങ്ക് വിഭാവനംചെയ്തതിനേക്കാള്‍ വിപുലമായ പരിഷ്കാരങ്ങളാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത്. ഗുണഭോക്താക്കള്‍ക്ക് ജനിതകവിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഏകീകൃത തിരിച്ചറിയല്‍കാര്‍ഡ് (യുഐഡി) നിര്‍ബന്ധമാക്കുന്നതാണ് എതിര്‍ക്കപ്പെടേണ്ട മറ്റൊരു വ്യവസ്ഥ. പൊതുവിതരണ സംവിധാനത്തിലെ ചോര്‍ച്ച തടയാന്‍ യുഐഡിക്ക് കഴിയില്ല. യുഐഡി സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനുമുമ്പുതന്നെ ഭക്ഷ്യസുരക്ഷാ ബില്ലില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാന്‍ തിരിച്ചറിയല്‍കാര്‍ഡ് നിര്‍ബന്ധമാണെന്ന് വ്യവസ്ഥചെയ്യുന്നു. തിരിച്ചറിയല്‍വിവരങ്ങളുടെ ആധികാരികത പൂര്‍ണമായി ഉറപ്പാക്കാന്‍ പ്രയാസമാണ്. ഏതു ജനതയിലും അഞ്ച് ശതമാനത്തിന്റെ വിരലടയാളം രേഖപ്പെടുത്താന്‍ കഴിയാത്തവിധം അവ്യക്തമായിരിക്കും. ഇന്ത്യയിലാകട്ടെ കൂലിപ്പണിയെ ആശ്രയിച്ചുകഴിയുന്ന 15 ശതമാനംപേര്‍ക്ക് യുഐഡിയില്‍ രജിസ്റ്റര്‍ചെയ്യാന്‍ കഴിയില്ലെന്ന് അനുഭവം വ്യക്തമാക്കുന്നു.
20 കോടി ആളുകള്‍ യുഐഡിയില്‍നിന്ന് പുറത്താകുമെന്നാണ് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ പ്രൊഫ. രാംകുമാര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. യുഐഡി കാര്‍ഡില്ലാത്ത ബിപിഎല്‍ ഗുണഭോക്താവിന് ഭക്ഷ്യധാന്യം നിഷേധിക്കണമെന്ന വ്യവസ്ഥ ഒട്ടും അംഗീകരിക്കാന്‍ കഴിയില്ല. ഉച്ചഭക്ഷണപദ്ധതിയും നവജാതശിശുവിനും അമ്മയ്ക്കും ആറുമാസംവരെ പോഷകാഹാരവും നല്‍കാനുള്ള വ്യവസ്ഥ ബില്ലിലുണ്ട്. ഇത് സ്വാഗതംചെയ്യുമ്പോള്‍ത്തന്നെ, ഇന്നത്തെ രൂപത്തിലുള്ള ഭക്ഷ്യസുരക്ഷാനിയമം 2011ല്‍ രാജ്യം നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങളായ പട്ടിണി, പോഷകാഹാരക്കുറവ്, ഭക്ഷ്യ അരക്ഷിതാവസ്ഥ എന്നിവ പരിഹരിക്കാന്‍ പര്യാപ്തമല്ല. പരിഷ്കാരത്തിന്റെ പേരില്‍ നിലവില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍പോലും കവര്‍ന്നെടുക്കാനാണ് നീക്കം. ബില്ലിന്റെ തനിനിറം തുറന്നുകാട്ടാന്‍ വിപുലമായ പ്രചാരണം ആവശ്യമാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ തിരുത്തിക്കാന്‍ ശക്തമായ ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവരണം.
*****
വൃന്ദ കാരാട്ട്
Subscribe to:
Post Comments (Atom)
1 comment:
ഏറെക്കാലമായി കാത്തിരുന്ന ഭക്ഷ്യസുരക്ഷാബില്ലിന് മന്ത്രിതലസമിതി അന്തിമരൂപം നല്‍കിയിരിക്കുന്നു. ഭക്ഷ്യധാന്യ കരുതല്‍ശേഖരം വന്‍തോതില്‍ ഇന്ത്യയിലുണ്ട്. ഗണ്യമായ അളവില്‍ കയറ്റുമതിക്കും കേന്ദ്രം തയ്യാറെടുക്കുകയാണ്. എന്നിട്ടും രാജ്യത്ത് അപമാനകരമായ തോതില്‍ പടരുന്ന പോഷകാഹാരക്കുറവിന് സാര്‍വത്രിക പൊതുവിതരണസമ്പ്രദായത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമനിര്‍മാണംവഴി പരിഹാരം കാണാന്‍ ഈ അവസരം സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നില്ല. പ്രശ്നപരിഹാരം കാണുന്നതില്‍ നിര്‍ദിഷ്ട ബില്‍ പരാജയപ്പെട്ടിരിക്കുന്നു. അഞ്ചു കാര്യത്തിലെങ്കിലും നല്‍കുന്നതിനേക്കാള്‍ തിരിച്ചെടുക്കുന്നവിധത്തിലാണ് ബില്‍ ആവിഷ്കരിച്ചിട്ടുള്ളത്.
Post a Comment